ഹോട്ട് ഡോഗ് തീറ്റ മത്സരത്തില്‍ ജോയ് ചെസ്റ്റ്‌നട്ടിന് റിക്കാര്‍ഡ് വിജയം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 4 ന് നാഥന്‍സ് ഇന്റര്‍നാഷനല്‍ ഹോട്ട് ഡോഗ് തീറ്റ മത്സരത്തില്‍ ജോയ് ചെസ്റ്റ്‌നട്ടിന് റെക്കോഡ് വിജയം. മത്സരത്തില്‍ പത്ത് മിനിറ്റുനുള്ളില്‍ 74 ഫ്രാങ്ക്‌സ് ഹോട്ട് ഡോഗുകളും അതിനോട് ചേര്‍ന്നുള്ള ബണ്ണും അകത്താക്കിയാണ് ജോയ് വിജയിച്ചത്.

പതിനൊന്നാം തവണയാണ് ഇദ്ദേഹം വിജയിയാകുന്നത്. സ്വന്തം പേരിലുള്ള റെക്കോഡ് ഇതോടെ തകര്‍ത്തു. സ്ത്രീകളില്‍ നിന്നും മത്സരത്തില്‍ പങ്കെടുത്ത മിക്കി സുഡൊ പത്തുമിനിറ്റിനുള്ളില്‍ 37 ഹോട്ട്‌ഡോഗും ബണ്ണുമാണ് അകത്താക്കിയത്.

ഇത് ഇവരുടെ അഞ്ചാമത്തെ വിജയമാണ്.മത്സരത്തില്‍ വിജയിച്ച ഇരുവര്‍ക്കും 10,000 ഡോളര്‍ സമ്മാന തുക ലഭിച്ചു. അടുത്ത വര്‍ഷം നടക്കുന്ന മത്സരത്തിലും താന്‍ തന്നെയായിരിക്കും വിജയി എന്ന പ്രഖ്യാപനത്തോടെയാണ് ജോയ് മത്സരം അവസാനിപ്പിച്ചത്.

പി.പി. ചെറിയാന്‍