ഐ.എന്‍.ഓസി. ഫ്‌ളോറിഡ ചാപ്റ്റര്‍ അങ്കമാലി എം.എല്‍.എ. റോജി ജോണിന് സ്വീകരണം നല്‍കി

ഡേവി, ഫ്‌ളോറിഡ: അമേരിക്ക സന്ദര്‍ശിക്കുന്ന അങ്കമാലി എംഎല്‍എ റോജി ജോണിന് ഐഎന്‍ഓസി ഫ്‌ളോറിഡ ചാപ്റ്റര്‍ സ്വീകരണം നല്‍കി. ഡേവിയില്‍ ഫാല്‍കണ്‍ ലീപാര്‍ക്കില്‍ഉള്ള മഹാത്മാഗാ ന്ധിസ്ക്വയറില്‍ ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് അസീസിനടയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫോമാ, ഫൊക്കാന , കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ , നവകേരള , കൈരളി ആര്‍ട്‌സ് ക്ലബ് , കേരള അസോസിയേഷന്‍ ഓഫ് പാംബീച്ച് , മിയാമി മലയാളി ആസോസിയേഷന്‍ മുതലായ സംഘടനാപ്രതിനിധികള്‍ പങ്കടത്തു.

റോജി ജോണ്‍ എംഎല്‍എ തന്റെ മറുപടി പ്രസംഗത്തില്‍ ഇന്ത്യയുടെ സ്വാതത്ര്യലബ്ദി മുതല്‍ ഇന്നു വരെ ഉള്ള രാഷ്രിയ സാമ്പത്തിക സ്ഥിതിഗതികള്‍ വിശകലനം ചെയ്തൂ. ഫ്‌ളോറിഡയിലെ മലയാളികളുടെ സ്‌നേഹത്തയും ഐക്യത്തേയും അഭിനന്ദിച്ചു. അമേരിക്കന്‍ മലയാളികള്‍ അമേരിക്കയിലും ഇന്ത്യയിലും ചെയ്യുന്ന സല്‍പ്രവര്‍ത്തികളെ അദ്ദേഹം പ്രശംസിച്ചു.

ഐഎന്‍ഓസി നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. മാമ്മന്‍ സി ജേക്കബ് യോഗത്തില്‍ സ്വാഗതമേകി. ഫോമ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ഷീല ജോസ് സ്ത്രീ സുരക്ഷക്ക് പ്രാധാന്യം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഫൊക്കാന ട്രസ്ടീ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, സൗത്ത് ഏഷ്യ ഡെമോക്രാറ്റിക് കോക്കസിനെ പ്രതിനിതികരിച്ചു ഡോ. സാജന്‍ കുരിയന്‍ ഈയോഗത്തില്‍ ആശംസ അറിയിച്ചു.

ബിനു ചിലമ്പത്ത് കുട്ടികളുടെ സുരക്ഷക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഐ.എന്‍.ഒ.സി സെക്രട്ടറി സജി സക്കറിയാസ് നന്ദി രേഖപ്പെടുത്തി.

റോജി ജോണ്‍ എം.എല്‍.എ, പ്രാര്‍ത്ഥനാപൂര്‍വം മഹാത്മാഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനനടത്തി.

ഇന്ത്യ പ്രസ് ക്ലബിന്റെ പ്രവര്‍ത്തനം ശ്ലാഘനീയം: റോജി എം ജോണ്‍ എംഎല്‍എ

സൗത്ത് ഫ്‌ളോറിഡ വടക്കെ അമേരിക്കയിലെ മലയാളി അച്ചടിദൃശ്യഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്ന് റോജി ജോണ്‍ എം.എല്‍.എ. ഇന്ത്യ പ്രസ് ക്ലബ് ദേശീയ കമ്മറ്റിയുടെ പ്രവര്‍ത്തനോത്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു റോജി ജോണ്‍ എം.എല്‍.എ . അമേരിക്കന്‍ മലയാളി സംഘടനകളെ ഒരു കുടകീഴില്‍ എത്തിച്ച റൗണ്ട് ടേബിള്‍ മീറ്റിംഗ് , കേരളത്തിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥികളെ ലോകോത്തര നിലവാരത്തില്‍ എത്തിക്കാനുള്ള ‘ സ്‌റ്റെപ്പ് പദ്ധതി ‘ , മലയാളി മാധ്യമ പ്രവര്‍ത്തകരെ ആദരിക്കുന്ന മാധ്യമശ്രീ അവാര്‍ഡ് , മെഡിക്കല്‍ ജേര്‍ണലിസം ടീം എന്നിവ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മികച്ച പ്രവര്‍ത്തനങ്ങളുടെ ഉദാഹരണങ്ങളാണ്, റോജി പറഞ്ഞു. .

സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമാ ചര്‍ച്ച് ഹാളില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ വെച്ചാണ് ഉദ്ഘാടനചടങ്ങ് സംഘടിപ്പിച്ചത്.

നമ്മുടെ രാജ്യമായ ജനാധിപത്യവ്യവസ്ഥതിയില്‍ നാലാം തൂണെന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങളുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണെന്ന് റോജി ജോണ്‍ . അധികാരവര്‍ഗ്ഗം ഇന്ന് മാധ്യമസമൂഹത്തെ അടിച്ചമര്‍ത്തുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ഒട്ടേറെ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സ്വതന്ത്രമാധ്യമപ്രവര്‍ത്തനം അസാധ്യമായാല്‍ നാട്ടില്‍ ജനാധിപത്യത്തിന് കളങ്കമേല്‍ക്കും, റോജി ജോണ്‍ കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ദേശീയ പ്രസിഡണ്ട് മധു കൊട്ടാരക്കര അ ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുനില്‍ തൈമറ്റം, ട്രഷറര്‍ സണ്ണി പൗലോസ്, ജോയിന്റ് സെക്രട്ടറി അനില്‍ ആറന്മുള , പ്രസിഡണ്ട് എലെക്ട് ജോര്‍ജ് കാക്കനാട് , തുടങ്ങിയവര്‍ പ്രസംഗിച്ചു. അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ മാത്യു വര്‍ഗീസ് , ചാപ്റ്റര്‍ സെക്രട്ടറി ജോര്‍ജി വര്‍ഗീസ് എന്നിവര്‍ എം.സി മാരായിരുന്നു.

തുടര്‍ന്ന് ഫ്‌ലോറിഡ ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം ഹിന്ദു ദിനപത്രം അസ്സോസിയേറ്റ് എഡിറ്റര്‍ വര്‍ഗീസ് ജോര്‍ജ് നിര്‍വഹിച്ചു. ചാപ്റ്റര്‍ പ്രസിഡന്‍റ് ബിനു ചിലമ്പത്ത് , ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡണ്ട് ജോയ് തുമ്പമണ്‍ , ജിജു കുളങ്ങര,ചാപ്റ്റര്‍ ഭാരവാഹികളായ തങ്കച്ചന്‍ കിഴക്കേപമ്പില്‍, ഷാന്റി വര്‍ഗീസ് , നിബു വെള്ളുവന്താനം , ബിജുകുട്ടി , ഫൊക്കാന അസോ:ട്രഷറര്‍ ഏബ്രഹാം കളത്തില്‍, ഫോമാ കമ്മറ്റി മെമ്പര്‍ ഷീല ജോസ് ,ബിജു ആന്റണി ( കേരളാ സമാജം വൈസ് പ്രസിഡന്റ്) , ജോബി പൊന്നുംപുരയിടം (,നവകേരള പ്രസിഡന്റ്) രാജന്‍ പടവത്തില്‍ (കൈരളി), ജോസ് തോമസ് ( മിയാമി മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ), ബിജു തോണിക്കടവില്‍ (പാംബീച് മലയാളി അസോസിയേഷന്‍) , അസീസി നടയില്‍ (പ്രസിഡണ്ട് , ഐ.എന്‍.ഓ.സി), സാജന്‍ മാത്യു (ഡിയര്‍ഫീല്‍ഡ് ഡെമോക്രാറ്റിക് പ്രസിഡണ്ട്) തുടങ്ങിയര്‍ പ്രസംഗിച്ചു.

വര്‍ണാഭമായ ചടങ്ങിന് ചാപ്റ്റര്‍ വൈസ് പ്രസിഡണ്ട് ജോയ് കുറ്റിയാനി നന്ദി പ്രകാശിപ്പിച്ചു.

സുനില്‍ തൈമറ്റം അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ഹൂസ്റ്റൺ എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു- സെന്റ് ജോസഫ് ടീം ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ICECH) ആഭിമുഖ്യത്തിൽ നടത്തപ്പെട്ട നാലാമത് ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ സമാപനം.

ഹൂസ്റ്റണിലെ 8 ഇടവകകളിൽനിന്നുള്ള കരുത്തുറ്റ ടീമുകൾ മാറ്റുരച്ച ടൂർണമെന്റിന്റെ ഫൈനലിൽ സെന്റ് ജോസഫ് സീറോ മലബാർ കാതോലിക് ചർച്ച് ടീം 2 ഓവറുകൾ ബാക്കി നിൽക്കേ സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രാൽ ടീമിനെ പരാജയപ്പെടുത്തി എബി മാത്യു സംഭാവന ചെയ്ത കുറ്റിയിൽ കെ.കെ.മാത്യു മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി. അപ്ന ബസാർ പെയർലാൻഡ് സംഭാവന ചെയ്ത റണ്ണർ അപ്പ്‌ എവർറോളിങ് ട്രോഫി സ് തോമസ് ടീമിനും ലഭിച്ചു.

ആദ്യം ബാറ്റു ചെയ്ത സെന്റ് തോമസ് ടീം 15 ഓവറിൽ 107 റണ്ണുകൾ എടുത്തപ്പോൾ സെന്റ് ജോസഫ് ടീം 13 ഓ വറുകൾക്കുള്ളിൽ 108 റണ്ണുകൾ അടിച്ചുകൂട്ടിയാണ് വിജയകിരീടം സ്വന്തമാക്കിയത്. സെന്റ് ജോസഫ്സ് ടീമിലെ എഡ്വിൻ (66 റണ്ണുകൾ) രെവീൻ (23 റണ്ണുകൾ) എന്നിവർ ടോപ് സ്‌കോറുകൾ നേടിയപ്പോൾ സെന്റ് തോമസ് ടീമിലെ ബ്ലെസ്സൺ,സിബു എന്നിവർ യഥാക്രമം 22, 20 റണ്ണുകൾ നേടി ടോപ് സ്കോറരായി.

ഏപ്രിൽ 7, 14,21,28 തീയതികളിലായിരുന്നു മത്സരങ്ങൾ. 28 നു നടന്ന ആദ്യ പാദ സെമി ഫൈനലിൽ സെന്റ് ജോസഫ്‌സ് ടീം സെന്റ് ജെയിംസ് ക്നാനായ ചർച്ച ടീമിനെ 38 റണ്ണുകൾക്കു പരാജയപ്പെടുത്തിയിരുന്നു. സെന്റ് ജോസഫ്‌സ് 121 ഉം സെന്റ് ജെയിംസ് 83 ഉം റണ്ണുകൾ നേടി. രണ്ടാം പാദ സെമി ഫൈനലിൽ ഇമ്മാനുവേൽ മാർത്തോമാ ടീമിനെ 45 റണ്ണുകൾക്കു സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ ടീം പരാജയപ്പെടുത്തി. സെന്റ് തോമസ് 134 ഉം ഇമ്മാനുവേൽ 89 ഉം റണ്ണുകൾ നേടി.

പ്രിയൻ മാത്യു ( ബെസ്ററ് ബൗളർ – സെന്റ് തോമസ് ) എഡ്വിൻ വര്ഗീസ് ( ബെസ്ററ് ബാറ്റ്സ്മാൻ ആൻഡ് ടൂർണമെന്റ് മാൻ ഓഫ് ദി മാച്ച് – സെന്റ് ജോസഫ്‌സ് ), ബിബിൻ ബേബി (ബെസ്ററ് പ്രോമിസിംഗ് ബാറ്റ്സ്മാൻ – സെന്റ് ജെയിംസ് ) എബിൻ പുന്നൂസ് ( ബെസ്ററ് പ്രോമിസിംഗ് ബൗളർ – സെന്റ് ജെയിംസ് ) എന്നിവർ പ്രത്യക ട്രോഫികൾക്കു അർഹരായി.

ഏപ്രിൽ 7 നു ശനിയാഴ്ച നടന്ന സ്റ്റാഫുഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന പ്രാരംഭ മത്സരങ്ങൾ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ പ്രസിഡന്റ് റവ. ഫിലിപ്പ് ഫിലിപ്പ് ഉൽഘാടനം ചെയ്തു. സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് , സെന്റ് മേരീസ് മലങ്കര ഓർത്തഡോൿസ്, ട്രിനിറ്റി മാർത്തോമാ, സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് എന്നീ ടീമുകളായിരുന്നു ടൂർണമെന്റിൽ മാറ്റുരച്ച മറ്റു ടീമുകൾ.

ഫാ. എബ്രഹാം സ്ക്റിയ ( സ്പോർട്സ് കൺവീനർ) എബി മാത്യു, അനിൽ വര്ഗീസ്, റെജി ജോൺ, തോമസ് വൈക്കത്തുശ്ശേരിൽ ( സ്പോർട്സ് കോർഡിനേറ്റർസ് ) എന്നിവരായിരുന്നു ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകിയത്.

ടൂർണമെന്റിന് വേണ്ടി സ്റ്റാഫ്‌ഫോർഡ് ക്രിക്കറ്റ് ഗ്രൗണ്ട് വിട്ടു കിട്ടുന്നതിന് സഹായിച്ച സ്റ്റാഫ്‌ഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യുവിന് പ്രത്യേക നന്ദിയും ഭാരവാഹികൾ അറിയിച്ചു,

ജീമോൻ റാന്നി

ഔട്‍സ്റ്റാന്ഡിങ് അണ്ടർ ഗ്രാഡുവേറ്റ് മലയാളം സ്റ്റുഡൻറ് അവാർഡ്

ആസ്റ്റിൻ : ദി യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് അറ്റ് ആസ്റ്റിൻ, ഏഷ്യൻ സ്റ്റഡീസ് ഡിപ്പാർട്മെന്റിന്റെ കീഴിൽ ആണ് മലയാള വിഭാഗം . ഈ വർഷത്തെ ഔട്‍സ്റ്റാന്ഡിങ് അണ്ടർ ഗ്രാഡുവേറ്റ് മലയാളം സ്റ്റുഡൻറ് അവാർഡിന് ഒന്നാം വർഷ മലയാള വിഭാഗത്തിൽ നിന്ന് അഭിലാഷ് ഡേവിഡ്സന്നും , രണ്ടാം വർഷ മലയാള വിഭാഗത്തിൽ നിന്ന് നിതിൻ വര്ഗീസ് എന്നിവർ അവാർഡിന് അർഹരായി .യൂണിവേഴ്സിറ്റിയിലെ സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ട് ഡിറക്ടറും പ്രൊഫസറുമായ ഡോ. ഡൊണാൾഡ് ഡേവിസ് ആണ് വിദ്യാർത്ഥികൾക്ക് അവാർഡ്നൽകിയത് . മലയാള ഭാഷയിൽ റീഡിങ് , ലിസണിങ് , സ്പീകിംഗ് എന്നീ മേഖലകളിൽ ഉള്ള പരിജ്ഞാനം ആയിരുന്നു അടിസ്ഥാനം . രണ്ടാം വർഷ മലയാള വിദ്യാർത്ഥിയായ നിതിൻ കംപ്യൂട്ടർ സയൻസ് മേജർ ആണ് . മലയാളം മൈനർ ആയി പഠിക്കുന്നു. കഴിഞ്ഞ എല്ലാ സെമസ്റ്റർകളിലും നിതിന് എ ഗ്രേഡ് ആയിരുന്നു .
മലയാളം ഒന്നാം വർഷം പഠിക്കുന്ന അഭിലാഷ് രണ്ടു മേജർ ചെയുന്നുണ്ട് . സൈക്കോളജിയും ,ബിസിനസ്സും. മലയാള ഭാഷയും സംസ്ക്കാരവും അറിയുവാനും പഠിക്കുവാനും എപ്പോഴും സമയം കണ്ടെത്തിയിരുന്നു. കഴിഞ്ഞ രണ്ടു സെമെസ്റെറകളിലും അഭിലാഷിനു മലയാളത്തിനു എ ഗ്രേഡ് ലഭിച്ചിരുന്നു. ദി യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് അറ്റ് ആസ്റ്റിൻ, മലയാള വിഭാഗം പ്രൊഫസർ ഡോ. ദർശന മനയ്‌തു ശശി അറിയിച്ചതാണ് .

ഫോമയില്‍ രണ്ടാം തലമുറ അനിവാര്യം: മുന്‍ ഫോമ പ്രസിഡന്‍റ്റ് ആനന്ദന്‍ നിരവേല്‍

ഫോമ രൂപീകൃതമായ ശേഷം ഒരു ദശാബ്ദം പിന്നിട്ട് ജൈത്രയാത്ര തുടരുന്ന ഈ അവസരത്തില്‍ ഒരു ദേശിയ സംഘടന എന്ന നിലയില്‍ ചില മാറ്റങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യത ആണെന്ന് മുന്‍ ഫോമ പ്രസിഡന്‍റ്റ് ആനന്ദന്‍ നിരവേല്‍ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ മലയാളി സമൂഹത്തിന് ഒഴിച്ച് കൂടാന്‍ സാധിക്കാത്ത നിലയില്‍ ഫോമ കഴിഞ്ഞ കാലയളവില്‍ വളര്‍ന്നു കഴിഞ്ഞു. സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലയില്‍ ഫോമ നടത്തിയ ചുവട് വെയ്പ്പ് അംഗീകരിക്കപ്പെടേണ്ടത് തന്നെ. കഴിവും ചുറുചുറുക്കുമുള്ള ചെറുപ്പക്കാര്‍ ഫോമ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത് സന്തോഷം തരുന്നതാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഫോമ കണ്‍വെന്‍ഷന്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ കേളി കോട്ടാവുന്നത് നല്ലത് തന്നെ. പക്ഷേ ഒരു കണ്‍വെന്‍ഷന്റ്‌റെ മേന്മ കണക്കാക്കേണ്ടത് അവരുടെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ആകെ തുകയുടെ അടിസ്ഥാനത്തില്‍ ആവണം. ആ രീതിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഭരണ സമിതി നല്ല രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചു.

എടുത്തു പറയേണ്ട ഒന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തെ വിമന്‍സ് ഫോറം പ്രവര്‍ത്തനങ്ങള്‍ തന്നെ ആണ്. മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന രീതിയിലുള്ള ഒരു പ്രവര്‍ത്തനം കഴിഞ്ഞ വിമന്‍സ് ഫോറം ഭാരവാഹികള്‍ കാഴ്ച്ച വെച്ചു . നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ സ്‌കോളര്‍ഷിപ്പും അശരണര്‍ക്ക് സാന്ത്വനമേകിയ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളും ശ്ലാഘനീയം തന്നെ. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന കുട്ടികള്‍, രണ്ടാം തലമുറയുടെ , ഫോമ പ്രവര്‍ത്തങ്ങളില്‍ സജീവമാകുന്നു. വിമന്‍സ് ഫോറം സെക്രട്ടറി രേഖ നായര്‍ പുതിയ തലമുറയുടെ വാക്താവാണ് .അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന രേഖയെ പോലെ ഉള്ള ഏതാനം പേരെ ഈ സംഘടനയില്‍ അണിനിരത്താനുള്ള ശ്രമങ്ങള്‍ ഗൗരവമായി നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

ഫോമക്ക് മഹത്തായ പാരമ്പര്യമുണ്ട്, കാഴ്ചപ്പാടുകള്‍ ഉണ്ട്, അവ നടപ്പിലാക്കാനുള്ള സംവിധാനങ്ങളുമുണ്ട്. സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ മുന്നോട്ട് വരുന്ന രണ്ടാം തലമുറയില്‍പെട്ടവരെ രണ്ട് കയ്യും നീട്ടി സ്വീകരിക്കാന്‍ ഫോമ ഡെലിഗേറ്റുകള്‍ തയ്യാറാവണം. ഇത് ഈ സംഘടനയുടെ മുമ്പോട്ടുള്ള പ്രയാണത്തില്‍ അത്യന്താപേക്ഷിതമായ ഒന്നാണ്. സംഘടനകള്‍ നമ്മള്‍ക്ക് വേണ്ടി മാത്രം ആവരുത് മറിച്ചു സംഘടന പ്രവര്‍ത്തങ്ങളില്‍ പുതിയ തലമുറയെ കൂടി ഉള്‍പ്പെടുത്തി, അവര്‍ക്ക് കൂടി പ്രയോജനപ്രദം ആവുന്ന രീതിയില്‍ ആവണം എന്നും ആനന്ദന്‍ നിരവേല്‍ കൂട്ടി ചേര്‍ത്തു.
എബി ആനന്ദ് അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

എപ്പിസ്ക്കോപ്പൽ രജതജൂബിലി ; കൗൺസിൽ അംഗങ്ങൾ ചെറിലെയിൻ സെന്റ് ഗ്രിഗോറിയോസ് സന്ദർശിച്ചു

ക്വീൻസ് (ന്യൂയോർക്ക്): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ എപ്പിസ്കോപ്പൽ രജത ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇടവക സന്ദർശനത്തിന്റെ ഭാഗമായി ഭദ്രാസന കൗൺസിൽ അംഗങ്ങൾ ചെറി ലെയിനിലുള്ള സെന്റ് ഗ്രിഗോറിയോസ് ഇടവക സന്ദർശിച്ചു. ആഘോഷ കമ്മിറ്റി കൺവീനർ ഡോ. ഫിലിപ്പ് ജോർജ്, മറ്റ് കൗൺസിൽ അംഗങ്ങളായ സാജൻ മാത്യു, സന്തോഷ് മത്തായി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

ഇടവക വികാരി ഫാ. ഗ്രിഗറി വർഗീസ് ആമുഖ പ്രസംഗം നടത്തി കൗൺസിൽ അംഗങ്ങളെ സ്വാഗതം ചെയ്തു. ഇടവക ജനങ്ങൾ എല്ലാവരും ആഘോഷപരി പാടികളിൽ പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

ഡോ. ഫിലിപ്പ് ജോർജ്, സാജൻ മാത്യു എന്നിവർ പരിപാടികളുടെ നടത്തിപ്പിനെക്കുറിച്ച് സംസാരിച്ചു.

ഓഗസ്റ്റ് 26 ഞായർ വൈകിട്ട് 5നു ന്യൂറോഷയിലുള്ള ഗ്രീൻ ട്രീ കൺട്രി ക്ലബ് സമുച്ചയത്തിലാണ് ആഘോഷ പരിപാടികൾ. സഭയുടെ പരമാധ്യക്ഷൻ പരി. ബസേലിയോസ് മാർത്തോമ്മ പൗലൂസ് ദ്വീതീയൻ കാതോലിക്കാ ബാവാ മറ്റ് മെത്രാപ്പോലീത്തമാർ, എക്യുമിനിക്കൽ പ്രസ്ഥാന വക്താക്കൾ, ഇതര സഭാ നേതാക്കൾ, സാമൂഹ്യ സാംസ്കാരിക അംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവരൊക്കെ പങ്കെടുക്കും.

കെ.കെ. കുര്യാക്കോസ് (ഉണ്ണി – 85) കോട്ടയത്ത് നിര്യാതനായി

കോട്ടയം: മാങ്ങാനം കപ്പിലാംമൂട്ടില്‍ കുടുംബാംഗം കെ.കെ. കുര്യാക്കോസ് (ഉണ്ണി 85, റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ കോട്ടയം മുനിസിപ്പാലിറ്റി) നിര്യാതനായി. സംസ്കാരം മെയ് 11-ന് വെള്ളിയാഴ്ച കോട്ടയം പുത്തന്‍പള്ളിയിലെ കുടുംബ കല്ലറയില്‍.

കൂത്താട്ടുകുളം നടുചെമ്പോന്തിയില്‍ ചിന്നമ്മ കുര്യാക്കോസ് (റിട്ടയേര്‍ഡ് അധ്യാപിക മണര്‍കാട് ഗവ. ഹൈസ്കൂള്‍) ആണ് പരേതന്റെ സഹധര്‍മ്മിണി.

എലിസബത്ത് (ലീന, കഞ്ഞിക്കുഴി), സോണി തോമസ് (ഫിസിയോതെറാപ്പിസ്റ്റ്, ന്യൂയോര്‍ക്ക്) എന്നിവരാണ് മക്കള്‍ കഞ്ഞിക്കുഴി തൂവോണുമലയില്‍ കുടുംബാംഗം ഷാജു ഏബ്രഹാം ഈശോ (എം.ആര്‍.എഫ് കോട്ടയം പര്‍ച്ചേസ് മാനേജര്‍), വടവാതൂര്‍ മാളിയേക്കല്‍ കുടുംബാംഗം അനൂപ് തോമസ് (ഫാര്‍മസിസ്റ്റ്, ന്യൂയോര്‍ക്ക്) എന്നിവര്‍ മരുമക്കളും., എബി, ആല്‍ബി, റീസ, സോഫിയ എന്നിവര്‍ കൊച്ചുമക്കളുമാണ്.

കപ്പിലാമൂട്ടില്‍ പരേതരായ മാണി കോരയുടേയും (പോസ്റ്റ്മാസ്റ്റര്‍), ഏലിയാമ്മ കോരയുടേയും സീമന്തപുത്രനാണ് പരേതന്‍. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ ആത്മായ പ്രമുഖനും, അമേരിക്കന്‍ ഭദ്രാസനത്തിലെ മുന്‍ മലങ്കര അസോസിയേഷന്‍ പ്രതിനിധിയും നോര്‍ത്ത് ഈസ്റ്റ് ഭദ്രാസന മുന്‍ കൗണ്‍സിലറും, സാമൂഹ്യ പ്രവര്‍ത്തകനുമായ കോര കെ. കോര (റിട്ട. എം.ടി.എ ഉദ്യോഗസ്ഥന്‍, ന്യൂയോര്‍ക്ക്) പരേതന്റെ സഹോദരനാണ്. കുരുവിള കോര (ന്യൂയോര്‍ക്ക് സിറ്റി സാനിട്ടേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍, ന്യൂയോര്‍ക്ക്), അന്നമ്മ വര്‍ക്കി (അയ്മനം), മറിയക്കുട്ടി ഫിലിപ്പ് (മന്ദിരം), പരേതരായ ഏലിയാമ്മ പണിക്കര്‍, ചാച്ചിയമ്മ വര്‍ഗീസ് (ലോംഗ് ഐലന്റ്) എന്നിവര്‍ ഇതര സഹോദരീ സഹോദരങ്ങളാണ്. കോട്ടയം ഇടയാടി കുടുംബയോഗം മുന്‍ വൈസ് പ്രസിഡന്റായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് മൃതദേഹം ഭവനത്തില്‍ കൊണ്ടുവരുന്നതും വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം കോട്ടയം പുത്തന്‍പള്ളിയില്‍ അഭിവന്ദ്യ തിരുമേനിമാരുടേയും വൈദീകരുടേയും കാര്‍മികത്വത്തില്‍ സംസ്കാരം നടക്കും. ന്യൂയോര്‍ക്ക് സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി വികാരി വെരി റവ. ആദായി കോര്‍എപ്പിസ്‌കോപ്പ, സ്റ്റാറ്റന്‍ഐലന്റ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി റവ.ഫാ. ജോയി ജോണ്‍, എക്യൂമെനിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി സാമുവേല്‍ കോശി കോടിയാട്ട്, സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് റോഷിന്‍ മാമ്മന്‍ തുടങ്ങിയവര്‍ പരേതന്റെ വേര്‍പാടില്‍ അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി.

ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.

ഫാ. കെവിന്‍ മുണ്ടയ്ക്കല്‍ ചിക്കാഗോ രൂപതയുടെ ബേബി പ്രീസ്റ്റ്. ദൈവത്തിന് നന്ദിയര്‍പ്പിച്ച് സഭാതനയര്‍

ന്യൂജേഴ്‌സി: അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ പ്രഥമ വൈദീകന്‍ കെവിന്‍ മുണ്ടക്കലിന്‍റെ പൗരോഹിത്യസ്വീകരണത്തിന് ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫെറോനാ ദൈവാലയം വേദിയായി. മെയ് 5ന് ശനിയാഴ്ച വൈകീട്ട് 2:30 നായിരുന്നു ചടങ്ങുകള്‍.

ചിക്കാഗോ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തായിരുന്നു അഭിഷേകകര്‍മങ്ങളുടെ മുഖ്യകാര്‍മികന്‍. ചടങ്ങില്‍ സഹായ മെത്രാന്‍ ജോയ് ആലപ്പാട്ട്, തൃശൂര്‍ ആര്‍ച്ച്ബിഷപ്പ് എമരിത്തൂസ് മാര്‍ ജേക്കബ് തൂങ്കുഴി എന്നിവരും പ്രാര്‍ത്ഥനാ ശുസ്രൂഷകള്‍ക്കു നേതൃത്വം നല്‍കി.

രൂപതാ വികാരി ജനറല്‍മാരായ റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപ്പറമ്പില്‍, ഫാ. തോമസ് മുളവനാല്‍, ചാന്‍സിലര്‍ ഫാ. ജോണിക്കുട്ടി പുലിശേരി, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോര്‍ജ് മാളിയേക്കല്‍, യൂത്ത് ഫാമിലി അപ്പസ്തലേറ്റുകളുടെ ഡയറക്ടറും വൊക്കേഷന്‍ ഡയറക്ടറുമായ ഫാ. പോള്‍ ചാലിശേരി, ബ്രോങ്ക്‌സ് ഇടവക വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, ഫാ. റോയ്‌സണ്‍ മെനോലിക്കല്‍ (അസി. വികാര്‍), ഫാ. തോമസ് കടുകപ്പിള്ളില്‍ (മുന്‍ വികാര്‍), ഫാ. ജോണ്‍ മേലേപ്പറമ്പില്‍, ഫാ.ക്രിസ്റ്റി പറമ്പുകാട്ടില്‍ (പാറ്റേഴ്‌സണ്‍ സെന്‍റ് ജോര്‍ജ് സീറോ മലബാര്‍ കാത്തോലിക് ദേവാലയ വികാരി) എന്നിവരുള്‍പ്പെടെ നിരവധി വൈദികര്‍ സഹകാര്‍മികരായിരുന്നു.

രൂപതയുടെ മറ്റു ഇടവകകളില്‍ നിന്നുള്ള വൈദീകരും, സിസ്റ്റര്‍മാരും, ഇടവകാംഗങ്ങളും തിരുക്കര്‍മ്മങ്ങളില്‍ സന്നിഹീതരായിരുന്നു.

വാദ്യ മേളങ്ങളുടെ അകമ്പടിയോടെ വിശ്വാസീസമൂഹവും കാര്‍മികരും ബിഷപ്പുമാരും പ്രദക്ഷിണമായി ദൈവാലയത്തിലേക്ക് പ്രവേശിച്ചതോടെയാണ് തിരുക്കര്‍മങ്ങള്‍ക്ക് തുടക്കമായത്. ആതിഥേയരായ സോമര്‍സെറ്റ് വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്‌സ് കാര്‍മികരെയും വിശ്വാസികളെയും സ്വാഗതംചെയ്തതോടെ പൗരോഹിത്യ അഭിഷേകത്തിന്റെ ആദ്യഭാഗത്തിലേക്ക് പ്രവേശിച്ചു.

ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ (മുന്‍ വൊക്കേഷന്‍ ഡയറക്ടര്‍) ഡീക്കന്‍ കെവിന് തിരുപ്പട്ടം നല്‍കണമെന്ന് രൂപതാധ്യക്ഷനോട് അഭ്യര്‍ത്ഥിച്ചു. മാര്‍ അങ്ങാടിയത്ത് അനുമതി നല്‍കിയതോടെ വിശ്വാസപ്രമാണം ചൊല്ലി ഡീക്കന്‍ കെവിന്‍ വിധേയത്വം പ്രഖ്യാപിച്ചു.

വചനപ്രഘോഷണം, വിശ്വാസികളുടെ പ്രാര്‍ത്ഥന എന്നിവയ്ക്കുശേഷമായിരുന്നു അഭിഷേകകര്‍മം. തിരുവസ്ത്രങ്ങള്‍ അണിയിച്ചതിനെ തുടര്‍ന്ന്, മാര്‍ അങ്ങാടിയത്തും മാര്‍ ആലപ്പാട്ടും സഹകാര്‍മികരും നവവൈദികനെ ആലിംഗനംചെയ്ത് പൗരോഹിത്യകൂട്ടായ്മയിലേക്ക് സ്വീകരിച്ചു. തുടര്‍ന്ന് ഫാ. കെവിന്‍ പ്രഥമ ദിവ്യബലിയര്‍പ്പണത്തിനായി അള്‍ത്താരയിലേക്ക് ആനയിക്കപ്പെട്ടു.

ഒരു കുഞ്ഞിന്റെ ജനനം എത്രയോ വലിയ സന്തോഷവും ആനന്ദവുമാവും നമ്മിലുണ്ടാക്കുക. അതുപോലെ നമുക്ക്, ചിക്കാഗോ രൂപതയില്‍ ആദ്യമായി ഒരു ബേബി പ്രീസ്റ്റ് ജനിച്ചിരിക്കുന്നു, ഫാ. കെവിന്‍ മുണ്ടയ്ക്കല്‍. ചിക്കാഗോ സെന്റ് തോമസ് രൂപതയിലെ പ്രഥമ പൗരോഹിത്യാഭിഷേകത്തെ കുഞ്ഞിന്റെ ജനനത്തോട് ഉപമിച്ച് സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് നടത്തിയ വചനസന്ദേശം സൃഷ്ടിച്ച കരഘോഷം വിശ്വാസീസമൂഹത്തിന്റെ കൃതജ്ഞതാസമര്‍പ്പണമായിരുന്നു.

വചനസന്ദേശം പങ്കുവെച്ച മാര്‍ ആലപ്പാട്ടിന്റെ വാക്കുകള്‍, ചിക്കാഗോ രൂപതയിലൂടെ അമേരിക്കയിലെ സീറോ മലബാര്‍ സമൂഹം നിറവേറ്റേണ്ട ദൈവപദ്ധതിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി. ചിക്കാഗോ രൂപതയുടെ വളര്‍ച്ചാവഴികള്‍ പങ്കുവെച്ചും രൂപതയുടെ സ്വന്തം വൈദികര്‍ക്ക് കാരണക്കാരായവര്‍ക്ക് നന്ദിയര്‍പ്പിച്ചും പൗരോഹിത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉദ്‌ബോധിപ്പിച്ചും ദൈവവിളിക്ക് നല്‍കേണ്ട പ്രാധാന്യത്തെക്കുറിച്ച് ഓര്‍മിപ്പിച്ചുമാണ് മാര്‍ ആലപ്പാട്ട് പ്രസ്തുത ദൈവനിയോഗം ദൈവജനത്തിലേക്ക് പകര്‍ന്നത്.

ലോകമെമ്പാടുമുള്ള സീറോ മലബാര്‍ സമൂഹത്തിനും അഭിമാന നിമിഷമാണിത്. സീറോ മലബാര്‍ സഭയുടെ ആദ്യത്തെ വിദേശ രൂപതയായ ചിക്കാഗോയ്ക്ക് സ്വന്തം വൈദികരെ ലഭിക്കുന്നു. ചിക്കാഗോ രൂപത ആരംഭിക്കുമ്പോള്‍ അഭിമുഖീകരിച്ച ചോദ്യങ്ങള്‍ അനവധിയായിരുന്നു. തനത് രൂപതയുടെ ആവശ്യമുണ്ടോ, അത് സാധ്യമാണോ എന്നിങ്ങനെ അനവധി ചോദ്യങ്ങള്‍. എന്നാല്‍ ദൈവത്തിന് എല്ലാം സാധ്യമാണ് എന്നതിന് തെളിവാണ് ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ച. അമേരിക്കയിലെ മറ്റേതൊരു രൂപതയേപ്പോലെ തലയുയര്‍ത്തി നില്‍ക്കുന്നു ഇന്ന് ചിക്കാഗോ രൂപത. അതാണ് ദൈവത്തിന്റെ പ്രവൃത്തി, നമുക്ക് ആനന്ദിക്കാം, അഭിമാനിക്കാം.

ഇവിടെ ജനിച്ചുവളരുന്ന പുതുതലമുറയില്‍നിന്നുള്ള പൗരോഹിത്യ സമര്‍പ്പിത ദൈവവിളികള്‍ അമേരിക്കയിലേക്ക് കുടിയേറിയ സഭാംഗങ്ങള്‍ക്കെല്ലാം പ്രതീക്ഷയുടെ കാഹളനാദമാകും. സീറോ മലബാര്‍ സീറോ മലബാര്‍ സമൂഹത്തിന് ഇക്കാര്യത്തില്‍ അഭിമാനിക്കാം. അമേരിക്കയിലെ സീറോ മലബാര്‍ സഭാവളര്‍ച്ചയെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തിയതിലുള്ള കൃതജ്ഞതാര്‍പ്പണം.

ആറു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന അമേരിക്കയിലെ സീറോ മലബാര്‍ കുടിയേറ്റ” നാള്‍വഴിയിലും പതിനെട്ടാം പിറന്നാളിലെത്തിയ ചിക്കാഗോ സെന്‍റ് തോമസ് രൂപതയുടെ വളര്‍ച്ചാവഴിയിലും ചരിത്രം കുറിച്ച പ്രഥമ പൗരോഹിത്യ സ്വീകരണം നവ്യാനുഭവംമാത്രമല്ല അവിസ്മരണീയ അനുഭവവുമായി. വൈദികരും സന്യസ്തരും ബിഷപ്പുമാരും ഉള്‍പ്പെടെയുള്ള നൂറുകണക്കിന് സഭാതനയരുടെ സാന്നിധ്യത്തിലായിരുന്നു ഡീക്കന്‍ കെവിന്‍ മുണ്ടക്കലിന്റെ പൗരോഹിത്യാഭിഷേകം. 1400ല്‍പ്പരം വിശ്വാസികളുടെ സാന്നിദ്ധ്യവും സുസ്രൂഷാ ചടങ്ങുകള്‍ക്ക് മാറ്റേകി.

ഭാരതത്തിന് വെളിയിലെ പ്രഥമ സീറോ മലബാര്‍ രൂപതയിലെ പ്രഥമ പൗരോഹിത്യാഭിഷേകം ലോകമെമ്പാടുമുള്ള സഭാംഗങ്ങളിലേക്ക് തത്സമയം എത്തിച്ച് ശാലോം മീഡിയയും ഈ ദൈവനിയോഗത്തില്‍ പങ്കുചേര്‍ന്നു.

അടുത്തമാസം ജൂണ്‍ 2ന് ഫ്‌ളോറിഡയിലെ റ്റാമ്പായില്‍ വച്ച് പൗരോഹിത്യം സ്വീകരിക്കുന്ന ഡീക്കന്‍ രാജീവ് വലിയവീട്ടിലിനെ കൂടാതെ ഒന്‍പതുപേര്‍ ചിക്കാഗോ രൂപതയ്ക്കുവേണ്ടി വൈദിക പരിശീലനം നടത്തുന്നുണ്ട്. രണ്ടുപേര്‍ സെമിനാരിയില്‍ ചേരാനുള്ള തയാറെടുപ്പിലുമാണ്.

ചിക്കാഗോ സീറോ മലബാര്‍ രൂപത സ്ഥാപിച്ചതിലൂടെ 17 വര്‍ഷംമുമ്പ് ആരംഭിച്ച വിശ്വാസത്തിന്റെ വിത്ത് വിതയ്ക്കല്‍ വിളവെടുപ്പിന്റെ നാളുകളിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. പ്രസ്തുത ദൈവവിളികള്‍ വെളിപ്പെടുത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ദൈവം ഉപകരണാക്കിയ എല്ലാവരെയും നന്ദിയോടെ ഓര്‍ക്കേണ്ട സമയംകൂടിയാണിത്. ഒന്നുമില്ലായ്മയില്‍നിന്ന് രൂപതയെ പടുത്തുയര്‍ത്തിയ മാര്‍ ജേക്കബ് അങ്ങാടിയത്തുമുതല്‍ രൂപതയിലെ വൈദിക സമൂഹവും ഡീക്കന്മാരുടെ കുടുംബാംഗങ്ങളുമല്ലാം ഇതിന് അര്‍ഹരാണെന്നും മാര്‍ ആലപ്പാട്ട് കൂട്ടിച്ചേര്‍ത്തു.

തിരുക്കര്‍മങ്ങള്‍ക്കുശേഷം മാര്‍ അങ്ങാടിയത്ത് ആശംസകള്‍ നേര്‍ന്നു. വൈദികശുശ്രൂഷയിലേക്ക് മകനെ നല്‍കിയ മാതാപിതാക്കള്‍ക്കും ഫാ. കെവിന്റെ ദൈവവിളിക്ക് പ്രചോദനവും പ്രോത്സാഹനവും ഏകിയവര്‍ക്കും നന്ദി പറഞ്ഞ അദ്ദേഹം, രൂപതയുടെ ഭാവിവാഗ്ദാനങ്ങളായ പുതുതലമുറയ്ക്ക് ദൈവാനുഗ്രഹങ്ങള്‍ നേര്‍ന്നാണ് വാക്കുകള്‍ ചുരുക്കിയത്.

ഫാ. കെവിന്‍ ബ്രോങ്ക്‌സ് സെന്റ് തോമസ് ഫൊറോന ഇടവകാംഗമാണെങ്കിലും ദൈവാലത്തിലെ സ്ഥലപരിമിതികളെ തുടര്‍ന്നാണ് പൗരോഹിത്യ സ്വീകരണവേദി സോമര്‍സെറ്റിലേക്ക് മാറ്റിയത്.

ബ്രോങ്ക്‌സ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയ ഇടവകാംഗവും, ചമ്പക്കുളം മുണ്ടക്കല്‍ കുടുംബാംഗമായ മുണ്ടക്കല്‍ ടോം – വത്സ ദമ്പതികളുടെ മൂന്ന് മക്കളില്‍ രണ്ടാമനാണ് കെവിന്‍. ജീസസ് യൂത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്രായന്‍, മാര്‍ട്ടിന്‍ എന്നിവരാണ് സഹോദരങ്ങള്‍.

പൗരോഹിത്യ സ്വീകരണ ചടങ്ങുകളില്‍പങ്കു ചേര്‍ന്ന് ചടങ്ങുകള്‍ വിജയപ്രദമാക്കിത്തീര്‍ത്ത എല്ലാ വിശ്വാസികള്‍ക്കും ആതിഥേയരായ സോമര്‍സെറ്റ് വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്‌സ് എല്ലാ ഇടവകാംഗങ്ങളെയുംആരിലുള്ള നന്ദി അറിയിച്ചു. പൗരോഹിത്യ സുസ്രൂഷകള്‍ക്കു ആതിഥേയത്വം വഹിച്ചു ശുശ്രൂഷ ചടങ്ങുകള്‍ വന്‍ വിജയമാക്കിതീര്‍ത്ത സോമര്‍സെറ്റ് ഇടവക സമൂഹത്തിന് ബ്രോങ്ക്‌സ് സെന്‍റ് തോമസ് സീറോ മലബാര്‍ ഇടവക വികാരി ഫാ. ജോസ് കണ്ടത്തിക്കുടി തന്റെ നന്ദിയും സ്‌നേഹവും അറിയിച്ചു ദൈവത്തിനു നന്ദി പറഞ്ഞു.

വൈദീക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ഫാ.കെവിന്‍ തന്റെ മറുപടി പ്രസംഗത്തില്‍ തന്റെ മാതാപിതാക്കളെ പ്രത്യേകം അഭിന്ദിക്കുകയും തന്നെ ദൈവശുസ്രൂഷാ പദവിയിലേക്കെത്തിക്കാന്‍ എല്ലാ വിധത്തിലും സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചതോടൊപ്പം തന്റെ മാതാപിതാക്കള്‍ക്ക് പ്രത്യേകം നന്ദിയും അറിയിച്ചു. മറ്റു മാതാ പിതാക്കളോടും തങ്ങളുടെ മക്കളെ വിശ്വാസത്തില്‍ കൂടുതല്‍ മുന്‍തൂക്കം നല്‍കുന്ന പരിശീലനം നല്‍കണമെന്നും, ദൈവ ശുസ്രൂഷക്കായി മക്കളെ അയക്കാന്‍ മടി കാണിക്കരുതെന്നും അപേക്ഷിച്ചു.

പൗരോഹിത്യ സ്വീകരണ ചടങ്ങുകള്‍ക്ക് ശേഷം കൈമുത്തല്‍ ചടങ്ങിലും, സ്‌നേഹ വിരുന്നിലും പങ്കെടുത്ത ശേഷമാണ് വിശ്വാസികള്‍ മടങ്ങിയത്.

http://www.stthomassyronj.org

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം