അഭിമാന നിമിഷം

രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പദ്മവിഭൂഷണ്‍ ഏറ്റുവാങ്ങാന്‍ രാഷ്ട്രപതി ഭവന്റെ സെന്റര്‍ ഹാളിലേക്കുള്ള പടവുകള്‍ പരമേശ്വര്‍ജി കയറിയത് എന്റെ കൂടി കൈപിടിച്ചാണ്. മറുകരം പിടിച്ചത് സന്തത സഹചാരി സുരേന്ദ്രന്‍ ചേട്ടനും. പദ്മവിഭൂഷണ്‍ കിട്ടിയവരില്‍ ആദ്യം ഹാളിലെത്തിയതും പരമേശ്വര്‍ജി . വേദിയുടെ ഇടത് വശത്തെ മുന്‍നിര കസേരയില്‍ ഒന്നാമനായി ഇരുന്നു ഇളയരാജയും ഉസ്ദാസ് ഗുലാം മുസ്തഫാ ഖാനും പരമേശ്വര്‍ജിക്കൊപ്പം മുന്‍നിരയില്‍. ഇളയരാജ, പരമേശ്വര്‍ജിയെ വണങ്ങിയ ശേഷമാണ് ഇരുന്നത്.

മന്ത്രിമാരില്‍ ആദ്യമെത്തിയത് വിജയ് ഗോയല്‍. ജെ..പി. നദ്ദ, രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്, അല്‍ഫോണ്‍സ് കണ്ണന്താനം, അനന്ത കുമാര്‍, വി.കെ. സിംഗ്, ഹര്‍ഷ വര്‍ദ്ധന്‍, പീയൂഷ് ഗോയല്‍, ധര്‍മ്മേന്ദ്ര പ്രധാന്‍ തുടങ്ങിയ മന്ത്രിമാര്‍ പിന്നാലെയെത്തി. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും സ്പീക്കര്‍ സുമിത്രാ മഹാജനും എല്‍.കെ. അദ്വാനിയും ഒന്നിച്ചാണെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും അവാര്‍ഡ് വിതരണത്തിന് തൊട്ടുമുന്‍പായെത്തി. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ വന്നയുടന്‍ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെയും പി.പരമേശ്വര്‍ജിയുടെയും അടുത്തെത്തി അഭിവാദ്യം ചെയ്തു. കണ്ണന്താനവും ഇരുവരുടേയും അനുഗ്രഹം തേടി.

അക്ഷരമാലാ ക്രമത്തില്‍ അവാര്‍ഡിനായി ക്ഷണിച്ചപ്പോള്‍ ആദ്യഅവസരം ഇളയരാജക്ക്. ഗുലാം മുസ്തഫാ ഖാന് ശേഷം മൂന്നാമനായി പി. പരമേശ്വര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍നിന്നും പദ്മവിഭൂഷണ്‍ ഏറ്റുവാങ്ങി. അഭിമാനം ഉയര്‍ന്ന നിമിഷം. തൊട്ടുപിന്നാലെ ക്രിസോസ്റ്റം തിരുമേനി പദ്മഭൂഷണ്‍ സ്വീകരിച്ചു.

പദ്മശ്രീ ഏറ്റുവാങ്ങിയവരില്‍ ലക്ഷ്മിക്കുട്ടിയമ്മക്ക് സദസ്സിന്റെ നിലക്കാത്ത കയ്യടി. ലക്ഷികുട്ടിയമ്മയുടെ പേര് വിളിച്ചപ്പോളും പുരസ്‌ക്കാരം വാങ്ങി അവര്‍ അഭിവാദ്യം ചെയ്തപ്പോളും സദസ്സാകെ കൈയടിച്ചു. ചടങ്ങിന്റെ താരമായതും വനമുത്തശ്ശി ആയിരുന്നു. മകന്‍ ലക്ഷ്മണന്‍ കാണിയോടൊപ്പമാണ് അവരെത്തിയത്.

പരമേശ്വര്‍ജി പുരസ്‌ക്കാരം സ്വീകരിക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ സുരേന്ദ്രട്ടനും എനിക്കും പുറമെ പ്രജ്്ഞാപ്രാവാഹ് ദേശീയ സംയോജകന്‍ നന്ദേട്ടന്‍ ( ജെ നന്ദകുമാര്‍,) ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലെ വേണുവേട്ടന്‍ ( വേണു ഗോപാല്‍), വേണുവേട്ടന്റെ ഭാര്യ, ദല്‍ഹി സര്‍ക്കാറിലെ ഉദ്യോഗസ്ഥന്‍ രാമന്‍ജി , പരമേശ്വര്‍ജിയുടെ ബന്ധു സുരേന്ദ്രന്‍ എന്നിവും ഉണ്ടായിരുന്നു.

അവാര്‍ഡ് ചടങ്ങിനുശേഷം ലഘു ഭക്ഷനത്തിനിടെ എല്ലാവരുടേയും അടുത്തെത്തി പ്രധാനമന്ത്രി മോദിജി പരിചയപ്പെട്ടു. സുരക്ഷാ പ്രശ്‌നമൊന്നുമില്ലാതെ അടുത്തിടപെഴകി മോദി അടുത്തത്തിയപ്പോള്‍ നമസ്‌തേ പറഞ്ഞ ശേഷം ഞാന്‍ കൈ നിട്ടി. ഷേയ്ക്ക് ഹാന്‍ഡ് ചെയ്തുകൊണ്ട് പരിചയപ്പെട്ടു.

ഹാളിനു പുറത്തിറങ്ങിയപ്പോള്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കാമെന്ന് നന്ദേട്ടന്‍ അഭിപ്രായപ്പെട്ടപ്പോള്‍ എതിരൊന്നും പറയാതെ പരമേശവര്‍ജി പടവുകളില്‍ നിന്നു. മോബൈല്‍ ഫോണ്‍ ഉണ്ടായിരുന്നവരെല്ലാം ചിത്രം പകര്‍ത്തി P. Sreekumar