സെന്റ് മേരിസില്‍ വി.തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ആഘോഷിച്ചു

ചിക്കാഗോ: ഭാരതത്തിന്റെ അപ്പസ്‌തോലന്‍ വി.തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ ആഘോഷിച്ചു. ജൂലൈ 1 ഞായറാഴ്ച രാവിലെ പത്തു മണിക്ക് ആഘോഷമായി നടത്തിയ തിരുക്കര്‍മ്മങ്ങളിലും വിശുദ്ധ കുര്‍ബാനയിലും റവ.ഫാ. തോമസ് മുളവനാല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ പുന്നത്തറ പഴയ പള്ളിയുടെ മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ചിക്കാഗോയില്‍ വസിക്കുന്ന പുന്നത്തറ ഇടവകങ്ങളുടെ സഹകരണത്തിലും നേതൃത്വത്തിലും മാണ് നടത്തപ്പെട്ടത്. വി. കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി ഫാ. തോമസ് മുളവനാലിന്റെ നാമഹേതുദിനം ഇടവകയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളും, പാരിഷ് കൗണ്‍സില്‍ മെമ്പേഴ്‌സും,എല്ലാ തോമസ് നാമധാരികളും ഒത്തൊരുമിച്ച് കേക്കുമുറിച്ച് ആചരിച്ചു.

തദവസരത്തില്‍ എക്‌സിക്യൂട്ടീവ് യുവജന പ്രതിനിധി അംഗം ടോണി കിഴക്കേക്കുറ്റ് തോമസ് അച്ഛന് നാമഹേതു തിരുനാള്‍ ആശംസിച്ച് സംസാരിച്ചു . ഈവര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികള്‍ ഒരുമാസത്തോളം അനുദിനം മുടങ്ങാതെ പള്ളിയില്‍ വന്ന് വിശുദ്ധകുര്‍ബാനയില്‍ സജീവമായി സംബന്ധിക്കുന്നതിന് ഏര്‍പ്പെടുത്തിയ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ കരസ്ഥമാക്കിയ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

തിരുനാള്‍ ആചരണ ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിന് ചര്‍ച്ച എക്‌സിക്യൂട്ടീവ് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി. നൂറുകണക്കിന് ജനങ്ങള്‍ പങ്കെടുത്ത തിരുനാള്‍ ആഘോഷങ്ങളുടെ സമാപനത്തില്‍ പുന്നത്തറ ഇടവകാഗംങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ജോണ്‍ കല്ലോലിക്കല്‍ ഫൊക്കാന ആര്‍.വി.പിയായി മത്സരിക്കുന്നു

റ്റാമ്പാ: മൂന്നു ദശാബ്ദത്തിലധികമായി സാമൂഹിക-സാംസ്കാരിക- രാഷ്ട്രീയ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോണ്‍ കല്ലോലിക്കല്‍ ഫ്‌ളോറിഡയില്‍ നിന്നും ഫൊക്കാന ആര്‍.വി.പിയായി മത്സരിക്കുന്നു.

കോളജ് പഠനകാലത്ത് കോളജ് യൂണിയന്‍ ചെയര്‍മാന്‍, കെ.എസ്.യു താലൂക്ക് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചശേഷം ജോണ്‍ കല്ലോലിക്കല്‍ ഉദ്യോഗാര്‍ത്ഥം ഡല്‍ഹിയിലേക്ക് കുടിയേറി. അവിടെ ജോലി ചെയ്തിരുന്ന 15 വര്‍ഷം വിവിധ മലയാളി സാമൂഹിക- സാംസ്കാരിക സംഘടനകളുമായി ഇടപഴകുവാന്‍ സാധിച്ചു.

നിലവില്‍ മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ (എം.എ.ടി) സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ജോണ്‍ കഴിഞ്ഞവര്‍ഷം മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പാ നടത്തിയ ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് ഓണസദ്യയുടെ ഫുഡ് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാനായിരുന്നു.

താന്‍ ആര്‍.വി.പിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഫൊക്കാന ഫ്‌ളോറിഡ റീജിയനെ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് നയിക്കുമെന്നും നാളിതുവരെ പരിപാലിച്ചുവരുന്ന പൊതുരംഗത്തെ മാന്യതയും സത്യസന്ധതയും ആത്മാര്‍ത്ഥതയും തുടര്‍ന്നും ഉണ്ടായിരിക്കുമെന്നും ജോണ്‍ ഉറപ്പുനല്‍കുന്നു.

പിന്നിട്ട പാതയിലെ പ്രവര്‍ത്തനക്ഷമതയും സത്യസന്ധതയുമാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്നും, വാക്കിനേക്കാള്‍ പ്രവര്‍ത്തിയിലാണ് താന്‍ വിശ്വസിക്കുന്നതെന്നും ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കുന്നതിനു എത്ര കഠിനമായ പ്രയത്‌നം നടത്താനും താന്‍ തയാറാണെന്നും ജോണ്‍ വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം സംഘടനയോട് നൂറുശതമാനം കൂറ് പുലര്‍ത്തുകയും എല്ലാവരേയും സമഭാവനോയോടെ കാണുകയും സത്യസന്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നു ജോണ്‍ വാക്കുതരുന്നു.

എല്ലാ പ്രതിനിധികളും വോട്ട് നല്‍കി വിജയിപ്പിക്കണമെന്നു ജോണ്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ജോയിച്ചന്‍ പുതുക്കുളം

സി.എസ്.ഐ കൗണ്‍സില്‍ രജതജൂബിലി നിറവില്‍

വടക്കേ അമേരിക്കയിലുള്ള സി.എസ്.ഐ ഇടവകകളുടെ ഭരണസമിതിയായ സി.എസ്.ഐ നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍ രൂപീകൃതമായിട്ട് 2019-ല്‍ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജതജൂബിലി ആഘോഷങ്ങള്‍ ജൂലൈ എട്ടാംതീയതി ഞായറാഴ്ച ഉദ്ഘാടനം ചെയ്യും.

ജൂലൈ 8-ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ജോസഫ് ജെ. സ്വീന്‍സി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് (380 ക്രാന്‍ബറി റോഡ്, ഈസ്റ്റ് ബ്രൗണ്‍സ് വിക്, എന്‍.ജെ 08816) ഒരു സ്‌തോത്ര ശുശ്രൂഷ നടത്തപ്പെടും. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, പെന്‍സില്‍വാനിയ, കണക്ടിക്കട്ട് സംസ്ഥാനങ്ങളിലുള്ള സി.എസ്.ഐ ഇടവകകള്‍ സംയുക്തമായി ഈ സ്‌തോത്ര ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. സി.എസ്.ഐ സഭയുടെ പരമാധ്യക്ഷന്‍ മോസ്റ്റ് റവ. തോമസ് കെ. ഉമ്മന്‍ തിരുമേനി ആരാധനയ്ക്ക് നേതൃത്വം നല്‍കും.

ആരാധനയ്ക്കുശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ സി.എസ്.ഐ ജനറല്‍ സെക്രട്ടറി റവ. ഡോ. സി.ആര്‍. സദാനന്ദ മുഖ്യ സന്ദേശം നല്‍കും. രജതജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീര്‍ പ്രകാശനം ഈസ്റ്റ് ബ്രൗണ്‍സ് വിക് മേയര്‍ ഹോണറബിള്‍ ബ്രാഡ് ജെ. കോളന്‍ നിര്‍വഹിക്കും.

ജൂലൈ 8-ന് 10 മണിക്ക് നടക്കുന്ന സ്‌തോത്ര പ്രാര്‍ത്ഥനയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കുന്നതിന് എല്ലാ സി.എസ്.ഐ സഭാ വിശ്വാസികളേയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. വില്യം ഏബ്രഹാം (കൗണ്‍സില്‍ വൈസ് പ്രസിഡന്റ്) 832 288 7859, മാത്യു ജോഷ്വാ (കൗണ്‍സില്‍ സെക്രട്ടറി) 516 761 2406, റവ. ജോബി ജോയി (ജനറല്‍ കണ്‍വീനര്‍) 848 247 8005, ബിജു ഉമ്മന്‍ (പബ്ലിസിറ്റി കണ്‍വീനര്‍) 914 523 9501.

ജോയിച്ചന്‍ പുതുക്കുളം

അഭിഷേകാഗ്നി ധ്യാനം ഡാലസിൽ ജൂലൈ 6, 7, 8 തീയതികളിൽ

ഗാര്‍ലാന്‍ഡ്‌ (ഡാലസ്): അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രി സ്‌ഥാപക – ഡയറക്ടറും പ്രശസ്ത ധ്യാന ഗുരുവുമായ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ധ്യാനം ജൂലൈ 6, 7, 8 (വെള്ളി – ഞായർ) തീയതികളിൽ ഡാളസ് സെന്റ്‌ തോമസ്‌ സിറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ നടക്കും.
വൈകുന്നേരം 4 മണിമുതൽ 9 മണിവരെയാണ് ധ്യാനം. പ്രശസ്ത ധ്യാന ഗുരു ഫാ. സാജു ഇലഞ്ഞിയിലും ധ്യാനശുശ്രൂഷയില്‍ പങ്കെടുക്കും.

വിശ്വാസികളേവരേയും ധ്യാനത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ഫൊറോന വികാരി ഫാ. ജോഷി എളമ്പാശ്ശേരിൽ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
മൻജിത് കൈനിക്കര : 972-679-8555
മോൻസി വലിയവീട് : 214-562-6399

മാർട്ടിൻ വിലങ്ങോലിൽ

അന്താരാഷ്ട്ര യോഗാ ദിനം ഗ്രീന്‍ബര്‍ഗില്‍ വിപുലമായി കൊണ്ടാടി

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടേയും, ഇന്ത്യന്‍ കോണ്‍സുലേറ്റിന്റേയും, ഗ്രീന്‍ബര്‍ഗ് പാര്‍ക്ക് ആന്‍ഡ് റിക്രിയേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ നാലാമത് അന്താരാഷ്ട്ര യോഗാദിനം വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടിയിലെ (ന്യൂയോര്‍ക്ക്) ഗ്രീന്‍ബര്‍ഗ് റിച്ചാര്‍ഡ് പ്രസര്‍ പാര്‍ക്കില്‍ ജൂണ്‍ 23-നു നൂറിലധികം തദ്ദേശവാസികളായ യോഗ അനുയായികളുടെ സജീവ സാന്നിധ്യത്തില്‍ ആഘോഷിച്ചു.

ഇന്ത്യന്‍ കോണ്‍സുലേറ്റിന്റേയും ഗ്രീന്‍ബര്‍ഗ് പാര്‍ക്‌സ് ആന്‍ഡ് റിക്രിയേഷന്റേയും സപ്പോര്‍ട്ടോടുകൂടി യോഗാദിന പരിപാടികള്‍ പ്ലാന്‍ ചെയ്തു. വളരെയേറെ ഉത്സാഹത്തോടുകൂടി ഈ പ്രോഗ്രാം ടൗണിന്റെ പരിപാടിയായി തന്നെ നടത്താനും അതിനുള്ള വേദിയും, യോഗയില്‍ ജനങ്ങള്‍ക്ക് അവബോധമുണ്ടാക്കുന്നതിനായി ഗ്രീന്‍ബര്‍ഗ് നേച്ചര്‍ സെന്ററില്‍ ആഴ്ചയില്‍ രണ്ടു ദിവസം യോഗ പരിശീലനം നടത്തുന്നതിനുള്ള സൗകര്യവും പാര്‍ക്ക് ആന്‍ഡ് റിക്രിയേഷന്‍ കമ്മീഷണര്‍ ജെറാള്‍ഡ് ബൈറിനും, ഗ്രീന്‍ബര്‍ഗ് നേച്ചര്‍ സെന്റര്‍ ഡയറക്ടര്‍ മാര്‍ഗരറ്റ് ഗോള്‍ഡ് ബെര്‍ഗുമായി സംസാരിച്ച് ടൗണ്‍ സൂപ്പര്‍വൈസര്‍ മിസ്റ്റര്‍ പോള്‍ ഫെയ്‌നര്‍ ഏര്‍പ്പാടാക്കി. ഇതികൂടാതെ ടൗണിന്റേയും നേച്ചര്‍ സെന്ററിന്റേയും കലണ്ടറിലെ സോഷ്യല്‍ മീഡിയയിലും പ്രസിദ്ധീകരിച്ചും യോഗ ദിനത്തിനായി ഗ്രീന്‍ബര്‍ഗ് ടൗണ്‍ ടീം നിര്‍ലോഭമായി ചെയ്തുതന്ന സഹായങ്ങള്‍ ശ്ശാഘനീയമാണ്.

യോഗദിനത്തില്‍ പ്രൊജക്ട് സെല്‍ഫ് യു.എസ്.എ, യോഗ ട്രെയിനര്‍ ഗുരു പ്രീത് കൗര്‍, ഡോ. വിമല ഭട്ട്, ഗുരു ദിലീപ് കുമാര്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് ശിവദാസന്‍ നായര്‍ എന്നിവര്‍ യോഗ ലീഡ് ചെയ്തു.

ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനെ പ്രതിനിധീകരിച്ച് കൗണ്‍സില്‍ ദേവദാസന്‍ നായര്‍, ഗ്രീന്‍ബര്‍ഗ് ടൗണ്‍ സൂപ്പര്‍വൈസര്‍ പോള്‍ ഫെയ്‌നര്‍, പാര്‍ക്ക് ആന്‍ഡ് റിക്രിയേഷന്‍ കമ്മീഷണര്‍ ജെറാള്‍ഫ് ബൈറന്‍ എന്നിവര്‍ ഗ്രീന്‍ബര്‍ഗ് നിവാസികളോടൊപ്പം ആദ്യാവസാനം യോഗയില്‍ പങ്കെടുത്തു.

വൈറ്റ് പ്ലെയിന്‍സ് ഹോസ്പിറ്റല്‍ യോഗ മാറ്റുകളും, ഇന്ത്യന്‍ കോണ്‍സുലേറ്റ് ടീ ഷര്‍ട്ടുകളും നല്‍കി ഈ പരിപാടിയെ സപ്പോര്‍ട്ട് ചെയ്തതും ഇത്തരുണത്തില്‍ സ്മരണീയമാണ്.

പ്രവചനത്തെ തെറ്റിച്ച് മനോഹരമായ കാലാവസ്ഥയും പരിപാടിയുടെ വിജയത്തിന് അനുകൂലമായി. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ശിവദാസന്‍ നായര്‍ എല്ലാവരേയും സ്വാഗതം ചെയ്തു. ഡോ. ഭാവന പഹ്വ നന്ദിയും രേഖപ്പെടുത്തി. ഡോ. ജയശ്രീ നായര്‍ എം.സി ആയിരുന്നു.

ജോയിച്ചന്‍ പുതുക്കുളം

മാസ്ക് അപ്‌സ്റ്റേറ്റ് ഓണാഘോഷങ്ങള്‍ ഓഗസ്റ്റ് 25-ന്

സൗത്ത് കരോലിന: മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോലിന (മാസ്ക്) അപ്‌സ്റ്റേറ്റ് ഓണാഘോഷം ഓഗസ്റ്റ് 25-നു ശനിയാഴ്ച ഗ്രീന്‍വില്‍ വേദിക് സെന്ററില്‍ നടത്തുവാന്‍ തീരുമാനിച്ചു. വിപുലമായ കലാപരിപാടികള്‍ക്കും ഓണസദ്യയ്ക്കും വേണ്ടിയുള്ള പ്രത്യേക സംഘടാക സമിതികള്‍ രൂപീകരിച്ചു. മറ്റു ഇന്ത്യന്‍ അസോസിയേഷനുകളെ കൂടി സഹകരിപ്പിച്ചുകൊണ്ട് ആഘോഷപരിപാടികള്‍ നടത്തുവാനാണ് ഉദ്ദേശിക്കുന്നത്.

മാസ്ക് അപ്‌സ്റ്റേറ്റ് പ്രസിഡന്റ് സേതു നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ട്രഷറര്‍ ബാബു തോമസ്, സെക്രട്ടറി പദ്മകുമാര്‍, ഉപദേശകസമിതി അംഗം സുധീഷ് തോമസ് എന്നിവര്‍ക്കൊപ്പം ജോണ്‍ (റെജി) മാത്യു, ദില്‍രാജ് ത്യാഗരാജന്‍, അനീഷ് രാജേന്ദ്രന്‍, ജഗദീഷ് പെരിങ്ങാട്ട്, അനീഷ് കുമാര്‍, ജിതേഷ് മോഹന്‍ദാസ്, വിനീത് കുമാര്‍ എന്നിവരും പങ്കെടുത്തു.

ജോയിച്ചന്‍ പുതുക്കുളം

സെന്റ് മേരീസ് സമ്മര്‍ ക്യാമ്പ് കുട്ടികളുടെ ബെര്‍ണീസ് ബുക്ക് ബാങ്ക് സന്ദര്‍ശനം ഉല്ലാസപ്രദമായി

ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ എട്ടാഴ്ച നീണ്ടുനില്‍ക്കുന്ന സമ്മര്‍ ക്യാമ്പിലെ രണ്ടാമത്തെ ആഴ്ച ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് അറിവിന്‍റെ ജാലകം തുറന്നു വിജ്ഞാനത്തിന് ശേഖരങ്ങള്‍ തേടി കുട്ടികളുടെ നടത്തിയ ബെര്‍ണീസ് ബുക്ക് ബാങ്ക് സന്ദര്‍ശനം കുട്ടികളില്‍ നിറഞ്ഞ ഉന്മേഷവും ഏറെ ആനന്ദവും ഉളവാക്കി.

ഇല്ലിനോയിസ് സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്കൂളുകള്‍ക്ക് ആവശ്യാനുസരണം ബുക്കുകളും പുസ്തകങ്ങളും എത്തിച്ചുകൊടുക്കുന്ന ബെര്‍ണീസ് ബുക്ക് ബാങ്കിന്റെ സേവനങ്ങള്‍ മഹത്തരമാണ് . ഉപയോഗയോഗ്യമായ ബുക്കുകള്‍ സമ്മര്‍ ക്യാമ്പിലെ കുട്ടികള്‍ ബുക്ക് ബാങ്കിന് നല്‍കിയത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നേര്‍കാഴ്ചയായി മാറി. ബുക്കുകള്‍ അടുക്കോടും ചിട്ടയോടും വക്കുവാനും ലേബലുകള്‍ ഒട്ടിക്കുവാനും പാക്ക് ചെയ്യുവാനും സമ്മര്‍ ക്യാമ്പ് കുട്ടികള്‍ മണിക്കൂറുകളോളം സഹായിച്ചത് പ്രശംസനീയമായി .

40 കുട്ടികളും വോളന്റിയേഴ്‌സും ആണ് ഫീല്‍ഡ് ട്രിപ്പില്‍ പങ്കെടുത്തത് .ഫാ. ബിന്‍സ് ചേത്തലില്‍, അഭിലാഷ് നെല്ലാമറ്റം, ഫെലിക്‌സ് പൂത്തൃക്കയില്‍ , ബിനു ഇടകര , ജൂലിയറ്റ് പുതുശ്ശേരില്‍ , റെജിമോള്‍ വള്ളൂര്‍, ബ്രദര്‍ സന്തോഷ് , പി വി മേരിക്കുട്ടി എന്നിവര്‍ ട്രിപ്പിന് നേതൃത്വം നല്‍കി. യൂത്ത് വോളന്റിയേഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായകമായി . ലിയാ കുന്നശ്ശേരി ഫീല്‍ഡ് ട്രിപ്പിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തു .
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

രാജു ഏബ്രഹാം എംഎൽഎ യ്ക്കു ഡിട്രോയിറ്റ് ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ സ്വീകരണം – ജൂലൈ 6 നു വെള്ളിയാഴ്ച

ഡിട്രോയിറ്റ് : ഹൃസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ എത്തിച്ചേർന്ന റാന്നി എംഎൽഎ രാജു ഏബ്രഹാമിന് ഡിട്രോയിറ്റിൽ സ്വീകരണം ഒരുക്കുന്നു. ഡിട്രോയിറ്റ് ഫ്രണ്ട്‌സ് ഓഫ് റാന്നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന സ്വീകരണ സമ്മേളനം ജൂലൈ 6 ന് വെള്ളിയാഴ്ച വൈകിട്ട് 7:30 ന് കൂടുന്നതാണ്.

സ്ഥലം: 33140, Ryan Rd, Sterling Heights, MI 48310 (ചാണ്ടി കടയുടെ സമീപം)

1996 മുതൽ റാന്നി നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിക്കുന്ന ഇദ്ദേഹത്തിന്റെ മൂന്നാമതു് അമേരിക്കൻ അമേരിക്കൻ സന്ദർശനമാണിത്. സ്വീകരണ സമ്മേളനത്തിലേക്ക്‌ ഡിട്രോയിറ്റിൽ താമസിക്കുന്ന റാന്നി നിയോജക മണ്ഡലത്തിൽപ്പെട്ട എല്ലാ സ്നേഹിതരെയും റാന്നിയെ സ്നേഹിക്കുന്ന എല്ലാ മലയാളി സുഹൃത്തുക്കളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ചാച്ചി റാന്നി 215-840-5530.

അന്നമ്മ തോമസ് നിര്യാതയായി

ന്യൂയോര്‍ക്ക് : ഡോക്ടര്‍. ടി. എം. തോമസിന്റെ ഭാര്യയും ന്യൂ യോര്‍ക്ക്, യോങ്കേഴ്‌സ് സെന്‍റ്. തോമസ് മാര്‍ത്തോമാ ചര്‍ച്ച് സഭാംഗവുമായ അന്നമ്മ തോമസ് വെള്ളിയാഴ്ച ഉച്ചക്ക് (ജൂണ്‍ 29, 2018) ന്യൂ യോര്‍ക്കില്‍ നിര്യാതയായി.

മക്കള്‍: ഡാനിയേല്‍ തോമസ് , മാത്യൂസ് തോമസ് (ഷാജി)
മരുമക്കള്‍: റെനി, ബീനാ
കൊച്ചുമക്കള്‍: സൂസെന്നെ (ഭര്‍ത്താവ് രാജീവ് മകള്‍ എമിലി), ഫിലിപ്പ്, മീരാ, സാറാ, നീനാ.

Wake:
Place: St. Thomas Mar Thoma Church, Yonkers, NY, 34 Morris tSreet, Yonkers, NY 10705
Date: Saturday, June 30, 2018
Time: 3pm – 4pm for family; and 4pm – 9pm for public.

Funeral service:

Place: St. Thomas Mar Thoma Church, Yonkers, NY, 34 Morris tSreet, Yonkers, NY 10705
Date: Monday, July 2, 2018.
Time: Viewing from 8:30 am to 9:30 am followed by service to begin at 9:30 am.

Burial Service:
Place: Mount Hope Cemetery, 50 Jackson Ave, Hastings-on-Hudson, NY 10706
Date: Monday, July 2, 2018 following Funeral service.

ജോയിച്ചന്‍ പുതുക്കുളം

5.8 മില്യണ്‍ വ്യാജ കന്നുകാലി തട്ടിപ്പു കേസില്‍ ഹൊവാര്‍ഡ് ലി അറസ്റ്റില്‍

വിചിറ്റ ഫാള്‍സ് (ടെക്‌സസ്): ടെക്‌സസ്, ഒക്ലഹോമ സംസ്ഥാനങ്ങളില്‍ പത്തു കൗണ്ടികളിലായി 8,000 പശുക്കളെ ജാമ്യം നല്‍കി 5.8 മില്യണ്‍ ഡോളര്‍ തട്ടിപ്പു നടത്തിയ വിചിറ്റ ഫാള്‍സില്‍ നിന്നുള്ള ഹൊവേര്‍ഡ് ലിഹിങ്കിലിനെ( 67) പൊലീസ് അറസ്റ്റു ചെയ്തു.

16 മാസമായി ടെക്‌സസ് ആന്റ് സൗത്ത് വെസ്റ്റേണ്‍ കാറ്റില്‍ റയ്‌മ്പേഴ്‌സ് അസോസിയേഷന്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ജൂണ്‍ 28 വ്യാഴാഴ്ച ഇയാളെ അറസ്റ്റ് ചെയ്തു.

ഫസ്റ്റ് യുനൈറ്റഡ് ബാങ്കില്‍ നിന്നും കന്നുകാലികളെ ജാമ്യം നല്‍കി 5.8 മില്യണ്‍ ഡോളര്‍ വാങ്ങിയ ഹൊവാര്‍ഡ് സംഖ്യ തിരിച്ചടക്കാതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് കോടതി ഉത്തരവനുസരിച്ചു 8,000 പശുക്കളെ കണ്ടു കെട്ടാന്‍ ബാങ്ക് നടപടികള്‍ ആരംഭിച്ചു. അപ്പോഴാണ് ബാങ്കിനുപറ്റിയ അമളി മനസ്സിലാകുന്നത്. ഒരൊറ്റ പശു പോലും ഇയ്യാളുടെ പേരില്‍ സ്വന്തമായി ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല വ്യാജ രേഖകള്‍ ഹാജരാക്കിയാണ് തുക വാങ്ങിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ഇയ്യാളെ അറസ്റ്റു ചെയ്തു വിചിറ്റ കൗണ്ടി ജയിലിലടച്ചു.

കുറ്റം തെളിയിക്കപ്പെട്ടാല്‍ ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന ഫസ്റ്റ് ഡിഗ്രി ഫെലനിയാണ് ഇയാള്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇതു അപൂര്‍വ്വമായ ഒരു കേസ്സാണെന്നും അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുമെന്നും അസോസിയേഷന്‍ സ്‌പെഷല്‍ മേജര്‍ ജോണ്‍ ബ്രാഡ്‌റഷാ പറഞ്ഞു.

പി പി ചെറിയാന്‍