പൗലോസ് കുയിലാടന്‍ ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു

ഫ്‌ളോറിഡ : പ്രശസ്ത നാടകനടനും, നാടകരചയിതാവും, സംവിധായകനുമായ പൗലോസ് കുയിലാടന്‍ ഫ്‌ളോറിഡ റീജിയനില്‍ നിന്നും ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു. ഒര്‍ലാന്‍റ്റോ റീജിണല്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്‍ (ഒരുമ) ആണ് സംഘടനയുടെ സ്ഥാപകരില്‍ ഒരാളായ പൗലോസ് കുയിലാടനെ ഏകകണ്ഠമായി നാമനിര്‍ദ്ദേശം ചെയ്തത്.

സ്കൂള്‍ കാലഘട്ടം മുതല്‍ നാടകരംഗത്തു സജീവ സാന്നിധ്യമായിരുന്ന പൗലോസ് ഏഷ്യാനെറ്റ് ടെലികാസ്റ്റ് ചെയ്ത ” സാന്‍റ്റ പറയാത്ത കഥ ” എന്ന സീരിയല്‍ സംവിധാനം ചെയ്തിട്ടുണ്ട്.വരും,വരുന്നു,വന്നു എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അന്തരിച്ച പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ കൂടെയും സ്‌റ്റേജ്‌ഷോകളില്‍ സജീവമായിരുന്നു. “ദൈവം തുണ വേണം” എന്ന മ്യൂസിക് സി.ഡി ഗാനങ്ങളെഴുതി നിര്‍മിച്ചിട്ടുണ്ട്.

ഫ്‌ളോറിഡയിലെ മലയാളി സംഘടനകളുടെ ആഘോഷവേളകളില്‍ പൗലോസ് ഒട്ടേറെ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കി അവതരിപ്പിച്ചിട്ടുണ്ട്. തന്റെ കഴിവുകള്‍ ഫോമയുടെ കലാപരമായ പരിപാടികള്‍ നടത്തുവാന്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുമെന്ന് പൗലോസ് പറയുന്നു.

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ പ്രത്യേക ഉപവാസ പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 23-നു വെള്ളിയാഴ്ച

ഷിക്കാഗോ: സീറോ മലബാര്‍ സഭയുടെ “സ്ഥിരം സിനഡിന്റെ’ നിര്‍ദേശത്തെ തുടര്‍ന്നു സഭയില്‍ സമാധാനം പുലരുന്നതിനായി മാര്‍ച്ച് 23-നു ശനിയാഴ്ച സഭാ മക്കള്‍ ഉപവസിച്ച് പ്രാര്‍ത്ഥിക്കും. ഇതു സംബന്ധിച്ചുള്ള, രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ സര്‍ക്കുലര്‍ മാര്‍ച്ച് 18-നു ഞായറാഴ്ച രൂപതയുടെ വിവിധ ഇടവകകളിലും, മിഷനുകളിലും വായിക്കുമെന്നു രൂപതാ ചാന്‍സിലര്‍ റവ.ഫാ. ജോണിക്കുട്ടി പുലിശേരി അറിയിച്ചു.

“നാല്‍പ്പതാം വെള്ളി’യായ മാര്‍ച്ച് 23-നു രൂപതയിലും സഭാ സമൂഹത്തിലും ഉപവാസ പ്രാര്‍ത്ഥനാദിനമായി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സഭാമക്കള്‍ ഇടവക ദേവാലയത്തിലോ, സമീപത്തുള്ള പള്ളികളിലോ, ചാപ്പലുകളിലോ, സ്വന്തം ഭവനത്തിലോ, ജോലി സ്ഥലത്തോ ആയിരുന്നുകൊണ്ട് സഭയുടെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണം. ഇതു നമ്മുടെ കടമയാണ്.

സഭയില്‍ സമീപ കാലയളവില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും, സഭയ്ക്ക് മുഴുവനും കടുത്ത ദുഖവും വേദനയും ഉണ്ടായ സാഹചര്യത്തിലാണ് ഈ പ്രാര്‍ത്ഥനാദിനാചരണം സംഘടിപ്പിക്കുന്നത്. പരസ്പരം മുറിപ്പെടുത്താതെ, സഭയിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകുന്നതിനായി ദൈവത്തോട് സഭാമക്കള്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കണമെന്നു മാര്‍ അങ്ങാടിയത്ത് സര്‍ക്കുലറിലൂടെ നിര്‍ദേശിക്കുന്നു. കര്‍ത്താവിന്റെ പീഡാസഹനങ്ങളെക്കുറിച്ച് ധ്യാനിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഈ കാലയളവില്‍ നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരമായും ഈ ഉപവാസ പ്രാര്‍ത്ഥനാദിനത്തെ സമീപിക്കാം. “കര്‍ത്താവാണ് നമ്മുടെ രക്ഷയും കോട്ടയും’, ഉപവാസത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ശക്തിപ്രാപിച്ച് മാത്രമേ തിന്മയെ നമുക്ക് കീഴ്‌പ്പെടുത്താനാവൂ എന്നു ബിഷപ്പ് തന്റെ സര്‍ക്കുലറിലൂടെ ഉദ്‌ബോധിപ്പിക്കുന്നു. ചാന്‍സിലര്‍ റവ. ഫാ. ജോണിക്കുട്ടി പുലിശേരി ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

എന്‍.എസ്സ്.എസ്സ് കാലിഫോര്‍ണിയ വിഷു ആഘോഷം ഏപ്രില്‍ 14 ന്

സാന്‍ ഹോസെ, കാലിഫോര്‍ണിയ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയ ‘കൈനീട്ടം 2018’ എന്ന പേരില്‍ അതിഗംഭീരമായ വിഷു ആഘോഷത്തിനു തയ്യാറെടുക്കുന്നു. ഏപ്രില്‍ മാസം 14, ശനിയാഴ്ച സാന്‍ ഹോസെ എവെര്‍ഗ്രീന്‍ വാലി കോളേജില്‍ ആണ് വിഷു ആഘോഷം നടക്കുക. പോയ വര്‍ഷങ്ങളില്‍ നിന്നും കൂടുതല്‍ മികവാര്‍ന്ന കലാപരിപാടികളും സദ്യയും അടക്കം വിപുലമായ പരിപാടികളാണ് ഇത്തവണ ആസൂത്രണം ചെയ്യുന്നത്. ഉന്നത നിലവാരമുള്ള തീയേറ്ററും അനുബന്ധ സൗകര്യങ്ങളും കലാപരിപാടികള്‍ക്ക് മാറ്റുകൂട്ടുന്നതാണ്.

മുന്‍ വര്‍ഷങ്ങളിലെ പോലെ ഇത്തവണയും പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും ഓരോ ഡോളര്‍ നാണയം കൈനീട്ടം കിട്ടുന്നതായിരിക്കും. എന്‍ എസ്സ് എസ്സ് നേതൃത്വം നല്‍കുന്ന മലയാളം അക്കാഡെമി ഓഫ് നോര്‍ത്ത് അമേരിക്കയുടെ മലയാളം ക്ലാസ്സുകളില്‍ പഠിക്കുന്ന എണ്‍പതോളം കുട്ടികളും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുന്നു. കൂടാതെ സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയായിലുള്ള മികവുറ്റ കലാകാരന്മാര്‍ അണിനിരക്കുന്ന തനത് കേരളീയ കലാരൂപങ്ങളും അരങ്ങേറുന്നതാണ്. പ്രസിഡന്റ് സ്മിത നായര്‍, സെക്രട്ടറി ജയപ്രദീപ്, ട്രഷറര്‍ സജീവ് പിള്ള മുതലായവരുടെ നേതൃത്വത്തില്‍ എന്‍ എസ്സ് എസ്സ് ബോര്‍ഡ് അംഗങ്ങളും വോളന്റീയര്‍മാരും അടങ്ങുന്ന സംഘം വിഷു ആഘോഷത്തിന്റെ വിജയത്തിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു. സുജിത്ത് വിശ്വനാഥനും കവിത കൃഷ്ണനും കലാപരിപാടികളുടെ ഏകോപനം നിര്‍വഹിക്കുന്നു. സുരേഷ് ചന്ദ്രനും സംഘത്തിനുമാണ് രംഗ സജ്ജീകരണത്തിന്റെയും മറ്റ് അലങ്കാരങ്ങളുടെയും ചുമതല. കേരളീയ രീതിയിലുള്ള സദ്യ ഒരുക്കുന്നത് റെഡ് ചില്ലീസ് റെസ്റ്റാറന്റിന്റെ കാറ്ററിങ് വിഭാഗമാണ്. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കാലിഫോര്‍ണിയയിലെ എല്ലാ മലയാളികളെയും സംഘാടകര്‍ക്കു വേണ്ടി പ്രസിഡന്റ് സ്മിത നായര്‍ സ്വാഗതം ചെയ്യുന്നു. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഉത്സവമായ വിഷു കുടുംബസമേതം സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സെക്രട്ടറി ജയപ്രദീപ് അഭ്യര്‍ത്ഥിക്കുന്നു.

ഇതിനുള്ള ടിക്കറ്റുകള്‍ www.nairs.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. നേരത്തെ ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണെന്ന് ട്രഷറര്‍ സജീവ് പിള്ള അറിയിച്ചു. കലാപരിപാടികള്‍ക്കുള്ള രജിസ്‌റ്റ്രേഷനും ഈ വെബ്‌സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടകരെ ബന്ധപ്പെടുക.

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ കലാക്ഷേത്ര കലോത്സവം 2018

ഷിക്കാഗോ: ഷിക്കാഗോയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ ഷിക്കാഗോ കലാക്ഷേത്ര സംഘടിപ്പിച്ച കലോത്സവം 2108 മാര്‍ച്ച് 10, ശനിയാഴ്ച സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു.

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രശസ്തരായ വിധികര്‍ത്താക്കളുടെയും, വന്‍പിച്ച സഹൃദയ സമൂഹത്തിന്റെയും സാന്നിധ്യത്തില്‍ ഷിക്കാഗോലാന്‍ഡില്‍ ഉള്ള കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും അവരുടെ സര്‍ഗസാധന പ്രദര്‍ശിപ്പിക്കാനുള്ള ഒരു അസുലഭ അവസരമായിരുന്നു കലോത്സവം 2018 സമ്മാനിച്ചത്. നാലു വേദികളിലായി അഞ്ഞൂറില്‍ അധികം വരുന്ന മത്സരാര്‍ഥികള്‍ വിവിധ നൃത്ത്യ സംഗീത ഇനങ്ങളില്‍ മത്സരിച്ചു. കലാപ്രതിഭയായി അഭിഷേക് ബിജുവിനെയും, കലാതിലകങ്ങള്‍ ആയി സ്വാതി അജികുമാറിനെയും, ഷാനെറ്റ് ഇല്ലിക്കലിനെയും, റൈസിംഗ് സ്റ്റാര്‍ ആയി റേച്ചല്‍ വര്‍ഗീസിനെയും തിരഞ്ഞെടുത്തു. അവതരിപ്പിക്കപ്പെട്ട മത്സര ഇനങ്ങളുടെ കലാമൂല്യം കൊണ്ടും, അത് ആസ്വദിക്കാന്‍ എത്തിയ പ്രേക്ഷക ബാഹുല്യം കൊണ്ടും ശ്രദ്ധേയമായി ഷിക്കാഗോ കലാക്ഷേത്രയുടെ കലോത്സവം 2018.

കഴിഞ്ഞ ആറു വര്‍ഷത്തോളമായി വൈവിധ്യമാര്‍ന്ന സാംസ്കാരിക ഉത്സവങ്ങളും, കേരളത്തിന്റെ തനതു ആഘോഷങ്ങളും, ശാസ്ത്രീയമായി പഞ്ചവാദ്യവും, തായമ്പകയും അവതരിപ്പിച്ചു വടക്കേ അമേരിക്കയിലെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ സ്‌നേഹദാര്യങ്ങള്‍ ഏറ്റു വാങ്ങിയിട്ടുള്ള ചിക്കാഗോ കലാക്ഷേത്ര യുടെ നേതൃത്വത്തില്‍ അരങ്ങേറിയ കലോത്സവം 2018 ഒരു വന്‍ വിജയമാക്കി തീര്‍ക്കാന്‍ നിസ്വാര്‍ത്ഥമായി സഹകരിച്ച എല്ലാ കലാ പ്രേമികള്‍ക്കും, വളണ്ടീയര്‍ ടീമിനും, കലാക്ഷേത്ര ബോര്‍ഡ് ഓഫ് ഡിറക്ടറേഴ്‌സിന് വേണ്ടി പ്രസിഡന്റ് അജികുമാര്‍ ഭാസ്കരനും, സെക്രട്ടറി ശ്രീജിത്ത് നായരും നന്ദി രേഖപ്പെടുത്തി.

ഫാ ജോസഫ് പുത്തൻപുരക്കൽ നയിക്കുന്ന ധ്യാനം ഡാലസിൽ 22 മുതൽ

ഗാർലന്റ് : കുടുംബ സദസുകളുടെ പ്രിയ വൈദീകനും പ്രമുഖ ഫാമിലി കൗൺസിലറും കപ്പൂച്ചിൻ സഭാംഗവുമായ ഫാ. ജോസഫ് പുത്തൻപുരക്കൽ നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം മാർച്ച് 22 മുതൽ 25 വരെ തീയതികളിൽ ഡാളസ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ (4922 Rosehill Rd, Garland, TX 75043) നടക്കും

സമയ ക്രമങ്ങൾ
മാർച്ച് 22 വ്യാഴം – 5:00 pm – 9:00 pm
മാർച്ച് 23 വെള്ളി – 5:00 pm – 9:00 pm
മാർച്ച് 24 ശനി – 8:30 a m – 5:00 pm
മാർച്ച് 25 ഞായർ – 8:30 am – 4:00 pm

ധ്യാനത്തിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫൊറോനാ വികാരി ഫാ. ജോഷി എളമ്പാശ്ശേരിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
മഞ്ജിത് കൈനിക്കര 972 679 8555
മോൻസി വലിയവീട് 214 562 6339
ലവ്ലി ഫ്രാൻസീസ് 469 363 4275

മാർട്ടിൻ വിലങ്ങോലിൽ

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ കാതോലിക്കാദിനം കൊണ്ടാടി

ന്യൂയോര്‍ക്ക്: വലിയ നോമ്പിലെ മുപ്പത്താറാം ഞായറാഴ്ച ആചരിക്കുന്ന കാതോലിക്കാദിനം യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവക മാര്‍ച്ച് 18-നു ഭംഗിയായി ആചരിച്ചു. വി. കുര്‍ബാനയ്ക്കുശേഷം നടന്ന മീറ്റിംഗില്‍ ഇടവക വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പ അധ്യക്ഷ പ്രസംഗം നടത്തി.

റവ.ഫാ. ജോബ്‌സണ്‍ കോട്ടപ്പുറം, സോണി ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ കാതോലിക്കാ സിംഹാസനത്തെ പ്രതിനിധീകരിച്ച് സംസാരിച്ചു. ഇടവക സെക്രട്ടറി ജോണ്‍ ഐസക് അവതരിപ്പിച്ച ഭക്തിപ്രമേയം ഇടവകാംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് അംഗീകരിച്ചു. കാതോലിക്കാ മംഗള ഗാനത്തോടെ പരിപാടികള്‍ സമാപിച്ചു.

മാത്യു ജോര്‍ജ് (പി.ആര്‍.ഒ).

ഫൊക്കാന അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറിയായി പ്രസാദ് ജോണ്‍ മത്സരിക്കുന്നു

ഫ്‌ളോറിഡ: ഒര്‍ലാന്റോയില്‍ നിന്നും പ്രസാദ് ജോണ്‍ അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറിയായി മത്സരിക്കുന്നു. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളജില്‍ നിന്നും കൊമേഴ്‌സ് ബിരുദം നേടിയ പ്രസാദ് കേരളത്തില്‍ ചെങ്ങന്നൂര്‍ സ്വദേശിയാണ്. മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ബാംഗ്ലൂര്‍ യൂത്ത് ലീഗ് സെക്രട്ടറിയായി ആത്മീയ രംഗത്ത് പ്രവേശിച്ച അദ്ദേഹം ഓര്‍ലാന്റോ സെന്റ് പോള്‍സ് ചര്‍ച്ചിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഈ അവസരങ്ങളില്‍ പല ടാലന്റ് ഷോകളുടേയും ഓര്‍ഗനൈസറായും തന്റെ പ്രകടന മികവ് തെളിയിച്ചു.

ഓര്‍മ്മ (ഓര്‍ലാന്റോ റീജണല്‍ മലയാളി അസോസിയേഷന്‍) സെക്രട്ടറി, ട്രഷറര്‍, ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ മികവുറ്റ പ്രകടനം കാഴ്ചവെച്ച അദ്ദേഹം കഴിഞ്ഞവര്‍ഷത്തെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ടാമ്പായിലെ ട്രഷറര്‍ ആയിരുന്നു. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഡയോസിസ് അസംബ്ലി മെമ്പറായി (2017- 2021) ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പ്രസാദ്, എച്ച്.ഒ.എ ഡയറക്ടര്‍, ബോര്‍ഡ് ട്രഷറര്‍ എന്നീ പ്രവര്‍ത്തനത്തോടൊപ്പം ഫൊക്കാനയുടെ 2016- 18 കാലഘട്ടത്തിലെ റീജണല്‍ വൈസ് പ്രസിഡന്റായി സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നു.

ആശ്രിതവാത്സല്യത്തിന്റേയും, പാരമ്പര്യസിദ്ധാന്തത്തിന്റേയും ഭാഗമാകാത്തതുകൊണ്ട് അര്‍ഹിക്കാത്ത ഒരു സ്ഥാനത്തും താന്‍ എത്തിയില്ല എന്ന് അഭിമാനത്തോടെ ഓര്‍ക്കുന്ന പ്രസാദ്, നീതിബോധവും അത്മാര്‍ത്ഥതയും, അര്‍പ്പണബോധവും സമന്വയിക്കുന്ന ഒരു വ്യക്തിത്വമായി പൊതുപ്രവര്‍ത്തന രംഗത്ത് എളിമയുടെ തെളിമയുമായി മുന്നേറുകയാണ്.

താത്വികമായ ഒരു മാനസീക അവലോകനം നടത്തിയ താന്‍, ലീലാ മാരേട്ട് നേതൃത്വം നല്കുന്ന പ്രഗത്ഭരായ പൊതുപ്രവര്‍ത്തകരുടെ പാനലിന് പിന്തുണ പ്രഖ്യാപിക്കുന്നതായി അറിയിച്ചു. എന്നോടൊപ്പം നിങ്ങളുടെ വോട്ടും സഹകരണവും ലീലാ മാരേട്ട് നേതൃത്വം നല്‍കുന്ന ടീമിന് ഉണ്ടാകണമെന്ന് പ്രസാദ് അഭ്യര്‍ത്ഥിച്ചു. അനില്‍ അമ്പാട്ട് (561 268 1513) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

പ്രവര്‍ത്തന മികവിന്റെ പാരമ്പര്യവുമായി അന്നമ്മ മാപ്പിളശേരി ഫോമാ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു

ന്യുജെഴ്‌സി: മൂന്നു പതിറ്റാണ്ടിലേറെ സംഘടനാ പ്രവര്‍ത്തനത്തിന്റെ ചരിത്രമുള്ള അന്നമ്മ മാപ്പിളശേരി ഫോമാ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു. പലരും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകയും പിന്മാറുകയും ചെയ്യുന്നുണ്ടെങ്കിലും താന്‍ മത്സരരംഗത്ത് ഉറച്ചു തന്നെ നില്‍ക്കുമെന്ന് അന്നമ്മ ആദ്യമെ തന്നെ വ്യക്തമാക്കി.

ഇപ്പോല്‍ തനിക്കു സംഘടനാ പ്രവര്‍ത്തനത്തിനു കൂടുതല്‍ സമയമൂണ്ട്. ഫൊക്കാനയിലും ഫോമായിലും മറ്റു സംഘടനകളിലും പ്രവര്‍ത്തിച്ച പരിചയത്തില്‍ നിന്നു ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് വിശ്വാസവുമുണ്ട്.

ഒരു പാനലിലും താനില്ല. ആരുമായും ഒത്തു പോകുന്നതിനു ഒരു പ്രശ്‌നവുമില്ല. സംഘടനയുടെയും സമൂഹത്തിന്റെയും നന്മ മാത്രമെ താന്‍ ലക്ഷ്യമാക്കുന്നുള്ളൂ.

കലാ രംഗത്തും സാംസ്കാരിക രംഗത്തും പ്രവര്‍ത്തിച്ചു ശ്രദ്ധേയയായ അന്നമ്മ എണ്‍പതുകളില്‍ഫൊക്കാനയുടെ തുടക്കം മുതല്‍ സംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. അവിഭക്ത ഫൊക്കാനയുടെ 2004ലെ കണ്‍ വന്‍ഷന്റെ കോചെയര്‍. 20042006 കാലത്ത് ദേശീയ ജോ. സെക്രട്ടറി. തുടര്‍ന്ന്‌ഫോമാ രൂപം കൊണ്ടപ്പോള്‍ ഫോമയില്‍ സജീവമായി. ഫോമയുടെ 2010ലെ ലാസ് വേഗസ് കണ്‍ വന്‍ഷന്‍ കോചെയര്‍ ആയിരുന്നു.

ന്യു ജെഴ്‌സിയിലെ ആദ്യകാല സംഘടന കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ഡാന്‍സ് സ്കൂള്‍ പ്രിന്‍സിപ്പലായി 1989 മുത 1996 വരെ സേവനമനുഷ്ടിച്ചു. ദേശീയ തലത്തില്‍ വിവിധ കലാമത്സരങ്ങളില്‍ വിധികര്‍ത്താവായിരുന്നു.

രണ്ടു വട്ടം കേരള കള്‍ചറല്‍ ഫോറത്തിന്റെ പ്രസിഡന്റായി. 20032004 കാലത്തും 20072009 കാലത്തും. കലാരംഗത്ത് ശ്രദ്ധേയമായ സംഭാവനകളര്‍പ്പിക്കുന്നഫൈന്‍ ആര്‍ട്ട്‌സ് ക്ലബില്‍ 2001 മുതല്‍പ്രവര്‍ത്തിക്കുന്നു.

ആത്മീയ രംഗത്തും മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സീറോ മലബാര്‍ നാഷണല്‍കണ്‍ വന്‍ഷന്റെ (2003) കോചെയര്‍ ആയിരുന്നു.സെന്റ് തോമസ് കാത്തലിക്ക് അസോസിയേഷന്‍ ഓഫ് ന്യു ജെഴ്‌സി സെക്രട്ടറി, ഫിലഡല്‍ഫിയയില്‍ 2009ല്‍ നടന്ന എസ്.എം.സി.സി. കോണ്‍ഫറന്‍സ് കണ്‍ വന്‍ഷന്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അന്നമ്മ2007 മുതല്‍സീറോ മലബാര്‍ കാത്തലിക്ക് കോണ്‍ഗ്രസ്ഗാര്‍ഫീല്‍ഡ് മിഷന്‍ സെക്രട്ടറിയാണു.

ചങ്ങനാശേരി സ്വന്ദേശിയായ അന്നമ്മ കര്‍ണാടക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗോള്‍ഡ് മെഡലോടെയാണു ആന്ത്രപ്പോളജിയില്‍ മാസ്‌റ്റേഴ്‌സ് ബിരുദം നേടിയത്. ഇവിടെ വന്ന് ഉപരി ശേഷം പഠനത്തിനു ശേഷം ഇ.എഫ്. ഹട്ടന്‍ എന്ന ബ്രോക്കറെജ് സ്ഥപനത്തില്‍ പ്രവര്‍ത്തിക്കുന്നു. ചമ്പക്കൂളം സ്വദേശി ഉമ്മച്ചന്‍ മാപിളശേരിയാനു ഭ്രത്താവ്. രണ്ടു മക്കള്‍. ക്രിസ്റ്റിന, ക്രിസ്റ്റഫര്‍.

ഇതേസമയം ഫോമായുടെ ഇലക്ഷനില്‍വൈസ് പ്രസിഡന്റ് സ്ഥാനമാണു ഏറ്റവും വലിയ മാറ്റം മറിച്ചിലുകള്‍ കണ്ടത്. ആദ്യമെ രംഗത്തു വന്ന പന്തളം ബിജു തോമസ് (ലാസ് വേഗസ്) കാലിഫോര്‍ണിയയില്‍ നിന്നുള്ള വിന്‍സന്റ് ബോസ് മാത്യുവിനു വേണ്ടി പിന്മാറി. വെസ്‌റ്റേണ്‍ റീജിയന്റെ അഭര്‍ഥന പ്രകാരമായിരുന്നു അത്.ഫ്‌ളോറിഡയില്‍ നിന്നു സജി കരിമ്പന്നൂര്‍, ന്യു യോര്‍ക്കില്‍ നിന്നു ഫിലിപ്പ് മഠത്തില്‍ എന്നിവരും രംഗത്തുണ്ട്. നേരത്തെ ബീന വള്ളിക്കളം, ജെയിംസ് പുളിക്കല്‍ എന്നിവര്‍ സ്ഥാനര്‍ഥിത്വത്തില്‍ നിന്നു പിന്മാറിയിരുന്നു.

നാഷനല്‍ കമ്മിറ്റിയിലേക്കു മത്സരിക്കുന്നതില്‍ നിന്നു ദീപ്തി നായരും പിന്‍ വാങ്ങി.

ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് ഇടവകയിലെ കഷ്ഠാനുഭവ ആഴ്ച ശുശ്രൂഷകള്‍

ചിക്കാഗോ: സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ കഷ്ഠാനുഭവ ആഴ്ച ശുശ്രൂഷകള്‍ താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു.

മാര്‍ച്ച് 25 ഓശാന ഞായറാഴ്ച രാവിലെ 8.45നു പ്രഭാത പ്രാര്‍ത്ഥനയും ഓശാന ശുശ്രൂഷകളും തുടര്‍ന്ന് വി: കുര്‍ബ്ബാനയും നടക്കും.

മാര്‍ച്ച് 28 പെസഹാ ബുധനാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് വി: പെസഹാ കുര്‍ബ്ബാനയും നടത്തപ്പെടും.

മാര്‍ച്ച് 30 ദു:ഖവെള്ളിയാഴ്ച രാവിലെ 9 മണിക്ക് ദു:ഖവെള്ളി ശ്രുശ്രൂഷകള്‍ ആരംഭിക്കും.

മാര്‍ച്ച് 31 ദു:ഖ ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാതപ്രാര്‍ത്ഥനയും തുടര്‍ന്ന് വി:കുര്‍ബ്ബാനയും ഉണ്ടായിരിക്കും.

മാര്‍ച്ച് 31 ശനിയാഴ്ച വൈകിട്ട് 7.00 നു സന്ധ്യാപ്രാര്‍ത്ഥനയും ഈസ്റ്റര്‍ ശുശ്രൂഷകളും തുടര്‍ന്ന് വി: കുബ്ബാനയും നടക്കും. ഏപ്രില്‍ 1 ഞായറാഴ്ച വി:കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതല്ല.

.വിശ്വാസികള്‍ നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുതമ്പുരാന്റെ കഷ്ഠാനുഭവ ആഴ്ച ശുശ്രൂഷകളില്‍ ആദ്യാവസാനം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് വന്ദ്യ: തേലപ്പിള്ളില്‍ സഖറിയ കോറെപ്പിസ്‌കോപ്പായും റവ: ഫാദര്‍ ബിജുമോന്‍ ജേക്കബും അഭ്യര്‍ഥിക്കുന്നു

ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ലോക രാഷ്ട്രങ്ങളില്‍ സുവിശേഷവുമായി അഡ്വ. ബിനോയി ചാണ്ടപ്പിള്ള

നിങ്ങള്‍ ഭൂലോകത്തിന്റെ അറ്റത്തോളം പോയി സുവിശേഷം പ്രഘോഷിക്കുവിന്‍ എന്ന യേശുക്രിസ്തുവിന്റെ അന്ത്യ കല്‍പ്പന അക്ഷരാര്‍ത്ഥത്തില്‍ നിറവേറ്റുന്നവരില്‍ മഹാഭാഗ്യം ലഭിച്ച വ്യക്തിയാണ് അഡ്വ. ബിനോയി ചാണ്ടപ്പിള്ള.

യേശുക്രിസ്തുവിന്റെ പാദസ്പര്‍ശം ഏറ്റ യെരുശലേം നഗരത്തില്‍ തുടങ്ങി 61-ല്‍പ്പരം ലോക രാജ്യങ്ങളില്‍ ഇതിനോടകം അദ്ദേഹം സുവിശേഷം പ്രസംഗിച്ചുകഴിഞ്ഞു.

പുനലൂര്‍ കോടതിയിലെ പ്രമുഖ അഭിഭാഷകനും കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനുമായ അഡ്വ. ബിനോയി ചാണ്ടപ്പിള്ള തന്റെ ജീവിതത്തില്‍ നേരിട്ട അതിമാരകമായ രോഗം മൂലം മരണത്തെ മുഖാമുഖം കണ്ടതാണ്. മരണം മുന്നില്‍ കണ്ട അദ്ദേഹം തന്റെ മുഴുവന്‍ കോടതി കേസുകളും ജൂണിയര്‍ അഡ്വക്കേറ്റ്‌സിനു സമര്‍പ്പിച്ചു.

2007-ല്‍ ദൈവീക രോഗസൗഖ്യം പ്രാപിച്ച അദ്ദേഹം ഇന്ന് ഹെവന്‍ലി ഫീസ്റ്റ് ചര്‍ച്ചിന്റെ പത്തനാപുരം ചര്‍ച്ചിലെ സീനിയര്‍ പാസ്റ്ററും അതോടൊപ്പം പുനലൂര്‍ ബാറിലെ പ്രമുഖ അഭിഭാഷകനുമാണ്.

മലയാളികള്‍ പാര്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, യു.കെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലെ വിവിധ സ്റ്റേറ്റുകള്‍ കൂടാതെ ജര്‍മ്മനി, ഇറ്റലി, വത്തിക്കാന്‍, ശ്രീലങ്ക, സിംഗപ്പൂര്‍, മലേഷ്യ, മലയാളി സഭകളോ ഇല്ലാത്ത നെതര്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, പോളണ്ട്, ഓസ്ട്രിയ കൊറിയ, ജപ്പാന്‍, ഫിലിപ്പീന്‍സ്, കംബോഡിയ, വിയറ്റ്‌നാം, ബ്രൂണോ, തായ്‌ലന്റ്, നേപ്പാള്‍, ഭൂട്ടാന്‍, മെഡഗാസ്കര്‍, സൗത്ത് ആഫ്രിക്ക, ബോട്‌സ്‌വാനാ, മൊസാംബിയ, കെനിയ, ഉഗാണ്ട, റുവാണ്ട, ത്സാന്‍നിയ തുടങ്ങിയ രാജ്യങ്ങളിലും ദൈവ വചനം ശുശ്രൂഷിച്ചിട്ടുണ്ട്.

രണ്ടാഴ്ചത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹം ഇതിനോടകം ന്യൂയോര്‍ക്ക് ഹെവന്‍ലി ഫീസ്റ്റ്, ഒക്കലഹോമ, ഡാലസ്, ഹൂസ്റ്റണ്‍ പട്ടണങ്ങളില്‍ നടത്തിയ മീറ്റിംഗുകളില്‍ ദൈവ വചനം ശുശ്രൂഷിച്ചുകഴിഞ്ഞു.

മാര്‍ച്ച് 18 മുതല്‍ 20 വരെ ബോസ്റ്റണ്‍ ഇന്റര്‍നാഷണല്‍ ചര്‍ച്ചില്‍ ദൈവ വചനം ശുശ്രൂഷിക്കുന്ന അദ്ദേഹം രോഗികള്‍ക്കായി പ്രാര്‍ത്ഥിക്കുന്നതാണ്. തുടര്‍ന്ന് ന്യൂജേഴ്‌സി, ചിക്കാഗോ എന്നിവടങ്ങളില്‍ നടക്കുന്ന മീറ്റിംഗുകള്‍ക്കുശേഷം നാട്ടിലേക്ക് മടങ്ങും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.theheavenlyfest.org

ജോയിച്ചന്‍ പുതുക്കുളം