ആദിവിശുദ്ധിയിലേക്കു മടങ്ങിപ്പോവുക: സണ്ണി സ്റ്റീഫന്‍

സ്വാന്‍സീ : വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും പ്രശസ്ത കുടുംബ പ്രേഷിതനും, പ്രമുഖ വചന പ്രഘോഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും സംഗീത സംവിധായകനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ സ്വാന്‍സീ ഹോളിക്രോസ് ദേവാലയത്തില്‍ നടന്ന നോമ്പുകാല ധ്യാനത്തിന് നേതൃത്വം നല്കി കൊണ്ട് ആഴമേറിയ വചന സന്ദേശം നല്കി.

“ജീവിതത്തിന്‍റെ ചില പൊളിച്ചെഴുത്തുകളെ വിശേഷിപ്പിക്കുന്ന പേരാണ് മാനസാന്തരം. സ്നേഹത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുന്നതാണ് ഏറ്റവും നല്ല അനുതാപം. നിഷ്കളങ്കതയിലേക്കും, നൈര്‍മല്യത്തിലേക്കും, ആദിവിശുദ്ധിയിലേക്കുമൊക്കെ മടങ്ങിപ്പോകാന്‍ പ്രേരകമായി ഏതെങ്കിലുമൊരു സന്ദര്‍ഭം നിങ്ങള്‍ക്കായി ദൈവമൊരുക്കുന്നുണ്ട്. അതു തിരിച്ചറിഞ്ഞ് നന്മയിലേക്ക് മടങ്ങുന്നവര്‍ക്ക് സൌഖ്യവും സമാധാനവും ലഭിക്കുന്നുണ്ട്. സുവിശേഷം ആരംഭിക്കുന്നതു പോലും മാനസാന്തരപ്പെടുവിന്‍ എന്ന ആഹ്വാനത്തോടെയാണ്. മാനസാന്തരമെന്നത് വീണ്ടെടുപ്പു തന്നെയാണ്. മാനസാന്തരപ്പെട്ടവരുടെ സഞ്ചിതാനുഭവങ്ങള്‍ ചേര്‍ന്നതാണ് സുവിശേഷം. നിക്കേദേമോസിനോടു വീണ്ടും ജനിക്കുകയെന്നു പറഞ്ഞതിലൂടെ ഏതൊരു കാലത്തും, ഏതൊരു മനുഷ്യനും മാനസാന്തരം സാദ്ധ്യമാണെന്നു അവന്‍ ഭൂമിയെ പഠിപ്പിച്ചു. കള പറിച്ചു കളയുക മാത്രമല്ല പകരം എന്തു നട്ടു എന്നതും ധ്യാനിക്കേണ്ടത് തന്നെയാണ്. വിചാരത്തിലും വാക്കിലും പ്രവര്‍ത്തിയിലും നന്മയുടെ വിത്തുകള്‍ പാകി നമുക്ക് ചുറ്റും സ്വര്‍ഗ്ഗരാജ്യം തീര്‍ത്ത് മുറിയാനും, മുറിഞ്ഞു പകരാനുമുള്ള മനസ്സുമായി ദേവാലയം പോലുള്ള നല്ല മനുഷ്യരായി ജീവിക്കുവാന്‍ നമുക്കൊരുങ്ങാം. ഇടറിപ്പോയ ഭൂതകാലത്തെയോര്‍ത്ത് കഠിനമായി ഭാരപ്പെടുത്താതെ നമുക്ക് വര്‍ത്തമാനകാലത്തെ പ്രകാശിപ്പിച്ച് സ്നേഹസമ്പന്നമാക്കി ഇടറിപ്പോയ കാലങ്ങള്‍ക്ക് പരിഹാരം ചെയ്യാമെന്നും” സണ്ണി സ്റ്റീഫന്‍ പറഞ്ഞു.

മനസ്സിന്‍റെ ആഴങ്ങളില്‍ തൊട്ട്, വചനം ജീവിതപാഠങ്ങളാക്കി നല്കുന്ന സണ്ണി സ്റ്റീഫന്‍റെ ഹൃദയസ്പര്‍ശിയായ പ്രബോധനങ്ങള്‍ ആത്മാവിനെ തൊട്ടുണര്‍ത്തുന്നതാണെന്നും മനം മടുപ്പിക്കുന്ന ആവര്‍ത്തനങ്ങളില്ലാത്ത ഓരോ വചനവിരുന്നും പുതുമയുള്ളതും ആത്മീയാഘോഷം നല്കുന്ന അനുഗ്രഹങ്ങളാണെന്നും വികാരി റവ. ഫാ. സിറിള്‍ തടത്തില്‍ തന്‍റെ കൃതജ്ഞതാ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് ഫെബ്രുവരി 24, 25 നു ന്യുപോര്‍ട്ടിലും, മാര്‍ച്ച് 2 നു ബ്രിസ്റ്റോളില്‍ നൈറ്റ് വിജിലിലും, 3, 4 ഗ്ലോസെസ്റ്റ്റിലും, 10,11 നു ടൌണ്ട്ടണിലും, 16, 17നു കാര്‍ഡിനഫിലും, 20, 21 നു WSMലും, 23,24 ബ്രിസ്റ്റോളളിലും, 25നു യോവിലുമായി ബ്രിസ്റ്റോള്‍ റീജിയണിനു കീഴിലുള്ള ദേവാലയങ്ങളില്‍ ശ്രീ സണ്ണി സ്റ്റീഫന്‍ വചന ശുശ്രൂഷകള്‍ നല്കു്ന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
റോയി (ബ്രിസ്റ്റോള്‍ റീജിയന്‍) (0786 270 1046 ), ജോര്‍ജ്ജ് സൈമണ്‍ (0786 139 2825 ), ജോസ് ചേലച്ചുവട്ടില്‍ ( 0789 781 6039 ), സണ്ണി സ്റ്റീഫന്‍ ( 0740 477 5810 ). Email: worldpeacemissioncouncil@gmail.com. www.worldpeacemission.net

കെ.ജെ.ജോണ്‍