ഫ്‌ളോറിഡാ കടല്‍ത്തീരത്തു നിന്നും ശംഖ് ശേഖരിച്ച ടെക്‌സസ് യുവതിക്ക് തടവും പിഴയും

ഫ്‌ളോറിഡ: ടെക്‌സസില്‍ നിന്നും ഫ്‌ളോറിഡാ സന്ദര്‍ശനത്തിനെത്തിയ ഡയാന ഫിസ്ക്കല്‍ ഗൊണ്‍സാലോസിനു ഫ്‌ലോറിഡാ കടല്‍ തീരത്തു നിന്നും 40 ശംഖ് ശേഖരിച്ച കുറ്റത്തിന് 15 ദിവസത്തെ ജയില്‍ ശിക്ഷ വിധിച്ചു. 500 ഡോളര്‍ പിഴയടക്കാനും ഫ്‌ലോറിഡാ കോടതി ഉത്തരവിട്ടു. 268 ഡോളര്‍ കോടതി ചെലവും നല്‍കണമെന്ന് വിധിയില്‍ പറയുന്നു. ആരോ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇവരെ ഫ്‌ലോറിഡാ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മിഷന്‍ അറസ്റ്റ് ചെയ്തു കേസെടുത്തത്.

ജൂലൈ 13 ന് കോടതിയില്‍ ഹാജരായ ഇവര്‍ കുറ്റ സമ്മതം നടത്തുകയും ശിക്ഷ അംഗീകരിക്കുകയുമായിരുന്നു. മറ്റുള്ളവര്‍ക്ക് സമ്മാനമായി നല്‍കുന്നതിനാണ് ഇവ ശേഖരിച്ചതെന്നു ഇവര്‍ കോടതിയില്‍ മൊഴി നല്‍കി. ഒഴിഞ്ഞ ശംഖ് ശേഖരിക്കുന്നതിനു നിയമ തടസ്സമില്ലെങ്കിലും ശംഖ് ശേഖരിക്കുന്നത് നിയമ ലംഘനമാണ്. വളരെ അപൂര്‍വ്വമായ ഇവയ്ക്കുള്ളില്‍ ലിവിങ്ങ് ഓര്‍ഗാനിസം ഉണ്ടെന്നുള്ളതാണ് ഇതിനു കാരണമായി ചൂണ്ടികാണിക്കുന്നത്.

പതിനഞ്ചു ദിവസത്തെ ജയില്‍ ശിക്ഷ ഓഗസ്റ്റ് 30 മുതലാണ് ആരംഭിക്കുക. കോടതിയില്‍ ഹാജരായ ഒരു ദിവസം ഇവര്‍ക്ക് ഇളച്ചു നല്‍കിയിട്ടുണ്ട്.

പി പി ചെറിയാന്‍