റിച്ചാര്‍ഡ് വര്‍മ്മക്കു ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ഫെല്ലോഷിപ്പ്

വാഷിംഗ്ടണ്‍: ഒബാമയുടെ കാലഘട്ടത്തില്‍ അമേരിക്കയുടെ ഇന്ത്യന്‍ അംബാസിഡറായി രണ്ടു വര്‍ഷം(2015-2017) സേവനമനുഷ്ഠിച്ച ഇന്ത്യന്‍ അമേരിക്കന്‍ റിച്ചാര്‍ഡ് വര്‍മയെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ഫെല്ലോഷിപ്പ് നല്‍കി ആദരിച്ചു. ജൂലായ് 3ന് പുറത്തിറക്കിയ യൂണിവേഴ്‌സിറ്റി പത്രകുറിപ്പിലാണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.

ഹാര്‍വാര്‍ഡ് ജോണ്‍ എഫ് കെന്നഡി സ്‌കക്ൂള്‍ ഗവണ്‍മെന്റില്‍ ഡിപ്ലോമസി ഡവലപ്‌മെന്റ് ഇന്‍ ഏഷ്യ, യു.എസ്. നാഷ്ണല്‍ സെക്യൂരിറ്റി പോളിസി തുടങ്ങിയ വിഷയങ്ങളെകുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പഠന ക്ലാസ് നടത്തിയതിന്റെ അംഗീകാരം കൂടിയാണിത്.
ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ഫെല്ലോഷിപ്പ് ലഭിച്ചതില്‍ തികച്ചും സംതൃപ്തനാണെന്നും, പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നുവെന്നും റിച്ചാര്‍ഡ് വര്‍മ പ്രതികരിച്ചു.

പെന്‍സില്‍വാനിയ ജോണ്‍സ് ടൗണില്‍ താമസിക്കുന്ന വര്‍മ യു.എസ്. എയര്‍ഫോഴ്‌സില്‍ ക്യാപ്റ്റനായും സ്റ്റേറ്റ് ലജിസ്ലേറ്റീവ് അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയും അമരിക്കയുമായി നല്ല സുഹൃദ്ബന്ധം സ്ഥാപിക്കുന്നതിനും, ഡിഫന്‍സ്, എനര്‍ജി, സയന്‍സ് തുടങ്ങിയ രംഗങ്ങളില്‍ പരസ്പരം വിവരങ്ങള്‍ കൈമാറുന്നതിനും റിച്ചാര്‍ഡ് വര്‍മ്മയുടെ കാലഘട്ടത്തില്‍ കഴിഞ്ഞു എന്നുള്ളത് വലിയ നേട്ടമാണ്.

കമല്‍വര്‍മയുടേയും, സാവിത്രി വര്‍മ്മയുടേയും മകനായി 1968 നവംബര്‍ 27ന് എഡ്മണ്ട്(കാനഡ) യിലായിരുന്നു വര്‍മയുടെ ജനനം. ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമബിരുദം കരസ്ഥമാക്കി. ഇപ്പോള്‍ ഏഷ്യ ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു.

ന്യൂജഴ്‌സിയില്‍ സന്ദര്‍ശനത്തിനെത്തി; മടങ്ങിയത് ഒരു മില്യന്‍ ഡോളറുമായി

ന്യൂജഴ്‌സി: പ്രദീപ് കുമാര്‍ ന്യൂജഴ്‌സിയില്‍ സന്ദര്‍ശനത്തിനെത്തിയത് കുടുംബാംഗങ്ങളെ കണ്ടു സൗഹൃദം പുതുക്കുന്നതിനാണ്. ഒരു മില്യന്‍ ഡോളറിന്റെ ലോട്ടറി അടിക്കുമെന്നു സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.

ബെര്‍ഗന്‍കൗണ്ടി ബെര്‍ഗന്‍ഫീല്‍ഡ് വാഷിങ്ടന്‍ അവന്യുവിലുള്ള സെവന്‍ ഇലവനില്‍ സാധനങ്ങള്‍ വാങ്ങുവാന്‍ കയറിയപ്പോള്‍ ഒരു ലോട്ടറി ടിക്കറ്റ് എടുത്തു. സെവന്‍ ഇലവന്‍ കടയുടമ പ്രദീപ് കുമാറിന്റെ മുന്നില്‍ വച്ചു തന്നെ ടിക്കറ്റ് നമ്പര്‍ ഉരച്ചു നോക്കി. ഈ ദിവസത്തെ ഭാഗ്യവാന്‍ ആരാണെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ടിക്കറ്റ് പരിശോധിച്ചത്. നമ്പറിനു മുകളില്‍ പൊതിഞ്ഞിരുന്നതു തുടച്ചു മാറ്റിയപ്പോള്‍ തെളിഞ്ഞു വന്നത് 100000 മില്യന്‍ ഡോളറിന്റെ സമ്മാനം. ജാക്ക്‌പോട്ട് പ്രൈസ് കിട്ടിയതറിഞ്ഞു കുമാറിനു തന്റെ സന്തോഷം അടക്കാനായില്ല.

സമ്മാന ടിക്കറ്റുമായി ട്രെന്റനിലുള്ള ലോട്ടറി ആസ്ഥാനത്തെത്തി സമ്മാന നമ്പര്‍ പരിശോധിച്ചു ഉറപ്പു വരുത്തി. പണം ലഭിക്കുന്നതിനാവശ്യമായ രേഖകള്‍ പൂര്‍ത്തിയാക്കുന്നതിനു ചില ദിവസങ്ങള്‍ കൂടി വേണം എന്തായാലും സമ്മാന തുക ഉപയോഗിച്ചു ഒരു പുതിയ വീടുവാങ്ങണമെന്നാണ് കുമാര്‍ ആഗ്രഹിക്കുന്നത്.

പി പി ചെറിയാന്‍

ഇന്ത്യന്‍ അമേരിക്കന്‍ റിപ്പോര്‍ട്ടര്‍മാരായ സന്ധ്യയ്ക്കും അശ്വിനും 2018 ജേര്‍ണലിസം അവാര്‍ഡ്

ഷിക്കാഗോ: ഇന്ത്യന്‍ അമേരിക്കന്‍ ജേര്‍ണലിസ്റ്റുകളായ സന്ധ്യ കമ്പംപാട്ടി, അശ്വിന്‍ ശേഷാഗിരി എന്നിവര്‍ക്ക് 2018 ലെ ജെറാള്‍ഡ് ലൂപ്പ് അവാര്‍ഡ് നല്‍കി ആദരിച്ചു.

ന്യുയോര്‍ക്ക് ടൈംസിലെ ഡപ്യൂട്ടി എഡിറ്റര്‍ അശ്വിനും പ്രൊ പബ്ലിക്ക് ഇല്ലിനോയ്‌സ് ഡാറ്റാ റിപ്പോര്‍ട്ടര്‍ സന്ധ്യക്കുമാണ് മാധ്യമ രംഗത്തെ ഉയര്‍ന്ന ബഹുമതി ലഭിച്ചത്.ബിസിനസ്, ഫിനാന്‍സ്, ഇക്കണോമി തുടങ്ങിയ വിഷയങ്ങളെ കുറിച്ചു പഠിച്ചു റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ച ഇരുവര്‍ക്കും ജൂണ്‍ 24 ന് ന്യൂയോര്‍ക്ക് കേപിറ്റെയ് ലില്‍ നടന്ന ബാഗ്വറ്റിലാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.

അശ്വിന്‍ യുസി ബര്‍ക്കിലിയില്‍ നിന്നുള്ള ജേര്‍ണലിസ്റ്റ് ഗ്രാജ്യുവേറ്റാണ്. സന്ധ്യ ഒഹായൊ യൂണിവേഴ്‌സിറ്റി ഇ ഡബ്ല്യു സ്ക്രിപ്‌സ് ജേര്‍ണലിസം സ്കൂളില്‍ നിന്നാണ് ബിരുദം നേടിയത്.രണ്ടു തലങ്ങളായി നടന്ന മത്സരത്തില്‍ ലഭിച്ച 470 എന്‍ട്രികളില്‍ നിന്നാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. 1957 ല്‍ ജെറാള്‍ഡ് ലൂപ്പാണ് ബിസിനസ് ജേര്‍ണലിസത്തിനുവേണ്ടി പ്രത്യേക അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

മൂന്നു കുട്ടികളേയും ഭാര്യയേയും കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

ഡെലവയര്‍: ഡെലവയര്‍ പ്രിന്‍സസ് കോര്‍ണറിലുള്ള വീട്ടില്‍ അഞ്ചു പേര്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.മാത്യു എഡ്‌വേര്‍ഡ് (42) ഭാര്യ ജൂലി (41) ആറും നാലും മൂന്നും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണു കൊല്ലപ്പെട്ടത്.

പിതാവ് മാത്യു എഡ്‌വേര്‍ഡ് നാലു പേരേയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്തു മരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.ജൂലൈ 9 തിങ്കളാഴ്ച വീട്ടില്‍ നിന്നും ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് എത്തിച്ചേര്‍ന്നു പൊലീസ് വീടിന്റെ മുകള്‍ നിലയിലാണ് അഞ്ചു പേരും വെടിയേറ്റു മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. വിവാഹബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളും ജോലി നഷ്ടപ്പെട്ടതുമാണു മാത്യുവിനെ ഈ കൃത്യത്തിനു പ്രേരിപ്പിച്ചതെന്നു പറയപ്പെടുന്നു.മാതാപിതാക്കളും കുട്ടികളുമായും നല്ല ബന്ധമാണുണ്ടായിരുന്നതെന്നും മക്കളെ വളരെയധികം സ്‌നേഹിക്കുന്ന മാതാവായിരുന്നു ജൂലിയെന്നും പേര്‍ വെളിപ്പെടുത്താനാകാത്ത അയല്‍വാസി പറഞ്ഞു.

ഡലവയര്‍ ഡിവിഷന്‍ ഓഫ് ഫോറന്‍സിക് സയന്‍സ് നടത്തിയ ഓട്ടോപ്‌സിയില്‍ മരണം കൊലപാതകവും ആത്മഹത്യയുമാണെന്ന് സ്ഥിരീകരിച്ചു.

പി.പി. ചെറിയാന്‍

അമേരിക്കന്‍ വ്യവസായ പ്രമുഖര്‍ പിണറായി വിജയനുമായി ചര്‍ച്ച നടത്തി

ഫിലഡല്‍ഫിയ : അമേരിക്കന്‍ പ്രവാസി മലയാളികളും അമേരിക്കന്‍ വ്യവസായ പ്രമുഖരുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളെ കുറിച്ചു വിശദമായി ചര്‍ച്ച നടത്തി. കേരള ടൂറിസം വകുപ്പു മന്ത്രി കടകംപിള്ളി സുരേന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുത്തു. ഫിലഡല്‍ഫിയയില്‍ നടന്ന ഫൊക്കാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി.

വേസ്റ്റ് മാനേജ്‌മെന്റ് (മാലിന്യ നിര്‍മാര്‍ജന പദ്ധതി) എക്കോ ടൂറിസം എന്നിവയായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം.

പോള്‍ ഇ. മാത്യൂ, പോള്‍ പി. പറമ്പി, മൈക്കിള്‍ ബ്രമ്മര്‍, റബേക്ക പാര്‍കിന്‍സ്, കാതലിന്‍ മിസ്ട്രി, ഡോ. കൃഷ്ണ ബനോഡ, ഡോ. അനിരുദ്ധന്‍, റജി ലൂക്കോസ്, പോള്‍ കറുകപിള്ളില്‍, റജി ജേക്കബ് കാരക്കല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു വന്ന നിര്‍ദ്ദേശങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും ഈ പദ്ധതികള്‍ വിജയിക്കണമെങ്കില്‍ എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണ്ണ സംതൃപ്തിയുണ്ടെന്ന് പോള്‍ ഇ. മാത്യുവും, പോള്‍ പി. പറമ്പിയും പറഞ്ഞു.

പി.പി.ചെറിയാന്‍

ഒമ്പത് മണിക്കൂര്‍ മണ്ണിനടിയില്‍ കിടന്ന കുഞ്ഞിനു പുനര്‍ജന്മം

മൊണ്ടാന: മൊണ്ടാന ലൊലൊ ഹോട്ട് സ്പ്രിംഗ്‌സില്‍ ഒമ്പതു മണിക്കൂറുകളോളം മണ്ണും, ചില്ലകളും കൊണ്ടുമൂടികിടന്നിരുന്ന 5 മാസം പ്രായമായ കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ജൂലായ് 7 ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ആരോ ഒരാള്‍ മദ്യപിച്ചു ബഹളമുണ്ടാക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇവിടെ എത്തിചേര്‍ന്നത്. പോലീസിനെ കണ്ട ഇയ്യാള്‍ അവിടെ നിന്നും സ്ഥലം വിട്ടു.ഫ്രാന്‍സീസ് കാള്‍ട്ടണ്‍ ക്രോപി(32) യുടെ കസ്റ്റഡിയിലുണ്ടായിരുന്ന കുഞ്ഞിനെ ഇതിനകം കാണാതായതായി പോലീസിന് വിവരം ലഭിച്ചു.

ഫ്രാന്‍സിസ് ആയിരുന്നു ബഹളം വെച്ചതെന്ന് തിരിച്ചറിഞ്ഞതോടെ കുട്ടികള്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചു. ഇയ്യാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ അവിടെ എവിടെയോ കുഴിച്ചിട്ടിട്ടുണ്ടെന്ന് മനസ്സിലായത്. ആറു മണിക്കൂര്‍ നീണ്ടുനിന്ന തിരച്ചിലിനിടയില്‍ കുഞ്ഞിന്റെ നിലവിളി കേട്ട ഭാഗത്തേക്ക് പോലീസ് എത്തി.

മുഖം മണ്ണിലമര്‍ന്ന് മരച്ചില്ലകളും, മറ്റും കൊണ്ടു മൂടികിടന്നിരിുന്ന കുഞ്ഞിനെ ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞു ആരോഗ്യമായി കഴിയുന്നുവെന്നും, പ്രാഥമിക ചികിത്സക്കുശേഷം ചൈല്‍ഡ് ആന്റ് ഫാമിലി സര്‍വ്വീസിനെ കുഞ്ഞിനെ വിട്ടുകൊടുത്തതായും പോലീസ് അറിയിച്ചു. അറസ്റ്റു ചെയ്ത ഫ്രാന്‍സിസിനെ 50,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

പി.പി. ചെറിയാന്‍

പൗലോസ് കുയിലാടനും, നോയല്‍ മാത്യുവും ഫോമാ നാഷണല്‍ കമ്മറ്റി അംഗങ്ങള്‍

ചിക്കാഗോ: ഫോമാ നാഷണല്‍ കമ്മറ്റി അംഗങ്ങളായി പൗലോസ് കുയിലാടനും, നോയല്‍ മാത്യുവും ഫ്‌ളോറിഡ സണ്‍ഷൈന്‍ റീജിയനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.

ഫോമാ കണ്‍വെന്‍ഷനോടനുബന്ധിച്ച് നടന്ന തെരെഞ്ഞെടുപ്പില്‍ പൗലോസ് കുയിലാടന്‍ 44 വോട്ടുകളും, നോയല്‍ മാത്യു 39 വോട്ടുകളും , സുരേഷ് നായര്‍ 36 വോട്ടുകളും നേടി.

ജോയിച്ചന്‍ പുതുക്കുളം

ജോർജ് മാമ്മൻ കൊണ്ടൂരിനു പത്തനംതിട്ട ജില്ലാ അസോസിയേഷൻ ഉജ്ജ്വല സ്വീകരണം നൽകി

ഹൂസ്റ്റൺ: ഹൃസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ എത്തിച്ചേർന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രീസ് നേതാവുമായ ജോർജ് മാമ്മൻ കൊണ്ടൂരിനു പത്തനംതിട്ട ജില്ലാ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ഉജ്വല സ്വീകരണം നൽകി. ജൂലൈ 8 നു ഞായറാഴ്ച വൈകുന്നേരം 4:30 നു സ്റ്റാഫോർഡിലുള്ള സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് ഹാളിൽ വച്ചായിരുന്നു സ്വീകരണ സമ്മേളനം.

പ്രസിഡന്റ് ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ഷാൾ അണിയിച്ചു കൊണ്ടൂരിനെ അദ്ദേഹം സ്വീകരിച്ചു. ജനറൽ സെക്രട്ടറി ജെയിംസ് കൂടൽ സ്വാഗതം ആശംസിച്ചു.

പത്തനംതിട്ട ജില്ലയിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും ജില്ലയുടെ വികസനത്തിന് ജില്ലാ പഞ്ചായത്തും കൊണ്ടൂരും ചെയ്യുന്ന കാര്യങ്ങൾ സവിസ്തരം അദ്ദേഹം വ്യക്തമാക്കി. ജില്ലയിലെ വിദ്യാഭാസ സ്ഥാപനങ്ങൾ, റോഡുകൾ, ജലസേചന പദ്ധതികൾ, ആശുപത്രികൾ, പ്രകൃതിക്ഷോഭത്തോടനുബന്ധിച്ചുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങിയവയെപ്പറ്റി പങ്കെടുത്തവർ ചോദ്യങ്ങളായി ശ്രദ്ധയിൽ പെടുത്തിയപ്പോൾ നാളിതു വരെ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളും ജില്ലാ പഞ്ചായത്തിന്റെ പരിഗണനയിൽ ഇരിക്കുന്ന പദ്ധതികളും മറ്റു വികസന പരിപാടികളെ പറ്റിയും വിശദമായി കൊണ്ടൂർ മറുപടി നൽകി.

സ്കൂളുകളിൽ പോകുന്ന വിദ്യാർത്ഥിനികളുടെ സുരക്ഷയെ ലക്ഷ്യമാക്കി രക്ഷ കർത്താക്കൾക്കു ഉപകരിക്കത്തക്ക വണ്ണം തുടക്കമിട്ട മൊബൈൽ ആപ്പ് സംവിധാനം സംസ്ഥാനമാകെ ശ്രദ്ധിയ്ക്കപ്പെട്ട പദ്ധതിയാണെന്നു അദ്ദേഹം പറഞ്ഞു. വികസനത്തിന് രാഷ്ട്രീയം പാടില്ല എന്ന് പ്രസംഗത്തിൽ നിരവധി തവണ അദ്ധേഹം ഉത്‌ബോധിപ്പിച്ചു,

നിരവധി ട്രേഡ് യൂണിയനുകൾക്കു നേതൃത്വം നൽകുന്നതോടൊപ്പം കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷൻ വൈസ് ചെയർമാനായും പ്രവർത്തിക്കുന്ന കൊണ്ടൂർ പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് പദവിയോടൊപ്പം സാമ്പത്തിക കാര്യസമിതിയുടെ ചെയർമാനായും പ്രവർത്തിക്കുന്നു, സംസ്ഥാന സർക്കാരിന്റെ 2017 ലെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള അവാർഡും 25 ലക്ഷം രൂപ സമ്മാനവും പത്തനംതിട്ട ജില്ലാ പഞ്ചായത്തിനു കരസ്ഥമാക്കുവാൻ കൊണ്ടൂർ വഹിച്ച പങ്ക് പ്രശംസനീയമാണ്.

ജില്ലാ അസ്സോസിയേഷൻ സെക്രട്ടറി ജീമോൻ റാന്നി, സ്ഥാപക നേതാക്കളായ ജോർജ്‌ എം ഫിലിപ്പ്, ബ്ലസൻ ഹൂസ്റ്റൺ, സക്കറിയ കോശി, ഐ.എൻ.ഓ.സി പെൻസിൽവാനിയ ചാപ്റ്റർ സെക്രട്ടറി സന്തോഷ് എബ്രഹാം, എസ്.കെ.ചെറിയാൻ, സജി ഇലഞ്ഞിക്കൽ, മാമ്മൻ ജോർജ്‌, റോയ് തീയാടിക്കൽ, ജെ.ഡബ്ലിയു.വര്ഗീസ്, റോയ് വെട്ടുകുഴി, ഡാനിയേൽ ചാക്കോ, ജോർജ് കൊച്ചുമ്മൻ ജോമോൻ ഇടയാടി, തോമസ് ഒലിയാംകുന്നേൽ തുടങ്ങിയവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു.

ജീമോൻ റാന്നി

അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഇടവക മിഷന്‍ മെഡിക്കല്‍ സെമിനാര്‍ ഓഗസ്റ്റ് 11-ന്

ഫിലഡല്‍ഫിയ: അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ ഒരു മെഡിക്കല്‍ സെമിനാര്‍ 2018 ഓഗസ്റ്റ് 11-ന് നടക്കും. രാവിലെ 9 മണിക്ക് പാരീഷ് ഹാളില്‍ ആരംഭിക്കുന്ന സെമിനാറില്‍ പ്രഗത്ഭ ഡോക്ടര്‍മാര്‍ ക്ലാസുകളും ചര്‍ച്ചകളും നയിക്കും. ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യോത്തരവേളയ്‌ക്കൊപ്പം ഹാര്‍ട്ട് ഹെല്‍ത്ത്, ബ്ലഡ് പ്രഷര്‍, ഷുഗര്‍ എന്നിവയുടെ ചെക്കപ്പിനുള്ള അവസരവും ഉണ്ടായിരിക്കും.

അമേരിക്കന്‍ റെഡ്‌ക്രോസിന്റെ നേതൃത്വത്തില്‍ ഒരു ബ്ലഡ് ഡൊണേഷന്‍ സെന്ററും ഇവിടെ പ്രവര്‍ത്തിക്കുന്നതാണ്. താത്പര്യമുള്ളവര്‍ക്ക് രക്തദാനത്തിനുള്ള അവസരമുണ്ടായിരിക്കുന്നതാണ്. ഇതിനു പുറമെ ദിനംപ്രതി ഉപയോഗിക്കാനുള്ള പ്രസ്ക്രിപ്ഷനുകള്‍ കൊണ്ടുവന്നാല്‍ അവ ക്രമീകൃതമായ രീതിയില്‍ കംപ്യൂട്ടറിന്റെ സഹായത്തോടെ ടൈപ്പ് ചെയ്ത് നല്‍കാനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. വോളണ്ടീയര്‍മാരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വോളണ്ടിയര്‍ ക്രെഡിറ്റ് ലഭിക്കത്തക്കവിധം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ്.

മെഡിക്കല്‍ സെമിനാറിലൂടെ ലഭിക്കുന്ന അറിവുകളും സേവനങ്ങളും ഫിലഡല്‍ഫിയ മലയാളി സമൂഹത്തിന്റെ ആരോഗ്യരംഗത്ത് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നു ജനറല്‍ കണ്‍വീനര്‍ അനു സ്കറിയ അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

അന്ന മുട്ടത്തിന്റെ “ജീവന്റെ ഈണങ്ങള്‍’ പ്രകാശനം ചെയ്തു

ഫിലാഡല്‍ഫിയ: യശ്ശശരീരനായ ശ്രീ മുട്ടത്ത് വര്‍ക്കിയുടെ മരുമകള്‍ അന്ന മുട്ടത്തിന്റെ “ജീവന്റെ ഈണങ്ങള്‍” എന്ന കൃതി ഫൊക്കാനയുടെ സാഹിത്യസമ്മേളനത്തില്‍ വച്ച് ജൂലായ് 6 നു പ്രശസ്ത സാഹിത്യകാരനായ കെ. പി. രാമനുണ്ണി അമേരിക്കന്‍ മലയാളി എഴുത്തുകാരനായ സാംസി കൊടുമണ്ണിന് നല്‍കികൊണ്ട് പ്രകാശനംചെയ്തു.

മുട്ടത്ത് വര്‍ക്കിയുടെ ജീവചരിത്രമാണ് ഇതിന്റെ ഉള്ളടക്കം. ശ്രീ മുട്ടത്ത് വര്‍ക്കിയുടെ രണ്ടാമത്തെ മകന്റെ ഭാര്യയാണ് അന്ന മുട്ടത്ത്.

വിചാരവേദിയുടെ ഓഗസ്റ്റ് മാസത്തിലെ സമ്മേളനത്തില്‍ ഈപുസ്തകം ചര്‍ച്ച ചെയ്യപ്പെടും. തിയ്യതി പുറകെ അറിയിക്കുന്നതാണ്. പുസ്തകത്തിന്റെ കോപ്പിക്കായി അന്നമുട്ടത്തുമായി ബന്ധപ്പെടാവുന്നതാണ്. അവരുടെ നമ്പര്‍ : 845 558 2148 .