ഇന്ത്യ പ്രസ് ക്ലബിന്റെ പ്രവര്‍ത്തനം ശ്ലാഘനീയം: റോജി എം ജോണ്‍ എംഎല്‍എ

സൗത്ത് ഫ്‌ളോറിഡ വടക്കെ അമേരിക്കയിലെ മലയാളി അച്ചടിദൃശ്യഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്ന് റോജി ജോണ്‍ എം.എല്‍.എ. ഇന്ത്യ പ്രസ് ക്ലബ് ദേശീയ കമ്മറ്റിയുടെ പ്രവര്‍ത്തനോത്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു റോജി ജോണ്‍ എം.എല്‍.എ . അമേരിക്കന്‍ മലയാളി സംഘടനകളെ ഒരു കുടകീഴില്‍ എത്തിച്ച റൗണ്ട് ടേബിള്‍ മീറ്റിംഗ് , കേരളത്തിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥികളെ ലോകോത്തര നിലവാരത്തില്‍ എത്തിക്കാനുള്ള ‘ സ്‌റ്റെപ്പ് പദ്ധതി ‘ , മലയാളി മാധ്യമ പ്രവര്‍ത്തകരെ ആദരിക്കുന്ന മാധ്യമശ്രീ അവാര്‍ഡ് , മെഡിക്കല്‍ ജേര്‍ണലിസം ടീം എന്നിവ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മികച്ച പ്രവര്‍ത്തനങ്ങളുടെ ഉദാഹരണങ്ങളാണ്, റോജി പറഞ്ഞു. .

സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമാ ചര്‍ച്ച് ഹാളില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ വെച്ചാണ് ഉദ്ഘാടനചടങ്ങ് സംഘടിപ്പിച്ചത്.

നമ്മുടെ രാജ്യമായ ജനാധിപത്യവ്യവസ്ഥതിയില്‍ നാലാം തൂണെന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങളുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണെന്ന് റോജി ജോണ്‍ . അധികാരവര്‍ഗ്ഗം ഇന്ന് മാധ്യമസമൂഹത്തെ അടിച്ചമര്‍ത്തുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ഒട്ടേറെ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സ്വതന്ത്രമാധ്യമപ്രവര്‍ത്തനം അസാധ്യമായാല്‍ നാട്ടില്‍ ജനാധിപത്യത്തിന് കളങ്കമേല്‍ക്കും, റോജി ജോണ്‍ കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ദേശീയ പ്രസിഡണ്ട് മധു കൊട്ടാരക്കര അ ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുനില്‍ തൈമറ്റം, ട്രഷറര്‍ സണ്ണി പൗലോസ്, ജോയിന്റ് സെക്രട്ടറി അനില്‍ ആറന്മുള , പ്രസിഡണ്ട് എലെക്ട് ജോര്‍ജ് കാക്കനാട് , തുടങ്ങിയവര്‍ പ്രസംഗിച്ചു. അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ മാത്യു വര്‍ഗീസ് , ചാപ്റ്റര്‍ സെക്രട്ടറി ജോര്‍ജി വര്‍ഗീസ് എന്നിവര്‍ എം.സി മാരായിരുന്നു.

തുടര്‍ന്ന് ഫ്‌ലോറിഡ ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം ഹിന്ദു ദിനപത്രം അസ്സോസിയേറ്റ് എഡിറ്റര്‍ വര്‍ഗീസ് ജോര്‍ജ് നിര്‍വഹിച്ചു. ചാപ്റ്റര്‍ പ്രസിഡന്‍റ് ബിനു ചിലമ്പത്ത് , ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡണ്ട് ജോയ് തുമ്പമണ്‍ , ജിജു കുളങ്ങര,ചാപ്റ്റര്‍ ഭാരവാഹികളായ തങ്കച്ചന്‍ കിഴക്കേപമ്പില്‍, ഷാന്റി വര്‍ഗീസ് , നിബു വെള്ളുവന്താനം , ബിജുകുട്ടി , ഫൊക്കാന അസോ:ട്രഷറര്‍ ഏബ്രഹാം കളത്തില്‍, ഫോമാ കമ്മറ്റി മെമ്പര്‍ ഷീല ജോസ് ,ബിജു ആന്റണി ( കേരളാ സമാജം വൈസ് പ്രസിഡന്റ്) , ജോബി പൊന്നുംപുരയിടം (,നവകേരള പ്രസിഡന്റ്) രാജന്‍ പടവത്തില്‍ (കൈരളി), ജോസ് തോമസ് ( മിയാമി മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ), ബിജു തോണിക്കടവില്‍ (പാംബീച് മലയാളി അസോസിയേഷന്‍) , അസീസി നടയില്‍ (പ്രസിഡണ്ട് , ഐ.എന്‍.ഓ.സി), സാജന്‍ മാത്യു (ഡിയര്‍ഫീല്‍ഡ് ഡെമോക്രാറ്റിക് പ്രസിഡണ്ട്) തുടങ്ങിയര്‍ പ്രസംഗിച്ചു.

വര്‍ണാഭമായ ചടങ്ങിന് ചാപ്റ്റര്‍ വൈസ് പ്രസിഡണ്ട് ജോയ് കുറ്റിയാനി നന്ദി പ്രകാശിപ്പിച്ചു.

സുനില്‍ തൈമറ്റം അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം