ഫാദർ ഡോക്ടർ ജോസഫ് ജെ . പാലക്കൽ, അമേരിക്കൻ ലൈബ്രറി ഓഫ് കോൺഗ്രസിൽ അംഗീകരിക്കപ്പെടുന്നു

പ്രസിദ്ധമായ ബെഞ്ചമിൻ എ .ബോട്ട്കിൻ പ്രഭാഷണ പരമ്പരയിൽ, ഭാരതത്തിലെ ക്രൈസ്തവ ദർശനത്തെയും സുറിയാനി കീർത്തനങ്ങളെയും, ആലാപനത്തേയും പരിചയപ്പെടുത്തുവാനും അവ അമേരിക്കയുടെ ഔദ്യോഗിക ലൈബ്രറി രേഖകളയുടെ ഭാഗമാക്കാനും ഫാദർ ഡോക്ടർ ജോസഫ് ജെ. പാലക്കൽ ക്ഷണിക്കപ്പെട്ടു .മെയ് 31, 2018 വ്യാഴാച്ച ഉച്ചക്ക് 12 മണിക്ക് വാഷിംഗ്‌ടൺ ഡി. സി യിലുള്ള വൈറ്റ്ഓൾ പവലിയോൺ ( ജെഫേഴ്സൺ ബിൽഡിങ്, 101 ഇൻഡിപെൻഡൻസ് അവന്യൂ) വച്ചു നടത്തപ്പെടുന്ന സംഗീതാവിഷ്‌ക്കരണ ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്, മേഖലയിൽ താമസിക്കുന്ന മലയാളികൾക്ക് ഈ അഭിമാന നിമിഷത്തെ നേരിൽ കാണാനുള്ള സുവർണ്ണ അവസരമാണ്.

തദവസരത്തിൽ ഫാദർ പാലക്കലിന്റെ ജീവിത വീക്ഷണങ്ങളെയും അദ്ദേഹത്തിന്റെ അക്ഷീണ പരിശ്രമത്തിൽ നടത്തപ്പെടുന്ന അറമായഭാഷാ പദ്ധതിയെപ്പറ്റിയും ഉള്ള വിവരങ്ങൾ ലൈബ്രറി ഓഫ് കോൺഗ്രസിന്റെ ഔദ്യോഗിക ശേഖരങ്ങളുടെ ഭാഗമായിത്തീരും. ഇന്ത്യയിലെ ക്രൈസ്തവസഭാ സംഗീതശാസ്ത്ര സമിതിയുടെ ആരംഭകനും അദ്ധ്യക്ഷനും ആയ ഫാദർ പാലക്കലിന്റെ നീണ്ട വര്ഷങ്ങളുടെ കഠിന സംഗീതചര്യയുടെ അവിസ്മരണീയമായ ഒരു മുഹൂർത്തമാണ് ഇവിടെഅരങ്ങേറ്റപ്പെടുന്നത്. ഇതോടൊപ്പം, ഭാരതത്തിലെ ക്രൈസ്തവരുടെ ചരിത്രവും നിയോഗവും, ഇന്ത്യയിലെ സുറിയാനി ചരിത്രവും കൂടി അമേരിക്കൻ പഠന – പരിജ്ഞാനശാഖയുടെ ഭാഗമായിത്തീരും.

2013 ഇൽ വാഷിംഗ്‌ടൺ ഡി. സി യിലുള്ള നാഷണൽ ബസലിക്കയിൽ വച്ചു നടത്തപ്പെട്ട ആരാധനയിൽ ഇന്ത്യയുടെ ആൽത്മാവിൽ തൊട്ടുകൊണ്ടു ഫാദർ പാലക്കൽ ആലപിച്ച സുറിയാനി ശ്ലോകങ്ങൾ നിരവധി വേദികളിൽ ഇന്നും ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അടുത്തിടെ ന്യൂജേഴ്സിയിൽ വച്ച് നടത്തപ്പെട്ട പൗരോഹിത്യ ശിശ്രൂഷയിലെ സിറിയക് ഭജൻ ‘ഖാദിശാ ആലാഹാ, ബാർ മാറിയ..’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂലൈ 11 നു ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ‘ സീറോ മലബാർ സഭയുടെ സുറിയാനി കീർത്തന ശാഖയെ പ്പറ്റി പ്രഭാഷണത്തിന് അച്ചനെ ക്ഷണിച്ചിട്ടുണ്ട്.

ആലപ്പുഴജില്ലയിലെ പള്ളിപ്പുറം സ്വദേശിയായ, സീറോ മലബാർ സഭയിൽപ്പെട്ട സി.എം.ഐ വൈദീകൻ, സംഗീത ലോകത്തു ആരും കടന്നു നോക്കാത്ത ഒരു മേഖലയിലാണ് തന്റെ തപസ്സു തുടങ്ങിയത്. കേരളത്തിലെ സിറിയൻ കത്തോലിക്കാ സമുദായത്തിലെ ഗുരുസ്ഥാനിയെന്നു വിലയിരുത്തുന്ന പാലക്കൽ തോമ മല്പാൻറെ തലമുറയിൽ നിന്നു തന്നെയാണ് ജോസഫ് പാലക്കൽ അച്ചൻ സംഗീത പാരമ്പര്യവുമായി കടന്നു വന്നത്. കൽദായ റൈറ്റിലുള്ള കിഴക്കൻ സുറിയാനിയുടെ തനതായ പ്രാചീന ശൈലിയിലാണ് സംഗീത പഠനം ആരംഭിച്ചത്.

ന്യൂയോർക്കിലെ ഹണ്ടർ കോളേജിൽ നിന്നും ആണ് സംഗീതത്തിൽ മാസ്റ്റർ ബിരുദം എടുത്തത്, അർണോസ് പാതിരിയുടെ പുത്തൻപാനാ പാരായണത്തിലെ സംഗീതശൈലികൾ വിശകലനം ചെയ്തുകൊണ്ടായിരുന്നു. അതി പ്രാചീനമായ കാൽദിയൻ സംഗീത ശാഖയുടെ നേർത്ത തലങ്ങളെ അൽമാവിൽ ആവഹിച്ച ആവിഷ്കാരത്തിനാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്. ഹിന്ദി, സംസ്‌കൃതം, മലയാളം, ഇംഗ്ലീഷ്, അരമൈക്‌ തുടങ്ങിയ വിവിധ ഭാഷകളിൽ നാൽപ്പതിലേറെ ആൽബങ്ങൾ അച്ചന്റേതായുണ്ട്‌. കൂടാതെ നിരവധി എൽ .പി, ഗ്രാമഫോൺ റെക്കോര്ഡുകളും നിലവിലുണ്ട്.ഹിന്ദുസ്ഥാനിയും കർണാടിക് സംഗീതവും കൂടെ ചേർന്ന് ആകെ സംഗീതത്തിന്റെ മേഖലയിൽ സ്വന്തമായ ഒരു ശൈലി സമ്പാദിക്കുവാൻ അച്ചനു കഴിഞ്ഞു.

അമേരിക്കയുടെ ലൈബ്രറി ഓഫ് കോൺഗ്രസ്, ഓൺലൈൻ വിഭാഗത്തിലും അല്ലാതെയും ലോകത്തിൽ ഇത്രയും ബ്രഹ്ത്തും വിപുലവുമായ ലൈബ്രറി നിലവില്ല. 218 വർഷങ്ങളിലെ ചരിത്രം നിറഞ്ഞുനിൽക്കുന്ന ഈ സംവിധാനത്തിൽ ശബ്ദരേഖകൾ, ചിത്രങ്ങൾ, പത്രങ്ങൾ, ഭൂപടങ്ങൾ, കൈയെഴുത്തുപ്രതികൾ ഒക്കെയായി യൂ .എസ്. കോൺഗ്രസിന്റെ പ്രധാന ഗവേഷക കേന്ദ്രവും അമേരിക്കൻ പകർപ്പവശ വിഭാഗത്തിന്റെ കേന്ദ്രവും ആണ്. അമേരിക്കൻ ലൈബ്രറി ഓഫ് കോൺഗ്രസിൽ ഫാദർ പാലക്കലിന്റെ സംഗീതം ഔദ്യഗികമായി രേഖപ്പെടുത്തുമ്പോൾ ഭാരതത്തിന്റെ ഒരു പ്രിയപുത്രൻ സംഗീതസാനുവിൽ പടവുകൾ ചവിട്ടി കയറുന്നത് മലയാളികൾക്ക് അഭിമാന നിമിഷമാവും എന്നതിൽ തർക്കമില്ല.

– കോരസൺ, ന്യൂയോർക്ക്

ഇൻഡ്യൻ അമേരിക്കൻ നഴ്സസ്‌ അസോസിയേഷൻ ഓഫ്‌ നോർത്ത്‌ ടെക്സാസ്‌ (IANANT) നഴ്‌സസ് ദിനാഘോഷങ്ങൾ വൻ വിജയമായി

ഡാളസ് : ഡാലസിൽ മെയ്‌ പന്ത്രണ്ടാം തിയതി ഹിൽടോപ്‌ ഇന്ത്യൻ റസ്റ്ററന്റ് ബാങ്ക്വറ്റ് ഹാളിൽ നടന്ന നഴ്സസ്‌ ഡേ സമ്മേളനത്തിൽ ഡാളസിലെ നിരവധി ഇന്ത്യൻ നഴ്‌സുമാരും അഭ്യുദയകാംഷികളും പങ്കെടുത്തു. യു ടി സൗത്ത് വെസ്റ്റേൺ മെഡിക്കൽ സെന്ററിലെ നഴ്‌സിംഗ്‌ ഡയറക്റ്റർ ലോറി ഹോഡ്‌ജ്‌ ചടങ്ങിൽ മുഖ്യ പ്രഭാഷക ആയിരുന്നു. ‘Nurses- inspire, innovate and influence’ എന്ന വിഷയം പ്രതിപാദിക്കവേ അമേരിക്കയിലെ ഇന്ത്യൻ നഴ്‌സുമാരുടെ സേവനതൽപ്പരതയേയും കഠിനാദ്ധ്വാനത്തെയും ഹോഡ്‌ജ്‌ പ്രകീർത്തിച്ചു. ഇന്ത്യൻ സമൂഹത്തിലെ പ്രഗൽഭരായ നഴ്സുമാരെ ചടങ്ങിൽ ആദരിച്ചു.

നാഷണൽ അസോസിയേഷനായ നൈനയുടെ പ്രസിഡന്റ് ഡോ. ജാക്കി മൈക്കിൾ, പ്രൊഷണൽ അഡ്വാൻസ്മെന്റിനെക്കുറിച്ചു സെമിനാർ നയിച്ചു. ഇൻഡ്യൻ അമേരിക്കൻ നഴ്സസ്‌ അസോസിയേഷൻ ഓഫ്‌ നോർത്ത്‌ ടെക്‌സാസ് പ്രസിഡന്റ് ഹരിദാസ്‌ തങ്കപ്പൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു .
എല്ലാ ഇന്ത്യൻ നഴ്സുമാരോടും ഈ സംഘടനയിൽ ചേർന്നു പ്രവർത്തിക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. നവീകരിച്ച വെബ്സൈറ്റിലൂടെ (www.iana-nt.com) അസോസിയേഷൻ അംഗ്വതമാകുവാനും ഭാവിപരിപാടികളിൽ പങ്കാളികളാകുവാനും അദ്ദേഹം ഈ മേഖലയിൽ പ്രവർത്തിക്കുന്ന അദ്ദേഹം ഏവരെയും സ്വാഗതം ചെയ്തു.

ഡോ. നിഷ ജേക്കബ്‌, റീനി ജോൺ, മഹേഷ്‌ പിള്ള തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കവിത നായർ, വിജി ജോർജ് എന്നിവർ ചടങ്ങിൽ എംസിമാരായിരുന്നു. നിഷാ , സെല്വിൻ, ദീപ ഹരി എന്നിവരുടെ സംഗീതവിരുന്നും തുടർന്ന് നഴ്‌സസ് അനുമോദന വിരുന്നും നടന്നു. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ആർലിങ്ങ്ടൺ സ്കൂൾ ഓഫ്‌ നഴ്സിംഗ്‌ പരിപാടിയുടെ സ്‌പോൺസർ ആയിരുന്നു

സംഘടനയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളിൽ വൻ വിജയമായിരുന്നു. നഴ്സിംഗ്‌ എജുക്കേഷൻ ക്ലാസുകളും, കൂടാതെ പന്ത്രണ്ടു ഇന്ത്യൻ നഴ്സിംഗ്‌ വിദ്യാർഥികൾക്ക് നഴ്സിംഗ്‌ പഠന സ്കോളർഷിപ്പും ഫണ്ടുകളിലേക്കു സംഭാവനകളും ഈ കാലയളവിൽ സംഘടനക്കു നൽകുവാൻ കഴിഞ്ഞു.

2018 ഒക്റ്റോബർ 26 , 27 തീയതികളിൽ ഡാലസിൽ ഏട്രിയം ഹോട്ടലിൽ വച്ചു നടക്കുന്ന നൈനയുടെ നാഷണൽ ബൈനീയൽ കോൺഫറൻസിനു ഇത്തവണ IANANT യാണ് ആതിഥ്യം വഹിക്കുന്നത്. ഇതിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.

മാർട്ടിൻ വിലങ്ങോലിൽ

അരിസോണ തിരുകുടുംബ ദേവാലയത്തില്‍ മെയ് ക്രൗണിംഗും മദേഴ്‌സ് ഡേയും ആഘോഷിച്ചു

അരിസോണ: ഹോളിഫാമിലി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് അരിസോണയില്‍ ഫാത്തിമ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറ്റൊന്നാം വാര്‍ഷികവും മാതൃദിനാഘോഷവും സംയുക്തമായി കൊണ്ടാടി.

കൈകളില്‍ പൂക്കളും കൊന്തകളുമേന്തി പരിശുദ്ധ മാതാവിന്റെ സ്തുതികീര്‍ത്തനമാലപിച്ചുകൊണ്ട് സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ പ്രദക്ഷിണമായി ദേവാലയത്തിലെത്തി. തുടര്‍ന്നു മാതാവിന്റെ തിരുസ്വരൂപത്തില്‍ കിരീടധാരണം നടത്തി തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കംകുറിച്ചു. ആഘോഷമായ ദിവ്യബലിക്ക് കാര്‍മികത്വം വഹിച്ചത് ഇടുക്കി രൂപതാ ചാന്‍സിലര്‍ റവ.ഫാ. ജോസഫ് കൊച്ചുകുന്നേലും, ഇടവക വികാരി റവ.ഫാ. ജോര്‍ജ് എട്ടുപറയിലും ആണ്.

സ്വര്‍ഗ്ഗീയ അമ്മയുടെ വണക്കദിനത്തില്‍ മാതൃദിനം ആചരിക്കുന്നത് തികച്ചും അര്‍ത്ഥവത്താണ്. പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് എല്ലാവരേയും സമര്‍പ്പിക്കുകയും, ആ അമ്മയെ ജീവിതത്തില്‍ മാതൃകയാക്കുവാന്‍ എല്ലാ അമ്മമാര്‍ക്കും കഴിയുമാറാകണമെന്നും ഫാ. ജോര്‍ജ് ആഹ്വാനം ചെയ്തു.

പ്രകടിപ്പിക്കാത്ത സ്‌നേഹം വ്യാജവും വ്യര്‍ത്ഥവുമാണ്. അമ്മയോടുള്ള സ്‌നേഹവും കടപ്പാടും ഒരു ദിവസത്തില്‍ ഒതുക്കിനിര്‍ത്താവുന്നതല്ല. എങ്കിലും മാതൃത്വത്തിന്റെ മഹനീയ ത്യാഗവും സ്‌നേഹസമര്‍പ്പണവും നമ്മെ വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ ഇത്തരമൊരു ദിനമുള്ളത് നല്ലതുതന്നെ. ഒരു തിരിഞ്ഞുനോട്ടത്തിനും തെറ്റുതിരുത്തലിനും ഉള്ള അവസരമായി നാമിത് വിനിയോഗിക്കണമെന്നു മാതൃദിനാഘോഷത്തെപ്പറ്റി ഫാ. ജോസഫ് കൊച്ചുകുന്നേല്‍ അഭിപ്രായപ്പെട്ടു.

ഇടവകയിലെ എല്ലാ അമ്മമാര്‍ക്കും സമ്മാനവിതരണവും ഇടവകാംഗങ്ങള്‍ക്ക് സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. യുവജനങ്ങളാണ് മാതൃദിനാഘോഷം സംഘടിപ്പിച്ചത്. ഇടവകയിലെ യുവജനപങ്കാളിത്തവും പ്രവര്‍ത്തനങ്ങളും തികച്ചും ശ്ശാഘനീയമാണെന്നു ഫാ. ജോര്‍ജ് എട്ടുപറയില്‍ അഭിപ്രായപ്പെട്ടു. സുഷാ സെബി അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

വൈസ് സര്‍വീസ് ക്ലബ്: ഡാന്‍ മോഹന്‍ പ്രസിഡന്റ്; ചാരിറ്റിക്കായി ഫണ്ട് സമാഹരിക്കും

ന്യൂജേഴ്‌സി: പുതുതായി രൂപം കൊണ്ട വൈസ് സര്‍വീസ് ക്ലബ് ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചാരിറ്റിക്കായി ഫണ്ട് സമാഹരിക്കാന്‍ തിരൂമാനിക്കുകയും ചെയ്തു.

വൈസ് സര്‍വീസ് ഇന്റര്‍നാഷണലിന്റെ ഭാഗമായി പുതിയ സംഘടന രൂപീകരിക്കുന്നതിനു മുന്നിട്ടിറിങ്ങിയ ഡാന്‍ മോഹന്‍ പ്രസിഡന്റായും കരള്‍ പൊബാന്‍സ് സെക്രട്ടറിയായും എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. ഡോ. ഡ്രിസ് കോണ്‍ പ്രസിഡന്റ് ഇലക്ട്, ഫിലിപ്പ് തമ്പാന്‍ അസി. സെക്രട്ടറി, അബ്രഹാം തോമസ് ട്രഷറര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍. വിമന്‍സ് ക്ലബ് ചെയറായി മിച്ചിക്കോ ടൊമിയോക്ക, യൂത്ത് ക്ലബ് ചെയറായി എസ്‌റ്റേല യസോ, പ്രൊജട്ക്‌സ് പ്രോഗ്രാംസ് ചെയറായി ഡോ. ജേക്കബ് ഡേവിഡ്, മീഡിയ പബ്ലിസിറ്റി ലിസ അര്‍സെല്ലാ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ജൂലൈയില്‍ നടത്തുന്ന ഫണ്ട് സമാഹരണം ഹെല്ത്ത് ബോണിനെ സഹായിക്കാനാണ്. വേദി പിന്നീട് തിരുമാനിക്കും.

ഹാരിംഗ് ടണ്‍ പാര്‍ക്കില്‍ സെന്റ് ആന്‍ഡ്രൂസ് ഹാളില്‍ നടന്ന ജനറല്‍ ബോഡി ഏക ലോകത്തിനു വേണ്ടിയുള്ള ഗാഥ ‘വീവ് അസ് ടുഗദര്‍’ ആലപിച്ചുകൊണ്ട് ആരംഭിച്ചു.

എണ്‍പത്തെട്ട് രാജ്യങ്ങളിലായി 100ല്‍പ്പരം പ്രൊജക്ടുകള്‍ സംഘടിപ്പിച്ച റവ. ജോണ്‍ ഗെഹ്‌റിംഗിന്റെ പ്രസംഗം സദസിന് പ്രചോദനമായി. ജനസേവനത്തിനായി ലോകമെങ്ങും സഞ്ചരിച്ച വ്യക്തിയാണ് അദ്ദേഹം.

മറ്റുള്ളവര്‍ക്ക് സേവനം എത്തിക്കാനുള്ള താത്പര്യം കൊണ്ട് ഇത്തരം ഒരു സംഘടന രൂപീകരിച്ചു പ്രവര്‍ത്തിക്കാന്‍ മുന്നിട്ടിറങ്ങിയ എല്ലാവരേയും അദ്ദേഹം അഭിനന്ദിച്ചു. ലോകത്തിന്റെ നാനാഭാഗത്തുള്ള വൈസ് ക്ലബ് അംഗങ്ങളെ സന്ദര്‍ശിച്ചിട്ടുണ്ട്. അവരുടെയൊക്കെ വിജയത്തിന്റെ രഹസ്യം െ്രെകസ്തവ വിശ്വാസത്തിലധിഷ്ഠിതമായ ഏവരും ദൈവത്തിന്റെ സന്താനങ്ങളാണെന്ന ചിന്താഗതിയാണ്.

സേവനം കൊണ്ട് ആത്മാവിന്റെ മുറിവുകള്‍ ഉണക്കുന്ന കഥകള്‍ അദ്ദേഹം വിവരിച്ചു. ഒരിക്കല്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റില്‍ വച്ചു നടന്നതാണ്. ഒരു വിഭാഗവുമായി ബന്ധപ്പെടാതെ പ്രവര്‍ത്തിക്കുന്ന കൊളംബാനസ് സെന്ററിലെ ഒരു ഐറീഷുകാരന്‍ പല രാജ്യങ്ങളില്‍ നിന്നും എത്തിയ വോളന്റീയര്‍മാര്‍ക്ക് നന്ദി പറയുകയും അവരുടെ രാജ്യങ്ങളെ ആശീര്‍വദിക്കുകയും ചെയ്തു. അക്കൂട്ടത്തില്‍ ഒരു ഇംഗ്ലീഷുകാരനുമുണ്ടായിരുന്നു. പഴയ കാര്യങ്ങള്‍ മറന്ന് ഐറീഷുകാരന്‍, ഇംഗ്ലീഷുകാരന് നന്ദി പറയുകയും ഇംഗ്ലണ്ടിനെ ആശീര്‍വദിക്കുകയും ചെയ്തു.

ഇത്തരം സംഭവങ്ങള്‍ പലയിടത്തും കണ്ടിട്ടുണ്ട്. ഭിന്നതകളും അതിരുകളും ഭേദിക്കാന്‍ സേവനത്തിന്റെ പാതകള്‍ക്കാകുമെന്നാണ് ഇത് തെളിയിക്കുന്നത്. വെറുപ്പും വിവേചനവും ഇല്ലാതാക്കാനുള്ള നല്ല വഴി സേവനവും സ്‌നേഹവുമാണ്.

ഏതെങ്കിലും ഒരു പ്രൊജക്ട് ഏറ്റെടുക്കുമ്പോള്‍ നമ്മുടെ പരിമിതികളെപ്പറ്റി ആശങ്കപ്പെടേണ്ടതില്ല. ഒരു സമൂഹമെന്ന നിലയില്‍ നമുക്ക് കൈമുതലായുള്ള സ്വത്തുക്കളെ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതില്‍ നാം നന്ദിയുള്ളവരായിരിക്കുകയാണ് വേണ്ടത്.

ഒരാള്‍ക്ക് പണം ഉണ്ടായെന്നു വരില്ല. പക്ഷെ മറ്റു പല സഹായങ്ങളും നല്‍കാനാകും. അല്ലെങ്കില്‍ വാഹനം നല്‍കാനെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സംഘടിപ്പിക്കാനും ആവും. അതുമല്ലെങ്കില്‍ കൂടുതല്‍ വോളന്റീയര്‍മാരെ സംഘടിപ്പിക്കാന്‍ കഴിഞ്ഞേക്കും. സദസ്സിലുള്ളവരെല്ലാം വിലപ്പെട്ട വ്യക്തികളാണെന്നും അവരുടെ പ്രവര്‍ത്തനങ്ങളെ ആദരിക്കേണ്ടാതണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏതൊരു സംരംഭവും വിജയിക്കാന്‍ ഒരാള്‍ മുന്നിട്ടിറങ്ങണം. അത്തരമൊരു വ്യക്തി ഉണ്ടായിരിക്കുകയും നല്ല രീതിയില്‍ ആശയവിനിമയം നടത്തുകയും ചെയ്താല്‍ നല്ല കാര്യങ്ങള്‍ സംഭവിക്കും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത സമൂഹങ്ങളില്‍പ്പെടുന്നവര്‍ സംഘടനയുടെ കീഴില്‍ ഒന്നായി വരുന്നത് ഓരോരുത്തരുടേയും ജീവിത സംഭാവനകളുടെ ഭാഗമായി മാറും.

തനിക്കു വേണ്ട ഭക്ഷണം എങ്ങനെ ഉത്പാദിപ്പിക്കാമെന്നും ആരോഗ്യകരമായ തീരുമാനങ്ങള്‍ എങ്ങനെ എടുക്കാമെന്നും പഠിപ്പിക്കുകയാണ് ഹെല്ത്ത് ബാണിന്റെ ലക്ഷ്യം. ബര്‍ഗന്‍ കൗണ്ടിയിലെ ഹെല്ത്ത് ബാണ്‍ ചാപ്റ്റര്‍ റിഡ്ജ് വുഡിലാണ്.

വിവിധ എത്‌നിക്ക് വിഭാഗങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് ഇത്തരമൊരു ക്ലബ് ‘വൈ’സ് പ്രഖ്യാപിച്ചത് പുതുമയാണെന്ന് ഡാന്‍ മോഹന്‍ പറഞ്ഞു. എല്ലാവരേയും ഒന്നിച്ചണിനിരത്തുന്നത് അത്യാവശ്യമാണെന്നു കരുതിയാണ് ഇതിനു തയാറായത്. ഇതൊരു ചരിത്രംകുറിച്ച മാറ്റമാണെന്ന് സംഘടനയുടെ അന്താരാഷ്ട്ര നേതൃത്വവും അംഗീകരിച്ചു. അമേരിക്കക്കാരും ഇന്ത്യക്കാരും കൊറിയക്കാരും ഫിലിപ്പിനോകളും ആഫ്രിക്കന്‍ അമേരിക്കക്കാരും സംഘടനയിലുണ്ട്.

കെ.എച്ച്.എന്‍.എ കണ്‍വെന്‍ഷന്‍: ഡോ. സ്മിതാ മനോജ് കണ്‍വെന്‍ഷന്‍ ചെയര്‍, മായാ മേനോന്‍ രജിസ്‌ട്രേഷന്‍ ചെയര്‍

വാഷിംഗ്ടണ്‍: ന്യൂജേഴ്‌സിയില്‍ 2019 ജൂലൈയില്‍ നടക്കുവാന്‍ പോകുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ) യുടെ ദ്വൈവാര്‍ഷിക ഗ്ലോബല്‍ ഹിന്ദു കണ്‍വെന്‍ഷന്‍ ചെയറായി ഡോ. സ്മിതാ മനോജിനെയും
രജിസ്‌ട്രേഷന്‍ ചെയറായി മായാ മേനോനെയും തെരഞ്ഞെടുത്തു.

രണ്ടു പതിറ്റാണ്ടായി ന്യൂജേഴ്‌സിയിലെ കലാസാംസ്‌കാരിക സംഘടനകളിലെ പ്രവര്‍ത്തന പരിചയവുമായാണ് ഡോ. സ്മിതാ മനോജ് വളരെ ഉത്തരവാദിത്തമുളള ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ന്യൂ ജേഴ്‌സി ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ തുടക്ക കാലത്ത് കുട്ടികള്‍ക്കായി മലയാളം ക്ലാസ്സ് നടത്തിയിരുന്നു.

ന്യൂ യോര്‍ക്കിലുള്ള കരുണ ചാരിറ്റീസിന്റെ പ്രസിഡന്റ് കൂടിയാണ് സ്മിത.(732-829-7559,shinky97@gmail.com)

പതിനഞ്ചിലേറെ വര്‍ഷങ്ങളായി പ്രാദേശിക സംഘടനകളിലൂടെ പ്രവര്‍ത്തന മികവു തെളിയിച്ചിട്ടുള്ള മേനോന്‍ ബ്രിഡ്ജ് വാട്ടര്‍ ക്ഷേത്രത്തില്‍ വര്‍ഷം തോറും നടത്തി വരുന്ന ഓണം പരിപാടിയുടെ മുന്‍നിര സംഘാടകകരില്‍ ഒരാളാണ്. കേരളാ ഹിന്ദുസ് ഓഫ് ന്യൂ ജേഴ്‌സി യുടെ മുന്‍കാല സെക്രട്ടറി കൂടിയായ മായ ന്യൂ ജേഴ്‌സിയിലെ മറ്റു പല ചാരിറ്റി സംഘടനകളിലെയും സജീവ സാന്നിധ്യമാണ്. മായാ മേനോന്‍ ന്യൂ ജേഴ്‌സിയില്‍ ഇ.ജ.അ ആയി ജോലി ചെയ്യുന്നു. (908-327-2812,mayamenon869@gmail.com)

ഫൊക്കാന നാഷണൽ കൺവൻഷനിൽ “സർഗസന്ധ്യ”

ന്യൂയോർക്ക്: 2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കസിനോയിൽ വെച്ച്‌ നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനിൽ കലയുടെ കേളികൊട്ടുമായി മലയാളസിനിമയിലെ സൂപ്പർ താരങ്ങൾ കടന്നു വരുന്നു.”സർഗ്ഗ സന്ധ്യ”എന്ന പ്രോഗ്രാമിലൂടെ .ജഗദീഷ്,ഷീല ,2017 ലെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട സുരഭി ലക്ഷ്മി തുടങ്ങിയവരുടെ നേതൃത്വത്തിൽ പതിനഞ്ചിലധികം കലാകാരന്മാരാണ് ഫൊക്കാനയുടെ നാഷണൽ കൺവൻഷൻ വേദിയിൽ വിവിധ കലാപരിപാടികളുമായി എത്തുന്നത്.കൈരളി ടി വി യിലെ കാര്യം നിസ്സാരം എന്ന സീരിയലിലൂടെ പ്രശസ്തരായ അനീഷ് രവി,അനു ജോസഫ് ,നർത്തകിയും നടിയുമായ സ്വാസ്വിക ,വിനോദ് കോവൂർ എന്നിവർ അവതരിപ്പിക്കുന്ന സ്‌കിറ്റുകൾ ,നൃത്തനൃത്യങ്ങൾ ,ഗായകരായ രഞ്ജിനി ജോസ് ,സുനിൽ കുമാർ എന്നിവരുടെ സംഗീത വിസ്മയവും സർഗസന്ധ്യക്ക് മാറ്റ് കൂട്ടും.

ഫിലാഡൽഫിയയിൽ വെച്ച് നടത്തുന്ന ഫൊക്കാനാ ജനറല്‍ കൺവൻഷൻ മികച്ച കലാപരിപാടികൾ കൊണ്ടും താര സംഗമം കൊണ്ടും ജനശ്രദ്ധയാകര്ഷിക്കുമെന്നു ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ പറഞ്ഞു.പതിവ് അമേരിക്കൻ പ്രോഗ്രാമുകളിൽ നിന്നും അവതരണ മികവ് കൊണ്ട് കാഴ്ചക്കാരുടെശ്രദ്ധ നേടുന്ന പ്രോഗ്രാം ആയിരിക്കും സർഗസന്ധ്യഎന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.ഫൊക്കാന കൺവൻഷൻ പരിപാടികളുടെ ഹൈലറ്റ് ആയിരിക്കും മലയാളസിനിമയുടെ ഹാസ്യ ചക്രവർത്തിയായ ജഗദീഷിന്റെ നേതൃത്വത്തിൽ ഫൊക്കാന കൺവൻഷനിൽ അവതരിപ്പിക്കുന്ന കലാപരിപാടികൾ അമേരിക്കൻ മലയാളികൾക്ക് വളരെ വ്യത്യസ്തമായ അനുഭവമായിരിക്കും സമ്മാനിക്കുകയെന്ന്‌ കൺവൻഷൻ ചെയർമാൻ മാധവൻ ബി നായർ പറഞ്ഞു. കൺവൻഷന്റെ പരിപൂർണ്ണ വിജയത്തിനായി ഫിലാഡൽഫിയയിലെ മലയാളി സമൂഹത്തിന്റെയും ,ഫൊക്കാനയുടെ എല്ലാ റീജിയനുകളുടെയും,അമേരിക്കൻ മലയാളികളുടെയും സഹകരണം ഉണ്ടാകണമെന്ന് ട്രഷറര് ഷാജി വർഗീസ്,ട്രസ്റ്റിബോർഡ് ചെയർമാൻ ജോർജ്ജിവർഗീസ് ,ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പിള്ളിൽ ,എക്സിക്കുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടൻ എന്നിവരും അറിയിച്ചു .

ചലച്ചിത്ര താരങ്ങൾക്കു പുറമെ അമേരിക്കൻ മലയാളി യുവജനങ്ങളുടെ മാസ്മരിക കലാപരിപാടികളും ഫൊക്കാനയുടെ മാമങ്കത്തിന് പകിട്ടേകും .
പൂര്‍വ്വകാല സുഹൃത്ത് സംഗമം, യുവമിഥുനങ്ങളുടെ കൂടിക്കാഴ്ചകള്‍, കലാകാരന്‍മാരുടേയും, കലാകാരികളുടേയും തകര്‍പ്പന്‍ മത്സരങ്ങള്‍, മലയാളി മങ്ക , മിസ് ഫൊക്കാനാ തെരഞ്ഞെടുപ്പുകള്‍, ചലച്ചിത്ര അവാർഡ് ,ചിരിയരങ്ങ്, കലാ-സാമൂഹിക സാംസ്‌ക്കാരിക വേദികള്‍, നേതൃത്വമീറ്റിംങ്ങുകള്‍, പ്രൊഫഷണല്‍ മീറ്റിംങ്ങുകള്‍ എന്നിങ്ങനെ കേരളാംബയുടെ തനതുരൂപഭംഗിയും, കാലാവസ്ഥയും, വൃക്ഷലതാദികളും, സാംസ്‌കാരികനായകന്‍മാരും, സാമുദായിക രാഷ്ട്രീയ നേതാക്കളും, കലാപ്രതിഭകളും എല്ലാം ഒത്തുചേരുന്ന ഒരു മഹോത്സവം ആയിരിക്കും ഫൊക്കാനയുടെ ഫിലാഡൽഫിയ നാഷണൽ കൺവൻഷൻ .

നാലു ദിനങ്ങൾ മലയാളികൾക്ക്ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു അനുഭവമായിരിക്കും സമ്മാനിക്കുക .കേരളത്തിന്റെ സാംസ്‌ക്കാരിക പൈതൃകം അനുഭവിക്കുന്ന, നന്‍മയുടെ പൂക്കള്‍ വിരിയുന്ന സമയമായി ഈ ദിനങ്ങള്‍ രൂപാന്തരപ്പെടും എന്നതിൽ തർക്കമില്ല.

ശ്രീകുമാർ ഉണ്ണിത്താൻ

കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളുടെ ക്രിക്കറ്റ് പൂരം മെമ്മോറിയൽ ഡേ ക്രിക്കറ്റ് ന്യൂ യോർക്കിൽ

ന്യൂയോർക്ക്:ക്രിക്കറ്റിനോടുള്ള പുതുതലമുറ‌യുടെ താൽ‌പര്യം ഇന്ത്യയിലെപ്പോലെ തന്നെ അമേരിക്കയിലും വളർത്തികൊണ്ട് വരുന്നതിൽ സ്റ്റാറ്റൻ ഐലണ്ടിന്റെ പങ്ക് എന്നും പ്രശംസനീയമാണ്, ചെറുതുംവലുതുമായ പുതിയലീഗുകകളും മത്സരങ്ങളും സംഘടിപ്പിക്കപ്പെടുന്നത് അനുദിനം ക്രിക്കറ്റ് അമേരിക്കയിൽ വളർന്നുവരുന്നതിന് തെളിവാണ്.

വെടിക്കെട്ട് ഷോട്ടുകളുടെയും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളുടെയും ക്രിക്കറ്റ് പൂരം.

May 26,27,28 തീയതികളിൽ സ്റ്റാറ്റൻ ഐലൻഡിൽ വെച്ചു നടക്കുന്ന സ്റ്റാറ്റൻ ഐലൻഡ് സ്‌ട്രൈക്കേഴ്‌സ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെൻറ് മത്സരത്തിൽ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നും 14 ൽ പരം ടീമുകള്‍ പങ്കെടുക്കും, 8 ഓവറുകളും 8 പ്ലയേഴ്‌സും മാത്രമാണ് ഓരോ ടീമിലും ഉള്ളത് അതുകൊണ്ടു തന്നെ പോരാട്ടത്തിനു അവസാന നിമിഷം വരെയും വീര്യം കൂടുതലായിരിക്കും.

മെയ് 26ന് രാവിലെ 7 മണിക്ക് ആരംഭിക്കുന്ന മത്സരം 28 ന് വൈകിട്ട് 6 മണിക്ക് അവസാനിക്കും.

300ൽ കൂടുതൽ കാണികൾക്കു ഒരേസമയം ഇരിക്കുവാനുള്ള സ്വകാര്യത്തോടുകൂടിയ ക്രിക്കറ്റ് മൈതാനത്തിൽ കേരളത്തിൻറെ തനതു നാടൻ ഭക്ഷണ ശാലകളും ഒരുക്കിയിട്ടുണ്ടെന്നു സ്റ്റാറ്റൻ ഐലൻഡ് സ്‌ട്രൈക്കേഴ്‌സ് അറിയിച്ചു.

ചുരുങ്ങിയ കാലം കൊണ്ട് ന്യൂയോർക്കിൻറെ പ്രിയങ്കരമായി മാറിയ മെമ്മോറിയൽ ഡേ ക്രിക്കറ്റ് ടൂർണമെൻറ് കാണുവാൻ അമേരിക്കയിലെ എല്ലാ ക്രിക്കറ്റ് പ്രേമികളെയും ക്ഷണിക്കുന്നതായി സ്റ്റാറ്റൻ ഐലൻഡ് സ്‌ട്രൈക്കേഴ്‌സ് അംഗങ്ങൾ അറിയിച്ചു.

Ground Address
455 New Dorp Ln, Staten Island, NY 10306

വന്ദന മാളിയേക്കല്‍ ഫോമാ വിമന്‍സ് റെപ്രെസെന്ററ്റീവ് സ്ഥാനാര്‍ത്ഥി

ഷിക്കാഗോ: ജൂണ്‍ 21 മുതല്‍ 24 വരെ ഷിക്കാഗോയില്‍ വെച്ച് നടക്കുന്ന ഫോമാ കണ്‍വെന്‍ഷനോടനുബന്ധിച്ചു നടക്കുന്ന തെരെഞ്ഞെടുപ്പില്‍ വന്ദന മാളിയേക്കല്‍ വിമന്‍സ് റെപ്രെസെന്ററ്റീവ് ആയി മത്സരിക്കുന്നു. ഫോമയെന്ന ജനകീയ സംഘടനയിലേക്ക് പുതുതലമുറയെ . പ്രത്യേകിച്ച് യുവജനങ്ങളെയും , സ്ത്രീകളെയും ആകര്‍ഷിക്കാന്‍ വേണ്ട പ്രവര്‍ത്തനമാണ് തന്റെ മുഖ്യലക്ഷ്യമെന്ന് വന്ദന പറയുന്നു. ഫോമാ വിമന്‍സ് ഫോറം മുന്‍കൈയെടുത്തു പുതുതലമുറക്ക് ഗുണകരമായ നേതൃത്വപാട വികസനത്തിന് കളമൊരുക്കാന്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കും.

ഇല്ലിനോയിസ് മലയാളി അസോസിയേഷന്‍ അംഗമായ വന്ദന സാമൂഹികസാംസ്കാരിക പ്രവര്‍ത്തനരംഗത്ത് പുതുതലമുറക്ക് ഒരു പ്രചോദനമാണ് . ജീവകാരുണ്യപ്രവര്‍ത്തന രംഗത്തും ഷിക്കാഗോയില്‍ നിറസാന്നിധ്യമാണ് വന്ദന മാളിയേക്കല്‍.

2016 ല്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച “വനിതാരത്‌നം2016 ” മെഗാഷോയുടെ സംഘാടകസമിതി ചെയര്‍പേഴ്‌സണ്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018 ഷിക്കാഗോ ഫോമാ കുടുംബ കണ്‍വെന്‍ഷനില്‍ വെച്ച് നടക്കുന്ന “മിസ് ഫോമാ ക്വീന്‍2018 ” ബ്യുട്ടി പേജന്റ് മത്സരത്തിന്റെ സംഘാടകസമിതി ചെയര്‍പേഴ്‌സണ്‍ ആയി വന്ദനയാണ് ചുമതലയേറ്റെടുത്തിരിക്കുന്നത് . ഏഷ്യാനെറ്റ് ചാനലിലും , ഫ്‌ളവേഴ്‌സ് ചാനലിലും അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജെയ്‌സണ്‍ മാളിയേക്കലാണ് തൃശ്ശൂര്‍ സ്വദേശിയായ വന്ദനയുടെ ഭര്‍ത്താവ്. അഥീനയും, ആദിത്യയും ആണ് . മക്കള്‍.

ഫോമാ സ്റ്റുഡന്റ്‌സ് ഫോറം ഡാളസ്; 18 അംഗ കമ്മിറ്റി അധികാരമേറ്റു

ഡാളസ്: ഫോമാ യുവജങ്ങളെ സംഘടനയുടെ ഭാഗമാക്കുന്നതിനായി ഡാളസില്‍ ആരംഭിച്ച സ്റ്റുഡന്റ്‌സ് ഫോറത്തിന് പുതിയ കമ്മിറ്റി. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസില്‍ ഫോമയുടെ മുതിര്‍ന്ന നേതാവായ ഫിലിപ് ചാമത്തിലിന്റെ നേതൃത്വത്തില്‍ രുപീകൃതമായ സ്റ്റുഡന്റ്‌സ് ഫോറം 201819 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.വിഷാല്‍ ഡി വിജയ് പ്രസിഡന്റ് ആയി 18 അംഗ കമ്മിറ്റിയാണ് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ഫോമയുടെ പ്രഥമ പ്രസിഡന്റ് ശശിധരന്‍ നായര്‍ ആയിരുന്നു മുഖ്യാതിഥി.പുതിയതായി ചുമതലയേറ്റ കമ്മിറ്റിക്ക് അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.അമേരിക്കയില്‍ രുപീകരിക്കപ്പെടുന്ന എല്ലാ മലയാളി സംഘടനകളും നേരിടുന്ന ഒരു പ്രതിസന്ധിയാണ് യുവജനങ്ങളുടെ പോരായ്മ.എന്നാല്‍ ഫോമയെ അത് ബാധിക്കില്ല എന്നു ഡാളസ് സ്റ്റുഡന്റ്‌സ് യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ മനസിലാക്കുന്നു എന്നു ശശിധരന്‍ നായര്‍ പറഞ്ഞു.ഫോമാ മുന്‍ എക്‌സിക്കുട്ടിവ് അംഗം സജീവ് വേലായുധന്‍ ,ഉപദേശക സമിതി സെക്രട്ടറി ബാബു തെക്കേക്കര,ഫോമാ ഡാളസ് വനിത ഫോറം പ്രസിഡന്റ് മേഴ്‌സി സാമുവേല്‍, ഡാളസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സാമുവല്‍ മത്തായി ,ട്രഷറര്‍ സുനു മാത്യു,ഡി എം ഈ യുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും ഫോമാ പ്രസിഡന്റ് സ്ഥാനാര്ഥിയുമായ ഫിലിപ് ചാമത്തില്‍ ,ഫോമാ യു ടി ടി സ്റ്റുഡന്റ്‌സ് ഫോറം പ്രസിഡന്റ് രോഹിത് മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

2017- 18 ല്‍ സ്റ്റുഡന്റ്‌സ് ഫോറം പന്ത്രണ്ടിലധികം പരിപാടികള്‍ ആണ് സംഘടിപ്പിച്ചത്. ഓണം,ക്രിസ്തുമസ്,വിഷു,ഈസ്റ്റര്‍,പ്രോഗ്രാമുകള്‍,ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്,സോക്കര്‍ ടൂര്‍ണമെന്റ്,തുടങ്ങി ഫോമയുടെ പ്രൊഫഷണല്‍ സബ്മിറ്റ് വരെ യു റ്റി ടി യില്‍ വച്ചാണ് നടത്തിയത്.യുവജനങ്ങളെ,പ്രത്യേകിച്ചു വിദ്യാര്‍ഥികളെ സംഘടനാ രംഗത്തേക്ക് കൊണ്ടുവരുന്നതിന് മുന്‍കൈ എടുക്കുകയും അവരുടെ രക്ഷാധികാരിയായി പ്രവര്‍ത്തിക്കുകയും ചെയ്തത് ഫിലിപ് ചാമത്തില്‍ ആണ്.മറ്റ് യൂണിവേഴ്‌സിറ്റികളി ലേക്ക് സ്റ്റുഡന്റ്‌സ് ഫോറം വ്യാപിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ഫിലിപ് ചാമത്തില്‍.

ജോയിച്ചന്‍ പുതുക്കുളം

സോമര്‍സെറ്റില്‍ ഇന്റര്‍ പാരിഷ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 9ന്

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ ഭക്ത സംഘടനായായ ജോസഫ് ഫാദേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ ഏകദിന ഇന്റര്‍ പാരിഷ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സോമര്‍സെറ്റില്‍ വച്ച് നടത്തപ്പെടുന്നു.

ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ എന്നിവിടങ്ങളിലെ വിവിധ ദേവാലയങ്ങളില്‍നിന്നുള്ള ടീമുകളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.

ടൂര്‍ണമെന്റ് 2018 ജൂണ്‍ 9ന് ശനിയാഴ്ച സോമര്‍സെറ്റ് സെന്‍റ് തോമസ് സിറോ മലബാര്‍ ഫൊറോനാ ചര്‍ച്ച് ഫെല്ലോഷിപ്പ് ഹാളിലാണ് നടക്കുക. യോഗ്യതാ റൗണ്ടില്‍ ജോസഫ് ഫാദേഴ്‌സ് ടീമുകളില്‍ നിന്നും യോഗ്യത നേടിയ ടീമുകളാണ് സോമര്‍സെറ്റ് ചര്‍ച്ചിനെ പ്രതിനീധികരിച്ച് ജൂണ്‍ 9ന് നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. മൊത്തം 24 ടീമുകളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്തിന് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വിവിധ ക്രിസ്തീയ സഭാ വിഭാഗങ്ങളുടെ കൂട്ടായ്മ, ആരോഗ്യകരമായ മത്സരങ്ങളിലൂടെ കലാകായിക ശേഷി വികസിപ്പിക്കുക, അതുവഴി പൊതുവായ വിഷയങ്ങളിലുള്ള കൂട്ടായ ആശയവിനിമയം സാധ്യമാക്കുക തുടങ്ങിയവയാണ് ഈ മത്സരത്തിലൂടെ സംഘടന ലക്ഷ്യമിടുന്നത്.

സോമര്‍സെറ്റ് സെന്‍റ്.തോമസ് സിറോ മലബാര്‍ ദേവാലയത്തിലെ ജോസഫ് ഫാദേഴ്‌സ് ടീം ആദ്യമായി സംഘടിപ്പിക്കുന്ന ഈ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുന്നതിനും, ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും ബഹു. വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്‌സും, സംഘാടകരും ഏവരെയും പള്ളി അങ്കണത്തിലേക്ക് ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു.

ബാഡ്മിന്റണ്‍ കോര്‍ട്ടിന് അകത്തും പുറത്തും എല്ലാവരുടെയും വിലയേറിയ പിന്തുണയും,ഒപ്പം സഹകരണവും സംഘാടകര്‍ പ്രതീക്ഷിക്കുന്നു.
മത്സര വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്.

തീയതി : 9 ജൂണ്‍, 2018 (ശനിയാഴ്ച്ച )
സമയം : രാവിലെ 8 മുതല്‍ വൈകിട്ട് 7 വരെ
സ്ഥലം : സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, 508 എലിസബത്ത് അവന്യു, സോമര്‍സെറ്റ്, ന്യൂ ജേഴ്‌സി 08873

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സജി പോള്‍ 7327621726; മാര്‍ട്ടിന്‍ ജോണ്‍സണ്‍ 7326856665
web: http://www.stthomassyronj.org

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം