ഫോര്‍ട്ട് വര്‍ത്ത് പോലീസ് ഓഫീസര്‍ വെടിയേറ്റു മരിച്ചു

ഫോര്‍ട്ട് വര്‍ത്ത് (ഡാളസ്): ആയുധധാരികളായ കവര്‍ച്ചക്കാരുമായുണ്ടായ ഏറ്റുമുട്ടലിനിടയില്‍ പോലീസ് ഓഫീസര്‍ ഗാരറ്റ് ഹള്‍ വെടിയേറ്റു മരിച്ചു. സെപ്റ്റംബര്‍ 14-നു വെള്ളിയാഴ്ച രാവിലെ ബിസിഡന്‍ സ്ട്രീറ്റിലുള്ള ലോസ് വാക്വസെ ബാറിനു പുറത്തുവച്ചായിരുന്നു സംഭവം.

ബാറിനകത്തു കവര്‍ച്ച നടത്തിയശേഷം പുറത്തേക്ക് ഓടിയ മൂന്നു പേര്‍ എസ് യുവിയില്‍ കയറുന്നതിനിടെ, തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ ഡസിയര്‍ സ്റ്റെപ്‌റ്റോ (23) എന്ന അക്രമിയാണ് ഓഫീസര്‍ക്കു നേരേ നിറയൊഴിച്ചത്. ഇതിനിടയില്‍ സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു പോലീസ് ഓഫീസര്‍ അക്രമിയെ വെടിവച്ചു കൊന്നു. ഗാരറ്റിനു 17 വര്‍ഷത്തെ സര്‍വീസുണ്ടായിരുന്നു. ഡ്യൂട്ടിക്കിടയില്‍ മരിക്കുന്ന 58-മത്തെ ഫോര്‍ട്ട് വര്‍ത്ത് പോലീസ് ഓഫീസറാണ് ഗാരറ്റ്.

പ്രതിയുടെ കൂടെയുണ്ടായിരുന്ന ശാമുവേല്‍ മെഫില്‍ഡ് (23), തിമോത്തി ഹഫ് (33) എന്നിവരെ പിടികൂടി ജയിലിലടച്ചു. ഇവര്‍ക്കെതിരേ വധശ്രമത്തിനു കേസെടുത്തതായി പോലീസ് അറിയിച്ചു. നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതികളാണ് മൂന്നുപേരും.

പി.പി. ചെറിയാന്‍

ഹിന്ദു ദേശീയത ഇന്ത്യയില്‍ രാഷ്ട്രീയ ശക്തിയായി ഉയരുന്നു

വാഷിംഗ്ടണ്‍ : ഇന്ത്യയില്‍ ഹിന്ദു ദേശീയത സമീപ കാലങ്ങളില്‍ രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നുവരുന്നതായി യുഎസ് കണ്‍ഗ്രഷനല്‍ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇന്ത്യയുടെ മതേതരത്വ സ്വഭാവത്തിന് നേരെ ഉയരുന്ന വലിയൊരു ഭീഷിണിയാണിതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.

യുഎസ് കോണ്‍ഗ്രസിലെ ഇരുപാര്‍ട്ടികളുടേയും സ്വതന്ത്ര ഗവേഷണ വിഭാഗമായ കണ്‍ഗ്രഷണല്‍ റിസേര്‍ച്ച് സര്‍വ്വീസ് (സിആര്‍എസ്) 2018 ഓഗസ്റ്റില്‍ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്കു സെപ്റ്റംബര്‍ 13 വ്യാഴാഴ്ച വിതരണം ചെയ്തതിലാണ് യുഎസ് കോണ്‍ഗ്രസിന്റെ ആശങ്ക പ്രകടമാക്കിയിരിക്കുന്നത്.

ചില സംസ്ഥാനങ്ങളില്‍ നിലവിലുള്ള മതപരിവര്‍ത്തനത്തിന് എതിരായ നിയമങ്ങളും ഗോ സംരക്ഷണ നിയമങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. ഭൂരിപക്ഷ വിഭാഗങ്ങളുടെ അക്രമ പ്രവര്‍ത്തനങ്ങളും ഇന്ത്യയില്‍ വര്‍ധിച്ചുവരുന്നു. മതേതര ഇന്ത്യയില്‍ ചില സര്‍ക്കാര്‍ ഇതര സംഘടനകള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ പോലും നിഷേധിക്കുന്നതായും ഭരണ ഘടനാവാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

സെപ്റ്റംബര്‍ ആറിന് ഡല്‍ഹിയില്‍ നടന്ന ഇന്‍ഡോ– യുഎസ് 2+2 ചര്‍ച്ചകള്‍ക്കു മുമ്പ് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കു വേണ്ടി സൗത്ത് ഏഷ്യന്‍ സ്‌പെഷ്യലിസ്റ്റ് അലന്‍ കോണ്‍സ്റ്റഡത്ത് ആണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയത്.

വന്‍ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ബിജെപി ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിനു നേരെ ഉയര്‍ത്തിയിരിക്കുന്ന ഭീഷിണി യുഎസ്–ഇന്ത്യ ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഈ വിഷയം ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഫ്‌ളോറന്‍സ് ചുഴലിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

നോര്‍ത്ത് കരോളൈന: വെള്ളിയാഴ്ച രാവിലെ മുതല്‍ വീശിയടിച്ച ഫ്‌ലോറന്‍സ് കൊടുങ്കാറ്റില്‍ നോര്‍ത്ത് കരോളൈനയില്‍ മാതാവും കുഞ്ഞും ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. റ്റാര്‍ ഹീല്‍ സ്റ്റേറ്റില്‍ നിന്നും സൗത്ത് കരോളൈനിയെ ലക്ഷ്യമാക്കി ഫ്‌ലോറന്‍സ് നീങ്ങികൊണ്ടിരിക്കയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വില്‍മിംഗ്ടണില്‍ ഉണ്ടായ അതിശക്തമായ കാറ്റില്‍ മരം വീണാണ് മാതാവും കുഞ്ഞും മരിച്ചത്. കുഞ്ഞിന്റെ പിതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.വെള്ളിയാഴ്ച വൈകിയതോടെ 788916 വീടുകളില്‍ വൈദ്യുത ബന്ധം തകരാറിലായി. പലവീടുകളിലും വെള്ളം കയറിയതിനാല്‍ താമസയോഗ്യമല്ലാതായിട്ടുണ്ട്.

വില്‍മിംഗ്ടണ്‍ എയര്‍ പോര്‍ട്ടില്‍ 105 മൈല്‍ വേഗതയില്‍ കാറ്റടിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നോര്‍ത്ത് കരോളൈനയിലെ ന്യൂക്ലിയര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചു. 40 ഇഞ്ചു വരെ മഴ ലഭിച്ചതായി അധികൃതര്‍ പറയുന്നു.കടല്‍ തീരങ്ങളിലുള്ളവര്‍ അഭയകേന്ദ്രങ്ങളില്‍ എത്തണമെന്നും, വാഹനത്തില്‍ സഞ്ചരിക്കുന്നതു ഒഴിവാക്കണമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

സൗത്ത് കരോളൈനയില്‍ എത്തുമ്പോള്‍ ഫ്‌ലോറന്‍സിന്റെ ശക്തി കുറഞ്ഞു ഒഹായൊവെസ്റ്റ് വെര്‍ജീനിയ സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കുമെന്നും ജാഗ്രതാ നിര്‍ദേശം നല്‍കി. പലവിമാനത്താവളങ്ങളുടേയും പ്രവര്‍ത്തനം താറുമാറായിട്ടുണ്ട്.

പി.പി. ചെറിയാന്‍

ഉഴവൂര്‍ പിക്‌നിക്ക് അവിസ്മരണീയമായി

ചിക്കാഗോ: സൗഹൃദ സ്മരണകള്‍ തൊട്ടുണര്‍ത്തി ഉഴവൂര്‍ പിക്‌നിക്ക് അവിസ്മരണീയമായി. ഷിക്കാഗോ: ഉഴവൂരും സമീപപ്രദേശങ്ങളില്‍ നിന്നുമായി ഷിക്കാഗോയില്‍ വസിക്കുന്ന പ്രവാസി മലയാളികളുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 8 ശനിയാഴ്ച രാവിലെ നടന്ന പിക്‌നിക് സംഗമത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. ഡെസ്‌പ്ലെയിന്‍സ് വില്ലേജിലുള്ള ലയണ്‍സ് വുഡ് പാര്‍ക്കില്‍ വച്ച് നടത്തിയ പിക്‌നിക്കില്‍ മുഖ്യാതിഥിയായി എത്തിയ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ജോസ് തോമസ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

കോളേജ് അലുമിനി അസോസിയേഷന്‍ പ്രസിഡന്‍റ് ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് തദവസരത്തില്‍ ആശംസ പ്രസംഗം നടത്തി.കുട്ടികളുടെ മിഠായി പെറുക്കലോടുകൂടി തുടക്കമിട്ട പിക്‌നിക്കില്‍ യുവജനങ്ങള്‍ക്കായി നിരവധി കായിക മത്സരങ്ങള്‍ ഒരുക്കിയിരുന്നു. തല്‍സമയം പാചകം ചെയ്‌തെടുത്ത ആഹാര ക്രമീകരണങ്ങളും, നര്‍മ്മരസം കലര്‍ന്ന കളിചിരികളുമായി ഏവരും ഒത്തുചേരല്‍ ആസ്വാദകരമാക്കി. ജന്മനാടിന്റെ ഗൃഹാതുര സ്മരണകള്‍ തൊട്ടുണര്‍ത്തി ഏവരിലും സൗഹൃദത്തിന്റെ ആവേശം ജനിപ്പിച്ച ഈ സംഗമത്തിന് ഷിക്കാഗോയുടെ വിവിധ സബേര്‍ബുകളില്‍ നിന്നുമായി നൂറുകണക്കിനു ഉഴവൂര്‍ക്കാര്‍ ഒന്നിച്ചുകൂടിയത് ഏറെ തിളക്കമായി.

കാലാകാലങ്ങളായി ഉഴവൂര്‍ പിക്‌നിക് സംഗമത്തിലെ സജീവ പ്രവര്‍ത്തകരും നിറസാന്നിധ്യവും ആയിരുന്ന കാരാപ്പള്ളില്‍ കുര്യന്‍ സാറിന്റെയും കരമാലി മത്തായിടെയും വേര്‍പാടിന്റെ ദുഃഖവും സ്മരണയും പങ്കുവെച്ച് കൊണ്ട് സംഗമത്തിന്റെ മുഖ്യസംഘാടകന്‍ ബെന്നി കാഞ്ഞിരപാറ സംസാരിക്കുകയും ഏവര്‍ക്കും നന്ദി പറയുകയും ചെയ്യുതു. സൈമണ്‍ ചക്കാലപടവില്‍, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, സാബു നടുവീട്ടില്‍, ബെന്നി പടിഞ്ഞാറേല്‍, സാബു ഇലവുങ്കല്‍, മനോജ് അമ്മായികുന്നേല്‍, അബി കീപാറയില്‍, അജീഷ് കാരപ്പള്ളി. എന്നിവരുടെ നേതൃത്വത്തില്‍ പരിപാടികളുടെ വിജയത്തിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി. കൂടുതല്‍ ചിത്രങ്ങള്‍ക്ക്: https://photos.app.goo.gl/soaim8dS8GqsLzuy8

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ചിക്കാഗോ കൈരളി ലയണ്‍സിന് ഹാട്രിക്കോടെ ഉജ്ജ്വലവിജയം

ചിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ മലയാളി വോളിബോള്‍ രംഗത്ത് പുതിയ അധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് 13-ാമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് തിരശ്ശീല വീഴുമ്പോള്‍ ചിക്കാഗോ കൈരളി ലയണ്‍സിന്റെ ചുണക്കുട്ടന്മാര്‍ ഹാട്രിക്കോടെ എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയെ നെഞ്ചോട് ചേര്‍ത്ത് മുത്തമിട്ടു.

അവസാന നിമിഷം വരെ കാണികളുടെ നെഞ്ചിടിപ്പു കൂട്ടിയ ഫൈനലില്‍ ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് ശക്തരായ താമ്പ ടൈഗേഴ്‌സിനെയാണ് പരാജയപ്പെടുത്തിയത്.

ചിക്കാഗോ ഉള്‍പ്പെടെ പല സ്റ്റേറ്റുകളില്‍ നിന്നായി ആയിരക്കണക്കിന് വോളിബോള്‍ പ്രേമികള്‍ ആണ് ഈ അവിസ്മരണീയ നിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ എത്തിയത്.

ടൂര്‍ണമെന്റിന്റെ ങ.ഢ.ജ. ആയി തെരഞ്ഞെടുത്തത് ചിക്കാഗോ കൈരളി ലയണ്‍സിന്റെ നിഥിന്‍ തോമസാണ്. ബെസ്റ്റ് ലിബറോ മെറിള്‍ മംഗലശ്ശേരില്‍ (കൈരളി ലയണ്‍സ്), ബെസ്റ്റ് സെറ്റര്‍ ഷോണ്‍ പണയപറമ്പില്‍ (കൈരളി ലയണ്‍സ്), ബെസ്റ്റ് ഒഫന്‍സ് ‘ടിബിള്‍ തോമസ് (താമ്പ ടൈഗേഴ്‌സ്) എന്നിവരാണ്.

ചിക്കാഗോ കൈരളി ലയണ്‍സിന്റെ ഈ ഉജ്ജ്വലവിജയത്തിന് ചുക്കാന്‍ പിടിച്ചത് കൈരളി ലയണ്‍സിന്റെ കോച്ച് സിബി കദളിമറ്റമാണെന്ന് ക്യാപ്റ്റന്‍ റിന്റു ഫിലിപ്പ് പറഞ്ഞു.

അമേരിക്കന്‍ മലയാളി വോളിബോളിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിച്ചവരില്‍ മുഖ്യനായിരുന്ന ശ്രീ. എന്‍.കെ. ലൂക്കോസിന്റെ ആകസ്മികമായ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി വര്‍ഷംതോറും അമേരിക്കയിലെ പല സ്റ്റേറ്റുകളിലായി നടത്തി വരുന്ന വോളിബോള്‍ ടൂര്‍ണമെന്റിന് ഫാ. ജോയി ചക്കിയാന്റെയും മാത്യു ചെരുവിലിന്റെയും നേതൃത്വത്തില്‍ വിപുലമായ ഒരു കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡെട്രോയിറ്റ് ആതിഥേയത്വം അരുളി.

എന്‍.കെ. ലൂക്കോസ് നടൂപ്പറമ്പില്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ ആശീര്‍വ്വാദത്തോടു കൂടി ഡെട്രോയിറ്റ് ഈഗിള്‍സ് വോളിബോള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ Elite Sports Plex വോളിബോള്‍ സ്റ്റേഡിയത്തില്‍ വച്ചാണ് ടൂര്‍ണമെന്റ് നടത്തപ്പെട്ടത്.
മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

കേരളത്തിന് മാസ്ക് അപ്‌സ്റ്റേറ്റ് ദുരിതാശ്വാസനിധി അയയ്ക്കുന്നു

സൗത്ത് കരോലിന: മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോലിന (മാസ്ക്) അപ്‌സ്റ്റേറ്റ് കേരളത്തിലെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച ഏഴര ലക്ഷത്തോളം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാന്‍ തീരുമാനിച്ചു. ഈ ഫണ്ട് സമാഹരണത്തിനു സഹായ ഹസ്തമേകിയ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഗ്രീന്‍വില്‍ (ഐ.എ.ജി) പ്രസിഡന്റ് സിമ മാത്തൂര്‍, തെലുങ്ക് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഗ്രീന്‍വില്‍ (ടി.എ.ജി.ജി) വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍ കെ. പള്ളത്ത്, ഗ്രീന്‍വില്‍ തമിഴ് സംഘം (ജി.ടി.എസ്) പ്രസിഡന്റ് പ്രസന്ന, വേദിക് സെന്റര്‍ പ്രസിഡന്റ് ജനക് ദേശായി എന്നിവര്‍ക്ക് അവരുടെ സംഘടനയിലെ അംഗങ്ങളുടെ എല്ലാവിധ സഹായ സഹകരണങ്ങള്‍ക്കും മാസ്ക് പ്രസിഡന്റ് സേതു നായര്‍ നന്ദി അറിയിച്ചു.

മാസ്ക് അപ്‌സ്റ്റേറ്റ് അംഗങ്ങളായ ദില്‍രാജ് ത്യാഗരാജന്‍, അനീഷ് കുമാര്‍, അനീഷ് രാജേന്ദ്രന്‍, പദ്മകുമാര്‍ പുത്തില്ലത്ത്, അബിന്‍ കൃഷ്ണന്‍ എന്നിവരാണ് ഈ ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ എല്ലാ സുമനസ്സുകള്‍ക്കും സേതു നായര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനം നവംബര്‍ മൂന്നിന്

ചിക്കാഗോ: ചിക്കാഗോയിലെ ജനങ്ങള്‍ക്ക് എല്ലായ്‌പ്പോഴും പ്രയോജനകരമായ നേട്ടം കാഴ്ചവെയ്ക്കുന്ന സംഘടനയായ ഇല്ലിനോയി മലയാളി അസോയിഷന്‍ അതിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നവംബര്‍ മൂന്നിനു ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഡസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ (1800 W Oakton ST) വച്ചു നടത്തും. കേരളപ്പിറവി ദിനത്തിന്റെ ആഘോഷങ്ങളും അന്നേദിവസം അരങ്ങേറും.

പ്രസിഡന്റ് ജോര്‍ജ് പണിക്കരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് നടത്താനിരിക്കുന്ന പരിപാടികളുടെ കരട് രേഖകളും തയാറാക്കി.

വെള്ളപ്പൊക്ക കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ സംഘടന സ്വരൂപിച്ച എട്ടു ലക്ഷത്തില്‍ അധികം രൂപയുടെ സഹായം അര്‍ഹിക്കുന്നവരെ കണ്ടെത്തി പ്രയോജനകരമായ രീതിയില്‍ വിതരണം ചെയ്യണമെന്നു യോഗം അഭിപ്രായപ്പെട്ടു. “അമ്മയ്‌ക്കൊപ്പം ഐ.എം.എ’ എന്ന പദ്ധതിയിലൂടെയാണ് ഇത്രയും പണം സ്വരൂപിക്കാനായത്.

പരമ്പരാഗതമായി സംഘടന നടത്തിവരുന്ന യുവജനോത്സവം -2019 ഏപ്രില്‍ മാസം 27-നു നടത്തുന്നതായിരിക്കും. സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന യുവജനങ്ങളെ യുവജനോത്സവങ്ങളിലൂടെ വളര്‍ത്തിയെടുക്കുന്നതില്‍ ഐ.എം.എയ്ക്ക് ഒരു പ്രമുഖ സ്ഥാനമുണ്ടെന്നും യോഗം വിലയിരുത്തി.

സംഘടന പുതുതായി ആരംഭിക്കുന്ന “ബി എ ലീഡര്‍’ (BE A LEADER) എന്ന പദ്ധതിയെപ്പറ്റിയും സമഗ്രമായ ചര്‍ച്ചകള്‍ നടന്നു. അമേരിക്കയിലും ചിക്കാഗോയുടെ വിവിധ പ്രദേശങ്ങളിലും തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യക്കാരും, മലയാളികളുമായിട്ടുള്ളവരുടെ ഡേറ്റാ കളക്ട് ചെയ്യും. രാഷ്ട്രീയമായി നമുക്ക് മുന്നേറാന്‍ വില്ലേജ്, സിറ്റി. സ്റ്റേറ്റ് ഫെഡറല്‍ തലങ്ങളില്‍ മത്സരിക്കാന്‍ തയാറുള്ളവരെ കണ്ടെത്തി, മറ്റു സംഘടനകളുടെകൂടെ സഹകരണത്തില്‍ ഐ.എം.എയുടെ നേതൃത്വത്തില്‍ അവരെ സഹായിക്കാന്‍ ഉതകുന്ന പദ്ധികള്‍ക്കാണ് രൂപകല്‍പ്പന നല്‍കിയിരിക്കുന്നത്. ഈ പദ്ധതിയുടെ നടത്തിപ്പിനായി സിബി ആലുംപറമ്പില്‍ കണ്‍വീനറായി ജോര്‍ജ് മാത്യുസ്, അനില്‍കുമാര്‍ പിള്ള, പോള്‍ പറമ്പി, ജെയ്ബു കുളങ്ങര, സിറിയക് കൂവക്കാട്ടില്‍ എന്നിവര്‍ അംഗങ്ങളായ ഒരു കമ്മിറ്റിക്കും രൂപംനല്‍കി.

നവംബര്‍ 3-ന് നടത്തുന്ന കേരളപ്പിറവി, പ്രവര്‍ത്തനോദ്ഘാടനം എന്നിവകളുടെ നടത്തിപ്പിനായി മറിയാമ്മ പിള്ളയുടെ നേതൃത്വത്തില്‍ റോയി മുളകുന്നം, ഷാനി ഏബ്രഹാം, ചന്ദ്രന്‍പിള്ള, വന്ദന മാളിയേക്കല്‍, ജോയി പീറ്റര്‍ ഇണ്ടിക്കുഴി, ജെസി മാത്യു, കുര്യന്‍ തുരുത്തിക്കര, ബേസില്‍ പെരേര, തോമസ് ജോര്‍ജ്, ഏബ്രഹാം ചാക്കോ, സാം ജോര്‍ജ് എന്നിവര്‍ കമ്മിറ്റി അംഗങ്ങളായി വിപുലമായ പ്രവര്‍ത്തക സമിതിയും രൂപീകരിച്ചു. ഇല്ലിനോയി മലയാളി അസോസിയേഷനില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ മുകളില്‍ പറഞ്ഞ വ്യക്തികളുമായി ബന്ധപ്പെടേണ്ടതാണ്.

ഗാനമേള, ഡാന്‍സ്, ഡിന്നര്‍ എന്നിങ്ങനെ വിപുലമായ പരിപാടികളാണ് നവംബര്‍ മൂന്നിനു വേണ്ടി തയാറാക്കുന്നതെന്നു കണ്‍വീനറും മുന്‍ ഫൊക്കാന പ്രസിഡന്റുമായ മറിയാമ്മ അഭിപ്രായപ്പെട്ടു.

ജോയിച്ചന്‍ പുതുക്കുളം

ഏബ്രഹാം സക്കറിയ (ജോയി സാര്‍, 86) നിര്യാതനായി

മണര്‍കാട്: വെട്ടിക്കുന്നേല്‍ ഏബ്രഹാം സക്കറിയ (ജോയി സാര്‍, 86) നിര്യാതനായി. മണര്‍കാട് സെന്റ് മേരീസ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍, സെന്റ് മേരീസ് കോളേജ് സെക്രട്ടറി, സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂള്‍ സെക്രട്ടറി, വടവാതൂര്‍ ക്ഷീര വ്യവസായസംഘം ദീര്‍ഘകാലം പ്രസിഡന്റ്, കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സെക്രട്ടറി, അദ്ധ്യാപക ബാങ്ക് ഡയറക്ടര്‍ ബോഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭൗതികശരീരം ചൊവ്വാഴ്ച (9/18/18) 2 മണിക്ക് ഭവനത്തില്‍ ശുശ്രൂഷകള്‍ക്ക് ശേഷം 3 മണിക്ക് അഭിവന്ദ്യ പൗലോസ് മോര്‍ ഐറേനിയസ് മെത്രപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍.

ഭാര്യ അരീപ്പറമ്പ് പുത്തന്‍പുരയില്‍ അച്ചാമ്മ ഏബ്രഹാം. (മണര്‍കാട് ഗവ. എല്‍. പി. സ്കൂള്‍ മുന്‍ അദ്ധ്യാപിക). മക്കള്‍: വിനോദ് ഏബ്രഹാം (യു. എസ്. എ.), മനോജ് ഏബ്രഹാം, വിനീത ഏബ്രഹാം. (യു. എസ്. എ), മരുമക്കള്‍: ചെങ്ങരൂര്‍ ചാമത്തില്‍ സൂസന്‍ ഏബ്രഹാം (യു.എസ്.എ), മുണ്ടക്കയം പള്ളത്തുശ്ശേരില്‍ ബിന്ദു ഏബ്രഹാം, കുമരകം തുണ്ടത്തില്‍ ഏബി ഏബ്രഹാം.

ജോയിച്ചന്‍ പുതുക്കുളം

സഹായവുമായി ഫോമ വീണ്ടും രംഗത്ത്

പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് ആദ്യ ഗഡുക്കളായ ഭക്ഷണം, വെള്ളം, വസ്ത്രം, മരുന്നുകള്‍ എന്നീ സഹായവുമായി പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തില്‍ ഫോമ കേരളത്തിലെ വെള്ളപ്പൊക്ക ദുരന്തത്തില്‍ കര്‍മ്മനിരതരായി മുന്നില്‍ നിന്നിരുന്നു.

ഭവനം നഷ്ടപ്പെട്ട നിരാലംബരായവര്‍ക്ക് സഹായ ഹസ്തവുമായി വീണ്ടും ഫോമ രംഗത്ത്. 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനുള്ള പദ്ധതിയാണ് അടുത്തത്.

പ്രസ്തുത സംരംഭത്തിലേക്ക് എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി ഫോമ വെസ്റ്റേണ്‍ റീജിയന്‍ അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

മുതിർന്ന മാധ്യമപ്രവർത്തകൻ എ.ജെ.ഫിലിപ്പിന് ഹൂസ്റ്റണിൽ സ്വീകരണം – സെപ്തംബർ 30നു ഞായറാഴ്ച

ഹൂസ്റ്റൺ :ഹൃസ്വസന്ദര്ശനാർത്ഥം ഹൂസ്റ്റണിൽ എത്തിച്ചേരുന്ന മുതിർന്ന പത്രപ്രവർത്തകൻ എ.ജെ.ഫിലിപ്പിനു ഹൂസ്റ്റണിൽ സ്വീകരണം ഒരുക്കുന്നു. ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെയും (IAPC) ഹൂസ്റ്റൺ റാന്നി അസ്സോസിയേഷന്റെയും (HRA) സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണം ഒരുക്കിയിട്ടുള്ളത്.

സെപ്തംബർ 30നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സ്റ്റാഫോർഡിലുള്ള ഡെലിഷ്യസ് കേരളം കിച്ചൻ റെസ്റ്റോറന്റിലാണ്‌ (732, Murphy Road, Stafford, Texas 77477) സമ്മേളനം.

ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലിപ്പ് ഇന്ത്യയിലെ പ്രമുഖ പത്രങ്ങളിൽ സ്ഥിരമായി എഴുതുന്ന ഒരു പ്രമുഖ കോളമിസ്റ്റാണ്. ഇന്ത്യൻ എക്സ്പ്രസ്സ്, ലോക്മാത് ടൈംസ് എന്നീ ദിനപത്രങ്ങളിൽ എഡിറ്റോറിയൽസ് എഴുതുന്ന ഇദ്ദേഹം ഇന്ത്യയിലെ പ്രമുഖ വാരാന്ത്യ പത്രമായ ‘ഇന്ത്യൻ കറന്റ്’ വീക്കിലിയിൽ കഴിഞ്ഞ 25 വര്ഷമായി പ്രത്യേക കോളം എഴുതി വരുന്നു.

45 വര്ഷങ്ങളായി മാധ്യമരംഗത്തു പ്രവർത്തിക്കുന്ന ഇദ്ദേഹം 1973ൽ ഇന്ത്യ പ്രസ് ഏജൻസിയിൽ (IPA) കൂടി മാധ്യമ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. സെർച്ച് ലൈറ്റ് (പാട്ന) , ദി ഹിന്ദുസ്ഥാൻ ടൈംസ് (ഡൽഹി), ഇന്ത്യൻ എക്സ്പ്രസ്സ് (ഡൽഹി), ദി ട്രൈബ്യുണ് (ചണ്ഡീഗഡ്) തുടങ്ങിയ പത്രങ്ങളിൽ എഡിറ്റോറിയൽ രംഗത്തു ഉന്നത പദവികൾ വഹിച്ചു.

നോബൽ പുരസ്‌കാര ജേതാവ് അമർത്യാ സെൻ സ്ഥാപിച്ച പ്രടിച്ചി (ഇന്ത്യ) ട്രസ്റ്റിന്റെ സ്‌ഥാപക ഡയറക്ടറാണ്. ഫ്രീലാൻസ് റിപ്പോർട്ടർ എന്ന നിലയിൽ ഇന്ത്യയിലെ നിരവധി മുഖ്യധാര പത്രങ്ങളിലും മാസികകളിലും ആനുകാലിക ലേഖനങ്ങൾ എഴുതി ശ്രദ്ധേയനായ ഇദ്ദേഹം ഓൾ ഇന്ത്യ റേഡിയോയിൽ മലയാളം ന്യൂസ് റീഡർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മാർത്തോമാ സഭയുടെ ഔദ്യോഗിക മുഖപത്രമായ മലങ്കര സഭാ താരകയുടെ എഡിറ്റോറിയൽ ബോർഡ്അംഗം, ഫരീദാബാദ് ധർമ്മജ്യോതി വിദ്യാപീത് ഗവേർണിംഗ്‌ ബോർഡ്അംഗം, ഇന്ത്യ പ്ലാനിംഗ് കമ്മീഷൻ അസ്സസ്മെന്റ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചു.

സാമൂഹ്യ സാമ്പത്തിക വിദ്യാഭാസ രംഗങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനു വേണ്ടി ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ദീപാലയ’ എന്ന സംഘടനയുടെ സെക്രട്ടറിയായും ഹോണറേറി ചീഫ് എക്സിക്യൂട്ടീവും ആയും പ്രവർത്തിച്ചു വരുന്നു.

കായംകുളം സ്വദേശിയായ ഇദ്ദേഹത്തിന്റെ മാതാവ് റാന്നി തോട്ടമൺ പുളിക്കൽ കുടുംബാംഗമാണ്. റാന്നി എം.എസ്‌. ഹൈസ്കൂൾ പൂർവവിദ്യാർത്ഥിയാണ് ഇദ്ദേഹം.
ഈ മുതിർന്ന മാധ്യമ പ്രവർത്തകനെ പരിചയപെടുന്നതിനും പ്രഭാഷണം ശ്രവിക്കുനതിനും ഏവരെയും സമ്മേളനത്തിലേക്ക്‌ സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്;

സി.ജി. ഡാനിയേൽ – 832 641 7119
ജീമോൻ റാന്നി – 407 718 4805
റോയ് തോമസ് – 832 768 2860
ജിൻസ് മാത്യു കിഴക്കേതിൽ – 832 278 9858