ഫോമാ കണ്‍വന്‍ഷന് ഡാലസിലേക്കു സ്വാഗതം

റീജിയണ്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ നാളിതുവരെ ഏവരുടേയും സഹകരണത്തോടെ പ്രവര്‍ത്തിക്കുവാനും പ്രഫഷണല്‍ സമ്മിറ്റ് ഉള്‍പ്പെടെ ഏറ്റെടുത്ത കര്‍മ്മ പരിപാടികള്‍ മുഴുവന്‍ ചാരിതാര്‍ത്ഥ്യജനകമാം വിധം വിജയിപ്പിക്കുവാനും കഴിഞ്ഞതില്‍ എനിക്കു സന്തോഷമുണ്ട്.

ഇതോടൊപ്പം എന്നെ തിരഞ്ഞെടുത്ത് എല്ലാ വിധ സഹായസഹകരണങ്ങള്‍ നല്‍കിയ സതേണ്‍ റീജിയണിലെ എല്ലാ ഫോമ സുഹൃത്തുക്കളോടുമുള്ള നന്ദിയും സ്‌നേഹവും ഇവിടെ അറിയിക്കട്ടെ.

ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ അത്ഭൂതപൂര്‍വ്വമായ വളര്‍ച്ച നേടിയ ഫോമായുടെ ഒരു പ്രവര്‍ത്തകനാകുവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഫോമാ പ്രസിഡന്റ് ശ്രീ. ബന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ്, മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവരെ അഭിനന്ദിക്കുവാനും പ്രത്യേക നന്ദി അറിയിക്കുവാനും ഈ അവസരം ഉപയോഗിക്കട്ടെ.

യുവാക്കളും റിട്ടയര്‍മെന്റ് സ്വീകരിച്ച ആളുകളും ഏറ്റവും കുടുതല്‍ കുടിയേറുന്ന സംസ്ഥാനമായി ഇന്നു ടെക്‌സസ് മാറിക്കഴിഞ്ഞു. ഡാലസ്, ഹ്യൂസ്റ്റണ്‍, സാനന്റോണിയോ, മക്കാലന്‍ തുടങ്ങിയ നഗരങ്ങളില്‍ വസിക്കുന്ന മലയാളികളുടെ എണ്ണം ഏറെ വര്‍ദ്ധിച്ചു കഴിഞ്ഞിരിക്കുന്നു. മാത്രവുമല്ല സമീപ സ്‌റ്റേറ്റുകളിലെമലയാളി സംഘടനകളും സജീവമാണ്. സാമൂഹ്യമായും സാംസ്ക്കാരികമായും ഏറെ മുന്നില്‍ നില്‍ക്കുന്ന മലയാളി സംഘടനകളുടെ സജീവ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. ഫോമ കണ്‍വന്‍ഷന്‍ ടെക്‌സസില്‍ പ്രത്യേകിച്ചു ഡാലസില്‍ നടത്തുവാനുള്ള എല്ലാ അനുകൂലസാഹചര്യങ്ങളും ഇന്നു നിലവിലുണ്ട്. ഫോമാ ഹ്യൂസ്റ്റന്‍ നഗരത്തില്‍ പിറവി എടുത്തു എങ്കിലും അന്ന് ഒരു സമ്പൂര്‍ണ്ണ മനോഹാരിതയോടെ കണ്‍ വന്‍ഷന്‍ നടത്തുവാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. അതൊരു പ്രഥമ സൗഹൃദ കൂട്ടായ്മ മാത്രമായിരുന്നു എന്നു പറയാം. ഇപ്പോള്‍ ഡാലസ് ഒരു സമ്പൂര്‍ണ്ണ മലയാളി കണ്‍വന്‍ഷനു തയ്യാറായി നില്‍ക്കുന്നു.

പണമോ പദവിയോ പടമോ അല്ല യഥാര്‍ത്ഥവും അര്‍ഹവുമായ ഒരു തിരഞ്ഞെടുപ്പിനു അധാരം.
നേതൃത്വ പാടവവും സംഘടനാ പരിചയവും കാര്യശേഷിയുമുള്ളവര്‍ നേതൃത്വത്തിലേക്കു വരേണ്ടത് കാലത്തിന്റെ ആവശ്യമാണ്. അങ്ങനെ ഫോമാ ഉത്തരോത്തരം വളരണം. വ്യക്തികളേക്കാള്‍ സംഘടനയുടെ വളര്‍ച്ചയും ശക്തിയുമാണ് പ്രധാനം. തിരഞ്ഞെടുപ്പുകള്‍ വ്യക്തിപരമായ പോരാട്ടങ്ങള്‍
ആക്കിത്തീര്‍ക്കാതെ ഒരു സ്‌പോര്‍ട്മാന്‍ സ്പിരിറ്റോടെ നേരിടണം. നോര്‍ത്ത് അമേരിക്കയിലെ മലയാളികളുടെ സുശക്തവും സുതാര്യവും സുസമ്മതവുമായ ഒരു സംഘടനയായി ഫോമാ നിലനില്‍ക്കണം. സതേണ്‍ റീജിയണ്‍ വൈസ് പ്രസിഡന്റ് എന്ന നിലയിലും ഒരു സാംസ്ക്കാരിക
പ്രവര്‍ത്തകന്‍ എന്ന നിലയിലും ഫോമ കണ്‍വന്‍ഷന് ഡാലസിലേക്ക് ഹൃദ്യമായ സ്വാഗതമരുളുന്നു

ഹരി നമ്പൂതിരി
ഫോമാ സതേണ്‍ റീജിയണ്‍ വൈസ് പ്രസിഡന്റ്.