ഐ എൻ ഓ സി ടെക്സാസ് ചാപ്റ്റർ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനമാഘോഷിച്ചു

ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ടെക്സാസ് (INOC) ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 69 മത് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 28 നു ഞായറാഴ്ച വൈകുന്നേരം 3 മുതൽ സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് ഹാളിൽ വച്ചു നടത്തപ്പെട്ടു. സെക്രട്ടറി ബേബി മണക്കുന്നേൽ സ്വാഗതം ആശംസിച്ചു.

പ്രസിഡണ്ട് ജോസഫ് ഏ ബ്രഹാം അദ്ധ്യഷത വഹിച്ചു. ലോക രാജ്യങ്ങൾക്കിടയിൽ ശക്തമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പ്രഗത്ഭരായ ഭരണഘടന ശില്പികളെ സ്മരിക്കുന്നുവെന്നും മഹത്തായ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ദേശസ്നേഹികൾക്ക്‌ മുമ്പിൽ പ്രണാമം അര്പിക്കുന്നുവെന്നും ജോസഫ് ഏബ്രഹാം പറഞ്ഞു.

അടുത്തിടെ പാക്കിസ്ഥാൻ ഭീകർക്കു മുമ്പിൽ പോരാടി മരിച്ച മലയാളി സൈനികൻ സാം എബ്രഹാമിന് ആദരാഞ്ജലി അർപ്പിച്ചു.

INOC നാഷണൽ ജോയിന്റ് ട്രഷറർ വാവച്ചൻ മത്തായി, നാഷണൽ കമ്മിറ്റി അംഗം ഡോ.ഈപ്പൻ ഡാനിയേൽ, പൊന്നു പിള്ള,എബ്രഹാം തോമസ് തുടങ്ങിയവർ റിപ്പബ്ലിക്ക് ദിനാശംസകൾ നൽകി. തുടർന്ന് ചാപ്റ്ററിന്റെ ഹൂസ്റ്റണിലെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനു തീരുമാനിച്ചു.

ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവും കോൺഗ്രസ് നേതാക്കളുമായ ജെയിംസ് കൂടൽ, തോമസ് ഒലിയാംകുന്നേൽ, തോമസ് സ്റ്റീഫൻ, മാമ്മൻ ജോർജ്, സജി ഇലഞ്ഞിക്കൽ, ഡാനിയേൽ ചാക്കോ, ബിബി പാറയിൽ, ജോർജ് കൊച്ചുമ്മൻ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി യിലേക്ക് നോമിനേറ്റ് ചെയ്തതായി പ്രസിഡണ്ട് അറിയിച്ചു.

അംഗത്വ ക്യാമ്പയിൻ സജീവമാകുന്നതിനും തീരുമാനിച്ചു. ജോയിന്റ് സെക്രട്ടറി ജീമോൻ റാന്നി നന്ദി അറിയിച്ചു.

ജീമോൻ റാന്നി

മല്ലപ്പള്ളി സംഗമം പൊതുയോഗം ഫെബ്രുവരി 10 നു ഹൂസ്റ്റണിൽ

ഹൂസ്റ്റൺ: മല്ലപ്പള്ളിക്കാരുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ വാർഷിക പൊതുയോഗം ഫെബ്രുവരി 10 നു ശനിയാഴ്ച 4 മണിക്ക് സ്റ്റാഫോഡിൽ ( 902- FM 1092 – Murphy Road, Stafford) വച്ച് നടത്തപ്പെടുന്നു. സമ്മേളനത്തിലേക്ക് സംഗമത്തിന്റെ എല്ലാ അംഗങ്ങളെയും സുഹൃത്തുക്കളെയും ക്ഷണി ക്കുന്നുവെന്നു ഭാരവാഹികൾ അറിയിച്ചു.

മല്ലപ്പള്ളിസംഗമത്തിന്റെ കാരുണ്യത്തിന്റെ കരസ്പർശനമായ വിദ്യാഭാസ സഹായ വിതരണവും അന്ന് നടത്തപ്പെടും. കഴിഞ്ഞവർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി റെസ്‌ലി മാത്യുവും വാർഷിക കണക്കു ട്രഷറർ ചാക്കോ നൈനാനും അവതരിപ്പിക്കും. 2018-19 ലേക്കുള്ള ഭാരവാഹികളെയും തെരഞ്ഞെടുക്കുന്നതാണ്.

അമേരിക്ക സന്ദർശിക്കുന്ന പി.എം.ചാക്കോ പാലക്കാമണ്ണിൽ പ്രധാന അതിഥിയായി പൊതുയോഗത്തിൽ സംബന്ധിക്കുമെന്നു പ്രസിഡന്റ് സെന്നി ഉമ്മൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്; ചാക്കോ നൈനാൻ : 832- 661 -7555

ജീമോൻ റാന്നി

ലോസ് ആഞ്ചലസ് സെന്റ് അല്‍ഫോന്‍സാ ദേവാലയ കൂദാശയും പ്രതിഷ്ഠയും ഫെബ്രുവരി 3-ന്

ജോയിച്ചന്‍ പുതുക്കുളം

ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയിലെ ഭരണങ്ങാനം എന്നറിയപ്പെടുന്ന ലോസ് ആഞ്ചലസിലെ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്കാ ദൈവാലയത്തിന്റെ കൂദാശയും പ്രതിഷ്ഠയും ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍. ജേക്കബ് അങ്ങാടിയത് പിതാവ് ഫെബ്രുവരി മൂന്നാം തീയതി രാവിലെ 10 മണിക്ക് നിര്‍വഹിക്കുന്നു.

സ്ഥലപരിമിതിയാല്‍ ക്ലേശിച്ച ഇടവകസമൂഹം ഏവര്‍ക്കും ഒരുമിച്ചു ദൈവാരാധനക്കു അനുയോജ്യമായ ഒരു പുതിയ ദൈവാലയത്തിനായി വിശുദ്ധ അല്‍ഫോന്‍സാമ്മ വഴി നടത്തിയ ദീര്‍ഘകാല ത്തെ പ്രാര്‍ത്ഥനക്കുള്ള ഉത്തരം നല്‍കിയ ദൈവ പിതാവിനെ നന്ദിയോടെ സ്മരിക്കുന്ന പ്രസ്തുത തിരുകര്‍മ്മങ്ങളില്‍ രൂപതാ സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍. ജോയി ആലപ്പാട്ട് പിതാവ് തന്റെ വിശിഷ്ട സാന്നിധ്യത്താല്‍ ഏവരെയും അനുഗ്രഹിക്കുന്നു.

പ്രാര്‍ത്ഥനയും പരിശ്രമവും സമ്പത്തും സമയവും ഒരുപോലെ കോര്‍ത്തിണക്കി ഏകമനസോടെ പുതിയ ദൈവാലയത്തിനായി അധ്വാനിച്ച ഇടവക ജനത്തിന്റെ സന്തോഷത്തില്‍ “പുതിയൊരു പള്ളി” എന്ന ആശയം മുന്നോട്ടുവച്ച മുന്‍ വികാരി റവ. ഫാ. കുര്യാക്കോസ് വാടാനയും ആത്മീയ കാര്യങ്ങളില്‍ സഹായിക്കാന്‍ ഓടിയെത്തുന്ന സമീപസ്ഥരായ അനേക മലയാളീവൈദികരും പങ്കുചേരുന്നു.

നാനൂറിലേറെ പേര്‍ക്ക് ഒരുമിച്ചു ബലിയര്‍പ്പിക്കുവാനും ദൈവിക ശുശ്രുഷ കളില്‍പങ്കുചേരുവാനും സാധിക്കുന്ന ദൈവാലയത്തോട് അനുബന്ധിച്ചു 125 പേര്‍ക്കു ആരാധിക്കാവുന്ന മനോഹരമായ ഒരു ചാപ്പലും 18 ക്ലാസ് മുറികളും ഉണ്ടെന്നത് ” ഒരു പൂചോദിച്ചാല്‍ ഒരുപൂന്തോട്ടം തന്നെ നല്‍കുന്ന” സ്‌നേഹപിതാവിനു സെയിന്റ് അല്‍ഫോന്‍സാ ഇടവകയോടുള്ള കരുതലും സ്‌നേഹവും വെളിപ്പെടുത്തുന്നു.

പുതിയദൈവാലത്തെ സീറോ മലബാര്‍സഭയുടെ പ്രൗഢിയും പാരമ്പര്യവും കാത്തു സംരക്ഷിക്കുന്നവിധം ക്രമീകരിക്കുവാന്‍ ബഹു. വികാരി. റവ. ഫാ. കുര്യാക്കോസ് കുംബകീലിന്റെ ആത്മീയനേതൃത്വത്തില്‍ അധ്വാനശീലവും അര്‍പ്പണമനോഭാവവും ഉള്ള ട്രസ്റ്റീമാരും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും ചര്‍ച്ച് വികസന കമ്മിറ്റിയും ഇടവക സമൂഹവും കഴഞ്ഞ ഏതാനും മാസമായി ചെയ്യുന്ന കഠിനാധ്വാനം ഫലമണിയുന്ന അനുഗ്രഹീത നിമിഷം ഫെബ്രുവരി 3 രാവിലെ 10 മണി. ആ സ്വപ്നസാഷാത്കാര നിമിഷത്തിലെ തിരുകര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു അനുഗ്ര ഹംപ്രാപിച്ചു ധന്യരാകുവാന്‍ ഏവരെയും സഹര്‍ഷം സ്വാഗതംചെയ്തുകൊണ്ട് ബഹുമാനപെട്ട വികാരി അച്ചനും വിശ്വാസികളേവരും കൂപ്പുകൈകളോടെ കാത്തിരിക്കുന്നു. ജെനി ജോയി അറിയിച്ചതാണിത്.

ഫിലിപ്പോസ് ചെറിയാന്‍ (അച്ചന്‍മോന്‍, 50) നിര്യാതനായി

വടശേരിക്കര: ഫിലിപ്പോസ് ചെറിയാന്‍ (അച്ചന്‍മോന്‍, 50) ജനുവരി 29 പുലര്‍ച്ചെ 4 മണിക്ക് നിര്യാതനായി. പരേതന്‍ വടശേരിക്കര ചേന്നാട്ടു കുടുംബാംഗം ആണ്. കഴിഞ്ഞ 4 വര്‍ഷക്കാലമായി കുടുംബത്തോടൊപ്പം ന്യൂയോര്‍ക്കിലെ ന്യൂഹൈഡിപാര്‍ക്കില്‍ താമസമായിരുന്നു.വടശേരിക്കരയിലുള്ള സ്വന്തം ഭവനത്തില്‍ വെച്ചാണ് ദേഹവിയോഗം സംഭവിച്ചത് .

സംസ്കാര ചടങ്ങുകള്‍ മാതൃ ഇടവകയായ സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച് , വടശേരിക്കരയില്‍ നടത്തപെടുന്നതാണ് .

ഭാര്യ മിനി , മകള്‍ ആനി , സഹോദരന്മാര്‍ തമ്പി, അനിയന്‍, കൊച്ചുമോന്‍ . പരേതന്റെ മാതാവ് കുഞ്ഞുമോള്‍ വടശേരിക്കര പടിഞ്ഞാറെമണ്ണില്‍ കുടുംബാംഗം ആണ്.

ജോയിച്ചന്‍ പുതുക്കുളം

ഫ്ളൈറ്റ് ലഗേജ് ലാഭിക്കാന്‍ ഇങ്ങനെയും മാര്‍ഗ്ഗം

ന്യൂയോര്‍ക്ക്: വിമാനയാത്രക്കാര്‍ക്ക് എന്നും ബാഗേജ് തലവേദന തന്നെ. വിമാനക്കമ്പനികള്‍ ഇക്കാര്യത്തില്‍ സൂക്ഷ്മ ശ്രദ്ധപുലര്‍ത്തിയതോടെ പലരും അധികകൂലി കൊടുക്കേണ്ടിയും വരുന്നു. എന്നാല്‍ ഐസ് ലാന്‍ഡില്‍ നിന്നും ലണ്ടനിലേക്ക് പറക്കാന്‍ ബ്രിട്ടീഷ് എയര്‍വേസില്‍ എത്തിയ യാത്രികന്‍ ചെയ്ത ബുദ്ധി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു. ഐസ് ലാന്‍ഡിലെ കെഫ്ളവിക്ക് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് വിമാനം കയറാനെത്തിയ റയാന്‍ കാര്‍ണേ വില്യംസ് എന്നയാളെ ബോര്‍ഡിങ്ങ് സെക്യൂരിറ്റി തടഞ്ഞത് അയാളുടെ വസ്ത്രധാരണരീതിയില്‍ അത്ഭുതം തോന്നിയാണ്. പിന്നീട് ചോദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചതായത്. ഇഷ്ടന്‍ പത്തു പാന്‍റും അത്ര തന്നെ ഷര്‍ട്ടും ധരിച്ചാണ് വിമാനത്തില്‍ കയറാനെത്തിയത്. പുറമേ കഴുത്തില്‍ വലിയൊരു മഫ്ളറും. തണുപ്പിനെ പ്രതിരോധിക്കാനാണ് ഇങ്ങനെ ചെയ്തത് എന്നു കരുതിയെങ്കില്‍ തെറ്റി, ഇത് ബാഗേജിന് അധികം നല്‍കേണ്ട 125 ഡോളര്‍ ഇല്ലാതിരുന്നതു കൊണ്ടു ചെയ്തതാണത്രേ. എന്തായാലും ബ്രിട്ടീഷ് എയര്‍വേസില്‍ യാത്ര ചെയ്യാന്‍ അധികൃതര്‍ സമ്മതിച്ചില്ല. സംഭവം ട്വിറ്ററില്‍ കൂടി റയാന്‍ തന്നെയാണ് പുറം ലോകത്തെ അറിയിച്ചത്.

ജോര്‍ജ് തുമ്പയില്‍

വാഷിംഗ്ടണ്‍ ഡി.സി ശ്രീനാരായണ മിഷന്‍ സെന്ററിന് പുതിയ നേതൃത്വം

വാഷിംഗ്ടണ്‍ ഡി.സി: ശ്രീനാരായണ മിഷന്‍ സെന്റര്‍ 2018 -19 കാലയളവിലേക്കുള്ള പുതിയ ഭരണാധികാരികളെ തെരഞ്ഞെടുത്തു. മേരിലാന്റ് ബെത്തേസ്ഡയിലുള്ള എലിമെന്ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ജനറല്‍ബോഡി യോഗമാണ് പുതിയ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തത്.

ബിന്ദു സന്ദീപ് (പ്രസിഡന്റ്), അനില്‍കുമാര്‍ (വൈസ് പ്രസിഡന്റ്), സുജിത് സുകുമാരന്‍ (സെക്രട്ടറി), ലത ധനജ്ഞയന്‍ (ജോയിന്റ് സെക്രട്ടറി), സുധാകര പണിക്കര്‍ (ട്രഷറര്‍), കൃഷ് ദിവാകര്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് സാരഥികള്‍. പതിനഞ്ച് അംഗ എക്‌സിക്യൂട്ടീവിലേക്ക് പീറ്റ് തൈവളപ്പില്‍, സന്ദീപ് പണിക്കര്‍, രത്‌നമ്മ നാഥന്‍, സന്തോഷ് കവനക്കുടി, മഹിതാ വിജിലി, റാണി ബാബു, കവിത ജയരാജ്, ഡോ. മുരളീരാജന്‍, ഭരത് മണിരാജ് എന്നിവരേയും തെരഞ്ഞെടുത്തു.

ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുകയും, ഗുരുവിനെ അറിയുന്ന ഒരു യുവ തലമുറയെ വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന ഒരു മഹത്തായ സംഘടനയായി മിഷന്‍ സെന്ററിനെ വളര്‍ത്താന്‍ പുതിയ കമ്മിറ്റി ആത്മാര്‍ത്ഥമായി ശ്രമിക്കുമെന്ന് പ്രസിഡന്റ് ബിന്ദു സന്ദീപ് പറഞ്ഞു.

ജൂലൈ 19 മുതല്‍ 22 വരെ തീയതികളില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ദേശീയ ശ്രീനാരായണ കണ്‍വന്‍ഷനില്‍ പങ്കെടുത്ത് ആ സംരംഭം വന്‍ വിജയമാക്കണമെന്ന് പുതിയ ഭാരവാഹികള്‍ എല്ലാ ശ്രീനാരായണ ഭക്തരോടും അഭ്യര്‍ത്ഥിച്ചു.

ജോയിച്ചന്‍ പുതുക്കുളം

പാറ്റകളുമായി തെയ്വാന്‍, ലക്ഷ്യമിടുന്നത് അമേരിക്കന്‍ വിപണി

ന്യൂയോര്‍ക്ക്: കൊഴുപ്പുകള്‍ ഇല്ലാത്ത, കൂടുതല്‍ വൈറ്റമിനുകള്‍ നല്‍കുന്ന പാറ്റകളെ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തു കോടികളുടെ ബിസിനസ്സ് സ്വന്തമാക്കാന്‍ തെയ്വാന്‍ ഒരുങ്ങുന്നു. ഇപ്പോള്‍ അമേരിക്കയിലുള്ള ചൈനീസ് വംശജരെയാണ് ലക്ഷ്യമിടുന്നതെങ്കിലും വൈകാതെ അമേരിക്കക്കാരെയും തങ്ങളുടെ ട്രാക്കിലാക്കാനാണ് ശ്രമം. ഇതിനായി, കോക്ക്റോച്ച് വിശേഷങ്ങളുമായി കയറ്റുമതിക്കാര്‍ രംഗത്ത് നിലയുറപ്പിച്ചു കഴിഞ്ഞു. തെയ്വാനില്‍ നിന്നും യുഎസിലേക്ക് പാറ്റകളെ എക്സ്പോര്‍ട്ട് ചെയ്യുന്ന തെയ്വാന്‍ സ്വദേശി റോബര്‍ട്ട് ചെന്‍ പറയുന്നത്, നേരമ്പോക്കിനായി തുടങ്ങിയ കച്ചവടം ഇന്നു ലക്ഷങ്ങള്‍ നല്‍കുന്ന ബിസിനസ്സായി വളര്‍ന്നു കഴിഞ്ഞുവെന്നാണ്. പല്ലിയെയും പാമ്പിനെയും തിന്നുന്നവര്‍ ഏറെയുള്ള കിഴക്കന്‍ രാജ്യങ്ങളിലെ ഇഷ്ടവിഭവങ്ങളിലൊന്നയ കോക്ക്റോച്ച് കയറ്റുമതി ചെയ്താണ് ചെന്‍ നേട്ടം കൈവച്ചത്. കൂടുതല്‍ പോഷകങ്ങള്‍, കുറഞ്ഞ കൊഴുപ്പ് എന്നിവയാണ്, പാറ്റ തീറ്റിക്കാരെ ആകര്‍ഷിക്കുന്നതെന്ന് ചെന്‍ പറയുന്നു. വീട്ടിലെ പാറ്റ വളര്‍ത്തല്‍ മതിയാകാതെ വന്നതോടെ അദ്ദേഹം ഇപ്പോഴത് വലിയൊരു ഫാം ഹൗസിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ നിന്ന് അമേരിക്കയിലേക്കും പാറ്റകളെ കയറ്റുമതി ചെയ്യുന്നു. ഒരു പൗണ്ട് പാറ്റയ്ക്ക് ഇപ്പോള്‍ 20 ഡോളറാണ് വില. അമേരിക്കന്‍ വിപണിയിലുള്ള ചൈനീസുകാരെ ലക്ഷ്യമിട്ടാണ് സംഗതി എത്തുന്നതെങ്കിലും ഒരുനാള്‍ അമേരിക്കക്കാരും പാറ്റ തീറ്റക്കാരായി മാറുമെന്നാണ് ചെന്നിന്‍റെ പ്രതീക്ഷ.

ജോര്‍ജ് തുമ്പയില്‍

ഗണ്‍ കണ്‍ട്രോള്‍: ഇല്ലിനോയിസില്‍ കര്‍ശന നിയമം കൊണ്ടുവരുമെന്നു ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥി ക്രിസ് കെന്നഡി

ഷിക്കാഗോ: വെടിവെയ്പിലൂടെ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്ന വലിയ നഗരങ്ങളിലൊന്നാണ് ഷിക്കഗോ. തോക്കിന് ലൈസന്‍സ് ഇല്ലാതെയും ചില ക്രമിനലുകളുടെ കൈവശം തോക്കുകള്‍ എത്തിച്ചേരാറുണ്ട്. ഇതിനെതിരെ കര്‍ശന നിയമം ഇല്ലിനോയിസില്‍ കൊണ്ടുവരുമെന്നു ഡമോക്രാറ്റിക് പാര്‍ട്ടി ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥി ക്രിസ് കെന്നഡി വെളിപ്പെടുത്തി. ഇന്ത്യന്‍ സാമൂഹ്യ സംഘടനാ നേതാക്കള്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ അങ്കിളും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായിരുന്ന ജോണ്‍ എഫ് കെന്നഡി, പിതാവും മുന്‍ അമേരിക്കന്‍ സെനറ്ററുമായിരുന്ന റോബര്‍ട്ട് കെന്നഡി എന്നിവര്‍ മരിച്ചത് വെടിയേറ്റാണ്. പിതാവിനെ തനിക്ക് വളരെ ചെറുപ്പത്തില്‍തന്നെ നഷ്ടമായതായി വികാരാധീനനായി അദ്ദേഹം പറയുകയുണ്ടായി.

രണ്ടാമതായി ഇല്ലിനോയിസിലെ പ്രോപ്പര്‍ട്ടി ടാക്‌സ് കുറയ്ക്കുന്നതിന് താന്‍ മുന്‍ഗണന നല്‍കും. മൂന്നാമതായി സംസ്ഥാനത്തിന്റെ സാമ്പത്തികശേഷി വര്‍ധിപ്പിക്കുക, കൂടുതല്‍ ജോലി സാധ്യകള്‍ ഉറപ്പുവരുത്തുക, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയുടെ ഗുണനിലവാരം ഉയര്‍ത്തുക എന്നിവയ്ക്കായിരിക്കും മുന്‍തൂക്കം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി എല്ലാ ഇന്ത്യക്കാരുടേയും സഹായ സഹകരണങ്ങള്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥി റേ ജോയ്, കുക്ക് കൗണ്ടി ട്രഷറര്‍ സ്ഥാനാര്‍ത്ഥി പിറ്റര്‍ ഗാരിപേയ്, ഗോപിയോ ഷിക്കാഗോ ചെയര്‍മാനും, ഇല്ലിനോയിസ് സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് ബോര്‍ഡ് കമ്മീഷണറുമായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, എഫ്.ഐ.എ മുന്‍ പ്രസിഡന്റ് കിര്‍ത്തി കുമാര്‍, ഇന്ത്യന്‍ അമേരിക്കന്‍ എത്‌നിക് കോയിലേഷന്‍ ചെയര്‍മാന്‍ ഡോ. വിജയ് പ്രഭാകര്‍, പ്രസിഡന്റ് കിഷോര്‍ മേത്ത, ഡോ. ശ്രീറാം സോണ്‍റ്റി, മൊഹിന്ദര്‍ സിംഗ്, മറ്റ് സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

സ്റ്റിയറിങ്ങില്ലാത്ത കാറുമായി ജനറല്‍ മോട്ടേഴ്സ് വിപണിയിലേക്ക്

ജോര്‍ജ് തുമ്പയില്‍

ന്യൂയോര്‍ക്ക്: ഡ്രൈവറുകളില്ലാത്ത വാഹനവുമായി ഗൂഗിള്‍ ഉള്‍പ്പെടെയുള്ളവര്‍ വന്‍ പരീക്ഷണങ്ങളുമായി മുന്നേറുമ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി ജനറല്‍ മോട്ടോഴ്സ് രംഗത്ത്. സ്റ്റിയറിങ്ങും പെഡലുകളും ഇല്ലാതെ പുതിയ വാഹനം നിരത്തിലിറക്കാന്‍ തങ്ങള്‍ സന്നദ്ധരാണെന്നും തങ്ങളുടെ പരീക്ഷണങ്ങള്‍ക്ക് നൂറില്‍ നൂറു മാര്‍ക്കും ലഭിച്ചിരിക്കുന്നുവെന്നുമാണ് അവരുടെ അവകാശവാദം. പുതിയ തലമുറയില്‍പ്പെട്ട വാഹനവിപണിയിലേക്ക് ഫുള്‍ ഓട്ടോമേഷന്‍ ടെക്നോളജിയുമായാണ് ജനറല്‍ മോട്ടോഴ്സ് എത്തുന്നത്. പുതിയ ക്രൂസ് എവി വിഭാഗത്തില്‍പ്പെട്ട ഷെവര്‍ലെ ബോള്‍ട്ട് ഇവി എന്ന വാഹനത്തില്‍ വെറുതെ കയറി ഇരുന്നാല്‍ മതി. ബ്രേക്ക് ഇല്ല, ആക്സിലേറ്റര്‍ ഇല്ല, സ്റ്റിയറിങ്ങ് ഇല്ല. വണ്ടി തനിയേ നീങ്ങിക്കൊള്ളും. എവിടേക്ക് പോകണം എന്നതു സംബന്ധിച്ച് വാഹനത്തിനുള്ളിലെ മാപ്പില്‍ രേഖപ്പെടുത്തിയാല്‍ മതി. എത്ര വേഗത്തില്‍ പോകണമെന്നും എത്ര സമയം കൊണ്ട് എത്തണമെന്നും അറിയിച്ചാല്‍ കൃത്യമായി വാഹനം അപകടമേതും കൂടാതെ ലക്ഷ്യസ്ഥാനത്ത് വാഹനത്തിലുള്ളവരെ എത്തിക്കും.

ഇത്തരത്തില്‍ ലോകത്തില്‍ ആദ്യത്തെ ‘പ്രൊഡക്ഷന്‍ റെഡി’ വാഹനങ്ങളാണ് ജനറല്‍ മോട്ടേഴ്സ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച സുരക്ഷാമാനദണ്ഡങ്ങളുമായി മുന്നോട്ടു പോകാനായി യുഎസ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ട്രാന്‍സ്പോര്‍ട്ടേഴ്സിനു ജിഎം കത്തു നല്‍കി. സാന്‍ഫ്രാന്‍സിസ്ക്കോയിലെയും ഫീനിക്സിലെയും തിരക്കേറിയ നഗരത്തില്‍ ഈ ഓട്ടോമേഷന്‍ കാറിന്‍റെ മാസങ്ങള്‍ നീണ്ട പരീക്ഷണ ഓട്ടം അവസാനിച്ചതിനു പിന്നാലെയാണ് ജനറല്‍ മോട്ടോഴ്സ് ഇതു വാണിജ്യാടിസ്ഥാനത്തില്‍ വില്‍ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്. ലേസര്‍ സെന്‍സര്‍, ക്യാമറ, റഡാര്‍ എന്നിവയെ വാഹനത്തിനുള്ളിലെ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് കാറിന്‍റെ ഓട്ടം നിജപ്പെടുത്തിയിരിക്കുന്നത്. ഇതിനു വേണ്ടി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത മാപ്പിങ് ടെക്നോളജിയുടെ സഹായത്തോടെയാണ് കാറിന്‍റെ സഞ്ചാരം. അടുത്ത വര്‍ഷത്തോടെ ഇത്തരത്തില്‍പ്പെട്ട കൂടുതല്‍ കാറുകള്‍ അമേരിക്കന്‍ നിരത്തുകള്‍ കൈയടക്കുമെന്നാണ് കരുതപ്പെടുന്നത്.

പി പരമേശ്വരന് പത്മവിഭൂഷന്‍

ഹിന്ദുത്വ ചിന്തയുടെ കേരളത്തിലെ ഏറ്റവും ശക്തമായ വക്താവ്

ആദിശങ്കരന്റെ അദ്വൈതബോധവും സ്വാമി വിവേകാനന്ദന്റെ സമരാത്മകതയും ശ്രീനാരായണ ഗുരുദേവന്റെ അനുകമ്പയും മഹര്‍ഷി അരവിന്ദന്റെ ആത്മജ്ഞാനവും കാറല്‍ മാര്‍ക്സിന്റെ അപഗ്രഥന പാടവവും ഭിന്നമാത്രകളില്‍ സ്വാംശീകരിച്ച ഒരാള്‍ ധ്യാനനിര്‍ഭരമായ മനസ്സും കര്‍മനിരതമായ ശരീരവും ആശയങ്ങളുടെ അക്ഷയസ്രോതസ്സായ ബുദ്ധിയും നല്‍കി ജഗദീശ്വന്‍ കനിഞ്ഞനുഗ്രഹിച്ച മഹാത്മാവ് .ദേശീയത എന്ന സങ്കല്‍പ്പത്തിന് ഭാവനയുടെ ചിറകുകള്‍ നല്‍കിയ കവി, ആദര്‍ശം മുഖമുദ്രയാക്കിയ ആര്‍എസ്എസ് പ്രചാരകന്‍, ആധുനിക കേരളം കണ്ട അതുല്യസംഘാടകന്‍, ഹിന്ദുത്വ ചിന്തയുടെ കേരളത്തിലെ ഏറ്റവും ശക്തമായ വക്താവ്, മാതൃഭാഷയായ മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും അയത്നലളിതമായും ആധികാരികമായും ആകര്‍ഷകമായും ഒരുപോലെ എഴുതാനും പ്രസംഗിക്കാനും കഴിയുന്നയാള്‍,സര്‍വോപരി ഹിന്ദുത്വ ദര്‍ശനത്തിന്റെ സൈദ്ധാന്തികന്‍…അവസാനിപ്പിക്കാന്‍ കഴിയാത്തതാണ് പി.പരമേശ്വര്‍ജിക്ക് നല്‍കാവുന്ന വിശേഷണങ്ങള്‍.ഇവയോരൊന്നും മറ്റാരെക്കാളും ഈ മഹാമനീഷി അര്‍ഹിക്കുന്നു.

ആലപ്പുഴ ചേര്‍ത്തലയിലെ മുഹമ്മയില്‍ ചാരമംഗലം എന്ന ഗ്രാമത്തില്‍, താമരശ്ശേരിയില്‍ പരമേശ്വരന്‍ ഇളയതിന്റെയും സാവിത്രി അന്തര്‍ ജനത്തിന്റെയും ഇളയമകനായി 1926 ലായിരുന്നു ജനനം. കന്നിമാസത്തിലെ തിരുവോണനാളില്‍. ധര്‍മ്മനിഷ്ഠമായ അന്തരീക്ഷമായിരുന്നു വീട്ടില്‍. മുടങ്ങാതെ ജപവും കൃത്യമായി പൂജയും ഒക്കെ നടന്നിരുന്നു. ഓര്‍മ്മവച്ച കാലം മുതല്‍ സംസ്‌കൃതവും അക്ഷരശ്ലേകവും കേട്ടാണ് കുട്ടിക്കാലം ചിലവിട്ടത്. ചുറ്റുപാടുമുള്ള കുട്ടികളെ ജേഷ്ഠന്മാരായ വാസുദേവനും കേശവനും സംസ്‌കൃതം പഠിപ്പിച്ചിരുന്നു. സിദ്ധരൂപവും അമരകോശവും അന്നേ പരിചയിച്ചിരുന്നു. അച്ഛന്‍ കവിത ചൊല്ലും അത്താഴം കഴിഞ്ഞ് ഒരുമിച്ചിരുന്നുള്ള അക്ഷരശ്ലോകവും പതിവായിരുന്നു. കമ്മ്യൂണിസത്തിന്റെ സ്വാധീനം ഗ്രാമത്തില്‍ ശക്തമായിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറിയായി കെ.കെ.കുമാരനായിരുന്നു ഏറ്റവും അടുത്ത സുഹൃത്ത്. പ്രാഥമിക വിദ്യാഭ്യാസം . അച്ഛനായിരുന്നു ആദ്യക്ഷരം കുറിപ്പിച്ചത്. പ്രാഥമിക വിദ്യാഭ്യാസം കായിക്കര ആര്‍.എല്‍.പി സ്‌കൂള്‍, ചേര്‍ത്തല ഗവണ്‍മെന്റ് സൂക്കൂള്‍ എന്നിവിടങ്ങളില്‍. ഈ സമയത്താണ് വയലാര്‍ രാമവര്‍മ്മ സഹപാഠിയായി വരുന്നത്. അദ്ദേഹവുമായി ആത്മാര്‍ത്ഥമായ സൗഹൃദബന്ധവും നിലനിര്‍ത്തി. കവിതയെഴുത്തിലായിരുന്നു ആദ്യകമ്പം. ചേര്‍ത്തലയില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ കവിതാമത്സരത്തില്‍ കൊളുകൊണ്ട വേമ്പനാട് എന്നവിശഷയത്തില്‍ ഒന്നാം സ്ഥാനം നേടി. രണ്ടാംസ്ഥാനം വയലാര്‍ രാമവര്‍മ്മയ്ക്കും. ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവല്‍ എഴുതിയ നാഗമയ്യയുടെ പേരിലുള്ള ഉപന്യാസമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്.സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് എഫ് എ. (ഫെലോ ഓഫ് ആര്‍ട്ട്‌സ്) പരീക്ഷയ്ക്കുള്ള രണ്ടുവര്‍ഷ കോഴ്‌സിന് തേര്‍ഡ് ഗ്രൂപ്പില്‍ ചങ്ങനാശ്ശേരി എസ്. ബി. കോളേജില്‍ ചേര്‍ന്നു.. എല്ലാ വിഷയങ്ങളിലും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെത്തിയത്.എം.എ ബിരുദത്തിന് തുല്യമായ ബിഎ ഓണേഴ്‌സിന് ഒന്നാംസ്ഥാനവും സ്വര്‍ണമെഡലും നേടി.

ചെറുപ്പംമുതല്‍ ആദ്ധ്യാത്മകതയുടേയും ദേശസ്‌നേഹത്തിന്റെയും സംയുക്ത പരിണയം മനസ്സില്‍ ഉണ്ടായിരുന്നു. ആഗമനാനന്ദസ്വാമിയുമായുള്ള അടുപ്പവും സഹവാസവും ആദ്ധ്യാത്മികതയിലേക്ക് കൂടുതല്‍ അടുപ്പിച്ചു. വിവേകാനന്ദരാമകൃഷ്ണ ദര്‍ശനങ്ങളോടായിരുന്നു കൂടുതല്‍ താല്‍പ്പര്യം.പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് കല്‍ക്കട്ട ബേലൂല്‍മഠം ആഗമാനന്ദസ്വാമിയോടൊപ്പം സന്ദര്‍ശിച്ചിരുന്നു. ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിലേക്ക് പോകാന്‍ സാധ്യതയും പ്രേരണയും ഉണ്ടായിരുന്നു.ആഗമാനന്ദനൊപ്പം വിദ്യാര്‍ത്ഥിജീവിതകാലത്തുതന്നെ ഭാരതതീര്‍ത്ഥാടനം നടത്തിയ പരമേശ്വര്‍ജി രാമകൃഷ്ണമിഷനില്‍നിന്ന് ദീക്ഷ സ്വീകരിച്ചു.

ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ പഠിക്കുമ്പോള്‍ അവിടെ യംങ്‌മെന്‍ അസോസിയേഷന്‍ എന്ന ഒരു സംഘടന രൂപീകരിച്ചിരുന്നു. അസോസിയേഷന്റെ പരിപാടിക്ക് എം പി മന്മഥനെ വിളിച്ചു. എന്‍ എസ് എസ് കോളേജിന്റെ വാര്‍ഡനായിരുന്നു അന്ന് അദ്ദേഹം. ശിവജിയുടേയും റാണാപ്രതാപന്റേയും ചിത്രത്തില്‍ രക്തമാലചാര്‍ത്തി പ്രതിജ്ഞ എടുക്കുന്ന സംഘടന വടക്കേ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഹിന്ദുക്കളുടെ നന്മക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പേര് രാഷ്ട്രീയ സ്വയം സേവക സംഘം എന്നാണെന്നും മന്മഥന്‍ പ്രസംഗത്തില്‍ പറഞ്ഞു. തുടര്‍ന്ന് പെരുന്നയില്‍ നടന്നിരുന്ന ശാഖയില്‍ പോയി. സംഘത്തെ അറിഞ്ഞിട്ടോ സ്വയംസേവകനെന്ന നിലയിലോ ആയിരുന്നില്ല അത്. ആ നിലയില്‍ പങ്കെടുക്കുന്നത് തിരുവനന്തപുരത്തെ ശാഖയിലാണ്. ഇപ്പോള്‍ സംസ്‌കൃതിഭവന്‍ നില്‍ക്കുന്നിടത്തായിരുന്നു ശാഖ. പിന്നീട് പ്രചാരകന്മാരായി മാറിയ എം എ കൃഷ്ണന്‍, പി നാരായണന്‍, പ്രകൃതി ചികിത്സയുടെ വക്താവായിരുന്ന വര്‍മ്മ , ബൊക്കാറോ സ്റ്റീല്‍ പ്‌ളാന്റിന്റെ ജനറല്‍ മാനേജരായി മാറിയ കുമാരസ്വാമി എന്നിവരൊക്കെ ഈ ശാഖയിലെ സ്വയംസേവകരായിരുന്നു.

സംഘത്തിന്റെ രണ്ടാമത്തെ സംര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറെ കാണാനിടയായത് വഴിത്തിരിവായി. തമിഴ്‌നാട്ടിലെ ആറ്റൂരില്‍ നടന്ന ക്യാമ്പില്‍ വെച്ചാണ് ഗുരുജിയെ ആദ്യം കാണുന്നത്. ഗുരുജിയുടെ വാക്കുകള്‍ കേട്ടപ്പോള്‍, ഇതുതന്നെയല്ല വിവേകാനന്ദന്‍ പറഞ്ഞത് എന്ന ചിന്ത വന്നു. വിവേകാന്ദന്‍ ഉണര്‍ത്തിവിട്ട പ്രേരണ പ്രയോഗികമാക്കുന്നത് സംഘപ്രവര്‍ത്തമാണെന്ന വിചാരം ശക്തമായി. ആഗമാനന്ദസ്വാമിയില്‍ നിന്ന് ഗുരുജിയിലേക്കുള്ള മാറ്റമായിരുന്നു അത്.

ഗാന്ധി വധത്തെത്തുടര്‍ന്ന് സംഘത്തെ നിരോധിച്ചപ്പോള്‍ ജയിലില്‍ പോകേണ്ടിവന്നു. തുടര്‍ന്ന് ആര്‍ എസ് എസ് പ്രചാരകനായി. ചങ്ങനാശ്ശേരിയിലും കൊല്ലത്തും നിയോഗിക്കപ്പെട്ടു. മുഖ്യമന്ത്രിയും എസ് എന്‍ ഡി പി യോഗം സെക്രട്ടറിയുമൊക്കെയായിരുന്ന ആര്‍ ശങ്കര്‍ ഉള്‍പ്പെടെ പ്രമുഖരെ ശാഖയില്‍ കൊണ്ടുവന്നു.പിന്നീട് പ്രവര്‍ത്തനമേഖല കോഴിക്കോട് കേന്ദ്രീകരിച്ച് മലബാറിലേക്ക് മാറ്റി. ഇക്കാലത്താണ് ഇപ്പോള്‍ ദേശീയതയുടെ മാധ്യമാവിഷ്‌കാരമായി മാറിയിരിക്കുന്ന ‘കേസരി’ വാരിക തുടക്കം കുറിച്ചത്. ‘കേസരി’യുടെ പത്രാധിപരായി.

1958 ല്‍ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി. ഒമ്പത് വര്‍ഷം ആ പദവിയില്‍ തുടര്‍ന്നു. 1967 ല്‍ കോഴിക്കോട് ചേര്‍ന്ന ജനസംഘത്തിന്റെ ദേശീയ സമ്മേളനത്തില്‍ ദേശീയ സെക്രട്ടറിമാരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെടുകയും അഞ്ചാറുവര്‍ഷം കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനുമായി. ഈ പദവിയിലിരിക്കെയാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും അതില്‍ പ്രതിഷേധിച്ച് അറസ്റ്റുവരിച്ചതും തടവനുഭവിച്ചതും. ജയില്‍മോചിതനായശേഷം ജനസംഘം ലയിച്ച് ജനതാപാര്‍ട്ടി രൂപീകൃതമായതോടെ കക്ഷിരാഷ്ട്രീയത്തോട് എന്നേക്കുമായി വിടപറഞ്ഞു. ദീനദയാല്‍ ഉപാധ്യായയുടെ ഓര്‍മയ്ക്കായി സ്ഥാപിക്കപ്പെട്ട ദല്‍ഹിയിലെ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് തുടര്‍ന്ന് പ്രവര്‍ത്തിച്ചത്.1982ല്‍ തിരിച്ചെത്തിയതുമുതല്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഡയറക്ടര്‍ എന്ന ചുമതല വഹിക്കുന്നു. ഒപ്പം കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തിന്റെ അധ്യക്ഷപദവിയും.

കമ്മ്യൂണിസ്റ്റാശയങ്ങള്‍ക്കൊപ്പം ഇടതുപക്ഷ രാഷ്ട്രീയത്തെയും അടുത്തറിഞ്ഞ പരമേശ്വരന്‍ സാര്‍വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ചെറുചലനങ്ങള്‍പോലും സൂക്ഷ്മമായി വീക്ഷിച്ചു. സോവിയറ്റ് യൂണിയനിലെ ഇരുമ്പുമറ തകര്‍ന്ന് അപ്രിയസത്യങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ടും മുഖംതിരിച്ചുനിന്ന ഇടതുപക്ഷ ബുദ്ധിജീവികളുടെ കാപട്യം പി പരമേശ്വരന്‍ തുറന്നുകാട്ടി. ഒടുവില്‍ സ്റ്റാലിനിസ്റ്റ് സ്വേച്ഛാധിപത്യത്തില്‍നിന്ന് മിഖായേല്‍ ഗോര്‍ബച്ചേവ് സോവിയറ്റ് യൂണിയനെ പുറത്തുകൊണ്ടുവന്നപ്പോള്‍ പരമേശ്വരന്റെ പ്രവചനങ്ങളാണ് ശരിവയ്ക്കപ്പെട്ടത്. ‘ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളും’ എന്ന പുസ്തകത്തിലൂടെ ഗോര്‍ബച്ചേവിന്റെ ആശയങ്ങളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയതും പരമേശ്വരനായിരുന്നു.ഇ.എം.എസ്.നമ്പൂതിരിപ്പാട് പലപ്പോഴും തന്റെ സൈദ്ധാന്തിക എതിരാളിയായി കണ്ടത് പരമേശ്വരനെയായിരുന്നു. ഇഎംഎസ് ഉന്നയിക്കുന്ന വാദഗതികള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയതോടൊപ്പം അദ്ദേഹത്തെ ഉത്തരംമുട്ടിക്കുന്ന മറുചോദ്യങ്ങളും പരമേശ്വരന്‍ ഉന്നയിച്ചുപോന്നു. ശങ്കരദര്‍ശനത്തെക്കുറിച്ചുള്ള സംവാദം ഇതിലൊന്നായിരുന്നു.

ഗ്രന്ഥകാരനെന്ന നിലയ്ക്ക് അദ്വിതീയമാണ് പരമേശ്വര്‍ജിയുടെ സ്ഥാനം. ആശയസമരത്തിന്റെ ശക്തമായ ആയുധങ്ങളും മാറ്റത്തിന് വഴിമരുന്നിടുന്നവയുമാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍. ഹിന്ദുധര്‍മവും ഇന്ത്യന്‍ കമ്മ്യൂണിസവും, സ്വാമി വിവേകാനന്ദനും കാറല്‍ മാര്‍ക്‌സും, മാര്‍ക്‌സില്‍നിന്ന് മഹര്‍ഷിയിലേക്ക് എന്നീ ഗ്രന്ഥത്രയങ്ങള്‍ മാര്‍ക്‌സിസത്തിന്റെ ജയാപജയങ്ങള്‍ പരിശോധിച്ച് ബദല്‍ നിര്‍ദ്ദേശിക്കുന്നു. ഭ്രാന്താലയത്തില്‍നിന്ന് തീര്‍ത്ഥാലയത്തിലേക്ക്, ശ്രീനാരായണ ഗുരുദേവന്‍ നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്നിവ കേരളത്തിന്റെ സാമൂഹ്യപരിഷ്‌കരണങ്ങള്‍ക്കു നേര്‍ക്കുപിടിച്ച കണ്ണാടിയാണ്. ഹാര്‍ട്ട്ബീറ്റ്‌സ് ഓഫ് ഹിന്ദു നേഷന്‍, ഭാരതം ഗതിയും നിയതിയും എന്നിവ ഭാവിഭാരതത്തിന്റെ രൂപരേഖ വരച്ചുകാട്ടുന്നു. സ്വാമി വിവേകാനന്ദനെ സോഷ്യലിസ്റ്റാക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോഴാണ് വിവേകാനന്ദനും മാര്‍ക്‌സും എന്ന മാസ്റ്റര്‍പീസ് (ഇംഗ്ലീഷിലും മലയാളത്തിലും) പിറവിയെടുത്തത്. ശ്രീനാരായണ ഗുരുദേവനെ ദേശീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന പരമേശ്വര്‍ജിയുടെ പുസ്തകത്തിലൂടെയാണ് കേരളത്തിനുപുറത്തുള്ളവര്‍ ആ മഹാത്മാവിന്റെ മഹത്വം ശരിയായി അറിഞ്ഞത്. അരവിന്ദദര്‍ശനത്തെ പരിചയപ്പെടുത്തുന്ന മഹര്‍ഷി അരവിന്ദന്‍ ഭാവിയുടെ ദാര്‍ശനികന്‍, ദിശാബോധത്തിന്റെ ദര്‍ശനം തുടങ്ങിയവയാണ് മറ്റ് ഗ്രന്ഥങ്ങള്‍. പരമേശ്വര്‍ജിയെന്ന കവിയെക്കുറിച്ച് മലയാളത്തിന്റെ മഹാകവി അക്കിത്തം തൃശൂരിലെ ജന്മാഷ്ടമി പുരസ്‌കാര സമര്‍പ്പണവേളയില്‍ പ്രഖ്യാപിച്ചത് സ്വാമി വിവേകാനന്‍, നാരായണഗുരു. പി. പരമേശ്വരന്‍ എന്നിവര്‍ ഒരേ ശ്രേണിയില്‍ തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന കവികളാണെന്നാണ്. എന്റെ ഈ വാക്കുകള്‍ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. പക്ഷേ ലോകം നാളെ അത് ഇങ്ങനെ തന്നെ വിലയിരുത്തുമെന്ന് അക്കിത്തം കൂട്ടിച്ചേര്‍ത്തു.വ്യത്യസ്തമായ പ്രശ്‌നങ്ങളോട് പ്രതികരിക്കുന്ന നൂറുകണക്കിന് ലേഖനങ്ങളും നിരവധി ലഘുലേഖകളും പരമേശ്വര്‍ജിയുടെ തൂലികയില്‍നിന്ന് പിറവിയെടുത്തിട്ടുണ്ട്.

ആദര്‍ശങ്ങളിലും വിശ്വാസങ്ങളിലും അണുവിടപോലും വിട്ടുവീഴ്ച ചെയ്യാതെ ഇടതുപക്ഷാധിപത്യമുള്ള കേരളത്തിന്റെ ബൗദ്ധികമണ്ഡലത്തില്‍ തന്റേതായ ഒരിടം കണ്ടെത്തിയ പരമേശ്വരന്‍ പ്രവര്‍ത്തിച്ച പ്രസ്ഥാനങ്ങളില്‍ മാത്രമല്ല പൊതുസമൂഹത്തിന്റെ കൂടി ആദരവും അംഗീകാരവും അദ്ദേഹം സ്വന്തമാക്കി. അംഗീകാരങ്ങള്‍ നിരവധിയാണ് പരമേശ്വര്‍ജിയെ തേടിയെത്തിയിട്ടുള്ളത്. ഹനുമാന്‍ പൊദ്ദാര്‍ പുരസ്‌കാരം, അമൃതകീര്‍ത്തി പുരസ്‌കാരം, ഹിന്ദു ഓഫ് ദ ഇയര്‍ പുരസ്‌കാരം, വിദ്യാധിരാജ ദര്‍ശന പുരസ്‌കാരം, ജന്മാഷ്ടമി പുരസ്‌കാരം, പത്മശ്രീ, കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, ആര്‍ഷസംസ്‌കാര പരമശ്രേഷ്ഠ പുരസ്‌കാരം എന്നിവ ഇവയില്‍പ്പെടുന്നു.