മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ ഫാദേഴ്‌സ് ഡേ ആഘോഷം ഗംഭീരമായി

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ഇടവകയില്‍ ജൂണ്‍ 17ന് ഞായറാഴ്ച രാവിലെ പത്തു മണിക്ക് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വൈവിധ്യമാര്‍ന്ന പരിപാടികള്‍ കോര്‍ത്തിണക്കി ഫാദേഴ്‌സ് ഡേ ആഘോഷിച്ചു. റവ.ഫാ. എബ്രഹാം കളരിക്കലിന്‍റ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ ബലിയര്‍പ്പിച്ചു.

ഫാദേഴ്‌സ് ഡേയോടനുബന്ധിച്ച് അദ്ദേഹം നടത്തിയ വചന സന്ദേശത്തില്‍ ഓരോ പിതാക്കന്മാരും ദൈവസ്‌നേഹം സ്വന്തം കുട്ടികളിലും കുടുംബത്തിലും വളരാനും വളര്‍ത്തുകയും വേണമെന്ന് ഉദ്‌ബോധിപ്പിച്ചു.

കുടുംബനാഥനെന്ന നിലയില്‍ കുടുംബാംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും സ്വയം ആശ്രയിക്കാന്‍ തക്കവണ്ണമുള്ള ഉറപ്പ് (Reassurance) ജീവിതത്തിലുടനീളം ഉണ്ടായിരിക്കണമെന്നും അദ്ദേഹം തന്‍റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.അടങ്ങി കിടന്നിരുന്ന പിതൃ സ്‌നേഹത്തെ അലയടിച്ചു ഉയര്‍ത്തിയ “സ്വന്തം പിതാവിന് ഒരു കത്ത്” എന്നുള്ള മത്സരയിനത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. അസിസ്റ്റന്‍റ് വികാരി ഫാദര്‍ ബിന്‍സ് ചേത്തലിന്‍റെ നേതൃത്വത്തില്‍ വയസ്സ് അടിസ്ഥാനത്തില്‍ തരം തിരിച്ചായിരുന്നു മത്സരങ്ങള്‍ നടത്തിയത്.

പപ്പയ്ക്ക് ഒരു പപ്പായ എന്ന ആശയം മുന്‍നിര്‍ത്തി തയ്യാറാക്കിയ കുസൃതി സമ്മാനപ്പൊതി ക്കുള്ളില്‍ പഴുത്തു പാകമായ പപ്പായ കരുതിയത് സദസ്സിലേവരെയും കൗതുകമുണര്‍ത്തി .ഇടവകയിലെ മുതിര്‍ന്ന പിതാവിനുള്ള സമ്മാനം ലഭിച്ച മാത്യു തെക്കേപറമ്പലിനെ ബഹു. കളരിക്കല്‍ അച്ഛന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.കൂടാതെ ഇടവകയിലെ ഓരോ പിതാക്കന്മാരെയും ആശിര്‍വദിക്കുകയും സമ്മാനങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു. ഇടവകയിലെ സജീവപ്രവര്‍ത്തകന്‍ ശ്രീ ജോയി ഇണ്ടിക്കുഴി രചിച്ച ഭക്തിഗാനങ്ങളുടെ സീ.ഡി പ്രകാശനം തദവസരത്തില്‍ നടത്തപ്പെട്ടത് ആഘോഷങ്ങള്‍ക്ക് ഏറെ മാറ്റുകൂട്ടി.ചടങ്ങുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചര്‍ച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.

നൂറുകണക്കിന് ജനങ്ങള്‍ പങ്കെടുത്ത ഫാദേഴ്‌സ് ഡേ ആഘോഷങ്ങളുടെ സമാപനം ശ്രീ.ജോയി ഇണ്ടിക്കുഴിടെ ഉടമസ്ഥതയിലുള്ള ‘ഹെല്‍ത്തി ബേബീസ് സ്ഥാപനം’ സ്‌പോണ്‍സര്‍ ചെയ്ത സ്‌നേഹവിരുന്നോടെയാണ്. സ്റ്റീഫന്‍ ചൊള്ളംമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം