ഹൂസ്റ്റണില്‍ നിന്നും സിര്‍സി മിഷന്‍ ഫീല്‍ഡിന് സമ്മാനമായി മഹീന്ദ്ര വാഹനം

ഹൂസ്റ്റണ്‍: മാര്‍ത്തോമ സഭയുടെ നിരവധി സുവിശേഷ, പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കര്‍ണ്ണാടകയിലെ സില്‍സി മിഷന്‍ ഫീല്‍ഡിന് ഹൂസ്റ്റണ്‍ മാര്‍ത്തോമാ സമൂഹം പത്ത് ലക്ഷം വിലമതിക്കുന്ന മഹിന്ദ്ര ജീപ്പ് സമ്മാനമായി നല്‍കി.ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക വികാരിയായി പ്രവര്‍ത്തിച്ചിരുന്ന, സിര്‍സിയിലേക്ക് സ്ഥലം മാറി പോയ റവ. ജോണ്‍സന്‍ തോമസ് ഉണ്ണിത്താനച്ചന്റെ അഭ്യര്‍ത്ഥനയെ മാനിച്ചാണ് വാഹനം സംഭാവനയായി നല്‍കുന്നതിന് തീരുമാനിച്ചത്.

സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന വലിയൊരു ജന വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി ഉള്‍ ഗ്രാമങ്ങളിലെ പെണ്‍ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന ബെഥാന്യ ഹോസ്റ്റല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വാഹനം വളരെ പ്രയോജനകരമാണെന്ന് ഉണ്ണിത്താനച്ചന്‍ പറഞ്ഞു.

സിര്‍സി മിഷ്യന്‍ ഫില്‍ഡിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി സംഭാവനകള്‍ നല്‍കിയ എല്ലാവരോടും മുന്‍ വികാരി നന്ദി അറിയിച്ചു. സിര്‍സി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും, വിവിധ പ്രദേശങ്ങളിലേക്ക് ചെന്നെത്തുന്നതിനും ഈ വാഹനം വലിയ തോതില്‍ സഹായകരമാണെന്നും അച്ചന്‍ പറഞ്ഞു.

സിര്‍സി മിഷന്‍ ഫില്‍ഡ് മിഷനറിയായും സിര്‍സി സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയുടെ വികാരിയായും റവ. ജോണ്‍സന്‍ തോമസ് ഉണ്ണിത്താനച്ചന്‍ കുടുംബ സമേതം പ്രവര്‍ത്തിച്ചു വരുന്നു.

പി.പി. ചെറിയാന്‍