2018 ഫോമാ കണ്‍വന്‍ഷന് പൊളിറ്റിക്കല്‍ ഫോറം ഒരുങ്ങി കഴിഞ്ഞു

ചിക്കാഗോ: 2018 ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോ ഷാംബര്‍ഗ് റിനയസന്‍സ് കണ്‍വണ്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) ഇന്റര്‍നാഷണല്‍ കണ്‍വണ്‍ഷന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരിക്കുന്നു. പൊളിറ്റിക്കല്‍ ഫോറവും വ്യത്യസ്ഥങ്ങളായ രണ്ടുചര്‍ച്ചകള്‍ ഒരുക്കി കണ്‍വണ്‍ഷനേ ഒരു വലിയ വിജയമാക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഇന്‍ഡ്യയിലെ ബഹുഭൂരിപഷം ജനങ്ങളും ലോകം മുഴുവനും ചോധിക്കുന്ന ഒരു ചോദ്യമായ ഇന്‍ഡ്യന്‍ ജനാധിപത്യം അപകടത്തിലോ എന്ന വിഷയത്തില്‍ കേരളത്തിലേയും വടക്കേ അമേരിക്കയിലേയും പ്രഗത്ഭരായ രാഷ്ട്രിയ നേതാക്കള്‍ വിശകലനം ചെയ്യുന്ന ഈ ചര്‍ച്ചയില്‍ എം.എല്‍.എ മാരായ രാജു എബ്രാഹം, മോന്‍സ് ജോസഫ്, ഗാന്ധിജി യൂണിവേഴ്‌സിറ്റി യൂണിയന്‍ മുന്‍ ജനറല്‍ സിക്രട്ടറിയും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ കമ്മറ്റി മെപറുമായ അഡ്വ. ആര്‍. സനല്‍കുമാര്‍ , യു.എന്‍. ടെക്‌നോളജി ചീഫ് ആയിരുന്ന ജോര്‍ജ് എബ്രാഹം, ഫോമ മുന്‍ ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ് , കൈരളി റ്റി വി യുടെ യു.എസ്.എ ഡയറക്ടര്‍ ജോസ് കടാപുറം തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

പ്രവാസികള്‍ നേരിടുന്ന ഒ.സി.ഐ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഭാരതത്തിലെ പ്രോപര്‍ട്ടികള്‍ ക്രയ വിക്രയത്തില്‍ നേരിടുന്ന എശ്‌നങ്ങള്‍ എന്നിവയെ ക്രോഡികരിച്ച് കോണ്‍സുലാര്‍ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുള്ള ചര്‍ച്ചയില്‍ കോണ്‍സുലാര്‍ ജനറല്‍ നിഥാ ബൂഷണ്‍ ഉള്‍പ്പെടെ മറ്റു കോണ്‍സുലാര്‍ ഉദ്യോഗസ്ഥരുഠ പങ്കെടുക്കുന്നു.

കണ്‍വണ്‍ഷന്‍ പ്രതിനിധികള്‍ക്ക് ഈ ചര്‍ച്ചകള്‍ ഒരു മുതല്‍കൂട്ടും അനുഭവും ആയിരിക്കുമെന്ന് കണ്‍വണ്‍ഷന്‍ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ റോയി മുളകുന്നം പറയുന്നു.

ജോയിച്ചന്‍ പുതുക്കുളം

വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളും പുന്നത്തുറ സംഗമവും ജൂലൈ 1-ന് ചിക്കാഗോ സെന്റ് മേരീസ് പള്ളിയില്‍

ചിക്കാഗോ: ഭാരതത്തിന്റെ അപ്പസ്‌തോലനും പുരാതന പ്രസിദ്ധമായ പുന്നത്തുറ പഴയ പള്ളിയുടെ മധ്യസ്ഥനുമായ വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളും, ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന പുന്നത്തുറ നിവാസികളുടെ സംഗമവും സംയുക്തമായി ജൂലൈ ഒന്നാം തീയതി ഞായറാഴ്ച മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വച്ചു നടത്തപ്പെടുന്നു.

രാവിലെ 10 മണിക്കുള്ള തിരുനാള്‍ കുര്‍ബാനയ്ക്ക് വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍, ഫാ. ബിന്‍സ് ചേത്തലില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. 12 മണിക്ക് സ്‌നേഹവിരുന്നും അതിനെ തുടര്‍ന്നു പുന്നത്തുറ സംഗമവും നടത്തപ്പെടും.

ചിക്കാഗോയിലേക്ക് കുടിയേറിയ പുന്നത്തുറ നിവാസികള്‍ക്ക് പരസ്പരം പരിചയം പുതുക്കുന്നതിനുതകുന്ന ഈ പരിപാടിയിലേക്ക് എല്ലാവരേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിനോ കക്കാട്ടില്‍ (847 224 3016), ജസ്റ്റിന്‍ തെങ്ങനാട്ട് (847 287 5125) എന്നിവരുമായി ബന്ധപ്പെടുക.

റോയി ചേലമലയില്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ഫോമാ കണ്‍വന്‍ഷന് ഡാലസിലേക്കു സ്വാഗതം

റീജിയണ്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ നാളിതുവരെ ഏവരുടേയും സഹകരണത്തോടെ പ്രവര്‍ത്തിക്കുവാനും പ്രഫഷണല്‍ സമ്മിറ്റ് ഉള്‍പ്പെടെ ഏറ്റെടുത്ത കര്‍മ്മ പരിപാടികള്‍ മുഴുവന്‍ ചാരിതാര്‍ത്ഥ്യജനകമാം വിധം വിജയിപ്പിക്കുവാനും കഴിഞ്ഞതില്‍ എനിക്കു സന്തോഷമുണ്ട്.

ഇതോടൊപ്പം എന്നെ തിരഞ്ഞെടുത്ത് എല്ലാ വിധ സഹായസഹകരണങ്ങള്‍ നല്‍കിയ സതേണ്‍ റീജിയണിലെ എല്ലാ ഫോമ സുഹൃത്തുക്കളോടുമുള്ള നന്ദിയും സ്‌നേഹവും ഇവിടെ അറിയിക്കട്ടെ.

ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ അത്ഭൂതപൂര്‍വ്വമായ വളര്‍ച്ച നേടിയ ഫോമായുടെ ഒരു പ്രവര്‍ത്തകനാകുവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഫോമാ പ്രസിഡന്റ് ശ്രീ. ബന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ്, മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവരെ അഭിനന്ദിക്കുവാനും പ്രത്യേക നന്ദി അറിയിക്കുവാനും ഈ അവസരം ഉപയോഗിക്കട്ടെ.

യുവാക്കളും റിട്ടയര്‍മെന്റ് സ്വീകരിച്ച ആളുകളും ഏറ്റവും കുടുതല്‍ കുടിയേറുന്ന സംസ്ഥാനമായി ഇന്നു ടെക്‌സസ് മാറിക്കഴിഞ്ഞു. ഡാലസ്, ഹ്യൂസ്റ്റണ്‍, സാനന്റോണിയോ, മക്കാലന്‍ തുടങ്ങിയ നഗരങ്ങളില്‍ വസിക്കുന്ന മലയാളികളുടെ എണ്ണം ഏറെ വര്‍ദ്ധിച്ചു കഴിഞ്ഞിരിക്കുന്നു. മാത്രവുമല്ല സമീപ സ്‌റ്റേറ്റുകളിലെമലയാളി സംഘടനകളും സജീവമാണ്. സാമൂഹ്യമായും സാംസ്ക്കാരികമായും ഏറെ മുന്നില്‍ നില്‍ക്കുന്ന മലയാളി സംഘടനകളുടെ സജീവ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. ഫോമ കണ്‍വന്‍ഷന്‍ ടെക്‌സസില്‍ പ്രത്യേകിച്ചു ഡാലസില്‍ നടത്തുവാനുള്ള എല്ലാ അനുകൂലസാഹചര്യങ്ങളും ഇന്നു നിലവിലുണ്ട്. ഫോമാ ഹ്യൂസ്റ്റന്‍ നഗരത്തില്‍ പിറവി എടുത്തു എങ്കിലും അന്ന് ഒരു സമ്പൂര്‍ണ്ണ മനോഹാരിതയോടെ കണ്‍ വന്‍ഷന്‍ നടത്തുവാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. അതൊരു പ്രഥമ സൗഹൃദ കൂട്ടായ്മ മാത്രമായിരുന്നു എന്നു പറയാം. ഇപ്പോള്‍ ഡാലസ് ഒരു സമ്പൂര്‍ണ്ണ മലയാളി കണ്‍വന്‍ഷനു തയ്യാറായി നില്‍ക്കുന്നു.

പണമോ പദവിയോ പടമോ അല്ല യഥാര്‍ത്ഥവും അര്‍ഹവുമായ ഒരു തിരഞ്ഞെടുപ്പിനു അധാരം.
നേതൃത്വ പാടവവും സംഘടനാ പരിചയവും കാര്യശേഷിയുമുള്ളവര്‍ നേതൃത്വത്തിലേക്കു വരേണ്ടത് കാലത്തിന്റെ ആവശ്യമാണ്. അങ്ങനെ ഫോമാ ഉത്തരോത്തരം വളരണം. വ്യക്തികളേക്കാള്‍ സംഘടനയുടെ വളര്‍ച്ചയും ശക്തിയുമാണ് പ്രധാനം. തിരഞ്ഞെടുപ്പുകള്‍ വ്യക്തിപരമായ പോരാട്ടങ്ങള്‍
ആക്കിത്തീര്‍ക്കാതെ ഒരു സ്‌പോര്‍ട്മാന്‍ സ്പിരിറ്റോടെ നേരിടണം. നോര്‍ത്ത് അമേരിക്കയിലെ മലയാളികളുടെ സുശക്തവും സുതാര്യവും സുസമ്മതവുമായ ഒരു സംഘടനയായി ഫോമാ നിലനില്‍ക്കണം. സതേണ്‍ റീജിയണ്‍ വൈസ് പ്രസിഡന്റ് എന്ന നിലയിലും ഒരു സാംസ്ക്കാരിക
പ്രവര്‍ത്തകന്‍ എന്ന നിലയിലും ഫോമ കണ്‍വന്‍ഷന് ഡാലസിലേക്ക് ഹൃദ്യമായ സ്വാഗതമരുളുന്നു

ഹരി നമ്പൂതിരി
ഫോമാ സതേണ്‍ റീജിയണ്‍ വൈസ് പ്രസിഡന്റ്.

ഫിലിപ്പ് ചാമത്തിലിന് ന്യൂ യോർക്കിൽ സ്വീകരണം നൽകി

ന്യൂ യോർക്ക് സിറ്റി ബോറോസ് പ്രതിനിധാനം ചെയ്യുന്ന ഫോമ മെട്രോ റീജിയൻ ഫിലിപ്പ് ചാമത്തിൽ ടീമിന് പ്രൗഢ ഗംഭീരമായ വരവേൽപ്പ് നൽകി. ക്വീൻസ്സിൽ സ്ഥിതി ചെയ്യുന്ന രാജധാനി റെസ്റ്റാറൻറ്റിൽ വെച്ച് നടന്ന ചടങ്ങിൽ ന്യൂ യോർക്കിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു അൻപതിൽ അധികം ഡെലിഗേറ്റുകൾ പങ്കെടുത്തു. പ്രസിഡണ്ട് സ്ഥാനാർത്ഥി ഫിലിപ്പ് ചാമത്തിൽ, വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി വിൻസെന്റ് ബോസ്, സെക്രട്ടറി സ്ഥാനാർത്ഥി ജോസ് എബ്രഹാം, ജോയിന്റ് സെക്രട്ടറി സ്ഥാനാർത്ഥി രേഖ നായർ, ട്രഷറർ സ്ഥാനാർത്ഥി റെജി ചെറിയാൻ, ജോയിന്റ് ട്രഷറർ സ്ഥാനാർത്ഥി ജോസ് സെബാസ്റ്റ്യൻ എന്നിവരെ ആവേശ നിർഭരമായി ഏവരും സ്വാഗതം ചെയ്തു.

ഫോമാ മെട്രോ റീജിയൻ വൈസ് പ്രസിഡണ്ട് വറുഗീസ് ജോസഫ് പരിപാടുകൾക്ക് ചുക്കാൻ പിടിച്ച് ഏവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് വിവിധ സംഘടനാ നേതാക്കൾ ആശംസകൾ അർപ്പിച്ചു. ഫോമായിലെ സീനിയർ നേതാക്കളായ സജി എബ്രഹാം, കളത്തിൽ വർഗ്ഗീസ്, വർഗീസ് ചുങ്കത്തിൽ, ചാക്കോ കോയിക്കലത്ത് , തോമസ് ടി. ഉമ്മൻ എന്നിവരും വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു റോഷിൻ മാമ്മൻ, ബിനോയ് തോമസ്, വിജി എബ്രഹാം, ബെഞ്ചമിൻ ജോർജ്ജ്, ആനി ലിബു, ന്യൂ യോർക്ക് എമ്പയർ റീജിയനിൽ നിന്നും ബിജു ഉമ്മൻ, റോയ് ചെങ്ങന്നൂർ, മോൻസി വർഗീസ് എന്നിവരും ആശംസകൾ അർപ്പിച്ചു. ജോസ് വർഗീസ്,ഫിലിപ്പ് ചെറിയാൻ, ബേബി കുര്യാക്കോസ്, മാത്യു തോമസ്, ഫിലിപ്പ് ജോസഫ്, ജോസ് പോൾ, മാത്യു ജോഷ്വ, ശ്രീനിവാസൻ പിള്ള, ബെറ്റി ഉമ്മൻ, സിൽവിയ ഷാജി, ജിജി ജോസ്, ബിന്ദു വർഗ്ഗീസ് തുടങ്ങിയവർ ഡാലസ് ടീംന് പിന്തുണ പ്രഖ്യാപിച്ചു.

ഡാലസ് ടീം അംഗങ്ങളെ സദസ്സിന് പരിചയപ്പെടുത്തിയത് കേരള കൾച്ചറൽ അസോസിയേഷൻ സെക്രട്ടറി കൂടി ആയ സ്റ്റാൻലി കളത്തിൽ ആയിരുന്നു. ഊഷ്‌മള സ്വീകരണങ്ങൾക്ക് നന്ദി പറയുന്നതിനോടൊപ്പം ഫിലിപ്പ് ചാമത്തിൽ ഡാലസ് ടീമിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളെയും വിജയിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു. തങ്ങൾ വിജയിക്കുക ആണെങ്കിൽ അടുത്ത രണ്ട് വർഷങ്ങളിൽ സംഘടനക്ക്‌ വേണ്ടി ചെയ്യുവാൻ താൽപര്യപ്പെടുന്ന പദ്ധതികൾ ശ്രീ ചാമത്തിൽ വിവരിച്ചു. ശേഷം സെക്രട്ടറി സ്ഥാനാർത്ഥി ജോസ് എബ്രഹാം, വിൻസെന്റ് ബോസ്, രേഖ നായർ , ജോസ് സെബാസ്റ്റ്യൻ എന്നിവരും തങ്ങളുടെ കാഴ്ചപ്പാടുകൾ വിവരിച്ചു. ജയപരാജയത്തിന് അതീതമായി ഫോമാ എന്ന സംഘടനക്ക് വേണ്ടി ആണ് തങ്ങൾ പ്രവർത്തിക്കുന്നത് എന്ന് സ്ഥാനാർത്ഥികൾ ഒരേ സ്വരത്തിൽ വ്യക്തമാക്കി. സത്യം, ധർമ്മം, നീതി തുടങ്ങിയവയിൽ ഊന്നിയുള്ള പ്രവർത്തനം നടത്താൻ ആണ് ആഗ്രഹിക്കുന്നത് എന്നും അവർ കൂട്ടിച്ചേർത്തു. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഫിലിപ്പ് ചെറിയാൻ, ന്യൂ യോർക്ക് എമ്പയർ റീജിയൻ വൈസ് പ്രസിഡണ്ട് ആയി മത്സരിക്കുന്ന മോൻസി വർഗ്ഗീസ് തുടങ്ങിയവർക്ക് വിജയാശംസകൾ നേരുവാനും ഫിലിപ്പ് ചാമത്തിത്തിലും മറ്റ് സ്ഥാനാർത്ഥികളും മറന്നില്ല. അത്താഴ വിരുന്നോടെ പരിപാടികൾ അവസാനിച്ചു.

എന്‍ എസ് എസ് ദേശീയ സംഗമം : സുരേഷ് ഗോപി മുഖ്യാതിഥി

ഷിക്കാഗോ: ഷിക്കാഗോയില്‍ ആഗസ്റ്റ് 10, 11, 12 തീയതികളില്‍ നടക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാലാമത് ദേശീയ സംഗമത്തില്‍ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി മുഖ്യാതിഥി. ചിക്കാഗോ ഹില്‍ട്ടണ്‍ ഓക് ബ്രൂക് റിസോര്‍ട്ടില്‍ ആഗസ്റ്റ് 10, 11, 12 തീയതികളില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ സുരേഷ് ഗോപിക്ക് പുറമെ സാമൂഹ്യരംഗത്തെ പ്രമുഖരും നിരവധി കലാകാരന്മാരും പങ്കെടുക്കുമെന്ന് പ്രസിഡന്റ് എം.എന്‍.സി നായര്‍ , ജനറല്‍ സെക്രട്ടറി അജിത് നായര്‍, ട്രഷറര്‍ മഹേഷ് കൃഷ്ണ്ന്‍, ചെയര്‍മാന്‍ ജയന്‍ മുളങ്ങാട്, കോ ചെയര്‍മാന്‍ സുനില്‍ നായര്‍ എന്നിവര്‍ അറിയിച്ചു.

സ്ൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ ഇരിക്കുമ്പോഴും രാജ്യസഭാഗം എന്നനിലയില്‍ ഭരണ പങ്കാളിത്വം വഹിക്കുമ്പോഴും നായര്‍ സമുദായാഗം ആയതില്‍ അഭിമാനിക്കുന്നു എന്ന് പരസ്യമായി പറയാന്‍ മടികാണിക്കാത്ത സുരേഷ് ഗോപിയുടെ സാന്നിധ്യം പ്രചോദനമാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തനങ്ങളുമായി തുടക്കം മുതല്‍ സഹകരിച്ചിട്ടുള്ള സുരേഷ് ഗോപി മുന്‍പും കണ്‍വന്‍ഷനില്‍ പങ്കെടുത്തിട്ടുണ്ട്.

ഫോമാ കണ്‍വന്‍ഷനില്‍ പ്രവാസി പ്രശ്‌നങ്ങള്‍ കോണ്‍സുലാര്‍ ഉദ്യോഗസ്ഥരുമായി സംവദിക്കുവാന്‍ അവസരം

ഷിക്കാഗോ: 2018 ജൂണ്‍ 21 മുതല്‍ 24 വരെ തിയതികളില്‍ ഷിക്കാഗോ ഷാംബര്‍ഗ് റിനയ്‌സന്‍സ് കണ്‍വണ്‍ഷണ്‍ സെന്ററില്‍ നടക്കുന്ന ഫോമ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനില്‍ പ്രവാസികള്‍ നേരിടുന്ന ഒ.സി.ഐ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് പ്രശ്‌നങ്ങളിലും, പ്രവാസികളുടെ ഭാരതത്തിലെ പ്രോപര്‍ട്ടികളുടെ ക്രയവിക്രയം ചെയ്യുന്നതു പോലുള്ള വിഷയങ്ങളിലെ സംശയങ്ങള്‍ക്ക് നിവാരണം വരുത്തുന്നതിന് കോണ്‍സുലാര്‍ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചര്‍ച്ച നടത്തുന്നു

ഫോമ പൊളിറ്റിക്കല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ ചര്‍ച്ചയില്‍ കോണ്‍സുലര്‍ ജനറല്‍ നീത ബുഷാനും മറ്റ് കോണ്‍സുലാര്‍ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു

നിങ്ങളുടെ ചോദ്യങ്ങളും സംശയങ്ങളും താഴെ കാണുന്ന ഈമെയിലില്‍ അറിയിക്കുന്നതിന് ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ് റ്റി ഉമ്മനും, കണ്‍വണ്‍ഷന്‍ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ റോയി മുളകുന്നവും സംയുക്തമായി അറിയിക്കുന്നു.
Email Ttoindia@gmail.com

ജോയിച്ചന്‍ പുതുക്കുളം

ഒരു മാറ്റം അനിവാര്യം: മാധവന്‍ ബി നായര്‍

ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ ജൂലായ് 4 മുതല്‍ 7 വരെയുള്ള ദിവസങ്ങളില്‍ ഫിലാഡല്‍ഫിയയില്‍ വച്ച് നടക്കുന്ന പരിപാടികളെക്കുറിച്ച് നിങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞുകാണുമല്ലോ. ഫൊക്കാനയുടെ 2018 2020 കാലഘട്ടത്തിലേക്കുള്ള പ്രസിഡന്റായി ഞാനും മത്സരിക്കുന്നുണ്ട്. മത്സരിക്കുന്നുവെന്നു പറയുന്നില്ല മറിച്ച് ആ പദവിക്ക് അര്‍ഹനാണ് അതിനോട് നീതിപുലര്‍ത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന ഒരു മത്സരാര്‍ത്ഥി മാത്രം.

ഫൊക്കാന ആരംഭിച്ചിട്ട് ഇപ്പോള്‍ മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടു. പ്രാരംഭകാലങ്ങളില്‍ അതിന്റെ ഭാരവാഹികള്‍ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചത് അമേരിക്കന്‍ മലയാളികള്‍ അനുഭവിച്ച് വന്ന ഗൃഹാതുരത്വത്തിനു ഒരു ശമനം വരുത്തുകയെന്നതായിരുന്നു. അതിനായി നമ്മള്‍ നാട്ടില്‍ നിന്നും രാഷ്ട്രീയക്കാര്‍, സിനിമ താരങ്ങള്‍, സാഹിത്യകാരന്മാര്‍ തുടങ്ങിയവരെ കൊണ്ട് വന്നു. ചെണ്ട മേളങ്ങളും താലപ്പൊലികളും കൊണ്ട് ആഘോഷങ്ങള്‍ കൊഴുപ്പിച്ചു. ക്രമേണ ബിസ്‌നസ്സ് സെമിനാറുകളും, നാട്ടില്‍ വ്യവസായങ്ങളും നിക്ഷേപങ്ങളും നടത്താനുള്ള പദ്ധതികള്‍ക്കും തുടക്കമിട്ടു. എങ്കിലും പറയത്തക്ക ഒരു നേട്ടം നമ്മള്‍ നേടിയതായി കാണുന്നില്ല.

ഈ അവസരത്തില്‍ ഒരു വലിയ മാറ്റത്തിന് നമ്മള്‍ തായ്യാറാകണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അത് അമേരിക്കന്‍ മലയാളി സമൂഹത്തിനു നന്മയും പുരോഗതിയുമുണ്ടാകാന്‍ സഹായിക്കുന്നവയാകണം. പ്രസിഡന്റ് പദത്തിലേക്ക് എത്താന്‍ ശ്രമിക്കുന്ന ഞാന്‍ എന്റെ മനസിലുള്ള പദ്ധതികള്‍ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്.

അമേരിക്കന്‍ മലയാളി സമൂഹം ഫൊക്കാനയുടെ സ്ഥാപക വര്‍ഷത്തില്‍ നിന്നും എത്രയോ മടങ്ങു മുന്നോട്ടു പോയി. എന്നാല്‍ ഫൊക്കാനയുടെ ഇന്നുവരെയുള്ള പ്രവര്‍ത്തങ്ങളില്‍ അധികം മാറ്റങ്ങള്‍ വന്നതായി കാണുന്നില്ല. നമ്മള്‍ ഇപ്പോഴും ആ പഴയ പരിപാടികള്‍ തുടരുന്നതായി നിങ്ങള്‍ക്ക് തോന്നുന്നില്ലേ. ആലവട്ടവും, വെണ്‍ചാമരവും, താലപ്പൊലിയും ചെണ്ടമേളവും, സൗന്ദര്യമത്സരവും, സെമിനാറുകളും വേണ്ടെന്നു പറയുന്നില്ല. എന്നാല്‍ നമ്മുടെ പ്രവര്‍ത്തങ്ങള്‍ ഇനി മുതല്‍ അമേരിക്കന്‍ മലയാളികളുടെ ആവശ്യവും ആഗ്രഹവും അനുസരിച്ചായിരിക്കണം. അന്ന് ഫൊക്കാന സംഘടിപ്പിച്ചവരും അതില്‍ പങ്കു കൊണ്ടവരും ഇന്ന് വാര്‍ധക്യത്തില്‍ അല്ലെങ്കില്‍ മധ്യവയസ്സില്‍ എത്തിക്കഴിഞ്ഞു.

പലരും പെന്‍ഷന്‍ പറ്റി വിശ്രമജീവിതം നയിക്കുന്നു. ഇവിടെയുള്ള അമേരിക്കന്‍ മലയാളി സമൂഹം സമ്പന്നതയില്‍ കഴിയുന്നു അവര്‍ക്ക് സഹായങ്ങള്‍ ആവശ്യമില്ല എല്ലാം നാട്ടിലുള്ളവര്‍ക്കാണെന്ന തെറ്റിധാരണ മാറ്റുകയാണ് ആദ്യം വേണ്ടത്. നമ്മുടെ നാട് ഇന്ന് പുരോഗതിയുടെ പാതയിലാണ്. അവിടെ ജോലിക്കായി ആളുകള്‍ ബംഗാളികളെ കൊണ്ട് വന്നിരിക്കുന്നു. ഏകദേശം കണക്കനുസരിച്ച് അമ്പത് ലക്ഷത്തോളം ബംഗാളി ജോലിക്കാര്‍ ഇന്ന് കേരളത്തിലുണ്ട്. അതുകൊണ്ട് പണ്ടത്തെപോലെ അമേരിക്കന്‍ മലയാളികളുടെ സഹായം അവര്‍ക്ക് ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഉണ്ടായിരിക്കാം ഇല്ലായിരിക്കാം. നമ്മള്‍ പ്രവര്‍ത്തിക്കേണ്ടത് അമേരിക്കന്‍ മലയാളികള്‍ക്ക് വേണ്ടിയാണ്.

സീനിയര്‍ സിറ്റിസണ്‍ എന്ന പേരില്‍ അമേരിക്കയില്‍ അറിയപ്പെടുന്ന ഒരു മലയാളി സമൂഹം നമുക്കുണ്ട്. അവര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ട്, പരാതികള്‍ ഉണ്ട്. നമ്മള്‍ അതൊക്കെ മനസ്സിലാക്കി അതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്തണം. ഉദാഹരണത്തിന് മോദി സര്‍ക്കാര്‍ വരുത്തിയ പരിഷ്കാരങ്ങളുടെ ഫലമായി നാട്ടില്‍ ഭൂസ്വത്തുള്ളവര്‍ക്ക് അത് വില്‍ക്കാന്‍ പ്രയാസം, അവര്‍ക്ക് അവിടെ കുറച്ച് നാള്‍ താമസിക്കുമ്പോള്‍ അഭിമുഖീകരിക്കേണ്‍ടി വരുന്ന നിയമപ്രശ്‌നങ്ങള്‍, ചിലരുടെ പ്രായവുമായ മാതാപിതാക്കളുടെ സുരക്ഷാ, അങ്ങനെ ഒരു നീണ്ട പട്ടിക നമ്മുടെ മുന്നിലുണ്ട്. ഇവിടെയും വയസ്സായി ഒറ്റപ്പെട്ടവര്‍ ഉണ്ട്. അവര്‍ക്കും സഹായങ്ങള്‍ ആവശ്യമാണ്. അമേരിക്കയില്‍ പ്രാദേശിക തലത്തില്‍ പലയിടത്തും മലയാളികളുടെ സീനിയര്‍ സിറ്റിസണ്‍ സംഘടനകള്‍ ഉണ്ട്. പക്ഷെ അവയെല്ലാം കാര്യമായി പ്രവര്‍ത്തിക്കുന്നില്ല.

ഫൊക്കാന ഇത്തരം പ്രശ്‌നങ്ങള്‍ പഠിച്ച് അതിനു ഒരു പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കണം. കൂടാതെ വിശ്രമ ജീവിതം നയിക്കുന്ന ധാരാളം പ്രൊഫഷണലുകള്‍ നമ്മുടെയിടയിലുണ്ട്. അവര്‍ക്കെല്ലാം ഫൊക്കാനയില്‍ ഹോണററി അംഗത്വം നല്‍കി അവരുടെ സേവനം ഉപയോഗപ്പെടുത്തണം. പുതു തലമുറയും പഴയ തലമുറയും തമ്മിലുള്ള ഒരു സംഗമത്തിന് വേദിയൊരുക്കണം. അവിടെ വച്ച് നമ്മള്‍ ഭാരത സംസ്കൃതിയും സംസ്കാരവും അതിന്റെ ചരിത്രവും പുതിയ തലമുറക്കാരെ അറിയിക്കണം. നമുക്ക് സ്ഥിരം ഒരു സാഹിത്യവേദി ഉണ്ടാകണം. ഒരു ബിസ്‌നസ്സ് വിഭാഗമുണ്ടാകണം. ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു പ്രവര്‍ത്തനസമിതി സദാ തയ്യാറായിരിക്കണം.

ഫൊക്കാന ഒരു മതേതര സംഘടനയായത്‌കൊണ്ട് നമ്മള്‍ എല്ലാം ഭാരതീയര് എന്ന സാഹോദര്യമനോഭാവത്തോടെ എല്ലാവരുടെയും നന്മക്കായി പ്രവര്‍ത്തിക്കണം. ഇവിടെ നമ്മള്‍ക്ക് നാടുമായി എന്തെങ്കിലും പ്രശ്‌നഗങ്ങള്‍ ഉണ്ടായാല്‍ അവയെല്ലാം നാട്ടിലെ ഉയര്ന്ന ഭാരവാഹികളുമായി ചര്‍ച്ച് ചെയ്തു പരിഹാരം കാണാന്‍ നമ്മള്‍ പ്രാപ്തരാകണം. എല്ലാ അമേരിക്കന്‍ മലയാളികളും ഒറ്റ കെട്ടായി നിന്ന് നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കണം.

ജൂലായ് ഏഴാം തിയ്യതി വോട്ടിലൂടെ നിങ്ങള്‍ നിര്‍ണ്ണയിക്കുന്ന വ്യക്തിയായിരിക്കും പ്രസിഡന്റായി വരുന്നത്. അങ്ങനെ വോട്ട് ചെയ്യുമ്പോള്‍ എന്നെ ഓര്‍ക്കുക, പരിഗണിക്കുക. എന്റെ വിജയം അമേരിക്കന്‍ മലയാളികളുടെ വിജയമായിരിക്കും. ഒരു മാറ്റത്തിന്റെ കാറ്റ് വീശട്ടെ. അതിലൂടെ പഴയ കരിയിലകള്‍ പറന്നുപോയി ഒരു പുത്തന്‍ പ്രഭാതത്തിന്റെ പൊന്‍കിരണങ്ങള്‍ പരക്കട്ടെ. നമുക്ക് ഒരുമിച്ച് നേടിയെടുക്കാം ഒരു സമത്വസുന്ദരം സമൂഹം. നിങ്ങള്‍ക്ക് നിങ്ങളുടെ അഭിപ്രായങ്ങളുടെ എന്നെ സമീപിക്കാം. പരസ്പര വിശ്വാസത്തോടെ, സഹകരണത്തിലൂടെ ഒരു പ്രസ്ഥാനം വളരുന്നു.

എന്റെ വിജയം നിങ്ങളുടെ കയ്യിലാണ്. നിങ്ങളില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട്, വീണ്ടും കാണാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയോടെ,

സ്‌നേഹത്തോടെ
മാധവന്‍ ബി നായര്‍

ഫൊക്കാന ടാലന്റ് കോമ്പറ്റീഷന്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഫിലാഡല്‍ഫിയ: പ്രൗഢഗംഭീരമായ ഫൊക്കാന പതിനെട്ടാമത് അന്തര്‍ദേശീയ കണ്‍വന്‍ഷനുവേണ്ടിയുള്ള അരങ്ങുകള്‍ തയാറായിക്കഴിഞ്ഞു. ജൂലൈ 5 മുതല്‍ 8 വരെയുള്ള തീയതികളില്‍ ഫിലാഡല്‍ഫിയ വാലി ഫോര്‍ജിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ ഏറ്റവും പ്രാധാന്യമേറിയ ഒരു ഘടകമാണ് ടാലന്റ് കോമ്പറ്റീഷന്‍.

വിപുലീകരിച്ച ഒരു വലിയ കമ്മിറ്റിയുമായി ടാലന്റ് കോമ്പറ്റീഷന്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ എത്തിയതായി ടാലന്റ് കോമ്പറ്റീഷന്‍ ചെയര്‍ ഡോ. സുജാ ജോസ് അറിയിച്ചു.

സംഘടനകളുടെ സംഘടനയായ ഫൊക്കാന യുവജനങ്ങളെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന് ആഹ്വാനം ചെയ്യുക മാത്രമല്ല മറിച്ച് അതിനുവേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ ഒരുക്കാറുമുണ്ട്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ആസ്വാദ്യകരമായ ടാലന്റ് കോമ്പറ്റീഷന്‍ അതിന് ഉത്തമ ഉദാഹരണമാണ്. 7 മുതല്‍ 25 വയസ്സുവരെ പ്രായമുള്ള കുട്ടികളും യുവജനങ്ങളും പങ്കെടുക്കുന്ന വിവിധ കലാമത്സരങ്ങള്‍ ടാലന്റ് കോമ്പറ്റീഷന്റെ ഭാഗമാണ്. മലയാളത്തനിമയും സംസ്കാരവും കുട്ടികളില്‍ പകര്‍ന്നു നല്‍കി അവര്‍ക്കുവേണ്ട മാര്‍ഗ്ഗനിര്‍ദേശവും നല്‍കിയാല്‍ മാത്രമേ പില്‍ക്കാലത്ത് അവര്‍ ഫൊക്കാന പോലുള്ള സംഘടനകളിലേക്ക് കടന്നുവരുകയുള്ളൂ. നമ്മുടെ തലമുറ ഭാരത സംസ്കാരത്തിന്റെ ദീപശിഖയേന്തി കര്‍മ്മനിരതരാകുന്നത് ഓരോ മലയാളിയേയും സംബന്ധിച്ച് അഭിമാനകരവുമാണ്. നമ്മുടെ ആ ലക്ഷ്യം സാക്ഷാത്കരിക്കുവാന്‍ ഈ കാലഘട്ടത്തില്‍ നാം ചെയ്യേണ്ട ഒരു അവിഭാജ്യ ഘടകമാണ് കുട്ടികളുടേയും യുവജനങ്ങളുടേയും പങ്കാളിത്തം വിവിധ കലാമത്സരങ്ങളോടുകൂടിയ ടാലന്റ് കോമ്പറ്റീഷന്‍.

ഈവര്‍ഷത്തെ ടാലന്റ് കോമ്പറ്റീഷനില്‍ സോളോ സോംഗ്, സിംഗിള്‍ ഡാന്‍സ്, പ്രസംഗമത്സരം എന്നിവയാണ് പ്രധാന ഇനങ്ങള്‍. ഇതിനു പുറമെ സ്‌പെല്ലിംഗ് ബീ, മലയാളി മങ്ക, ബ്യൂട്ടി പേജന്റ് എന്നീ മത്സധങ്ങളും ഇതോടൊപ്പമുണ്ട്. ഫൊക്കാനയുടെ എല്ലാ റീജിയനുകളിലും മത്സരം നടത്തി അതില്‍ നിന്നും വിജയികളായവരാണ് അന്തര്‍ദേശീയ കണ്‍വന്‍ഷനിലെ ഗ്രാന്റ് ഫിനാലേയില്‍ പങ്കെടുക്കുന്നത്.

പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗീസ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, എന്നിവര്‍ ടാലന്റ് കോമ്പറ്റീഷനില്‍ വിജയിപ്പിക്കുവാനുള്ള എല്ലാ സഹായ സഹകരണങ്ങളും നല്‍കാറുണ്ടെന്നും അതുകൊണ്ടുതന്നെ ഇത് വന്‍ വിജയമാരിക്കുമെന്നും ഡോ. സുജാ ജോസ് അറിയിച്ചു. വിപുലീകരിച്ച ടാലന്റ് ഷോ കമ്മിറ്റിയില്‍ ഓരോ വിഭാഗത്തിലും നാലുവീതം കോ- ചെയര്‍മാന്‍മാര്‍ ഉണ്ട്.

പ്രസംഗമത്സര കമ്മിറ്റി കോ- ചെയേഴ്‌സ്: ജോര്‍ജ് ഓലിക്കല്‍, രഞ്ജിത് പിള്ള, അനിത ജോര്‍ജ്, മിനി എബി.

സംഗീതമത്സര കമ്മിറ്റി കോ- ചെയേഴ്‌സ്: ആല്‍വിന്‍ ആന്റോ, ബാല കെയാര്‍കെ, ബിന്ദു വര്‍ഗീസ്, ജെസ്സി കാനാട്ട്.

നൃത്തമത്സര കമ്മിറ്റി കോ- ചെയേഴ്‌സ്: സ്റ്റെഫി ഓലിക്കല്‍, ഉഷാ ജോര്‍ജ്, ജെസ്സി ജോഷി, പ്രീതി നായര്‍.

ഗ്രാന്റ് ഫിനാലേയിലേക്കുള്ള മത്സരാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ സഹായിച്ച എല്ലാ റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍ക്കും, ലോക്കല്‍ സംഘനടകള്‍ക്കും സുജാ ജോസ് നന്ദി പറഞ്ഞു.

അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലുള്ള കലാപ്രതിഭകളെ ഒരു കുടക്കീഴില്‍ അണിനിരത്തി ഇങ്ങനെയൊരു മത്സരമൊരുക്കുന്നതില്‍ സന്തോഷമുണ്ടെന്നും, യുവജനങ്ങളുടേയും ഫൊക്കാനയുടേയും വളര്‍ച്ചയ്ക്കുവേണ്ടിയുള്ള വരുംകാല പ്രവര്‍ത്തനോദ്ദേശത്തോടുകൂടി 2018- 20 -ലെ ഇലക്ഷനില്‍ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്ന വിവരവും സുജാ ജോസ് അറിയിച്ചു. ഫൊക്കാനയുടെ ദീര്‍ഘകാല പ്രവര്‍ത്തകയായ ലീലാ മാരേട്ടിനും, കലാ-സാംസ്കാരിക സംഘടനകളിലും പ്രവര്‍ത്തനമണ്ഡലങ്ങളിലും ഉന്നതവിജയം നേടിയ ഒരുപറ്റം പ്രതിഭകളോടൊപ്പമാണ് ഈ മത്സരരംഗത്തേക്ക് കടന്നുവരുന്നതെന്നും ഡോ. സുജാ ജോസ് അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ പെരുന്നാള്‍

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ഫ്രസ്നോ ഇല്ലിനോയിസ് സ്ട്രീറ്റിലുള്ള സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വി. പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപെരുന്നാള്‍ 2018 ജൂൺ 30 (ശനി) ജൂലൈ 1 (ഞായർ) തീയതികളില്‍ മലങ്കര ഓർത്തോഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ കൊണ്ടാടുന്നു.

ജൂൺ 30 ശനിയാഴ്ച വൈകിട്ട് 6-ന് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ എത്തിച്ചേരുന്ന മെത്രാപ്പോലീത്തയെ ഇടവക വികാരി ഇടവക വികാരി റവ.ഫാ.ഐസക് ബി. പ്രകാശിന്റെ നേതൃത്വത്തില്‍ ദേവാലയഭരണ സമിതിയംഗങ്ങളും വിശ്വാസികളും ചേര്‍ന്നു സ്വീകരിക്കും.തുടർന്ന് വൈകിട്ട് കൊടി ഉയര്‍ത്തുന്നതോടുകൂടി 2018 -ലെ പെരുന്നാൾ ശുശ്രൂഷകൾക്ക് തുടക്കം കുറിക്കും. സന്ധ്യാ പ്രാര്‍ഥനക്കുശേഷം നടക്കുന്ന വചനപ്രഘോഷണ ശുശ്രൂഷക്കും, റാസക്കും, ആശീർവാദത്തിനും അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും. തുടർന്ന് ഗാനശുശ്രൂഷയും ഉണ്ടായിരിക്കും

ജൂലൈ 1 ഞായാറാഴ്ച രാവിലെ 8 മണിക്ക് പ്രഭാത നമസ്കാരവും മാർ ദിമെത്രിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വി. മൂന്നിന്‍മേല്‍ കുര്‍ബാനയും ഉണ്ടായിരിക്കും. തുടര്‍ന്ന് റാസയും, മധ്യസ്ഥ പ്രാർഥനയും, ആശീര്‍വാദവും, സ്‌നേഹവിരുന്നിനും ശേഷം കൊടിയിറക്കോടു കൂടി പെരുന്നാള്‍ സമാപിക്കും.

ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളും ഇടവകയുടെ പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക വികാരി റവ.ഫാ.ഐസക് ബി. പ്രകാശ്, സെക്രട്ടറി ജോണി റ്റി. വർഗീസ് , ട്രസ്റ്റീ ജേക്കബ് ശാമുവേൽ, കൺവീനർമാരായ വർക്കി കുര്യക്കോ നിബു രാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന മാനേജിംഗ് കമ്മറ്റി അറിയിക്കുന്നു.

അമേരിക്കൻ മലയാളികളുടെ ശബ്ദം ആവണം ഫോമ – അനു സുകുമാർ (മുൻ RVP, സൗത്ത് വെസ്റ്റ് റീജിയൻ)

കഴിഞ്ഞ കാലയളവിൽ ഫ്ലോറിഡ, അറ്റ്ലാന്റ, നോർത്ത് കരോലിന, ടെന്നസി എന്നീ സംസ്ഥാനങ്ങൾ ചേർന്ന് സൗത്ത് ഈസ്റ്റ് റീജിയൻ വൈസ് പ്രസിഡണ്ട് ആയിരുന്നു ഞാൻ. 2014 ൽ 9 അസോസിയേഷനുമായി തുടങ്ങി 15 അസ്സോസിയേഷൻ ആയിട്ടാണ് സൗത്ത് ഈസ്റ്റ് റീജിയൻ മാറ്റിയത്. പിന്നീട് ഫ്ലോറിഡ മാത്രമായി ഒരു റീജിയൻ ആവുകയും ബാക്കി ഉള്ളവ ചേർന്ന് സൗത്ത് ഈസ്റ്റ് റീജിയൻ ആവുകയും ചെയ്തു.

ഫോമ അമേരിക്കൻ മലയാളികളുടെ മുഴുവൻ ശബ്ദം ആയി മാറണം എന്ന അഭിപ്രായം ആണ് എനിക്ക്. കാലാകാലങ്ങളിൽ ചിലർ അതിന്റെ ഭരണ സാരഥ്യം നിർവഹിക്കുന്നു എന്നല്ലാതെ മുഖ്യധാര പ്രശ്ങ്ങളിൽ സജീവമായി ഫോമ ഇറങ്ങുന്നില്ല എന്ന് പറയാം. ചെറുപ്പക്കാർക്ക് കൂടുതൽ അവസരം കൊടുക്കുകയും അത് വഴി കൂടുതൽ പുതിയ ആശയങ്ങൾ സംഘടനയിലേക്ക് കൊണ്ട് വരുകയുമാണ് വേണ്ടത്. എന്ത് കൊണ്ടാണ് രണ്ടും മൂന്നും തലമുറ സംഘടനയിൽ നിന്നും മാറി നിൽക്കുന്നത് എന്ന് ചിന്തിക്കണം. എന്തേ നിങ്ങളുടെ കുട്ടികളെ ഒന്നും സംഘടനയിൽ കാണാത്തത് എന്ന് നേതാക്കൾ വിശദീകരിക്കണം. നാളെ എന്റെ കുട്ടികൾക്ക് ഫോമയിൽ വന്നാൽ എന്താണ് പ്രയോജനം, അവരെ ഏത് രീതിയിൽ ഈ സംഘടനയിൽ പ്രവർത്തിപ്പിക്കാം എന്നതിൽ എനിക്ക് ആശങ്കയുണ്ട്. ഫാമിലി കൺവെൻഷൻ എന്ന് പറയുമ്പോഴും എത്ര പേരാണ് ശരിക്കും ഫാമിലിയെ ഈ കൺവെൻഷന് കൊണ്ട് വരുന്നത്? പല നേതാക്കൾ പോലും അവരുടെ ഫാമിലിയെ അകറ്റി നിർത്തുന്നത് ഈ സംഘടനയോട് ചെയ്യുന്ന തെറ്റാണ് എന്ന് പറയണം.

പുതിയ പ്രദേശങ്ങളിലേക്ക് സംഘടന വ്യാപിപ്പിക്കണം. കൂടുതൽ ചെറുപ്പക്കാരെ ഇതിലേക്ക് ആകര്ഷിക്കുവാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യണം. ചെറുപ്പക്കാരെ ഭരണത്തിലെറ്റി സീനിയർ നേതാക്കൾ മാർഗ്ഗദർശികൾ ആയി മാറി നിൽക്കണം. മുഖ്യധാരാ പ്രശ്ങ്ങളിൽ സജ്ജീവമായി ഫോമ ഇടപെടണം. അമേരിക്കയിൽ ജീവിക്കുന്ന മലയാളികൾക്ക് പണം അല്ല വേണ്ടത് മറിച്ചു അവന് ഒരു പ്രശ്‌നം വരുമ്പോൾ അവന്റെ ഒപ്പം നിൽക്കാൻ ശക്തിയുള്ള ഒരു സംഘടന ആണ്. കഴിവുള്ളവരെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കണം. അത് പോലെ രണ്ടും മൂന്നും തലമുറയിൽപെട്ടവർക്ക് കൂടുതൽ അവസരം കൊടുക്കണം. രേഖ നായർ ഫോമയുടെ അഭിമാനം ആണെന്ന് നിസ്സംശയം പറയാം.

കോളേജ് യൂണിവേഴ്സിറ്റി തലത്തിൽ ഫോമ സ്റ്റുഡന്റസ് ഫോറം രൂപീകരിക്കുന്നത് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. നാട്ടിൽ നിന്നും അമേരിക്കയിൽ എത്തിയ ശേഷം രാഷ്ട്രീയം കളിക്കാനുള്ള വേദി ആവരുത് ഇവിടെ ഉള്ള ദേശിയ സംഘടനകൾ. ഫോമ എന്ന സംഘടന സാധാരണ മലയാളി കുടുംബത്തിൽ എത്ര മാത്രം സ്വാധീനിക്കാൻ കഴിയും എന്നതിനെ കുറിച്ചും ചിന്തിക്കണം. പുതിയ ആളുകൾക്ക് വേണ്ടി പഴയ ആളുകൾ മാറി കൊടുക്കണം. രണ്ടും മൂണും തലമുറ മുഖ്യധാരയിൽ നിലനിർത്തണം. അവരുടെ ആശയങ്ങൾ കൂടി പ്രാബല്യത്തിൽ വരുത്തണം. അപ്പോൾ ഫോമ വളരും, ദേശിയ സംഘടന ആവും, എല്ലാവരും അംഗീകരിക്കും. അത് കാണുവാൻ വേണ്ടി ഞാൻ കാത്തിരിക്കുന്നു…

രണ്ട് വർഷത്തെ പ്രവർത്തനത്തിന്റെ ഒരു പര്യവസാനം മാത്രം ആവണം കൺവെൻഷൻ. അത് എവിടെ വെച്ച് നടത്തണം എന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റി ആവണം. എല്ലാ സ്ഥാനാർത്ഥികൾക്കും എന്റെ വിജയാശംസകൾ. ഏവരെയും ചിക്കാഗോയിൽ കാണാം എന്ന പ്രതീക്ഷയിൽ നിർത്തട്ടെ.