‘കോണ്‍ഫറന്‍സ് ക്രോണിക്കിള്‍’ ശ്രദ്ധേയമായി

ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി – യൂത്ത് കോണ്‍ഫറന്‍സിന്‍റെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി പ്രസിദ്ധീകരിച്ച ‘കോണ്‍ഫറന്‍സ് ക്രോണിക്കിള്‍’ എന്ന ന്യൂസ് ബുള്ളറ്റിന്‍ ശ്രദ്ധേയമായി. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം കോണ്‍ഫറന്‍സിന്‍റെ ചൂടാറും മുന്നേ വാര്‍ത്തകളും ചിത്രങ്ങളുമായി നിറഞ്ഞ നിന്ന ഈ ന്യൂസ് ലെറ്ററിന് ഇത്തവണ കൂടുതല്‍ വായനക്കാരുണ്ടായി. കോണ്‍ഫറന്‍സില്‍ പങ്കെടുത്ത 1052 പേര്‍ക്കിടിയിലേക്ക് എത്തിക്കാവുന്ന വിധത്തില്‍ ക്രമീകരിച്ച ന്യൂസ് ലെറ്ററില്‍ അതാതു ദിവസത്തെ വാര്‍ത്തകളും ചിത്രങ്ങളും നന്നായി തന്നെ ഉപയോഗിക്കാന്‍ കഴിഞ്ഞതായി ചീഫ് എഡിറ്റര്‍ ഫാ ഷിബു ഡാനിയല്‍ പറഞ്ഞു. കോണ്‍ഫറന്‍സ് ക്രോണിക്കിളിലൂടെ വായനക്കാര്‍ കോണ്‍ഫറന്‍സിന്‍റെ ആത്മീയധന്യതയാണ് അനുഭവിച്ചതെന്നു കോര്‍ഡിനേറ്റര്‍ റവ. ഡോ. വറുഗീസ് എം. ഡാനിയേല്‍ അറിയിച്ചു. ജൂലൈ 18 മുതല്‍ 21 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട്സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടന്ന കോണ്‍ഫറന്‍സില്‍ അഞ്ചു ലക്കങ്ങളാണ് പ്രസിദ്ധീകരിച്ചത്.

കോണ്‍ഫറന്‍സ് ക്രോണിക്കിളിന്‍റെ പ്രസിദ്ധീകരണത്തിനായി കലഹാരി റിസോര്‍ട്ടിലെ കോണ്‍ഫറന്‍സ് വേദിയോടു ചേര്‍ന്ന് ആധുനിക സജ്ജീകരണങ്ങള്‍ നിറഞ്ഞ മീഡിയ സെന്‍റര്‍ പൂര്‍ണ്ണ സജ്ജമാക്കിയിരുന്നു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് രാവിലെ തന്നെ പ്രിന്‍റ് എഡീഷനായും സോഷ്യല്‍ മീഡിയ വഴിയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും വെബ്സൈറ്റിലൂടെയും ലഭ്യമാക്കുന്ന വിധത്തിലായിരുന്നു ന്യൂസ് ബുള്ളറ്റിന്‍ പ്രസിദ്ധീകരിച്ചത്. ഇതിനു വേണ്ടി ഫാ ഷിബു ഡാനിയല്‍ ചീഫ് എഡിറ്ററായി ഒരു പ്രത്യേക ടീം പ്രവര്‍ത്തിച്ചു. വര്‍ഗീസ് പോത്താനിക്കാട്, ഫിലിപ്പോസ് ഫിലിപ്പ്, അജിത് മാത്തന്‍, രാജന്‍ വാഴപ്പള്ളില്‍, മാത്യു സാമുവല്‍, സുനോജ് തമ്പി, ലിന്‍സി തോമസ്, നിതിന്‍ എബ്രഹാം എന്നിവരാണ് ഓണ്‍സൈറ്റ് പബ്ലിക്കേഷന്‍ കോണ്‍ട്രിബ്യൂട്ടിങ് എഡിറ്റേഴ്സായി പ്രവര്‍ത്തിച്ചത്. ഒപ്പം ഫോട്ടോഗ്രാഫര്‍ ബിനു സാമുവലിന്‍റെ ചിത്രങ്ങളും ക്രോണിക്കിളിലെ നിറസാന്നിധ്യമായി.

ദിനപത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു പോലെ തന്നെയായിരുന്നു ക്രോണിക്കിളിന്‍റെ പ്രസിദ്ധീകരണവും. കോണ്‍ഫറന്‍സിലെ വിവിധ സെഷനുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക കറസ്പോണ്ടന്‍റുമാരും ഉണ്ടായിരുന്നു. ഇവര്‍ വൈകിട്ടോടെ എത്തിക്കുന്ന വാര്‍ത്തകള്‍ എഡിറ്റ് ചെയ്ത് മനോഹരമാക്കി പുലര്‍ച്ചയോടെ പേജ് വിന്യാസം പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് പ്രിന്‍റ് ചെയ്യുകയുമായിരുന്നുവെന്നു കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ പറഞ്ഞു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവരെല്ലാം ഉറക്കത്തിന്‍റെ ആലസ്യത്തിലാഴ്ന്നുമ്പോള്‍ ഇതിനു വേണ്ടി ത്യാഗമനോഭാവത്തില്‍ പ്രവര്‍ത്തിച്ച ഒരുകൂട്ടം അംഗങ്ങളുടെ പ്രയത്നഫലമാണ് കോണ്‍ഫറന്‍സ് ക്രോണിക്കിളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷിബു അച്ചന്‍റെ കാര്‍ട്ടൂണും, ഫോട്ടോ ഓഫ് ദി ഡേ-യും, ഫോട്ടോ സ്നാപ്പ്സും, കോണ്‍ഫറന്‍സ് റൗണ്ടപ്പുമൊക്കെ സ്ഥിരം പംക്തികളായി ഇതില്‍ ഉയര്‍ന്നു വന്നു. ഉയര്‍ന്ന നിലവാരത്തിലുള്ള പ്രിന്‍റിങ്, മനോഹരമായ പേജ് ലേ ഔട്ട് എന്നിവ കൊണ്ട് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും ഒരു സ്മരണികയായി ക്രോണിക്കിള്‍ മാറി. കോണ്‍ഫറസില്‍ പങ്കെടുത്തവര്‍ ഈ പ്രത്യേക പതിപ്പ് സൂക്ഷിച്ച് വയ്ക്കാനായി വീടുകളിലേക്ക് കൊണ്ടു പോകുന്ന കാഴ്ചയ്ക്കു കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോണ്‍ഫറന്‍സ് സാക്ഷിയായി. ഇത് മൊബൈല്‍ ആപ്പിലും കോണ്‍ഫറന്‍സ് വെബ്സൈറ്റിലും ലഭ്യമാക്കിയിട്ടുണ്ട്.

രാജന്‍ വാഴപ്പള്ളില്‍

ഫാമിലി കോണ്‍ഫറന്‍സിന് അഭിമാനനേട്ടം

കലഹാരി കണ്‍വന്‍ഷന്‍ സെന്‍റര്‍: അഭിമാനപൂരിതമായിരുന്നു ആ നിമിഷം, ധന്യത നിറഞ്ഞു നിന്ന മുഹൂര്‍ത്തം. ശക്തമായ ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ് മൂലം മിച്ചം പിടിച്ച ഒന്നരലക്ഷം ഡോളര്‍ നോര്‍ത്ത് ഈസ്റ്റ് ഓര്‍ത്തഡോക്സ് അമേരിക്കന്‍ ഭദ്രാസനത്തിന്‍റെ അഭിമാനസ്തംഭമായ ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍ററിനു നല്‍കി. ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത സ്നേഹപൂര്‍വ്വം ചെക്ക് ഏറ്റുവാങ്ങി. നിറഞ്ഞ കൈയടികളോടെ സദസ്യരും അതേറ്റുവാങ്ങി. ആഹ്ലാദാരവത്തിന്‍റെ നിമിഷങ്ങളില്‍ സമര്‍പ്പണത്തിന്‍റെയും സഹനത്തിന്‍റെയും വിജയമായിരുന്നു ഇത്. ഊണും ഉറക്കവുമില്ലാതെ നടത്തിയ പരിപാടിയുടെ വിജയതിലകമായി മാറി ഈ നേട്ടം. കഴിഞ്ഞവര്‍ഷവും ഒരു ലക്ഷം ഡോളര്‍ കൈമാറിയിരുന്നു. റാഫിള്‍ ടിക്കറ്റ് വിതരണത്തിലൂടെ രണ്ടു ലക്ഷം ഡോളറും സുവനിയര്‍ പരസ്യങ്ങളിലൂടെ 28,000 ഡോളറും ഇത്തവണ നേടാനായി.

ജോര്‍ജ് തുമ്പയില്‍

ഫാമിലി കോണ്‍ഫറന്‍സ്: റാഫിളിന് ഗ്രാന്‍ഡ് ഫിനാലെ

കലഹാരി കണ്‍വന്‍ഷന്‍ സെന്‍റര്‍: രാജകീയമായിരുന്നു ആ എന്‍ട്രി. വര്‍ണ്ണ മനോഹരമായിരുന്നു റാഫിള്‍ നറുക്കെടുപ്പ്. മെഴ്സിഡസ് ബെന്‍സും, സ്വര്‍ണ്ണവും, ഐഫോണുമായി കമ്മിറ്റി അംഗങ്ങളും മറ്റു ഭാരവാഹികളും ചേര്‍ന്നുള്ള ആ വരവ്. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റിങ്ങിന്‍റെ മാസ്മരികതയും കാതുകളെ കീറി മുറിച്ച് പാഞ്ഞ പശ്ചാത്തലസംഗീതവും ആഹ്ലാദത്തിമിര്‍പ്പിലായ ഭാഗ്യാന്വേഷികളുടെ ആരവവും എല്ലാം ചേര്‍ന്നപ്പോള്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ ഉത്സവഛായ.

ബെന്‍സ് സ്റ്റേജിന് അടുത്തെത്തി പാര്‍ക്ക് ചെയ്തതോടെ സ്വര്‍ണ്ണവും ഐ ഫോണും അണിഞ്ഞൊരുങ്ങി മോഡലായി എത്തിയ പെണ്‍കുട്ടികള്‍ സ്റ്റേജിലേക്ക് അത്യാഢംബരമായി എത്തിച്ചു. നറുക്കെടുപ്പിനുള്ള വീല്‍ ഡ്രം, നറുക്കെടുപ്പിന്‍റെ ചുമതലയുള്ള സ്വതന്ത്ര ഏജന്‍സിയായ പി.സി ടച്ച് സര്‍വ്വീസ്സസിന്‍റെ ഉടമ ജോണ്‍ തോമസ് സി.പി.എ. സ്റ്റേജിലെത്തിച്ചു.

ആദ്യം ഭദ്രാസനത്തെയും ഭദ്രാസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഫാമിലി കോണ്‍ഫറസിനെപ്പറ്റിയും ഭാരവാഹികളെപ്പറ്റിയും റാഫിളിനെപ്പറ്റിയും പ്രതിപാദിക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചു. ഓരോ ഭദ്രാസന വിശ്വാസിയിലും അഭിമാനമുണര്‍ത്തുന്ന ഒരു പ്രസന്‍റേഷന്‍ ആയിരുന്നു അത്. പ്രശസ്ത ഗായകന്‍ ബിനോയ് ചാക്കോ വോയ്സ് ഓവര്‍ നല്‍കി, ദൃശ്യ വിന്യാസം നല്‍കിയത് മീഡിയ ലോജിസ്റ്റിക്കിലെ സുനില്‍ ട്രൈസ്റ്റാറുമായിരുന്നു. ശബ്ദവിന്യാസങ്ങളും ലൈറ്റ് ഇഫക്ടുകളും ചടുലമായി ഓഡിറ്റോറിയത്തിലെത്തിച്ചത് നാദം സൗണ്ട്സിലെ ടെക്നീഷ്യന്മാരാണ്. തോമസ് വര്‍ഗീസ് (സജി) കോര്‍ഡിനേറ്റ് ചെയ്തു.

തുടര്‍ന്നു സുവനീര്‍ റിലീസ്. ആദ്യ പ്രതി സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയില്‍ നിന്നും ഏറ്റുവാങ്ങി കൊണ്ട് റവ.ഡോ. ജേക്കബ് കുര്യന്‍ ആണ് പ്രകാശനം ചെയ്തത്. ഫിനാന്‍സ് ചെയര്‍ എബി കുര്യാക്കോസ്, പിന്നീട് സ്പോണ്‍സര്‍മാരെ പരിചയപ്പെടുത്തുകയും പ്രശംസഫലകങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.

ഓഡിറ്റര്‍ ജോണ്‍ തോമസ് സി.പി.എ. റാഫിള്‍ നിയമങ്ങള്‍ പ്രതിപാദിച്ചു. ആകാംക്ഷ നിറഞ്ഞ നിമിഷങ്ങളായിരുന്നു പിന്നീടുണ്ടായിരുന്നത്. മൂന്നാം സമ്മാനമായ ഐ ഫോണിന്‍റെ നറുക്കെടുപ്പ് ഗായകന്‍ ജോജോ വയലില്‍, ഫാ. ജേക്ക് കുര്യന്‍, കലഹാരി റിസോര്‍ട്സ് ജനറല്‍ മാനേജര്‍ ഡോണ്‍ പ്ലിയോ എന്നിവര്‍ നടത്തി. രണ്ടാം സമ്മാനം 80 ഗ്രാം സ്വര്‍ണ്ണത്തിന്‍റെ രണ്ടു വ്യക്തികള്‍ക്കായുള്ള നറുക്കെടുപ്പ് കോണ്‍ഫറന്‍സിലെ ഏറ്റവും മുതിര്‍ന്ന വ്യക്തിയായ എലിസബത്ത് ചാക്കോ, റവ. ഡോ. ജേക്കബ് കുര്യന്‍ എന്നിവര്‍ നടത്തി.

ആകാംക്ഷയുടെ മുള്‍മുനയില്‍ നിന്നിരുന്ന സദസ്യരെ അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് നയിച്ചുകൊണ്ട് സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത ഒന്നാം സമ്മാനത്തിനായുള്ള കുറി എടുത്തു. ഇതോടെ സദസ്സ് ശബ്ദമുഖരിതമായി. തികച്ചും വ്യത്യസ്തമായ രീതിയില്‍ ഈ പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്തത് എബി കുര്യാക്കോസ് അധ്യക്ഷനായ ഫിനാന്‍സ് സുവനിയര്‍ കമ്മിറ്റി ടീമാണ്. ജോബി ജോണ്‍ അവതാരകനായിരുന്നു. റാഫിള്‍ വിജയികള്‍ക്ക് സമാപന സമ്മേളനത്തില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മൂന്നാം സമ്മാനമായ ഐഫോണ്‍ എക്സ് വിജയികളായ എബ്രഹാം പോത്തന്‍, സാജു ജേക്കബ്, പോള്‍ മാവേലി എന്നിവര്‍ക്ക് സമ്മാനം സ്പോണ്‍സര്‍ ചെയ്ത ജോര്‍ജ് പി. തോമസും സൂസന്‍ തോമസും നല്‍കി. രണ്ടാം സമ്മാനമായ 40 ഗ്രാം സ്വര്‍ണ്ണം ബ്ലസന്‍റ് തോമസിന്, സ്പോണ്‍സര്‍മാരായ തോമസ് കോശി, വത്സാ കോശി എന്നിവര്‍ നല്‍കി. രണ്ടാമത്തെ 40 ഗ്രാം സ്വര്‍ണ്ണം വിജയിയായ ബിനു ജോണ്‍ സന്നിഹിതനായിരുന്നില്ല. (ആ സമ്മാനം പിറ്റേന്ന് കണക്ടിക്കട്ട് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ നടന്ന ചടങ്ങില്‍ സഖറിയ മാര്‍ നിക്കോളോവോസ് നല്‍കി) 42 ഗ്രാന്‍ഡ് സ്പോണ്‍സര്‍മാരുടെ വകയായ ഒന്നാം സമ്മാനം മെഴ്സിഡസ് ബെന്‍സിന്‍റെ ഡോക്യുമെന്‍റുകള്‍ യോഹന്നാന്‍ സ്കറിയാക്ക് സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത നല്‍കി.

ജോര്‍ജ് തുമ്പയില്‍

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ചരിത്രവഴിയില്‍

കലഹാരി കണ്‍വന്‍ഷന്‍ സെന്‍റര്‍: ചരിത്രം സൃഷ്ടിച്ച കോണ്‍ഫറന്‍സ് എന്ന് ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഓര്‍ത്തഡോക്സ് ഭദ്രാസന ചരിത്രത്തിന്‍റെ ഏടുകളില്‍ വിശ്വാസികളുടെ പങ്കാളിത്തത്താലും ചിട്ടയായ പരിപാടികളാലും വിശ്വാസാചരണങ്ങളില്‍ നിന്നും മാറാതെയുള്ള മാനസികോല്ലാസ ക്രമീകരണങ്ങളാലും നിരവധി കമ്മിറ്റികളുടെ അക്ഷീണപ്രയത്നത്താലും 2018 ഫാമിലി കോണ്‍ഫറന്‍സ് ചരിത്രത്താളുകളില്‍ കയറിയെന്നു സമാപന സമ്മേളനത്തിലാണ് മാര്‍ നിക്കോളോവോസ് അഭിപ്രായപ്പെട്ടത്.

ഇതപര്യന്തമുള്ള തന്‍റെ ജീവിതയാത്രയില്‍ ഇതുപോലെയൊരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് മുഖ്യാതിഥിയും കീനോട്ട് സ്പീക്കറുമായ റവ.ഡോ. ജേക്കബ് കുര്യന്‍. ഇതൊരു തീര്‍ത്ഥാടനമായിരുന്നു; വിനോദസഞ്ചാരമായിരുന്നില്ല. ഒ.വി. വിജയന്‍റെ ഗുരുസാഗരം എന്ന കൃതി പരാമര്‍ശിച്ച് സെമിനാരിയില്‍ തന്‍റെ ശിഷ്യനായിരുന്ന റവ.ഡോ. വറുഗീസ് എം. ഡാനിയേലിനെ നോക്കി ശിഷ്യ നീ ആകുന്നു ഗുരു എന്നു പറഞ്ഞത് നിറക്കണ്ണുകളോടെയാണ് വറുഗീസ് അച്ചന്‍ നമ്രശിരസ്കനായി ഏറ്റെടുത്തത്. വികാരനിര്‍ഭരമായ ഒരു നിമിഷമായിരുന്നു അത്.
ജൂലൈ 21 ശനിയാഴ്ച നമസ്ക്കാരത്തോടു കൂടി തുടങ്ങി വി. കുര്‍ബ്ബാനയ്ക്കു ശേഷം, ചതുര്‍ദിന കോണ്‍ഫറന്‍സിന്‍റെ വീഡിയോ പ്രസന്‍റേഷന്‍ നടന്നു. ഫോട്ടോഗ്രാഫിയുടെ ഉത്തരവാദിത്വം ഉണ്ടായിരുന്ന ബിനു സാമുവല്‍ ഇത് കോര്‍ഡിനേറ്റ് ചെയ്തു.

തുടര്‍ന്ന് സമാപന സമ്മേളനം. സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത, റവ.ഡോ. ജേക്കബ് കുര്യന്‍, ഫാ. ജേക്ക് കുര്യന്‍, ഫാ. സുജിത്ത് തോമസ്, ഫാ. വിജയ് തോമസ്, റവ.ഡോ. വറുഗീസ് എം. ഡാനിയല്‍, അമല്‍ പുന്നൂസ്, ജോര്‍ജ് തുമ്പയില്‍, മാത്യു വറുഗീസ്, എബി കുര്യാക്കോസ്, ഡോ. റോബിന്‍ മാത്യു, ജയ്സണ്‍ തോമസ്, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫാ. തോമസ് മാത്യു, ഫാ. ബാബു കെ. മാത്യു, ഡോ. ഫിലിപ്പ് ജോര്‍ജ്, സജി എം. പോത്തന്‍, സാജന്‍ മാത്യു, സന്തോഷ് മത്തായി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത, റവ.ഡോ. ജേക്കബ് കുര്യന്‍, ഫാ. ജേക്ക് കുര്യന്‍ എന്നിവര്‍ കോണ്‍ഫറന്‍സിനെ വിലയിരുത്തുകയും അവരുടെ അഭിപ്രായങ്ങള്‍ പറയുകയും ചെയ്തു. കോണ്‍ഫറന്‍സില്‍ ആദ്യമായി പങ്കെടുത്ത ജെനി മാര്‍ക്കോസ് (ഓറഞ്ച്ബര്‍ഗ് സെന്‍റ് ജോണ്‍സ്), ക്രിസ്റ്റ ജോര്‍ജ് (സഫേണ്‍ സെന്‍റ് മേരീസ്) എന്നിവരും അവരുടെ അനുഭവങ്ങള്‍ പങ്കു വച്ചു.

ഡോളര്‍ അടങ്ങിയ കവര്‍ തിരികെയേല്‍പ്പിച്ച് ഏവരുടെയും പ്രശംസക്ക് പാത്രീഭൂതരായ കലഹാരി ജീവനക്കാരി കാമിലിന്‍റെ സൂപ്പര്‍വൈസര്‍ മാത്യു റോവിലിനും പൂച്ചെണ്ടും കാഷും പാരിതോഷികവും മാര്‍ നിക്കോളോവോസ് നല്‍കി.

പിന്നീട്, റാഫിള്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മൂന്നാം സമ്മാനമായ ഐഫോണ്‍ എക്സ് വിജയികളായ എബ്രഹാം പോത്തന്‍, സാജു ജേക്കബ്, പോള്‍ മാവേലി എന്നിവര്‍ക്ക് സമ്മാനം സ്പോണ്‍സര്‍ ചെയ്ത ജോര്‍ജ് പി. തോമസും സൂസന്‍ തോമസും നല്‍കി.
രണ്ടാം സമ്മാനമായ 40 ഗ്രാം സ്വര്‍ണ്ണം ബ്ലസന്‍റ് തോമസിന്, സ്പോണ്‍സര്‍മാരായ തോമസ് കോശി, വത്സാ കോശി എന്നിവര്‍ നല്‍കി. രണ്ടാമത്തെ 40 ഗ്രാം സ്വര്‍ണ്ണം വിജയിയായ ബിനു ജോണ്‍ സന്നിഹിതനായിരുന്നില്ല. (ആ സമ്മാനം പിറ്റേന്ന് കണക്ടിക്കട്ട് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ നടന്ന ചടങ്ങില്‍ സഖറിയ മാര്‍ നിക്കോളോവോസ് നല്‍കി)

ഒന്നാം സമ്മാനം മെഴ്സിഡസ് ബെന്‍സിന്‍റെ ഡോക്യുമെന്‍റുകള്‍ യോഹന്നാന്‍ സ്കറിയാക്ക് സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത നല്‍കി. ഫാമിലി കോണ്‍ഫറന്‍സിന്‍റെ സ്നേഹസമ്മാനമായ ഒന്നരലക്ഷം ഡോളര്‍ ഹോളിട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍ററിന് നല്‍കുന്നു എന്ന പ്രഖ്യാപനം തികഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് എതിരേറ്റത്.

കോര്‍ഡിനേറ്റര്‍ റവ.ഡോ.വറുഗീസ് എം. ഡാനിയല്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനവഴികളിലേക്ക് ഊളിയിട്ട് സംസാരിച്ചു. 2019-ലെ കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ആയി ഫാ. സണ്ണി ജോസഫിനെയും (സെന്‍റ് മേരീസ് ലിന്‍ഡന്‍), ജനറല്‍ സെക്രട്ടറിയായി ജോബി ജോണിനെയും (സെന്‍റ് സ്റ്റീഫന്‍സ് മിഡ്ലാന്‍ഡ് പാര്‍ക്ക്) നിയമിച്ചതായി സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത അറിയിച്ചു. ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് വിജയകരമായി പൂര്‍ത്തിയാക്കി ചരിത്രത്തിലിടം നേടിയ എല്ലാവരെയും കമ്മിറ്റിക്കാരെയും പ്രത്യേകിച്ച് കോര്‍ഡിനേറ്റര്‍ റവ.ഡോ. വറുഗീസ് എം. ഡാനിയല്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ട്രഷറര്‍ മാത്യു വറുഗീസ് എന്നിവരെ പ്രത്യേകം അനുമോദിച്ചു. അവരുടെ ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് കോണ്‍ഫറന്‍സിന്‍റെ വിജയമന്ത്രം എന്നും മാര്‍ നിക്കോളോവോസ് സൂചിപ്പിച്ചു.

ട്രഷറര്‍ മാത്യു വറുഗീസ് നന്ദി പ്രകാശിപ്പിച്ചു. ആശീര്‍വാദത്തോടെയും കൈമുത്തലോടെയും കോണ്‍ഫറന്‍സിന് സമാപനമായി. എല്ലാവരും ബ്രഞ്ച് കഴിച്ച് അന്യോന്യം ആശ്ലേഷിച്ച് ഇനിയും അടുത്തവര്‍ഷം കാണാമെന്ന ഉറപ്പോടെയാണ് പിരിഞ്ഞു പോയത്.

രാജന്‍ വാഴപ്പള്ളില്‍

ഫാമിലി കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍ക്ക് ഭദ്രാസനത്തിന്റെ ആദരവ്

ന്യുയോര്‍ക്ക് : കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ ജൂലൈ 18 മുതല്‍ 21 വരെ നടന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി / യൂത്ത് കോണ്‍ഫറന്‍സ് വന്‍ വിജയമാക്കി തീര്‍ത്ത വിവിധ കമ്മിറ്റി അംഗങ്ങളോടുള്ള ആദരവും സ്‌നേഹവും നന്ദിയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിക്കുന്നു.

വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചവരുടെ പേര് വിവരങ്ങള്‍ :

റജിസ്‌ട്രേഷന്‍ –

റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍, അജിത തമ്പി, നിജി വര്‍ഗീസ്, സുനോജ് തമ്പി.

പാഠ്യപദ്ധതി : റവ. ഫാ. എം. കെ. കുര്യാക്കോസ്, ഷൈനി രാജു, അന്‍സാ തോമസ്, അജു തര്യന്‍, ലിസ രാജന്‍, അന്നാ കുര്യാക്കോസ്, റവ. ഫാ. എം. കെ. കുര്യാക്കോസ് ചാപ്ലൈന്‍, റവ. ഡീക്കന്‍ ഗീവര്‍ഗീസ് (അബു) കോശി–ചാപ്ലൈന്‍ –യൂത്ത്, ബെഞ്ചമിന്‍ മാത്യു– പബ്ലിസിറ്റി സോഷ്യല്‍ മീഡിയ, മാത്യു സാമുവേല്‍, പബ്ലിസിറ്റി സോഷ്യല്‍ മീഡിയ. രാജന്‍ യോഹന്നാന്‍ പബ്ലിസിറ്റി – പ്രിന്റ് ആന്‍ഡ് മീഡിയ.

ഓണ്‍സൈറ്റ് പബ്ലിക്കേഷന്‍ – കോണ്‍ഫറന്‍സ് ക്രോണിക്കിള്‍ : റവ. ഫാ. ഷിബു ഡാനിയേല്‍, ലിന്‍സി തോമസ്, അജിത് മാത്തന്‍, ഫിലിപ്പോസ് ഫിലിപ്പ് , സുനോജ് തമ്പി, വര്‍ഗീസ് പോത്തനിക്കാട്, രാജന്‍ വാഴപ്പള്ളില്‍, മാത്യു സാമുവേല്‍, ബിനു സാമുവേല്‍, നിതിന്‍ ഏബ്രഹാം, ആശാ ജോര്‍ജ് – എന്റര്‍ടെയ്ന്റ്‌മെന്റ്.

ഘോഷയാത്ര : രാജന്‍ പടിയറ, ജോണ്‍ വര്‍ഗീസ്, ഷിബിന്‍ ജോര്‍ജ് കുര്യന്‍.

ബിനു സാമുവേല്‍ – ഫോട്ടോഗ്രഫി.

ജോണ്‍ താമരവേലില്‍ – സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ്. ജോര്‍ജ് പി. തോമസ് – സെക്യൂരിറ്റി ഓണ്‍ സൈറ്റ് റെസ്‌പോണ്‍സിബിലിറ്റി : അജിത് വട്ടശ്ശേരില്‍, ജെസ്സി തോമസ്.

മെഡിക്കല്‍ ടീം :

മേരി വര്‍ഗീസ്, ഡോ. ജോളി തോമസ്, അനു വര്‍ഗീസ്, സുജ ജോണ്‍, ഡോ. ഡോളി ഗീവര്‍ഗീസ്, ജോളി കുരുവിള.

ഏബ്രഹാം പോത്തന്‍ (സാജന്‍)– ടെക്‌നിക്കല്‍.

നിതിന്‍ ഏബ്രഹാം – ഐടി (ജിസ്‌മോന്‍ ജേക്കബ്, ജെറിന്‍ തുരുത്തിപ്പള്ളില്‍ ജയിംസ് എന്നിവരുടെ സഹകരണത്തോടെ.)

അനു ജോസഫ് – ടീം ഷൈനോ ക്യാപ്റ്റന്‍, ആദര്‍ശ് പോള്‍ – വെബ് മാസ്റ്റര്‍

റാഫിള്‍ ആന്‍ഡ് സുവനീര്‍ :

എബി കുര്യാക്കോസ് – ഫിനാന്‍സ് ചെയര്‍, ഡോ. റോബിന്‍ മാത്യു– ചീഫ് എഡിറ്റര്‍, സുനീസ് വര്‍ഗീസ്– എഡിറ്റര്‍ , മാത്യു സാമുവേല്‍– എഡിറ്റര്‍, മിന്‍സാ വര്‍ഗീസ്– എഡിറ്റര്‍, കുര്യാക്കോസ് തരിയന്‍, ഫിലിപ്പോസ് സാമുവേല്‍, വര്‍ഗീസ് പി. ഐസക്, സജി കെ. പോത്തന്‍, തോമസ് വര്‍ഗീസ് (സജി) സണ്ണി വര്‍ഗീസ്, റഞ്ചു പടിയറ, ഐസക് ചെറിയാന്‍, കെ. ജി. ഉമ്മന്‍ ടറന്‍സന്‍ തോമസ്, ജിയോ ചാക്കോ, യോഹന്നാന്‍ ശങ്കരത്തില്‍, കൃപയാ വര്‍ഗീസ്, ഡോ. സാബു പോള്‍, എറിക് മാത്യു, ആല്‍വിന്‍ ജോര്‍ജ്.

ഏരിയാ കോ ഓര്‍ഡിനേറ്റേഴ്‌സ് :

ജോണ്‍ താമരവേലില്‍– ക്യൂന്‍സ്, രാജന്‍ ജോര്‍ജ് ക്യൂന്‍സ്, തോമസ് മത്തായി – ലോങ്ങ് ഐലന്റ്, ഫിലിപ്പോസ് ചെറിയാന്‍– ഫിലഡല്‍ഫിയ, സാറാ ജോര്‍ജ്– വാഷിംഗ്ടണ്‍/വിര്‍ജീനിയ, ജെയിംസ് സാമുവേല്‍ – ടൊറന്റോ, മിനി ജോസഫ് – സാറ്റന്‍ഐലന്റ്, ഐന്‍സ് ചാക്കോ– അപ്‌സ്റ്റേറ്റ് ന്യൂയോര്‍ക്ക് , ജോര്‍ജ് വര്‍ഗീസ് – ബോസ്റ്റന്‍ / കണക്ടിക്കട്ട്, ജോബി ജോണ്‍ –ന്യൂജഴ്‌സി,

റജി ഫിലിപ്പ് – ബ്രോങ്ക്‌സ് / വെസ്റ്റ് ചെസ്റ്റര്‍.

ചരിത്രമായിത്തീര്‍ന്ന കോണ്‍ഫറന്‍സ് എന്നു ഭദ്രാസന അധ്യക്ഷന്‍ വിശേഷിപ്പിക്കാവാന്‍ കാരണം കമ്മിറ്റി അംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമാണെന്നു കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ട്രഷറര്‍ മാത്യു വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

രാജന്‍ വാഴപ്പള്ളില്‍

ട്രംപ് ടീഷര്‍ട്ട് ധരിച്ചതിന് അച്ചടക്ക നടപടിക്ക് വിധേയനായ വിദ്യാര്‍ത്ഥിക്ക് 25000 ഡോളര്‍ നഷ്ടപരിഹാരം

ശാലേം (ഒറിഗന്‍): ഡൊണാള്‍ഡ് ജെ. ട്രംപ് ബോര്‍ഡര്‍ വാള്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ടീഷര്‍ട്ട് ധരിച്ച് സ്കൂളില്‍ ഹാജരായ വിദ്യാര്‍ത്ഥിയെ അച്ചടക്കനടപടിയുടെ ഭാഗമായി സസ്‌പെന്റ് ചെയ്ത നടപടിക്കെതിരേ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ജില്ലാ വിദ്യാഭ്യാസ അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഒത്തുതീര്‍ന്നു.

വിദ്യാര്‍ത്ഥിക്ക് 25000 ഡോളര്‍ നഷ്ടപരിഹാരവും, പ്രിന്‍സിപ്പല്‍ മാപ്പ് അപേക്ഷ എഴുതിക്കൊടുക്കുകയും ചെയ്യണമെന്നതാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍. ജൂലൈ 25 ചൊവ്വാഴ്ചയായിരുന്നു തീരുമാനമെടുത്തത്.

ലിബര്‍ട്ടി ഹൈസ്കൂള്‍ സീനിയര്‍ വിദ്യാര്‍ത്ഥി അഡിസണ്‍ ബാര്‍ണീസ് (18) ഈവര്‍ഷം ആദ്യമാണ് ടീഷര്‍ട്ട് ധരിച്ച് സ്കൂളില്‍ എത്തിയത്. ഇമിഗ്രേഷന്‍ പോളിസിയെക്കുറിച്ച് ചൂടുപിടിച്ച ചര്‍ച്ച നടക്കുന്നതിനിടയില്‍ ഷര്‍ട്ട് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിക്കെതിരേ പ്രതിക്ഷേധം ഉയര്‍ന്നപ്പോള്‍ ടീഷര്‍ട്ട് മറയ്ക്കുകയോ, വീട്ടില്‍ പോകുകയോ ചെയ്യണമെന്ന് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം നിരാകരിച്ചതിനാണ് അഡിസനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. അമേരിക്കന്‍ പ്രസിഡന്റിന് വിദ്യാര്‍ത്ഥി ഈ വിഷയത്തെക്കുറിച്ച് കത്തയ്ക്കുകയും, “ഫ്രീഡം ഓഫ് സ്പീച്ച്’ എന്ന ഭരണഘടനാവകാശം നിഷേധിക്കുകയും ചെയ്തതായി പരാതിപ്പെടുകയും ചെയ്തിരുന്നു. പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ ഈ വിഷയത്തില്‍ വിദ്യാര്‍ത്ഥിയെ അനുകൂലിച്ചത് വലിയ ചര്‍ച്ചാവിഷയമായിരുന്നു.

നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലോ സ്യൂട്ട് ഫയല്‍ ചെയ്യുകയാണെന്നു ഹില്‍സ്ബറോ വിദ്യാഭ്യാസ ജില്ലാ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് അറ്റോര്‍ണിയുമായി നടന്ന ചര്‍ച്ചയിലാണ് കേസ് ഒത്തുതീര്‍പ്പായത്. കാലിഫോര്‍ണിയ ബെന്‍ബ്രൂക്ക് ലോ ഗ്രൂപ്പാണ് വിദ്യാര്‍ത്ഥിക്കുവേണ്ടി ഹാജരായത്.

പി.പി. ചെറിയാന്‍

ഏബ്രഹാം മാണിക്യമംഗലത്ത് കണക്ടിക്കട്ടില്‍ നിര്യാതനായി

കണക്ടിക്കട്ട്: കുറിച്ചി വിത്തുകുളത്തിലായ മാണിക്യമംഗലത്ത് ഏബ്രഹാം (85) കണക്ടിക്കട്ടില്‍ നിര്യാതനായി. ഈര കൊല്ലറ കുടുംബാംഗമായ ഏലിയാമ്മയാണ് ഭാര്യ.

മക്കള്‍: അനില, അനിത, അനീഷ, അരുണ്‍. മരുമക്കള്‍: ബെന്നി പുതുവീട്ടില്‍, സുനില്‍ നെച്ചുവേലില്‍, അരുണ്‍ കരിയില്‍ കുന്നുംപുറത്ത്, മെറീസ് വട്ടപറമ്പില്‍.

പൊതുദര്‍ശനം ജൂലൈ 29-ന് ഞായറാഴ്ച വൈകുന്നേരം 5 മുതല്‍ 8 വരെ വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡിലുള്ള ഷീഹാന്‍ ഫ്യൂണറല്‍ ഹോമില്‍.

സംസ്കാരം ജൂലൈ 30-നു തിങ്കളാഴ്ച രാവിലെ 9.30-നു വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചിലെ ശുശ്രൂഷകള്‍ക്കുശേഷം ന്യൂയിംഗ്ടണ്‍ വെസ്റ്റ് മെഡോ സെമിത്തേരിയില്‍.

ജോയിച്ചന്‍ പുതുക്കുളം

സ്‌കൂൾ – കോളേജ് വിദ്യാർത്ഥികൾക്കായി CIRRD യും IETE യും റോബോട്ടിക്‌സ് പരിശീലനക്കളരി സംഘടിപ്പിക്കുന്നു

ശാസ്ത്ര തല്പരരായ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ആധുനിക ശാസ്ത്രരംഗത്തേക്ക് കൈപിടിച്ചുയർത്തുന്നതിനായി സെന്റർ ഫോർ ഇന്റഗ്രേറ്റഡ് റോബോട്ടിക്സ് റിസർച്ച് ആൻഡ് ഡെവലപ്മെന്റും (CIRRD) ഇൻസ്ടിട്യൂഷൻ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ എഞ്ചിനിയേഴ്‌സും (IETE) സംയുക്തമായി റോബോട്ടിക്‌സ് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു.

6 ആഴ്ചകളിലായി സംഘടിപ്പിക്കുന്ന വർക്ക്‌ഷോപ്പിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് എല്ലാ ഞായറാഴ്ചയും രാവിലെ 9 മുതൽ 12 വരെയും കോളേജ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സിനോടൊപ്പം ഇന്റർനെറ്റ് ഓഫ് തിങ്ക്‌സും ഉൾപ്പെടുത്തി എല്ലാ ശനിയാഴ്ചകളിലും രാവിലെ 9 മുതൽ 12 വരെയും പരിശീലനം നടത്തുന്നു.

റോബോട്ടിക്‌സ് മേഖലയിൽ വിദ്യാർത്ഥികളിലെ നൈപുണ്യ വികസനം ലക്ഷ്യമാക്കി നടത്തുന്ന റോബോട്ടിക്‌സ് വർക്ക് ഷോപ്പ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് CIRRD യും IETE യും ചേർന്ന് സർട്ടിഫിക്കറ്റുകൾ നൽകുന്നു. റോബോട്ടുകളെ സ്വയം നിർമിച്ചു നൈപുണ്യം നേടാൻ വർക്ഷോപ്പിലൂടെ സാധിക്കും. IETE കൊച്ചി സെന്റർൽ വച്ച് നടത്തുന്ന വർക്ക് ഷോപ്പിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 2018 ആഗസ്റ്റ് 10.

സിലബസിനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക www.cirrd.com , Ph : 9400204424

മേരിക്കുട്ടി എബ്രഹാം ന്യൂയോര്‍ക്കില്‍ നിര്യാതയായി

ന്യൂയോര്‍ക്ക്: പരേതനായ മേടയില്‍ ഈപ്പന്‍ അബ്രഹാമിന്റെ ഭാര്യ മേരിക്കുട്ടി എബ്രഹാം (87) ന്യൂ യോര്‍ക്കില്‍ സ്വവസത്തയില്‍വെച്ചു ജൂലൈ 26ന് രാവിലെ നിര്യാതയായ വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു. പരേത പൊട്ടുകുളത്തില്‍ മാത്യുവിന്റെയും റേച്ചലിന്റെയും മകളാണ്.

മക്കള്‍ & മരുമക്കള്‍:

ലിസമ്മ & രാജു ജോസഫ് (Late) (വാഴൂര്‍), ഡെയ്‌സി & ബാബു (ന്യൂയോര്‍ക് ), മോഹന്‍ എബ്രഹാം (Late), ജെസ്സി & റോസ്‌മോന്‍ (കുവൈറ്റ്), റെനി & ജെയിംസ് (ന്യൂജേഴ്‌സി ), ബിജു & ബിനു (ന്യൂജേഴ്‌സി ), ജിജി & ബിന്ദു (ന്യൂജേഴ്‌സി )

കൊച്ചു മക്കള്‍:

ലീന, ലിറ്റി, സൂസന്‍, ലിജു, ധന്യ, പ്രിയ, മായ, നിഷ, നിമ്മി, നീതു, നിധി, സ്റ്റീവ്, കെവിന്‍, അലന്‍, ജോയല്‍, ഹാനാ, എവെലിന്‍, കെന്‍, ഈഥന്‍.

ജോസഫ് ജോഷ്വ, ജോനാഥന്‍, നഥാനിയേല്‍, ഡേവിഡ്, ഒലിവിയ, ലൂക്ക്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജിജി മേടയില്‍ (8943332455).

ജോയിച്ചന്‍ പുതുക്കുളം

സ്റ്റാര്‍ ഗ്ലേസ് പബ്ലിക് ജൂറി അവാര്‍ഡിന്‍റെ വെബ്‌സൈറ്റ് പ്രകാശനം സിനിമാതാരം ജഗദീഷ് ഹ്യൂസ്റ്റണില്‍ നിര്‍വഹിച്ചു

ഹ്യൂസ്റ്റണ്‍: സ്റ്റാര്‍ ഗ്ലേസ് പബ്ലിക് ജൂറി അവാര്‍ഡ്‌സിന്‍റെ വെബ്‌സൈറ്റ് പ്രകാശനം പ്രമുഖ സിനിമാതാരം ജഗദീഷ്, നല്ല നടിക്കുള്ള 2017ലെ ദേശീയ അവാര്‍ഡ് നേടിയ മലയാളം സിനിമാ താരം സുരഭി ലക്ഷ്മി, പ്രമുഖ പിന്നണി ഗായിക രഞ്ജിനി ജോസ്, വിനോദ് കോവൂര്‍, നീതു, അനീഷ് രവി, അനു ജോസ്, സുനില്‍ കുമാര്‍, ബ്ലൂഫീല്‍ഡ് പ്രൊജക്റ്റ് ഡയറക്ടര്‍ ജോണ്‍ പാങ്കീ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നോര്‍ത്ത് ഹ്യൂസ്റ്റണിലെ നിരവധി കലാപ്രേമികളുടെ സദസ്സില്‍ നിര്‍വഹിച്ചു.

ഒരു ജൂറീ പാനലിന്‍റെ തീരുമാനങ്ങളില്‍ ഒതുങ്ങുന്ന സാമ്പ്രദായിക പുരസ്കാര നിര്‍ണയങ്ങള്‍ക്ക് വ്യത്യസ്ഥമായി പരിപൂര്‍ണമായും സിനിമാസ്‌നേഹികള്‍ തന്നെ വോട്ട് ചെയ്ത് നല്ല സിനിമകളെയും കലാകാരന്മാരെയും തിരഞ്ഞെടുത്ത് ആദരീക്കുന്നതിനായി രൂപം കൊടുത്തിട്ടുള്ള സ്റ്റാര്‍ ഗ്ലേസ്സിന്‍റെ ഉദ്യമങ്ങള്‍ക്ക് പ്രാസംഗീകര്‍ ആശംസകള്‍ അര്‍പ്പിച്ചു. നോമിനേഷന്‍ ഉള്‍പ്പെടെ എല്ലാം സിനിമാ ആസ്വാദ്യകരുടെ താല്‍പ്പര്യത്തിനനുസരിച്ച് നൂറു ശതമാനം സുതാര്യമായ രീതിയില്‍ ആണ് വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്.

റീജ്യണല്‍ തലത്തില്‍ തുടങ്ങി, രാജ്യാന്തരതലത്തിലും അന്താരാഷ്ട്ര തലത്തിലും ഉള്ള അവാര്‍ഡുകള്‍ ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അന്താരാഷ്ട്രരംഗത്ത് എല്ലാ ഭാഷകളിലെയും രാജ്യങ്ങളിലെയും സിനിമകളെയും കലാകാരന്മാരേയും കലാകാരികളേയും സാങ്കേതീകവിദഗ്ദ്ധരേയും ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവന്ന് അന്താരാഷ്ട്രരംഗത്തെ സിനിമാസൃഷ്ടികളെക്കുറിച്ച് ആയാസരഹിതമായി അറിയുന്നതിനും റേറ്റ് ചെയ്യുന്നതിനും എല്ലാം ഉള്ള ആദ്യത്തെ ഒരു സംരംഭം കൂടിയാണ് ഇത്.

റീജിയണല്‍ തലങ്ങളില്‍ അറിയപ്പെടാതെ പോകുന്ന കുറച്ചു നല്ല കലാസൃഷ്ടികളെയെങ്കിലും ആഗോള തലത്തില്‍ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ഈ സംരംഭത്തിലൂടെ സാധിച്ചാല്‍ തങ്ങളുടെ ശ്രമങ്ങള്‍ പൂവണിയും എന്ന് സ്റ്റാര്‍ ഗ്ലേസ്സിനു വേണ്ടി ആധ്യക്ഷം വഹിച്ച ജിന്‍സണ്‍ സാനി കെ. ആഗ്രഹം പ്രകടിപ്പിച്ചു.

സ്റ്റാര്‍ ഗ്ലേസ്സിന്‍റെ പ്രഥമ പുരസ്കാരങ്ങള്‍ 2017ലെ മലയാള സിനിമയിലെ മികച്ച സൃഷ്ടികള്‍ക്കും കലാകാരന്മാര്‍ക്കും ആയിരിക്കും. പ്രസ്തുത പുരസ്കാരങ്ങള്‍ നിര്‍ണയിക്കുന്നതിന് സ്റ്റാര്‍ ഗ്ലേസ് പബ്ലിക് ജൂറി അവാര്‍ഡ്‌സിന്‍റെ വെബ്‌സൈറ്റ് ആയ www.starglazeawards.comഇല്‍ വോട്ട് ചെയ്ത് ഭാഗഭാക്കാകണമെന്ന് എല്ലാസിനിമാ പ്രേമികളോടും സ്റ്റാര്‍ ഗ്ലേസ് ഡയറക്ടര്‍ അനൂപ് ജനാര്‍ദ്ദനന്‍ അഭ്യര്‍ഥിച്ചു. വരും വര്‍ഷങ്ങളില്‍ മറ്റു ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടെ രാജ്യാന്തര തലത്തിലെ എല്ലാ ഭാഷകളിലെയും നല്ല കലാസൃഷ്ടികളേയും കലാകാരന്മാരെയും സാങ്കേതീകവിദഗ്ദ്ധരേയും ആദരിക്കുന്നതായിരിക്കും എന്നും ശ്രീ അനൂപ് അറിയിച്ചു.

സ്റ്റാര്‍ ഗ്ലെയിന്‍സിനു വേണ്ടി ചിത്രങ്ങള്‍ പകര്‍ത്തിയത് ശ്രീ ജലാല്‍ ഹസിസ് (വീഡിയോ 2015196320 ) ജോര്‍ജ് പോള്‍ (സ്റ്റീല്‍സ് 7134472926 )
WEB: www.starglazeawards.com

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.