പ്രണവ് ചിത്രം ആദി അമേരിക്കയില്‍ പ്രദര്‍ശിപ്പിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം

പ്രണവ് ചിത്രം ആദി ഫെബ്രുവരി 8 മുതല്‍ അമേരിക്കയിലും കാനഡയിലും. മികച്ച പ്രേക്ഷക പ്രതികരണവും, നിരൂപക പ്രശംസയും നേടി വിജയകരമായി കേരളത്തില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ‘ആദി’ ഈ ആഴ്ചമുതല്‍ അമേരിക്കയില്‍ പ്രദര്‍ശനം ആരംഭിക്കുന്നു. മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് അഭിനയിക്കുന്ന ചിത്രം എന്ന നിലയില്‍, പ്രദര്ശനത്തിന് മുന്‍പ് തന്നെ മാധ്യമ ശ്രദ്ധ നേടിയ, പ്രണവിന്റെ പ്രകടനം കൊണ്ടും, ജീത്തു ജോസഫ് എന്ന സംവിധായകന്റെ മികവുകൊണ്ടും പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. വെറും ആറു ദിവസം കൊണ്ട് 12 കോടി കളക്ഷന്‍ നേടിയ ‘ആദി’ വിദേശ രാജ്യങ്ങളില്‍ പ്രദര്‍ശനത്തിന് ഒരുങ്ങി കഴിഞ്ഞു.

സംഗീത സംവിധായകനാവുക എന്ന ലക്ഷ്യത്തോടുകൂടി നടക്കുന്ന ആദി ബാംഗ്ലൂര്‍ പട്ടണത്തില്‍ എത്തുമ്പോള്‍ ആകസ്മികമായി കാണേണ്ടിവന്ന ഒരു സംഭവവും അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളില്‍നിന്നു രക്ഷപെടാനുള്ള ശ്രമങ്ങളും ആണ് കഥാസാരം. പതുക്കെ മുന്നോട്ടുപോകുന്ന സിനിമ, വേഗത കൂടി, ഇടയ്ക്കിടെ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തി, മികച്ച ആക്ഷന്‍ സിനോടൊകൂടി അവസാനിക്കുന്നു.

USA Indian Movies വിതരണം ചെയ്യുന്ന ‘ആദി’ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ അമേരിക്കന്‍ റിലീസ് ആയി മാറാന്‍ തെയ്യാറെടുക്കുകയാണ്. ഇതാദ്യാമായാണ് അമേരിക്കയിലും കാനഡയിലും മലയാള സിനിമ ഈ നിലയില്‍ വൈഡ് റിലീസ് ചെയ്യപ്പെടുന്നത്. അമേരിക്കയില്‍ റെക്കോര്‍ഡ് സിറ്റികളില്‍ പ്രദര്‍ശിപ്പിക്കുന്ന ‘ആദി’ യെക്കുറിച്ചു മലയാളം സിനിമാപ്രേമികള്‍ക്കിടയില്‍ നല്ല പ്രതീക്ഷയാണുള്ളത്. ജീത്തു ജോസഫ് തിരുക്കഥ എഴുതി സംവിധാനം ചെയ്ത ത്രില്ലര്‍ ഗണത്തില്‍ പെട്ട ഈ സിനിമ നിര്‍മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസ് ആണ്. നല്ല ത്രില്ലടിപ്പിക്കുന്ന കഥയും കിടിലന്‍ ആക്ഷന്‍ രംഗങ്ങളും ഉള്ള ഈ സിനിമ, പ്രണവിന്റെ പാര്‍ക്കോര്‍ എന്ന ആയോധനകലയിലുള്ള പ്രാവീണ്യം വ്യക്തമാക്കുന്നു.

പ്രണവ് മോഹന്‍ലാലിന്‍റെ അഭിനയത്തിനും ആക്ഷനും പുറമെ, സിദ്ദിഖ്, ലെന, അനുശ്രീ എന്നിവരുടെ പ്രകടനവും, ജീത്തുവിന്റെ സംവിധാനവും, അനില്‍ ജോണ്‍സണ്‍ന്റെ സംഗീതവും, സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും ഈ സിനിമയെ തീയേറ്ററില്‍ പോയി തന്നെ കാണേണ്ട ഒന്നായി മാറ്റുന്നു. അദിതി രവി, മേഘനാഥന്‍, ടോണി ലൂക്ക്, പുലിമുരുകനിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജഗപതി ബാബു, ‘പ്രേമം’ സിനിമയിലൂടെ പ്രസിദ്ധരായ ഷറഫുദ്ദിന്‍, സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍ തുടങ്ങിയ ഒരു വന്‍ താരനിര ഈ ചിത്രത്തിലുണ്ട്

More details: (408)489-2460
Facebook.com/usaindianmovise

സെല്‍ഫി കച്ചിത്തുരുമ്പായി, പ്രതി പിടിയില്‍

ജോര്‍ജ് തുമ്പയില്‍

ന്യൂയോര്‍ക്ക്: സെല്‍ഫി പ്രിയരെക്കുറിച്ചുള്ള വാര്‍ത്ത മിക്കവാറും കേള്‍ക്കാറുണ്ട്. എന്നാല്‍ ഒരു സെല്‍ഫി കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായി എന്ന വാര്‍ത്തയ്ക്ക് അല്‍പ്പം ജനപ്രീതി കൂടും. സംഭവം കാനഡയില്‍ നിന്നാണ്. രണ്ട് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട കൂട്ടുകാരിയ്ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫി പോസ്റ്റ് ചെയ്ത യുവതിയാണ് ഇപ്പോള്‍ അഴിക്കുള്ളിലായിരിക്കുന്നത്. സംഭവം നടന്നത് 2015 ല്‍. അന്നു കൊല്ലപ്പെട്ട തന്‍റെ സുഹൃത്ത് ബ്രിട്ടാനിയ ഗാര്‍ഗോളിന്‍റെ (18) കൂടെ നില്‍ക്കുന്ന ചിത്രമാണ് ചെയെനെ റോസ് അന്‍റണിയെ (21) ഇപ്പോള്‍ കുടുക്കിയത്. കൂട്ടുകാരിയുടെ മരണത്തിന് ഉത്തരവാദി റോസ് തന്നെയാണെന്ന് തെളിയിക്കാന്‍ ഈ സെല്‍ഫിക്കു കഴിഞ്ഞു. ഗാര്‍ഗോള്‍ മരിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് മാത്രമെടുത്ത ചിത്രമായിരുന്നത്രേ ഇത്. ചിത്രത്തില്‍ റോസ് ധരിച്ച മാല ഗാര്‍ഗോളിന്‍റെ മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ചിരുന്നുവെന്നാണ് കാനഡ പൊലീസ് പറയുന്നത്. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലപ്പെട്ട നിലയിലായിരുന്നു രണ്ട് വര്‍ഷം മുമ്പ് സസ്കാറ്റണില്‍നിന്ന് ഗാര്‍ഗോളിന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കുറ്റക്കാരിയായി കണ്ടെത്തിയ റോസിനെ കോടതി ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഗാര്‍ഗോള്‍ റോസിന്‍റെ അടുത്ത കൂട്ടുകാരിയായിരുന്നു. എന്നാല്‍ സംഭവം നടക്കുന്ന ദിവസം ഇരുവരും മദ്യപിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാഗ്വാദത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ഗാര്‍ഗോളിനെ റോസ് കൊലപ്പെടുത്തുകയായിരുന്നുവത്രേ. എന്നാല്‍ ഇതൊന്നും റോസിന് ഓര്‍മ്മയില്ല. പക്ഷേ, സെല്‍ഫി എല്ലാം പുറത്തു കൊണ്ടുവന്നു. അങ്ങനെ സെല്‍ഫി കൊണ്ട് ചില ഉപകാരങ്ങളുമുണ്ടെന്ന് ഇപ്പോള്‍ പിടികിട്ടിയില്ലേ.

ഡിട്രോയിറ്റ് എക്യൂമെനിക്കല്‍ കൗണ്‍സില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ജോയിച്ചന്‍ പുതുക്കുളം

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ ഫെബ്രുവരി ആറിനു (2/6/2018) പ്രസിഡന്റ് റെവ .ബിനു ജോസഫ് അച്ഛന്റെ അധ്യക്ഷതയില്‍ കൂടിയ പുതിയ വര്‍ഷത്തിലെ മീറ്റിങ്ങില്‍ 2018 വര്‍ഷത്തിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് ഡിട്രോയിറ്റ് മാര്‍ത്തോമാ ദൈവാലയ വികാരി റെവ .ജോജി ഉമ്മന്‍ ഫിലിപ്പ് ,വൈസ് പ്രസിഡന്റ് റെവ .ഡീ .ജോണ്‍ ശങ്കരത്തില്‍ ,സെക്രട്ടറി ജെറിക്‌സ് തെക്കേല്‍ ,ട്രെഷറര്‍ ജിജോ കുരിയന്‍ ,ജോ .സെക്രട്ടറി & പി.ആര്‍.ഒ ജെയിസ് കണ്ണച്ചാന്‍ പറമ്പില്‍ ,പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാര്‍ അലീന ഫിലിപ്പ് ,റേച്ചല്‍ റോണി .യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും .പുതിയ ഭാരവാഹികള്‍ക്ക് ചാര്‍ജ് കൈമാറുകയും ചെയ്തു .

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.

വിമല ശശികുമാര്‍ (59) നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം

സൗത്ത് ഫ്‌ളോറിഡ: കേരള സമാജം ഓഫ് ഫ്‌ളോറിഡയുടെ വൈസ് പ്രസിഡന്റ് ബിജു ആന്‍റണിയുടെ ഭാര്യാമാതാവ് കണ്ണൂര്‍ കൊട്ടിയൂര്‍ മടത്തിനാച്ചിറ വീട്ടില്‍ ശശികുമാറിന്റെ ഭാര്യ വിമല ശശികുമാര്‍ (59 ) നിര്യാതയായി .

മക്കള്‍: സിന്ധു, ബിന്ദു ,ജിജീഷ്. മരുമക്കള്‍ മതി അഴകന്‍ , ബിജു ആന്‍റണി , വിജി. ശവസംസ്കാരം നടന്നു.

സമ്പത്തിന്‍റെ 82 ശതമാനവും അതി സമ്പന്നരായ ഒരു ശതമാനത്തിന്‍റെ കൈയില്‍

ജോര്‍ജ് തുമ്പയില്‍

ന്യൂയോര്‍ക്ക്: ഒരു ശതമാനം വരുന്നവര്‍ ശേഷിച്ച 99 ശതമാനെത്തെയും അടക്കി ഭരിക്കുന്നു എന്നത് എത്ര ഞെട്ടിക്കുന്ന വാര്‍ത്തയാണ്. അധികാരത്തിന്‍റെ ഭ്രമണപഥങ്ങളിലല്ല ഈ സംഭവം, മറിച്ച സാമ്പത്തി ലോകത്താണ്. ലോകത്ത് ആകെയുള്ള സമ്പത്തിന്‍റെ 82 ശതമാനവും കൈയടക്കി വച്ചിരിക്കുന്നത് അതി സമ്പന്നരായ ഒരു ശതമാനം വരുന്ന ആളുകളാണത്രേ. ഇത് ഓക്സ്ഫാമം നടത്തിയ പഠന റിപ്പോര്‍ട്ടിലാണുള്ളത്. അതിസമ്പന്നരും ലോകത്തെ മറ്റുള്ളവരും തമ്മിലുള്ള അന്തരം കഴിഞ്ഞ വര്‍ഷം വര്‍ധിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഏറ്റവും ദരിദ്രരായ അമ്പതു ശതമാനത്തോളം പേരുടെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം യാതൊരു വര്‍ധനയും രേഖപ്പെടുത്തുന്നില്ല. എന്നാല്‍ വേള്‍ഡ് ഇക്കണോമിക്ക് ഫോറമോ, സാമ്പത്തിക വിദഗ്ധരോ ഈ പഠനത്തെ പൂര്‍ണമായും അംഗീകരിച്ചിട്ടില്ല. പക്ഷേ, ലോകം ഒരു കാര്യം ഉറപ്പിക്കുന്നു, സാമ്പത്തിക സമത്വത്തിനായുള്ള ഒരു നടപടികളും ഫലപ്രദമാകുന്നില്ല. അതിന്‍റെ ഏറ്റവും വലിയ തെളിവായാണ് അവര്‍ ഈ കണക്ക് നിരത്തുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഓക്സ്ഫാം ഈ കണക്കെടുപ്പ് നടത്തിവരുന്നു. എട്ടു മനുഷ്യര്‍ക്ക് ലോകത്തെ പകുതി ജന സംഖ്യയ്ക്കുള്ളതിനു തുല്യമായ സമ്പത്ത് സ്വന്തമായുണ്ടെന്ന് കഴിഞ്ഞ വര്‍ഷം അവര്‍ നിരീക്ഷിച്ചിരുന്നു. പിന്നീടത് 61 ആയി തിരുത്തി. ഈ വര്‍ഷം 42 ആണെന്നും പറയുന്നു.

വടുക്കുംചേരി വറുതുട്ടി (86) നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം

മാള: വടുക്കുംചേരി പൈലോ മകന്‍ വറുതുട്ടി (86) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 10-നു ശനിയാഴ്ച വൈകിട്ട് നാലിനു മാള സെന്റ് സ്റ്റെനിസ്ലാവോസ് ഫൊറോന ദേവാലയത്തില്‍.

ഭാര്യ: പ്രസ്റ്റീന (മൂലന്‍ കുടുംബാംഗം, കോട്ടയ്ക്കല്‍)

മക്കള്‍: ജോസ്, പോള്‍, ജോണി, തോമസ്, ജെസി, വില്‍സണ്‍ (എല്ലാവരും ഷിക്കാഗോയില്‍).
മരുമക്കള്‍: തങ്കമ്മ (കൈതാരന്‍, മാള പള്ളിപ്പുറം), ദീപ (മൂലന്‍, മാള), സുമി (കാട്ടൂക്കാരന്‍, ഒല്ലൂര്‍), ബിന്‍സി (ചക്കാലയ്ക്കല്‍, മേലഡൂര്‍), ഷാജി (പഴൂപ്പറമ്പില്‍, ഏറ്റുമാനൂര്‍), സുമി (പാത്താടന്‍, എളവൂര്‍) (എല്ലാവരും ഷിക്കാഗോയില്‍).

ഫാമിലി കോൺഫറൻസ്; കുറഞ്ഞ നിരക്കിലുള്ള റജിസ്ട്രേഷൻ ഫെബ്രുവരി 15 ന് അവസാനിക്കും

ന്യൂയോർക്ക് : ഫാമിലി ആന്റ് യൂത്ത് കോൺഫറൻസിന്റെ കുറഞ്ഞ നിരക്കിലുള്ള റജിസ്ട്രേഷൻ ഫെബ്രുവരി 15 വ്യാഴാഴ്ച അവസാനിക്കെ നിലവിലുള്ള കുറഞ്ഞ നിരക്ക് പരമാവധി ഉപയോഗപ്പെടുത്തി കോൺഫറൻസിലെ പങ്കാളിത്തം ഉറപ്പാക്കുവാൻ കമ്മിറ്റി ഭദ്രാസന ജനങ്ങളോട് ആഹ്വാനം ചെയ്തു.

2017 ലെ അനുഭവത്തിന്റെ വെളിച്ചത്തിൽ അവസാന ദിവസം വരെ കാത്തിരിക്കാതെ റജിസ്റ്റർ ചെയ്യാൻ ശ്രമിക്കണം. കഴിഞ്ഞ വർഷം അവസാന ദിവസം റജിസ്ട്രർ ചെയ്യാൻ അഭൂതപൂർവ്വമായ നിരക്ക് അനുഭവപ്പെട്ടപ്പോൾ കംപ്യൂട്ടർ റജിസ്ട്രറിങ് സിസ്റ്റം മുഴുവൻ സാവധാനത്തിലായി. അതുകൊണ്ട് കുറെപ്പേർക്കെങ്കിലും കുറഞ്ഞ നിരക്ക് ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞില്ല.

നേരത്തെ റജിസ്റ്റർ ചെയ്താലുള്ള മറ്റൊരു പ്രയോജനം കോൺഫറൻസ് വേദിയോടുചേർന്നുള്ള മുറികൾ കിട്ടാനുള്ള സാധ്യതയാണ്.

ഫസ്റ്റ് കം, ഫസ്റ്റ് സേർവ്സ് അടിസ്ഥാനത്തിലായതുകൊണ്ട് അവസാന നിമിഷം വരെ റജിസ്ട്രേഷനായി കാത്തിരിക്കുന്നവർക്ക് ലഭിക്കുന്ന മുറികൾ ദൂരെയുള്ള ഫേസ് രണ്ടിലാവാനും സാധ്യതയുണ്ട് എന്നു ഭാരവാഹികൾ അറിയിച്ചു.

ഇടവക സന്ദർശനങ്ങളും അറിയിപ്പുകളും കൊണ്ട് ഒട്ടനവധി പേർ ദിവസേന റജിസ്റ്റർ ചെയ്തുകൊണ്ടിരിക്കുന്നു എന്നത് ശുഭോദാക്തമാണെന്ന് കോ ഓർഡിനേറ്റർ റവ. ഡോ. വർഗീസ് ഡാനിയൽ പറഞ്ഞു.

രാജൻ വാഴപ്പള്ളിൽ

സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന് തിളക്കമാര്‍ന്ന വിജയം

മലങ്കര ആര്‍ച്ച് ഡയോസിസ് ഓഫ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇന്‍ നോര്‍ത്ത് അമേരിക്ക, ഭദ്രാസനാടിസ്ഥാനത്തില്‍, കഴിഞ്ഞ നവംബര്‍ മാസത്തില്‍ നടത്തിയ, ഈ വര്‍ഷത്തെ പത്താം ക്ലാസ്സ് പരീക്ഷയില്‍ ഡാളസ്, സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിലെ വിദ്യാര്‍ത്ഥികളായ മിസ്. ടാനിയ ജഗന്‍ ഒന്നാം റാങ്കും, മിസ്റ്റര്‍ ജോഷ്വാ തോമസ് മൂന്നാം റാങ്കും കരസ്ഥമാക്കി. ഒന്നാം റാങ്ക് കരസ്ഥമാക്കിയ മിസ്സ്. ടാനിയ ജഗന്‍ നൂറുശതമാനവും മാര്‍ക്ക് വാങ്ങിയാണ് ഈ സ്ഥാനത്തിനര്‍ഹയായതെന്നതും ഏറെ ശ്രദ്ധേയമാണ്.

അമേരിക്കയിലേയും, കാനഡയിലേയും വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കായി, ഭദ്രാസനാടിസ്ഥാനത്തില്‍ വളരെ ചിട്ടയോടുകൂടി ക്രമീകരിക്കുന്ന ഈ വാര്‍ഷിക പരീക്ഷയുടെ, ഫലപ്രഖ്യാപനം കേന്ദ്രീകൃത മൂല്യ നിര്‍ണ്ണയത്തിലൂടെയാണ് നടത്തപ്പെടുന്നത്.

ജനുവരി 28 (ഞായര്‍) വി.കുര്‍ബ്ബാനാന്തരം, വികാരി റവ.ഫാ.യല്‍ദൊ പൈലിയുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ട അുമോദന യോഗത്തിന്, അസിസ്റ്റന്റ് വികാരി, റവ.ഫാ.ഡോ.രെന്‍ജന്‍ മാത്യു, സണ്ടേസ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ജിത്ത് ജോസഫ്, കത്തീഡ്രല്‍ സെക്രട്ടറി ശ്രീ.ഷാജി ജോണ്‍, ട്രസ്റ്റി ശ്രീ. ജോസഫ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. റാങ്ക് ജേതാക്കളേയും മറ്റു ഉന്നത വിജയം കൈവരിച്ച എല്ലാ കുട്ടികളേയും, പ്രത്യേകം അഭിനന്ദിക്കുന്നതോടൊപ്പം തന്നെ, ഈ നേട്ടത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച അദ്ധ്യാപകരുടേയും, രക്ഷാകര്‍ത്താക്കളുടേയും അശ്രാന്ത പരിശ്രമത്തേയും, സമര്‍പ്പണ മനോഭാവത്തേയും, പ്രത്യേകം സ്മരിക്കുന്നതായും, വികാരി തന്റെ അനുമോദന പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. ഈ നേട്ടം മറ്റു കുട്ടികള്‍ക്കും, ഭാവി തലമുറക്കും ഒരു മാതൃകയാകട്ടേയെന്നും ബ:അച്ഛന്‍ ആശംസിച്ചു. റാങ്ക്‌ജേതാക്കള്‍ക്ക് കത്തീഡ്രലില്‍ നിന്നും ക്രമീകരിച്ചിട്ടുള്ള പ്രത്യേക ക്യാഷ് അവാര്‍ഡ് ട്രസ്റ്റി, ശ്രീ.ജോസഫ് ജോര്‍ജ് നല്‍കി ആദരിച്ചു.

ഭദ്രാസനാടിസ്ഥാനത്തില്‍ റാങ്ക് ജേതാക്കള്‍ക്കായി, ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക ക്യാഷ് അവാര്‍ഡ്, ജൂലൈ മാസത്തില്‍ ന്യൂയോര്‍ക്കില്‍ വെച്ചു നടത്തപ്പെടുന്ന, ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ചുള്ള ചടങ്ങില്‍ വെച്ച്, ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്താ തിരുമനസ്സുകൊണ്ട് നല്‍കി ആദിരിക്കുന്നതാണ്. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് (MEANT) നു നവ നേതൃത്വം

മാർട്ടിൻ വിലങ്ങോലിൽ

ഡാളസ് : കഴിഞ്ഞ രണ്ടു ദശാബ്ദമായി നോർത്ത് ടെക്‌സാസിൽ എഞ്ചിനീറിംഗും അനുബന്ധ മേഖലകളിലും പ്രവർത്തിക്കുന്ന മലയാളീ എൻജിനീയേഴ്സിനും അവരുടെ കുടുംബൾക്കും വേണ്ടി നിലകൊള്ളുന്ന മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് (MEANT) എന്ന സംഘടനക്ക് പുതിയ നേതൃത്വനിര.

മെന്റ് ബോർഡ് ഓഫ് ഡിറക്ടർസ് 2018 ലേക്ക് പ്രസിഡന്റ് ഷമിൻ മണ്ണത്തുക്കാരൻ , പ്രസിഡന്റ് എലെക്ട് (2019) ഡോ. വികാസ് നെടുമ്പിള്ളിൽ , സെക്രട്ടറി കാർത്തിക ഉണ്ണികൃഷ്ണൻ , ട്രഷറർ ജോമോൻ നടുക്കുടിയിൽ , കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ മഞ്‌ജുള നാഗനാഥൻ , ഡയറക്ടർ ഹരികൃഷ്ണൻ നായർ ഡയറക്ടർ മോഹൻ കുന്നംക്കളത്ത് എന്നിവർ പുതുതായി ചുമതയേറ്റു.

ഫെബ്രുവരി 3 ശനിയാഴ്ച ഡാളസിൽ ശാസ്ത്ര സാങ്കേതിക സംസാകാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്ത പ്രൗഢ ഗംഭീരമായ വാർഷിക വിരുന്നിലാണ് പുതിയ ബോർഡ് സ്ഥാനമേറ്റത്. കാലത്തിനു അനുയോചിതമായി സംഘടനയെ നവീകരിക്കുന്നതിനുള്ള ആശയങ്ങൾ പുതിയ പ്രസിഡന്റ് ഷമിൻ മണ്ണത്തുക്കാരൻ പങ്കുവെച്ചു.

സാമ്പത്തിക സഹായം ആവശ്യമുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്, സ്കൂൾ കുട്ടികൾക്ക് വേണ്ടി മാത്ത് ഒളിംപ്യഡ് , സയൻസ് ഫെയർ തുടങ്ങി ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ നിരവധി പദ്ധതികളാണ് ഈ പ്രൊഫഷണൽ സംഘടന നടത്തിവരുന്നത്.

വാഷിംഗ്ടണ്‍ ഡി.സി. കേരളാ കള്‍ച്ചറല്‍ സൊസൈറ്റിക്ക് നവ നേതൃത്വം

ജോയിച്ചന്‍ പുതുക്കുളം

വാഷിംഗ്ടണ്‍ ഡി.സി: വാഷിംഗ്ടണ്‍- മെട്രോ ഏരിയയിലെ കലാ-സാംസ്കാരിക രംഗത്തെ പ്രമുഖ സാന്നിധ്യമായ കേരളാ കള്‍ച്ചറള്‍ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റന്‍ വാഷിംഗ്ടണിന്റെ 2018-ലേക്കുള്ള ഭാരവാഹികള്‍ സ്ഥാനമേറ്റു.

സെബ നവീദ് (പ്രസിഡന്റ്), സന്തോഷ് ജോര്‍ജ് (വൈസ് പ്രസിഡന്റ്), സൂസന്‍ വാരിയം (സെക്രട്ടറി), പ്രബീഷ് പിള്ള (ജോയിന്റ് സെക്രട്ടറി), രജീഷ് മലയത്ത് (ട്രഷറര്‍), അര്‍ച്ചന സന്ദീപ് (ജോയിന്റ് ട്രഷറര്‍) എന്നിവരാണ്, മുപ്പത്തിയഞ്ചോളം വരുന്ന പുതിയ കമ്മിറ്റിയുടെ സാരഥികള്‍.

തിരക്കേറിയ പ്രവാസജീവിതങ്ങളിലേക്ക്, കേരളത്തിന്റേയും മലയാളത്തിന്റേയും സംസ്കാരസമ്പന്നത നിറയ്ക്കുക, മറുനാട്ടിലേയും നാട്ടിലേയും കഷ്ടപ്പെടുന്നവര്‍ക്കായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന, തങ്ങളുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുകയും, അതിനായി തങ്ങളാല്‍ കഴിയുംവിധം ആത്മാര്‍ത്ഥമായി അധ്വാനിക്കുകയും ചെയ്യുക എന്നതാണ് കെ.സി.എസ്.എം.ഡബ്ല്യുവിന്റെ പുതിയ നേതൃത്വത്തിന്റെ ലക്ഷ്യം.

അതിനുവേണ്ടി വാഷിംഗ്ടണ്‍ പ്രദേശത്തെ മലയാളി സമൂഹം തങ്ങളോട് സഹകരിക്കണമെന്നു പുതിയ പ്രസിഡന്റ് സെബ നവീദ് അഭ്യര്‍ത്ഥിച്ചു.