“സാന്ത്വനം 2018′ വിജയകരമായി നടത്തപ്പെട്ടു

ന്യൂയോര്‍ക്ക്: ലോംഗ് ഐലന്റ് മാര്‍ത്തോമാ യുവജന സഖ്യത്തിന്റെ 2018 വര്‍ഷത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം “സാന്ത്വനം 2018′ വിജയകരമായി നടത്തപ്പെട്ടു . മെയ് 19 നു വൈകിട്ട് 6 മണിക്ക് ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ വെച്ചാണ് പ്രസ്തുത പരിപാടി നടത്തപ്പെട്ടത് .

വികാരി റവ. സജിത് തോമസ്, റവ. ടി.സി. മാമ്മന്‍, റവ. ഫിലിപ്പ് വര്‍ഗീസ്, റവ. മനോജ് ഇടിക്കുള, റവ. ഷിബി എന്നീ അച്ചന്മാരുടേയും, നിറഞ്ഞ സദസ്സിന്റെയും, സഖ്യം നേതൃത്വ നിരയുടെയും സാന്നിധ്യത്തില്‍ ദീപം കൊളുത്തി ചടങ്ങ് ഉദ്ഘടനം ചെയ്തു. തുടര്‍ന്നു പ്രശസ്ത ഗായകന്‍ കെ..ഐ അലക്‌സാണ്ടര്‍ നയിച്ച സംഗീത സന്ധ്യയില്‍ ആലപിച്ച ഹൃദ്യമായ ഗാനങ്ങള്‍ സദസ്യര്‍ കരഘോഷങ്ങളോടെ ആസ്വദിച്ചു. യുവജന സഖ്യത്തിലെ കലാപ്രതിഭകളും കൊച്ചുകുട്ടികളും ചേര്‍ന്നവതരിപ്പിച്ച നൃത്തങ്ങളും, സ്കിറ്റുകളും കാണികളുടെ പ്രശംസ നേടി . നൃത്തവും സ്കിറ്റികളും സംവിധാനം ചെയ്ത് ചിട്ടപ്പെടുത്തിയത് സോമി മാത്യു ആയിരുന്നു .

സഖ്യത്തിലെ യുവതി യുവാക്കള്‍ ചേര്‍ന്നൊരുക്കിയ “മഞ്ഞുരുകുമ്പോള്‍’ എന്ന ലഘു നാടകം അവതരണത്തില്‍ വളരെ മികച്ചതായി. യുവതി യുവാക്കളുടെ അഭിനയ മികവ് തെളിയിക്കുവാന്‍ ഈനാടകത്തിലൂടെ വേദിയൊരുക്കി . ജോയ് പനങ്ങാട്ട് ആണ് മഞ്ഞുരുകുമ്പോള്‍ എന്ന ഈനാടകം രചിച്ചതും സംവിധാനം ചെയ്തതും. യുവജന സഖ്യം സെക്രട്ടറി കൂടിയായ സോമി മാത്യു ആണ് കണ്‍വീനര്‍ ആയി നിന്ന് ഈപ്രോഗ്രാമിന് ചുക്കാന്‍ പിടിച്ചത് . ‘സാന്ത്വനം’ പരിപാടി കെട്ടിലും മട്ടിലും ഏറ്റവും മികച്ചതായിരുന്നു എന്ന് കാണികള്‍ അഭിപ്രായപ്പെട്ടു.

ജോയിച്ചന്‍ പുതുക്കുളം