എസ്.എം.സി.സി സാമ്പത്തിക സെമിനാര്‍ വിഷയപ്രസക്തിയാല്‍ ശ്രദ്ധേയമായി

ഫിലഡല്‍ഫിയ: സീറോ മലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ജന്മഗേഹമായ ഫിലഡല്‍ഫിയയില്‍ വച്ചു നടത്തപ്പെട്ട സിഗ്‌നേച്ചര്‍ സീരീസ് ഫിനാന്‍ഷ്യല്‍ അവയര്‍നെസ് സെമിനാര്‍ വിഷയ പ്രസക്തികൊണ്ടും പ്രേക്ഷകസാന്നിധ്യംകൊണ്ടും ശ്രദ്ധേയമായി.

അമേരിക്കന്‍ ഭരണകൂടത്തിന്റെ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കനുസൃതമായി നികുതിഘടനയിലും നിക്ഷേപ സാഹചര്യങ്ങളിലുമുണ്ടായിരിക്കുന്ന ആനുകാലിക ചലനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അര്‍ഹമായ ആനുകൂല്യങ്ങളെക്കുറിച്ച് ക്രിയാത്മകമായ ബോധവത്കരണം നടത്തുന്നതിനു സെമിനാര്‍ സഹായകമായി. മാറിയ സാഹചര്യത്തിലും മദ്ധ്യവര്‍ഗ്ഗം ചൂഷണം ചെയ്യപ്പെടുകയാണ് എന്ന യാഥാര്‍ത്ഥ്യം സെമിനാര്‍ വിലയിരുത്തിയെങ്കിലും നിക്ഷേപകര്‍ക്ക് അനുകൂലമായ സാഹചര്യമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

എസ്.എം.സി.സി ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ് വി. ജോര്‍ജ് സ്വാഗതം ആശംസിച്ചു. വികാരി റവ.ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. റോസ് ബ്യൂര്‍ജ്, ജോര്‍ജ് മാത്യു സി.പി.എ, ജോണ്‍ ഇ. സ്റ്റാനോജേവ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. മെഡിക്കല്‍ സോഷ്യല്‍ സെക്യൂരിറ്റി, വ്യക്തിഗത നികുതി നിയമങ്ങളിലുണ്ടായിരിക്കുന്ന മാറ്റങ്ങള്‍, എസ്റ്റേറ്റ് പ്ലാന്‍, ഓഹരി കമ്പോളത്തിലെ മാറ്റങ്ങളും ഭാവിയും തുടങ്ങിയ വിഷയങ്ങള്‍ സെമിനാര്‍ ചര്‍ച്ച ചെയ്തു. എസ്.എം.സി.സി സ്ഥാപക പ്രസിഡന്റ് ഡോ. ജയിംസ് കുറിച്ചി കൃതജ്ഞത പ്രകാശിപ്പിച്ചു.

ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം