ജീവന്‍റെ നല്ല ഭാഗം കണ്ടെത്തുക: സണ്ണി സ്റ്റീഫന്‍

കാര്‍ഡിഫ്: കാര്‍ഡിഫ് സെന്‍റ് ബ്രിഡ്ജിത് ചര്‍ച്ചില്‍ മാര്‍ച്ച് പതിനേഴാം തീയതി നടന്ന ഏകദിന കുടുംബ നവീകരണ നോമ്പുകാലധ്യാനത്തില്‍ മനുഷ്യജീവിതത്തിന്‍റെ യാഥാര്‍ത്ഥൃങ്ങളും പ്രായോഗിക ജീവിത പാഠങ്ങളും തിരുവചനസന്ദേശങ്ങളും മുന്‍നിര്‍ത്തി മനസ്സിന്റെ ആഴങ്ങളില്‍ സ്പര്‍ശിക്കുന്ന ദൈവവചനസന്ദേശങ്ങള്‍ വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും കുടുംബപ്രേഷിതനും സംഗീതജ്ഞനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ നല്‍കി.

“വെള്ളം വീഞ്ഞാക്കിയതുപോലെ, ദൈവം ചില ജീവിതങ്ങളെ തൊടുമ്പോള്‍ അത്ഭുതം സംഭവിക്കുന്നു. ആ മഹാഗുരുവിന്‍റെ സ്പര്‍ശനമാണ് നമ്മളില്‍ മാറ്റമുണ്ടാക്കേണ്ടത്. ഒരു ദിവസത്തെ ഉപജീവനത്തിനുവേണ്ടി മീന്‍ ചോദിക്കുമ്പോള്‍, ക്രിസ്തു അവര്‍ക്ക് ചാകര സമ്മാനിക്കുന്നു. അതുപോലെ സ്വപ്നം കാണാന്‍പോലുമാകാത്ത ഇടങ്ങളിലെക്കാണവന്‍ നമ്മെ ഓരോ ദിവസവും കൈപിടിച്ചു കൊണ്ടുപോകുന്നത്. പ്രാര്‍ത്ഥനയും ദൈവാനുഗ്രഹവും എന്നെ ഇത്രത്തോളം വളര്‍ത്തിയെന്ന്! ഒരിക്കല്‍ പറഞ്ഞവര്‍, പിന്നീട് അഹങ്കാരവും, അധികാരവും, ആര്‍ഭാടവും, അഭിനിവേശങ്ങളും, സമ്പത്തും ലഹരിയാക്കി ആദ്യബോധ്യങ്ങളില്‍ നിന്ന്! മടങ്ങിപ്പോവുന്നു. ഒരിക്കല്‍ വീഞ്ഞായി മാറിയ ദൈവാനുഭവങ്ങള്‍ പച്ചവെള്ളമായി മാറുമെന്നും ഓര്‍ക്കുക. ദൈവമെന്ന ലഹരിയെക്കുറിച്ചു ഭൂമിയോട് പറയേണ്ടവര്‍ ഇത്തരം വറ്റിപ്പോകുന്ന ലഹരികളില്‍ കുരുങ്ങിക്കൂടാ. ദൈവം നല്‍കിയ സ്‌നേഹത്തിന്‍റെ നല്ല വീഞ്ഞ്, പങ്കാളിയും മക്കളുമാണെന്ന തിരിച്ചറിവോടെ ജീവിക്കുക, അവസാനം വരെ ആ നല്ല വീഞ്ഞ് സൂക്ഷിക്കുക, ഒപ്പം ഭൂമിയോട് മുഴുവന്‍ സഹാനുഭൂതിയുള്ളവരായിരിക്കുക. അങ്ങനെ നമ്മെക്കുറിച്ചുള്ള ദൈവീകപദ്ധതിപൂര്‍ത്തിയാക്കി ജീവന്‍റെ നല്ല ഭാഗം കണ്ടെത്തുക” യെന്നും ശ്രീ സണ്ണി സ്റ്റീഫന്‍ തന്‍റെ തിരുവചനസന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു.

“തിരുവചന പ്രബോധനങ്ങളോടൊപ്പം പ്രായോഗിക ജീവിത പാഠങ്ങളിലൂടെ നല്‍കുന്ന അതിശക്തമായ കുടുംബ ജീവിതസന്ദേശങ്ങള്‍, ഓരോ കുടുംബങ്ങള്‍ക്കും വളരെയേറെ അനുഭവപാഠങ്ങളും ജീവിതദര്‍ശനങ്ങളുമാണ് നല്‍കിയതെന്ന്” റവ ഫാ. ടോണി പഴയകളം വിശുദ്ധ കുര്‍ബ്ബാനയ്ക്കും, രോഗശാന്തി ശുശ്രൂഷകള്‍ക്കും ശേഷം ആശീര്‍വ്വാദം നല്‍കി തുടര്‍ന്ന്! കൃതജ്ഞത പറഞ്ഞു. ട്രസ്റ്റി പ്രൊഫസ്സര്‍ ജോസ്സിയും നന്ദി പ്രകാശിപ്പിച്ചു.
Email: worldpeacemissioncouncil@gmail.com
www.worldpeacemission.net