മാര്‍ക്ക് കുടുംബ സംഗമം ഒക്‌ടോബര്‍ 27-ന്

ചിക്കാഗോ: റെസ്പിരേറ്ററി കെയര്‍ വാരാഘോഷത്തിന്റെ ഭാഗമായി മലയാളി അസോസിയേഷന്‍ റെസ്പിരേറ്ററി കെയര്‍ (മാര്‍ക്ക്) സംഘടിപ്പിക്കുന്ന കുടുംബ സംഗമം ഒക്‌ടോബര്‍ 27-ന് ശനിയാഴ്ച നടത്തപ്പെടുന്നതാണ്. ഡസ്‌പ്ലെയിന്‍സിലെ 1800 ഈസ്റ്റ് ഓക്ടണ്‍ സ്ട്രീറ്റില്‍ സ്ഥിതിചെയ്യുന്ന ക്‌നാനായ സെന്ററാണ് കുടുംബ സംഗമത്തിന് വേദിയാകുന്നത്. സായാഹ്നം കൃത്യം 5.30-നു സോഷ്യല്‍ അവറോടുകൂടി ആരംഭിക്കുന്ന ചടങ്ങുകള്‍ രാത്രി 10 മണി വരെ തുടരുന്നതാണ്. എട്ടാം ഡിസ്ട്രിക്ടില്‍ നിന്നു ഇല്ലിനോയി സംസ്ഥാന സെനറ്റിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജന്‍ റാം വില്ലിവാളും കുടുംബസംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

വൈവിധ്യമേറിയ കലാപരിപാടികളാണ് കുടുംബ സംഗമത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. കലാപരിപാടികള്‍ക്ക് വൈസ് പ്രസിഡന്റ് സമയാ ജോര്‍ജ്, ജോര്‍ജ് ഒറ്റപ്ലാക്കല്‍, രാമചന്ദ്രന്‍ ഞാറക്കാട്ടില്‍, ഷൈനി ഹരിദാസ്, സോണിയാ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും. കുടുംബ സംഗമത്തിന്റെ ജനറല്‍ കോര്‍ഡിനേറ്റേഴ്‌സ് സ്കറിയാക്കുട്ടി തോമസ്, ഫിലിപ്പ് സ്റ്റീഫന്‍ എന്നിവരാണ്.

ഈവര്‍ഷത്തെ കുടുംബ സംഗമത്തിന്റെ സവിശേഷത, റെസ്പിരേറ്ററി കെയര്‍ പ്രൊഫഷന്‍ വകുപ്പില്‍ മേധാവി, മാനേജര്‍, സുപ്പര്‍വൈസര്‍, എഡ്യൂക്കേഷന്‍ ഡയറക്ടര്‍, കോര്‍ഡിനേറ്റേഴ്‌സ് എന്നീ പദവികള്‍ അലങ്കരിക്കുന്ന മലയാളികളെ ആദരിക്കുന്ന ചടങ്ങാണ്. റെജിമോന്‍ ജേക്കബ് ആദരിക്കല്‍ ചടങ്ങിന്റെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കും. റെസ്പിരേറ്ററി കെയര്‍ പ്രൊഫഷനില്‍ പുതുതായി പ്രവേശിച്ച മലയാളികളെ കുടുംബ സംഗമത്തില്‍ പരിചയപ്പെടുത്തുകയും ചെയ്യും. ജോ. സെക്രട്ടറി അനീഷ് ചാക്കോ, സനീഷ് ജോര്‍ജ്, ഗീതു ജേക്കബ് എന്നിവര്‍ നവാഗതരെ സ്വാഗതം ചെയ്യുന്ന ഈ പ്രോഗ്രാമിനു നേതൃത്വം നല്‍കും.

ഈവര്‍ഷത്തെ കുടുംബ സംഗമത്തിന്റെ പ്രഥമ സ്‌പോണ്‍സറായി മുന്നോട്ടുവന്നിട്ടുള്ളത് സ്ഥാപക നേതാവ് കൂടിയായ റെന്‍ജി വര്‍ഗീസ് ആണ്. സ്‌പോണ്‍സര്‍ ചെയ്ത് സഹായിക്കുവാന്‍ താത്പര്യപ്പെടുന്നവര്‍ മാര്‍ക്ക് ട്രഷറര്‍ ഷാജന്‍ വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ സണ്ണി കൊട്ടുകാപ്പള്ളി എന്നിവരുമായി ബന്ധപ്പെടുക. രെസ്പിരേറ്ററി കെയര്‍ പ്രൊഫഷനിലൂടെ ആധുനിക വൈദ്യചികിത്സയുടെ ഭാഗമാകുവാന്‍ കഴിഞ്ഞതിലുള്ള നമ്മുടെ അഭിമാനം പ്രകടിപ്പിക്കുവാനും, സഹപ്രവര്‍ത്തകര്‍ക്കും, സുഹൃത്തുക്കള്‍ക്കുമൊപ്പം ഒരു സായാഹ്‌നം ആനന്ദകരമായൊരു അനുഭൂതിയാക്കുവാനും മാര്‍ക്ക് കുടുംബ സംഗമം അവസരമാകും. മലയാളികളായ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ ഏവരേയും ഈ ആഘോഷ പരിപാടിയിലേക്ക് മാര്‍ക്ക് പ്രസിഡന്റ് യോശുദാസന്‍ ജോര്‍ജ് സ്വാഗതം ചെയ്തു. റോയി ചേലമലയില്‍ (സെക്രട്ടറി) അറിയിച്ചതാണിത്.