അഡ്വ. സനല്‍കുമാറിന് റ്റാമ്പായില്‍ ഹൃദ്യമായ സ്വീകരണം നല്‍കി

റ്റാമ്പാ: ഫോമ, ഫൊക്കാന കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കാനായി അമേരിക്കയിലെത്തിയ സി.പി.എം നേതാവ് അഡ്വ. സനല്‍കുമാറിന് റ്റാമ്പായില്‍ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

എം.എ.സി.എഫിന്റെ ആസ്ഥാനമായ കേരള സെന്ററില്‍ നടന്ന ചടങ്ങില്‍ എം.എ.സി.എഫ് പ്രസിഡന്റ് സജി കരിമ്പന്നൂര്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ടി. ഉണ്ണികൃഷ്ണന്‍ സ്വാഗതവും, സെക്രട്ടറി റ്റിറ്റോ ജോണ്‍ കൃതജ്ഞതയും പറഞ്ഞു. ഫോമാ സണ്‍ഷൈന്‍ റീജണല്‍ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവില്‍ മുഖ്യആശംസാ പ്രാസംഗികനായിരുന്നു.

എം.എ.സി.എഫ് മുന്‍ പ്രസിഡന്റുമാരായ ടോമി മ്യാല്‍ക്കരപ്പുറത്ത്, ജോസ് ഇല്ലിമൂട്ടില്‍, സാല്‍മോന്‍ മാത്യു, വൈസ് പ്രസിഡന്റ് സുനില്‍ വര്‍ഗീസ്, ട്രഷറര്‍ ജോയി കുര്യന്‍, ജോയിന്റ് ട്രഷറര്‍ ജയേഷ് നായര്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി.

അഡ്വ. സനല്‍കുമാറിന്റെ മറുപടി പ്രസംഗത്തില്‍ കേരളത്തിലെ ദേശീയപാതകളെക്കുറിച്ചും, ബൈ പാസുകളുടെ പ്രാധാന്യത്തെക്കുറിച്ചും, ഖരമാലിന്യനിര്‍മാര്‍ജനത്തിനു കേരളാ ഗവണ്‍മെന്റ് സ്വീകരിക്കാനുദ്ദേശിക്കുന്ന മാര്‍ഗ്ഗരേഖയെക്കുറിച്ചും വിശദമായി സംസാരിച്ചു.

നമ്മുടെ സംസ്ഥാന സഹകരണമേഖലയുടെ വളര്‍ച്ച ഇന്നു ലോകത്തിനു മുഴുവന്‍ മാതൃകയാക്കാവുന്നതാണെന്നു അഡ്വ. സനല്‍കുമാര്‍ അഭിപ്രായപ്പെട്ടു. പ്രവാസി മലയാളികളുടെ നിക്ഷേപങ്ങള്‍ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താന്‍ വേണ്ട ക്രമീകരണങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ മലയാളികളുടെ നല്ല സുഹൃത്തായ അഡ്വ. സനല്‍കുമാര്‍, ഫോമയുടെ കേരളാ കണ്‍വന്‍ഷനുകള്‍ക്ക് എപ്പോഴും നിറഞ്ഞ സഹായമാണ്. ആദ്യമായി അമേരിക്കയിലെത്തിയ അദ്ദേഹത്തിനു അമേരിക്കയിലെമ്പാടുമുള്ള മലയാളി സമൂഹം ഹൃദ്യമായ വരവേല്‍പാണ് നല്‍കിയത്.

ജോയിച്ചന്‍ പുതുക്കുളം