കുട്ടികളുടെ നാടക പഠന ക്യാംപ് കലക്കൂട്ടത്തിനു തുടക്കമായി

മാവേലിക്കര നരേന്ദ്ര പ്രസാദ് സ്മാരക നാടക പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള കുട്ടികളുടെ നാടക പഠന ക്യാംപ് കലക്കൂട്ടത്തിനു പല്ലാരിമംഗലത്ത് ഗവേഷണ കേന്ദ്രം ഓഡിറ്റോറിയത്തില്‍ തുടക്കമായി. സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം ഉദ്ഘാടനം ചെയ്തു. പഠന കേന്ദ്രം ചെയർമാൻ ഫ്രാൻസിസ് ടി.മാവേലിക്കര അധ്യക്ഷത വഹിച്ചു. തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഷൈല ലക്ഷ്മണൻ, പഠന കേന്ദ്രം സെക്രട്ടറി എൻ.റൂബിരാജ്, വൈസ് ചെയർമാൻ കോശി അലക്സ്, ക്യാംപ് ഡയറക്ടർ പ്രേംവിനായക്, പഠന കേന്ദ്രം അംഗങ്ങളായ പ്രഫ.സുകുമാര ബാബു, ശശികുമാർ, രാജേന്ദ്രക്കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. ഇന്നു (24) രാവിലെ ഒൻപതിനു കഥകളിയുടെരാവ് മധുവാരണാസി ഉദ്ഘാടനം ചെയ്യും. രണ്ടിനു കളിയൊരുക്കം, നാലിനു മുഖാമുഖം സുനിൽ ഡി.കുരുവിള ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം 28നു വൈകിട്ടു നാലിനു ആർ.രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. പഠന കേന്ദ്രം വൈസ് ചെയർമാൻ കോശി അലക്സ് അധ്യക്ഷത വഹിക്കും. പ്രമോദ് പയ്യന്നൂർ സമ്മാനദാനം നടത്തും.

കായലില്‍ വീണ കുട്ടിയെ രക്ഷിച്ച അരുണ്‍ ക്ലീറ്റസ് പള്ളിയിലിന് ആദരം

ചാലക്കുടി: വിനോദയാത്രയ്ക്കിടെ ബോട്ടില്‍ നിന്നും കായലില്‍ വീണ ചാലക്കുടി കദളിക്കാട് സ്വദേശിയും, ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയുമായ ഷോണ്‍ ഷിജുവിനെ സാഹസികമായി രക്ഷപെടുത്തിയ കുറ്റിക്കാട് സ്വദേശി അരുണ്‍ ക്ലീറ്റസ് പള്ളിയിലിനു അമേരിക്കയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളും, പ്രവാസി മലയാളിയും, കിന്‍ഫ്ര ഡയറക്ടറുമായ പോള്‍ പറമ്പി സമാഹരിച്ച 25,000 രൂപയുടെ ക്യാഷ് അവാര്‍ഡും കീര്‍ത്തിപത്രവും നല്‍കി ആദരിച്ചു.

കായലില്‍ വൂണ ഷോണ്‍ ഷിജുവിനെ രക്ഷപെടുത്തിയപ്പോള്‍ സ്വന്തം മകനെ മറ്റൊരാളെ ഏല്‍പിച്ച് നീന്താന്‍ പോലും വശമില്ലാത്ത അരുണ്‍ ക്ലീറ്റസ് കായലിലേക്ക് എടുത്തുചാടി രക്ഷപെടുത്തുകയായിരുന്നു.

ചാലക്കുടി വ്യാപാരഭവനില്‍ ചേര്‍ന്ന അനുമോദന യോഗം വിജിലന്‍സ് ജഡ്ജി വി. ഗീത ഉദ്ഘാടനം നിര്‍വഹിച്ചു. എം.എല്‍.എ വി.ഡി ദേവസി അധ്യക്ഷതവഹിച്ചു. മുന്‍ എം.പി. കെ.പി ധനപാലന്‍ കീര്‍ത്തിപത്രം നല്‍കി സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പോള്‍ പറമ്പി, ചാലക്കുടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, അഡ്വ. സജി റാഫേല്‍, ജേക്കബ് കരിപ്പായി, സ്മിത ജെയ്, ഫാ. അബ്രോസ്, വിജയ് തെക്കന്‍, ജോയ് മൂത്തേടന്‍, റോസി ലാസര്‍, ഫാ. വര്‍ഗീസ് പാത്താടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അംഗീകാരമായി ലഭിച്ച 25000 രൂപ അരുണ്‍ ക്ലീറ്റസ് ചാലക്കുടിയിലെ ആല്‍ഫാ പാലിയേറ്റീവ് കെയറിനു സംഭാവന നല്‍കി. പോള്‍ പറമ്പി അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

മലങ്കര സഭയിൽ ഒരു വീണ്ടുവിചാരത്തിനു സമയമായി

1934-ലെ ഭരണഘടനാപ്രകാരം മലങ്കര സഭയിലെ ഇടവകകൾ ഭരിക്കപ്പെടണമെന്നും, ജൂലൈ 3-ലെ വിധി മലങ്കരയിലെ എല്ലാ ഇടവകകള്‍ക്കും ബാധകമെന്നും, സർക്കാർ-ഭരണസംവിധാനങ്ങൾ വിധി നടപ്പിലാക്കുവാന്‍ അനുകൂല സാഹചര്യം ഒരുക്കണമെന്നും കഴിഞ്ഞ ദിവസം പിറവം പള്ളി കേസിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയുണ്ടായി. ഇവിടെ മലങ്കര സഭാ നേതൃത്വത്തിൽ നിന്നും ശ്രദ്ധാപൂർവമായ ചില നടപടികൾ ഇപ്പോഴാണ് ഉണ്ടാകേണ്ടത് .

സുപ്രീംകോടതി വിധി സ്വാഗതം ചെയ്തുകൊണ്ടുള്ള പ. കാതോലിക്കാ ബാവായുടെ പ്രസ്താവന നല്ലതു തന്നെ. അതോടൊപ്പം മറുഭാഗത്തുള്ളവർക്ക് ഈ വിധി അനുസരിക്കുവാനും സഭയില്‍ ശാശ്വതമായ സമാധാനം സ്ഥാപിക്കാനും ഉള്ള സാഹചര്യം ഉണ്ടാകണം. 1934 -ലെ ഭരണ ഘടന അനുസരിച്ചു മലങ്കര സഭയിൽ തുടരുവാൻ താല്പര്യമുള്ള വിശ്വാസികൾക്കും, വൈദികർക്കും, എപ്പിസ്‌കോപ്പമാർക്കും ആ പാതയിലേക്ക് വരുവാനുള്ള സാഹചര്യം ഒരുക്കേണ്ടതായിട്ടുണ്ട്.

ചില പ്രായോഗിക നിർദ്ദേശങ്ങൾ കുറിക്കുന്നു.

1 . ഇപ്പോൾ ആ വിഭാഗത്തു നിന്നും 1934 -ലെ ഭരണ ഘടന അനുസരിച്ചു മലങ്കര സഭയിൽ തുടരുവാൻ താല്പര്യമുള്ള വൈദീകരെ തല്ക്കാലം ആ ഇടവകയിലോ മറ്റേതെങ്കിലും ഇടവകകളിലോ അസിസ്റ്റൻഡ് വികാരിമാരായി ചുമതല നൽകണം.

2 . ഇപ്പോൾ ആ വിഭാഗത്തു നിന്നും 1934 -ലെ ഭരണ ഘടന അനുസരിച്ചു മലങ്കര സഭയിൽ തുടരുവാൻ താല്പര്യമുള്ള മെത്രാച്ചന്മാർക്കും തല്ക്കാലം അതാതു ഭദ്രാസനങ്ങളിലോ, മറ്റേതെങ്കിലും ഭദ്രാസനങ്ങളിലോ അസിസ്റ്റൻമാരായി ചുമതല നൽകണം. പിന്നീട് 1934 -ലെ ഭരണ ഘടന പ്രകാരം മലങ്കര അസോസിയേഷൻ തെരഞ്ഞെടുത്തു അംഗീകരിക്കുന്ന മുറക്ക് സ്വതന്ത്ര ചുമതലകൾ നൽകാവുന്നതാണ്

3 . ആവശ്യമെങ്കിൽ അതിനായി മലങ്കര അസോസിയേഷൻ കൂടി പൊതുധാരണയോടുകൂടി 1934 -ലെ ഭരണ ഘടന അനുസരിച്ചു മലങ്കര സഭയിൽ തുടരുവാൻ താല്പര്യമുള്ള മെത്രാച്ചന്മാരെ അംഗീകരിച്ചുകൊണ്ട് മലങ്കരസഭയിലെ കക്ഷിവഴക്കുകൾ എന്നന്നേക്കുമായി ഇല്ലാതാക്കുവാനുള്ള ഒരു പരിശ്രമം ദൈവത്തിൽ ആശ്രയിച്ചുകൊണ്ടു പ്രാർഥനാപൂർവം നടപ്പിലാക്കുവാൻ മലങ്കര സഭ നേതൃത്വം മുൻകൈ എടുക്കണം.

4 . ജൂലൈ 3 -ലെ സുപ്രീംകോടതി വിധിയെക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും അവ്യക്തത തോന്നിയിട്ടുണ്ടെങ്കില്‍ പിറവം പള്ളിയുടെ ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയോടെ അവയെല്ലാം മാറിക്കിട്ടി. ഇനി അധികകാലം അവർക്കും പിടിച്ചുനിൽക്കുവാൻ സാധിക്കില്ല. ബഹു. സുപ്രീംകോടതി വിധികളുടെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് മലങ്കര സഭാ സമാധാനത്തിനായുള്ള ഒരു പുതിയ പാത വെട്ടിതുറക്കേണ്ടത് മലങ്കര സഭാ നേതൃത്വമാണ്.

5. കോടതി വിധി പ്രകാരം കീഴടക്കലിന്റെയോ, പിടിച്ചടക്കലിന്റെയോ, ഇറക്കിവിടലിന്റെയോ ഭാവം പ്രായോഗിക രീതിശാസ്ത്രമല്ല, ദൈവീകവുമല്ല.

6 . 1934 ഭരണഘടനയിലും സുപ്രിം കോടതി വിധിയിലും അടിസ്ഥാനമിട്ട് സഭയിൽ ശാശ്വത സമാധാനം ഉണ്ടാക്കുവാൻ സ്വത്വര നടപടി ഉണ്ടാകണം. അതിന് കാര്യശേഷിയുള്ളവരെ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണം.

7 . നാളെകളിൽ ബഹു.സുപ്രിം കോടതി മലങ്കര സഭാ നേതൃത്വത്തോടും, പരിശുദ്ധ കാതോലിക്കാ ബാവായോടും ചോദിക്കുവാൻ പോകുന്ന ചോദ്യം ഇതായിരിക്കും. “മലങ്കര സഭാസമാധാനത്തിനായി നിരവധി വിധികൾ ഞങ്ങൾ പുറപ്പെടുവിച്ചു. ഇരു വിഭാഗങ്ങളിലുമുള്ള വൈദീകരെയും മെത്രാച്ചന്മാരെയും 1934 ലെ ഭരണഘടന അനുസരിച്ചു ഏകോപിച്ചുകൊണ്ടുപോകുവാൻ നിങ്ങൾ എന്ത് മേൽനടപടികളാണ് സ്വീകരിച്ചത് ?”
സഭാ ഐക്യത്തെ പറ്റി പരിശുദ്ധ പാമ്പാടി തിരുമേനി: ” … സഭ വിട്ടുപോകാനല്ല ഏതു തരത്തിലും സഭയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനാണ് നാം ശ്രമിക്കേണ്ടത്. അതിനുവേണ്ടിയാണ് നാം ഇത് പറയുന്നത്. ഇരുഭാഗത്തുനിന്നും അല്പസ്വല്പം വിട്ടുവീഴ്ചകൾ ചെയ്തു ഏതു തരത്തിലെങ്കിലും തമ്മിൽ യോചിക്കണമെന്നാണ് നമ്മുടെ അഭിപ്രായം. വഴക്കും വ്യവഹാരവും വർദ്ധിപ്പിക്കാനല്ല നിങ്ങൾ ശ്രമിക്കേണ്ടത്. ഈ നോമ്പ് കാലത്ത് സഭയുടെ സമാധാനത്തിനായി നിങ്ങളെല്ലാവരും ഹൃദയപൂർവ്വം പ്രാർത്ഥിക്കണമെന്നു നിങ്ങളുടെ സ്നേഹത്തോടു നാം നിർബന്ധിക്കുന്നു.

ഇനിയും മിണ്ടാതിരുന്നാൽ ഈ കല്ലുകൾ ആർപ്പുവിളിക്കും.

ഫാ.ജോൺസൺ പുഞ്ചക്കോണം

സുകുമാര്‍ അഴിക്കോട് തത്വമസി പുരസ്കാരം എം പി വീരേന്ദ്രകുമാര്‍, എം.എന്‍ കാരശ്ശേരി, രതീ ദേവി എന്നിവര്‍ക്ക്

കോഴിക്കോട് ;കേരളത്തിന്‍റെ സാഹിത്യ സാംസ്കാരിക സാമൂഹ്യ രംഗത്തെ ഉജ്ജ്വല വ്യക്തിത്വമായിരുന്ന ഡോ:സുകുമാര്‍ അഴീക്കോടിന്റെ ജന്മദിനാഘോഷണങ്ങളുടെ ഭാഗമായി നല്‍കുന്ന 2018 ലെ തത്വമസി പുരസ്കാരം എം പി വീരേന്ദ്രകുമാറിനും ,എം.എന്‍ കാരശ്ശേരിക്കും രതിദേവിക്കും ലഭിച്ചു.ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജ രവി ,ജയചന്ദ്രന്‍ മൊകേരി,അനില്‍ കുര്യാത്തി എന്നിവര്‍ക്കും വിവിധ മേഖലകള്‍ക്ക് നല്‍കിയ സംഭാവനകള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിക്കുമെന്നു തത്വമസി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .മെയ് പതിമൂന്നിന് കോഴിക്കോട് മജെസ്റ്റിക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.കെ.പി രാമനുണ്ണി ചെയര്‍മാനും ,ഉമാദേവി വി.ജി,ജോയ് എബ്രഹാം,മണികണ്ഠന്‍ പോല്‍പ്പറമ്പ്,ടി ജി വിജയകുമാര്‍ ,എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത് .

സാംസ്കാരിക രംഗങ്ങളിലെ മികച്ച നേതൃത്വം,ജനപക്ഷ പത്രപ്രവര്‍ത്തനം,സൗഹാര്‍ദ രാഷ്ട്രീയ നിലപാടുകള്‍ ,സോഷ്യലിസ്‌റ് ,എഴുത്തുകാരന്‍,പാര്‍ലമെന്റേറിയന്‍,എന്നീ നിലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജനതാദള്‍ നേതാവും ,രാജ്യസഭാംഗവും മാതൃഭൂമി മാജിജിങ് എഡിറ്ററുമായ എം.പി വീരേന്ദ്രകുമാര്‍ ,അദ്ധ്യാപകന്‍,പ്രഭാഷകന്‍,മതേതരത്വ പുരോഗമനവാദ നിലപാടുകള്‍ എന്നീ നിലകളില്‍ കേരളത്തിന്‍റെ ആദരവ് നേടിയ എം എന്‍ കാരശ്ശേരി ,പുരോഗമന നിലപാടുകളിലൂടെ ഇപ്പോഴും സാധാരണക്കാരന്റെ പക്ഷത്ത് നില്‍ക്കുകയും ,എഴുത്തിന്റെ രംഗത്തു നൂതനമായ രീതികള്‍ ആവിഷ്കരിക്കുകയും ചെയ്ത രതീദേവി ,ദക്ഷിണേന്ത്യന്‍ ഭാഷകളിലെ പ്രമുഖ ഡബ്ബിങ് ആര്‍ട്ടിസ്‌റ് ശ്രീജ രവി,മാലി ജയിലിലെ അനുഭവങ്ങള്‍ തക്കിജ്ജ എന്ന ആത്മകഥയുടെ ലോകത്തെ അറിയിച്ച അദ്ധ്യാപകന്‍ ജയചന്ദ്രന്‍ മൊകേരി,നവമാധ്യമങ്ങളിലൂടെ ശ്രദ്ദേയനായ കവി അനില്‍ കുര്യാത്തി എന്നിവര്‍ക്കാണ് 2018 ലെ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

അമേരിക്കന്‍ മലയാളികളുടെ അഭിമാനമായ രതീദേവിയുടെ “മഗ്ദലിന യുടെ(എന്റെയും)പെണ്‍സുവിശേഷം” എന്ന നോവലിനാണ് സുകുമാര്‍ അഴിക്കോട് തത്വമസി സാഹിത്യപുരസ്കാരം ലഭിച്ചത് .ഈ നോവല്‍ ഭൂതകാലത്തില്‍ നിന്നും ഖനനം ചെയ്ത യാഥാര്‍ഥ്യങ്ങള്‍ ആഖ്യാനത്തിന്റെ മാന്ത്രികതയോടെ അനാവരണം ചെയ്യുന്ന നോവല്‍ ആത്മീയതയുടെയും ,പ്രണയത്തിന്റെയും ,ഏകാന്തതയുടെയും പെണ്‍ കരുത്തായി മാറിയ കൃതിയാണ് “മഗ്ദലിന യുടെ(എന്റെയും)പെണ്‍സുവിശേഷം”.ഈ നോവല്‍ എഴുതാന്‍ രതി ദേവി പത്തു വര്ഷമാണ് ചിലവഴിച്ചത് .ഒരേ സമയം ഇംഗ്ലീഷിലും ,മലയാളത്തിലും പ്രസിദ്ധീകരിച്ച നോവല്‍ സ്പാനിഷ് ,ഫ്രഞ്ച്,തമിഴ് ഭാഷകളില്‍ മൊഴിമാറ്റം നടത്തുന്നു .വേള്‍ഡ് മലയാളി കൗണ്‍സില്‍ അവാര്‍ഡ്,സി എം എസ കോളേജ് സ്റ്റഡിസെന്റര്‍ അവാര്‍ഡ്,ഇന്‍ഡ്യാ പ്രസ് ക്ലബ് അവാര്‍ഡ് തുടങ്ങി നിറ്വദ്ധി അവാര്‍ഡുകള്‍ ഈ പുസ്തകത്തിനു ലഭിച്ചിട്ടുണ്ട്.മലയാളത്തിലെ എക്കാലത്തെയും മികച്ച വാഗ്മികളില്‍ ഒരാളായ സുകുമാര്‍ അഴീക്കോട് മാഷിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്കാരം ലഭിച്ചതില്‍ അളവറ്റ സന്തോഷം ഉണ്ടെന്നു രതീദേവി അറിയിച്ചു.

ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ്

പരസ്പരം മികച്ച സീരിയല്‍, ബിനു സംവിധായകന്‍.
സാജന്‍ സൂര്യ നടന്‍, ഗായത്രി അരുണ്‍ നടി

തിരുവന്തപുരം: ജന്മഭൂമിയുടെ പ്രഥമ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത പരസ്പരം ആണ് മികച്ച സീരിയല്‍. മഴവില്‍ മനോരമയിലെ മഞ്ഞുരുകുംകാലത്തിന്റെ സംവിധായകന്‍-ബിനു വെള്ളത്തൂവലാണ് മികച്ച സംവിധായകന്‍.മികച്ച നടനായി സാജന്‍ സൂര്യ (ഭാര്യ,ഏഷ്യാനെറ്റ്)യും നടിയായി ഗായത്രി അരുണും(പരസ്പരം, ഏഷ്യാനെറ്റ്) തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് അവാര്‍ഡുകള്‍ താഴെപറയുന്നവയാണ്.

രണ്ടാമത്തെ സീരിയല്‍- സ്വന്തം ജാനി (സൂര്യ),ജനപ്രിയ സീരിയല്‍-സത്യം ശിവം സുന്ദരം (അമൃത),ഹാസ്യപരിപാടി-ഉപ്പും മുളകും(ഫ്ളവേഴ്സ്), തിരക്കഥ- ജെ. പള്ളാശ്ശേരി (വാനമ്പാടി,ഏഷ്യാനെറ്റ്),ഛായാഗ്രാഹകന്‍-സുനീഷ് (സത്യം ശിവം സുന്ദരം, അമൃത),എഡിറ്റര്‍-രാജേഷ് (പരസ്പരം, ഏഷ്യാനെറ്റ് ),സ്വഭാവനടന്‍-രാഘവന്‍ (കസ്തൂരിമാന്‍,ഏഷ്യാനെറ്റ്),സ്വഭാവ നടി- കെ.ആര്‍. വിജയ (സത്യം ശിവം സുന്ദരം,അമൃത),ഹാസ്യനടന്‍-നസീര്‍ സംക്രാന്തി തട്ടീം മുട്ടീം,മഴവില്‍ മനോരമ),ഹാസ്യനടി- നിഷാ സാരംഗ്(ഉപ്പും മുളകും,ഫ്ളവേഴ്സ്),ജനപ്രിയ നടന്‍-വിവേക് ഗോപന്‍(പരസ്പരം,ഏഷ്യാനെറ്റ്),ജനപ്രിയ നടി-ഷാലുകുര്യന്‍ (ചന്ദനമഴ,ഏഷ്യാനെറ്റ്),ബാലതാരം-ഗൗരി (വാനമ്പാടി,ഏഷ്യാനെറ്റ്), കലാസംവിധായകന്‍-അനീഷ്(സത്യം ശിവം സുന്ദരം, അമൃത),ഡബ്ബിംഗ് -ഷോബി തിലകന്‍ (വാനമ്പാടി-ഏഷ്യാനെറ്റ്),ഡബ്ബിംഗ് -സൈറ (ചന്ദനമഴ,ഏഷ്യാനെറ്റ്), ജൂറി ചെയര്‍മാന്‍ കിരീടം ഉണ്ണി, അംഗങ്ങളായ സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍, നടി ജലജ, പി ശ്രീകുമാര്‍, ജന്മഭൂമി ഡയറക്ടര്‍ ടി ജയചന്ദ്രന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വിജയകൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 22 ന് കോട്ടയത്ത് നടക്കുന്ന താരനിശയില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

ജി കെ പിള്ളയെ ആദരിക്കും

തിരുവനന്തപുരം: ആറര പതിറ്റാണ്ടായി അഭിനയരംഗത്ത് സജീവമായി നില്‍ക്കുന്ന ജി കെ പിള്ളയെ ജന്മഭൂമി ആദരിക്കും. ജന്മഭൂമിയുടെ പ്രഥമ ടെലിവിഷന്‍ അവാര്‍ഡു വിതരണത്തോടനുബന്ധിച്ച് ഏപ്രില്‍ 22 ന് കോട്ടയത്ത് നടക്കുന്ന താരനിശയില്‍ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌ക്കാരം നല്‍കും. 1954 ഡിസംബര്‍ 25ന് ‘സ്നേഹസീമ’യിലെ നായിക പത്മിനിയുടെ അപ്പന്‍ ‘പൂപ്പള്ളി തോമസ്’ എന്ന കഥാപാത്രത്തിന് ആദ്യമായി ചമയമിട്ട ജികെ പിള്ള 327 സിനിമകളില്‍ അഭിനയിച്ചു. 10 ടെലിവിഷന്‍ സീരിയലുകളിലും കഥാപാത്രമായി.

വാര്‍ത്താധിഷ്ഠിത പരിപാടികളുടെ അവതരണത്തിന്് പുതിയമാനം നല്‍കിയ ശ്രീകണ്ഠന്‍ നായര്‍ (ഫ്ളവേള്സ് ടി വി) സമകാലിക സംഭവങ്ങളെ മൂന്നു മിനിറ്റില്‍ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന മുന്‍ഷിയുടെ സംവിധായകന്‍, അനില്‍ ബാനര്‍ജി(ഏഷ്യാനെറ്റ്), മൂടിവെക്കുന്ന വാര്‍ത്തകളും സംഭവങ്ങളും യുക്തിഭദ്രമായി ജനങ്ങളിലെത്തിക്കുന്ന പൊളിച്ചെഴുത്ത് പരിപാടിയുടെ സംവിധായകന്‍ ടി ജി മോഹന്‍ദാസ് (ജനം ടി വി), മൂന്നു പതിറ്റാണ്ടിലേറെയായി വാര്‍ത്താ വായനരംഗത്ത് സജിവമായ ആര്‍ ബാലകൃഷ്ണന്‍(ജനം ടി വി) എന്നിവരേയും പ്രത്യേക പുരസ്‌ക്കാരം നല്‍കി ആദരിക്കും

ബൈബിള്‍ മെഗാ ഷോ എന്റെ രക്ഷകന്‍ തിരുവല്ലയില്‍ 20, 21, 22 തീയതികളില്‍

തിരുവല്ല : നഗരത്തെ വിസ്മയിപ്പിക്കാന്‍ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ബൈബിള്‍ മെഗാ ഷോ ‘എന്റെ രക്ഷകന്‍’ 20, 21, 22 തീയതികളില്‍ വൈകിട്ട് 6.30നു തിരുവല്ലയില്‍ അരങ്ങേറും. യേശു ക്രിസ്തുവിന്റെ ജീവിതത്തെ ആദ്യാവസാനം ദൃശ്യാവിഷ്കാരമാക്കുന്ന ഷോ പാലിയേക്കര സെന്റ് മേരീസ് സ്കൂള്‍ മൈതാനത്താണ് അവതരിപ്പിക്കുന്നത്. വിവിധ സഭകളുടെ കൂട്ടായ്മയായ ക്രിസ്ത്യന്‍ ഫോറമാണ് സംഘാടകര്‍.

ഇന്ത്യന്‍ സ്റ്റേജ് ചരിത്രത്തിലെ ഏറ്റവും വലിയ കലാരൂപമെന്ന വിശേഷണമാണ് ഈ ഷോയ്ക്കുള്ളത്. ആധുനിക കലാ, സാങ്കേതിക വിദ്യകള്‍ ഇതില്‍ സമന്വയിക്കുന്നു. പതിനായിരം അടി വിസ്തൃതിയുള്ള വേദി, 150ല്‍ ഏറെ കലാകാരന്മാര്‍, 50ല്‍ ഏറെ പക്ഷിമൃഗാദികള്‍, … അദ്ഭുതക്കാഴ്ചയ്ക്കു സവിശേഷതകള്‍ ഏറെയാണ്.

കവി വി.മധുസൂദനന്‍ നായരുടെ വരികള്‍ക്കു രമേശ് നാരായണനാണ് സംഗീതം നല്‍കിയിരിക്കുന്നത്. പട്ടണം റഷീദ് ചമയം ഒരുക്കുന്നു. പ്രപഞ്ചോല്‍പത്തി മുതല്‍ ക്രിസ്തുവിന്റെ ജീവിതകഥയിലൂടെ സഞ്ചരിക്കുന്നതാണ് നാടകം. 1,600 പേര്‍ക്ക് ഇരിപ്പിടമുള്ള, എയര്‍ കണ്ടിഷന്‍ ചെയ്ത ഓഡിറ്റോറിയത്തിലാണ് അവതരണം. നിമിഷങ്ങള്‍ക്കിടയില്‍ മാറിമറിയുന്ന ദൃശ്യങ്ങളില്‍ രണ്ടുനില കെട്ടിടത്തിന്റെയത്ര ഉയരമുള്ള സെറ്റുകളുണ്ട്.

ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തില്‍ ഡോ. തോമസ് മാര്‍ കൂറിലോസ്, മറ്റു സഭാ മേലധ്യക്ഷര്‍ തുടങ്ങിയവര്‍ നയിക്കുന്ന വിവിധ കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായി ജനറല്‍ കണ്‍വീനര്‍ ഫാ. ഡോ. സിബു ഇരിമ്പിനിക്കലും ജനറല്‍ സെക്രട്ടറി ചെറിയാന്‍ പോളച്ചിറയ്ക്കലും അറിയിച്ചു.പ്രവേശന ടിക്കറ്റുകള്‍ എല്ലാ ഇടവകയിലും ലഭിക്കും. പുറമെ, ഇ– ടിക്കറ്റിങ്ങിനും സൗകര്യമുണ്ട്. വെബ്‌സൈറ്റ്: eTicketcounter.com. ഫോണ്‍: 0469 2600626.

ജോയിച്ചന്‍ പുതുക്കുളം

നെഹ്റു കോളേജ് സംഭവം കൂട്ടുനിന്ന അധ്യാപകർക്കെതിരെയും നടപടിയെടുക്കണം – പ്രവാസി കോൺഗ്രസ്സ്

കാഞ്ഞങ്ങാട്: ഒരു കലാലയത്തെ മുഴുവൻ ഭീഷണിയുടെയും, അക്രമത്തിന്റെയും മുൾമുനയിൽ നിർത്തി, ലഹരിക്കടിമപെട്ടും, മറ്റും ക്ലാസുകളിൽ ഹാജരാവാതെ നടന്ന് പരീക്ഷയ്ക്ക് അറ്റൻഡൻസ് തികയാതെ വന്നപ്പോൾ ഹാജർ നൽകണമെന്ന് വ്യാജ രേഖ ചമച്ച വിദ്യാർത്ഥികളുടെ ഗുരുതരമായ തട്ടിപ്പിനും, യാത്രയയപ്പ് ദിനത്തിൽ പ്രധാന അധ്യാപികയ്ക്കെതിരെ നടന്ന മാപ്പർഹിക്കാത്ത നടപടിക്കും കൂട്ടുനിന്ന അധ്യാപകർക്കെതിരെ ക്രിമിനൽ കേസ്സെടുത്ത് നടപടി സ്വീകരിക്കണമെന്ന് പ്രവാസി കോൺഗ്രസ്സ് കാസറഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സമാധാനപരമായി പതിറ്റാണ്ടുകളായി പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ അക്ഷര വെളിച്ചം പകർന്ന് നൽകിയ ഒരു മാതൃകാ കലാലയത്തിൽ, കുറച്ച് വർഷങ്ങളായി രാഷ്ട്രീയ തിമിരം ബാധിച്ച ഒന്നോ, രണ്ടോ അധ്യാപകരുടെ താത്പര്യപ്രകാരം ചില വിദ്യാർത്ഥികളെ വഴിതെറ്റിച്ച് നടത്തുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളെ പറ്റി നിരന്തരം പരാതി ലഭിച്ചിട്ടും നിയമപാലകർ കൈയ്യും കെട്ടി നോക്കി നിന്നതിന്റെ പ്രതിഫലനമാണ് പ്രധാന അധ്യാപികയുടെ യാത്രയയപ്പിനിടെ നടന്ന സാംസ്കാരിക കേരളത്തെ ഞെട്ടിച്ച സംഭവങ്ങളിലേക്ക് നയിച്ചതെന്നും, പ്രധാന അധ്യാപിക നൽകിയ പരാതികളിലൊന്നിലും നടപടി സ്വീകരിക്കാതെ രാഷ്ട്രീയ ഏമാന്മാരുടെ ഏറാൻ മൂളികളായി കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥന്മാർ മാറിയതിനാലുമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിച്ചതെന്നും, വീഴ്ച്ച വരുത്തിയ അധ്യാപകർക്കെതിരെയും, പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും മാതൃകാപരമായ നടപടികൾ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.

നിരന്തരം വ്യക്തിപരമായ അധിക്ഷേപങ്ങളുണ്ടായിട്ടും, അക്രമങ്ങളുണ്ടായിട്ടും യാതൊരു സമ്മർദ്ധങ്ങൾക്കും കീഴ്പ്പെടാതെ, ഭയപ്പെടാതെ വിദ്യാർത്ഥികളെ തെറ്റു തിരുത്താൻ സ്വന്തം മക്കളോടെന്ന പോലെ നിലപാട് സ്വീകരിച്ച പ്രധാന അധ്യാപികയെ അഭിനന്ദിക്കുന്നുവെന്നും യോഗം പ്രമേയം പാസ്സാക്കി.

ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത്, സംസ്ഥാന സെക്രട്ടറിമാരായ നാം ഹനീഫ, ജമീല അഹമെദ്, സിജോ ചാമക്കാല, ജില്ലാ സെക്രട്ടറി കണ്ണൻ കരുവാക്കോട്, ഗംഗാധരൻ തൈക്കടപ്പുറം, ജോർജ്ജ് കരിമഠം, നിധീഷ് യാദവ്, സൂരജ് തട്ടാച്ചേരി, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് അച്ചുതൻ മുറിയനാവി, കൃഷ്ണലാൽ തോയമ്മൽ, നിയാസ് ഹോസ്ദുർഗ്ഗ് തുടങ്ങിയവർ സംസാരിച്ചു.

കലാതിലകം അല്ലെങ്കിലും മഹാലക്ഷ്മി അമേരിക്കയിലേക്ക്

കൊല്ലത്തു നടന്ന കേരള സര്‍വ്വകലാശാല യുവജനോത്സവത്തില്‍ സൃഷ്ടിക്കപ്പെട്ട വിവാദങ്ങളില്‍ കലാതിലകം നഷ്ടപ്പെട്ട യുവനടി മഹാലക്ഷ്മി അമേരിക്കയിലേക്ക്. ഏപ്രില്‍-മെയ് മാസങ്ങളില്‍ അമേരിക്കയില്‍ നടക്കുന്ന മധുരം 2018 സ്റ്റേജ് ഷോ പരിപാടിയിലാണ് മഹാലക്ഷ്മി പങ്കെടുക്കുക. ന്യൂയോര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന R & T ടെലികമ്മ്യൂണിക്കേഷന്‍സ് ആണ് മധുരം 2018 അമേരിക്കയിലാകെ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ഇവന്‍റ് മാനേജ്മെന്‍റ് സംഘടന കേരള്‍ ടുഡേ ഡോട്ട്കോമാണ് ഇവന്‍റ് മാനേജ് ചെയ്യുന്നത്.

ബിജുമേനോന്‍ നയിക്കുന്ന പരിപാടിയുടെ സംവിധായകന്‍ ഷാഫിയാണ്. ശ്വേതാമേനോന്‍, മിയ, ഗായത്രി സുരേഷ് (ജമ്നാപ്യാരി) എന്നിവരാണ് മഹാലക്ഷ്മിയോടൊപ്പം പരിപാടിയിലെ മറ്റ് നായികമാര്‍. കലാഭവന്‍ ഷാജോണ്‍, രാഹുല്‍മാധവ്, നോബി, കൊട്ടിയം സുധി, രാജേഷ് പരവൂര്‍, പിന്നണിഗായകരായ നജീം അര്‍ഷാദ്, കാവ്യ അജിത്ത്, വിഷ്ണുരാജ്, സംഗീത സംവിധായകന്‍ റോണി റാഫേല്‍, എന്നിവരുള്‍പ്പെടുന്ന താരനിരയുമായാണ് ബിജുമേനോന്‍-ഷാഫി ടീം അമേരിക്കയിലെത്തുന്നത്. കേരളത്തില്‍ നിന്നു തന്നെ നാല് പ്രമുഖ നര്‍ത്തകരും ഇവരോടൊപ്പം അമേരിക്കയില്‍ എത്തുന്നുണ്ട്.

വിശദവിവരങ്ങള്‍ക്ക് ഷിബു – 5168592531 (ന്യൂയോര്‍ക്ക്)

പെസഹാ മുതല്‍ ഈസ്റ്റര്‍ വരെ ഇന്നു മുതല്‍ കൊല്ലത്ത്

2006-ല്‍ കൊല്ലം നഗരത്തില്‍ നടന്ന സ്വര്‍ഗ്ഗീയ വിരുന്നിന്റെ മഹായോഗത്തിനുശേഷം നീണ്ട 12 വര്‍ഷം കഴിഞ്ഞ് കൊല്ലം ആശ്രാമം മൈതാനത്ത് ഇന്നുമുതല്‍ വീണ്ടും പ്രാര്‍ത്ഥനാപൂര്‍വ്വമായ അഞ്ച് ദിവസങ്ങള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ നിറഞ്ഞുകവിയുന്നു.

പെസഹാ മുതല്‍ ഈസ്റ്റര്‍ വരെ എന്ന ഈ മഹാ സുവിശേഷ സംഗമത്തില്‍ പങ്കെടുക്കാന്‍ ഈ വിശുദ്ധവാരത്തില്‍ കൊല്ലം ആശ്രാമം മൈതാനവും വിശ്വാസികളും ഒരുങ്ങിക്കഴിഞ്ഞു.

സര്‍ര്‍ഗ്ഗീയ വരുന്ന് സഭയുടെ സീനിയര്‍ ഫൗണ്ടിംഗ് പാസ്റ്റര്‍ ഡോ. മാത്യു കുരുവിള (തങ്കു ബ്രദര്‍), ഡോ. തോമസ് ഏബ്രഹാം (തോമസുകുട്ടി ബ്രദര്‍), സഭയുടെ പാസ്റ്റേഴ്‌സ്, വിവിധ രാജ്യങ്ങളിലുള്ള ഹെവന്‍ലി ഫീസ്റ്റ് പ്രെയര്‍ ടീംസ്, ലോകമെമ്പാടുമുള്ള വിശ്വാസികള്‍ എന്നിവര്‍ ഈ മഹാസംഗമത്തിന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥനയിലാണ്.

മാര്‍ച്ച് 28 ബുധന്‍ (ഇന്നു മുതല്‍), പെസഹാ വ്യാഴം, വലിയ വെള്ളി, ശനി, ഉയിര്‍പ്പ് ഞായര്‍ വരെ എല്ലാദിവസവും രാവിലെ 10-നും വൈകിട്ട് 6-നും അനുഗ്രഹീത ആരാധന, അത്ഭുത സാക്ഷ്യങ്ങള്‍, ദൈവ വചനം, ശാപവിമുക്തി ശുശ്രൂഷ, രോഗസൗഖ്യ പ്രാര്‍ഥന എന്നിവയുണ്ടായിരിക്കുന്നതാണ്.

കേരളത്തിലെ സ്വര്‍ഗ്ഗീയ വിരുന്നിന്റെ പാസ്റ്റേഴ്‌സ്, വിശ്വാസികള്‍, വിവിധ രാജ്യങ്ങളിലുള്ള സ്വര്‍ഗ്ഗീയ വിരുന്നിന്റെ വിശ്വാസികള്‍ ഈ മഹാസംഗമത്തില്‍ പങ്കെടുക്കുന്നതാണ്.

ജാതി മത സഭാ വ്യത്യാസമില്ലാതെ ഏവര്‍ക്കും കൊല്ലം ആശ്രാമം മൈതാനിയില്‍ ഇന്നുമുതല്‍ നടക്കുന്ന പ്രാര്‍ത്ഥനാസംഗമത്തിലേക്ക് സ്വാഗതം.

പ്രമുഖ ക്രൈസ്തവ ടെലിവിഷന്‍ ചാനലായ പവര്‍വിഷന്‍, ഹാര്‍വെസ്റ്റ് ടിവി, വിവിധ സെക്കുലര്‍ ടിവി ചാനലുകള്‍ എന്നിവയില്‍ എല്ലാദിവസവും തങ്കു ബ്രദറും, തോമസുകുട്ടി ബ്രദറും ദൈവ വചനം ശുശ്രൂഷിക്കുന്നു.

അമേരിക്കയിലെ സ്വര്‍ഗ്ഗീയ വിരുന്നിന്റെ ന്യൂയോര്‍ക്ക് മെയിന്‍ ചര്‍ച്ച് വളരെ ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ അതിവേഗം വളര്‍ന്നുകഴിഞ്ഞു. ന്യൂയോര്‍ക്ക്, ചിക്കാഗോ, ഫിലാഡല്‍ഫിയ, ഡാലസ്, ഹൂസ്റ്റണ്‍, ലോസ്ആഞ്ചലസ് എന്നീ പ്രധാന നഗരങ്ങളില്‍ തങ്കുബ്രദറും, തോമസുകുട്ടി ബ്രദറും ശുശ്രൂഷിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.theheavenlyfeast.org

ജോയിച്ചന്‍ പുതുക്കുളം