മാര്‍ക്ക് സെമിനാറില്‍ റെക്കോര്‍ഡ് പങ്കാളിത്തം

ചിക്കാഗോ: ഏപ്രില്‍ 14-നു ശനിയാഴ്ച ഡെസ്‌പ്ലെയിന്‍സിലെ ഹോളി ഫാമിലി ഹോസ്പിറ്റലില്‍ വച്ചു നടത്തപ്പെട്ട മാര്‍ക്കിന്റെ വിദ്യാഭ്യാസ സെമിനാര്‍ സംഘാടക മികവിനാലും റെക്കോര്‍ഡ് പങ്കാളിത്തത്താലും ശ്രദ്ധേയമായി. രജിസ്‌ട്രേഷന്റെ അഭാവംമൂലം ഐ.എസ്.ആര്‍.സി പോലുള്ള മുഖ്യധാരാ സംഘടനകള്‍ പ്രഖ്യാപിച്ച സെമിനാറുകള്‍ ഉപേക്ഷിക്കപ്പെടേണ്ടിവന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍, തുച്ഛമായ നിരക്കില്‍ മികച്ച ജനപങ്കാളിത്തത്തോടുകൂടി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന സെമിനാറുകള്‍ നടത്തിക്കൊണ്ടു പോകുവാന്‍ മാര്‍ക്കിന് കഴിയുന്നുവെന്നത് ഐ.എസ്.ആര്‍.സി നേതൃത്വത്തെ പോലും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. 41 നോണ്‍ മെമ്പേഴ്‌സും, 16 സ്റ്റുഡന്റ്‌സും ഉള്‍പ്പടെ 140 റെസ്പിരേറ്ററി കെയര്‍ പ്രൊഫണലുകള്‍ സെമിനാറില്‍ പങ്കെടുത്തു.

സിസ്റ്റിക് ഫൈബ്രോസീസ് എന്ന വിഷയത്തെ ആസ്പദമാക്കി ലൂഥറന്‍ ജനറല്‍ ഹോസ്പിറ്റലിലെ ക്രിസ്റ്റീന്‍ പ്രസ്റ്റാ നല്‍കിയ ക്ലാസോടുകൂടി രാവിലെ 8 മണിക്ക് സെമിനാറിന് തുടക്കംകുറിച്ചു. തുടര്‍ന്ന് ഡോ. വില്യം സാന്‍ഡേഴ്‌സ് (എ.ആര്‍.ഡി.എസ്), ഷിജി അലക്‌സ് (മോട്ടിവേഷണല്‍ ഇന്റര്‍വ്യൂവിംഗ്), അലിചാമാണ്‍ (ഹൈ ഫ്രീക്വന്‍സി വെന്റിലേഷന്‍), ഗാഡുലോപ്പെ ലോപ്പസ് ചാപ്പാ (നൈട്രിക് ഓക്ലയിഡ്- ഫ്‌ളോലന്‍ തെറാപ്പി) എന്നിവര്‍ പുതിയ അറിവുകള്‍ നല്‍കിക്കൊണ്ട് നടത്തിയ വിജ്ഞാനപ്രദമായ പ്രഭാഷണങ്ങള്‍ ഏവരും ആസ്വദിച്ചു.

മാര്‍ക്ക് പ്രസിഡന്റ് യേശുദാസ് ജോര്‍ജ് സെമിനാറില്‍ സ്വാഗതം ആശംസിച്ചു. സെമിനാറിനായി ഹോസ്പിറ്റല്‍ ഓഡിറ്റോറിയം സൗജന്യമായി നല്‍കിയ ഹോളി ഫാമിലി ഹോസ്പിറ്റല്‍ അധികൃതരേയും, അതിനു വേണ്ട സഹായം നല്‍കിയ നഴ്‌സിംഗ് ഡയറക്ടര്‍ ഷിജി അലക്‌സിനേയും സ്വാഗത പ്രസംഗത്തില്‍ പ്രസിഡന്റ് യേശുദാസ് ജോര്‍ജ് നന്ദിയോടെ സ്മരിച്ചു. എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റേഴ്‌സായ റെജിമോന്‍ ജേക്കബ്, സനീഷ് ജോര്‍ജ്, എന്നിവരുടെ വിദഗ്ധ സംഘാടനമാണ് സെമിനാര്‍ വിജയത്തിന് നിദാനമായത്. വൈസ് പ്രസിഡന്റ് സമയാ ജോര്‍ജ്, ജോ. സെക്രട്ടറി അനീഷ് ചാക്കോ, ട്രഷറര്‍ ഷാജന്‍ വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ സണ്ണി കൊട്ടുകാപ്പള്ളില്‍, വിജയന്‍ വിന്‍സെന്റ്, ഷൈനി ഹരിദാസ്, രാമചന്ദ്രന്‍ ഞാറക്കാട്ടില്‍ എന്നിവര്‍ സെമിനാറിന്റെ നടത്തിപ്പിന് നേതൃത്വം നല്‍കി. സ്റ്റാഫിംഗ് ഏജന്‍സിയായ പെല്‍ വി.ഐ.പി, വെപോ തെറം കമ്പനി എന്നിവര്‍ സെമിനാര്‍ സ്‌പോണ്‍സര്‍ ചെയ്ത് സഹായിച്ചു.

മാര്‍ക്ക് പിക്‌നിക്ക് ജൂലൈ 21-നു ശനിയാഴ്ച സ്‌കോക്കിയിലുള്ള ലറാമി പാര്‍ക്കില്‍ വച്ചു നടത്തപ്പെടും. റോയി ചേലമലയില്‍ (സെക്രട്ടറി) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

മധുരം സ്വീറ്റ് 18 മെയ് 28-ന് കണക്ടിക്കട്ടില്‍, കിക്കോഫ് നടത്തി

കണക്ടിക്കട്ട്: മലയാളി അസോസിയേഷന്‍ ഓഫ് സതേണ്‍ കണക്ടിക്കട്ടിന്റെ (Masconn) പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന “മധുരം സ്വീറ്റ് 18′ സ്റ്റാര്‍ഷോയുടെ കിക്ക്ഓഫ് ട്രംബുളില്‍ വച്ചു നടത്തി. മെയ് 28-ന് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ബ്രിഡ്ജ് പോര്‍ട്ടിലുള്ള (910 ഫെയര്‍ഫീല്‍ഡ് ഈവ്) ക്ലെയിന്‍ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ വച്ചു അരങ്ങേറുന്ന അതിഗംഭീര കലാവിരുന്നിലേക്ക് എല്ലാവരേയും ഭാരവാഹികള്‍ ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വെബ്‌സൈറ്റ്: www.masconn.org സുജനന്‍ (203 979 5238), ശ്രീജിത് (718 679 5312), ജോജി (203 455 4682), സുഷ് (203 570 4551).

ജോയിച്ചന്‍ പുതുക്കുളം

ക്‌നാനായ റീജിയണിലെ വൈദികരുടെ നിയമനങ്ങള്‍ പ്രഖ്യാപിച്ചു

ചിക്കാഗോ: സീറോ മലബാര്‍ രൂപതാ ക്‌നാനായ റീജിയണിലെ വൈദികരുടെ സ്ഥലമാറ്റ നിയമനങ്ങള്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് പ്രഖ്യാപിച്ചു. പുതിയതായി നിയമനം കിട്ടിയ വൈദികര്‍ ഈയാഴ്ച ചാര്‍ജ് ഏറ്റെടുക്കുമെന്ന് ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ അറിയിച്ചു.

റവ.ഫാ. ജോസഫ് ശൗരിയാംമാക്കല്‍ മയാമി സെന്റ് ജൂഡ് ക്‌നാനായ ഇടവക വികാരിയായിട്ടും, റവ.ഫാ.മാത്യു മേലേടത്ത് താമ്പാ തിരുഹൃദയ ഫൊറോന പള്ളി വികാരിയായിയും, റവ.ഫാ.സജി പിണര്‍കയില്‍ സാന്‍ഹൊസെ സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയായിയും, റവ..ഫാ.സുനി പടിഞ്ഞാറേക്കര ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയായിയും,

റവ.ഫാ.ജെമി പുതുശ്ശേരിയില്‍ ഡിട്രോയിറ്റ് സെന്റ് മേരീസ് ഇടവക വികാരിയായിയും, റവ.ഫാ. ബോബന്‍ വട്ടംപുറത്ത് അറ്റ്‌ലാന്റാ ഹോളിഫാമിലി ഇടവക വികാരിയായും ചാര്‍ജ് ഏറ്റെടുക്കുന്നു. പുതിയ നിയമനം ലഭിച്ചെ ചാര്‍ജ് ഏറ്റെടുക്കുന്ന എല്ലാ വൈദികര്‍ക്കും ആശംസകളും പ്രാര്‍ത്ഥനകളും നേരുന്നു.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ഫാ. ജോസഫ് ഉപ്പാണി നയിക്കുന്ന മരിയൻ ധ്യാനം ഡാലസിൽ

പിൻസ്ടൺ (ടെക്‌സാസ്) : ചിറ്റൂർ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ ജോസഫ് ഉപ്പാണി നയിക്കുന്ന മൂന്നു ദിവസത്തെ താമസിച്ചുള്ള മരിയൻ ധ്യാനം, പ്രിൻസ്ടൺ ലേക്ക് ലാവൻ ക്യാമ്പ് ആൻഡ് കോൺഫറൻസ് സെന്ററിൽ (8050 Co Rd 735, Princeton, TX 75407) നടക്കും. മെയ് 25 മുതൽ 27 (വെള്ളി-ഞായർ ) വരെയാണ് ധ്യാനം.

മാതാവിന്റെ വണക്കമാസത്തിൽ നടക്കുന്ന ഈ പ്രത്യേക മരിയൻ ഭക്തി ധ്യാനത്തിനു രജിസ്റ്റർ ചെയ്യുവാൻ www.amoj.org എന്നെ വെബ്സൈറ്റ് സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക്:
ജോജു ജോസ്: 540 728 5950
മാത്യു തോമസ്: 214 714 0833

മാർട്ടിൻ വിലങ്ങോലിൽ

ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും റിട്രീറ്റും മെയ് അഞ്ച്, ആറ് തീയതികളിൽ

ഹൂസ്റ്റൻ: സെന്റ്മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ മെയ് അഞ്ച്, ആറ് (ശനി, ഞായർ ) തീയതികളിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും റിട്രീറ്റും നടത്തപ്പെടും.

ശനിയാഴ്ച വൈകിട്ട് ആറുമണിക്കു സന്ധ്യാ നമസ്കാരത്തോടെ പെരുനാൾ ചടങ്ങുകൾ ആരംഭിക്കും. ഞായറാഴ്ച മൂന്നിന്മേൽ കുർബാന, തുടർന്നു വെച്ചൂട്ട് നേർച്ചയോടെ പെരുനാളിനു സമാപനമാകും.

ശനിയാഴ്ച വൈകിട്ട് ആറുമണിക്കു സന്ധ്യാനമസ്കാരത്തെ തുടർന്നു നടക്കുന്ന റീട്രീറ്റിൽ ഹൂസ്റ്റൻ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി വികാരി റവ. ഫാ. ഐസക് ബി. പ്രകാശ് സന്ദേശം നൽകും. തുടർന്ന് എട്ടുമണിക്ക് ആഘോഷമായ പെരുനാൾ പ്രദക്ഷിണവും നേർച്ച വിളന്പും.

ഞായറാഴ്ച രാവിലെ 8.30 ന് പ്രഭാത നമസ്കാരത്തോടെ ആരംഭിക്കുന്ന മൂന്നിന്മേൽ കുർബാനയ്ക്കു ഓസ്റ്റിൻ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് പള്ളി വികാരി റവ. ഫാ. സാം മാത്യു മുഖ്യ കാർമികത്വം വഹിക്കും. ഇടവക വികാരി റവ. ഫാ. പി.എം. ചെറിയാൻ, ദേവാലയ സ്ഥാപക വികാരിയും സീനിയർ വൈദികനുമായ റവ. ഫാ. ജോൺ ഗീവർഗീസ് എന്നിവർ സഹകാർമികരായിരിക്കും. തുടർന്നു വെച്ചൂട്ട് നേർച്ചയോടെ പെരുനാളിനു സമാപനമാകുമെന്നു വികാരി റവ. ഫാ. പി.എം. ചെറിയാൻ അറിയിച്ചു. പെരുനാളിന്റെ നടത്തിപ്പിനായി പള്ളി ട്രസ്റ്റി ഇ.കെ. വർഗീസിന്റെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു. പെരുനാളിലേക്കു നേർച്ചകളും സംഭാവനകളും നൽകാൻ ആഗ്രഹിക്കുന്നവർക്കു ദേവാലയത്തിൽ സൌകര്യം ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് :
വികാരി റവ. ഫാ. പി.എം. ചെറിയാൻ (281-216-4347),
ദേവാലയ ട്രസ്റ്റി ഇ.കെ. വർഗീസ് (281-468-7081).

ജീമോൻ റാന്നി

ദൈവാനുഭവത്തിന്റെ നിമിഷങ്ങള്‍

ഷിക്കാഗോ: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്കുശേഷം “ജീവിക്കുന്ന വിശുദ്ധന്‍’ എന്നു ലോകമെമ്പാടും വിശേഷിപ്പിക്കപ്പെടുന്ന ഫ്രാന്‍സീസ് പാപ്പയെ കഴിഞ്ഞ മാസം റോമില്‍ വച്ചു നേരില്‍ കണ്ട് ആശീര്‍വാദം സ്വീകരിക്കുവാന്‍ ഭാഗ്യം ലഭിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരനായ ഡോ. സാല്‍ബി പോള്‍ ചേന്നോത്തും കുടുംബവും.

പരിശുദ്ധ പിതാവുമായുള്ള ഹൃസ്വ സംഭാഷണത്തില്‍, സഭയില്‍ യുവാക്കള്‍ക്കും, കുടുംബജീവിതം നയിക്കുന്നവര്‍ക്കുമുള്ള പ്രാധാന്യത്തെക്കുറിച്ച് പ്രത്യേകം എടുത്തുപറഞ്ഞു. ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പിതാവിനോട് അപേക്ഷിച്ചപ്പോള്‍ നിങ്ങള്‍ എനിക്കുവേണ്ടിക്കൂടിയും പ്രാര്‍ത്ഥിക്കണമെന്ന മറപടി ഞങ്ങളേവരേയും അത്ഭുതപ്പെടുത്തി.

പരിശുദ്ധ പിതാവിന്റെ തേജസ്സുറ്റ മുഖവും കണ്ണുകളിലെ തീക്ഷണതയും മായാത്ത മുദ്രയായി എന്നും ഞങ്ങളില്‍ നിലകൊള്ളുമെന്നു ഡോ. സാല്‍ബി സാക്ഷ്യപ്പെടുത്തുന്നു. ജപ്പാനിലെ വത്തിക്കാന്‍ ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്തിന്റെ ജ്യേഷ്ഠ സഹോദരപുത്രനാണ് ഡോ. സാല്‍ബി പോള്‍.

ജോയിച്ചന്‍ പുതുക്കുളം

ഫൊക്കാനാ വാഷിങ്ങ്ടണ്‍ ഡി സി ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഫൊക്കാനാ വാഷിങ്ങ്ടണ്‍ ഡി സി ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി സരൂപ മോഹന്‍ (ചെയര്‍പെര്‍സണ്‍) പാര്‍വതിപ്രവീണ്‍ (സെക്രട്ടറി), മഞ്ജു ഭാസ്കര്‍ (ട്രഷറര്‍) , ശാന്ധന അരുണ്‍ മേനവന്‍ (വൈസ് പ്രസിഡന്റ് ) മജുഷ ഗിരീഷ് (ജോയിന്റ് സെക്രട്ടറി), മേരി ബെന്‍ (ജോയിന്റ് ട്രഷറര്‍)കലാ ഷാഹി (പി.ആര്‍ .ഒ ) തുടങ്ങിവരെ നിയമിച്ചതായി വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്ണ്ടസണ്‍ ലീലാ മാരേട്ട് അറിയിച്ചു.

അമേരിക്കയില്‍ മലയാളി ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വനിതകള്‍ തികച്ചും ബോധവതിയാണ്. ഐക്യമാണ് നമ്മുടെ ശക്തി. മലയാളി എന്ന നിലയിലുള്ള നമ്മുടെ നല്ലവശങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സംഘടന ശക്തമാകണം. ഒന്നിച്ചുനിന്നാല്‍ പല കാര്യങ്ങളും ചെയ്യാം. നമുക്ക് പരസ്പരം ഒന്നായി നില്‍ക്കാനായില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒരു സംഘടന. തമ്മില്‍ തല്ലാനും ഗ്രൂപ്പ് പ്രവര്‍ത്തനം നടത്താനും നാം എന്തിനു സംഘടന പ്രവര്‍ത്തനം നടത്തണം? സംഘടനയെ ഒന്നിച്ചു കൊണ്ട്ണ്ടപോകുവാന്‍ കഴിവില്ലാത്തവര്‍ ആണ് ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തി സംഘടനകളെ തകര്‍ക്കുന്നതെന്ന് വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്ണ്ടസണ്‍ ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു . നമുക്ക് സ്‌നേഹം ഉള്ളവരും ഇല്ലാത്തവരും സംഘടനകളില്‍ കാണും, പക്ഷേ എല്ലാവരെയും ഒരുമിച്ചു കൊണ്ടു പോകുക എന്നതാണ് സംഘടന പ്രവര്‍ത്തനം.

അമേരിക്കന്‍ സമൂഹത്തില്‍ പലപ്പോഴും വനിതകള്‍ക്ക് അവരുടെ കഴിവിനനുസരിച്ചുള്ള ആദരവ് ലഭിച്ചിട്ടില്ല. അത് നേടിയെടുക്കുക എന്നത് ശ്രമകരമായ കാര്യവുമാണ്. യുവതികള്‍ക്ക് അമേരിക്കന്‍ സാംസ്ണ്ടകാരിക മുഖ്യധാരയിലേക്ക് വരുവാന്‍ അവസരം ഒരുക്കുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യം . കഴിവുള്ള ആളുകളെ ഏതു കാലത്തായാലും അംഗീകരിക്കപ്പെടണം, അതിന് സ്ത്രിയെന്നോ, പുരുഷന്‍ എന്നോ വ്യതാസം പാടില്ല.

ഇനിയും യുവതികള്‍ അമേരിക്കന്‍ സാംസ്ണ്ടകാരിക രാഷ്ട്രീയ മേഖലയ്ക്ക് സംഭാവന നല്കുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നു ലീലാ മാരേട്ട് അറിയിച്ചു. അംഗീകാരത്തിന്റെ വലിപ്പ ചെറുപ്പമല്ല മറിച്ചു അത് മലയാളി സമൂഹത്തിനു ലഭിക്കുമ്പോള്‍ ഉള്ള സന്തോഷമാണ് ഫോക്കാനയ്ക്ക് വലുത്. എന്തായാലും സംഘടന ഓരോ വര്‍ഷവും കൂടുതല്‍ വളരുന്നതില്‍ അവര്‍ സംതൃപ്തി പ്രകടിപ്പിച്ചു. പുതിയ നേതൃത്വം പുതിയ തലത്തിലേക്ക് സംഘടനയെ എത്തിക്കും എന്നകാര്യത്തില്‍ യാതൊരു സംശയവും ഇല്ല.

പുതിയതായി തെരഞ്ഞടുത്ത സരൂപ മോഹന്‍, പാര്‍വതിപ്രവീണ്‍ , മഞ്ജു ഭാസ്കര്‍ , സന്താന അരുണ്‍ മേനവന്‍ ,മജുഷ ഗിരീഷ് , മേരി ബെന്‍, കലാ ഷാഹി തുടങ്ങിവര്‍ക്ക് എല്ലാവിധ ആശംസകള്‍ നേരുന്നതായി ലീലാ മാരേട്ട് അറിയിച്ചു.

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ കുടുംബ സംഗമം ജൂണ്‍ രണ്ടിന്

ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 15 ദേവാലയങ്ങള്‍ ചേര്‍ന്നു നടത്തുന്ന കുടുംബ സംഗമം ജൂണ്‍ രണ്ടിന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ബെല്‍വുഡിലെ സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടക്കും. 5 മണി മുതല്‍ ഡിന്നറും 6 മുതല്‍ 6.30 വരെ പൊതുസമ്മേളനവും 7 മുതല്‍ കലാപരിപാടികളും ആരംഭിക്കും.

എല്ലാ ദേവാലയങ്ങളിലേയും കലാപ്രതിഭകളുടെ തെരഞ്ഞെടുക്കപ്പെട്ട കലാപരിപാടികള്‍ അരങ്ങേറുവാന്‍ സീറോ മലബാര്‍ ദേവാലയത്തിന്റെ അരങ്ങ് ഒരുങ്ങിക്കഴിഞ്ഞതായി എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ. ജോണ്‍ മത്തായി അറിയിച്ചു.

കുടുംബസംഗമം പരിപാടികള്‍ക്ക് ചിക്കാഗോയിലെ ജനങ്ങള്‍ വന്‍ പ്രോത്സാഹനമാണ് നല്‍കിക്കൊണ്ടിരിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് റവ.ഫാ. ബിജുമോന്‍ ജേക്കബ് അറിയിച്ചു.. കേരളത്തില്‍ അര്‍ഹരായവര്‍ക്കുവേണ്ടി ഒരു ചെറിയ സഹായഹസ്തം നീട്ടാന്‍ തങ്ങള്‍ക്ക് കിട്ടുന്ന വലിയ ഒരു അവസരമായി അവര്‍ ഇതിനെ കാണുന്നു. കഴിഞ്ഞവര്‍ഷം ഭവനരഹിതരായ രണ്ടു കുടുംബങ്ങള്‍ക്ക് നല്ല രണ്ടു ഭവനങ്ങള്‍ നിര്‍മ്മിച്ചുനല്‍കാന്‍ ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ഈ പ്രവര്‍ത്തനത്തിലൂടെ സാധ്യമായി. ഇതിനകം പന്ത്രണില്‍ അധികം ഭവനങ്ങള്‍ നിര്‍മ്മിച്ചു. അമേരിക്കയില്‍ തന്നെ വിവിധ എക്യൂമെനിക്കല്‍ പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയായിരിക്കുകയാണ് ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍. ഈവര്‍ഷവും ഇതില്‍ നിന്നും ലഭിക്കുന്ന തുക മുഴുവനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഭവന നിര്‍മ്മാണങ്ങള്‍ക്കുമായി ചെലവഴിക്കുന്നതാണ്.

യുവജനങ്ങള്‍ക്കായി നടത്തുന്ന ബാസ്കറ്റ്‌ബോള്‍, വോളിബോള്‍ ടൂര്‍ണമെന്റുകള്‍, കുട്ടികളുടെ കലാഭിരുചികള്‍ വളര്‍ത്തുന്നതിനായി നടത്തുന്ന സണ്‍ഡേ സ്കൂള്‍ കലാമേള, സുവിശേഷയോഗം, ക്രിസ്തുമസ് പരിപാടികള്‍ എന്നിവ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ പരിപാടികളില്‍ ഉള്‍പ്പെടുന്നു.

റവ.ഫാ. മാത്യൂസ് ജോര്‍ജ് ചെയര്‍മാനും, ബെഞ്ചമിന്‍ തോമസ് ജനറല്‍ കണ്‍വീനര്‍, സിനില്‍ ഫിലിപ്പ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍, പ്രവീണ്‍ തോമസ്, ഏലിയാമ്മ പുന്നൂസ്, സൈമണ്‍ തോമസ്, അച്ചന്‍കുഞ്ഞ് മാത്യൂസ് തുടങ്ങി അനേകം കൗണ്‍സില്‍ മെമ്പര്‍മാര്‍ ഈ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

ജൂണ്‍ രണ്ടിന് നടക്കുന്ന ഈ പരിപാടി വിജയപ്രദമാക്കുവാന്‍ ചിക്കാഗോയിലെ മലയാളി സമൂഹം സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നു സെക്രട്ടറി അറ്റോര്‍ണി ടീന തോമസും, ട്രഷറര്‍ ആന്റോ കവലയ്ക്കലും അഭ്യര്‍ത്ഥിച്ചു. ജോര്‍ജ് പണിക്കര്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ജയിംസ് വര്‍ഗീസിന് നേപ്പാളിലെ ഇത്തിഹാരി സിറ്റി മേയര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു

കാട്ട്മണ്ഡു: നേപ്പാളിലെ ഗ്രാമ പ്രദേശങ്ങളില്‍ സൗജന്യ മെഡിക്കല്‍ ക്യാംപ് നടത്തി ആയിരക്കണക്കിനു പേര്‍ക്ക് സൗജന്യ വൈദ്യസഹായം നല്‍കിയ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ ഡിസ്ട്രിക്റ്റ് 4 സി 3 റീജിയണ്‍ ചെയര്‍ ജയിംസ് വര്‍ഗീസിന് നേപ്പാളിലെ ഇത്തിഹാരി സിറ്റി മേയര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.

നേപ്പാളിലെ സപ്താരി, ഇത്തിഹാരി ഗ്രാമങ്ങളില്‍ കൈലാഷ് മെഡിക്കല്‍ ഫൗണ്ടേഷന്റെയും ലയണ്‍സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ ഒരാഴ്ച നീണ്ട സൗജന്യ മെഡിക്കല്‍ ക്യാംപില്‍ 2,500 ല്‍ പരം രോഗികള്‍ പങ്കെടുത്ത് വൈദ്യ സഹായം സ്വീകരിച്ചു.

അമേരിക്കയില്‍ നിന്നും 13 അംഗ മെഡിക്കല്‍ സംഘവും പത്തോളം പേരടങ്ങുന്ന നേപ്പാളിലെ കൊയിരാള മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ഒറ്റക്കെട്ടായി രണ്ടു ക്യാംപുകളിലും പ്രവര്‍ത്തിച്ചു മെഡിക്കല്‍ ക്യാംപ് വിജയകരമാക്കി.

ജോയിച്ചന്‍ പുതുക്കുളം

നെപ്പോളിയന്‍ ക്രിസോസ്റ്റം നിര്യാതനായി

ഷിക്കാഗോ: കൊല്ലം പുല്ലിച്ചിറ പുത്തന്‍വിളവീട്ടില്‍ പരേതരായ ക്രിസോസ്റ്റം – സര്‍ഫീന ദമ്പതികളുടെ പുത്രന്‍ നെപ്പോളിയന്‍ ക്രിസോസ്റ്റം (72) ഏപ്രില്‍ 22-നു നിര്യാതനായി.

കൊച്ചി തോപ്പുംപടി കോന്നുള്ളി കുടുംബാംഗമായ ജൂലിയ ആണ് ഭാര്യ. മക്കള്‍: നെജു, നീല്‍.

ഏപ്രില്‍ 28-നു ശനിയാഴ്ച രാവിലെ 9.30 മുതല്‍ 10.30 വരെ വേയ്ക്ക് സര്‍വ്വീസും, അതിനുശേഷം അന്നേദിവസം രാവിലെ 10.30-നു ഫ്യൂണറല്‍ സര്‍വീസും നടത്തപ്പെടുന്നതാണ്.

സ്ഥലം: സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ച്, 330 ഇ, ഫുള്ളര്‍ടോണ്‍ ഈവ്, ആഡിസണ്‍, ഇല്ലിനോയ്‌സ് 60101.

സംസ്കാരം: മൗണ്ട് കാര്‍മ്മല്‍ സെമിത്തേരി, 1400 എസ്, വോള്‍ഫ് റോഡ്, ഹില്‍സൈഡ്, ഇല്ലിനോയ്‌സ് 60162.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് (630 400 1172), വിജയന്‍ (847 909 1252), ബിനു (630 217 6778).

ജോയിച്ചന്‍ പുതുക്കുളം