പീറ്റര്‍ വടക്കുംചേരി: ഫോമാ കലാപ്രതിഭയുടെ തേരോട്ടം

ചിക്കാഗോ: പന്ത്രണ്ട് വയസ്സിനിടയില്‍ വിവിധ സംഘടനകളുടെ കലാപ്രതിഭാപട്ടം അണിഞ്ഞ പീറ്റര്‍ വടക്കുംചേരി ഫോമയിലും ജൂണിയര്‍ കലാപ്രതിഭയായി.

ഇല്ലിനോയിയിലെ ഗ്ലെന്‍വ്യൂവില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഈവര്‍ഷത്തെ ചിക്കാഗോ മലയാളി അസോസിയേഷന്റെ കലാപ്രതിഭയായിരുന്നു. കഴിഞ്ഞവര്‍ഷത്തെ സീറോ മലബാര്‍ കലാപ്രതിഭ.

ഇവിടെ ജനിച്ചു വളര്‍ന്നുവെങ്കിലും മനോഹരമായി മലയാളം സംസാരിക്കുന്ന പീറ്റര്‍ അഞ്ച് ഇനങ്ങളില്‍ ഒന്നാം സ്ഥാനവും ഇംഗ്ലീഷ് പ്രസംഗത്തില്‍ രണ്ടാം സ്ഥാനവും നേടി.

മലയാളം പ്രസംഗം, സിനിമാറ്റിക് ഡാന്‍സ്, വെസ്‌റ്റേണ്‍ ഡാന്‍സ്, ക്രിയേറ്റീവ് പെര്‍ഫോമന്‍സ്, മലയാളം ലളിതഗാനം എന്നിവയിലാണ് ഒന്നാംസ്ഥാനം നേടിയത്.

ബാസ്കറ്റ് ബോള്‍ പ്ലെയറുമാണ്. തൃശൂര്‍ സ്വദേശി തോമസ് വടക്കുംചേരിയുടേയും, ബിന്‍സിയുടേയും ഏക സന്താനമാണ്. തോമസ് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥനും, ബിന്‍സി അധ്യാപികയുമാണ്.

ഫോമാ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍ ട്രോഫി സമ്മാനിച്ചു. യൂത്ത് ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍ സാബു സ്കറിയ ആയിരുന്നു എം.സി

ഫോമയുടെ ആറാമത് കണ്‍വന്‍ഷന്‍ കൊടിയിറങ്ങി

ചിക്കാഗോ: കളിയും ചിരിയും കലയും സാഹിത്യവും താളവും മേളവും വീറും വാശിയും അരങ്ങുതകര്‍ത്ത മൂന്നു ദിനരാത്രങ്ങള്‍ക്ക് വിടചൊല്ലി ഫോമയുടെ ആറാമത് കണ്‍വന്‍ഷന്‍ സ്വാമി വിവേകാന്ദ നഗറില്‍ കൊടിയിറങ്ങി. രണ്ടു വര്‍ഷം കഴിഞ്ഞ് ഇനി ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തില്‍ ഡാലസില്‍ ഒത്തുചേരാം.

മൂന്നു ദിവസം പോയതറഞ്ഞില്ല. വമ്പന്‍ പ്രോഗ്രാമുകളോ താരനിരയോ ഇല്ലാതിരുന്നിട്ടും ഒട്ടും മുഷിപ്പില്ലാതെ നിരന്തരം വ്യത്യസ്തമായ പരിപാടികള്‍ വിവിധ സ്‌റ്റേജുകളില്‍ അരങ്ങേറിയപ്പോള്‍ പ്രസിഡന്റ് ബന്നി വാച്ചാച്ചിറയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് അഭിമാനമുഹൂര്‍ത്തം. ഷോംബര്‍ഗിലെ റിനൈസണ്‍സ് ഹോട്ടല്‍ സദാസമയവും ആരവത്തില്‍ മുക്കിയ ജനസാഗരം പങ്കെടുത്ത കണ്‍വന്‍ഷന്‍ പൊതുവില്‍ മികച്ചതുമായി. ഭരണസമിത്ത് 85 മാര്‍ക്ക്.

ശനിയാഴ്ച രാത്രി സമാപന ബാങ്ക്വറ്റില്‍ മുഖ്യാതിഥിയായ ശശി തരൂര്‍ എം.പിഅമേരിക്കന്‍ മലയാളികളെപ്പറ്റി അഭിമാനംകൊള്ളുകയും കേരളീയ പൈതൃകത്തില്‍ ഊറ്റംകൊള്ളുകയും ചെയ്തു. മലയാളികളുടെ കുഴപ്പങ്ങളും വിവരിക്കാന്‍ അദ്ദേഹം മറന്നില്ല.

എട്ടാമത് കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടിലാണ് കണ്‍വന്‍ഷനെന്നും ഡിസ്ട്രിക്ടില്‍ നിന്നാണ് താന്‍ കോണ്‍ഗ്രസില്‍ എത്തിയതെന്നും ഇല്ലിനോയിയില്‍ നിന്നുള്ള ആദ്യ കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി പറഞ്ഞു. വിജയകഥകള്‍ മെനഞ്ഞവരാണ് നിങ്ങള്‍. നിങ്ങളുടെ സംസ്കാരം നിങ്ങള്‍ ഇവിടെ കാത്തുസൂക്ഷിക്കുന്നു.

മലയാളികളായ കോണ്‍ഗ്രസ് അംഗങ്ങളും മറ്റ്‌നേതാക്കളും ധാരാളമായി ഉണ്ടാകണം. കൂടുതല്‍ പേര്‍ ഇലക്ഷന്‍ രംഗത്തേക്ക് വരണം. എട്ടാം ഡിസ്ട്രിക്ടില്‍ മാത്രം വേണ്ട!

നിങ്ങളുടെയൊക്കെ സഹായമാണ് തന്നെ കോണ്‍ഗ്രസ് അംഗമാക്കിയത്. മേശയില്‍ ഒരു സ്ഥാനം കിട്ടിയില്ലെങ്കില്‍ നിങ്ങള്‍ മെനുവിന്റെ ഭാഗമാകുമെന്ന ചൊല്ല് മറക്കരുത്. അതായത് നിങ്ങളെ തിന്നുകളയുമെന്ന അവസ്ഥ വരരുത്.

കണ്‍വന്‍ഷന്‍ വന്‍ വിജയകരമാക്കിയ പ്രസിഡന്റ് ബന്നി വാച്ചാച്ചിറയ്ക്കും, സെക്രട്ടറി ജിബി തോമസിനും മറ്റു ഭാരവാഹികള്‍ക്കും രാജു ഏബ്രഹാം എം.എല്‍.എ അഭിനന്ദനം ചൊരിഞ്ഞു. അടുത്ത കണ്‍വന്‍ഷന്‍ ഇതിലും മികച്ചതാകട്ടെ. എല്ലാ രംഗത്തും വിജയിക്കുന്ന മലയാളി ഇവിടെ രാഷ്ട്രീയത്തില്‍ വിജയിക്കാത്തത് ഖേദകരമാണദ്ദേഹം പറഞ്ഞു.

മഹാ സംഭവമാണ് നടന്നതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. കേരളം ഹൃദയത്തില്‍ കാത്തുസൂക്ഷിക്കുന്ന നിങ്ങള്‍ കേരളത്തില്‍ സമൂല മാറ്റത്തിനു കഴിവുള്ള നേതാക്കള്‍ അവിടെ ഉണ്ടാവണമെന്നാഗ്രഹിക്കുന്നു. കേരള സഭ പോലുള്ള കാര്യങ്ങളില്‍ രാഷ്ട്രീയത്തിനതീതമായി നിലകൊള്ളാന്‍ കേരളത്തിലെ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നും കേരള ജനത ഉറ്റുനോക്കുന്ന സമൂഹമാണ് അമേരിക്കന്‍ മലയാളികള്‍അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹാ സമ്മേളനം എന്നു പറയുമ്പോള്‍ പങ്കെടുത്തവരുടെ എണ്ണവും അവരുടെ യോഗ്യതകളും കണക്കിലെടുത്താവണം. ഇതു രണ്ടും ഇവിടെ സമന്വയിച്ചതായി സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ് എം.ഡി അബ്ദുള്‍ അസീസ് പറഞ്ഞു. വനിതകള്‍ക്ക് സംഘടനയും അമേരിക്കന്‍ മലയാളികളും നല്‍കുന്ന പ്രാധാന്യം അഭിനന്ദനമര്‍ഹിക്കുന്നു. ഒരു വനിത ഇനി ഫോമ പ്രസിഡന്റാകട്ടെ.

സമ്മേളനത്തിലെത്തിയത് വലിയ ഭാഗ്യമായി ജോയ് അലൂക്കാസും പറഞ്ഞു.

മനസ്സിലെ ഇരുട്ട് കുറച്ചെങ്കിലും മാറ്റി അവിടെ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ഇത്തിരിവെട്ടം പകരാന്‍ ഈ സമ്മേളനം ഉപകരിക്കണമെന്ന് ജയരാജ് വാര്യര്‍ പറഞ്ഞു.

ഫോമയുടെ ബിസിനസ് അവാര്‍ഡ് ജേതാവുകൂടിയായി സിജോ വടക്കന്‍ ബിസിനസ് വിജയത്തിന്റെ അടിസ്ഥാനം മനുഷ്യബന്ധം തന്നെയാണെന്നു പറഞ്ഞു. ആയിരം മൈലുള്ള യാത്രയും ഒരു ചുവടുവെച്ചാണ് തുടങ്ങുന്നത്. താനും കുടുംബവും കഴിഞ്ഞ് മൂന്നാം സ്ഥാനമായിരിക്കണം ബിനസിന്. ഈ ക്രമം തെറ്റിയാല്‍ അതു പ്രശ്‌നമാകും.

സ്ത്രീ ശാക്തീകണം ലക്ഷ്യമിടുന്ന സംഘടനയാണ് ഫോമയെന്നു ബന്നി വാച്ചാച്ചിറ പറഞ്ഞത് ഏറെ അഭിനന്ദനമര്‍ഹിക്കുന്നതായി അഡ്വ. തുഷാര ജയിംസ് ചൂണ്ടിക്കാട്ടി. അതുപോലെ മതേതരത്വത്തിന്റെ ഉത്തമ മാതൃകയാണ് ഫോമ. ജാതിമത ഭേദമെന്യേ മലയാളി ഒന്നാകുന്നത് അഭിനന്ദനം അര്‍ഹിക്കുന്നു.

കണ്‍വന്‍ഷന്‍ ചെയര്‍ സണ്ണി വള്ളിക്കളം ആമുഖ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ജിബി തോമസ് സ്വാഗതം ആശംസിച്ചു. കണ്‍വന്‍ഷന്‍ വൈസ് ചെയര്‍ ജോസ് മണക്കാട്ട് ആയിരുന്നു എം.സിയായി മികച്ച രീതിയില്‍ സമ്മേളനത്തെ നയിച്ചത്.

കണ്‍ വന്‍ഷനില്‍ വച്ച് ഫിലിപ്പ് ചാമത്തില്‍ജോസ് ഏബ്രഹാം നയിക്കുന്ന പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. വിവിധ രംഗങ്ങളില്‍ മികച്ചവര്‍ക്ക് അവാര്‍ഡുകളും സമ്മാനിച്ചു

രാത്രി സ്റ്റീഫന്‍ ദേവസി നയിച്ച സംഗീത പരിപാടിയില്‍ സദസും പാടിയും ആടിയും പങ്കു ചേര്‍ന്നു. പരിപാടി വന്‍ വിജയവുമായി.
അതൊടെ കണ്‍ വന്‍ഷന്റെ ദിനരാത്രങ്ങള്‍ക്ക് വിട.

ഒരു പെട്ടി നിറയെ ട്രോഫികളുമായി ഫോമാ ജൂണിയര്‍ കലാതിലകം റിയാന

ചിക്കാഗോ: ഫോമാ ജൂണിയര്‍ കലാതിലകമായ റിയാന ഡാനിഷ് ഒരു പെട്ടി നിറയെ ട്രോഫികളുമായാണ് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് മടങ്ങുന്നത്. മൊത്തം 15 ട്രോഫികള്‍. പിതാവ് ഡാനിഷ് തോമസിനും ലഭിച്ചു ഒരു ട്രോഫി. മലയാളി മന്നന്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം.

മത്സരിച്ച ഏഴിനങ്ങളില്‍ ഒന്നാംസ്ഥാനവും, ഒരെണ്ണത്തില്‍ മൂന്നാംസ്ഥാനവുമാണ് ലഭിച്ചത്. കലാമത്സരത്തിനു പുറമെ ഷൈനിംഗ് സ്റ്റാര്‍ മത്സരത്തിലും റിയാന തന്നെ കലാതിലകം.

കലാമത്സരത്തില്‍ ലളിതഗാനം, ശാസ്ത്രീയ സംഗീതം, വെസ്‌റ്റേണ്‍ സംഗീതം. സിനിമാറ്റിക് ഡാന്‍സ്, നാടോടിനൃത്തം, ക്രിയേറ്റീവ് പെര്‍ഫോമന്‍സ്, മലയാളം പ്രസംഗം എന്നിവയില്‍ ഒന്നാംസ്ഥാനം. ഭരതനാട്യത്തില്‍ മൂന്നാംസ്ഥാനം.

ഷൈനിംഗ് സ്റ്റാര്‍ മത്സരത്തില്‍ ഫാന്‍സി ഡ്രസ്, നൊസ്റ്റാള്‍ജിക് മെമ്മറീസ്, കേരളത്തെപ്പറ്റിയുള്ള പ്രസംഗം തുടങ്ങിയവയിലൊക്കെ ഒന്നാമതെത്തി.

മൂന്നര വയസ്സുമുതല്‍ ഭരതനാട്യം പഠിക്കുന്നു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഐ.ടി. ഡയറക്ടറായ പിതാവ് ഡാനിഷ് തോമസും കലാകാരനാണ്. എം.ജി യൂണിവേഴ്‌സിറ്റിയില്‍ മിമിക്രിയിലും, ലളിതഗാനത്തിലും ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. കൈരളി ചാനലില്‍ കുറച്ചുകാലം അവതാരകനായിരുന്നു. മലയാളി മന്നന്‍ മത്സരത്തില്‍ ഡാനിഷിന്റെ തകര്‍പ്പന്‍ പ്രകടനം സദസ് കണ്ടതാണ്. കോട്ടയം അയര്‍ക്കുന്നം സ്വദേശി.

എറണാകുളം സ്വദേശി ഷെറിന്‍ ആണ് ഭാര്യ. ഐ.ടി. രംഗത്ത് പ്രവര്‍ത്തിക്കുന്നു. തനിക്ക് വലിയ കലാ പാരമ്പര്യമില്ലെന്നു ഷെറിന്‍.

ഏഴു വയസ്സുള്ള റിയാനയുടെ സഹോദരന്‍ റയന് ഒമ്പത് മാസം പ്രായം.

ഫോമാ വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് ട്രോഫി സമ്മാനിച്ചു.

രേഖ നായര്‍, ജെ. മാത്യൂസ്, ജോയ് ചെമ്മാച്ചേല്‍, സിജോ വടക്കന്‍, പ്രേമാ തെക്കേക്ക്, എം.എ.സി.എഫ് ടാമ്പ അവാര്‍ഡ് ജേതാക്കള്‍

ചിക്കാഗോ: ഫോമ അവാര്‍ഡ് ദാന ചടങ്ങ് വികാരനിര്‍ഭരമായി. വൃക്കദാനത്തിലൂടെ അപൂര്‍വ്വ സ്‌നേഹത്തിന്റെ മഹനീയ മാതൃകയായി മാറിയ രേഖ നായര്‍ക്ക് ശശി തരൂര്‍ എം.പി ഫോമയുടെ അവാര്‍ഡ് സമ്മാനിച്ചപ്പോള്‍ സദസ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ആദരവ് അര്‍പ്പിച്ചു.

അവിഭക്ത ഫൊക്കാനയുടെ പ്രസിഡന്റും ഏറ്റവും വലിയ കണ്‍വന്‍ഷനുകളിലൊന്നിന്റെ സാരഥിയും അധ്യാപകനും എഴുത്തുകാരനുമായ ജെ. മാത്യൂസിനേയും അവാര്‍ഡ് നല്‍കി ആദരിച്ചു. വേദിയില്‍ വച്ചു അവാര്‍ഡ് കമ്മിറ്റി ചെയര്‍ ജോണ്‍ ടൈറ്റസ് ജെ. മാത്യൂസിനു പ്രഖ്യാപിച്ചത് അപ്രതീക്ഷിതമായിരുന്നു.

ഫോമാ കര്‍ഷക രത്‌നം അവാര്‍ഡ് എഴുത്തുകാരനും കലാകാരനും കൂടിയായ ജോയ് ചെമ്മാച്ചേലിനു സമ്മാനിച്ചു.

ഓസ്റ്റിനില്‍ നിന്നുള്ള (ടെക്‌സസ്) റിയല്‍എസ്‌റ്റേറ്റ് ബിസിനസ് ജേതാവ് സിജോ വടക്കന്‍ ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ എം.പിയില്‍ നിന്നു അവാര്‍ഡ് ഏറ്റുവാങ്ങി. അവാര്‍ഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മികച്ച ബിസിനസ് വുമണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ പ്രേമാ ആന്റണി തെക്കേക്കിന്റെ അസാന്നിധ്യത്തില്‍ സഹോദരനും ഫോമാ വൈസ് പ്രസിഡന്റുമായ വിന്‍സന്റ് ബോസ് അവാര്‍ഡ് ഏറ്റു വാങ്ങി.

ഏറ്റവും മികച്ച മലയാളി സംഘടനയായി മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ (ടാമ്പ) അവാര്‍ഡ് നേടി. പ്രസിഡന്റ് സജി കരിമ്പന്നൂര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ചിക്കാഗോ മലയാളി അസോസിയേഷന്‍, കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി എന്നിവയടക്കം അരഡസന്‍ ഫൈനലിസ്റ്റുകളില്‍ നിന്നാണ് എം.എ.സി.എഫ് ഈ ബഹുമതി നേടിയത്.

സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ് സി.ഇ.ഒ. അബ്ദുള്‍ അസീസ്, ജോയ് ആലുക്കാസ് എന്നിവരെയും ആദരിച്ചു

ഫൊക്കാന പതിനെട്ടാമത് കണ്‍വന്‍ഷന്‍ ചരിത്രസംഭവമാകുന്നു (ഏബ്രഹാം കളത്തില്‍)

അമേരിക്കന്‍ മലയാളിയുടെ ഓര്‍മ്മയില്‍ ഓളമായി മാറുന്ന ഫിലാഡല്‍ഫിയയില്‍ വച്ചു നടക്കുന്ന പതിനെട്ടാമത് ഫൊക്കാന കണ്‍വന്‍ഷന്‍ രാഷ്ട്രീയ-സാമൂഹിക-സാഹിത്യമേഖലയില്‍ നിന്നും പ്രഗത്ഭരുടെ ഒരു നീണ്ടനിരതന്നെ വേദി പങ്കിടുന്ന ഒരു മഹദ് സമ്മേളനമായി മാറ്റപ്പെടുന്ന കണ്‍വന്‍ഷന്‍, സിനിമാരംഗത്തുനിന്നും എത്തുന്ന മലയാളത്തിന്റെ മാസ്മര വിസ്മയമായുള്ളവരെ നേരില്‍കാണുവാനുള്ള അവസരംകൂടി ഒരുക്കുന്നു.

കേരളാ മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വേദി പങ്കിടുന്ന അസുലഭ നിമിഷങ്ങള്‍ക്ക് ഫൊക്കാനയുടെ പതിനെട്ടാമത് കണ്‍വന്‍ഷന്‍ സാക്ഷ്യംവഹിക്കും എന്നത് ചരിത്രസംഭമാണ്. മന്ത്രിമാരും, എം.എല്‍.എമാരും പങ്കെടുക്കുന്ന സമ്മേളനത്തില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് അഭ്രപാളികളിലെ അഭിനയരാജ്ഞി ഷീലയുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍നൈറ്റ് ആണ്.

ഈമാസം 21-നു നടന്ന ഫൊക്കാന നാഷണല്‍ കമ്മിറ്റി, കണ്‍വന്‍ഷനും ഇലക്ഷനും ഏറ്റവും ഭംഗിയായും സുഗമമായും നടത്തുവാന്‍, ചെറിയ കാര്യങ്ങള്‍പോലും ശരിയായ രീതിയില്‍ നടത്തുവാന്‍ സുതാര്യമായ കമ്മിറ്റികള്‍ പ്രസിഡന്റ് തമ്പി ചാക്കോയുടെ നേതൃത്വത്തില്‍ അക്ഷീണം പ്രയത്‌നിച്ചുവരുന്നു. എല്ലാ കാര്യങ്ങളിലും അഭിപ്രായ ഐക്യം രേഖപ്പെടുത്തി, കണ്‍വന്‍ഷന്‍ ഒരു അനശ്വരമായ ഓര്‍മ്മയായി മാറ്റേണ്ടതുകൊണ്ട് തികഞ്ഞ ഉത്തരവാദിത്വബോധത്തോടെ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

സുഖമുള്ള നിമിഷങ്ങളും, നിറമുള്ള സ്വപ്നങ്ങളും കുളിര്‍വാര്‍ന്ന ഓര്‍മ്മകളുമായി വിശ്വസ്തനും വിവേകിയുമായ തമ്പി ചാക്കോയുടെ കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തെ ഫൊക്കാനയുടെ പ്രവര്‍ത്തനം അദ്ദേഹത്തിന്റെ കര്‍മ്മപഥത്തില്‍ കൈയ്യൊപ്പ് ചാര്‍ത്തി മുന്നേറുന്നു. വേനലില്‍ വര്‍ഷമായി, നിദ്രയില്‍ സ്വപ്നമായി എന്നും അമേരിക്കന്‍ മലയാളികള്‍ക്ക് ഓര്‍ത്തിരിക്കാന്‍ ഫൊക്കാനയുടെ പതിനെട്ടാമത് കണ്‍വന്‍ഷനിലേക്ക് എല്ലാ സഹൃദയരായ മലയാളികളേയും ഫിലാഡല്‍ഫിയ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററിലേക്ക് (ജൂലൈ 6,6,7) സ്വാഗതം ചെയ്യുന്നു. തമ്പി ചാക്കോയുടെ നേതൃത്വത്തിന് മറ്റൊരു പൊന്‍തൂവല്‍ ചാര്‍ത്തപ്പെടും ഈ കണ്‍വന്‍ഷന്‍.

-ഏബ്രഹാം കളത്തില്‍

ജോസഫ് ഔസോ പുതിയ കാല്‍വെയ്പിലേക്ക്

ചിക്കാഗോ: ചിക്കാഗോയില്‍ നടന്ന ഫോമയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷനില്‍ വച്ച് ജോസഫ് ഔസോയെ വെസ്റ്റേണ്‍ റീജിയന്റെ അമരക്കാരനായി (ആര്‍.വി.പി) തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ടുവര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം പോള്‍ ജോണ്‍ തന്റെ പിന്‍ഗാമിക്ക് എല്ലാ ഉത്തരവാദിത്വങ്ങളും കൈമാറി.

തികഞ്ഞ സംഘാടകനും, കലാ-സാംസ്കാരിക രംഗങ്ങളില്‍ നൈപുണ്യവും നേടിയ ജോസഫ് ഔസോ വെസ്റ്റേണ്‍ റീജിയനു ഒരു മുതല്‍ക്കൂട്ടായിരിക്കും. എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ അദ്ദേഹം കാംക്ഷിക്കുന്നു.

ജോയിച്ചന്‍ പുതുക്കുളം

റ്റോം വട്ടത്തില്‍ (80) ന്യൂയോര്‍ക്കില്‍ നിര്യാതനായി


ന്യൂയോര്‍ക്ക് : കോട്ടയം ക്‌നാനായ യാക്കോബായ വലിയപള്ളി ഇടവകാംഗമായ വട്ടത്തില്‍ റ്റോം (80) ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലന്‍ഡില്‍ നിര്യാതനായി. ഭാര്യ ബേബികുട്ടി തോമസ് കോട്ടയം ഓണാട്ട് കുടുംബാംഗമാണ്. മക്കള്‍ : മനോജ് , മഞ്ജു (ഇരുവരും ന്യൂയോര്‍ക്ക്) മരുമക്കള്‍ : മൗറീന്‍ , റ്റോഡ്

പൊതുദര്‍ശനം വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരേയും , സംസ്കാരം ശനിയാഴ്ച രാവിലെ പത്ത് മണിക്കും നടക്കും. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്. സഹോദരങ്ങള്‍ എബ്രഹാം , ബാബു , ജോസ് , ദിലീപ് , മോയി.

ജോയിച്ചന്‍ പുതുക്കുളം

ഇന്ത്യന്‍ ലയണ്‍സ് ക്ലബ് അവാര്‍ഡ് നൈറ്റും, ഭാരവാഹികളുടെ സത്യപ്രതിജ്ഞയും നടത്തി

ഇര്‍വിങ്: ഡിഎഫ്ഡബ്ല്യു ഇന്ത്യന്‍ ലയണ്‍സ് ക്ലബ് (ഇര്‍വിങ്) അവാര്‍ഡ് നൈറ്റും, 2018–2019 ഭാരവാഹികളുടെ സത്യപ്രതിജ്ഞയും നടത്തി.

ജൂണ്‍ 24 ഞായര്‍ വൈകിട്ട് ഇര്‍വിങ് പസന്ത് (PASAND) റസ്റ്ററന്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ലയണ്‍ പ്രസിഡന്റ് ജോര്‍ജ് ജോസഫ് അധ്യക്ഷത വഹിച്ചു. ഹഷ ഹരിദാസ് അമേരിക്കന്‍ ദേശീയഗാനവും ഉമ ഹരിദാസ് ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചു. എ.പി. ഹരിദാസ് സമര്‍ പ്പണ പ്രതിജ്ഞാ വാചകം ചൊല്ലി. പ്രസിഡന്റ് ജോര്‍ജ് ജോസഫ് അധ്യക്ഷ പ്രസംഗം നടത്തി.

രാജ്യാന്തര തലത്തില്‍ ഇര്‍വിങ് ക്ലബ്ബിനു ലഭിച്ച അംഗീകാരത്തിനു പുറകില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച എല്ലാ അംഗങ്ങളേയും പ്രസിഡന്റ് അനുമോദിച്ചു. പ്രൈമറി ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഡോ. ജോണ്‍ എം ജോസഫ് വിശദീകരിച്ചു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ബില്‍ സമൂതര്‍മാന്‍, സണ്ണി വെയ്!ല്‍ സിറ്റി മേയര്‍ തുടങ്ങിയവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചു. ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേരുന്നതായും മേയര്‍ പറഞ്ഞു. പ്രധാന പ്രാസംഗിക പി. ഐ.ഡി ബിവര്‍ലി സ്റ്റെമ്പിന്‍സിനെ റോയ് ചിറയില്‍ പരിചയപ്പെടുത്തി. മിസ്സ് ഷാരണ്‍ ഷാജി വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ചു പ്രസംഗിച്ചു.

തുടര്‍ന്ന് സര്‍വ്വീസ് എക്‌സലെന്‍സ് അവാര്‍ഡു കളും, ലയണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും മുഖ്യാതിഥികളും, പ്രസിഡന്റും ചേര്‍ന്ന് സമ്മാനിച്ചു. 2018–19 ഭാരവാഹികളായി, ജോര്‍ജജ് ജോസഫ് (പ്രസിഡന്റ്), മാത്യു ജില്‍സണ്‍ (സെക്രട്ടറി), പി.സി.റ്റി റോയ് ചിറയില്‍ (ട്രഷറര്‍), ആന്റോ തോമസ്, ഓസ്റ്റിന്‍ സെബാസ്റ്റ്യന്‍ (വൈസ് പ്രസിഡന്റ്), ജോര്‍ജ് അഗസ്റ്റിന്‍ (മെംബര്‍ഷിപ്പ്), എ.പി. ഹരിദാസ് (എല്‍.സി,ഐ.എ (കോര്‍ഡിനേറ്റര്‍),ജെയിംസ് ചെംപ്ലാനിക്കല്‍, സെബാസ്റ്റ്യന്‍ വലിയ പറമ്പില്‍, ഐപ് സക്കറിയ, ഹരിദാസ് തങ്കപ്പന്‍, ജോണ്‍.എം. ജോസഫ്, ജോജി ജോര്‍ജജ്, ജോണ്‍ പി. ജോയ്, ജിബി ഫിലിപ്പ്, ജോസഫ് ആന്റണി തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 2018–2019 ക്ലബ്ബ് ഉദ്യോഗസ്ഥരായി ടാനിയ ബിജിലി (പ്രസിഡന്റ്), നേഹ ഫിലിപ്പ് (വൈസ്പ്രസിഡന്റ്), വിസ്മയ ജോസഫ് (സെക്രട്ടറി), ജോഷ്യന്‍ തോമസ് (ട്രഷറര്‍), ആന്റോ തോമസ് തുടങ്ങിയ വരും ചുമതലയില്‍ പ്രവേശിച്ചു.

വര്‍ഷങ്ങളായി ലയണ്‍സ് ക്ലബ്ബില്‍ നിസ്വാര്‍ത്ഥ സേവനമനു ഷ്ഠിക്കുന്ന പീറ്റര്‍ നെറ്റോയെ പ്രസിഡന്റിന്റെ പ്രത്യേക അവാര്‍ഡായ ലയണ്‍ ഓഫ് ദി ഇയര്‍ നല്‍കി ആദരിച്ചു. ലയണ്‍സ് ക്ലബ്ബ് സംസ്ഥാനാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ഡ്രഗ് അവയര്‍നസ്സ് സ്പീച്ച് മത്സരത്തില്‍ വിജയികളായ ഷാരോണ്‍ ഷാജിക്ക് 4000 ഡോളറിന്റെ ക്യാഷ് അവാര്‍ഡും, ഔട്ട് സ്റ്റാന്‍ഡിംഗ് യൂത്തായി തിരഞ്ഞെടുക്കപ്പെട്ട ജെവിന്‍ ജയിംസിന് 6000 ഡോളറിന്റെ കാഷ് അവാര്‍ഡും നല്‍കി.

ലയണ്‍ സെക്രട്ടറി മാത്യു ജിന്‍സന്റെ നന്ദി പ്രകടനത്തിനും ഡിന്നറിനും ശേഷം സമ്മേളനം സമാപിച്ചു.

സാറാ സാന്റേഴ്‌സിനെ റെസ്റ്റോറന്റില്‍ നിന്നും ഇറക്കിവിട്ടു

വെര്‍ജിനിയ: ജൂണ്‍ 22 വെള്ളിയാഴ്ച വെര്‍ജീനിയ ലക്‌സിംഗ്ടണിലെ റെഡ് ഹെന്‍ റസ്‌റ്റോറന്റില്‍ ഡിന്നറിനെത്തിയ പ്രസിഡന്റ് ട്രമ്പിന്റെ ചീഫ് സ്‌പോക്ക് വുമണനായ സാറാ ഹക്കമ്പി സാന്റേഴ്‌സിനെ റസ്റ്റോറന്റ് ഉടമസ്ഥ വില്‍ക്കിന്‍സണ്‍ ഇറക്കി വിട്ടു.വൈറ്റ് ഹൗസില്‍ നിന്നു ഇരുനൂറോളം മൈല്‍ ദൂരെയുള്ള റസ്‌റ്റോറന്റില്‍ കുടുംബാംഗങ്ങളുമായാണ് ഇവര്‍ ഡിന്നറിനെത്തിയത്.

ട്രമ്പിന്റെ ഭരണത്തില്‍ പങ്കാളിയായതു കൊണ്ടാണ് തന്നെ ഇറക്കിവിട്ടതെന്ന് ശനിയാഴ്ച സാന്റേഴ്‌സ് ട്വറ്ററില്‍ കുറിച്ചു.7000ത്തിലധികം ജനസംഖ്യയുള്ള ലക്‌സിംഗ്ടണിലെ വോട്ടര്‍മാര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൂട്ടമായി ട്രമ്പിനെതിരെയാണ് വോട്ടു രേഖപ്പെടുത്തിയിരുന്നത്.

റസ്റ്റോറന്റിലെ ജീവനക്കാരില്‍ ഭൂരിഭാഗവും ഗെ ആയതുകൊണ്ടും, അവരോടുള്ള ട്രമ്പ് ഭരണകൂടത്തിന്റെ എതിര്‍പ്പില്‍ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ അഭിപ്രായം മാനിച്ചു വളരെ സ്‌നേഹഭാഷയില്‍ ഇറങ്ങിപോകാന്‍ ആവശ്യപ്പെട്ടതെന്ന് പിന്നീട് റസ്റ്റോറന്റ് ഉടമസ്ഥ പറഞ്ഞു.

സാറാ സാന്റേഴ്‌സിനെ ഇറക്കിവിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കം ചൂടുപിടിക്കുകയാണ്. എതിരാളികളോടുപോലും വളരെ ബഹുമാനത്തോടെ പെരുമാറിയിരുന്ന തനിക്ക് ഇങ്ങനെ സംഭവിച്ചതില്‍ ഖേദമുണ്ടെന്ന് സാറ തുറന്നു പറഞ്ഞു.

ഡാളസ് കേരള അസോസിയേഷന്‍ അഡ്വ. സനല്‍കുമാറിന് ജൂണ്‍ 28-ന് സ്വീകരണം നല്‍കുന്നു

ഗാര്‍ലന്റ്: സി.പി.എം.(മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടിയുടെ സമുന്നത നേതാവും തിരുവല്ല അര്‍ബന്‍ ബാങ്ക് പ്രസിഡന്റുമായ അഡ്വ.ആര്‍.സനല്‍ കുമാറിന് കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് ജൂണ്‍ 28 വ്യാഴാഴ്ച സ്വീകരണം നല്‍കുന്നു.

വൈകീട്ട് 6.30ന് ഗാര്‍ലന്റ് അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരുന്ന സ്വീകരണ സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍ അറിയിച്ചു.

പി.പി. ചെറിയാന്‍