ഷിക്കാഗോയില്‍ ഈ വര്‍ഷം വെടിയേറ്റവരുടെ എണ്ണം 1400 കവിഞ്ഞു

ഷിക്കാഗോ: ജൂലൈ ആദ്യവാരം ഷിക്കാഗോ സിറ്റിയില്‍ നടന്ന വെടിവയ്പില്‍ നാലു പേര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതോടെ ഈ വര്‍ഷം വെടിയേറ്റവരുടെ എണ്ണം 1433 കവിഞ്ഞതായി ഷിക്കാഗോയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നു. 2018 ല്‍ മാത്രം 246 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് വെടിയേറ്റവരുടെ എണ്ണം 1945 ആയിരുന്നു. 2012 ല്‍ ഈ സംഖ്യ 1334.

ഗണ്‍വയലന്‍സിനെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ വര്‍ധിച്ചു വരുന്നുണ്ടെങ്കിലും വെടിവയ്പുകളുടെ എണ്ണത്തില്‍ കുറവില്ലാത്തത് സാധാരണ ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. തോക്ക് വില്‍പനയില്‍ നിയന്ത്രണം ശരിയായ രീതിയില്‍ നടപ്പാക്കാന്‍ കഴിയാത്തത് ഗണ്‍വയലന്‍സ് വര്‍ധിക്കുന്നതിന് ഇടയാക്കുന്നു. അമേരിക്കയിലെ വെടിവെയ്പ് സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സിറ്റികളില്‍ മുന്നിലാണ് ഷിക്കാഗോ. 2016, 2017 വര്‍ഷങ്ങളില്‍ വെടിവയ്പു സംഭവങ്ങളുടെ എണ്ണത്തില്‍ അല്‍പം കുറവ് വന്നിരുന്നുവെങ്കിലും വീണ്ടും വര്‍ധിച്ചത് അധികാരികളിലും ആശങ്കയുളവാക്കിയിട്ടുണ്ട്.

പി. പി. ചെറിയാന്‍