കേരളത്തിലെ പെണ്‍കുട്ടികളുടെ ഭാവി ജീവിതം സുരക്ഷിതമാക്കാന്‍ ഫോമ മുന്‍കൈ എടുക്കുന്നു

കോട്ടയം ജില്ലയിലെ രാമപുരം പഞ്ചായത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ‘സുകന്യ പദ്ധതി’ നടപ്പാക്കാന്‍ ഫോമയുടെ ധനസഹായം. പെണ്‍കുട്ടികളുടെ സന്തുഷ്ടമായ ഭാവിജീവിതം സുരക്ഷിതമാക്കുന്നതിന് അവരുടെ വിവാഹ ആവശ്യത്തിലേയ്ക്ക് വേണ്ടി ഇന്ത്യ ഗവണ്‍മെന്റ് നടപ്പിലാക്കിയ പദ്ധതിയാണ് ‘സുകന്യ പദ്ധതി’.

10 വയസ്സിന്റെ താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് അംഗമാകാവുന്ന പദ്ധതിയില്‍ രാജ്യത്ത് ആകമാനം നിരവധി പേര്‍ ഇതിനോടകം ചേര്‍ന്ന് കഴിഞ്ഞു. സുകന്യ പദ്ധതിയില്‍ ചേരുന്നതിന് തുടക്കത്തില്‍ 1000 രൂപാ വീതം ഓരോ മെംമ്പേഴ്‌സും നല്‍കണം. പിന്നീട് 14 വര്‍ഷത്തേയ്ക്ക് എല്ലാ വര്‍ഷവും 1000 രൂപാ വീതം മിനിമം നിക്ഷേപിക്കണം. കേന്ദ്ര സര്‍ക്കാരും തുല്യമായ തുക നിക്ഷേപിക്കും.

21 വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴോ കുട്ടിയുടെ വിവാഹസമയത്തോ പണം പലിശ സഹിതം ലഭിക്കും. നിക്ഷേപത്തിന് 8.6 ശതമാനം പലിശ ലഭിക്കും. അര്‍ഹരായ 50 പെണ്‍കുട്ടികള്‍ക്കുള്ള വിവാഹസായം എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഫോമ പ്രസിഡന്റ് ബെന്നി വച്ചാച്ചിറ അറിയിക്കുകയുണ്ടായി.

രാമപുരം എസ്.എച്ച്.ജിഹൈസ്കൂളില്‍ ജോസഫ് വാഴയ്ക്കന്റെ (മുന്‍ എം.എല്‍.എ.) അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍, രാമപുരം പഞ്ചായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുഴുവന്‍ കുട്ടികളേയും ഈ പദ്ധതിയില്‍ ചേര്‍ക്കണമെന്നും, അതിനുവേണ്ടിയുള്ള സാമ്പത്തിക സഹായം 14 വര്‍ഷത്തേയ്ക്ക് ഇവരുടെ മുഴുവന്‍ തുകയും നല്‍കുമെന്നും ഫെഡറേഷന്‍ ഓഫ് മലയാളീ അസ്സോസിയേഷന്‍ ഓഫ് അമേരിക്ക(ഫോമ) വൈസ് പ്രസിഡന്റ് ലാലി കളപുരയ്ക്കല്‍ സമ്മേളനത്തില്‍ വച്ച് വാഗ്ദാനം ചെയ്തു. അതോടൊപ്പം എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ അനഘ മോഹനന്‍ തച്ചു പാറയിലിന്, പതിനായിരം രൂപയുടെ ക്യാഷ് അവാര്‍ഡും ഫോമാ വൈസ് പ്രസിഡന്റ് ലാലി കളപുരയ്ക്കല്‍ നല്‍കുകയുണ്ടായി.

ഫോമയുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെ നേരിട്ട് കണ്ടറിഞ്ഞ ജോസഫ് വാഴയ്ക്കല്‍(മുന്‍ എം.എല്‍.എ.) ഫോമ ചെയ്തുകൊണ്ടിരിക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെ അതീവമായി പ്രശംസിച്ചു.

ഈ സമ്മേളനത്തില്‍ വെരി റവ.ഡോ.ജോര്‍ജ് ഞാറകുന്നേല്‍ (ഫോറോന വികാരി) ഫോമയുടെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു.

വരും, കാലങ്ങളിലെ ഭരണസമിതികള്‍ ഈ പ്രോജക്‌ററില്‍ താല്‍പര്യം കാട്ടിയില്ലെങ്കില്‍ താനും തന്റെ നേതൃത്വത്തിലുള്ള സേവന സംഘടന (Helping Hands of Kerala in Newyork) പദ്ധതി തുടങ്ങുമെന്നും ലാലി കളപ്പുരക്കല്‍ അറിയിക്കുകയുണ്ടായി.

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കണ്‍വന്‍ഷനും സമാദരണ സദസ്സും നടത്തി

ചാലക്കുടി : യുഎസ്എ ആസ്ഥാനമായുള്ള ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കണ്‍വന്‍ഷനും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും സമാദരണ സദസ്സും നടത്തി. പ്രഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ. മാത്യു കുഴല്‍നാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ പ്രവാസി പുരസ്കാരം (11,111 രൂപ) ലാലുമോന്‍ ചാലക്കുടിക്ക് മുന്‍ എംപി കെ.പി. ധനപാലന്‍ സമര്‍പ്പിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോ റീജിയന്‍ പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍ അധ്യക്ഷതവഹിച്ചു. കെപിസിസി സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയര്‍മാന്‍ പോള്‍ പി. പറമ്പി, മിമിക്രി കലാകാരന്‍ കലാഭവന്‍ ജോബി, കായലില്‍ വീണ വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തിയ അരുണ്‍ ക്ലീറ്റസ് എന്നിവരെ ആദരിച്ചു. ഒന്നര ലക്ഷം രൂപയുടെ ജീവകാരുണ്യനിധി വിതരണം ചെയ്തു.

പോള്‍ പി. പറമ്പി, മഹിള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മേരി നളന്‍, ഡിസിസി സെക്രട്ടറിമാരായ വി.ഒ. പൈലപ്പന്‍, കെ. ജയിംസ് പോള്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷോണ്‍ പല്ലിശേരി, ഡെന്നീസ് ഡിക്കോസ്റ്റ, എബി ജോര്‍ജ്, തോമസ് മണ്ടി, മേഴ്‌സി ഫ്രാന്‍സിസ്, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് തോമസ് കണ്ണത്ത്, ആല്‍വിന്‍ പൗലോസ്, ബിജു എസ്. ചിറയത്ത്, ഷിബു വാലപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

ജോയിച്ചന്‍ പുതുക്കുളം

പി.ജെ കുര്യന് രാജ്യസഭാ സ്ഥാനാര്‍ഥിത്വം നിഷേധിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ജോര്‍ജ്ജ് ഏബ്രഹാം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന് രാജ്യസഭാ സ്ഥാനാര്‍ഥിത്വം നിഷേധിക്കണമെന്ന ആവശ്യവും അതിനെച്ചൊല്ലിയുള്ള വിവാദങ്ങളും തെറ്റായ സന്ദേശം ജനങ്ങള്‍ക്ക് നല്‍കുമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുഎസ്എ) വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് ഏബ്രഹാം. പി.ജെ കുര്യന്‍റെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി ലോക മലയാളികളുടെ ഇടയില്‍ നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വിഷയത്തില്‍ പക്വതയുള്ള നിലപാട് എത്രയും വേഗം സ്വീകരിക്കണമെന്ന ആവശ്യമായി ജോര്‍ജ്ജ് ഏബ്രഹാം രംഗത്തെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തിലാണ് വിദേശ മലയാളികളുടെ ആഗ്രഹവും ആശങ്കകളും അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
പി.ജെ കുര്യന്‍ കേരളത്തിലും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കിടയിലും ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണ്. മലയാളി സമൂഹത്തിനുള്ള അദ്ദേഹത്തിന്‍റെ ദീര്‍ഘകാലത്തെ സേവനത്തിന്‍റെ ഫലമാണിത്. രാജ്യസഭാ ഉപാധ്യക്ഷന്‍ എന്ന നിലയില്‍ തന്നെ പ്രതിപക്ഷം പോലും പ്രശംസിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത്. ഇതെല്ലാം പരിഗണിക്കപ്പെടാതെ പോകുന്നത് തീര്‍ച്ചയായും ഉചിതമല്ല.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെപ്പില്‍ നേരിട്ട തോല്‍വി മധ്യതിരുവതാംകൂറില്‍ കോണ്‍ഗ്രസിന് ഒരു തിരിച്ചടിയായി എന്നത് യഥാര്‍ഥ്യമാണ്. ക്രിസ്ത്യന്‍, ദളിത് വിഭാഗങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. സംഘപരിവാര്‍ സംഘടനകളില്‍ നിന്നും മതേതരത്വത്തിന് നേരിടുന്ന ഭീഷണികളെ ചെറുക്കാന്‍ സിപിഎമ്മിനാണ് കൂടതല്‍ സാധിക്കുക എന്ന് ഈ വിഭാഗങ്ങള്‍ കരുതിയിരിക്കുന്നു. ഈ വിശ്വാസ നഷ്ടം അടിയന്തരമായി കോണ്‍ഗ്രസ് പരിഹരിക്കേണ്ടതുണ്ട്. എന്നാല്‍ മധ്യതിരുവതാംകൂറിനെ പ്രമുഖ നേതാവായ പി.ജെ കുര്യനെ അവഗണിക്കുന്നത് കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി രൂക്ഷമാക്കാനേ സഹായിക്കു.
പി.ജെ കുര്യന്‍റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കുന്നവരില്‍ പ്രധാനികളായ വി.ടി ബല്‍റാം റോജി ജോണ്‍ എന്നിവര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റവും വലിയ വെല്ലുവിളി നേരിട്ട ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലും കര്‍ണ്ണാടക തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ സഹായിക്കുന്നതിന് പകരം യു.എസ് സന്ദര്‍ശനത്തിലായിരുന്നു എന്നത് വിലയിരുത്തേണ്ട കാര്യം തന്നെയാണ്.
തീര്‍ച്ചയായും നമുക്ക് യുവനേതൃത്വത്തെ ആവശ്യമുണ്ട്. എന്നാല്‍ അതിനൊപ്പം തന്നെ വിലപ്പെട്ടതാണ് അനുഭവ സമ്പത്തുള്ള നേതൃത്വവും. വരും തലമുറയ്ക്ക് ദിശാബോധം നല്‍കാന്‍ അനുഭവ സമ്പത്തുള്ള മുതിര്‍ന്ന നേതാക്കള്‍ വഴികാട്ടികളായി മുമ്പില്‍ നടക്കേണ്ടതുണ്ട്. വിജയങ്ങള്‍ക്ക് ഇത് വളരെ പ്രധാനപ്പെട്ട ഘടകം തന്നെയാണ്. മികച്ച പ്രവര്‍ത്തനം നടത്തുന്ന സ്ഥാനാര്‍ഥിയെ കാരണങ്ങളില്ലാതെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നത് വരും തലമുറയ്ക്കും തെറ്റായ സന്ദേശം നല്‍കുമെന്നും ജോര്‍ജ്ജ് ഏബ്രഹാം പറയുന്നു.

അഭിമാനവും ദുരഭിമാനവും: Fr Johnson Punchakonam

കഴിഞ്ഞ ദിവസങ്ങളിൽ മലയാള വാർത്താ മാധ്യമങ്ങൾ ചർച്ചചെയ്ത ഒന്നാണ് ദുരഭിമാനക്കൊല ? മനുഷ്യൻ അഹങ്കാരത്തോടെ പടുത്തുയർത്തിയ അഭിമാനം ഇല്ലാതാകുവാൻ ഒരു രാത്രിയുടെ അകലം മാത്രം. ക്രൈസ്തവ സമൂഹത്തിനു ഇത് സ്വയം തിരിച്ചറിയാലിന്റെ നിമിഷമായി മാറണം. അഹങ്കാരം മനുഷ്യന് വരുത്തി വെക്കുന്ന വിനയെക്കുറിച്ചു നമുക്ക് നന്നായി അറിയാം. ‘സ്വത്വാഭിമാനം’ ഒരളവുവരെ നല്ലതാണ് പക്ഷേ അത് നമുക്കും നമ്മുടെ ചുറ്റിലുള്ളവർക്കും പ്രശ്നങ്ങളും ഭയപ്പാടുകളും ഉണ്ടാക്കുന്നുവെങ്കിൽ അത് ‘ ദുരഭിമാനം ‘ തന്നെയാണ്.

പിന്നാക്ക വിഭാഗത്തിലുള്ളയാളാണെന്നതാണ് മുന്നോക്ക വിഭാഗക്കാരൻ എന്നഭിമാനിക്കുന്ന വീട്ടുകാരുടെ എതിര്‍പ്പിന് വഴിവെച്ചതും തട്ടിക്കൊണ്ടു പോവുന്നതിനും അവസാനം ജീവൻ ബലികൊടുക്കുന്നതിനും ഇടയായത്. മൂന്ന് ദിവസം മുമ്പാണ് കെവിന്റെയും നീനുവിന്റെയും രജിസ്റ്റര്‍ വിവാഹം നടന്നത് എന്ന് പറയപ്പെടുന്നു. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇവിടെ ഒരു ചോദ്യം ഉയരുന്നത് എവിടെപ്പോയി ഇരു കൂട്ടരുടെയും സഭകൾ ?. കെവിന്റെ മൃതശരീരം സംസ്കരിക്കുവാൻ അഞ്ചോളം യുവവൈദീകരുണ്ടായിരുന്നു എന്നത് ശ്രദ്ധേയം. ഹിന്ദു ചേരമർ വിഭാഗത്തില്‍പെട്ട കെവിന്റെ വീട്ടുകാര്‍ പിന്നീട് ക്രിസ്തു മതം സ്വീകരിച്ചിരുന്നവരാണ് എന്നാണു അറിയുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമാണ് കെവിന്‍. നീനു റോമന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ടവരാണ്. സാമ്പത്തികമായ പിന്നാക്കാവസ്ഥയും കേരളത്തിൽ നിലനിൽക്കുന്ന ജാതിയിലെ വ്യത്യാസവുമാണ് ഇത്തരമൊരു കുറ്റകൃത്യത്തിന് സഹോദരനടക്കമുള്ളവരെ പ്രേരിപ്പിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സവർണ-അവർണ വിവേചനം ക്രൈസ്തവ സഭകളിലും നിലനിൽക്കുന്നു എന്ന സന്ദേശം ഉൾക്കൊള്ളുവാൻ സഭകൾ തയ്യാറാവണം. ഉചിതമായ ഇടപെടലുകൾ അനിവാര്യമായിരിക്കുന്നു. ദളിത് വിവാഹത്തെ അംഗീകരിക്കുവാൻ സാധിക്കാത്ത രീതിയിൽ ജാതീയമായ വിവേചനം എല്ലാക്കാലവും നാം പിന്തുടരുന്നു എന്നത് ചരിത്രയാഥാർഥ്യം.

ഇവിടെ കൊന്നതും കൊലചെയ്യപ്പെട്ടതും രാഷ്ട്രീയ വിഷയങ്ങളാലല്ല. ജാതിയുടെയും ഉപജാതിയുടെയും അഭിമാനപ്രശ്‌നമാണ്. അഥവാ ദുരഭിമാനം. സ്വന്തം കാര്യം വരുമ്പോള്‍ അല്പം അഭിമാനവും ദുരഭിമാനവും ഇല്ലാത്തവര്‍ കുറയും. പക്ഷെ അത് ആസൂത്രിത കൊലപാതകത്തിലേക്കും അക്രമത്തിലേക്കും നീങ്ങുമ്പോഴാണു നാം നമ്മെക്കുറിച്ചും നമ്മുടെ സംസ്‌കാരത്തെക്കുറിച്ചും ബോധവാന്മാരാകേണ്ടതിന്റെ ആവശ്യകത ചോദ്യം ചെയ്യപ്പെടുന്നത്. വാർത്താ ചാനലുകളിൽ ആടിതിമിർക്കുന്ന ചർച്ചകൾ എല്ലാം തന്നെ ചിലരുടെ രാഷ്ട്രീയ ലാഭങ്ങള്‍ക്കുവേണ്ടിയുള്ളത് മാത്രമാണ്. ഇരുകൂട്ടരുടേയും രാഷ്ട്രീയ ചിന്താഗതികളും അനുഭാവ സ്വഭാവങ്ങളും അസംബന്ധ രാത്രി ചർച്ചകളായി വഴിമാറുന്നു. അവിടെ മതവും ക്രൈസ്തവ സഭകളും തല്ക്കാലം രക്ഷപെട്ടു എന്ന് വേണമെങ്കിൽ അഭിമാനിക്കാം.

വളര്‍ന്നുവരുന്ന വര്‍ഗ്ഗീയ ചിന്താഗതികളും അതിന്റെ സാമൂഹിക സാംസ്‌കാരിക പശ്ചാത്തലവും നമ്മെ പിന്നോട്ട് നയിക്കുകയാണ്. ഇത്തരം കൊലപാതകങ്ങളെ ഞെട്ടലോടെ വേണം വിലയിരുത്തുവാൻ. ക്രൈസ്തവ സഭകൾക്ക് ഇവിടെ എങ്ങനെ ഇടപെടുവാൻ സാധിക്കും എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും അഭ്യസ്തവിദ്യരും സാംസ്‌കാരികമായി ഉന്നതിയിലുള്ളവരും സഹോദരങ്ങളായി ജീവിച്ചുപോരുന്ന ഈ കൊച്ചുകേരളത്തില്‍ ഇങ്ങനെയൊന്നും നടക്കുകയില്ലെന്നു വിചാരിച്ചിരുന്നു. ജനാധിപത്യത്തിലെ നാലാംതൂണുകള്‍ എന്നവകാശപ്പെടുന്നവർപോലും ഇന്നും പണത്തിനുവേണ്ടി ജോലിയെടുക്കുകയും കൂട്ടിക്കൊടുക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ അധഃപതനത്തിന്റെ വെടിയൊച്ചകളും നിലവിളികളും നമ്മുടെ കാതുകളിൽ മുഴങ്ങുകയാണ്.

അന്യന്റെ ജീവനു വിലയില്ലാതാകുകയും അക്രമവും അക്രമവാസനകളും പെരുകുകയും എതിരാളിയെ അറപ്പില്ലാതെ ഇല്ലാതാക്കാനുള്ള മാനസിക നിലവാരത്തിലേക്കു കേരളജനതയും തരംതാണുപോകുകയും ചെയ്യുന്നത് കണ്ടില്ലെന്നു നടിക്കാനാകുകയില്ല. നവമാധ്യമങ്ങളും വിവരസാങ്കേതികവിദ്യയും വളര്‍ന്നുപന്തലിച്ചപ്പോള്‍ നന്മയേക്കാള്‍ ഏറെ തിന്മയുടെ, വെറുപ്പിന്റെ, വിദ്വേഷത്തിന്റെ, പകയുടെ വാഹകര കേന്ദ്രങ്ങളായി മാറിയിരിക്കുന്നു.നിയമവ്യവസ്ഥകള്‍ക്കും നിയമപാലകര്‍ക്കും അതിന്റേതായ ചില പോരായ്മകള്‍ ഉള്ളപ്പോഴും നഷ്ടമാകാതെ പോകേണ്ടത് നമ്മുടെ സാംസ്‌കാരിക പൈതൃകമാണ്. അതിലാണു നമ്മള്‍ അഭിമാനിക്കുകയും ആവേശം കൊള്ളുകയും ചെയ്യേണ്ടത്. അയിത്തത്തിന്റേയും തൊട്ടുകൂടായ്മയുടേയും നാളുകളില്‍നിന്നു നമ്മെ കൈപിടിച്ചുയർത്തിയ മത-സാംസ്കാരിക-രാഷ്ട്രീയ പുരോഗമന പ്രസ്ഥാനങ്ങളുടെ കെട്ടുറപ്പും, ദിശാബോധവും എവിടെയൊക്കെയോ കൈമോശം വന്നിരിക്കുന്നു. മനുഷ്യനെ മനുഷ്യനായ് കാണുവാനും പരസ്പരം സ്‌നേഹിക്കുവാനും വെറുപ്പിനു പകരം സ്‌നേഹവും അനുകമ്പയും സമത്വവും പകര്‍ന്നുനല്കാനുമാകുമ്പോള്‍ മാത്രമേ നാളെയുടെ നന്മ പ്രത്യാശിക്കാന്‍ വകയുള്ളൂ.

വിവിധ മതങ്ങളില്‍പെട്ടവരും മതമില്ലാത്തവരും ജീവിക്കുന്ന നാടാണ് കേരളം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളവരെ അപേക്ഷിച്ച് വിദ്യാഭ്യാസപരമായും സാംസ്‌ക്കാരികപരമായും വളരെയേറെ ഉന്നതിയില്‍ നില്‍ക്കുന്നവരും ഉല്‍ബുദ്ധരും നമ്മള്‍ കേരളീയര്‍ തന്നെയാണ് എന്നാണ് നമ്മുടെ അവകാശവാദം. എന്നാൽ ആധുനിക വാർത്തകൾ വിശകലനം ചെയ്യുമ്പോൾ നമ്മുടെ അവകാശവാദം നമ്മെ അഹങ്കാരികളാക്കി മാറ്റുന്നില്ലേ എന്നൊരു സംശയം ബാക്കിനിൽക്കുന്നു. എല്ലാവരും വിശ്വസിക്കുന്നത് അവരവരുടെ ഭാഷ്യം ശരിയാണ് എന്ന് തന്നെയാണ്. പിന്നെ ആര്‍ക്കാണ് പിഴച്ചത്? ഈ ചോദ്യത്തിന് എല്ലാവര്‍ക്കുമറിയുന്ന ഒരു ഉത്തരമുണ്ട് ‘ഞങ്ങൾക്കല്ല ‘ എന്ന്. ഇവിടെ എല്ലാവരും ശരിയാണ്. എന്നാല്‍ മറ്റുള്ളവര്‍ ശരിയാണ് എന്ന് അംഗീകരിച്ചുകൊടുക്കില്ല എന്നതാണ് സത്യം.

സ്നേഹത്തിന്റെ കുറവാണോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ ഈ ‘ദുരഭിമാനം ‘ ചിലരിൽ കൂടുന്നത് എന്നറിയില്ല. പക്ഷെ ഇത് മൂലമുള്ള പ്രശ്നങ്ങൾ അനവധി ആണെന്ന് മനസ്സിലാക്കാം. അഭിമാനം മൂത്തു അവരിലുണ്ടാവുന്ന വ്യത്യാസങ്ങൾ അവർക്കു തന്നെ അതിലും ഭീകരമായി അഭിമാന ക്ഷതം ഉണ്ടാക്കുന്ന കാര്യങ്ങളാണെന്ന് പോലും അവർ മനസ്സിലാക്കുന്നില്ല. എല്ലാരിലും കുറച്ചു അഭിമാനം വേണം എന്ന് പറയുന്നു. എന്നാലും ചില സത്യങ്ങൾ മറച്ചു പിടിക്കുവാൻ അതിനു സാധിക്കുന്നു. തനിക്കും മറ്റുള്ളവർക്കും അത് ദോഷമുണ്ടാക്കുന്നവ അല്ലെങ്കിൽ കുഴപ്പമില്ല എന്ന ഒരു വശവും ഉണ്ട്. എന്നിരുന്നാലും ഇത്രയും ദോഷങ്ങൾ തരുന്ന അഭിമാനങ്ങൾ ജീവിതത്തിൽ നിന്നും ഒഴിവാക്കിയാൽ തനിക്കും മറ്റുള്ളവർക്കും കൂടുതൽ സ്വാതന്ത്ര്യവും സ്നേഹവും ഉറപ്പായും ലഭിക്കും.

കേരളത്തിൽ ശക്തിപ്പെടുന്നത് ജാതീയതയാണ്. സഭയിലും രാഷ്ട്രത്തിലും അനുദിനം വർദ്ധിക്കുന്നു. മനുഷ്യത്വം മരവിക്കുമ്പോൾ ജാതിയതയും അധികാരവും ശക്തിപ്പെടും.വേർകൃത്യങ്ങൾ വളരും. പുത്തൻ യുഗത്തിലും കേരളം ജാതീയതയുടെ കരാളഹസ്തത്തിൽ തന്നെ എന്ന് നിസംശയം പറയാം.

ജാതീയതക്കെതിരായുള്ള ദശാബ്ദങ്ങളുടെ പോരാട്ടം മലയാളി മനസ്സിനെ എവിടെ എത്തിച്ചു എന്ന് വിലയിരുത്തുന്നത് ഉചിതമാണ്? നാം എവിടെയായിരുന്നു? ഇന്ന് എവിടെ എത്തി? ഇത് അവലോകനം ചെയ്യുന്ന ഏതൊരാള്‍ക്കും നിസ്സംശയം പറയാനാകും- ഇന്നലകളിൽ നാം കൊയ്തത് ഒക്കെയും പതിരായിരുന്നു എന്ന്. ഇത്രയും നീണ്ട കാലയളവും അതിന്റെ ഫലവും വിശകലനം ചെയ്താല്‍ ജാതീയത അതിന്റെ പ്രഹരശേഷി വര്‍ധിപ്പിച്ച് പുതിയ തലങ്ങളിലേക്ക് പലായനം ചെയ്യുക മാത്രമാണ് ചെയ്തത്. കടുത്ത അവഗണനക്കും അവഹേളനത്തിനും ഇടയിലും ദളിതന് രാജ്യത്തിന്റെ രാഷ്ട്രീയ- വിദ്യഭ്യാസ- കലാ സാംസ്‌കാരിക മേഖലകളില്‍ ചെറിയ തോതിലെങ്കിലും എത്തിപ്പെടാന്‍ സാധിച്ചു എന്നത് ചെറിയൊരു ആശ്വാസം തന്നെ. അവിടെ ക്രൈസ്തവ സഭകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിയ സംഭാവനകൾ വിസ്മരിക്കുന്നില്ല. എന്നാൽ ഇന്ന് ജാതിവ്യവസ്ഥ അതിന്റെ പഴയ കാല രീതികളും കര്‍മമണ്ഡലങ്ങളും മാറ്റി പുതിയ രീതിയില്‍ ഇവിടെ പുനഃസ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന് മാത്രം.ജാതീയത അതിന്റെ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുന്നതിന്റെ മറ്റൊരു തെളിവാണ് ഞായറാഴ്ചകളിലെ ജാതി തിരിച്ചുള്ള മാട്രിമോണിയലുകള്‍. ഈഴവ മാട്രിമോണി, നായര്‍ മാട്രിമോണി, പുലയ മാട്രിമോണി എന്നിങ്ങനെയുള്ള വേര്‍തിരിവുകളെ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇവയെല്ലാം തന്നെ ഭൂരിപക്ഷ ന്യുനപക്ഷ വർഗീയതയെ പരോക്ഷമായി വളർത്തുകയാണ്.

ചെങ്ങന്നൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയെ പിന്തുണക്കണമെന്നു ഓവർസീസ് കോൺഗ്രസ്

ജനാധിപത്യത്തിന്റെ നിലനിൽപ്പിനും, ഭരണഘടനയുടെയും മതേതരത്വത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്തുവാനും, ചെങ്ങന്നൂരിൽ ഐക്യ ജനാധിപത്യ (യു ഡി എഫ് ) സ്ഥാനാർത്ഥിയെ പിന്തുണക്കണമെന്നു മുതിർന്ന ഓവർസീസ് കോൺഗ്രസ് നേതാക്കളായ ജോർജ് എബ്രഹാം, ടി എസ് ചാക്കോ , തോമസ് റ്റി ഉമ്മൻ, ആർ ജയചന്ദ്രൻ, ലീല മാരേട്ട് , ടി എസ് സാമുവേൽ, പി എം തോമസ്, സജി ടി മാത്യു, എന്നിവർ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു. സത്യം സമത്വം സാഹോദര്യം എന്നീ ഗാന്ധിയൻ തത്വങ്ങളിൽ അധിഷ്ഠിതമായ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുവാനും അക്രമരാഷ്ട്രീയത്തിനു അറുതി വരുത്തുവാനും, യു ഡി എഫ് സ്ഥാനാർഥി ഡി വിജയകുമാർ വിജയിക്കേണ്ടത് ആവശ്യമാണെന്നു പ്രസ്താവനയിൽ വ്യക്തമാക്കി.

കൊണ്ഗ്രെസ്സ് ജയിക്കേണ്ടുന്നത് നാടിന്റെ ആവശ്യമാണ്. ജാതിമത വ്യത്യാസങ്ങൾ മറന്നു ഭാരതത്തിന്റെ കെട്ടുറപ്പിനായി കോൺഗ്രസിനെ വിജയിപ്പിക്കണം. ചെങ്ങന്നൂരിലെ ബഹു ഭൂരിപക്ഷം പ്രവാസികളും ജനാധിപത്യവിശ്വാസികളാണെന്നിരിക്കെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയുടെ വിജയം സുനിശ്ചിതമാക്കുവാൻ പ്രവാസികുടുംബങ്ങളുടെ ബന്ധുമിത്രാദികളോട് വിനീതമായി അപേക്ഷിക്കുന്നുവെന്നു പ്രസ്താവനയിൽ പറഞ്ഞു.

കോണ്‍ഗ്രസ് വിജയം ഉറപ്പക്കാന്‍ പ്രവാസികളുടെ ഇടപെടല്‍ അനിവാര്യം: എ.കെ.ആന്റണി

ചെങ്ങന്നൂര്‍: രാജ്യ വികസനത്തിനെപോലെ ഭാവി നിര്‍ണ്ണയത്തിലും പ്രവാസികളുടെ ഇടപെടലുകള്‍ നിര്‍ണ്ണായകമാണെന്ന് രാജ്യത്തെ മുതിര്‍ന്ന കോഗ്രസ് നേതാവ് എ.കെ.ആന്റണി അഭിപ്രായപ്പെട്ടു.ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ.വിജയകുമാറിന്റെ വിജയത്തിനായി പ്രവാസി കോണ്‍ഗ്രസ് നടത്തിയ പ്രചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എത് പ്രതിസന്ധിയിലും രാജ്യത്തെ പ്രവാസികള്‍ക്കായി നിലകൊണ്ട കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ തിരിച്ചുവരവിന് കളമൊരുക്കാന്‍ പ്രവാസികള്‍ക്ക് ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം സുചിപ്പിച്ചു.വികസനത്തോടോപ്പം സമാധാന അന്തരിക്ഷവും തകര്‍ക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടുള്ള പ്രതിക്ഷേധമാകണം ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് വിധിയെന്നും ഇതിന് നാട്ടിലുള്ള സ്വാധീനം ഉപയോഗിക്കണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരിട്ട് വോട്ടു ചെയ്യാനായില്ലങ്കിലും സൗഹൃദങ്ങളിലുടെയും ബന്ധു സ്വാധീനത്തിലൂടെയും കോണ്‍ഗ്രസ് വിജയം ഉറപ്പാക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ പ്രവാസികളോട് ആവശ്യപ്പെട്ടു.

ഓവര്‍സിസ് കോണ്‍ഗ്രസ് ചിക്കഗോ സ്ഥാപക പ്രസിഡന്റ് പോള്‍ പി. പറമ്പി അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രിമാരായ കെ.സി.ജോസഫ്, എ.പി.അനില്‍കുമാര്‍ ,വി.ഡി.സതിശന്‍ എം.എല്‍.എ. ചെങ്ങന്നൂര്‍ തെരഞ്ഞടുപ്പ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.എബി കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജോയിച്ചന്‍ പുതുക്കുളം

കോൺഗ്രസ്സ് സമ്മേളന വാർഷികം

കാഞ്ഞങ്ങാട് : പയ്യന്നൂർ കോൺഗ്രസ്സ് സമ്മേളനത്തിന്റെ തൊണ്ണൂറാം വാർഷികം മെയ് 25 ന് പയ്യന്നൂരിൽ വെച്ച് നടക്കും. സമ്മേളന നഗരിയിൽ ഉയർത്തുന്ന പതാക ജാഥ മെയ് 25 ന് രാവിലെ പത്ത് മണിക്ക് സ്വാതന്ത്ര്യ സമര സേനാനി എ.സി. കണ്ണൻ നായരുടെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിക്കും. സംഘാടക സമിതി രൂപികരണ യോഗം കെ പി സി സി ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിൽ അദ്ധ്യക്ഷനായ യോഗത്തിൽ കെ.വി.നാരായണൻ, പി.കെ.ഫൈസൽ, എം.അസിനാർ, കരുൺ താപ്പ, കരിമ്പിൽ കൃഷ്ണൻ, കെ.പി.പ്രകാശൻ, ഹരീഷ്.പി.നായർ, മാമുനി വിജയൻ, കെ.വി.ഗംഗാധരൻ, .എ.അഷറഫലി, മീനാക്ഷി ബാലകൃഷ്ണൻ, അഡ്വ.എം.സി. ജോസ്, സൈമൺ പള്ളത്തും കുഴി, പത്മരാജൻ ഐങ്ങോത്ത്, പി.രാമചന്ദ്രൻ, രമേശൻ കരുവാച്ചേരി, ഡി.വി.ബാലകൃഷ്ണൻ, ബാബു കദളിമറ്റം, കരിച്ചേരി നാരായണൻ മാസ്റ്റർ, യു.ശേഖരൻ നായർ, എം.കുഞ്ഞികൃഷ്ണൻ, എം.പി.എം.ഷാഫി, ബിനോയ് ആൻറണി, ഹനീഫ് ചേവാർ, എം.എം.തോമസ്സ്, കെ.കുഞ്ഞമ്പു, വി.കുഞ്ഞിക്കണ്ണൻ, തങ്കച്ചൻ തോമസ്, വൈഎംസി ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.

മധുവും പി കെ വാര്യരും ജന്മഭുമി ലജന്‍ഡ്‌സ് ഒാഫ് കേരള

തിരുവനന്തപുരം: ഈ വര്‍ഷത്തെ ജന്മഭുമി ലജന്‍ഡ്‌സ് ഒാഫ് കേരള പുരസ്‌ക്കാരം നടന്‍ മധുവിനും ആയുര്‍വേദ പണ്ഡിതന്‍ ഡോ.പി.കെ വാര്യര്‍ക്കും. തങ്ങളുടെ മേഖലയില്‍ പുലര്‍ത്തുന്ന ഔന്നിത്യവും കേരളത്തിനു നല്‍കിയ സംഭാവനയും കണക്കിലെടുത്താണ് ഇരുവരേയും തെരഞ്ഞെടുത്തതെന്ന്്് ജന്മഭൂമി മാനേജിംഗ്് ഡയറക്ടര്‍ എം രാധാകൃഷ്ണന്‍, ചീഫ് എഡിറ്റര്‍ ലീലാ മേനോന്‍ എന്നിവര്‍ അറിയിച്ചു.മെയ് 18 ന് കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ പുരസ്‌കാകരം സമ്മാനിക്കും.

മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം നടന്നയാളാന് മധു. സ്വതസ്സിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഒരു ഇടം നേടി. ക്ഷുഭിത യൗവനവും പ്രണയാതുരനായ കാമുകനുമൊക്കെയായി പ്രേക്ഷകരുടെ മനം കവര്‍ന്നു.കാലം മാറുന്നതിനൊപ്പം ചെയ്യുന്ന വേഷങ്ങളും മാറാന്‍ അദ്ദേഹത്തിനു മടിയില്ലായിരുന്നു. മുഖ്യധാരാ സിനിമയിലും സമാന്തര സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലും സാന്നിദ്ധ്യമറിയിച്ചു. സംവിധായകന്‍, നിര്‍മാതാവ്, സ്റ്റുഡിയോ ഉടമ, സ്‌കൂള്‍ ഉടമ, കര്‍ഷകന്‍ തുടങ്ങിയ റോളുകളിലും തിളങ്ങി.

1963ല്‍ നിനമണിഞ്ഞ കാല്‍പാടുകള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് വന്ന മധു 1965ല്‍ ചെമ്മീനിലെ മികച്ച അഭിനയത്തിന് രാഷ്ട്രപതിയുടെ കൈയ്യില്‍ നിന്നും ഗോള്‍ഡ് മെഡല്‍ സ്വന്തമാക്കി. 300ല്‍ പരം നിരവധി ചിത്രങ്ങളില്‍ മികവുറ്റ പ്രകടനം കാഴ്ച്ചവെച്ച് അദ്ദേഹം 14 സിനിമകള്‍ സംവിധാനം ചെയ്തു. അമിതാഭ് ബച്ചനൊപ്പം സാത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ ബോളിവുഡിലും രജനി കാന്തിന്റെ അച്ഛനായി തമിഴിലും മധു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.്. 2004ല്‍ ജെ.സി ഡാനിയല്‍ പുരസ്‌കാരം നല്‍കി കേരളവും, 2013ല്‍ പത്മശ്രീ നല്‍കി രാജ്യവും മധുവിനെ ആദരിച്ചു.

കോട്ടയക്കല്‍ ആര്യവൈദ്യശാലയുടെ നെടുംതൂണാണ് ഡോ.പി.കെ വാര്യര്‍. ലോകോത്തര നിലവാരത്തിലേക്ക് ഈ സ്ഥാപനത്തെ ഉയര്‍ത്തിയ അദ്ദേഹം കഴിവുറ്റ ഭരണ സാരഥിയും നിപുണനായ വൈദ്യനുമാണ്. ആയുര്‍വേദം ഒരു ചികിത്സാരീതി മാത്രമല്ല. അതില്‍ ജീവിതത്തിന്റെ പ്രകാശമുണ്ടെന്ന് കരുതുന്ന കര്‍മനിരതനായ വ്യക്തി. ആയുര്‍വേദം ജനകീയമാക്കിയ വൈദ്യകുലപതി. നിരവധി വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ചികിത്സാരീതികള്‍ക്ക് വ്യക്തമായ പങ്കുണ്ട്.കേരളത്തിലെ ആയുര്‍വേദ മേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമായത് ഇദ്ദേഹത്തിന്റെ നിസ്വാര്‍ഥ സേവനത്തിലൂടെയാണ്. ആയുര്‍വേദത്തിലെ ഭാരതീയ ചികിത്സാ സമ്പ്രദായത്തിന് പി.കെ വാര്യര്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചും ആറ് ദശാബ്ദക്കാലത്തെ നിസ്തുല സേവനം മുന്‍നിര്‍ത്തിയും ആറളം വനപ്രദേശത്തു കണ്ടെത്തിയ പുതിയ ഇനം സസ്യത്തിന് പി.കെ വാര്യരുടെ പേര് നല്‍കിയിരിക്കുന്നു.കാലിക്കറ്റ് സര്‍വ്വകലാശാല ഡി. ലിറ്റും രാജ്യം പത്മശ്രീയും പത്മഭൂഷണും നല്‍കി ആദരിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം മുതലാണ് ജന്മഭൂമി ലജന്‍ഡ്‌സ് പുരസക്കാരം നല്‍കുന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍, നടന്‍ മോഹന്‍ലാല്‍ എന്നിവരാണ് കഴിഞ്ഞ വര്‍ഷം അര്‍ഹരായത്.

പി ശ്രീകുമാര്‍

ജന്മഭൂമി സിനിമ അവാര്‍ഡ്‌

തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച സിനിമ
 മഹേഷ് നാരായണന്‍ സംവിധായകന്‍..
സുരാജ് വെഞ്ഞാറുമൂട് നടന്‍
പാര്‍വതി നടി
കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ജന്മഭൂമി അവാര്‍ഡിന് തൊണ്ടിമുതലും ദൃക്സാക്ഷിയും തെരഞ്ഞെടുക്കപ്പെട്ടു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത്  സന്ദീപ് സേനന്‍, അനീഷ് എം തോമസ് ചേര്‍ന്ന് നിര്‍മ്മിച്ച സിനിമ സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു. മഹേഷ് നാരായണ (ടേക്ക് ഓഫ്)നാണ് മികച്ച സംവിധായകന്‍. മികച്ച നടനായി സുരാജ് വെഞ്ഞാറുമൂടും (തൊണ്ടിമുതലും ദൃക്സാക്ഷിയും)നടിയായി പാര്‍വതി (ടേക്ക് ഓഫ്)യും തെരഞ്ഞെടുക്കപ്പെട്ടു. ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ പത്രസമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച  രാമലീലയാണ്  ജനപ്രിയ സിനിമ. അതിന്റെ സംവിധായകന്‍ അരുണ്‍ ഗോപി  ജനപ്രിയ സംവിധായകനും.
സഹ നടന്‍: സിദ്ദിഖ്  വിവിധ സിനിമകള്‍),സഹ നടി: രാധിക (രാമലീല),ഗാനരചയിതാവ്:  ജയഗീത (കിളിവാതിലിന്‍ ചാരെ നീ…. പുള്ളിക്കാരന്‍ സാറ),സംഗീതസംവിധായകന്‍ : ബിജി ബാല്‍ (രാമന്റെ ഏദന്‍ തോട്ടം, ഒരു സിനിമക്കാരന്‍,),ഗായകന്‍: ഷഹബാസ് അമന്‍ (മിഴിയില്‍ നിന്ന് മിഴിയിലേക്ക്……..മായാനദി),ഗായിക:    ഗൗരി ലക്ഷ്മി (ആരോ നെഞ്ചിന്‍……….ഗോദ),ക്യാമറ: സനു ജോണ്‍ വര്‍ഗീസ് (ടേക്ക് ഓഫ്്), ബാലതാരം: അമല്‍ ഷാ,  ഗോവിന്ദ് വി പൈ (പറവ),തിരക്കഥാകൃത്ത്: സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും),കലാസംവിധാനം:സന്തോഷ് രാമന്‍ (ടേക്ക് ഓഫ്),എഡിറ്റര്‍: അഭിലാഷ് ബാലചന്ദ്രന്‍ ,മഹേഷ് നാരായണന്‍(ടേക്ക് ഓഫ്),ശബ്ദലേഖനം: രംഗനാഥ് വി രവി ( വില്ലന്‍, ഗ്രേറ്റ് ഫാദര്‍) എന്നിവയാണ് മറ്റ് അവാര്‍ഡുകള്‍
സിനിമ രംഗത്തെ സമഗ്രസംഭാവനയ്്കുള്ള പ്രത്യേക പുരസക്കാരം ശ്രീകുമാരന്‍ തമ്പിക്ക്് നല്‍കും
  പ്രിയദര്‍ശന്‍ (ചെയര്‍മാന്‍). മേനക സുരേഷ്‌കുമാര്‍, ചിപ്പി രഞ്ചിത്ത്, ടി ജയചന്ദ്രന്‍, പി ശ്രീകുമാര്‍( കണ്‍വീനര്‍) എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.പത്രസമ്മേളനത്തില്‍ സുരേഷ്‌കുമാര്‍, ടി ജയചന്ദ്രന്‍, വിജയകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു

കുട്ടികളുടെ നാടക പഠന ക്യാംപ് കലക്കൂട്ടത്തിനു തുടക്കമായി

മാവേലിക്കര നരേന്ദ്ര പ്രസാദ് സ്മാരക നാടക പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള കുട്ടികളുടെ നാടക പഠന ക്യാംപ് കലക്കൂട്ടത്തിനു പല്ലാരിമംഗലത്ത് ഗവേഷണ കേന്ദ്രം ഓഡിറ്റോറിയത്തില്‍ തുടക്കമായി. സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം ഉദ്ഘാടനം ചെയ്തു. പഠന കേന്ദ്രം ചെയർമാൻ ഫ്രാൻസിസ് ടി.മാവേലിക്കര അധ്യക്ഷത വഹിച്ചു. തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഷൈല ലക്ഷ്മണൻ, പഠന കേന്ദ്രം സെക്രട്ടറി എൻ.റൂബിരാജ്, വൈസ് ചെയർമാൻ കോശി അലക്സ്, ക്യാംപ് ഡയറക്ടർ പ്രേംവിനായക്, പഠന കേന്ദ്രം അംഗങ്ങളായ പ്രഫ.സുകുമാര ബാബു, ശശികുമാർ, രാജേന്ദ്രക്കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. ഇന്നു (24) രാവിലെ ഒൻപതിനു കഥകളിയുടെരാവ് മധുവാരണാസി ഉദ്ഘാടനം ചെയ്യും. രണ്ടിനു കളിയൊരുക്കം, നാലിനു മുഖാമുഖം സുനിൽ ഡി.കുരുവിള ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം 28നു വൈകിട്ടു നാലിനു ആർ.രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. പഠന കേന്ദ്രം വൈസ് ചെയർമാൻ കോശി അലക്സ് അധ്യക്ഷത വഹിക്കും. പ്രമോദ് പയ്യന്നൂർ സമ്മാനദാനം നടത്തും.