മകള്‍ക്കു മദ്യം നല്‍കിയ മാതാവിന് 20 വര്‍ഷം തടവ്

കെന്റക്കി: പതിനാലു വയസ്സുള്ള മകള്‍ക്ക് ഓര്‍മ്മ നഷ്ടപ്പെടുന്നതുവരെ വിസ്ക്കി നല്‍കിയ മാതാവിന് സര്‍ക്യൂട്ട് ജഡ്ജി ഡേവിഡ് ടാപ്പ് 20 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. മാതാവ് മിറാന്‍ഡ ഗെയ്ല്‍ പൊളസ്റ്റന്‍ (35) സംഭവം നടക്കുമ്പോള്‍ നിരവധി കളവുകേസുകളില്‍ പ്രതിയായിരുന്നു. അഞ്ചു വര്‍ഷത്തെ നല്ല നടപ്പില്‍ ശിക്ഷിക്കുകയും ചെയ്തിരുന്നു.

സോമര്‍സെറ്റ് പൊലീസ് കേസിന്റെ വിചാരണ സമയത്ത് ഇവര്‍ മകളെ മദ്യം കഴിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ബോധം മറയുന്നതു വരെ മദ്യം കഴിപ്പിച്ചത് ഇനി മേലില്‍ മദ്യം കഴിക്കാന്‍ തോന്നരുതെന്നുള്ള സദുദ്ദേശ്യത്തോടെയായിരുന്നുവെന്നു മാതാവ് കോടതിയില്‍ മൊഴി നല്‍കി. മകള്‍ പല തവണ മതി എന്നു പറഞ്ഞിട്ടും മാതാവ് ഇവരെ നിര്‍ബന്ധിക്കുന്ന ദൃശ്യങ്ങളും വിഡിയോയില്‍ ഉണ്ടായിരുന്നു.

കളവ് കേസ്സില്‍ പ്രൊബേഷനിലിരിക്കെ മദ്യം കൈവശം വയ്ക്കുകയോ കുടിക്കുകയോ ചെയ്യരുതെന്ന നിയമം ഇവര്‍ ലംഘിച്ചതായി പൊലീസ് അറിയിച്ചു. മാത്രമല്ല പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്കു മദ്യം നല്‍കി. സീരിയസ് ഇന്‍ജുറി വരുത്തിയതിനും ഇവര്‍ക്കെതിരെ കേസ്സെടുത്തിരുന്നു.

മറ്റുള്ളവര്‍ക്ക് അപകടം വരുത്താന്‍ സാധ്യതയുള്ളതിനാല്‍ നല്ല നടപ്പു റദ്ദാക്കണമെന്നും ജയിലിലടക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

പി പി ചെറിയാന്‍