കുട്ടികളുടെ നാടക പഠന ക്യാംപ് കലക്കൂട്ടത്തിനു തുടക്കമായി

മാവേലിക്കര നരേന്ദ്ര പ്രസാദ് സ്മാരക നാടക പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള കുട്ടികളുടെ നാടക പഠന ക്യാംപ് കലക്കൂട്ടത്തിനു പല്ലാരിമംഗലത്ത് ഗവേഷണ കേന്ദ്രം ഓഡിറ്റോറിയത്തില്‍ തുടക്കമായി. സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം ഉദ്ഘാടനം ചെയ്തു. പഠന കേന്ദ്രം ചെയർമാൻ ഫ്രാൻസിസ് ടി.മാവേലിക്കര അധ്യക്ഷത വഹിച്ചു. തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഷൈല ലക്ഷ്മണൻ, പഠന കേന്ദ്രം സെക്രട്ടറി എൻ.റൂബിരാജ്, വൈസ് ചെയർമാൻ കോശി അലക്സ്, ക്യാംപ് ഡയറക്ടർ പ്രേംവിനായക്, പഠന കേന്ദ്രം അംഗങ്ങളായ പ്രഫ.സുകുമാര ബാബു, ശശികുമാർ, രാജേന്ദ്രക്കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. ഇന്നു (24) രാവിലെ ഒൻപതിനു കഥകളിയുടെരാവ് മധുവാരണാസി ഉദ്ഘാടനം ചെയ്യും. രണ്ടിനു കളിയൊരുക്കം, നാലിനു മുഖാമുഖം സുനിൽ ഡി.കുരുവിള ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം 28നു വൈകിട്ടു നാലിനു ആർ.രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. പഠന കേന്ദ്രം വൈസ് ചെയർമാൻ കോശി അലക്സ് അധ്യക്ഷത വഹിക്കും. പ്രമോദ് പയ്യന്നൂർ സമ്മാനദാനം നടത്തും.

മല്ലപ്പള്ളി സംഗമത്തിന് പുതിയ നേതൃത്വം

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ താമസിക്കുന്ന മല്ലപ്പള്ളി നിവാസികളുടെ സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന് പുതിയ നേതൃത്വം. ചാക്കോ നൈനാന്‍(പ്രസിഡന്റ്), സിജോ ജോയി(വൈസ് പ്രസിഡന്റ്), റെസ്ലി മാത്യു(സെക്രട്ടറി), ഷൈനി ഉമ്മന്‍(ജോയിന്റ് സെക്രട്ടറി), സെന്നി (Senny), ഉമ്മന്‍(ട്രഷറര്‍), കമ്മറ്റി അംഗങ്ങളായി ജോണ്‍സി, കുര്യന്‍ കുര്യന്‍, ജെസി ചാക്കോ, തോമസ് ഈപ്പന്‍, (ലാലച്ചന്‍), തോമസ് മാത്യു(ഷാജി) എന്നിവരെയും തെരഞ്ഞെടുത്തു.

മല്ലപ്പള്ളി സംഗമത്തിന്റെ കാരുണ്യത്തിന്റെ കരസ്പര്‍ശമായ വിദ്യാഭ്യാസ ധനസഹായ പദ്ധതിയുടെ ഈ വര്‍ഷത്തെ ധനസഹായം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മല്ലപ്പള്ളി താലൂക്കിലെ BSC Nursing വിദ്യാര്‍ത്ഥികളായ ജോമോള്‍ പി.ഫ്രാന്‍സ്, മെലിന്‍ മാത്യുവിനുള്ള ധനസഹായം അമേരിക്ക സന്ദര്‍ശിച്ച പി.എം. ചാക്കോ പാലയ്ക്കാമണ്ണിനെ ഏല്‍പ്പിച്ചതായി പ്രസിഡന്റ് ചാക്കോ നൈനാന്‍ അറിയിച്ചു.

ജീമോന്‍ റാന്നി

ഫാമിലി കോണ്‍ഫറന്‍സ് ഘോഷയാത്രയുടെ ഡ്രസ് കോഡ്

ന്യൂയോര്‍ക്ക്: കലഹാരി റിസോര്‍ട്ടില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്‍റെ ഒന്നാം ദിവസം നടക്കുന്ന ഘോഷയാത്രയ്ക്കുള്ള ഡ്രസ് കോഡ് തയ്യാറായതായി ഈ കമ്മിറ്റിയുടെ കോഓര്‍ഡിനേറ്റര്‍മാരായ രാജന്‍ പടിയറ, ജോണ്‍ വറുഗീസ് എന്നിവര്‍ അറിയിച്ചു. അഞ്ച് മേഖലകളായി തിരിച്ചാണ് ക്രമീകരണം.

വിശദമായ വിവരങ്ങള്‍:

മേഖല 1 – ലോംഗ് ഐലന്‍ഡ്/ ക്വീന്‍സ്/ ബ്രൂക്ലിന്‍:
സ്ത്രീകളും പെണ്‍കുട്ടികളും:- മറൂണ്‍ സാരി അഥവാ ചുരിദാര്‍
പുരുഷന്‍മാരും ആണ്‍കുട്ടികളും:-കറുത്ത പാന്‍റ്, വെള്ള ഷര്‍ട്ട്, മറൂണ്‍ ടൈ

മേഖല 2- റോക്ക്ലാന്‍റ്/അപ്സ്റ്റേറ്റ് ന്യൂയോര്‍ക്ക്/ ബോസ്റ്റണ്‍/ കണക്ടിക്കട്ട്/ കാനഡ:
സ്ത്രീകളും പെണ്‍കുട്ടികളും:- നീല സാരി അഥവാ ചുരിദാര്‍
പുരുഷന്‍മാരും ആണ്‍കുട്ടികളും:-കറുത്ത പാന്‍റ്, വെള്ള ഷര്‍ട്ട്, നീല ടൈ

മേഖല 3- ന്യൂജേഴ്സി/ സ്റ്റാറ്റന്‍ ഐലന്‍ഡ്:
സ്ത്രീകളും പെണ്‍കുട്ടികളും:- ചുവപ്പ് സാരി അഥവാ ചുരിദാര്‍
പുരുഷന്‍മാരും ആണ്‍കുട്ടികളും:-കറുത്ത പാന്‍റ്, വെള്ള ഷര്‍ട്ട്, ചുവപ്പ് ടൈ

മേഖല 4- ഫിലഡല്‍ഫിയ/ മേരിലാന്‍ഡ്/ വിര്‍ജീനിയ/ നോര്‍ത്ത് കരോലിന:
സ്ത്രീകളും പെണ്‍കുട്ടികളും:- പച്ച സാരി അഥവാ ചുരിദാര്‍
പുരുഷന്‍മാരും ആണ്‍കുട്ടികളും:-കറുത്ത പാന്‍റ്, വെള്ള ഷര്‍ട്ട്, പച്ച ടൈ

മേഖല 5- ബ്രോങ്ക്സ്/ വെസ്റ്റ്ചെസ്റ്റര്‍:
സ്ത്രീകളും പെണ്‍കുട്ടികളും:- മഞ്ഞ സാരി അഥവാ ചുരിദാര്‍
പുരുഷന്‍മാരും ആണ്‍കുട്ടികളും:-കറുത്ത പാന്‍റ്, വെള്ള ഷര്‍ട്ട്, മഞ്ഞ ടൈ

വിവരങ്ങള്‍ക്ക്: രാജന്‍ പടിയറ: (215)880 8843
ജോണ്‍ വറുഗീസ്: (201)921 7967

രാജന്‍ വാഴപ്പള്ളില്‍

അന്നമ്മ മത്തായി കല്ലുപുരയ്ക്കല്‍ (56) ഷിക്കാഗോയില്‍ നിര്യാതയായി

ഷിക്കാഗോ: അന്നമ്മ മത്തായി കല്ലുപുരയ്ക്കല്‍ (56) ഏപ്രില്‍ 20-നു നിര്യാതയായി. ഭര്‍ത്താവ് മാത്യു മത്തായി കല്ലുപുരയ്ക്കല്‍, എടത്വ, ആലപ്പുഴ. ഏക മകള്‍ എല്‍സ മത്തായി. പരേത തായങ്കരി (എടത്വ) മൂലയില്‍ കുടുംബാംഗമാണ്. മാതാപിതാക്കള്‍: പരേതരായ തോമസ് ജോസഫ് & അന്നമ്മ തോമസ് മൂലയില്‍. സഹോദരങ്ങള്‍: ജോസഫ് (തായങ്കരി, എടത്വ), തോമസ്, ഫിലിപ്പ്, ഫ്രാന്‍സീസ്, ആന്റണി (എല്ലാവരും യു.എസ്.എ).

മരണാനന്തര ശുശ്രൂഷകള്‍ ഏപ്രില്‍ 22-നു ഞായറാഴ്ച വൈകിട്ട് 4 മുതല്‍ 9 വരെ സീറോ മലബാര്‍ കത്തീഡ്രലിലുള്ള പാരീഷ് ഹാളില്‍ (5000 St. Charles Road, Bellwood, Illinois)
പൊതുദര്‍ശനവും പ്രാര്‍ത്ഥനയും.

ഏപ്രില്‍ 23-നു തിങ്കളാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. അതേ തുടര്‍ന്നു ഹില്‍സൈഡിസുള്ള ക്വീന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്കാരം.

രൂപതാ വികാരി ജനറാളും കത്തീഡ്രല്‍ വികാരിയുമായ റവ.ഡോ. അഗസ്റ്റന്‍ പാലയ്ക്കാപ്പറമ്പില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് മൂലയില്‍ (630 779 0140), ഫ്രാന്‍സീസ് മൂലയില്‍ (630 344 2044).

ജോയിച്ചന്‍ പുതുക്കുളം

ഐ.എന്‍.എ.ഐ ഫിസിക്കല്‍ അസസ്‌മെന്റ് വര്‍ക്ക് ഷോപ്പും പോസ്റ്റര്‍ മത്സരവും നടത്തുന്നു

ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി (ഐ.എന്‍.എ.ഐ) 2018-ലെ നഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ ഒരുക്കിയിരിക്കുന്നു. എല്ലാ നഴ്‌സുമാര്‍ക്കും വളരെ ഉപകാരപ്രദമായ ഒരു ഫിസിക്കല്‍ അസസ്‌മെന്റ് വര്‍ക്ക് ഷോപ്പും ഈ അവസരത്തില്‍ നടത്തുന്നു.

വിദഗ്ധരും പ്രഗത്ഭരുമായ പ്രാക്ടീഷണര്‍മാര്‍ ഈ ഹാന്‍ഡ്‌സ് ഓണ്‍ ട്രെയിനിംഗിനു നേതൃത്വം നല്‍കുന്നു. ഇതുകൂടാതെ നഴ്‌സിംഗ് സ്റ്റുഡന്റ്‌സിനായി പോസ്റ്റര്‍ മത്സരവും നടത്തുന്നതാണ്. പോസ്റ്ററിന് ആസ്പദമായ വിഷയങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30- ആണ്. വിശദ വിവരങ്ങള്‍ക്ക് www.inaiusa.com എന്ന അസോസിയേഷന്‍ വെബാസൈറ്റ് സന്ദര്‍ശിക്കുക.

മെയ് 12-നു ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍ ആരംഭിക്കുന്ന നഴ്‌സസ് ഡേ പരിപാടികളിലും അതോനുബന്ധിച്ച് നടക്കുന്ന വിജ്ഞാനപ്രദമായ അവസരങ്ങളിലും പങ്കുചേരുവാന്‍ എല്ലാ നഴ്‌സുമാരേയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനീന ചാക്കോ (847 401 1670), ലിസി പീറ്റേഴ്‌സ് (847 847 902 6663), സിജി ജോസഫ് (773 677 3225), സൂസന്‍ മാത്യു (847 708 9266).

ഷിജി അലക്‌സ് അറിയിച്ചതാണിത്.

മംഗളങ്ങള്‍ നേര്‍ന്നുകൊണ്ട്…

സാമച്ചന്‍ എന്നു സ്‌നേഹപൂര്‍വ്വം വിളിക്കുന്ന റവ. ഏബ്രഹാം സ്കറിയ ചിക്കാഗോയോട് വിടപറയുന്നു. ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചിന്റെ വികാരിയായി മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെയെത്തിയ സാമച്ചനും കുടുംബവും സഭയുടെ ചട്ടപ്രകാരം കോട്ടയം തിയോളജിക്കല്‍ സെമിനാരിയിലെ നിയമനം ഏറ്റെടുത്ത് നാട്ടിലേക്ക് മടങ്ങുന്നു.

ഈ കഴിഞ്ഞ മൂന്നുവര്‍ഷം ചിക്കാഗോയുടെ മണ്ണില്‍ സഫലവും സാര്‍ത്ഥകവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ വലിയവനായ ദൈവം അച്ചനെ എടുത്തുപയോഗിച്ചു. അച്ചന്റെ മൂന്നുവര്‍ഷത്തെ ഇടവക സേവനത്തില്‍ രണ്ടുവര്‍ഷം സെക്രട്ടറിയായി അച്ചനോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിച്ചു. ദര്‍ശനത്തിന്റെ മിഴിവും, ചിന്താപരമായ വ്യക്തതയും, നര്‍മ്മം വിതറുന്ന ശൈലിയും അച്ചന്റെ നേതൃത്വത്തിന്റെ എടുത്തുപറയേണ്ട ഗുണങ്ങളാണ്. യാത്രകളിലൂടെ നേടിയ അനുഭവജ്ഞാനവും പരന്ന വായനയും അച്ചന്റെ ഇടപെടലുകളില്‍ ദൃശ്യമായിരുന്നു. പെരുമാറ്റത്തിലെ സൗമ്യതയും ദീര്‍ഘവീക്ഷണത്തോടെയുള്ള സംഭാഷണങ്ങളും, ബന്ധങ്ങളിലെ സുതാര്യതയും സര്‍വ്വോപരി ദൈവ വചനത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അവഗാഹവും അച്ചന്റെ പൗരോഹിത്യത്തെ വേറിട്ടതാക്കുന്നു. ഭാവിയിലെപ്പോഴോ കാണുന്ന ഒരു ദൈവ രാജ്യത്തെപ്പറ്റി പ്രസംഗിക്കാതെ ആയിരിക്കുന്ന അവസ്ഥയില്‍ എങ്ങനെ ദൈവരാജ്യം സ്ഥാപിതമാക്കാം എന്നത് അച്ചന്റെ പ്രസംഗങ്ങളുടെ ഒരു മുഖമുദ്രയായിരുന്നു. ദൈവത്തെ ഭയപ്പെട്ട് ജീവിക്കുമ്പോള്‍ തന്നെ അവനോട് കൂടുതല്‍ അടുക്കുമ്പോള്‍ ദൈവം തങ്ങള്‍ക്ക് ഏറ്റവും അടുത്ത സുഹൃത്തായി മാറുന്നതും, ആ നല്ല ബന്ധത്തിലൂടെ ദൈവസ്‌നേഹത്തിന്റെ പരിമളം മറ്റുള്ളവരിലേക്ക് പകര്‍ത്താന്‍ കഴിയണം എന്നും അച്ചന്‍ സദാ പഠിപ്പിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. സഭകള്‍ക്കും ഭാഷയ്ക്കും സംസ്കാരത്തിനും അതീതമാണ് ദൈവം എന്നു ഓര്‍മ്മിപ്പിച്ച അച്ചന്‍ പൗരോഹിത്യശുശ്രൂഷയ്ക്ക് ഒരു പുത്തന്‍ ദിശാബോധം നല്‍കി. സമൂഹത്തിലെ ഏതു തുറയിലുള്ള ആളുകളോടും എത്രയും പെട്ടെന്ന് അടുക്കുകയും ആ ബന്ധങ്ങള്‍ സൂക്ഷിക്കുന്നതിലെ കൃത്യതയും അച്ചന്റെ പ്രത്യേകതകളാണ്. അച്ചന്റെ ചിക്കാഗോയില്‍ നിന്നും പുതിയ നിയോഗത്തിനായി യാത്ര തിരിക്കുമ്പോള്‍ അച്ചന്റെ ഏറ്റവും വിശിഷ്ട സമ്പാദ്യം തനിക്ക് ലഭിച്ച സുഹൃദ് ബന്ധങ്ങളും കൂട്ടായ്മയുമാണ്. പരസ്പരം സ്‌നേഹമില്ലാതെ ജീവിക്കുന്ന ക്രിസ്ത്യാനികളായ നാം ക്രിസ്തുവിന്റെ ഗാത്രത്തില്‍ വളരുന്ന അര്‍ബുദമാണെന്ന് അച്ചന്‍ ഒരിക്കല്‍ ഓര്‍മ്മിപ്പിച്ചു.

ഭാരതീയ പാരമ്പര്യത്തില്‍ “അരക്ഷിതം തിഷ്ഠതി ദൈവരക്ഷിതം’ എന്നാണ് ഗീതോപദേശത്തില്‍ പറയുന്നത്. ദൈവം രക്ഷിക്കുമ്പോഴാണ് യഥാര്‍ത്ഥ രക്ഷ എന്നതാണ് അര്‍ത്ഥം. അതുപോരെ തന്നെ ഖുറാന്‍ അല്‍ കഫ്ഫ് പതിനെട്ടാം അദ്ധ്യായത്തില്‍ “അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് സന്മാര്‍ഗ്ഗം പ്രാപിച്ചവന്‍’ എന്നു പറയുന്നു. മതങ്ങളിലൂടെ അല്ല മറിച്ച് ഉന്നതമായ ചിന്തകളിലൂടെ ദൈവം സ്‌നേഹം തുളുമ്പുന്ന പ്രവര്‍ത്തനങ്ങളിലൂടെയും സ്‌നേഹപൂര്‍വ്വമായ ഇടപെടലുകളിലൂടെയും ദൈവത്തെ പ്രഘോഷിക്കുവാന്‍ സാധിക്കും എന്നു അച്ചന്‍ ഉദ്‌ബോധിപ്പിക്കുന്നു. ക്ഷമ എന്നത് ദൈവീകമായ ഒരു വരമാണെന്നും അത് ലഭിപ്പാനായി യഥാര്‍ത്ഥമായ പരിശ്രമം ആവശ്യമാണെന്നും അച്ചന്‍ പഠിപ്പിച്ചു. അച്ചന്റെ പ്രസംഗങ്ങള്‍, ക്ലാസുകള്‍, കൗണ്‍സിലിംഗ്, സര്‍വ്വോപരി എക്യൂമെനിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഇവയൊക്കെയും ചിക്കാഗോ നിവാസികള്‍ നന്ദിപൂര്‍വ്വം സ്മരിക്കും. അച്ചനും കുടുംബവും തിങ്കളാഴ്ച ഇവിടെനിന്നും യാത്രയാകുന്നു. സാമച്ചനും ബിനു കൊച്ചമ്മയും അനേക ജീവിതങ്ങളെ സ്വാധീനിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം. നിങ്ങളുടെ തുടര്‍ന്നുള്ള ജീവിതത്തില്‍ സര്‍വ്വശക്തന്‍ തന്റെ കൃപകൊണ്ട് തണല്‍ വിരിക്കട്ടെ. ജീവിത വഴിത്താരകളില്‍ മറ്റുള്ളവര്‍ക്ക് പ്രകാശം പരത്താനാവട്ടെ, നക്ഷത്രങ്ങള്‍ വഴികാട്ടട്ടെ, സര്‍വ്വ മംഗളങ്ങളും നേരുന്നു.

ഷിജി അലക്‌സ്, ചിക്കാഗോ.

എംപവ്വര്‍ 2018 മെയ് 11,12,13 തീയതികളില്‍ ഫിലദല്‍ഫിയയില്‍

ഫിലദല്‍ഫിയ: 2018 മെയ് 11, 12, 13 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വൈകിട്ട് 6:15നും 12 ശനി രാവിലെ 10 മണിക്കും ഫിലദല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി ചര്‍ച്ച് (P.F.G.A) BUSTLETON AVENUE, PHILADELPHIA, PA 19006 വെച്ച് എംപവ്വര്‍ 2018 മീറ്റിംഗുകള്‍ നടത്തപ്പെടുന്നു.

കര്‍ത്താവില്‍ പ്രശസ്ത ദൈവദാസന്‍ പാസ്റ്റര്‍ ബാബു ചെറിയാന്‍ (പിറവം) വചനം ശുശ്രൂഷിക്കുന്നു. രോഗികള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. ഡോ. ബ്ലെസ്സന്‍ മേമന സംഗീത ആരാധനയ്ക്ക് നേതൃത്വം നല്‍കുന്നു. കുടുതല്‍ വിവരങ്ങള്‍ക്ക് : 2672353756, 2674013510, 2672656263, 2676294199.

ജോയിച്ചന്‍ പുതുക്കുളം

ഫാ. എൽ. ജോർജ്ജ് (86) നിര്യാതനായി

”ആചാര്യേശാ മശിഹാ, കൂദാശകളർപ്പിച്ചോ….
രാചാര്യന്മാർക്കേകുക പുണ്യം നാഥാ സ്തോത്രം…”

മലങ്കര ഓർത്തോഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിലെ സീനിയർ വൈദീകനും, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ മുൻ ഭദ്രാസന കൗൺസിൽ അംഗവുമായിരുന്ന ഫാ. ശ്ലോമോ ഐസക് ജോർജ്ജിന്റെ പിതാവുമായ കാരക്കൽ പുത്തൻപുരക്കൽ ഫാ. എൽ. ജോർജ്ജ് (86) നിര്യാതനായി. കോഴഞ്ചേരി കൊട്ടക്കാട്ടേത്ത് ചിന്നമ്മ ജോർജ്ജ് ആണ് സഹധർമ്മിണി.

വന്ദ്യ. അച്ചന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ഒപ്പം ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യൂന്നു. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന സഹായ മെത്രാപോലീത്ത ഡോ. സഖറിയാ മാർ അപ്രേം, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, ഭദ്രാസന വൈദീക സംഘത്തിന് വേണ്ടി ഫാ. പി സി ജോർജ്ജ്, ഓർത്തോഡോക്സ് ടി.വി. ക്കുവേണ്ടി ചെയർമാൻ ഡോ.ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രപൊലീത്ത, സി.ഇ.ഓ ഫാ. ജോൺസൺ പുഞ്ചക്കോണം എന്നിവർ അനുശോചനം രേഖപ്പെടുത്തി.

മക്കൾ: സാലി അലക്സ് മാത്യു (ചിക്കാഗോ), ഷൈനോ ആനി ജോർജ് (ഷാർജ) സാം ലുക്ക് ജോർജ്ജ് (കൊച്ചുമോൻ, ദുബായ്), ഫാ.ശ്ലോമോ ഐസക് ജോർജ്ജ് , ശ്‌മൂനി സെബാസ്റ്റിയൻ(പരുമല), സോമി എലിസബത്ത് ജോർജ്ജ് (കോട്ടയം)

മരുമക്കൾ: അലക്സ് മാത്യു, ലെജി സാം, ഷാജി ജോർജ്ജ്, ഷൈനി ശ്ലോമോ ഐസക്, സെബാസ്റ്റിയൻ ജോസഫ്, ബിജി മാത്യു
കൊച്ചുമക്കൾ: സെർമി, ഫെമിന,ഫെൻ, നിതിൻ, നിവിൻ, സെബിൻ, സിസിൽ, ഐറിൻ, ആരോൻ, സിറിൽ, ക്രിസ്റ്റി, റിച്ചി, രൂബേൻ

കൂടുതൽ വിവരങ്ങൾക്ക് +91-469-2610342, +91-7025967630

കായലില്‍ വീണ കുട്ടിയെ രക്ഷിച്ച അരുണ്‍ ക്ലീറ്റസ് പള്ളിയിലിന് ആദരം

ചാലക്കുടി: വിനോദയാത്രയ്ക്കിടെ ബോട്ടില്‍ നിന്നും കായലില്‍ വീണ ചാലക്കുടി കദളിക്കാട് സ്വദേശിയും, ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയുമായ ഷോണ്‍ ഷിജുവിനെ സാഹസികമായി രക്ഷപെടുത്തിയ കുറ്റിക്കാട് സ്വദേശി അരുണ്‍ ക്ലീറ്റസ് പള്ളിയിലിനു അമേരിക്കയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളും, പ്രവാസി മലയാളിയും, കിന്‍ഫ്ര ഡയറക്ടറുമായ പോള്‍ പറമ്പി സമാഹരിച്ച 25,000 രൂപയുടെ ക്യാഷ് അവാര്‍ഡും കീര്‍ത്തിപത്രവും നല്‍കി ആദരിച്ചു.

കായലില്‍ വൂണ ഷോണ്‍ ഷിജുവിനെ രക്ഷപെടുത്തിയപ്പോള്‍ സ്വന്തം മകനെ മറ്റൊരാളെ ഏല്‍പിച്ച് നീന്താന്‍ പോലും വശമില്ലാത്ത അരുണ്‍ ക്ലീറ്റസ് കായലിലേക്ക് എടുത്തുചാടി രക്ഷപെടുത്തുകയായിരുന്നു.

ചാലക്കുടി വ്യാപാരഭവനില്‍ ചേര്‍ന്ന അനുമോദന യോഗം വിജിലന്‍സ് ജഡ്ജി വി. ഗീത ഉദ്ഘാടനം നിര്‍വഹിച്ചു. എം.എല്‍.എ വി.ഡി ദേവസി അധ്യക്ഷതവഹിച്ചു. മുന്‍ എം.പി. കെ.പി ധനപാലന്‍ കീര്‍ത്തിപത്രം നല്‍കി സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പോള്‍ പറമ്പി, ചാലക്കുടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, അഡ്വ. സജി റാഫേല്‍, ജേക്കബ് കരിപ്പായി, സ്മിത ജെയ്, ഫാ. അബ്രോസ്, വിജയ് തെക്കന്‍, ജോയ് മൂത്തേടന്‍, റോസി ലാസര്‍, ഫാ. വര്‍ഗീസ് പാത്താടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അംഗീകാരമായി ലഭിച്ച 25000 രൂപ അരുണ്‍ ക്ലീറ്റസ് ചാലക്കുടിയിലെ ആല്‍ഫാ പാലിയേറ്റീവ് കെയറിനു സംഭാവന നല്‍കി. പോള്‍ പറമ്പി അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

മലങ്കര സഭയിൽ ഒരു വീണ്ടുവിചാരത്തിനു സമയമായി

1934-ലെ ഭരണഘടനാപ്രകാരം മലങ്കര സഭയിലെ ഇടവകകൾ ഭരിക്കപ്പെടണമെന്നും, ജൂലൈ 3-ലെ വിധി മലങ്കരയിലെ എല്ലാ ഇടവകകള്‍ക്കും ബാധകമെന്നും, സർക്കാർ-ഭരണസംവിധാനങ്ങൾ വിധി നടപ്പിലാക്കുവാന്‍ അനുകൂല സാഹചര്യം ഒരുക്കണമെന്നും കഴിഞ്ഞ ദിവസം പിറവം പള്ളി കേസിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയുണ്ടായി. ഇവിടെ മലങ്കര സഭാ നേതൃത്വത്തിൽ നിന്നും ശ്രദ്ധാപൂർവമായ ചില നടപടികൾ ഇപ്പോഴാണ് ഉണ്ടാകേണ്ടത് .

സുപ്രീംകോടതി വിധി സ്വാഗതം ചെയ്തുകൊണ്ടുള്ള പ. കാതോലിക്കാ ബാവായുടെ പ്രസ്താവന നല്ലതു തന്നെ. അതോടൊപ്പം മറുഭാഗത്തുള്ളവർക്ക് ഈ വിധി അനുസരിക്കുവാനും സഭയില്‍ ശാശ്വതമായ സമാധാനം സ്ഥാപിക്കാനും ഉള്ള സാഹചര്യം ഉണ്ടാകണം. 1934 -ലെ ഭരണ ഘടന അനുസരിച്ചു മലങ്കര സഭയിൽ തുടരുവാൻ താല്പര്യമുള്ള വിശ്വാസികൾക്കും, വൈദികർക്കും, എപ്പിസ്‌കോപ്പമാർക്കും ആ പാതയിലേക്ക് വരുവാനുള്ള സാഹചര്യം ഒരുക്കേണ്ടതായിട്ടുണ്ട്.

ചില പ്രായോഗിക നിർദ്ദേശങ്ങൾ കുറിക്കുന്നു.

1 . ഇപ്പോൾ ആ വിഭാഗത്തു നിന്നും 1934 -ലെ ഭരണ ഘടന അനുസരിച്ചു മലങ്കര സഭയിൽ തുടരുവാൻ താല്പര്യമുള്ള വൈദീകരെ തല്ക്കാലം ആ ഇടവകയിലോ മറ്റേതെങ്കിലും ഇടവകകളിലോ അസിസ്റ്റൻഡ് വികാരിമാരായി ചുമതല നൽകണം.

2 . ഇപ്പോൾ ആ വിഭാഗത്തു നിന്നും 1934 -ലെ ഭരണ ഘടന അനുസരിച്ചു മലങ്കര സഭയിൽ തുടരുവാൻ താല്പര്യമുള്ള മെത്രാച്ചന്മാർക്കും തല്ക്കാലം അതാതു ഭദ്രാസനങ്ങളിലോ, മറ്റേതെങ്കിലും ഭദ്രാസനങ്ങളിലോ അസിസ്റ്റൻമാരായി ചുമതല നൽകണം. പിന്നീട് 1934 -ലെ ഭരണ ഘടന പ്രകാരം മലങ്കര അസോസിയേഷൻ തെരഞ്ഞെടുത്തു അംഗീകരിക്കുന്ന മുറക്ക് സ്വതന്ത്ര ചുമതലകൾ നൽകാവുന്നതാണ്

3 . ആവശ്യമെങ്കിൽ അതിനായി മലങ്കര അസോസിയേഷൻ കൂടി പൊതുധാരണയോടുകൂടി 1934 -ലെ ഭരണ ഘടന അനുസരിച്ചു മലങ്കര സഭയിൽ തുടരുവാൻ താല്പര്യമുള്ള മെത്രാച്ചന്മാരെ അംഗീകരിച്ചുകൊണ്ട് മലങ്കരസഭയിലെ കക്ഷിവഴക്കുകൾ എന്നന്നേക്കുമായി ഇല്ലാതാക്കുവാനുള്ള ഒരു പരിശ്രമം ദൈവത്തിൽ ആശ്രയിച്ചുകൊണ്ടു പ്രാർഥനാപൂർവം നടപ്പിലാക്കുവാൻ മലങ്കര സഭ നേതൃത്വം മുൻകൈ എടുക്കണം.

4 . ജൂലൈ 3 -ലെ സുപ്രീംകോടതി വിധിയെക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും അവ്യക്തത തോന്നിയിട്ടുണ്ടെങ്കില്‍ പിറവം പള്ളിയുടെ ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയോടെ അവയെല്ലാം മാറിക്കിട്ടി. ഇനി അധികകാലം അവർക്കും പിടിച്ചുനിൽക്കുവാൻ സാധിക്കില്ല. ബഹു. സുപ്രീംകോടതി വിധികളുടെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് മലങ്കര സഭാ സമാധാനത്തിനായുള്ള ഒരു പുതിയ പാത വെട്ടിതുറക്കേണ്ടത് മലങ്കര സഭാ നേതൃത്വമാണ്.

5. കോടതി വിധി പ്രകാരം കീഴടക്കലിന്റെയോ, പിടിച്ചടക്കലിന്റെയോ, ഇറക്കിവിടലിന്റെയോ ഭാവം പ്രായോഗിക രീതിശാസ്ത്രമല്ല, ദൈവീകവുമല്ല.

6 . 1934 ഭരണഘടനയിലും സുപ്രിം കോടതി വിധിയിലും അടിസ്ഥാനമിട്ട് സഭയിൽ ശാശ്വത സമാധാനം ഉണ്ടാക്കുവാൻ സ്വത്വര നടപടി ഉണ്ടാകണം. അതിന് കാര്യശേഷിയുള്ളവരെ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണം.

7 . നാളെകളിൽ ബഹു.സുപ്രിം കോടതി മലങ്കര സഭാ നേതൃത്വത്തോടും, പരിശുദ്ധ കാതോലിക്കാ ബാവായോടും ചോദിക്കുവാൻ പോകുന്ന ചോദ്യം ഇതായിരിക്കും. “മലങ്കര സഭാസമാധാനത്തിനായി നിരവധി വിധികൾ ഞങ്ങൾ പുറപ്പെടുവിച്ചു. ഇരു വിഭാഗങ്ങളിലുമുള്ള വൈദീകരെയും മെത്രാച്ചന്മാരെയും 1934 ലെ ഭരണഘടന അനുസരിച്ചു ഏകോപിച്ചുകൊണ്ടുപോകുവാൻ നിങ്ങൾ എന്ത് മേൽനടപടികളാണ് സ്വീകരിച്ചത് ?”
സഭാ ഐക്യത്തെ പറ്റി പരിശുദ്ധ പാമ്പാടി തിരുമേനി: ” … സഭ വിട്ടുപോകാനല്ല ഏതു തരത്തിലും സഭയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനാണ് നാം ശ്രമിക്കേണ്ടത്. അതിനുവേണ്ടിയാണ് നാം ഇത് പറയുന്നത്. ഇരുഭാഗത്തുനിന്നും അല്പസ്വല്പം വിട്ടുവീഴ്ചകൾ ചെയ്തു ഏതു തരത്തിലെങ്കിലും തമ്മിൽ യോചിക്കണമെന്നാണ് നമ്മുടെ അഭിപ്രായം. വഴക്കും വ്യവഹാരവും വർദ്ധിപ്പിക്കാനല്ല നിങ്ങൾ ശ്രമിക്കേണ്ടത്. ഈ നോമ്പ് കാലത്ത് സഭയുടെ സമാധാനത്തിനായി നിങ്ങളെല്ലാവരും ഹൃദയപൂർവ്വം പ്രാർത്ഥിക്കണമെന്നു നിങ്ങളുടെ സ്നേഹത്തോടു നാം നിർബന്ധിക്കുന്നു.

ഇനിയും മിണ്ടാതിരുന്നാൽ ഈ കല്ലുകൾ ആർപ്പുവിളിക്കും.

ഫാ.ജോൺസൺ പുഞ്ചക്കോണം