കേരള അസോസിയേഷന്‍ ഓഫ് ഷിക്കാഗോ പിക്‌നിക്ക് വര്‍ണ്ണാഭമായി

ഷിക്കാഗോ: കേരളാ അസോസിയേഷന്‍ ഓഫ് ഷിക്കാഗോയുടെ നാല്‍പ്പത്തൊന്നാമത് പിക്‌നിക്ക് വുഡ്‌റിജ്‌ലുള്ള സണ്ണിഡെയ്ല്‍ പാര്‍ക്കില്‍ വച്ചു വര്‍ണ്ണാഭമായി നടത്തി. കടുത്ത ചൂടിനെ അവഗണിച്ച് നിരവധി അംഗങ്ങള്‍ പിക്‌നിക്കില്‍ പങ്കെടുത്തു. വിവിധ കായിക മത്സരങ്ങളും ബാര്‍ബിക്യൂവും ഉണ്ടായിരുന്നു. നാടന്‍ ഓംലറ്റും, തട്ടില്‍കുട്ടി ദോശയും, നെത്തോലി മീന്‍ വറുത്തതും അടങ്ങിയ വിഭവസമൃദ്ധമായ കേരളാ തട്ടുകട വിഭവങ്ങളാണ് ഇത്തവണ പിക്‌നിക്കില്‍ മാറ്റുരച്ചതെങ്കില്‍, ആല്‍വിന്‍ പോളിയുടെ ഗിറ്റാറില്‍ നിന്നുയര്‍ന്ന മധുര ധ്വനിക്കൊപ്പം പിക്‌നിക്കില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം നാടന്‍പാട്ടുകള്‍ ഏറ്റുപാടിയത് ഒരു മറക്കാനാവാത്ത അനുഭൂതിയാണ് എത്തിച്ചേര്‍ന്നവര്‍ക്ക് അധികൃതര്‍ സംഭാവന ചെയ്തത്.

അസോസിയേഷന്‍ കള്‍ച്ചറല്‍ ചെയര്‍ ആന്‍ ജോസിന്റെ സംഘടനാ മികവില്‍ യൂത്ത് കോര്‍ഡിനേറ്റേഴ്‌സായ ഫിലിപ്പ് നങ്ങച്ചിവീട്ടില്‍, സാജന്‍ ഫിലിപ്പ്, ജിറ്റോ കുര്യന്‍, ആന്‍വില്‍ പോള്‍, ആന്‍സണ്‍ പോള്‍ എന്നീ യുവജനങ്ങളുടെ കഠിന പ്രയത്‌നവും, പ്രസിഡന്റ് ജോര്‍ജ് പാലമറ്റം, ജനറല്‍ സെക്രട്ടറി റോസ് മേരി കോലഞ്ചേരി എന്നിവരുടെ അകമഴിഞ്ഞ പിന്തുണയുംകൂടിയായപ്പോള്‍ ഒരിക്കലും മറക്കാനാവാത്ത ഒരു കുടുംബ സംഗമമായാണ് അനുഭവപ്പെട്ടതെന്ന് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സുബാഷ് ജോര്‍ജ് അറിയിച്ചു.

രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെ സന്തോഷകരമായ ഒരു കൂട്ടായ്മയ്ക്ക് അവസരമൊരുക്കിയ സംഘടനാ ഭാരവാഹികളെ പങ്കെടുത്തവര്‍ അനുമോദച്ചു. കുഞ്ചെറിയയും സീമ സഖറും നയിക്കുന്ന വനിതാ സെല്‍ മെമ്പേഴ്‌സ് കായിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിജയികള്‍ക്ക് ഡോ. ചെറിയാന്‍, മുന്‍ പ്രസിഡന്റ് ഏലമ്മ ചെറിയാന്‍ എന്നിവര്‍ സമ്മാന വിതരണം നടത്തി. സംഘടനയുടെ അടുത്ത സംരംഭമായി ജൂലൈ 28-നു നടക്കുന്ന ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ എല്ലാ അംഗങ്ങളും പങ്കെടുത്ത് വിജയിപ്പിക്കണമെന്നു പ്രസിഡന്റ് ജോര്‍ജ് പാലമറ്റം, സെക്രട്ടറി റോസ്‌മേരി കോലഞ്ചേരി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

വനിതാ സെല്‍ മെമ്പര്‍ നിഷാ മാത്യു പ്രത്യേകം തയാറാക്കിയ ഫാദേഴ്‌സ് ഡേ സ്‌പെഷല്‍ കേക്ക് മുറിച്ച് കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ ഇത്തവണത്തെ കുടുംബ സംഗമത്തിന് വിരാമം കുറിച്ചു.
പി.ആര്‍.ഒ വിശാഖ് ചെറിയാന്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ഫൊക്കാന കണ്‍വന്‍ഷന്‍ ഫിലഡല്‍ഫിയയില്‍; അതിഥി സംഘടന പമ്പ സുസജ്ജം

ഫിലഡല്‍ഫിയ: ജൂലൈ 5 മുതല്‍ 8 വരെ ഫിലഡല്‍ഫിയ സബര്‍ബിലെ വാലിഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററില്‍ അരങ്ങേറുന്ന ഫൊക്കാനയുടെ പതിനെട്ടാമത് അന്തര്‍ദേശീയ കണ്‍വന്‍ഷന് അതിഥ്യം അരുളാന്‍ പമ്പ മലയാളി അസോസിയേഷന്‍ സുസജ്ജമാണെന്ന് പമ്പ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ പറഞ്ഞു.

ജൂലൈ 5 മുതല്‍ ഫിലഡല്‍ഫിയയില്‍ എത്തുന്ന അതിഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്റെ ചുമതലയുള്ള മോഡി ജേക്കബിന്റെ നേതൃത്വത്തില്‍ സുമോദ് നെല്ലിക്കാല, മാത്യു കൊക്കൂറ, കെ.പി. ആന്‍ഡ്രൂസ് എന്നിവര്‍ പമ്പ ഓഫീസില്‍ കൂടി രജിസ്‌ട്രേഷന്‍ പാക്കറ്റുകള്‍ റെഡിയാക്കി. താമസ സ്ഥലത്തെ മുറികളുടെ ചുമതലയുള്ള ബോബി ജേക്കബ്, അലക്‌സ് തോമസ് എന്നിവര്‍ അതിഥികള്‍ക്കായുള്ള ഹോട്ടല്‍ മുറികള്‍ ക്രമീകരിക്കുന്നു. ഫിലാഡല്‍ഫിയയിലെ എയര്‍പോര്‍ട്ടില്‍ എത്തുന്ന അതിഥികളെ സ്വീകരിക്കാന്‍ ഫിലിപ്പോസ് ചെറിയാന്റെ നേതൃത്വത്തിലുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടീം സജ്ജമാണ്.

കണ്‍വന്‍ഷനില്‍ അരങ്ങേറുന്ന വിവിധ പരിപാടികളും കള്‍ച്ചറല്‍ പ്രോഗ്രാമും ഏകോപിപ്പിക്കുന്ന ജോര്‍ജ് ഓലിക്കലിന്റേയും, ദേവസ്യ പാലാട്ടിയുടേയും നേതൃത്വത്തിലുള്ള കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.

കണ്‍വന്‍ഷന്‍ സെന്ററിലെ ഹോട്ടല്‍ മുറികള്‍ മുഴുവന്‍ തീര്‍ന്നതിനാല്‍ ഫിലഡല്‍ഫിയയില്‍ നിന്നെത്തുന്നവര്‍ ഡെയ്‌ലി രജിസ്‌ട്രേഷനില്‍ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് രജിസ്‌ട്രേഷന്‍ ചെയര്‍മാന്‍ മോഡി ജേക്കബ് അഭ്യര്‍ത്ഥിച്ചു.

കണ്‍വന്‍ഷന്റെ നാഷണല്‍ കോര്‍ഡിനേറ്ററും, പമ്പയുടെ ഭാരവാഹിയുമായ സുധ കര്‍ത്തായുടേയും, അലക്‌സ് തോമസിന്റേയും നേതൃത്വത്തില്‍ ഫിലഡല്‍ഫിയയിലെ പ്രാദേശിക സംഘടനകളിലുള്ളവരെ സമ്മേളനത്തിന് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഗ്രാമസംഗമം, നഗരസംഗമം പരിപാടിയില്‍ ഫിലഡല്‍ഫിയയില്‍ നിന്നുള്ള നിരവധി പ്രാദേശിക സംഘടനാംഗങ്ങള്‍ പങ്കെടുക്കുമെന്നു കോര്‍ഡിനേറ്റര്‍ അലക്‌സ് തോമസ് പറഞ്ഞു. പമ്പയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ തമ്പി ചാക്കോ നേതൃത്വം നല്‍കുന്ന ഫൊക്കാനയ്ക്ക് എല്ലാ ആശംസകളും പമ്പാ പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ നേര്‍ന്നു.

ജോയിച്ചന്‍ പുതുക്കുളം

മെക്‌സിക്കോ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ആന്‍ഡ്രിസ് മാനുവല്‍ ലോപസ് ഓബ്രേഡറിന് വന്‍ വിജയം

മെക്‌സിക്കോ: മെക്‌സിക്കൊയില്‍ ഇന്ന് നടന്ന പൊതു തിരഞ്ഞെടുപ്പില്‍(ജൂലായ് 1 ഞായര്‍) ഇടതുപക്ഷ ചായ് വുള്ള ആന്‍ഡ്രിസ് മാന്വവല്‍ ലോപ്‌സ് ഒബ്രേഡര്‍(64) വിജയിച്ചു. മെക്‌സിക്കോയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒബ്രേഡറിന്റെ പാര്‍ട്ടി വന്‍ വിജയമാണ് കരസ്ഥമാക്കിയത്.ലാറ്റിന്‍ അമേരിക്കായിലെ രണ്ടാമത്തെ വലിയ എക്കണോമിയായി അറിയപ്പെടുന്ന മെക്‌സിക്കോയില്‍ ദശാബ്ദങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഇടതുപക്ഷത്തിന് അധികാരം ലഭിക്കുന്നത്.

അഴിമതി അവസാനിപ്പിക്കുമെന്നും, അക്രമണ പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യുമെന്നും വാഗ്ദാനം നല്‍കിയാണ് ഒബ്രേഡര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും എതിര്‍ സ്ഥാനാര്‍ത്ഥികളേക്കാള്‍ വലിയ ഭൂരിപക്ഷം ലഭിച്ച ഒബ്രേഡറിന്റെ വിജയം അംഗീകരിച്ചതായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മൂന്ന് സ്ഥാനാര്‍ത്ഥികളും പറഞ്ഞു.

അവര്‍ പുതിയ പ്രസിഡന്റിനു സര്‍വ്വവിധ വിജയങ്ങളും ആശംസിച്ചു. പ്രസിഡന്റ് ട്രമ്പ് മെക്‌സിക്കൊയില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ അഭിനന്ദിച്ചുകൊണ്ട് ട്വിറ്റര്‍ സന്ദേശം അയച്ചിട്ടുണ്ട്. മുന്നണി പാര്‍ട്ടിസ്ഥാനാര്‍ത്ഥിയായി മത്സരിച്ച റിക്കാര്‍ഡൊ അനയ കോര്‍ട്ടീസ് ആണ് രണ്ടാം സ്ഥാനത്ത്.

പി.പി. ചെറിയാന്‍

ഡാളസില്‍ ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ ഇമിഗ്രേഷന്‍ റാലി

ഡാളസ്: യു.എസ് പ്രധാന സിറ്റികളില്‍ ട്രംപിന്റെ ഇമിഗ്രേഷന്‍ “സീറോ ടോളറന്‍സ്’ പോളിസിക്കെതിരേ സംഘടിപ്പിച്ച പ്രകടനങ്ങളുടെ ഭാഗമായി ഇന്ന് (ജൂണ്‍ 30-ന്) ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ പ്രതിക്ഷേധ പ്രകടനത്തിനു ഡാളസ് ഡൗണ്‍ സാക്ഷ്യംവഹിച്ചു.

യു.എസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന മാതാപിതാക്കളില്‍ നിന്നു വേര്‍പെടുത്തിയ കുട്ടികളെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച രാവിലെ 10 മണിക്ക് ഡാളസ് സിറ്റി ഹാള്‍ പരിസരത്ത് നിന്നാണ് പ്രകടനം ആരംഭിച്ചത്.

സ്റ്റെമന്‍സ് ഫ്രീവേയിലുള്ള യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ബില്‍ഡിംഗിനു മുമ്പില്‍ എത്തിയതോടെ പ്രകടനത്തില്‍ പങ്കെടുത്തവര്‍ ഹൈവേ സര്‍വീസ് റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചത് പോലീസും പ്രകടനക്കാരും തമ്മില്‍ തര്‍ക്കത്തിനിടയാക്കി. പ്രകടനക്കാരോട് പിരിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടും പോലീസിന്റെ ഉത്തരവ് ലംഘിച്ച അഞ്ചുപേരെ അറസ്റ്റ് ചെയ്യേണ്ടിവന്നെന്നു പോലീസ് അറിയിച്ചു.

പ്രകടനത്തില്‍ പങ്കെടുത്തവര്‍ പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തിയും, ട്രംപിനെതിരേ മുദ്രാവാക്യം മുഴക്കിയും, കുട്ടികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നീങ്ങിയപ്പോള്‍ റോഡിനിരുവശവും തിങ്ങിനിറഞ്ഞവരും ഇവര്‍ക്ക് പിന്തുണയുമായി പ്രകടനത്തില്‍ പങ്കെടുത്തു. പ്രകടനക്കാരെ അഭിസംബോധന ചെയ്ത് ഡമോക്രാറ്റിക് പ്രതിനിധി വിക്‌ടോറിയ, ഡാളസ് കൗണ്ടി ജഡ്ജ് ക്ലെ ജെന്‍തിന്‍സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പി.പി. ചെറിയാന്‍

ഹാരിസ് കൗണ്ടിയില്‍ വെസ്റ്റ് നൈല്‍ വൈറസ് വ്യാപകമാകുന്നു

ഹാരിസ് കൗണ്ടി (ടെക്‌സസ്സ്): കടുത്ത വേനല്‍ക്കാലം ആരംഭിച്ചതോടെ കൊതുകുകളില്‍ നിന്നും പടരുന്ന വെസ്റ്റ് നൈല്‍ വൈറസ് വ്യാപകമാകുന്നതായി പബ്ലിക്ക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്ന കൊതുകുകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതില്‍ ജൂണ്‍ 29 വരെ 32 എണ്ണത്തിലാണ് വൈസ്റ്റ് നൈല്‍ വൈറസ് കണ്ടെത്തിയതില്‍ കൂടുതലാണ് ഈ സീസണ്‍ ആരംഭത്തില്‍ തന്നെ കണ്ടെത്തിയിരിക്കുന്നതെന്ന് കൗണ്ടി പബ്ലിക്ക് ഹെല്‍ത്ത് മൊസ്കിറ്റൊ ആന്റ് വെക്ടര്‍ ഡിവിഷന്‍ വെബ്‌സൈറ്റില്‍ ചൂണ്ടിക്കാണിക്കുന്നു.

വെള്ളം കെട്ടി നില്‍ക്കാതെ പരിസരം സൂക്ഷിക്കണമെന്നും, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുകിനെ നശിപ്പിക്കുന്ന മരുന്ന് തെളിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.കൊതുക് ശല്യം കൂടുതലുള്ള വൈകുന്നേരം പുറത്തിറങ്ങുന്നവര്‍ കൊതുകുകടി ഏല്‍ക്കാതിരിക്കുന്നതിന് ശരീരം കവര്‍ ചെയ്യുന്ന വസ്ത്രം ധരിക്കണമെന്നും ആരോര്യ വകുപ്പധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.

രോഗം വ്യാപിക്കാതിരിക്കുന്നതിനുള്ള മുന്‍ കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്.

പി.പി. ചെറിയാന്‍

സിറ്റി മേയറും ഭര്‍ത്താവും തമ്മില്‍ അടി: ഇരുവരും ജയിലില്‍

ഇലംവുഡ് (ഒഹായൊ): ഇലംവുഡ് മേയര്‍ വില്യം വില്‍സനും ഭര്‍ത്താവ് വില്യം സ്മിത്തും മദ്യപിച്ചു തമ്മില്‍ അടിയുണ്ടാക്കിയതിന് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ജൂണ്‍ 25 തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. സിന്‍സിയാറ്റി പ്രൈഡ് പരേഡ് ആന്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനിടയിലാണ് ഇരുവരും തമ്മില്‍ തര്‍ക്കം ആരംഭിച്ചത്.

വില്‍സന്റെ പാര്‍ട്‌നര്‍ സ്മിത്തും മറ്റൊരാളും ഫെസ്റ്റിവലില്‍ നിന്നും മടങ്ങുന്നതിനു തീരുമാനിച്ചതാണു വില്‍സനെ പ്രകോപിപ്പിച്ചത്. വില്‍സന് അവിടെ കൂടുതല്‍ സമയം നില്‍ക്കണമെന്നായിരുന്നു ആഗ്രഹം.ഇരുവരും മനസ്സില്ലാ മനസ്സോടെ കാറില്‍ മടക്കയാത്ര ആരംഭിച്ചു. വീട്ടിലേക്കുള്ള വഴിയില്‍ വച്ച് ഇരുവരും കലഹിക്കുകയും, വീട്ടിലെത്തിയ ശേഷം അടിയുണ്ടാക്കുകയുമായിരുന്നു.

സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ ഇലംവുഡ് പൊലീസ് കണ്ടത് വീടു മുഴുവന്‍ അടിച്ചു തകര്‍ത്ത് രക്തം ഒലിപ്പിച്ചു നില്‍ക്കുന്ന മേയറേയും ഭര്‍ത്താവിനേയുമാണ്.മുഖത്തും കണ്ണിലും പരുക്കേറ്റ ഇരുവരേയും പൊലീസ് പ്രഥമ ചികിത്സ നടത്തിയശേഷം അറസ്റ്റ് ചെയ്തു ജയിലിലടച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം പരസ്പരം പഴി ചാരുന്നതിനാണ് മേയറും സ്മിത്തും ശ്രമിച്ചതെന്ന് അറസ്റ്റ് ചെയ്ത പൊലീസ് ഓഫിസര്‍ സെര്‍ജന്റ് റോബര്‍ട്ട് മെക്കോടണല്‍ പറഞ്ഞു. ഡൊമസ്റ്റിക് വയലന്‍സിന് ഇവര്‍ക്കെതിരെ കേസ് ചാര്‍ജു ചെയ്തിട്ടുണ്ട്.

പി.പി. ചെറിയാന്‍

സൗഖ്യദായക ശുശ്രൂഷയായിരിക്കണം സഭയുടെ ദൗത്യം: റൈറ്റ് റവ. മാര്‍ തിമോത്തിയോസ്

ഡാലസ് : ബാഹ്യ ആന്തരിക സമ്മര്‍ദ്ദങ്ങള്‍ മൂലം തകര്‍ന്നിരിക്കുന്ന മാനവ ഹൃദയങ്ങള്‍ക്കുള്ള സൗഖ്യദായക ശുശ്രൂഷയായിരിക്കണം സഭയും വിശ്വാസ സമൂഹവും ഏറ്റെടുക്കേണ്ടതെന്നു ചെങ്ങന്നൂര്‍ മാവേലിക്കര മര്‍ത്തോമാ ഭദ്രാസനാധിപന്‍ റൈറ്റ് റവ. തോമസ് മാര്‍ തിമോത്തിയോസ് ഉദ്‌ബോധിപ്പിച്ചു.ജൂണ്‍ 29 വെള്ളിയാഴ്ച വൈകിട്ട് ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവക സന്ദര്‍ശനത്തിനിടെ വിബിഎസ് വിദ്യാര്‍ഥികളേയും ഇടവക ജനങ്ങളേയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു തിരുമേനി.

101ാം വയസ്സിലേക്ക് പ്രവേശിച്ച ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടേയും 88ാം വയസ്സിലേക്കു പ്രവേശിച്ച ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തായുേടയും മാതൃകകള്‍ സഭാ ജനങ്ങള്‍ക്ക് അനുകരണീയമാണെന്നും തിരുമേനി പറഞ്ഞു.നാലാള്‍ ചുമന്നു കൊണ്ടുവന്ന പക്ഷപാതക്കാരനെ സൗഖ്യമാക്കിയത് അകത്തിരിക്കുന്നവരുടെ വിശ്വാസം കണ്ടിട്ടല്ലെന്നും, പുറമെ നിന്നു വന്നവരുടെ വിശ്വാസം കണ്ടിട്ടാണെന്നും മാര്‍ക്കോസ് രണ്ടിന്റെ പന്ത്രണ്ടാം വാക്യം ആസ്പദമാക്കി തിരുമേനി വിശദീകരിച്ചു. ക്രിസ്തുവിനേയും സഭാ പിതാക്കന്മാരേയും തിരിച്ചറിയാത്ത ഒരു സമൂഹം വളര്‍ന്നു വരുന്നുയെന്ന യാഥാര്‍ത്ഥ്യം സരസമായി തന്റെ അനുഭവത്തിലൂടെ തിരുമേനി വിശദീകരിച്ചു.

കേരളത്തിലെ പെറ്റ് സ്റ്റേറ്റിനു മുമ്പില്‍ തിരുമേനി നല്‍കുന്നതറിഞ്ഞ് അവിടെ എത്തിച്ചേര്‍ന്നവരില്‍ ഒരാള്‍ കൈകൂപ്പി വളരെ ഭവ്യമായി പിതാവേ അങ്ങ് ഏതു സഭയുടെ പിതാവാണെന്ന് ചോദിച്ചു. താന്‍ ഒരു കത്തോലിക്കാ ബിഷപ്പാണെന്നാണ് അദ്ദേഹം കരുതിയത് ! ചോദ്യം ചോദിച്ച ആള്‍ മറ്റാരുമായിരുന്നില്ലെന്നും അവിടെ തന്നെയുള്ള മാര്‍ത്തോമാ സഭയുടെ ട്രസ്റ്റിയായിരുന്നു എന്നും പറഞ്ഞതു കേള്‍വിക്കാരില്‍ ചിരിപടര്‍ത്തി.

ഡാലസ് സെന്റ് പോള്‍സ് ചര്‍ച്ചില്‍ എത്തിച്ചേര്‍ന്ന എപ്പിസ്‌കോപ്പായെ റവ. മാത്യു ജോസഫ് (മനോജച്ചന്‍) സ്വാഗതം ചെയ്തു. ചെങ്ങന്നൂര്‍ മാവേലിക്കര ഭദ്രാസനത്തില്‍ തിരുമേനിയുടെ നേതൃത്വത്തില്‍ നടക്കുന്ന കരുതല്‍ ഉള്‍പ്പെടെ 32 പ്രോജക്ടുകളെ കുറിച്ച് അച്ചന്‍ ആമുഖമായി വിശദീകരിച്ചു. സന്ധ്യാ നമസ്ക്കാരത്തിന് തിരുമേനിയും അച്ചന്മാരും ആത്മായ ശുശ്രൂഷകന്‍ ഫില്‍ മാത്യുവും നേതൃത്വം നല്‍കി.വിബിഎസ് വിദ്യാര്‍ത്ഥികള്‍ ആലപിച്ച ഗാനം ശ്രുതി മധുരമായിരുന്നു.

ഡാലസ് യുവജന സംഖ്യം പിരിച്ചെടുത്ത തുകയുടെ ചെക്ക് വൈസ് പ്രസിഡന്റ് ബീന വര്‍ഗീസ്, ട്രസ്റ്റി റോബി ചേലങ്കരി എന്നിവര്‍ ചേര്‍ന്ന് തിരുമേനിക്ക് നല്‍കി.മാര്‍ത്തോമ സഭയിലെ സീനിയര്‍ പട്ടക്കാരന്‍ റവ. കെ. വി. സൈമണ്‍ അച്ചന്റെ പ്രാര്‍ത്ഥനക്കുശേഷം ട്രസ്റ്റി തോമസ് ജോര്‍ജ് (തമ്പി) നന്ദി പറഞ്ഞു.

പി.പി.ചെറിയാന്‍

കരിപ്പാപ്പറമ്പിൽ കെ. ജെ. ജോസഫ് നിര്യാതനായി

അറ്റ്‌ലാന്റാ : കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ കെ. ജെ. ജോസഫ് ( ഈപ്പച്ചൻ 92 വയസ് ) അറ്റലാന്റായിൽ നിര്യാതനായി. സംസ്കാരശുശ്രൂഷകൾ ജൂൺ 30 ശനിയാഴ്ച 10:00 മണിക്ക് അറ്റലാന്റാ, സെന്റ് അൽഫോൻസാ ദേവാലയത്തിൽ ആരംഭിച്ചു (4561 Rosebud Rd Loganville, GA 30052) തുടർന്ന് 12:30 നു എറ്റേർണൽ ഫ്യൂണറൽ ഹോമിൽ (3594 Stone Mountain Hwy, Snellville, GA 30039 ) സംസ്കാരം.

ഭാര്യ അന്നമ്മ പാറമ്പുഴ അച്ഛേട്ടു കുടുംബാംഗം.
മക്കൾ: ജാൻസി, ജോ (സിബി), സോണി, സാബു.
മരുമക്കൾ: ഡോ. റോയ് തോംസൺ, ഷീല, ലീന, സുജ.

മാർട്ടിൻ വിലങ്ങോലിൽ

സുനന്ദ നായരുടെ നൃത്ത ശില്പവും ശില്പശാലയും എന്‍ എസ് എസ് സംഗമത്തെ വേറിട്ടതാക്കും

ഷിക്കാഗോ: മോഹിനിയാട്ടത്തിന്റെ അന്തര്‍ദേശീയ അമ്പാസിഡറായി അറിയപ്പെടുന്ന സുനന്ദ നായരുടെ സജീവ സാന്നിധ്യം ഷിക്കാഗോയില്‍ ആഗസ്റ്റ് 10, 11, 12 തീയതികളില്‍ നടക്കുന്ന എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സംഗമത്തെ വേറിട്ടതാക്കും. സംഗമവേദിയില്‍ ശിവശക്തി നൃത്തശില്പം അവതരിപ്പിക്കുന്ന സുനന്ദ നായര്‍ മോഹിനിയാട്ട ശില്പശാലയും നടത്തും. ഡോ സുനന്ദയുടെ പരിശിലനകളരി സംഗമത്തിനെത്തുന്ന നൃത്ത സ്നേഹികള്‍ക്ക് മുതല്‍കൂട്ടാകും. മോഹിനിയാട്ടത്തിനു നല്‍കിയ സമഗ്ര സംഭാവന വിലയിരുത്തി ഡോ സുനന്ദയെ ആദരിക്കുകയും ചെയ്യുമെന്ന പ്രസിഡന്റ് എം.എന്‍.സി നായര്‍ , ജനറല്‍ സെക്രട്ടറി അജിത് നായര്‍, ചെയര്‍മാന്‍ ജയന്‍ മുളങ്ങാട്, കോ ചെയര്‍മാന്‍ സുനില്‍ നായര്‍, കള്‍ച്ചറല്‍ പ്രോഗ്രാം ചെയര്‍മാന്‍ ശിവന്‍ മുഹമ്മ എന്നിവര്‍ അറിയിച്ചു.

അമേരിക്കയിലും ഇന്ത്യയിലും നൃത്തവിദ്യാലയങ്ങളുള്ള ഈ കലാകാരിക്ക് പഠിപ്പിക്കലും സ്വയം പഠിക്കലുമായി നൃത്തത്തില്‍ അലിഞ്ഞുചേര്‍ന്നുള്ള കലാജീവിതമാണുള്ളത്. ആറാംവയസ്സില്‍ ഭരതനാട്യമാണ് പഠിച്ചുതുടങ്ങിയത്. പത്താമത്തെ വയസ്സില്‍ കഥകളി പഠിച്ചുതുടങ്ങിയെങ്കിലും ഭരതനാട്യത്തില്‍ത്തന്നെയാണ് കൂടുതല്‍ ശ്രദ്ധിച്ചത്. മോഹിനിയാട്ടത്തില്‍ സാമ്പ്രദായിക ശീലങ്ങളെ മാറ്റി ഗണപതിസ്തുതി, അഷ്ടപദി, അഷ്ടനായിക എന്നിങ്ങനെയുള്ള വ്യത്യസ്തങ്ങളായ ഇനങ്ങള്‍ അവതരിപ്പിക്കുന്ന പത്മഭൂഷന്‍ ഡോ. കനക റെലെയുടെ. പ്രിയ ശിഷ്യയാണ് സുനന്ദ.
മുംബൈയിലെ ‘നളന്ദ’യില്‍നിന്ന് മോഹിനിയാട്ടത്തില്‍ ബിരുദാനന്തരബിരുദം നേടി ബോംബെ യൂണിവേഴ്‌സിറ്റിയില്‍ ലക്ച്ചറര്‍ ആയി ജോലിചെയ്തു വരുന്ന വേളയില്‍ മോഹിനിയാട്ടത്തില്‍ ബിരുദാനന്തര ബിരുദം എടുക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ വിദ്യാര്‍ഥിയായിരുന്നു സുനന്ദാ നായര്‍. തുടര്‍ന്നാണ് ഭര്‍ത്താവിന്റെ ജോലിമാറ്റം മൂലം അമേരിക്കയില്‍ പോകേണ്ടിവന്നത്.ക്യാപ്റ്റന്‍ ആനന്ദ് നായര്‍ ആണ് ഭര്‍ത്താവ്.ഹൂസ്റ്റണിലെ സുനന്ദ പെര്‍ഫോമിങ് ആര്‍ട്‌സ് സെന്റര്‍ ഡയറക്ടര്‍ ആണ് സുനന്ദാ നായര്‍. സിയായും അനിരുദ്ധനും മക്കളാണ്.

കേരളസംഗീതനാടക അക്കാദമി കലാശ്രീ പുരസ്‌കാരം, കേരള കലാമണ്ഡലം കലാരത്്‌നം, കേന്ദ്ര സംഗീത നാടക അക്കാദമി സ്‌ക്കോളര്‍ഷിപ്പ് യു.എസ്.എ. കിങ്സ് സര്‍വകലാശാലയില്‍ നിന്നുള്ള ഡി.ലിറ്റ്, അന്തര്‍ദേശീയ പീസ് കൗണ്‍സിലിന്റെ ഗ്രാന്‍ഡ് അച്ചീവേഴ്‌സ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഈ കലാകാരിയെ തേടിയെത്തിയിട്ടുണ്ട്.പുതുമയുള്ള ഒട്ടേറെ നൃത്താവതരണ പ്രോജക്റ്റുകളുമായി മുന്നോട്ടുതന്നെ യാത്രതുടരുകയാണ് സുനന്ദ നായര്‍.

അമേരിക്കയിലെ വിവിധ വേദികള്‍ക്കു പുറമെ സോവിയറ്റ് യൂണിയന്‍, വടക്കന്‍ കൊറിയ,മിഡില്‍ ഈസ്റ്റ്, സിംഗപ്പൂര്‍, എന്നിവിടങ്ങളിലൊക്കെ സുനിത സൃത്താവിഷ്‌ക്കരണം നടത്തിയിട്ടുണ്ട്.

മധ്യപ്രദേശിലെ ഖജുരാഹോ ഉത്സവം,ഒറീസയിലെ കൊണാര്‍ക് ഉത്സവം,ജയ്പൂര്‍, ജോധ്പൂര്‍, ഉദയ്പൂര്‍ എന്നിവിടങ്ങളിലെ യുവ മഹോത്സവങ്ങള്‍,തിരുവനന്തപുരം സൂര്യ ഫെസ്റ്റിവല്‍, ഉജ്ജയിന്‍ കാളിദാസ് സമോവര്‍,ഗുജറാത്ത്‌മോഡേരാ ഫെസ്റ്റിവല്‍, മൈസൂര്‍ ദസ്സേറ ഉത്സവം തുടങ്ങി ഭാരതത്തിലെ തലയെടുപ്പുള്ള നൃത്തോല്‍സവങ്ങളിലെല്ലാം സുനന്ദ നായരുടെ മോഹിനിയാട്ടം നടത്താനുള്ള അവസരം സുനന്ദയ്ക്കുണ്ടായി. അമേരിക്കയിലെ വിവിധ വേദികള്‍ക്കു പുറമെ സോവിയറ്റ് യൂണിയന്‍, വടക്കന്‍ കൊറിയ,മിഡില്‍ ഈസ്റ്റ്, സിംഗപ്പൂര്‍, എന്നിവിടങ്ങളിലൊക്കെ സുനന്ദ നൃത്താവിഷ്‌ക്കരണം നടത്തിയിട്ടുണ്ട്.

സാവിത്രി ശാന്തകുമാരി (74) സിയാറ്റിലില്‍ നിര്യാതയായി

സിയാറ്റില്‍: മഠത്തില്‍ വീട്ടില്‍ ശ്രീമതി സാവിത്രി ശാന്തകുമാരി (74 w/o Late: വിജയകൃഷ്ണന്‍) ജൂലൈ ഒന്നാം തീയതി രാവിലെ ഒന്‍പതരയ്ക്ക് സിയാറ്റിലിലെ സ്വവസതിയില്‍ വച്ച് നിര്യാതയായ വിവരം അറിയിച്ചുകൊള്ളുന്നു. മക്കള്‍: പ്രേമ വിജയകൃഷ്ണന്‍, പ്രദീപ് വിജയകൃഷ്ണന്‍, മരുമകന്‍ : വിശ്വനാഥന്‍ ചങ്ങരത്ത്. പേരമക്കള്‍: പൂജ വിശ്വനാഥന്‍, വിഷ്ണു വിശ്വനാഥന്‍, ജയന്‍ പ്രദീപ്.

എഴുപതുകളുടെ മധ്യത്തില്‍ ഉന്നത വിദ്യാഭ്യാസാര്‍ത്ഥം വടക്കേ അമേരിക്കയിലെത്തിയ ശ്രീമതി ശാന്തകുമാരിയും കുടുംബവും 1993 ല്‍ സിയാറ്റിലില്‍ സ്ഥിരതാമസമാക്കി. പരേത തന്റെ സ്വതസിദ്ധമായ ജീവിതവീക്ഷണത്തിലൂടെയും, സ്‌നേഹസമ്പൂര്ണമായ പെരുമാറ്റത്തിലൂടെയും പരിചയപ്പെട്ടവരുടെയെല്ലാം മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വം ആയിരുന്നു. പൊതുദര്ശനവും സംസ്കാരച്ചടങ്ങുകളും സിയാറ്റിലില്‍ വച്ച് ജൂലൈ എട്ടാം തീയതി ഞായറാഴ്!ച്ച രാവിലെ പതിനൊന്ന് മണിക്ക്.

ജോയിച്ചന്‍ പുതുക്കുളം