സമ്പത്തിന്‍റെ 82 ശതമാനവും അതി സമ്പന്നരായ ഒരു ശതമാനത്തിന്‍റെ കൈയില്‍

ജോര്‍ജ് തുമ്പയില്‍

ന്യൂയോര്‍ക്ക്: ഒരു ശതമാനം വരുന്നവര്‍ ശേഷിച്ച 99 ശതമാനെത്തെയും അടക്കി ഭരിക്കുന്നു എന്നത് എത്ര ഞെട്ടിക്കുന്ന വാര്‍ത്തയാണ്. അധികാരത്തിന്‍റെ ഭ്രമണപഥങ്ങളിലല്ല ഈ സംഭവം, മറിച്ച സാമ്പത്തി ലോകത്താണ്. ലോകത്ത് ആകെയുള്ള സമ്പത്തിന്‍റെ 82 ശതമാനവും കൈയടക്കി വച്ചിരിക്കുന്നത് അതി സമ്പന്നരായ ഒരു ശതമാനം വരുന്ന ആളുകളാണത്രേ. ഇത് ഓക്സ്ഫാമം നടത്തിയ പഠന റിപ്പോര്‍ട്ടിലാണുള്ളത്. അതിസമ്പന്നരും ലോകത്തെ മറ്റുള്ളവരും തമ്മിലുള്ള അന്തരം കഴിഞ്ഞ വര്‍ഷം വര്‍ധിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഏറ്റവും ദരിദ്രരായ അമ്പതു ശതമാനത്തോളം പേരുടെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം യാതൊരു വര്‍ധനയും രേഖപ്പെടുത്തുന്നില്ല. എന്നാല്‍ വേള്‍ഡ് ഇക്കണോമിക്ക് ഫോറമോ, സാമ്പത്തിക വിദഗ്ധരോ ഈ പഠനത്തെ പൂര്‍ണമായും അംഗീകരിച്ചിട്ടില്ല. പക്ഷേ, ലോകം ഒരു കാര്യം ഉറപ്പിക്കുന്നു, സാമ്പത്തിക സമത്വത്തിനായുള്ള ഒരു നടപടികളും ഫലപ്രദമാകുന്നില്ല. അതിന്‍റെ ഏറ്റവും വലിയ തെളിവായാണ് അവര്‍ ഈ കണക്ക് നിരത്തുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഓക്സ്ഫാം ഈ കണക്കെടുപ്പ് നടത്തിവരുന്നു. എട്ടു മനുഷ്യര്‍ക്ക് ലോകത്തെ പകുതി ജന സംഖ്യയ്ക്കുള്ളതിനു തുല്യമായ സമ്പത്ത് സ്വന്തമായുണ്ടെന്ന് കഴിഞ്ഞ വര്‍ഷം അവര്‍ നിരീക്ഷിച്ചിരുന്നു. പിന്നീടത് 61 ആയി തിരുത്തി. ഈ വര്‍ഷം 42 ആണെന്നും പറയുന്നു.

വടുക്കുംചേരി വറുതുട്ടി (86) നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം

മാള: വടുക്കുംചേരി പൈലോ മകന്‍ വറുതുട്ടി (86) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 10-നു ശനിയാഴ്ച വൈകിട്ട് നാലിനു മാള സെന്റ് സ്റ്റെനിസ്ലാവോസ് ഫൊറോന ദേവാലയത്തില്‍.

ഭാര്യ: പ്രസ്റ്റീന (മൂലന്‍ കുടുംബാംഗം, കോട്ടയ്ക്കല്‍)

മക്കള്‍: ജോസ്, പോള്‍, ജോണി, തോമസ്, ജെസി, വില്‍സണ്‍ (എല്ലാവരും ഷിക്കാഗോയില്‍).
മരുമക്കള്‍: തങ്കമ്മ (കൈതാരന്‍, മാള പള്ളിപ്പുറം), ദീപ (മൂലന്‍, മാള), സുമി (കാട്ടൂക്കാരന്‍, ഒല്ലൂര്‍), ബിന്‍സി (ചക്കാലയ്ക്കല്‍, മേലഡൂര്‍), ഷാജി (പഴൂപ്പറമ്പില്‍, ഏറ്റുമാനൂര്‍), സുമി (പാത്താടന്‍, എളവൂര്‍) (എല്ലാവരും ഷിക്കാഗോയില്‍).

ഫാമിലി കോൺഫറൻസ്; കുറഞ്ഞ നിരക്കിലുള്ള റജിസ്ട്രേഷൻ ഫെബ്രുവരി 15 ന് അവസാനിക്കും

ന്യൂയോർക്ക് : ഫാമിലി ആന്റ് യൂത്ത് കോൺഫറൻസിന്റെ കുറഞ്ഞ നിരക്കിലുള്ള റജിസ്ട്രേഷൻ ഫെബ്രുവരി 15 വ്യാഴാഴ്ച അവസാനിക്കെ നിലവിലുള്ള കുറഞ്ഞ നിരക്ക് പരമാവധി ഉപയോഗപ്പെടുത്തി കോൺഫറൻസിലെ പങ്കാളിത്തം ഉറപ്പാക്കുവാൻ കമ്മിറ്റി ഭദ്രാസന ജനങ്ങളോട് ആഹ്വാനം ചെയ്തു.

2017 ലെ അനുഭവത്തിന്റെ വെളിച്ചത്തിൽ അവസാന ദിവസം വരെ കാത്തിരിക്കാതെ റജിസ്റ്റർ ചെയ്യാൻ ശ്രമിക്കണം. കഴിഞ്ഞ വർഷം അവസാന ദിവസം റജിസ്ട്രർ ചെയ്യാൻ അഭൂതപൂർവ്വമായ നിരക്ക് അനുഭവപ്പെട്ടപ്പോൾ കംപ്യൂട്ടർ റജിസ്ട്രറിങ് സിസ്റ്റം മുഴുവൻ സാവധാനത്തിലായി. അതുകൊണ്ട് കുറെപ്പേർക്കെങ്കിലും കുറഞ്ഞ നിരക്ക് ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞില്ല.

നേരത്തെ റജിസ്റ്റർ ചെയ്താലുള്ള മറ്റൊരു പ്രയോജനം കോൺഫറൻസ് വേദിയോടുചേർന്നുള്ള മുറികൾ കിട്ടാനുള്ള സാധ്യതയാണ്.

ഫസ്റ്റ് കം, ഫസ്റ്റ് സേർവ്സ് അടിസ്ഥാനത്തിലായതുകൊണ്ട് അവസാന നിമിഷം വരെ റജിസ്ട്രേഷനായി കാത്തിരിക്കുന്നവർക്ക് ലഭിക്കുന്ന മുറികൾ ദൂരെയുള്ള ഫേസ് രണ്ടിലാവാനും സാധ്യതയുണ്ട് എന്നു ഭാരവാഹികൾ അറിയിച്ചു.

ഇടവക സന്ദർശനങ്ങളും അറിയിപ്പുകളും കൊണ്ട് ഒട്ടനവധി പേർ ദിവസേന റജിസ്റ്റർ ചെയ്തുകൊണ്ടിരിക്കുന്നു എന്നത് ശുഭോദാക്തമാണെന്ന് കോ ഓർഡിനേറ്റർ റവ. ഡോ. വർഗീസ് ഡാനിയൽ പറഞ്ഞു.

രാജൻ വാഴപ്പള്ളിൽ

സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന് തിളക്കമാര്‍ന്ന വിജയം

മലങ്കര ആര്‍ച്ച് ഡയോസിസ് ഓഫ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇന്‍ നോര്‍ത്ത് അമേരിക്ക, ഭദ്രാസനാടിസ്ഥാനത്തില്‍, കഴിഞ്ഞ നവംബര്‍ മാസത്തില്‍ നടത്തിയ, ഈ വര്‍ഷത്തെ പത്താം ക്ലാസ്സ് പരീക്ഷയില്‍ ഡാളസ്, സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിലെ വിദ്യാര്‍ത്ഥികളായ മിസ്. ടാനിയ ജഗന്‍ ഒന്നാം റാങ്കും, മിസ്റ്റര്‍ ജോഷ്വാ തോമസ് മൂന്നാം റാങ്കും കരസ്ഥമാക്കി. ഒന്നാം റാങ്ക് കരസ്ഥമാക്കിയ മിസ്സ്. ടാനിയ ജഗന്‍ നൂറുശതമാനവും മാര്‍ക്ക് വാങ്ങിയാണ് ഈ സ്ഥാനത്തിനര്‍ഹയായതെന്നതും ഏറെ ശ്രദ്ധേയമാണ്.

അമേരിക്കയിലേയും, കാനഡയിലേയും വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കായി, ഭദ്രാസനാടിസ്ഥാനത്തില്‍ വളരെ ചിട്ടയോടുകൂടി ക്രമീകരിക്കുന്ന ഈ വാര്‍ഷിക പരീക്ഷയുടെ, ഫലപ്രഖ്യാപനം കേന്ദ്രീകൃത മൂല്യ നിര്‍ണ്ണയത്തിലൂടെയാണ് നടത്തപ്പെടുന്നത്.

ജനുവരി 28 (ഞായര്‍) വി.കുര്‍ബ്ബാനാന്തരം, വികാരി റവ.ഫാ.യല്‍ദൊ പൈലിയുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ട അുമോദന യോഗത്തിന്, അസിസ്റ്റന്റ് വികാരി, റവ.ഫാ.ഡോ.രെന്‍ജന്‍ മാത്യു, സണ്ടേസ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ജിത്ത് ജോസഫ്, കത്തീഡ്രല്‍ സെക്രട്ടറി ശ്രീ.ഷാജി ജോണ്‍, ട്രസ്റ്റി ശ്രീ. ജോസഫ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. റാങ്ക് ജേതാക്കളേയും മറ്റു ഉന്നത വിജയം കൈവരിച്ച എല്ലാ കുട്ടികളേയും, പ്രത്യേകം അഭിനന്ദിക്കുന്നതോടൊപ്പം തന്നെ, ഈ നേട്ടത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച അദ്ധ്യാപകരുടേയും, രക്ഷാകര്‍ത്താക്കളുടേയും അശ്രാന്ത പരിശ്രമത്തേയും, സമര്‍പ്പണ മനോഭാവത്തേയും, പ്രത്യേകം സ്മരിക്കുന്നതായും, വികാരി തന്റെ അനുമോദന പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. ഈ നേട്ടം മറ്റു കുട്ടികള്‍ക്കും, ഭാവി തലമുറക്കും ഒരു മാതൃകയാകട്ടേയെന്നും ബ:അച്ഛന്‍ ആശംസിച്ചു. റാങ്ക്‌ജേതാക്കള്‍ക്ക് കത്തീഡ്രലില്‍ നിന്നും ക്രമീകരിച്ചിട്ടുള്ള പ്രത്യേക ക്യാഷ് അവാര്‍ഡ് ട്രസ്റ്റി, ശ്രീ.ജോസഫ് ജോര്‍ജ് നല്‍കി ആദരിച്ചു.

ഭദ്രാസനാടിസ്ഥാനത്തില്‍ റാങ്ക് ജേതാക്കള്‍ക്കായി, ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക ക്യാഷ് അവാര്‍ഡ്, ജൂലൈ മാസത്തില്‍ ന്യൂയോര്‍ക്കില്‍ വെച്ചു നടത്തപ്പെടുന്ന, ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ചുള്ള ചടങ്ങില്‍ വെച്ച്, ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്താ തിരുമനസ്സുകൊണ്ട് നല്‍കി ആദിരിക്കുന്നതാണ്. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് (MEANT) നു നവ നേതൃത്വം

മാർട്ടിൻ വിലങ്ങോലിൽ

ഡാളസ് : കഴിഞ്ഞ രണ്ടു ദശാബ്ദമായി നോർത്ത് ടെക്‌സാസിൽ എഞ്ചിനീറിംഗും അനുബന്ധ മേഖലകളിലും പ്രവർത്തിക്കുന്ന മലയാളീ എൻജിനീയേഴ്സിനും അവരുടെ കുടുംബൾക്കും വേണ്ടി നിലകൊള്ളുന്ന മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് (MEANT) എന്ന സംഘടനക്ക് പുതിയ നേതൃത്വനിര.

മെന്റ് ബോർഡ് ഓഫ് ഡിറക്ടർസ് 2018 ലേക്ക് പ്രസിഡന്റ് ഷമിൻ മണ്ണത്തുക്കാരൻ , പ്രസിഡന്റ് എലെക്ട് (2019) ഡോ. വികാസ് നെടുമ്പിള്ളിൽ , സെക്രട്ടറി കാർത്തിക ഉണ്ണികൃഷ്ണൻ , ട്രഷറർ ജോമോൻ നടുക്കുടിയിൽ , കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ മഞ്‌ജുള നാഗനാഥൻ , ഡയറക്ടർ ഹരികൃഷ്ണൻ നായർ ഡയറക്ടർ മോഹൻ കുന്നംക്കളത്ത് എന്നിവർ പുതുതായി ചുമതയേറ്റു.

ഫെബ്രുവരി 3 ശനിയാഴ്ച ഡാളസിൽ ശാസ്ത്ര സാങ്കേതിക സംസാകാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്ത പ്രൗഢ ഗംഭീരമായ വാർഷിക വിരുന്നിലാണ് പുതിയ ബോർഡ് സ്ഥാനമേറ്റത്. കാലത്തിനു അനുയോചിതമായി സംഘടനയെ നവീകരിക്കുന്നതിനുള്ള ആശയങ്ങൾ പുതിയ പ്രസിഡന്റ് ഷമിൻ മണ്ണത്തുക്കാരൻ പങ്കുവെച്ചു.

സാമ്പത്തിക സഹായം ആവശ്യമുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്, സ്കൂൾ കുട്ടികൾക്ക് വേണ്ടി മാത്ത് ഒളിംപ്യഡ് , സയൻസ് ഫെയർ തുടങ്ങി ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ നിരവധി പദ്ധതികളാണ് ഈ പ്രൊഫഷണൽ സംഘടന നടത്തിവരുന്നത്.

വാഷിംഗ്ടണ്‍ ഡി.സി. കേരളാ കള്‍ച്ചറല്‍ സൊസൈറ്റിക്ക് നവ നേതൃത്വം

ജോയിച്ചന്‍ പുതുക്കുളം

വാഷിംഗ്ടണ്‍ ഡി.സി: വാഷിംഗ്ടണ്‍- മെട്രോ ഏരിയയിലെ കലാ-സാംസ്കാരിക രംഗത്തെ പ്രമുഖ സാന്നിധ്യമായ കേരളാ കള്‍ച്ചറള്‍ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റന്‍ വാഷിംഗ്ടണിന്റെ 2018-ലേക്കുള്ള ഭാരവാഹികള്‍ സ്ഥാനമേറ്റു.

സെബ നവീദ് (പ്രസിഡന്റ്), സന്തോഷ് ജോര്‍ജ് (വൈസ് പ്രസിഡന്റ്), സൂസന്‍ വാരിയം (സെക്രട്ടറി), പ്രബീഷ് പിള്ള (ജോയിന്റ് സെക്രട്ടറി), രജീഷ് മലയത്ത് (ട്രഷറര്‍), അര്‍ച്ചന സന്ദീപ് (ജോയിന്റ് ട്രഷറര്‍) എന്നിവരാണ്, മുപ്പത്തിയഞ്ചോളം വരുന്ന പുതിയ കമ്മിറ്റിയുടെ സാരഥികള്‍.

തിരക്കേറിയ പ്രവാസജീവിതങ്ങളിലേക്ക്, കേരളത്തിന്റേയും മലയാളത്തിന്റേയും സംസ്കാരസമ്പന്നത നിറയ്ക്കുക, മറുനാട്ടിലേയും നാട്ടിലേയും കഷ്ടപ്പെടുന്നവര്‍ക്കായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന, തങ്ങളുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുകയും, അതിനായി തങ്ങളാല്‍ കഴിയുംവിധം ആത്മാര്‍ത്ഥമായി അധ്വാനിക്കുകയും ചെയ്യുക എന്നതാണ് കെ.സി.എസ്.എം.ഡബ്ല്യുവിന്റെ പുതിയ നേതൃത്വത്തിന്റെ ലക്ഷ്യം.

അതിനുവേണ്ടി വാഷിംഗ്ടണ്‍ പ്രദേശത്തെ മലയാളി സമൂഹം തങ്ങളോട് സഹകരിക്കണമെന്നു പുതിയ പ്രസിഡന്റ് സെബ നവീദ് അഭ്യര്‍ത്ഥിച്ചു.

ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ “നിയമവും സുരക്ഷിതത്വവും’ സെമിനാര്‍

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ “നിയമവും സുരക്ഷിതത്വവും’ എന്നതിനെക്കുറിച്ചുള്ള സെമിനാര്‍ ഫെബ്രുവരി 11-ന് രാവിലെ 9.30-ന് നടക്കും. ഷിക്കാഗോ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന ടോമി മേത്തിപ്പാറയാണ് ക്ലാസുകള്‍ നയിക്കുന്നത്. ചോദ്യോത്തരങ്ങള്‍ക്കുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

ഷിക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സിയുടെ നേതൃത്വത്തിലാണ് സെമിനാര്‍ നടത്തുന്നത്. കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസിസ്റ്റന്റ് വികാരി റവ.ഡോ. ജയിംസ് ജോസഫ് എന്നിവര്‍ സന്നിഹിതരായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിബു അഗസ്റ്റിന്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ആന്റോ കവലയ്ക്കല്‍ എന്നിവരുമായി ബന്ധപ്പെടുക. മേഴ്‌സി കുര്യാക്കോസ് അറിയിച്ചതാണിത്.

ഇന്ത്യാ പ്രസ് ക്ലബ് ഫ്‌ളോറിഡ ചാപ്റ്ററിനു നവസാരഥികള്‍

ജോയിച്ചന്‍ പുതുക്കുളം

ഫ്‌ളോറിഡ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫ്‌ളോറിഡ ചാപ്റ്ററിനു നവസാരഥികള്‍ . ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ ചാപ്റ്റര്‍ പ്രസിഡന്റായി ബിനു ചിലമ്പത്ത് തെരഞ്ഞെടുക്കപ്പെട്ടു.

ജോയി കുറ്റിയാനി ( വൈസ് പ്രസിഡണ്ട്), ജോര്‍ജി വറുഗീസ് (ജനറല്‍ സെക്രട്ടറി), തങ്കച്ചന്‍ കിഴക്കേപറമ്പില്‍ (ട്രഷറര്‍) ഷാന്റി വര്‍ഗീസ് (ജോ: സെക്രട്ടറി), ജെസി പാറതുണ്ടില്‍ (ജോ: ട്രഷറര്‍), നിബു വെള്ളുവന്താനം (പി.ആര്‍.ഓ) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

സൗത്ത് ഫ്‌ളോറിഡയില്‍വെച്ച് നടത്തുന്ന ഇന്ത്യ പ്രസ് ക്ലബ് ദേശീയ പ്രവര്‍ത്തനോത്ഘാടനം മികവുറ്റതായി സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. കൂടാതെ ഇന്ത്യ പ്രസ് ക്ലബ് ജേര്‍ണലിസം വിദ്യാര്ഥികക്കള്‍ക്കായി സംഘടിപ്പിക്കുന്ന “സ്‌റ്റെപ്” പദ്ധതിക്ക് പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു.

ഏഴു പതിറ്റാണ്ടു നീണ്ട ഗ്രീന്‍ കാര്‍ഡ് അപേക്ഷാ കുടിശിക തീര്‍പ്പാക്കുക; വാഷിങ്ടണില്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ സംഘടിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം

ന്യൂജേഴ്‌സി: നിലവിലെ യുഎസ് കോണ്‍ഗ്രസും വൈറ്റ് ഹൗസ് ഭരണകൂടവും കുടിയേറ്റ നിയമ പരിഷ്കരണത്തിന്റെ അടുത്ത ഘട്ടത്തെ കുറിച്ച് പദ്ധതിയിടുമ്പോള്‍, ഏഴു പതിറ്റാണ്ടു നീണ്ട ഗ്രീന്‍ കാര്‍ഡ് അപേക്ഷാ കുടിശിക തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സ്കില്‍ഡ് ഇമിഗ്രന്റ്‌സ് ഇന്‍ അമേരിക്ക (എസ്.ഐ.ഐ.എ) സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മയും ചര്‍ച്ചകളും സംഘടിപ്പിക്കുന്നു. യു എസ് തലസ്ഥാനത്ത് ഒത്തുചേരുന്ന എസ്.ഐ.ഐ.എയുടെ 500ഓളം അംഗങ്ങള്‍ യു എസ് കോണ്‍ഗ്രസ് പ്രതിനിധികളും സെനറ്റര്‍മാരുമായി ദിവസം മുഴുവന്‍ നീളുന്ന കൂടിക്കാഴ്ചകളും ചര്‍ച്ചകളുമാണ് പദ്ധതിയിട്ടിട്ടുള്ളത്.

യു എസിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നാലാം തവണ ഒത്തുകൂടുന്ന ഇവര്‍ വാഷിങ്ടണ്‍ ഡി.സിയിലെ നേതാക്കള്‍ക്ക് വ്യക്തമായ ഒരു സന്ദേശമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത് തൊഴില്‍ അധിഷ്ഠിത ഗ്രീന്‍ കാര്‍ഡ് അപേക്ഷാ കുടിശിക ഉടന്‍ തീര്‍പ്പാക്കുക. സെനറ്റര്‍ ഓറിന്‍ ഹാച്ച് മുന്നോട്ടുവയ്ക്കുന്ന ഇമിഗ്രേഷന്‍ ഇന്നവേഷന്‍ (ഐസ്ക്വയേര്‍ഡ്) നിയമത്തെ ഹാര്‍ദ്ദവമായി പിന്തുണയ്ക്കുന്ന ഇവര്‍ ഇതിന് ഇരു പാര്‍ട്ടികളുടേയും പിന്തുണ നേടിയെടുക്കാനുള്ള ശ്രമത്തിലുമാണ്. അതുവഴി ഈ നിയമം എത്രയും വേഗം നടപ്പാക്കിയെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആരോഗ്യരംഗത്തു നിന്നുള്ള പ്രൊഫഷണലുകള്‍, ഗവേഷകര്‍, എഞ്ചിനിയര്‍മാര്‍, സാങ്കേതിക രംഗത്തുനിന്നുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കൊപ്പം, എച്ച്4 വിസ ആഗ്രഹിക്കുന്ന കുട്ടികള്‍, ജീവിത പങ്കാളികള്‍ (എച്ച് 4 ഇഎഡി) തുടങ്ങിയവരെല്ലാം ഈ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു. കാരണം പുതിയ പ്രഖ്യാപനം ഇവരെയെല്ലാം ബാധിക്കുന്നതാണ്. അമേരിക്കയിലുള്ള ദശലക്ഷ കണക്കിന് വരുന്ന ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഇവര്‍ അമേരിക്കയെ സ്വന്തം നാടായി കണ്ട് പരിചരിക്കുന്നവരാണ്. വിവിധ തരത്തില്‍ സാമ്പത്തിക നിക്ഷേപങ്ങളും വൈകാരിക ബന്ധങ്ങളുമാണ് ഇവര്‍ ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. ഈ നാട്ടില്‍ എത്തിയ അന്നു മുതല്‍ ഇവിടുത്തെ സമ്പദ് വ്യവസ്ഥയിലേക്കും സമൂഹ പുരോഗതിക്കും വേണ്ടി പ്രയത്‌നിക്കുന്ന സമൂഹമാണിവര്‍. പുതിയ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ ഇവര്‍ തങ്ങളുടെ മുഴുവന്‍ സമ്പാദ്യവും വിട്ടെറിഞ്ഞ് രാജ്യത്തു നിന്ന് പുറത്തു പോവാന്‍ നിര്‍ബന്ധിതരാവും. നിലവില്‍ ഒരു ജോലി മാറ്റമോ, ജോലിയിലെ സ്ഥാനക്കയറ്റം സ്വീകരിക്കലോ രാജ്യത്തിന് പുറത്തേക്ക് ഒരു യാത്രയോ പോലും ഇവര്‍ക്ക് പേടി സ്വപ്‌നമാണ്.

ഇതോടൊപ്പം പ്രതിഷേധക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ കാണാനുള്ള സൗകര്യവും അപ്പര്‍ സെനറ്റ് പാര്‍ക്കില്‍ (റസല്‍ സെനറ്റ് ബില്‍ഡിങ്ങിന് എതിര്‍വശം) ഒരുക്കിയിട്ടുണ്ട്. ഉയര്‍ന്ന നൈപുണ്യമുള്ളവരായ ഈ കുടിയേറ്റക്കാരെയും അവരുടെ പങ്കാളികളേയും മക്കളേയും കാണുന്നതിനും പ്രശ്‌നത്തിന്റെ ഗൗരവം അറിയുന്നതിനും അവ പരിഹരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നതിനുമായി എല്ലാ മാധ്യമ പ്രവര്‍ത്തകരേയും ഇവിടേക്കു സ്വാഗതം ചെയ്യുന്നു.

എസ്.ഐ.ഐ.എ

കഴിഞ്ഞ എഴുപതിലേറെ വര്‍ഷങ്ങളായി തൊഴില്‍ അധിഷ്ഠിത ഗ്രീന്‍കാര്‍ഡ് പ്രതിസന്ധിയില്‍ കുടുങ്ങി കിടക്കുന്നവരുടെ ഒരു ഗ്രൂപ്പാണ് സ്കില്‍ഡ് ഇമിഗ്രന്റ്‌സ് ഇന്‍ അമേരിക്ക അഥവാ എസ്.ഐ.ഐ.എ. ഒരു ഫേസ്ബുക്ക് കൂട്ടായ്മയായി ഈ സംഘത്തില്‍ ഇന്ന് വിവിധ മേഖലകളില്‍ നിന്നായി 153000 അംഗങ്ങളുണ്ട്. ആരോഗ്യരംഗത്തു നിന്നുള്ള പ്രൊഫഷണലുകള്‍, ഗവേഷകര്‍, എഞ്ചിനിയര്‍മാര്‍, വിവിധ വ്യവസായ മേഖലകളില്‍ നിര്‍ണായക ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് ഈ ഗ്രൂപ്പിലുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://7monthsvs70years.siia.us എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: ഷിജോ ജോസഫ് (8504858719).

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

നവകേരള മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനോത്ഘാടനം നടത്തി

ജോയിച്ചന്‍ പുതുക്കുളം

സൗത്ത് ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരള മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനോത്ഘാടനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിച്ചു. സണ്‍റൈസ് സിറ്റി ഹാളില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ നവകേരള പ്രസിഡന്റ് ജോബി പൊന്നുംപുരയിടം നിലവിളക്കു കൊളുത്തി ഉത്ഘാടനം നിര്‍വഹിച്ചു.

ചടങ്ങില്‍ ഫോമാ പി.ആര്‍.ഒ മാത്യു വര്‍ഗീസ്, വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രസിഡന്റ് സാജന്‍ കുര്യന്‍, കേരളം സമാജം പ്രസിഡന്റ് സാം പാറത്തുണ്ടിയില്‍ , മയാമി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോസ് തോമസ് , പാം ബീച്ച് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഡോ: ജഗതി നായര്‍, എസ്.എം.സി.സി. പ്രസിഡന്റ് സാജു വടക്കേല്‍, ഐ.സി.എ പ്രസിഡന്റ് റോബിന്‍സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചടങ്ങിന് ബിജോയ് സേവ്യര്‍, ജെയിന്‍ വത്യേലില്‍ , ഷാന്റി വര്‍ഗീസ് , ആനന്ദലാല്‍ രാധാകൃഷ്ണന്‍ , രഞ്ജന്‍ പുളിമൂട്ടില്‍ , എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈവിധ്യമാര്‍ന്ന കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.