കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ കോഴ്‌സിലേക്ക് പ്രവേശനം തേടുന്ന കേരളത്തിലെ പാവപ്പെട്ട കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്കുക.

എഞ്ചിനീയറിംഗ്, മെഡിസിന്, നേഴ്‌സിംഗ്, ഫാര്‍മക്കോളജി, ദന്തിസ്റ്ററി തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ഒന്നാം വര്‍ഷ പ്രവേശനം തേടുന്ന കുട്ടികള്‍ക്കാണ് പ്രതിവര്‍ഷം 250 ഡോളര്‍ വീതം നല്കുക. പ്ലസ്ടു പരീക്ഷയില്‍ 85 ശതമാനത്തിലധികം മാര്‍ക്കും കുടുംബത്തിലെ വാര്‍ഷിക വരുമാനം അരലക്ഷത്തില്‍ കുറവുമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത.

www.namaha.org എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന ഫോറമാണ് പൂരിപ്പിച്ച് അയക്കേണ്ടത്. വരുമാന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റിന്‍റെ അറ്റസ്റ്റഡ്‌കോപ്പി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സാമ്പത്തിക ആവശ്യം വ്യക്തമാക്കിക്കൊണ്ടുള്ള കുട്ടിയുടെ കത്ത്, പ്രൊഫഷണല്‍ കോഴ്‌സിന് പ്രവേശനം ലഭിച്ചതിന്‍റെ തെളിവ്, പ്രാദേശിക ഹിന്ദു സംഘടനയുടെ ശുപാര്‍ശ കത്ത്, വസുദൈവ കുടുംബം- നേടാനാകുമോ അതോ അസാധ്യ ദൗത്യമോ” എന്ന വിഷയത്തില്‍ 3 പേജില്‍ കുറയാതെ ഉപന്യാസം എന്നിവയും അപേക്ഷയോടൊപ്പം അയയ്ക്കണം.

2018 ഏപ്രില്‍ 30 ന് മുന്‍പ് പി.ഒ., ബോക്‌സ് 1244, പേരൂര്‍ക്കട. തിരുവനന്തപുരം 695005 എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം.

ജോണ്‍ ഇളമതയുടെ മേപ്പിള്‍ മരങ്ങളില്‍ മഞ്ഞുവീഴുമ്പോള്‍ (നോവല്‍) പ്രകാശനം ചെയ്തു

ജോയിച്ചന്‍ പുതുക്കുളം

തിരുവനന്തപുരം: പ്രശസ്ത അമേരിക്കന്‍ സാഹിത്യകാരന്‍ ജോണ്‍ ഇളമതയുടെ “മേപ്പിള്‍മരങ്ങളില്‍ മഞ്ഞുവീഴുമ്പോള്‍’ എന്ന നോവല്‍ പ്രകാശനം ചെയ്തു.

2018 ഫെബ്രുവരി 17 ശനിയാഴ്ച വൈകുന്നേരം തിരുവനന്തപുരം പ്രസ്ക്ലബ് ഹാളില്‍ നടന്ന സൗഹൃദ സാഹിത്യ സമ്മേളനത്തില്‍ പ്രശ്‌സത സാഹിത്യകാരനായ ശ്രീ സക്കറിയ എഴുത്തുകാരനായ ശ്രീ പ്രതീപ് പനങ്ങാടിന് നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

ശ്രീമതി ആനിമ്മ ഇളമത സദസ്യക്ക് സ്വാഗതമരുളി. എഴുത്തുകാരനായ ശ്രീ എഡ്വേര്‍ഡ് നസ്രത്ത് (മുക്കാടന്‍) പുസ്തകപരിചയം നടത്തി, തുടര്‍ന്ന് ചിത്രകാരനും, ശില്പ്പിയുമായ കെവി ജ്യോതിലാല്‍,കവിയും,സാഹിത്യകാരനുമായ ശ്രീ അബ്ദുള്‍ പുന്നയൂര്‍കുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൈരളിബുക്‌സ് മനേജിങ് ഡയറക്ടര്‍ ശ്രീ ഒ.അശോകകുമാര്‍ അദ്ധ്യക്ഷനായിരുന്നു.

ശ്രീ പോള്‍ സക്കറിയ ആമുഖ പ്രസംഗത്തില്‍,ഒരു കുടിയേറ്റക്കാരനായ എഴുത്തുകാരനു മാത്രമേ അവിടത്തെ ജീവിതാനുഭവങ്ങള്‍ ഉള്‍ക്കൊള്ളാനും, എഴുതാനും ആകൂ എന്നും,അത്തരമൊരു ഹൃദയസ്പര്‍്ടിയായ നോവല്‍ ജോണ്‍ വളരെ കയ്യടക്കത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു എന്ന് അഭിപ്രായപ്പെട്ടു.ഇതു പ്രവാസത്തിന്‍െറ ഒരു പുതിയ മുഖമാണന്നും,ബന്യാമിനു ശേഷം ഇത്തരം കൃതികള്‍ ഉണ്ടായികൊണ്ടിരിക്കന്നത് മലയാള സഹിത്യത്തിന് അപരിചിതമായ മേഖലകളിലേക്ക് സാഹിത്യത്തിന്‍െറ സഞ്ചാരവഴികളെന്നും,പ്രത്യേകിച്ചും കനേഡിയന്‍ പശ്ചാത്തലത്തില്‍ ഇത്തരമൊരു നോവല്‍ പുതുമ തന്നെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീ ജോണ്‍ ഇളമത ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

കൈരളി ബുക്‌സ്,കണ്ണൂര്‍ ആണ് പ്രസാധകര്‍.

ത്രിപുരയില്‍ സല്‍ഭരണത്തിനുള്ള വിധിയെഴുത്ത്- കുമ്മനം

തിരുവനന്തപുരം: സല്‍ഭരണത്തിനായുള്ള ജനാഭിലാഷമാണ് ത്രിപുരയില്‍ പ്രകടമായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കാല്‍നൂറ്റാണ്ടുകാലം ത്രിപുര ഭരണം അടക്കിവാണ സിപിഎം ജനങ്ങളെ വെറും അടിമകളായാണ് കണക്കാക്കിയത്. അതില്‍നിന്നും മോചനം നേടാനുള്ള ആദ്യ അവസരം തന്നെ ജനങ്ങള്‍ പ്രയോജനപ്പെടുത്തിയതായി കുമ്മനം ചൂണ്ടിക്കാട്ടി.

വികസനം തിരിഞ്ഞുനോക്കാത്ത സംസ്ഥാനമായി ത്രിപുരയെ സിപിഎം മാറ്റി. മതിയായ വിദ്യാലയങ്ങളോ ആശുപത്രികളോ അടിസ്ഥാനസൗകര്യമോ ഏര്‍പ്പെടുത്താന്‍ സിപിഎം ഭരണത്തിനായിട്ടില്ല. കേന്ദ്രവിഹിതം ശരിയാംവണ്ണം പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. മതേതര ശക്തികള്‍ ഒന്നിച്ചുനില്‍ക്കാത്തതാണ് ത്രിപുരയിലെ ഫലമെന്ന നിരീക്ഷണം നിര്‍ത്ഥകമാണ്. അവിടെ ബിജെപിയും സിപിഎമ്മും നേരിട്ട് മത്സരമായിരുന്നു. കോണ്‍ഗ്രസ് അപ്രസക്തമായി. ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് അനുകരണീയ മാതൃകയാണ്. മാറിമാറി ഭരണം പങ്കിട്ടെടുത്ത് ജനങ്ങളെ വഞ്ചിക്കുന്ന മാര്‍ക്‌സിസ്റ്റുകാരെയും കോണ്‍ഗ്രസുകാരെയും മാറ്റി പുതിയൊരു ശക്തിയാക്കി ബിജെപിയെ ജയിപ്പിക്കാന്‍ കേരളത്തിനും സാധിക്കുമെന്നാണ് ത്രിപുര നല്‍കുന്ന പാഠം.

മതേതര വായ്ത്താരി മുഴക്കുന്ന ബിജെപി വിരുദ്ധര്‍ നാഗാലാന്റിലെയും മേഘാലയത്തിലെ ഫലം കൂടി മനസ്സിലാക്കണം. ക്രൈസ്തവ സമൂഹത്തിന് വന്‍ മേല്‍ക്കൈയുള്ള ഇവിടങ്ങളിലും ബിജെപി നല്ല നിലയില്‍ അംഗീകരിക്കപ്പെട്ടു. 75 ശതമാനം ക്രൈസ്തവരുള്ള നാഗാലാന്റില്‍ ഭൂരിപക്ഷം നേടാനും ബിജെപിക്ക് കഴിഞ്ഞത് കുമ്മനം ചൂണ്ടിക്കാട്ടി.

ആദിവാസികളുടെ കണ്ണുനീരും,നമ്മുടെ ദുഖവും നിറഞ്ഞ നവ മാധ്യമ ഉത്സവത്തിൽ മറയുന്നത്..

അപ്രസക്തമായ പലതിനെയും പ്രശസ്‌തിയിലേയ്ക്ക് ഉയർത്തുന്നതാണ് എഴുത്തുകളും തലക്കെട്ടുകളും.വളച്ചൊടിക്കുന്ന അസത്യങ്ങൾ ആണ് സത്യങ്ങൾ ആയി മാറി വരുന്നത്,അതുമല്ല എങ്കിൽ സത്യങ്ങളെ വളച്ചൊടിക്കുന്നതാണ് അസത്യം .

ഗോത്ര വർഗ്ഗത്തിന്റെ ഉന്നമനത്തിനായി മാറിവരുന്ന സർക്കാരുകൾ പല പദ്ധതികൾ പ്രഗ്യാപ്പിക്കുകയും,അവ പലവഴികളിലൂടെ പല പാതകളിലേയ്ക്ക് ഒഴുകുകയും ചെയ്യുന്നു.ഓരോ ആദിവാസി വിദ്യാ സമ്പന്നനും,ചെറുത് നിൽപിനു വീണ്ടും വിധത്തിൽ പ്രാപ്തനാകുകയും ചെയ്യുന്നത് പരിഷ്കൃത സമൂഹത്തിലെ മുതൽ മുടക്കുകാർ അനുവദിക്കുകയില്ല.കാരണം പലതാണ്.നമ്മുടെ ഗോത്ര മേഖലയിൽ നടക്കുന്ന,അവരോടു കാണിക്കുന്ന അവജ്ഞകൾ വാർത്തകളിൽ നിറയുമ്പോൾ ജനം അറിയാത്ത ഒരു ചരട് പിടുത്തം ആദിവാസി വന മേഖലയിൽ നടക്കുന്ന പല രഹസ്യ നീക്കങ്ങളും പലരും അറിയുന്നില്ല (മാധ്യമങ്ങൾ അറിയാതെ ഇരിന്നിട്ടും ഇല്ല) .

കേരളത്തിൽ വികസിച്ചു വരുന്ന രണ്ടു പദ്ധതികൾ ആണ് ടൂറിസവും,ആയുർവേദ കൃഷിയും,ഉത്പന്നങ്ങളും,പരമ്പരാഗത ചികത്സാ രീതികളും.സർക്കാർ ,വിദേശികളും,സ്വദേശികളും ആയ പല മുതല്മുടക്കുകാരെയും ഈ പദ്ധതിയിലേയ്ക്ക് ക്ഷണിക്കുന്നു.പലരും മുതൽ മുടക്കുന്നു.കേരളത്തിന്റെ വാൻ മേഖലയിൽ നിന്നും അതിരുകൾ കടക്കുന്ന പല ഔഷധങ്ങൾ,ധാതുക്കൾ,മൃഗങ്ങളുടെ ഇറച്ചി,പാമ്പിൻ തുകൽ,വിഷം എന്നിവയുടെ കടത്തുന്ന യദാർത്ഥ കണക്കുകൾ എവിടെ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.

മധു എന്ന ചെറുപ്പക്കാരന്റെ മരണം കേരളത്തെ ആകെ ദുഃഖത്തിൽ ആഴ്ത്തി,പലരും ആത്മാർത്ഥമായി വേദനിച്ചു,ചിലർ നവ മാധ്യമങ്ങളിൽ അക്ഷര,ഫോട്ടോ ഷോപ്,കവിത വിക്രയങ്ങളിലൂടെ വളരെ ശ്രദ്ധയോടെ അവസരോചിതമായ കണ്ണുനീർ തൂവി.ആരെയും കുറ്റം പറയുകയല്ല.
കുറച്ചു വര്ഷങ്ങള്ക്കു മുൻപ് ഇടുക്കി കട്ടപ്പന,ഏലപ്പാറ,കുമളി,വണ്ടിപ്പെരിയാർ മേഖലകളിൽ നിന്നും ഗ്യാസ് സിലിണ്ടറുകൾ,കോട്ടയം,ചങ്ങനാശ്ശേരി ടൗൺ കളിലേയ്ക്ക് ബസ്സുകളിലും,ജീപ്പുകളിലും ഒക്കെ ആയി ഇടക്കൊക്കെ യാത്ര ചെയ്യുമായിരുന്നു.ഈ സിലിണ്ടറുകളിൽ,നിറച്ചിരുന്നതു എന്തെല്ലാം ആയിരുന്നു എന്ന് പല പ്രമുഖ നേതാക്കൾക്കും,മാധ്യമങ്ങൾക്കും അറിവുള്ളതും ആയിരുന്നു.പല പത്ര പ്രസിദ്ധീകരണങ്ങൾക്കും കഴിയുന്ന രീതിയിൽ പലതും റിപ്പോർട്ട് ചെയ്തിട്ടും ഉണ്ട് എങ്കിലും ഇന്നുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല,പ്രസിദ്ധീകരിച്ചതും കണ്ടിട്ടില്ല..
മധുവിനെ കാട്ടി കൊടുത്ത് ഫോറസ്ററ് ജോലിക്കാർ ആണെന്ന് പറയുന്നു.അതിൽ സത്യം ഉണ്ടായിരിയ്ക്കാം.

അട്ടപ്പാടി ആദിവാസി മേഖലയിൽ മനുഷ്യരെ കൊലചെയ്യുന്നു എങ്കിൽ അതിനു പിന്നിൽ കാടുകയരി ഇറങ്ങുന്ന ചില കച്ചവടക്കാർ കൂടി ഉണ്ട് എന്നത് വ്യക്തം.വനത്തിൽ അമൂല്യമായ മാത്രം ലഭിക്കുന്ന ധാതു ലാവണങ്ങളും ,മറ്റു വന സമ്പത്തുകളെയും നിസ്സാരമായി കടത്തി കൊണ്ട് പോകുന്ന,മാഫിയകൾ. കാട്കക്കുന്നതിൽ മാറി മാറി വരുന്ന സർക്കാരുകളും.,ഉദ്യോഗസ്ഥരും ഒരു ഇടനിലക്കാരൻ മാത്രമാണ്.

ആദിവാസി മരണത്തിൽ കണ്ണുനീർ ഒഴുക്കി ജന ശ്രദ്ധ അകറ്റുമ്പോൾ കേരള ജനതയെ ,നമ്മുടെ കാടിനെ കൊള്ളയടിയ്ക്കപ്പെടുന്നത് ആരും അറിയുന്നില്ല,കണ്ടാലും കാണുന്നില്ല.ഗവേഷണങ്ങളുടെയും,ടൂറിസത്തിന്റെയും ,പേരിൽ കാടുകയറുന്നവർ ഭയക്കുന്നത് അവിടുള്ള മൃഗങ്ങളെയല്ല മറിച്ചു കാട് സ്വർഗ്ഗമെന്നു കരുതുന്ന അവിടുത്തെ ആദിവാസി ഉടയോരെ ആണ്.അവരെ ഭയപ്പെടുത്തി ഓടിക്കേണ്ടത്,മനോരോഗികൾ എന്ന് മുദ്ര കുത്തേണ്ടത്,നിരക്ഷരൻ ആയി നിലനിത്തേണ്ടത് വൻ മാഫിയകളുടെയും,കൊള്ളക്കാരെ സഹായിക്കുന്ന ചുരുക്കം ചില പ്രമാണിമാരുടെയും മാത്രം അജണ്ടയും,ആവശ്യവും മാത്രമാണ്.ഇതിൽ ചുവപ്പെന്നോ,വെളുപ്പെന്നോ,കാവി എന്നോ വ്യത്യാസം ഇല്ല.ആദിവാസികൾ, നമ്മൾ പരിഷ്കൃത മനുഷ്യരെ പേടിക്കുന്ന ആദിവാസി മാത്രമായി നിലനിക്കപ്പെടേണ്ടത് കരകൾക്കും അപ്പുറം ഉള്ള വൻ കച്ചവടക്കാരുടെ ആവശ്യം കൂടിയാണെന്നും,അവരുടെ വലയിൽ പല ഉദ്യോഗസ്ഥരും കുടുങ്ങിയിട്ടുണ്ട് എന്നും പൊതു ജനം അറിയേണ്ടിയിരിക്കുന്നു.

പല പ്രശ്നങ്ങളെയും രാഷ്ട്രീയ പരമായി കുറ്റപ്പെടുത്തി അതിന്റെ പിന്നിലുള്ള സത്യത്തെ മറക്കുന്നതിൽ സോഷ്യൽ മീഡിയ ഉയർത്തുന്ന വെല്ലുവിളി വളരെ വലുതാണ്.കേരളത്തിലെ മാവോയിസ്റ് വേട്ട ഫാബ്രിക്കേറ്റഡ് ആണ് എന്ന വാദത്തെ തള്ളി പറയുവാൻ ബഹുഭൂരി പക്ഷവും ശ്രമിക്കുന്നു.എന്നാൽ ആ ഒരു വേട്ട മൂലം കാട് കയറിയവരും,നവ വേഷ ധാരികളെ നിർബാധം കാട്ടിൽ മേയാൻ അനുവാദം കൊടുക്കാൻ നിര്ബന്ധിതരായവർ ആണ് ഇന്നുള്ള ആദിവാസികൾ,കാരണം അവർക്കു സാമാന്യ വിദ്യാഭ്യാസം ഉണ്ടെങ്കിലും,നേരും,നുണയും തിരിച്ചറിയാൻ ഉള്ള അറിവ് നാം നൽകിയിട്ടില്ല.ഒറ്റ മാവോയിസ്റ്റുവേട്ടയിൽ ,മാവോയിസ്റ്റുകളിൽ നിന്നും സംരക്ഷണം ലഭിക്കുവാൻ എന്ന പേരിൽ കേന്ദ്ര,സംസ്ഥാന ഫണ്ടുകൾ കവർന്നവർ ആണ് ഭരണ വർഗ്ഗം എന്ന സത്യം എത്ര മാധ്യമങ്ങൾ/ എത്ര ഭരണാധികാരികൾ/ പ്രതി പക്ഷം,ഉദോഗസ്ഥരോ അവരുടെ സംഗടനകളോ ഉയർത്തി കാട്ടി.ആരും തന്നെ ഇല്ല.ആദിവാസി മേഖലയിലെ പട്ടിണിയും,മരണവും നമുക്ക് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആകുമ്പോൾ അവർ സംരക്ഷിക്കുന്ന നമ്മുടെ കേരളത്തിന്റെ മാത്രം ഔഷധങ്ങളുടെയും,വന സമ്പത്തിന്റെയും കണക്കുകൾ ആരും ചർച്ച ചെയ്യുന്നില്ല.?കേരളത്തിലെ മാവോയിസ്റ്റുകൾ പോലും മറന്ന മാവോയിസ്റ്റിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ ആരും പുറം ലോകത്തെ അറിയിക്കുന്നില്ല?
ആദിവാസികളുടെ കണ്ണുനീരും,നമ്മുടെ ദുഖവും നിറഞ്ഞ നവ മാധ്യമ ഉത്സവത്തിൽ മറയുന്നത് വൻ കൊള്ളയുടെ നേർക്കാഴ്ചകൾ മാത്രമാണ്.

മധുവിന്റെ കൊലപാതകം: കുമ്മനത്തിന്റെ ഉപവാസം തുടങ്ങി

തിരുവനന്തപുരം: ആദിവാസി യുവാവ് മധുവിന്റെ ദാരുണ മരണത്തിനിടയാക്കിയതിലെ സംസ്ഥാന സര്‍ക്കാരിനുളള കുറ്റകരമായ പങ്കില്‍ പ്രതിഷേധിച്ച് എന്‍ഡിഎ ചെയര്‍മാന്‍ കുമ്മനം രാജശേഖരന്റെ24 മണിക്കൂര്‍ ഉപവാസം തുടങ്ങി. സെക്രട്ടറിയേറ്റിനു മുന്നിലെ ഉപവാസം ഒ.രാജഗോപാല്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ നേതാക്കള്‍ കൈകള്‍ കൂട്ടിക്കെട്ടിനിന്ന് മധുവിന് ആദരാജ്ഞലി അര്‍പ്പിച്ച ശേഷമാണ് ആരംഭിച്ചത്.പട്ടിക വര്‍ഗ്ഗമോര്‍ച്ച അഖിലേന്ത്യപ്രസിഡന്റും ഛത്തീസ്ഗഡ് മുന്‍ ആഭ്യന്തരമന്ത്രിയുമായ റാം വിചാര്‍ നേതാം എംപി ഉപവാസം ഉദ്ഘാടനം ചെയ്തു. കേരളം പേരുകേട്ട സംസ്ഥാനമാണെങ്കിലും ഭരണാധികാരികളുടെ പിടിപ്പുകേടു കാരണം വിശന്ന് വലഞ്ഞ് അരിയെടുത്തവനെ അടിച്ചു കൊല്ലുന്ന അവസ്ഥയിലേയ്‌ക്കെത്തിയെന്ന് റാംവിചാര്‍ നേതാം പറഞ്ഞു. പൊതു സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാലാണ് മധുവിന്റെ മരണം പുറത്ത് അറിഞ്ഞത്. അല്ലെങ്കില്‍ അട്ടപ്പാടിയില്‍ നടന്ന മറ്റ് മരണങ്ങളെപ്പോലെ അസ്വാഭിവിക മരണമാകുമായിരുന്നു. കോടിക്കണക്കിന് രുപയാണ് ആദിവാസി ക്ഷേമത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. മധുവിന്റെ മരണം ലോകസഭയും രാജ്യസഭയും ചര്‍ച്ച ചെയ്യണമെന്നും റാം വിചാര്‍ നേതാം ആവശ്യപ്പെട്ടു. ജെആര്‍എസ് ചെയര്‍മാന്‍ സി.കെ.ജാനു അദ്ധ്യക്ഷത വഹിച്ചു. അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന ആദിവാസികളെ നക്‌സലൈറ്റുകളെന്നും തീവ്രവാദികളെന്നും മുദ്രകുത്തരുതെന്ന് സി.കെ. ജാനു പറഞ്ഞു. അട്ടപ്പാടിയുടെ വികസനത്തിനു വേണ്ടി കോടിക്കണക്കിന് രൂപയാണ് വിനിയോഗിക്കുന്നത്. ആദിവാസികള്‍ പട്ടിണിയിലും ഇവരുടെ ക്ഷേമത്തിനു വേണ്ടി വിനിയോഗിക്കുന്ന തുക ആദിവാസികള്‍ക്ക് നേരിട്ട് കൊടുത്തിരുന്നുവെങ്കില്‍ അവര്‍ കോടീശ്വരന്‍മാരാകുമെന്ന് സി.കെ.ജാനു പറഞ്ഞു. കാട്ടില്‍ നിന്ന് തടികടത്തുന്നവനും, ആനക്കൊമ്പ് മോഷ്ടിക്കുന്നവനും സമൂഹത്തില്‍ സൈ്വരമായി വിഹരിക്കുമ്പോള്‍ വിശന്ന് വലയുന്നവനെ അടിച്ചുകൊല്ലുന്ന രീതിയാണ് നടന്നുവരുന്നത്. മന്ത്രി എ.കെ ബാലന്‍ രാജിവയ്ക്കണമെന്നും ജാനു ആവശ്യപ്പെട്ടു.

മനസാക്ഷി ഒട്ടുമില്ലാത്ത മേലാളന്മാര്‍ ഭരിക്കുന്ന സംസ്ഥാനത്ത് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം പ്രതിയാണെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചു. മധുവിന്റെ വീട്ടില്‍ പോകാനോ മോര്‍ച്ചറിയില്‍ പോയി മൃതദേഹം കാണാനോ മുഖ്യമന്ത്രികൂട്ടാക്കിയില്ല. ആദിവാസി ക്ഷേമത്തിനു നല്‍കുന്ന പണം മുഴുവന്‍ കൊള്ളയടിക്കുന്നു. ആ പണം തട്ടിയെടുക്കുന്ന തമ്പ്രാക്കന്‍മാരുടെ ഗുരുവാണ് പിണറായി വിജയന്‍. കേരളത്തില്‍ കൊലപാതകങ്ങളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. ചോരക്കറ പുരളുന്ന മണ്ണാണ് എങ്ങും. വസ്തുവില്‍ കൊടികുത്തി അവരെ ആത്മഹത്യയിലേക്ക് തള്ളി വിടുകയല്ല വേണ്ടത്. ഗര്‍ഭിണിയെ വരെ സിപിഎം പാര്‍ട്ടി പ്രവര്‍ത്തകര്‍ ചവുട്ടി പിഞ്ചുകുഞ്ഞിനെ കൊല്ലുന്നു. സാമൂഹിക പരിഷ്‌കര്‍ത്തക്കള്‍ കേരളത്തിനു വേണ്ടി ഒഴുക്കിയ വിയര്‍പ്പ് വെറുതെയായെന്നും കുമ്മനം പറഞ്ഞു. എല്‍ജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ രാമചന്ദ്ര പസ്വാന്‍, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്, ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് ആര്‍.പൊന്നപ്പന്‍, എല്‍ജെപി സംസ്ഥാന പ്രസിഡന്റ് എം.മൊഹബൂബ്, പിഎസ്പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ.പൊന്നപ്പന്‍, കേരള കോണ്‍ഗ്രസ് നാഷണിലിസ്റ്റ് ചെയര്‍മാന്‍ കുരുവിള മാത്യൂസ്, സോഷ്യലിസ്റ്റ് ജനതാദള്‍ വി.വി. രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സ്പര്‍ദ്ധയും വിദേഷ്വവും വെടിഞ്ഞ് ഒരൊറ്റ ആരാധനാ സമൂഹമായി ദൈവസന്നിധിയില്‍ ഏവരും കടന്നു വരുന്ന അനുഗ്രഹീത മുഹൂര്‍ത്തത്തിന് വേണ്ടി മലങ്കരസഭ കാത്തിരിക്കുന്നു: പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ്

സ്പര്‍ദ്ധയും വിദേഷ്വവും വെടിഞ്ഞ് ഒരു ആരാധക സമൂഹമായി ദൈവസന്നിധിയില്‍ ഏവരും കടന്നു വരുന്ന അനുഗ്രഹീത മുഹൂര്‍ത്തത്തിന് വേണ്ടി മലങ്കരസഭ കാത്തിരിക്കുകയാണെന്നും ഈ ലക്ഷ്യത്തെ പ്രതികൂലമായി ബാധിക്കുന്ന യാതൊരു നടപടിയും മലങ്കര സഭാംഗങ്ങളായ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും ഈ ലക്ഷ്യത്തിന് ഏവരുടെയും സഹായവും പങ്കാളിത്തവും ഉണ്ടാകണമെന്നും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് അംഗീകരിച്ച പ്രമേയത്തില്‍ ആഹ്വാനം ചെയ്തു. 1934 ലെ മലങ്കര സഭാ ഭരണഘടനയുടെയും 2017 ജൂലൈ 3 ലെ ബഹു. സുപ്രീം കോടതി വിധിയുടെയും അടിസ്ഥാനത്തിലായിരിക്കണം സഭയിൽ സമാധാനം കൈവരിക്കേണ്ടത്. ഇവ അംഗീകരിക്കുന്ന ഇടവക ജനങ്ങളില്‍ ആര്‍ക്കും ഇടവകയില്‍ യാതൊരു ബുദ്ധിമുട്ടും തടസ്സവും ഉണ്ടാവുകയില്ലെന്നും സുന്നഹദോസ് പ്രഖ്യാപിച്ചു. ഭാരതത്തിന്റെ അപ്പോസ്തോലനായ മാർത്തോമാ ശ്ലീഹായുടെ പെരുന്നാൾ ദിനമായ ജൂലൈ 3 -നു ഉണ്ടായ സുപ്രീം കോടതി വിധി സഭാ സമാധാനത്തിനുള്ള ദൈവീക പദ്ധതിയായി മലങ്കരസഭ വിശ്വസിക്കുന്നു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സമാധാനമാണ് എക്കാലവും ആഗ്രഹിക്കുന്നത്. സഭയിലെ ഇടവക പള്ളികളെല്ലാം സമാധാനപൂർവ്വം ഭരിക്കപ്പെടണമെന്നും സഭാവിശ്വാസികൾ ക്രിസ്തീയ വിശ്വാസത്തിലും സഭാ ജീവിതനിഷ്‌ഠയിലും അടിയുറച്ച് സഭയുടെ ഘടനകളോടുള്ള വിധേയത്വത്തിലും അച്ചടക്കത്തിലും നിലനിൽക്കണമെന്നും മലങ്കരസഭ ആഗ്രഹിക്കുന്നു. 2017 ജൂലൈ മാസം 3–ാം തീയതി ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധി, പാത്രിയർക്കീസ് വിഭാഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു സമൂഹം ബഹുമാനപ്പെട്ട സുപ്രിംകോടതിയിൽ സമർപ്പിച്ച അപ്പീലിന്മേൽ ഉണ്ടായ വിധിതീർപ്പാണ്. ഈ വിധിതീർപ്പ് സഭയിൽ സമാധാനം സ്ഥാപിക്കുവാനും വിശ്വാസികളേവരും തർക്കവിതർക്കങ്ങൾ അവസാനിപ്പിച്ച് വ്യക്തമായി നിർവ്വചിക്കപ്പെട്ടിട്ടുള്ള ഒരു സംവിധാനത്തിന് കീഴിൽ സമാധാനപൂർവ്വം നിലകൊള്ളുവാനും അങ്ങേയറ്റം സഹായകമായ സുവർണ്ണ രേഖയായാണ് കണക്കാക്കപ്പെടുന്നത്.

1934 ലെ സഭാ ഭരണഘടനയുടെയും മറ്റു ഭരണക്രമങ്ങളുടെയും അടിസ്ഥാനത്തിൽ, വ്യവസ്ഥാപിതമായ മാർഗങ്ങളിൽക്കൂടി ഭരിക്കപ്പെട്ടുകൊണ്ടിരുന്ന സഭയിൽ 1970 മുതൽ പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ, പലപ്പോഴും മധ്യസ്ഥന്മാർ ഇടപെടുകയും ഗവൺമെന്റ് അധികാരികളുടെ സാന്നിധ്യത്തിൽ പല എഗ്രിമെന്റുകളും ഉണ്ടാക്കുകയും ചെയ്‌തിരുന്നു. എന്നാൽ അവയെല്ലാം ലംഘിക്കപ്പെടുകയും, പലപ്പോഴും സമാധാന ഭഞ്ജനമുണ്ടാക്കപ്പെടുകയും, മലങ്കരസഭയുടെ പള്ളികൾ അനധികൃതമായി കൈയ്യേറപ്പെടുകയും, ഇവിടെ ഒരുഭരണക്രമം നിലനിൽക്കുമ്പോൾ 2002 -ൽ പുതിയ ഭരണക്രമങ്ങൾ രൂപീകരിക്കപ്പെടുകയും ചെയ്‌ത സാഹചര്യത്തിൽ, ഒരു ജനാധിപത്യസംവിധാനത്തിന്റെ ഭാഗമായ ജൂഡീഷ്യറി ഈ വിഷയത്തിൽ ഇടപെട്ട് തീർപ്പ് കൽപിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയും സമാധാനസ്ഥാപനത്തിനുമാണ് കോടതികളെ സമീപിക്കുവാൻ മലങ്കരസഭ പലപ്പോഴും നിർബന്ധിതമായത്.

ഒരു ജനാധിപത്യരാജ്യത്തിൽ അധികാരമുള്ള മദ്ധ്യസ്ഥനാണ് നീതിന്യായ കോടതി. ഇരുവിഭാഗങ്ങളുടെയും പക്കലുള്ള തെളിവുകളും രേഖകളും ഉൾപ്പെടെ പരിശോധിച്ചതിന് ശേഷമാണല്ലോ കോടതികൾ വിധി പ്രസ്താവിക്കുന്നത്. ജനാധിപത്യം, ഭൂരിപക്ഷം, രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ള എല്ലാ വാദഗതികളും നീതിന്യായ കോടതികൾ സവിസ്തരം പരിഗണിച്ചതിന് ശേഷമാണ് ബഹുമാനപ്പെട്ട സുപ്രീംകോടതി വിധി പ്രസ്താവിച്ചിട്ടുള്ളത്. ആ വിധി നടപ്പാക്കുന്നത് തന്നെ പ്രശ്‌നപരിഹാരത്തിനുള്ള അംഗീകൃത നടപടിയാണ്. എന്നാൽ നീതിന്യായ കോടതിയുടെ മദ്ധ്യസ്ഥത അംഗീകരിക്കാൻ കൂട്ടാക്കാത്തവർ മറ്റു മദ്ധ്യസ്ഥന്മാരെ ചെവിക്കൊള്ളുമോ?1995 – ൽ സഭാകേസ് സുപ്രീം കോടതിയിൽ നടക്കുന്ന സമയത്ത് ജഡ്‌ജിമാർ ഇരുകക്ഷികളോടും ചോദിച്ചതാണ്, നിങ്ങൾക്ക് കോടതിക്കുപുറത്ത് മറ്റു മദ്ധ്യസ്ഥന്മാരെ വച്ച് ഒരു തീർപ്പ് ഉണ്ടാക്കരുതോ എന്ന്. അന്ന് ഇരുവിഭാഗവും തങ്ങൾക്ക് കോടതി നടപടികളിൽ പൂർണ്ണ വിശ്വാസം ഉണ്ടെന്നും, കോടതിയുടെ തീർപ്പ് സ്വീകാര്യമാണ് എന്നും പറഞ്ഞിരുന്നു. ഇപ്പോൾ 2017 ജൂലൈ 3 –ലെ വിധി തങ്ങൾക്ക് പ്രതികൂലമായപ്പോൾ പാത്രിയർക്കീസ് വിഭാഗം കോടതിയെ ചോദ്യം ചെയ്യുന്നതും കോടതിയിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിക്കുന്നതും കോടതിയുടെ നിക്ഷ്‌പക്ഷതയിൽ പോലും സംശയം ഉന്നയിക്കുന്നതും കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരും എന്ന് മറന്നുക്കരുത്. കോടതിവിധികൾ ഓർത്തഡോക്സ് പക്ഷം വിലകൊടുത്തു വാങ്ങിയതാണ് എന്ന പ്രസ്താവനപോലും ഉണ്ടായിട്ടുണ്ടെന്ന് കാണുന്നു. അത് ദൈവം ക്ഷമിക്കട്ടെ.

പാത്രിയർക്കീസ് വിഭാഗത്തിലെ ആളുകളുടെ സ്വത്താണ് പള്ളികൾ എന്നാണല്ലോ തോമസ് പ്രഥമൻ ബാവായുടെ വാദം. മലങ്കര സഭ ഒരു ട്രസ്റ്റാണ്. സഭയുടെ സ്വത്തുക്കളും, ഇടവകപള്ളികളും എല്ലാം അതിൽ ഉൾപ്പെടും. ആരൊക്കെ എന്തൊക്കെ ത്യാഗം സഹിച്ച് നിർമ്മിച്ചവയായാലും, ഒരു ട്രസ്റ്റിന്റെ ഭാഗമായിക്കഴിഞ്ഞാൽ പിന്നെ നിർമ്മിച്ചവനും, അതിനുവേണ്ടി പണം മുടക്കിയവനും അതിന്മേൽ അവകാശമില്ല. ട്രസ്റ്റിൽ നിക്ഷിപ്‌തമായിരിക്കുന്ന സ്വത്തുക്കളൊന്നും ആരുടെയും സ്വന്തമല്ല. അവകാശമുള്ളവർ ട്രസ്റ്റിന്റെ ഭരണംനടത്തും. മലങ്കര സഭ ഭരിക്കപ്പെടേണ്ടത് 1934 ലെ ഭരണഘടന അനുസരിച്ചാണെന്ന് കേരളഹൈക്കോടതിയും,ഭാരതത്തിന്റെ പരോമോന്നത കോടതിയായ സുപ്രീം കോടതിയും പലപ്രാവശ്യം ആവർത്തിച്ചു ഉറപ്പിച്ചു വിധിച്ചു കഴിഞ്ഞു. എന്നിട്ടും ഇതിനെയൊന്നും തങ്ങൾ ബഹുമാനിക്കില്ല എന്ന നിലപാട് ഖേദകരമാണ്. നീതിന്യായ വ്യവസ്ഥിതികളോടുള്ള വെല്ലുവിളിയുമാണ്. 1934–ൽ നിലവിൽവന്നതും ബഹുമാനപ്പെട്ട സുപ്രീംകോടതി അംഗീകരിച്ചതുമായ ഭരണഘടന പ്രകാരം ഇടവക ഭരണം നടത്തുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സഭയുടെ ചിട്ടകൾ പാലിച്ചുകൊണ്ട് സഭാംഗങ്ങളായ വിശ്വാസികൾ ഇടവക ഭരണത്തിൽ അവർക്കർഹമായ പങ്ക് വഹിക്കുക എന്നുതന്നെയാണ്. ഇടവകകളുടെ സ്വത്തുക്കൾ സഭാ കേന്ദ്രം പിടിച്ചടക്കുവാൻ ശ്രമം നടത്തുന്നു എന്ന പ്രചരണം സത്യത്തിന് നിരക്കാത്തതാണ്.

കേരളത്തിലെ ഇതര ക്രൈസ്തവ സമൂഹങ്ങളെയും സർക്കാരിനെയും എന്തിന് കുറ്റപ്പെടുത്തുന്നു. ബഹു. സുപ്രീം കോടതി തീർപ്പു കൽപ്പിച്ചിരിക്കുന്ന വിഷയം ഇൻഡ്യയിലെ ഒരുപൗരനും ചോദ്യം ചെയ്യുവാൻ അവകാശമില്ല എന്ന ബോധ്യം സഭാ നേതാക്കൾക്കും സാമൂഹ്യ നേതാക്കൾക്കും സർക്കാരിനും ഉള്ളതുകൊണ്ടാണ് അവർ മൗനം അവലംബിക്കുന്നത്. സുപ്രീം കോടതിയുടെ തീർപ്പ് രാജ്യത്തിന്റെ നിയമമാണെന്ന തത്വം മനസ്സിലാക്കി ആയത് നടപ്പാക്കലാണ് സർക്കാരിന്റെ ദൗത്യം.

അനധികൃതമായി ഒരു പള്ളിയും ഒരു സ്ഥാപനവും കൈയടക്കുവാൻ മലങ്കരഓർത്തഡോക്സ് സഭ ശ്രമിച്ചിട്ടില്ല, ശ്രമിക്കുകയുമില്ല. എന്നാൽ സഭയുടെ പുരാതന സ്വത്തുക്കളൊന്നും കൈയേറുവാൻ അനുവദിക്കയില്ല. അവ സഭയുടെതാണ്. എത്ര കാലം കഴിഞ്ഞാലും അത് സഭയുടെതായി നിലനിൽക്കും. ഓരോകാലത്തും സഭ ആരു ഭരിക്കുന്നുവോ അവർ അതു ഭരിക്കും. അത് വെട്ടിമുറിക്കുവാനുള്ളതല്ല. സംഘർഷം ഉണ്ടാക്കും എന്ന പ്രതീതി സൃഷ്‌ടിച്ച് കോടതി ഉത്തരവിനെ വെല്ലുവിളിക്കാൻ ശ്രമിക്കുന്നതും ഇഷ്‌ടമില്ലാത്ത ഉത്തരവുകൾ ഉണ്ടായാൽ സംഘർഷമുണ്ടാകുമെന്ന ധാരണപരത്തുവാൻ ആസൂത്രിത നീക്കം നടത്തുന്നതും ഒരു കാരണവശാലും അംഗീകരിക്കാനാവില്ല എന്നും ബഹുമാനപ്പെട്ട സുപ്രീംകോടതി പരാമർശിച്ചിട്ടുള്ളത് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

സഭാവിശ്വാസികളുടെ ആത്മീകവും ലൗകികവുമായ ഒരാവശ്യങ്ങളും സഭ മുടക്കുകയില്ല. ശവസംസക്കാരം തടസപ്പെടുത്തുന്നു എന്നത് വെറും ആരോപണമാണ്. മരിച്ചവർക്കായുള്ള ചരമ വാർഷികവും, പ്രത്യേകപ്രാർത്ഥനകളും ഒന്നും നടത്തുന്നതിന് സഭ തടസം നിൽക്കുന്നില്ല. ഒരോ പള്ളിയിലും കർമ്മങ്ങൾ നടത്തുവാൻ നിയമപരമായി അവകാശമുള്ള വൈദികരുടെ നേതൃത്വത്തിലാവണം കർമ്മങ്ങൾ നടത്തപ്പെടേണ്ടത്. അല്ലാതെ വരുമ്പോഴാണ് പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. സമാധാനവും ഐക്യവും ആഗ്രഹിക്കുന്നവർ യുദ്ധത്തിനുള്ള വെല്ലുവിളി അവസാനിപ്പിക്കണം. രാജ്യത്തെ നിയമങ്ങൾ അനുസരിക്കണം എന്ന് മാത്രമാണ് മലങ്കര സഭക്ക് പറയുവാനുള്ളത്.

പ്രീ-മാരിറ്റല്‍ കൗണ്‍സലിംഗ്

കേരള വനിതാ കമ്മീഷന്‍റെ നേതൃത്വത്തില്‍ വിവാഹ ജീവിതത്തിന് തയ്യാറെടുക്കുന്ന യുവതീ – യുവാക്കള്‍ക്ക് വിവാഹ മുന്നൊരുക്ക കൗണ്‍സലിംഗ് (പ്രീ-മാരിറ്റല്‍ കൗണ്‍സലിംഗ്) പരിപാടി സംഘടിപ്പിക്കുന്നു.

രണ്ടു ദിവസത്തെ കൗണ്‍സലിംഗ് പരിപാടിയില്‍ തിരുവനന്തപുരം, കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 18നും 35നും മദ്ധ്യേ പ്രായമുള്ള യുവതീ- യുവാക്കള്‍ക്ക് ഓണ്‍ലൈന്‍ വഴിയും നേരിട്ടും അപേക്ഷിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, സെന്‍റ് മേരീസ് കാമ്പസ്, പട്ടം പി.ഒ., തിരുവനന്തപുരം 695004, ഫോണ്‍: 8592828763, 9496422663.
സുശീല ഗോപാലന്‍ സ്മാരക സ്ത്രീപദവി നിയമ പഠന കേന്ദ്രം, കണ്ണൂര്‍. ഫോണ്‍: 0497 2708069

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 20.02.2018

Online Registration Website: kwcpmc.wixsite.com/msss

മത സൗഹാര്‍ദ്ദ സമ്മേളനം പോള്‍ പറമ്പി ഉദ്ഘാടനം ചെയ്തു

ജോയിച്ചന്‍ പുതുക്കുളം

ചാലക്കുടി: ചാലക്കുടിയുടെ ദേശീയോത്സവമായ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ വി. സെബസ്ത്യാനോസിന്റെ അമ്പ് തിരുനാളിനോടനുബന്ധിച്ച് മതസൗഹാര്‍ദ്ദ സമ്മേളനം നടത്തി. കേരളത്തിലെ തന്നെ പ്രഥമ പ്രവാസികളുടെ കൂട്ടായ്മയിലാണ് പ്രസ്തുത സമ്മേളനം നടത്തിയത്.

യോഗം കിന്‍ഫ്ര ഡയറക്ടര്‍ പോള്‍ പറമ്പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിത്സന്‍ കല്ലന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചാലക്കുടി നഗരസഭാധ്യക്ഷ ജയന്തി പ്രവീണ്‍കുമാര്‍, ഫൊറോനാ വികാരി ഫാ. ജോസ് പാലാട്ടി, ടൗണ്‍ ഇമാം കെ.എസ്. ഹുസൈന്‍, എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണന്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോയ് മൂത്തേടന്‍, നഗരസഭാ ഉപാധ്യക്ഷന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, നഗരസഭാ പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പന്‍ , ജോസ് വെളിയത്ത്, ജനറല്‍ കണ്‍വീനര്‍ സാജന്‍ പടിക്കല, അലക്‌സ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യയെ മാറ്റുന്ന ബജറ്റ്

ന്യൂഡല്‍ഹി: കൃഷി, ഗ്രാമവികസനം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, അടിസ്ഥാനസൗകര്യം എന്നീ മേഖലകളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള ബജറ്റാണു കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. തുടര്‍ച്ചയായുള്ള ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യയെ മാറ്റുമെന്ന് ഗവണ്‍മെന്റ് കരുതുന്നു. ഘടനാപരമായ പരിഷ്‌കാരങ്ങളോടു പൊരുത്തപ്പെടുന്നതില്‍ രാജ്യം മികവു കാട്ടിയെന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ചൂണ്ടിക്കാട്ടി. ഉല്‍പാദന, സേവന, കയറ്റുമതി രംഗങ്ങള്‍ വളര്‍ച്ചയുടെ പാതയിലായ സാഹചര്യത്തില്‍ രാജ്യം ക്രമേണ എട്ടു ശതമാനത്തിലേറെ വളര്‍ച്ച നേടുമെന്നാണു പ്രതീക്ഷ.

മിക്ക റാബി വിളകളുടേതുമെന്നപോലെ എല്ലാ അപ്രഖ്യാപിത ഖാരിഫ് വിളകളുടെയും കുറഞ്ഞ തറവില അവയുടെ ഉല്‍പാദനച്ചെലവിന്റെ ഒന്നര ഇരട്ടിയായിരിക്കും. 2018-19ലെ സുസ്ഥാപിത കാര്‍ഷിക വായ്പ 11 ലക്ഷം കോടിയിലേറെ രൂപയായി ഉയര്‍ത്തി. 2014-15ല്‍ ഇത് 8.5 ലക്ഷം കോടി രൂപയായിരുന്നു.

86% ചെറുകിട കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി 22,000 തുറന്ന ഗ്രാമീണ വിപണികള്‍ സ്ഥാപിച്ച് അവ ഗ്രാമീണ കാര്‍ഷിക വിപണികളായി വികസിപ്പിക്കും

ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി എന്നിവയുടെ വിലവ്യതിയാനം നിയന്ത്രിക്കുക വഴി കര്‍ഷകരെയും ഉപഭോക്താക്കളെയും സഹായിക്കുന്നതിനായി ‘ഓപ്പറേഷന്‍ ഗ്രീന്‍സ്’ പ്രഖ്യാപിച്ചു.

മല്‍സ്യബന്ധന, മൃഗപരിപാലന രംഗങ്ങള്‍ക്കായി പതിനായിരം കോടി രൂപയുടെ രണ്ടു പുതിയ ഫണ്ടുകള്‍ പ്രഖ്യാപിച്ചു. പുനഃസംഘടിപ്പിക്കപ്പെട്ട ദേശീയ ബാംബൂ മിഷന് 1290 കോടി രൂപ പ്രഖ്യാപിച്ചു.

കഴിഞ്ഞ വര്‍ഷം 42,500 കോടി രൂപയുടെ വായ്പയാണു വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കു നല്‍കിയിരുന്നതെങ്കില്‍ 2019ല്‍ ഇത് 75,000 കോടി രൂപയായി ഉയര്‍ത്തും.

ദരിദ്രര്‍ക്കും മധ്യവര്‍ഗക്കാര്‍ക്കും സൗജന്യ പാചകവാതക കണക്ഷനുകളും വൈദ്യുതിയും ശൗചാലയങ്ങളും ലഭ്യമാക്കുന്നതിനുള്ള ഉജ്ജ്വല, സൗഭാഗ്യ, സ്വച്ഛ് മിഷന്‍ പദ്ധതികളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും.

ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നിവയ്ക്കായുള്ള വിഹിതം 1.38 ലക്ഷം കോടി രൂപയായിരിക്കും. 2022 ആകുമ്പോഴേക്കും എല്ലാ ഗോത്രവര്‍ഗ ബ്ലോക്കുകളിലും താമസിച്ചു പഠിക്കാന്‍ സൗകര്യമുള്ളതും നവോദയ വിദ്യാലയങ്ങള്‍ക്കു സമാനവുമായ ഏകലവ്യ സ്‌കൂളുകള്‍ ആരംഭിക്കും. പിന്നാക്ക ജാതിക്കാര്‍ക്കായുള്ള ക്ഷേമഫണ്ട് വര്‍ധിപ്പിക്കും. ആരോഗ്യരംഗത്ത് ഉള്‍പ്പെടെയുള്ള മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണം, അടിസ്ഥാനസൗകര്യം എന്നീ രംഗങ്ങളില്‍ നിക്ഷേപം ലഭ്യമാക്കുന്നതിനായി ‘റീവൈറ്റലൈസിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് സിസ്റ്റംസ് ഇന്‍ എജ്യുക്കേഷന്‍ ബൈ 2022 (റൈസ്) എന്ന ബൃഹദ്പദ്ധതി പ്രഖ്യാപിച്ചു. നാലു വര്‍ഷത്തിനകം 1,00,000 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യംവെക്കുന്നത്.

അധ്യയന നിലവാരം മെച്ചപ്പെടുത്തുന്നതിനായി 20 ലക്ഷം വിദ്യാര്‍ഥികള്‍ക്കിടയില്‍ സര്‍വേ നടത്തി. അധ്യാപകരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഇന്റഗ്രേറ്റഡ് ബി.എഡ്. കോഴ്‌സുകള്‍ ആരംഭിക്കും. പ്രൈം മിനിസ്റ്റേഴ്‌സ് റിസര്‍ച്ച് ഫെല്ലോസ് (പി.എം.ആര്‍.എഫ്.) പദ്ധതിക്കും ഈ വര്‍ഷം തുടക്കമിടും. 1,000 ബി.ടെക് വിദ്യാര്‍ഥികള്‍ക്കു ഫെലോഷിപ്പ് നല്‍കും. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെയും ഗ്രാമീണ കുടുംബങ്ങളിലെയും അംഗങ്ങളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമായി വ്യക്തിഗത ആദായ നികുതിയില്‍ നിന്നും കമ്പനി നികുതിയില്‍നിന്നും നാലു ശതമാനം ‘ഹെല്‍ത്ത് ആന്‍ഡ് എജുക്കേഷന്‍ സെസ്’ ഈടാക്കും. ഇതുവഴി 11,000 കോടി രൂപ സമാഹരിക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

ചരക്കുസേവന നികുതി നടപ്പാക്കിയതിന് ശേഷം അവതരിപ്പിക്കപ്പെടുന്ന ആദ്യ ബജറ്റില്‍ പരോക്ഷനികുതികളില്‍ കസ്റ്റംസ് നികുതി സംബന്ധിച്ചാണു നിര്‍ദേശങ്ങള്‍ കൂടുതലും. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ പ്രോല്‍സാഹിപ്പിക്കല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കസ്റ്റംസ് തീരുവ പരിഷ്‌കരിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണുകളുടെ കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍നിന്ന് 20 ശതമാനമായി ഉയര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കശുവണ്ടി സംസ്‌കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കശുവണ്ടിക്കു മേലുള്ള കസ്റ്റംസ് തീരുവ നിലവിലുള്ള അഞ്ചു ശതമാനത്തില്‍നിന്ന് 2.5 ശതമാനമായി കുറച്ചു.

ചരക്കുസേവന നികുതി പ്രാബല്യത്തിലായ സാഹചര്യത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസിന്റെ പേര് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്റ്റ് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് എന്നാക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്.

രണ്ടാം ഘട്ട, മൂന്നാം ഘട്ട ചികില്‍സകള്‍ക്ക് ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപയെന്ന പരിധിയോടെ പത്തു കോടിയിലേറെ ദരിദ്ര കുടുംബങ്ങള്‍ക്കായി ആരോഗ്യ സംരക്ഷണ പദ്ധതി നടപ്പാക്കും. ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും ബൃഹത്തായ പദ്ധതിയായിരിക്കും ഇത്.

ധനക്കമ്മി 3.5 ശതമാനത്തില്‍ നിര്‍ത്താന്‍ സാധിച്ചു. 2018-19ല്‍ പ്രതീക്ഷിക്കുന്ന ധനക്കമ്മി 3.3 ശതമാനമാണ്. അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനായി 5.97 ലക്ഷം കോടി അനുവദിച്ചു. പത്തു പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഐക്കണിക് ടൂറിസ്റ്റ് കേന്ദ്രങ്ങളായി വികസിപ്പിക്കും.

കൃത്രിമ ബുദ്ധി സംബന്ധിച്ച ദേശീയതലപദ്ധതിക്കു നിതി ആയോഗ് മുന്‍കയ്യെടുക്കും.റൊബോട്ടിക്‌സ്, കൃത്രിമ ബുദ്ധി, ഇന്‍ര്‍നെറ്റ് തുടങ്ങിയ മേഖലകള്‍ക്കായി മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

2017-18ല്‍ ഓഹരി വിറ്റഴിക്കല്‍ വഴി ലക്ഷ്യമിട്ട 72,5000 കോടി രൂപ പിന്നിട്ട സാഹചര്യത്തില്‍ 2018-19ല്‍ ലക്ഷ്യം വെക്കുന്നത് 80,000 കോടി രൂപയാണ്. 2017-18ലെ വരുമാനം ഒരു ലക്ഷം കോടി കടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളായ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, യുനൈറ്റഡ് ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡ്, ഓറിയന്റല്‍ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് എന്നിവ ലയിപ്പിച്ച് ഒറ്റ കമ്പനിയാക്കും.

സ്വര്‍ണം സ്വത്തിനമായി കാണുന്നതിനുള്ള സമഗ്ര സ്വര്‍ണ നയം തയ്യാറായിവരുന്നു. നിയന്ത്രണങ്ങളോടു കൂടിയ സ്വര്‍ണ എക്‌സ്‌ചേഞ്ചുകള്‍ ആരംഭിക്കും. സ്വര്‍ണനിക്ഷേപ പദ്ധതി തലവേദനകള്‍ ഇല്ലാത്തതാക്കി മാറ്റുകയും ചെയ്യും.

രാഷ്ട്രപതിയുടെ പ്രതിമാസ പ്രതിഫലം അഞ്ചു ലക്ഷം രൂപയും ഉപരാഷ്ട്രപതിയുടേത് നാലു ലക്ഷം രൂപയും ഗവര്‍ണറുടേത് 3.5 ലക്ഷം രൂപയുമാക്കാന്‍ തീരുമാനിച്ചു. പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം 2018 ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വരുംവിധം പുതുക്കും. ഇത് പണപ്പെരുപ്പത്തിനനുസരിച്ച് അഞ്ചു വര്‍ഷ ഇടവേളകളില്‍ സ്വയം പുതുക്കപ്പെടുന്ന സംവിധാനവും ഏര്‍പ്പെടുത്തും. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാമതു ജന്‍മ വാര്‍ഷികം ആഘോഷിക്കുന്നതിനായി 150 കോടി രൂപ നീക്കിവെച്ചു.

നൂറു കോടിയിലേറെ വാര്‍ഷിക വിറ്റുവരവുള്ള കാര്‍ഷികോല്‍പന്ന കമ്പനികളുടെ ലാഭത്തിന് 2018-19 മുതല്‍ അഞ്ചു വര്‍ഷത്തേക്ക് നൂറു ശതമാനം ഇളവു നല്‍കും.

ആദായ നികുതി നിയമത്തിലെ 80-ജെ.ജെ.എ.എ. വകുപ്പു പ്രകാരം പുതിയ ജീവനക്കാര്‍ക്കു നല്‍കുന്ന ആനുകൂല്യത്തില്‍ 30 ശതമാനം കുറവു വരുത്തുന്നത് ചെരുപ്പ്, തുകല്‍ വ്യവസായത്തില്‍ 150 ദിവസത്തേക്കായി പരിമിതപ്പെടുത്തും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് ഇത്.

സര്‍ക്കിള്‍ റേറ്റ് മൂല്യം പരിഗണിക്കപ്പെടുന്നതിന്റെ അഞ്ചു ശതമാനത്തിലേറെ അല്ലാത്തപക്ഷം സ്ഥാവരവസ്തുക്കള്‍ സംബന്ധിച്ച ഇടപാടില്‍ ഇളവുണ്ടായിരിക്കില്ല.

50 കോടിയില്‍ താഴെ മാത്രം വിറ്റുവരവുള്ള കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതി ഇനത്തില്‍ നല്‍കിവരുന്ന 25 ശതമാനമെന്ന നിരക്കിളവ് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 250 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികള്‍ക്കു ലഭ്യമാക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചു. ഇതു സുക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കു ഗുണകരമാകും.

പലവക ചികില്‍സാച്ചെലവുകള്‍ നല്‍കുകയും ഗതാഗത അലവന്‍സ് കുറയ്ക്കുകയും ചെയ്യുന്ന നിലവിലുള്ള സംവിധാനത്തിനു പകരം 40,000 രൂപയുടെ അംഗീകൃത ഇളവ് എര്‍പ്പെടുത്തും. ഇത് ശമ്പളക്കാരായ ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെടെ രണ്ടര കോടിയിലേറെ പേര്‍ക്കു ഗുണകരമാകും. മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്.

ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലുമുള്ള നിക്ഷേപങ്ങളുടെ നികുതിവരുമാനത്തിനുള്ള ഇളവ് 10,000 രൂപയില്‍നിന്ന് 50,000 രൂപയായി ഉയര്‍ത്തി. 194എ വ്യവസ്ഥ പ്രകാരം സ്രോതസ്സില്‍ ഈടാക്കുന്ന നികുതി ബാധകമല്ല. എല്ലാ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്കും റിക്കറിങ് ഡെപ്പോസിറ്റുകള്‍ക്കും പലിശയ്ക്കും ഈ ആനുകൂല്യം ബാധകമാണ്.

ആദായ നികുതി നിയമത്തിലെ 80 ഡിഡിബി വകുപ്പ് പ്രകാരം ഗുരുതരമായ രോഗങ്ങള്‍കക്ക് അനുവദിച്ചിരുന്ന ചികില്‍സാച്ചെലവ് നേരത്തേ, മുതിര്‍ന്ന പൗരന്‍മാര്‍ക്കു 60,000 രൂപയും വളരെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 80,000 രൂപയും ആയിരുന്നത് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു.

പ്രധാനമന്ത്രി വയവന്ദന യോജന 2020 മാര്‍ച്ച് വരെ നീട്ടാന്‍ തീരുമാനിച്ചു. ഒരു മുതിര്‍ന്ന പൗരന് 7.5 ലക്ഷം രൂപയെന്ന നിലവിലുള്ള പരിധി 15 ലക്ഷം രൂപയായി ഉയര്‍ത്താന്‍ നിര്‍ദേശിക്കും.

ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കു ബജറ്റില്‍ വലിയ പ്രാധാന്യം കല്‍പിച്ചിട്ടുണ്ട്. വായ്പാ പിന്‍ബലം, മുടക്കുമുതല്‍, വായ്പാ സബ്‌സിഡി, പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തല്‍ എന്നവയ്ക്കായി 3794 കോടി രൂപ മാറ്റിവെച്ചു. 2015 ഏപ്രിലില്‍ ആരംഭിച്ച മുദ്രാ യോജന പ്രകാരം 10.38 കോടി വായ്പകളായി 4.6 ലക്ഷം കോടി രൂപ അനുവദിച്ചു. 76 ശതമാനത്തിലേറെ വായ്പ നേടിയത് സ്ത്രീകളും 50 ശതമാനത്തിലേറെ വായ്പ നേടിയത് പട്ടികജാതിക്കാര്‍, പട്ടികവര്‍ഗക്കാര്‍, മറ്റു പിന്നോക്ക ജാതിക്കാര്‍ എന്നിവരുമാണ്. 2018-19ല്‍ മൂന്നു ലക്ഷം രൂപയുടെ മുദ്ര വായ്പകള്‍ നല്‍കാനാണു പദ്ധതി.

ഈ വര്‍ഷം മുറപ്രകാരമുള്ള 70 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്നാണു സ്വതന്ത്രപഠനത്തില്‍ വെളിവായിട്ടുള്ളതെന്നു ധനമന്ത്രി വ്യക്തമാക്കി. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനായി ഇ.പി.എഫിനു കീഴിലുള്ള പുതിയ ജീവനക്കാരുടെ കൂലിയുടെ 12 ശതമാനം അടുത്ത മൂന്നു വര്‍ഷത്തേക്കു ഗവണ്‍മെന്റ് വഹിക്കുമെന്ന് ശ്രീ. ജെയ്റ്റ്‌ലി വ്യക്തമാക്കി. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ആന്‍ഡ് മിസല്ലേനിയസ് പ്രൊവിഷന്‍സ് ആക്റ്റ്, 1952ല്‍ മാറ്റങ്ങള്‍ വരുത്തുമെന്നും ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയെ നിര്‍ണയിക്കുന്നത് അടിസ്ഥാനസൗകര്യ മേഖലയാണെന്നു ചൂണ്ടിക്കാട്ടിയ ധനമന്ത്രി, മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ വളര്‍ച്ച ഉയര്‍ത്താനും റോഡ്, വിമാനത്താവളം, റെയില്‍വേ, തുറമുഖങ്ങള്‍, ഉള്‍നാടന്‍ ജലഗതാഗതം എന്നിവയുടെ ശൃംഖല തീര്‍ക്കാനും 50 ലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപം ആവശ്യമാണെന്നു ചൂണ്ടിക്കാട്ടി. 2017-18ല്‍ അടിസ്ഥാന സൗകര്യമേഖലയ്ക്ക് 4.94 ലക്ഷം കോടി രൂപ അനുവദിച്ച സ്ഥാനത്ത് 2018-19ല്‍ 5.97 ലക്ഷം കോടി രൂപ അനുവദിക്കുമെന്നു പ്രഖ്യാപിച്ചു. ഭാരത് മാല പദ്ധതി പ്രകാരം ആദ്യഘട്ടത്തില്‍ 35,000 കിലോമീറ്റര്‍ റോഡ് നിര്‍മിക്കുന്നതിനായി 5,35,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി.

2018-19ല്‍ റെയില്‍വേയ്ക്കു പ്രതീക്ഷിക്കുന്ന ചെലവ് 1,48,528 കോടി രൂപയാണ്. 2017-18ല്‍ 4000 കിലോമീറ്റര്‍ വൈദ്യുതീകരിക്കപ്പെട്ട റയില്‍പ്പാത പൂര്‍ത്തിയാക്കാനാണു പദ്ധതി. കിഴക്ക്, പടിഞ്ഞാറ് ചരക്ക് ഇടനാഴികളുടെ നിര്‍മാണം അതിവേഗം പൂരോഗമിച്ചുവരികയാണ്.

എന്‍.എ.ബി.എച്ച്. നിര്‍മാണ്‍ പദ്ധതിയില്‍പ്പെടുത്തി വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനശേഷി അഞ്ചു മടങ്ങിലേറെ വര്‍ധിപ്പിക്കാനുള്ള പദ്ധതി ബജറ്റില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഉഡാന്‍ പദ്ധതി പ്രകാരം യാത്രാവിമാനങ്ങള്‍ എത്താത്ത 56 വിമാനത്താവളങ്ങളില്‍നിന്നും വിമാനങ്ങളും ഹെലികോപ്റ്ററുകള്‍ എത്താത്ത 31 ഹെലിപ്പാഡുകളില്‍നിന്നു ഹെലികോപ്റ്ററുകളും പറന്നുയരും.

കടപ്പത്ര വിപണിയില്‍നിന്നു പണം സമാഹരിക്കുന്നതിനായി നിക്ഷേപ യോഗ്യത റേറ്റിങ് ‘എ.എ.’യില്‍നിന്ന് ‘എ.’യിലേക്ക് മാറ്റാന്‍ നിയന്ത്രണ ഏജന്‍സികളോടു ധനമന്ത്രി അഭ്യര്‍ഥിച്ചു. രാജ്യത്തെ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് സര്‍വീസ് കേന്ദ്രങ്ങളിലെ എല്ലാ സാമ്പത്തിക സേവനങ്ങളും നിയന്ത്രിക്കുന്നതിനായി ഏകീകൃത സംവിധാനം രൂപീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതില്‍ സൈന്യം അനുഭവിക്കേണ്ടിവരുന്ന ത്യാഗങ്ങളെ അനുസ്മരിച്ച ധനമന്ത്രി, രണ്ടു പ്രതിരോധ വ്യാവസായിക ഉല്‍പാദന ഇടനാഴികള്‍ ആരംഭിക്കുമെന്ന് അറിയിച്ചു. ആധാറിനു സമാനമായി ഓരോ സംരംഭത്തിനും സവിശേഷ നമ്പര്‍ നല്‍കുന്നതിനുള്ള പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

2018 ജനുവരി 15 വരെയുള്ള കണക്കുപ്രകാരം 2017-18 സാമ്പത്തിക വര്‍ഷം പ്രത്യക്ഷ നികുതി 18.7 ശതമാനം വര്‍ധിച്ചു. 2017-17ല്‍ 12.6 ശതമാനമായിരുന്നു വര്‍ധന. നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണവും ഗണ്യമായി ഉയര്‍ന്നതായി ധനമന്ത്രി വെളിപ്പെടുത്തി. 2014-15 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ 6.47 കോടി നികുതിദായകരാണ് ഉണ്ടായിരുന്നതെങ്കില്‍ 2016-17ന്റെ അന്ത്യനാളുകളാകുമ്പോഴേക്കും ആകെ നികുതിദായകരുടെ എണ്ണം 8.27 കോടി ആയി ഉയര്‍ന്നു.

മനുഷ്യത്വമുള്ള ബജറ്റ് :കുമ്മനം

തിരുവനന്തപുരം: മനുഷ്യത്വമുള്ള ബജറ്റാണ് അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാപദ്ധതി പ്രഖ്യാപിച്ചതിലൂടെ മോദി സര്‍ക്കാരിന്റെ മാനുഷിക മുഖമാണ് വെളിവായത്. രാജ്യത്തെ പകുതിയോളം വരുന്ന ജനങ്ങള്‍ക്കും പ്രയോജനം കിട്ടുന്ന പദ്ധതിയാണിത്. വിവിധ മേഖലകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ സമാഹരിച്ച പണം രാജ്യത്തെ അടിസ്ഥാന ജനങ്ങള്‍ക്ക് വിവിധ ക്ഷേമ പദ്ധതികളിലൂടെ തിരികെ നല്‍കാന്‍ ബജറ്റ് ശ്രദ്ധിച്ചിട്ടുണ്ട്. 8 കോടി പാവപ്പെട്ട സ്ത്രീകള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍, ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് കോടി ശൗചാലയങ്ങള്‍, 4 കോടി കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി, ഒന്നര ലക്ഷം ആരോഗ്യ കേന്ദ്രങ്ങള്‍ക്കായി 1200 കോടി, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം 1 കോടി വീടുകള്‍, ഗ്രാമീണ മേഖലയില്‍ തൊഴിലവസരം വര്‍ദ്ധിപ്പിക്കാന്‍ 14.34 ലക്ഷം കോടി, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് 9,975 കോടി രൂപ എന്നിവയൊക്കെ ബിജെപി സര്‍ക്കാരിന്റെ പാവങ്ങളോടുള്ള നിലപാടിന്റെ പ്രതിഫലനമാണ്.

അടിസ്ഥാന സൗകര്യ മേഖലയില്‍ കൂടുതല്‍ പണം മുടക്കാനുള്ള തീരുമാനം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ്. തൊഴിലാളികളായ സ്ത്രീകള്‍ പ്രോവിഡന്റ് ഫണ്ടിലേക്ക് അടയ്‌ക്കേണ്ട തുക ഇളവ് ചെയ്ത് കൊടുത്തത് കുടുംബ ബജറ്റിനെ സഹായിക്കും. വിദ്യാഭ്യാസ മേഖലയിലുള്ള നിക്ഷേപപം കൂട്ടാനുള്ള തീരുമാനം ഉന്നത വിദ്യാഭ്യാസത്തിന് വിദേശത്തേക്ക് പോകേണ്ടി വരുന്നവരുടെ എണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. കൃഷി, അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുള്ള ബജറ്റ് ഭാരതത്തിന്റെ വളര്‍ച്ച വേഗത്തിലാക്കും. കാര്‍ഷിക വിളകള്‍ക്ക് 50 ശതമാനം താങ്ങുവില ഏര്‍പ്പെടുത്താനുള്ള നീക്കവും , കര്‍ഷകര്‍ക്ക് ഇടനിലക്കാരുടെ സഹായമില്ലാതെ വിപണനം നടത്താന്‍ അവസരമൊരുക്കുന്നതും കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുന്നതാണ്. ഇത്തരത്തില്‍ പാവങ്ങളേയും കര്‍ഷകരേയും മുന്നില്‍ കണ്ടുള്ള ബജറ്റ് സാധാരണക്കാരന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാത്തതാണ്. ജനകീയ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെ അഭിനന്ദിക്കുന്നതായും കുമ്മനം പറഞ്ഞു.