ഫോമാ വളരണം.. മറ്റുള്ളവരെ കൂടി ഉൾക്കൊള്ളണം – തോമസ് തോമസ് , കാനഡ

കാനഡ അറ്റ് ലാർജ് റീജിയണൽ വൈസ് പ്രസിഡണ്ട് ആണ് തോമസ് തോമസ്. ഓൾ കാനഡ സ്കൂൾ ബോർഡ് ഡയറക്ടർ, ഓൾ ഒന്റേരിയോ കാത്തലിക് സ്കൂൾ ബോർഡ് ഡയറക്ടർ എന്നീ നിലകളിൽ സ്‌തുത്യർഹമായ പ്രവർത്തനം നടത്തുന്ന തോമസ് തോമസ്, ഫൊക്കാന പ്രസിഡണ്ട്, ഫൊക്കാന ട്രെഷറർ, ട്രസ്റ്റി ബോർഡ് മെമ്പർ തുടങ്ങി വൈവിധ്യങ്ങളായ സ്ഥാനങ്ങൾ അലങ്കരിച്ച വ്യക്തി ആണ്. കാനഡ അറ്റ് ലാർജ് റീജിയണൽ വൈസ് പ്രസിഡണ്ട് ആയി ഇതിപ്പോൾ നാലാം തവണ ആണ് എന്നതും അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം എന്താണെന്ന് ബോധ്യപ്പെടുത്തും. എല്ലാവരും അപ്പച്ചൻ എന്നാണ് ഇദ്ദേഹത്തെ സ്നേഹപൂർവ്വം വിളിക്കുന്നത്.

കാനഡക്കും, പ്രത്യേകിച്ച് ഫോമാ അറ്റ് ലാർജ് റീജിയനും വേണ്ട പ്രാതിനിധ്യം ഇത് വരെ ലഭിച്ചിട്ടില്ല എന്നതാണ് അപ്പച്ചന് ആദ്യമായി പറയുവാനുള്ളത്. അധികാരത്തിൽ എത്തുന്ന നേതാക്കൾ എല്ലായിപ്പോഴും കാനഡ കണ്ട ഭാവം നടിക്കാറില്ല. ഫൊക്കാനയുടെ കാനഡ കൺവെൻഷൻ ടോറോന്റോയിൽ വെച്ച് നടത്തിയത് കുറച്ചു തല മുതിര്ന്ന ആളുകൾ എങ്കിലും ഓർക്കുന്നുണ്ടാവും. അതിന് ശേഷം ഇന്ന് വരെ കാനഡയിൽ ഒരു കൺവെൻഷൻ എത്തിയിട്ടില്ല. അതിനു കാരണമായി കരുതുന്നത് ഫോമയിലെ ഒരു കൂട്ടം ആളുകളുടെ പിടിവാശി ആണെന്ന് നിസംശയം പറയാം. അവർ തീരുമാനിക്കും, നടപ്പിൽ വരുത്തും, പഞ്ചപുച്ഛമടക്കി മറ്റുള്ളവർ അത് കേൾക്കണം എന്ന രീതിയിൽ ഒരു ചെറു സംഘം ഫോമയിൽ ഉണ്ടെന്നുള്ള സത്യം ഏവർക്കും അറിവുള്ളതും ആണ്. ഫോമ ട്രൈസ്റ്റേയില് ഒതുങ്ങി നിൽക്കേണ്ട ഒന്നല്ല. അവിടെ മെമ്പർ അസോസിയേഷനുകൾ കൂടുതൽ ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല. പക്ഷേ മറ്റുള്ള സ്ഥലങ്ങളെ കൂടി ഉൾക്കൊള്ളാൻ ഫോമാ ഡെലിഗേറ്റ്സ് തയ്യാറാവണം. ഇതിപ്പോൾ ഒരു പാനെലിലുള്ളവർ മുഴുവൻ ഒരേ പ്രദേശത്തു നിന്നാണ് എന്നതും തമാശ ആയി തോന്നുന്നു. നാളെ ഒരു ട്രൈസ്റ്റേറ്റ് സംഘടനകൾക്ക് വേണ്ടി മാത്രം ഒരു മാതൃ സംഘടന വേണം എന്ന അവസ്ഥ ആണ്.

കുറച്ചു കൂടി വിശാലമായ ഒരു കാഴ്ചപ്പാട് ഫോമയിലുള്ള നേതാക്കന്മാർ കാണിക്കണം എന്നാണ് ശ്രീ. തോമസ് തോമസിന് പറയുവാനുള്ളത്. വീണ്ടും ഒരു കാനഡ കൺവെൻഷൻ ഉണ്ടാവുമെങ്കിൽ 10,000 പേരെ പങ്കെടുപ്പിച്ചു ഇത് വരെ ഫോമ – ഫൊക്കാന കണ്ടിട്ടില്ലാത്ത തരത്തിലൊരു ഗംഭീര കൺവെൻഷൻ നടത്തുവാൻ താൻ തയ്യാറാണ് എന്ന് കൂടി അപ്പച്ചൻ കൂട്ടി ചേർത്തു .

(ബിജു പന്തളം)