സെന്റ്‌മേരീസില്‍ പരിസ്ഥിതി ദിനാഘോഷം ചിക്കാഗോ രൂപതാ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ്‌മേരീസ് ക്‌നാനായ ദൈവാലയത്തില്‍ ആദ്യമായി നടത്തിയ പരിസ്ഥിതി ദിനാഘോഷം ചിക്കാഗോ രൂപതാ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് വൃക്ഷതൈ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു.

ജൂണ്‍ 5 ന് അഖില ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ ബലിമധ്യേ അഭിവന്ദ്യ മാര്‍ ജോയി പിതാവ് നല്‍കിയ സന്ദേശത്തില്‍ ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്ക് പ്രകൃതിയെ വിസ്മരിക്കാനാവി ല്ല എല്ലാം മനോഹരമായി ദൈവം സൃഷ്ടിച്ച പ്രകൃതിയുടെ മനോഹാരിത നമ്മള്‍ കാത്തുസൂക്ഷിക്കണമെന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു.

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി അന്നേദിവസം ജന്മദിനാഘോഷിക്കുന്നവര്‍ ക്കും 75 വയസ്സിന് മേല്‍ പ്രായം ചെന്നവര്‍ക്കും വൃക്ഷതൈകള്‍ വിതരണം ചെയ്തു.തുടര്‍ന്ന് പിതാവ് പരിസ്ഥിതി ദിനപ്രതിജ്ഞ ഏവര്‍ക്കും ചൊല്ലിക്കൊടുത്തു. നൂറുകണക്കിന് ജനങ്ങള്‍ പങ്കെടുത്ത ഈ പരിസ്ഥിതിദിനാഘോഷം നവ്യാനുഭവമായി എന്ന് ഏവരും അവകാശപ്പെട്ടു.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

പോലീസിന്റെ വെടിയേറ്റ് മരിച്ച ഗ്രിഗറിയുടെ കുടുംബത്തിന് 4 സെന്റ് നഷ്ടപരിഹാരം

ഫോര്‍ട്ടി പിയേഴ്‌സ്(ഫ്‌ളോറിഡ): സ്വന്തം വീടിന്റെ ഗാരേജിനകത്ത് സെന്റ് ലൂസി കൗണ്ടി ഷെറിഫിന്റെ വെടിയേറ്റ് മരിച്ച ഗ്രിഗറി ഹില്ലിന്റെ കുടുംബത്തിന് 4 സെന്റ് നഷ്ടപരിഹാരം നല്‍കണമെന്ന് ഫെഡറല്‍ കോര്‍ട്ട് ജൂറി മെയ് 31 വ്യാഴാഴ്ച ഉത്തരവിട്ടു.

തൊണ്ണൂറ്റി ഒമ്പത് ശതമാനം മദ്യലഹരിയിലായിരുന്ന ഗ്രിഗറിയുടെ മരണത്തിന് ഉത്തരവാദി മറ്റാരുമല്ലെന്നും, വെടിയേറ്റു മരിക്കുമ്പോള്‍ രക്തത്തില്‍ ആള്‍ക്കഹോളിന്റെ അംശം 0.40 ആയിരുന്നുവെന്നും ജൂറി കണ്ടെത്തി.2014 ജനുവരി 14 നാണ് ഡെപ്യൂട്ടി ക്രിസ്‌റ്റൊഫറിന്റെ വെടിയേറ്റ് ഗ്രിഗറി കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്നും പതിവില്‍ കവിഞ്ഞ ശബ്ദം കേള്‍ക്കുന്നു എന്ന പരാതി അന്വേഷിക്കാനെത്തിയതായിരുന്നു ഷെറിഫ്.

അടച്ചിട്ട ഗാരേജ് ഡോറിനുള്ളിലൂടെ മൂന്നു തവണയാണ് ഷെറിഫ് വെടിവെച്ചത്. അതില്‍ ഒരു വെടിയുണ്ട തലയില്‍ കയറിയതാണ് മരണകാരണം. ഗ്രിഗറിയുടെ കൈവശം തോക്ക് ഉണ്ടായിരുന്നുവെന്നും, അതു തന്റെ നേര്‍ക്ക് ചൂണ്ടിയതാണ് വെടിവെയ്ക്കാന്‍ കാരണമെന്നും ഷെറിഫ് കോടതിയില്‍ പറഞ്ഞു.നാലു ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ജൂറി ആദ്യം വിധിച്ചു

ഇതില്‍ ഒരു ഡോളര്‍ വീതം മൂന്ന് കുട്ടികള്‍ക്കും, മറ്റൊരു ഡോളര്‍ ബന്ധുക്കള്‍ക്കും. പിന്നീട് ഇതു നാലു സെന്റായി കുറക്കുകയായിരുന്നു. പത്തുമണിക്കൂറാണ് വാദം പൂര്‍ത്തിയാക്കുന്നതിന് വേണ്ടി വന്നതെന്ന് സെന്റ് ലൂസി കൗണ്ടി ഷെറിഫ് കെന്‍ മാസ്ക്കറ പറഞ്ഞു.

പി.പി. ചെറിയാന്‍

അലിഗര്‍ അലുംമ്‌നി പതിനേഴാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂലൈ 13- 15 വരെ ഹൂസ്റ്റണില്‍

ഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കയിലെ അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് അലിഗര്‍ അലുംനി അസ്സോസിയോഷന്‍ (എഫ് എ എ എ) പതിനേഴാമത് വാര്‍ഷിക സമ്മേളനം ജൂലായ് 13 മുതല്‍ 15 വരെ ഹൂസ്റ്റണില്‍ വെച്ച് നടക്കുന്നതാണ്.

ടെക്‌സസ് അലിഗ് അലുംനി അസ്സോസിയേഷനാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. കൗണ്‍ പ്ലാസാ ഹൂസ്റ്റണ്‍ റിഖര്‍ ഓക്ക്‌സില്‍ വേദി ഒരുങ്ങും.’രാഷ്ട്ര നിര്‍മ്മാണത്തില്‍ എ എം യു അലുംനിയുടെ പങ്ക്’ എന്നതാണ് കണ്‍വന്‍ഷന്റെ തീം ആയി തിരഞ്ഞെടുത്തിരിക്കുന്നത്.ഇന്ത്യയിലെ പ്രമുഖ ശാസ്ത്രജ്ഞനും, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസുമായ ഇന്ത്യ അലയന്‍സ് ഡോ ഷാഹിദ് ജമാലാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.

എ എം അലുംനി അഫയേഴ്‌സ് ചെയര്‍മാന്‍ ഡോ സുഹെയ്ല്‍ സബീര്‍, സയ്യദ് സഷര്‍ (സ്ഥാപക പ്രസിഡന്റ് സഖത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ) എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും.ജൂണ്‍ 17 മുമ്പ് പങ്കെടുക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. സമാപന ദിനത്തില്‍ പ്രത്യേക കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന അംതുല്‍ സുഹെയ്ല്‍ (പ്രസിഡന്റ്) ഡോ സദിയ (സെക്രട്ടറി) എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.alighs.org ല്‍ നിന്നും ലഭിക്കും.

പി.പി. ചെറിയാന്‍

പൂച്ചയെ അടിച്ച ഭര്‍ത്താവിനെ ഭാര്യ വെടിവച്ചു കൊന്നു

ഡാലസ്: വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയെ ഭര്‍ത്താവ് അടിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചു കൊന്നുവെന്ന് പൊലീസ്. ജൂണ്‍ 3 ശനിയാഴ്ച ഡാലസ് ഫോര്‍ട്ട് വര്‍ത്ത് ഫാള്‍ മാനര്‍ ഡ്രൈവ് 13,000 ബ്ലോക്കില്‍ രാവിലെ ഏഴുമണിക്കായിരുന്നു ഡെക്സ്റ്റര്‍ ഹാരിസണ്‍ (49) ഭാര്യ മേരി ഹാരിസിന്റെ (49) വെടിയേറ്റു മരിച്ചത്.

വിവരം മേരി തന്നെയാണു പൊലീസില്‍ അറിയിച്ചത്. കുറച്ചു ദിവസം മുന്‍പൊരു പൂച്ചയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. തുടര്‍ന്ന് ഇവര്‍ പൂച്ചയെ കണ്ടെത്തുതിന് പരസ്യം നല്‍കിയിരുന്നു. സംഭവം നടന്ന ദിവസം ഇതേ ചൊല്ലി ഇവര്‍ തമ്മില്‍ കലഹിച്ചു. പൊലീസ് എത്തുമ്പോള്‍ ഡെക്സ്റ്റര്‍ വെടിയേറ്റു രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അടുത്തിടെയാണു ദമ്പതിമാര്‍ തങ്ങളുടെ രണ്ടു കുട്ടികളുമായി ഇവിടെ താമസത്തിനെത്തിയതെന്ന് അയല്‍വാസി കാള്‍ ഫിലിപ്പ്‌സ് പറഞ്ഞു. ഇവരെ കുറിച്ചു നല്ല അഭിപ്രായമായിരുന്നു എല്ലാവര്‍ക്കും ഫിലിപ്പ് പറഞ്ഞു. പൂച്ചയെ ചൊല്ലി ഒരാളെ കൊല്ലുന്ന സംഭവം വിശ്വാസിക്കാനാവുന്നില്ല. മറ്റൊരു അയല്‍വാസി പറഞ്ഞു.പൊലീസ് അറസ്റ്റ് ചെയ്തു മേരിയെ ഡാലസ് കൗണ്ടി ജയിലിലടച്ചു. 100000 ഡോളര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.

പി.പി. ചെറിയാന്‍

ഫോമാ സാധാരക്കാരുടെ കൺവെൻഷൻ നടത്തണം – ബിജി എടാട്ട്, സെൻട്രൽ റീജിയൻ വൈസ് പ്രസിഡണ്ട്

ഇല്ലിനോയിസ് ഒഹായോ എന്നീ സംസഥാനങ്ങൾ ചേർന്ന ഫോമാ സെൻട്രൽ റീജിയൻ വൈസ് പ്രസിഡണ്ട് ആയി എന്നെ സഹായിച്ച എല്ലാവർക്കും ആദ്യമായി നന്ദി അർപ്പിക്കുന്നു. വീണ്ടും ഒരിക്കൽ കൂടി ഞാൻ സെൻട്രൽ റീജിയൻ RVP ആയി ഞാൻ വരുകയാണ്. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണം എന്ന് താഴ്മ ആയി അപേക്ഷിക്കുന്നു.

ഏറ്റവും നല്ല ഒരു കൺവെൻഷൻ ആവും നിങ്ങൾക്ക് ചിക്കാഗോയിൽ കാണാൻ സാധിക്കുക. അതിന് വേണ്ട എല്ലാ ഒരുക്കങ്ങളും ഞങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു. അതിന് വേണ്ടി അഹോരാത്രം പണിപ്പെട്ട എല്ലാം സെൻട്രൽ റീജിയൻ ഫോമാ സുഹൃത്തുകൾക്കും ഇത് അഭിമാനത്തിന്റെ നിമിഷമാണ്.

ഫോമാ ആദ്യമായിട്ടാണ് സെൻട്രൽ റീജിയനിൽ എത്തുന്നത്. ഇത് പോലെ തന്നെ എല്ലാ സ്ഥലങ്ങളിലും ഫോമാ കൺവെൻഷൻ നടത്തപ്പെടണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവരെ ഉൾപ്പെടുത്തും വിധം ആവണം ഫോമാ കൺവെൻഷനുകൾ നടത്താൻ. ഇപ്പോൾ രണ്ട് പേർക്ക് ആയിരം ഡോളർ ആണ് ചെലവ്. ചിക്കാഗോ പോലെ ചിലവുകൾ താരദമേന്യ കുറവുള്ള ഒരു പട്ടണത്തിലുള്ള അവസ്ഥ ഇതാണ്. സാധാരക്കാർക്ക് കൂടി ഫോമാ കൺവെൻഷനിൽ പങ്കെടുക്കാൻ സാധിക്കണം. അവർക്കും കൂടി താങ്ങാവുന്ന രീതിയിൽ ഫോമാ കൺവെൻഷന് രജിസ്റ്റർ ചെയ്യാനുള്ള സാധ്യത ഉണ്ടാവണം. അത് സാധ്യമാക്കുന്ന പട്ടണങ്ങളെ തിരഞ്ഞെടുക്കണം.

അമേരിക്കയുടെ എല്ലാ പ്രദേശങ്ങളിലേക്കും ഫോമാ കൺവെൻഷനുകൾ ചെല്ലണം. കഴിഞ്ഞ തവണ ചിക്കാഗോ നഗരം തിരഞ്ഞെടുത്തത് പോലെ ഈ വർഷം ഡാളസ് തന്നെ തിരഞ്ഞെടുക്കണം എന്നാണ് എല്ലാ ഫോമാ ഡെലിഗേറ്റ്സ്‌നോടും എനിക്ക് അപേഷിക്കാനുള്ളത്. അതിന് കാര്യങ്ങളും ഉണ്ട്. ഒന്ന്, ഫോമാ ട്രൈസ്റ്റേറ്റിൽ തന്നെ കിടന്നു കറങ്ങാതെ മറ്റുള്ള സ്ഥലങ്ങളിൽ കൂടി ചെല്ലേണ്ടത് കൊണ്ട്. രണ്ട്, ചെലവ് കുറഞ്ഞ ഒരു ഫോമാ ഫാമിലി കൺവെൻഷൻ നടത്തുവാൻ വേണ്ടി, സമൂഹത്തിലെ സാധാരക്കാരനെ കൂടി ഉൾപ്പെടുത്തുവാൻ വേണ്ടി. മൂന്ന്, അമേരിക്കൻ നഗരങ്ങളിൽ വെച്ച് ഏറ്റവുമധികം യുവാക്കളും ചെറുപ്പക്കാരും ഇപ്പോൾ കുടിയേറുന്ന നഗരം എന്ന നിലയിൽ ടെക്സാസ് സംസ്ഥാനം ഇപ്പോൾ വളരെ അനോയോജ്യമായ പ്രദേശം. അതിന് വേണ്ടി എല്ലാവരും ഒത്തൊരുമയോട് ഒരേ മനസ്സോടെ പ്രവർത്തിക്കണം എന്നും അപേക്ഷിക്കുന്നു. അമേരിക്കയുടെ വിവിദ പ്രദേശങ്ങളിൽ നിന്നുള്ള ഡാളസ് ടീമിനെ തിരഞ്ഞെടുക്കയാണ് വേണ്ടത് എന്ന് തുറന്ന് സമ്മതിക്കാൻ എനിക്ക് രണ്ട് വട്ടം ചിന്തിക്കേണ്ട ആവിശ്യമില്ല.

ബിജി എടാട്ട്
സെൻട്രൽ റീജിയൻ വൈസ് പ്രസിഡണ്ട്
ചിക്കാഗോ

ഫൊക്കാന ഇന്‍ഡോര്‍ ഗെയിംസ്: വര്‍ഗീസ് തോമസ് ചെയര്‍മാന്‍, ഫിലിപ്പോസ് ചെറിയാന്‍ കോ-ചെയര്‍, പ്രസാദ് ജോണ്‍ കോര്‍ഡിനേറ്റര്‍

ഫിലാഡല്‍ഫിയയിലെ വാലിഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കാസിനോയില്‍ 2018 ജൂലൈ 5 മുതല്‍ 7 വരെ നടക്കുന്ന ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷനില്‍ ഇന്‍ഡോര്‍ ഗെയിംസ് ഇനങ്ങളായ ചെസ്, ചീട്ടുകളി തുടങ്ങിയവയുടെ നടത്തിപ്പിനായി വര്‍ഗീസ് തോമസ് (ജിമ്മിച്ചന്‍) ചെയര്‍മാന്‍, ഫിലിപ്പോസ് ചെറിയാന്‍ -കോ ചെയര്‍, പ്രസാദ് ജോണ്‍ (ഫ്‌ളോറിഡ)- കോര്‍ഡിനേറ്റര്‍ എന്നിവരെ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ നിയമിച്ചു.

വൈവിധ്യമാര്‍ന്ന ബുദ്ധിയുടേയും, തന്ത്രത്തിന്റേയും സമന്വയമായ മേല്‍പ്പറഞ്ഞ രണ്ടു ഗെയിമുകള്‍ക്കും ആവേശതത്പരരായി അനേകര്‍ പങ്കെടുക്കുന്നത് കഴിഞ്ഞകാല കണ്‍വന്‍ഷനുകളിലെ അനുഭവസാക്ഷ്യമായി മാറിയിട്ടുണ്ട്. ഓര്‍മ്മയുടെ ചെപ്പ് ബുദ്ധിയുടെ അകമ്പടിയോടെ, കരുതലോടെ കരുക്കള്‍ നീക്കേണ്ടതായ രണ്ട് കളികള്‍ക്കും 18 വയസ്സിനു മുകളിലുള്ള മലയാളികളായ, കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീ- പുരുഷ ഭേദമെന്യേ എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതാണ്. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം ഉളവാക്കുന്ന ഈ എന്റര്‍ടൈം ഗെയിമുകളിലേക്ക് എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി വര്‍ഗീസ് തോമസ്, ഫിലിപ്പോസ് ചെറിയാന്‍, പ്രസാദ് ജോണ്‍ എന്നിവര്‍ അറിയിച്ചു. അനില്‍ അമ്പാട്ട് അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

നിപ്പ വൈറസ് ബാധിതരെ പരിചരിച്ച് ജീവന്‍വെടിഞ്ഞ ലിനിയുടെ കുടുംബത്തിന് കനേഡിയന്‍ മലയാളി അസോസിയേഷന്റെ കൈത്താങ്ങ്

മിസ്സിസാഗാ: കേരളത്തില്‍ ഭീതി പടര്‍ത്തിവരുന്ന നിപ്പ വൈറസ് ബാധിതരെ പരിചരിച്ചതിലൂടെ അസുഖം ബാധിച്ച് മരണപ്പെട്ട നഴ്‌സ് ലിനി സജീഷിന്റെ ആത്മാര്‍ത്ഥ സേവനം ലോകത്താകമാനമുള്ള നഴ്‌സുമാര്‍ക്ക് പ്രചോദനം നല്‍കുന്നു. സ്വന്തം ജീവനും, തന്റെ കുട്ടികളുടെ സുരക്ഷപോലും അവഗണിച്ച് മറ്റുള്ളവര്‍ക്കുവേണ്ടി പൊരുതിയ ലിനി മലയാളി സമൂഹത്തിന്റെ ദൃഷ്ടിയില്‍ എന്നും ഒരു സ്‌നേഹത്തിന്റെ മാലാഖയായി നിലകൊള്ളുമെന്നതില്‍ സംശയമില്ല.

കനേഡിയന്‍ മലയാളികളുടെ ഇടയില്‍ ചിരപ്രതിഷ്ഠ നേടിയ കനേഡിയന്‍ മലയാളി അസോസിയേഷന്‍ (സി.എം.എന്‍.എ) നടത്തിവരുന്ന കലാ-സാമൂഹിക-സാംസ്കാരിക-ആരോഗ്യ- സാമ്പത്തിക- ആതുരസേവന മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. കനേഡിയന്‍ ബ്ലഡ് സര്‍വീസുമായി സഹകരിച്ച് ബ്ലഡ് ഡൊണേഷന്‍ ഡ്രൈവ്, ഇന്‍ഫര്‍മേഷന്‍ സെഷന്‍സ് ഓണ്‍ ഡിഫറന്റ് ഹെല്‍ത്ത് റിലേറ്റഡ് സബ്‌ജെക്ട്‌സ്, ഇന്‍ഫര്‍മേഷന്‍ സെഷന്‍സ് ഓണ്‍ ഓര്‍ഗന്‍ ഡൊണേഷന്‍സ്, ഇന്റര്‍നാഷണല്‍ മലയാളി നഴ്‌സിംഗ് സ്റ്റുഡന്റ്‌സിനായി നടത്തുന്ന ഇന്‍ഫര്‍മേഷന്‍ സെഷന്‍സ് ആന്‍ഡ് സ്‌കോളര്‍ഷിപ്പ് തുടങ്ങിയവ ഇതില്‍ ചിലതുമാത്രമാണ്. സാമ്പത്തികമായി കനേഡിയന്‍ മലയാളി സമൂഹത്തെ സഹായിക്കുന്നതിനായി ഹോംലൈഫ് മിറക്കിള്‍ റിയാലിറ്റിയുമായി സഹകരിച്ച് ഹോം ബയേഴ്‌സിനായി നടപ്പാക്കുന്ന ഗിഫ്റ്റ് ചെക്ക് ഫോര്‍ ബയേഴ്‌സ് ടു. ഫര്‍ണിഷ് ഹോം, നോര്‍ത്ത് വുഡ് മോര്‍ട്ട്‌ഗേജുമായി സഹകരിച്ച് കുറഞ്ഞ പലിശനിരക്കില്‍ മോര്‍ട്ട്‌ഗേജുകള്‍ തരപ്പെടുത്തുക എന്നിവ ഇതില്‍ ചിലതുമാത്രമാണ്.

കനേഡിയന്‍ മലയാളി സമൂഹത്തിനു ഏറ്റവും പ്രയോജനം കിട്ടത്തക്ക രീതിയില്‍ കനേഡിയന്‍ ബിസിനസുകാരെ കോര്‍ത്തിണക്കി “കനേഡിയന്‍ മലയാളി ബിസിനസ് നെറ്റ് വര്‍ക്കിംഗ്’ സി.എം.എന്‍.എയുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നു. ഇതുമൂലം പ്രത്യേക ഡിസ്കൗണ്ടുകള്‍ മലയാളി കസ്റ്റമേഴ്‌സിനു ലഭിക്കും.

ഈവര്‍ഷത്തെ സി.എം.എന്‍.എയുടെ ഓണാഘോഷം സെപ്റ്റംബര്‍ എട്ടാംതീയതി ശനിയാഴ്ച വൈകുന്നേരം 5.30-നു സെന്റ് ഗ്രിഗോറിയോസ് ഓഫ് പരുമല പാരീഷ് ഹാളില്‍ (6890 Professional Court, Mississauga) വച്ചു നടക്കും.

പൊതു സമൂഹവും നഴ്‌സുമാരും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന നിരവധി കലാപരിപാടികള്‍ അരങ്ങേറും. “ഒരുമിക്കാം ഒന്നാകാം കൈകോര്‍ക്കാം കൈത്താങ്ങായി’ എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന സി.എം.എന്‍.എ മെമ്പര്‍ഷിപ്പ് ഫീസ് ഇല്ലാതെ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നു.

ലിനി സജീഷിന്റെ കുടുംബത്തിനുള്ള സഹായനിധി അഞ്ജലി നാരായണന്‍, സി.എം.എന്‍.എ ജോയിന്റ് സെക്രട്ടറി- ഫിബി ജേക്കബിനു കൈമാറി.

ജോയിച്ചന്‍ പുതുക്കുളം

സെന്റ് മേരീസില്‍ ആദ്യകുര്‍ബാന സ്വീകരണം ഭക്തിസാന്ദ്രമായി

ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ ഈ വര്‍ഷത്തെ പൊതു ദിവ്യകാരുണ്യ സ്വീകരണം ഭക്തിസാന്ദ്രമായി. മെയ് 27 ന് ഉച്ചകഴിഞ്ഞു 2 . 45 ന് ആരംഭിച്ച തിരുകര്‍മ്മങ്ങള്‍ മദ്ധ്യേ 34 കുട്ടികളാണ് ദിവ്യകാരുണ്യ സ്വീകരണം നടത്തിയത് . ഇടവക വികാരി ഫാ . തോമസ് മുളവനാല്‍ മുഖ്യ കാര്‍മികത്വം വഹിച്ച തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. എബ്രഹാം മുത്തോലത് , ഫാ. ലൂക്ക് പൂത്തൃക്കയില്‍ , ഫാ. എബ്രഹാം കളരിക്കല്‍ , ഫാ. ബിന്‍സ് ചേത്തലില്‍ , ഫാ. ടോമി ചെള്ളകണ്ടതില്‍ , ഫാ . ജോണി പുറമടത്തില്‍, ഫാ. അലക്‌സ് വരുത്തികുളങ്ങര എന്നിവര്‍ സഹകാര്‍മികര്‍ ആയിരുന്നു .

ദേവാലയത്തിലെ ഭക്തിസാന്ദ്രമായ ചടങ്ങുകള്‍ക്ക് പള്ളി എക്‌സിക്യൂട്ടീവും അധ്യാപകരും സെന്റ് മേരീസ് കൊയറും അള്‍ത്താരശുശ്രുഷികളും സിസ്‌റേഴ്‌സും നേതൃത്വം നല്‍കി . തുടര്‍ന്ന് നൈല്‍സിലുള്ള വൈറ്റ് ഈഗിള്‍ യമിൂൗല േഹാളില്‍ വച്ച് നടത്തപ്പെട്ട വിരുന്നുസല്‍ക്കാരത്തില്‍ രണ്ടായിരത്തില്‍ അധികം പേര്‍ പങ്കുചേര്‍ന്നു .

ഹാളിലെ ചടങ്ങുകള്‍ക്ക് സജി പൂത്തൃക്കയിലിന്റെ നേതൃത്വത്തില്‍ അധ്യാപകരും വിപിന്‍ ചാലുങ്കലിന്റെ നേതൃത്വത്തില്‍ മാതാപിതാക്കളുടെ കമ്മറ്റികളും നേതൃത്വം നല്‍കി. സജി പണയപറമ്പിലിന്റെ നേതൃത്വത്തില്‍ വിഡിയോഗ്രഫിയും ഡൊമിനിക് ചൊള്ളമ്പേലിന്റെ നേതൃത്വത്തില്‍ ഫോട്ടോഗ്രാഫിയും നടത്തപ്പെട്ടു . മലബാര്‍ കാറ്ററിംഗ്‌സ് വിരുന്നൊരുക്കി . ക്‌നാനായ വോയിസ് പരിപാടികള്‍ തത്സമയം സംപ്രേഷണം ചെയ്തു. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ ചിക്കാഗോ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

2018-ലെ ഹൈസ്കൂള്‍ ഗ്രാജ്വേറ്റ്‌സിനെ ചിക്കാഗോ എസ്.എം.സി.സി ആദരിക്കുന്നു

ചിക്കാഗോ: 2018-ല്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ എസ്.എം.സി.സി ആദരിക്കുന്നതാണ്. മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലിലെ കുട്ടികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം.

സ്‌കോളര്‍ഷിപ്പ് കമ്മിറ്റിയില്‍ ജോണ്‍സണ്‍ കണ്ണൂക്കാടനും, ഷാജി ജോസഫ് കൈലാത്തും, എസ്.എം.സി.സി പ്രസിഡന്റ് ഷിബു അഗസ്റ്റിനോടൊപ്പം പ്രവര്‍ത്തിക്കുന്നതാണ്.

ഹൈസ്കൂള്‍ പഠനത്തില്‍ ലഭിച്ച ജി.പി.എ, എ.സി.റ്റി സ്‌കോര്‍ എന്നിവയ്‌ക്കൊപ്പം സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍, മറ്റു കലാ മികവുകളും വിലയിരുത്തിയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷാഫോറത്തിന് താഴെക്കൊടുത്തിരിക്കുന്ന അഡ്രസില്‍ ബന്ധപ്പെടാവുന്നതാണ്.
chicagosmcc@gmail.com

വിജയികള്‍ക്ക് പുരസ്കാരങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് ഒന്നാം സമ്മാനം- ആന്‍ഡ്രൂസ് തോമസ് സി.പി.എ, രണ്ടാം സമ്മാനം – ഇമ്പീരിയല്‍ ട്രാവല്‍സ്, മൂന്നാം സമ്മാനം – ഔസേഫ് തോമസ് സി.പി.എ എന്നിവരാണ്.

മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലിലെ ജൂലൈ നാല് തിരുനാളിനോടനുബന്ധിച്ച് പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നതാണ്.

ജോയിച്ചന്‍ പുതുക്കുളം

സെന്റ് മേരീസില്‍ ഈവര്‍ഷം ഗ്രാജ്വേറ്റ് ചെയ്തവരെ ആദരിച്ചു

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തില്‍ ഈ വര്‍ഷം ഹൈസ്കൂളില്‍ നിന്നും കോളജില്‍നിന്നും ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ഥികളെ ആദരിച്ചു. ജൂണ്‍ 3 ഞായറാഴ്ച രാവിലെ പത്തുമണിക്കുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പള്ളിയില്‍ കൂടിയ ഹ്രസ്വ ചടങ്ങിലായിരുന്നു ആദരിക്കപ്പെട്ടത്.

ഇടവക വികാരി ഫാദര്‍ തോമസ് മുളവനാല്‍ ഈ വര്‍ഷം ഹൈ സ്കൂള്‍/കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരെ ആശംസിക്കുകയും സമ്മാനങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു. അസി.വികാരി ഫാദര്‍ ബിന്‍സ് ചേത്തലയില്‍, ട്രസ്റ്റി ബോര്‍ഡ് അംഗം റ്റോണി കിഴക്കേക്കുറ്റ് എന്നിവര്‍ ചടങ്ങിന്റെ സുഗമമായ വിജയത്തിന് വേണ്ട നിര്‍ദേശങ്ങളും ക്രമീകരണങ്ങള്‍ ഒരുക്കി.നിരവധി വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ആദരണ ചടങ്ങില്‍ പങ്കെടുത്തു.

ന്യൂസ് റിപ്പോര്‍ട്ടര്‍: സ്റ്റീഫന്‍ ചൊള്ളമ്പേല്‍.(പി.ആര്‍ .ഒ.) സെന്റ് മേരിസ് ചര്‍ച്ച്, ചിക്കാഗോ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം