സ്റ്റിയറിങ്ങില്ലാത്ത കാറുമായി ജനറല്‍ മോട്ടേഴ്സ് വിപണിയിലേക്ക്

ജോര്‍ജ് തുമ്പയില്‍

ന്യൂയോര്‍ക്ക്: ഡ്രൈവറുകളില്ലാത്ത വാഹനവുമായി ഗൂഗിള്‍ ഉള്‍പ്പെടെയുള്ളവര്‍ വന്‍ പരീക്ഷണങ്ങളുമായി മുന്നേറുമ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി ജനറല്‍ മോട്ടോഴ്സ് രംഗത്ത്. സ്റ്റിയറിങ്ങും പെഡലുകളും ഇല്ലാതെ പുതിയ വാഹനം നിരത്തിലിറക്കാന്‍ തങ്ങള്‍ സന്നദ്ധരാണെന്നും തങ്ങളുടെ പരീക്ഷണങ്ങള്‍ക്ക് നൂറില്‍ നൂറു മാര്‍ക്കും ലഭിച്ചിരിക്കുന്നുവെന്നുമാണ് അവരുടെ അവകാശവാദം. പുതിയ തലമുറയില്‍പ്പെട്ട വാഹനവിപണിയിലേക്ക് ഫുള്‍ ഓട്ടോമേഷന്‍ ടെക്നോളജിയുമായാണ് ജനറല്‍ മോട്ടോഴ്സ് എത്തുന്നത്. പുതിയ ക്രൂസ് എവി വിഭാഗത്തില്‍പ്പെട്ട ഷെവര്‍ലെ ബോള്‍ട്ട് ഇവി എന്ന വാഹനത്തില്‍ വെറുതെ കയറി ഇരുന്നാല്‍ മതി. ബ്രേക്ക് ഇല്ല, ആക്സിലേറ്റര്‍ ഇല്ല, സ്റ്റിയറിങ്ങ് ഇല്ല. വണ്ടി തനിയേ നീങ്ങിക്കൊള്ളും. എവിടേക്ക് പോകണം എന്നതു സംബന്ധിച്ച് വാഹനത്തിനുള്ളിലെ മാപ്പില്‍ രേഖപ്പെടുത്തിയാല്‍ മതി. എത്ര വേഗത്തില്‍ പോകണമെന്നും എത്ര സമയം കൊണ്ട് എത്തണമെന്നും അറിയിച്ചാല്‍ കൃത്യമായി വാഹനം അപകടമേതും കൂടാതെ ലക്ഷ്യസ്ഥാനത്ത് വാഹനത്തിലുള്ളവരെ എത്തിക്കും.

ഇത്തരത്തില്‍ ലോകത്തില്‍ ആദ്യത്തെ ‘പ്രൊഡക്ഷന്‍ റെഡി’ വാഹനങ്ങളാണ് ജനറല്‍ മോട്ടേഴ്സ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച സുരക്ഷാമാനദണ്ഡങ്ങളുമായി മുന്നോട്ടു പോകാനായി യുഎസ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ട്രാന്‍സ്പോര്‍ട്ടേഴ്സിനു ജിഎം കത്തു നല്‍കി. സാന്‍ഫ്രാന്‍സിസ്ക്കോയിലെയും ഫീനിക്സിലെയും തിരക്കേറിയ നഗരത്തില്‍ ഈ ഓട്ടോമേഷന്‍ കാറിന്‍റെ മാസങ്ങള്‍ നീണ്ട പരീക്ഷണ ഓട്ടം അവസാനിച്ചതിനു പിന്നാലെയാണ് ജനറല്‍ മോട്ടോഴ്സ് ഇതു വാണിജ്യാടിസ്ഥാനത്തില്‍ വില്‍ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്. ലേസര്‍ സെന്‍സര്‍, ക്യാമറ, റഡാര്‍ എന്നിവയെ വാഹനത്തിനുള്ളിലെ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് കാറിന്‍റെ ഓട്ടം നിജപ്പെടുത്തിയിരിക്കുന്നത്. ഇതിനു വേണ്ടി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത മാപ്പിങ് ടെക്നോളജിയുടെ സഹായത്തോടെയാണ് കാറിന്‍റെ സഞ്ചാരം. അടുത്ത വര്‍ഷത്തോടെ ഇത്തരത്തില്‍പ്പെട്ട കൂടുതല്‍ കാറുകള്‍ അമേരിക്കന്‍ നിരത്തുകള്‍ കൈയടക്കുമെന്നാണ് കരുതപ്പെടുന്നത്.

പി പരമേശ്വരന് പത്മവിഭൂഷന്‍

ഹിന്ദുത്വ ചിന്തയുടെ കേരളത്തിലെ ഏറ്റവും ശക്തമായ വക്താവ്

ആദിശങ്കരന്റെ അദ്വൈതബോധവും സ്വാമി വിവേകാനന്ദന്റെ സമരാത്മകതയും ശ്രീനാരായണ ഗുരുദേവന്റെ അനുകമ്പയും മഹര്‍ഷി അരവിന്ദന്റെ ആത്മജ്ഞാനവും കാറല്‍ മാര്‍ക്സിന്റെ അപഗ്രഥന പാടവവും ഭിന്നമാത്രകളില്‍ സ്വാംശീകരിച്ച ഒരാള്‍ ധ്യാനനിര്‍ഭരമായ മനസ്സും കര്‍മനിരതമായ ശരീരവും ആശയങ്ങളുടെ അക്ഷയസ്രോതസ്സായ ബുദ്ധിയും നല്‍കി ജഗദീശ്വന്‍ കനിഞ്ഞനുഗ്രഹിച്ച മഹാത്മാവ് .ദേശീയത എന്ന സങ്കല്‍പ്പത്തിന് ഭാവനയുടെ ചിറകുകള്‍ നല്‍കിയ കവി, ആദര്‍ശം മുഖമുദ്രയാക്കിയ ആര്‍എസ്എസ് പ്രചാരകന്‍, ആധുനിക കേരളം കണ്ട അതുല്യസംഘാടകന്‍, ഹിന്ദുത്വ ചിന്തയുടെ കേരളത്തിലെ ഏറ്റവും ശക്തമായ വക്താവ്, മാതൃഭാഷയായ മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും അയത്നലളിതമായും ആധികാരികമായും ആകര്‍ഷകമായും ഒരുപോലെ എഴുതാനും പ്രസംഗിക്കാനും കഴിയുന്നയാള്‍,സര്‍വോപരി ഹിന്ദുത്വ ദര്‍ശനത്തിന്റെ സൈദ്ധാന്തികന്‍…അവസാനിപ്പിക്കാന്‍ കഴിയാത്തതാണ് പി.പരമേശ്വര്‍ജിക്ക് നല്‍കാവുന്ന വിശേഷണങ്ങള്‍.ഇവയോരൊന്നും മറ്റാരെക്കാളും ഈ മഹാമനീഷി അര്‍ഹിക്കുന്നു.

ആലപ്പുഴ ചേര്‍ത്തലയിലെ മുഹമ്മയില്‍ ചാരമംഗലം എന്ന ഗ്രാമത്തില്‍, താമരശ്ശേരിയില്‍ പരമേശ്വരന്‍ ഇളയതിന്റെയും സാവിത്രി അന്തര്‍ ജനത്തിന്റെയും ഇളയമകനായി 1926 ലായിരുന്നു ജനനം. കന്നിമാസത്തിലെ തിരുവോണനാളില്‍. ധര്‍മ്മനിഷ്ഠമായ അന്തരീക്ഷമായിരുന്നു വീട്ടില്‍. മുടങ്ങാതെ ജപവും കൃത്യമായി പൂജയും ഒക്കെ നടന്നിരുന്നു. ഓര്‍മ്മവച്ച കാലം മുതല്‍ സംസ്‌കൃതവും അക്ഷരശ്ലേകവും കേട്ടാണ് കുട്ടിക്കാലം ചിലവിട്ടത്. ചുറ്റുപാടുമുള്ള കുട്ടികളെ ജേഷ്ഠന്മാരായ വാസുദേവനും കേശവനും സംസ്‌കൃതം പഠിപ്പിച്ചിരുന്നു. സിദ്ധരൂപവും അമരകോശവും അന്നേ പരിചയിച്ചിരുന്നു. അച്ഛന്‍ കവിത ചൊല്ലും അത്താഴം കഴിഞ്ഞ് ഒരുമിച്ചിരുന്നുള്ള അക്ഷരശ്ലോകവും പതിവായിരുന്നു. കമ്മ്യൂണിസത്തിന്റെ സ്വാധീനം ഗ്രാമത്തില്‍ ശക്തമായിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറിയായി കെ.കെ.കുമാരനായിരുന്നു ഏറ്റവും അടുത്ത സുഹൃത്ത്. പ്രാഥമിക വിദ്യാഭ്യാസം . അച്ഛനായിരുന്നു ആദ്യക്ഷരം കുറിപ്പിച്ചത്. പ്രാഥമിക വിദ്യാഭ്യാസം കായിക്കര ആര്‍.എല്‍.പി സ്‌കൂള്‍, ചേര്‍ത്തല ഗവണ്‍മെന്റ് സൂക്കൂള്‍ എന്നിവിടങ്ങളില്‍. ഈ സമയത്താണ് വയലാര്‍ രാമവര്‍മ്മ സഹപാഠിയായി വരുന്നത്. അദ്ദേഹവുമായി ആത്മാര്‍ത്ഥമായ സൗഹൃദബന്ധവും നിലനിര്‍ത്തി. കവിതയെഴുത്തിലായിരുന്നു ആദ്യകമ്പം. ചേര്‍ത്തലയില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ കവിതാമത്സരത്തില്‍ കൊളുകൊണ്ട വേമ്പനാട് എന്നവിശഷയത്തില്‍ ഒന്നാം സ്ഥാനം നേടി. രണ്ടാംസ്ഥാനം വയലാര്‍ രാമവര്‍മ്മയ്ക്കും. ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവല്‍ എഴുതിയ നാഗമയ്യയുടെ പേരിലുള്ള ഉപന്യാസമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്.സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് എഫ് എ. (ഫെലോ ഓഫ് ആര്‍ട്ട്‌സ്) പരീക്ഷയ്ക്കുള്ള രണ്ടുവര്‍ഷ കോഴ്‌സിന് തേര്‍ഡ് ഗ്രൂപ്പില്‍ ചങ്ങനാശ്ശേരി എസ്. ബി. കോളേജില്‍ ചേര്‍ന്നു.. എല്ലാ വിഷയങ്ങളിലും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെത്തിയത്.എം.എ ബിരുദത്തിന് തുല്യമായ ബിഎ ഓണേഴ്‌സിന് ഒന്നാംസ്ഥാനവും സ്വര്‍ണമെഡലും നേടി.

ചെറുപ്പംമുതല്‍ ആദ്ധ്യാത്മകതയുടേയും ദേശസ്‌നേഹത്തിന്റെയും സംയുക്ത പരിണയം മനസ്സില്‍ ഉണ്ടായിരുന്നു. ആഗമനാനന്ദസ്വാമിയുമായുള്ള അടുപ്പവും സഹവാസവും ആദ്ധ്യാത്മികതയിലേക്ക് കൂടുതല്‍ അടുപ്പിച്ചു. വിവേകാനന്ദരാമകൃഷ്ണ ദര്‍ശനങ്ങളോടായിരുന്നു കൂടുതല്‍ താല്‍പ്പര്യം.പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് കല്‍ക്കട്ട ബേലൂല്‍മഠം ആഗമാനന്ദസ്വാമിയോടൊപ്പം സന്ദര്‍ശിച്ചിരുന്നു. ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിലേക്ക് പോകാന്‍ സാധ്യതയും പ്രേരണയും ഉണ്ടായിരുന്നു.ആഗമാനന്ദനൊപ്പം വിദ്യാര്‍ത്ഥിജീവിതകാലത്തുതന്നെ ഭാരതതീര്‍ത്ഥാടനം നടത്തിയ പരമേശ്വര്‍ജി രാമകൃഷ്ണമിഷനില്‍നിന്ന് ദീക്ഷ സ്വീകരിച്ചു.

ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ പഠിക്കുമ്പോള്‍ അവിടെ യംങ്‌മെന്‍ അസോസിയേഷന്‍ എന്ന ഒരു സംഘടന രൂപീകരിച്ചിരുന്നു. അസോസിയേഷന്റെ പരിപാടിക്ക് എം പി മന്മഥനെ വിളിച്ചു. എന്‍ എസ് എസ് കോളേജിന്റെ വാര്‍ഡനായിരുന്നു അന്ന് അദ്ദേഹം. ശിവജിയുടേയും റാണാപ്രതാപന്റേയും ചിത്രത്തില്‍ രക്തമാലചാര്‍ത്തി പ്രതിജ്ഞ എടുക്കുന്ന സംഘടന വടക്കേ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഹിന്ദുക്കളുടെ നന്മക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പേര് രാഷ്ട്രീയ സ്വയം സേവക സംഘം എന്നാണെന്നും മന്മഥന്‍ പ്രസംഗത്തില്‍ പറഞ്ഞു. തുടര്‍ന്ന് പെരുന്നയില്‍ നടന്നിരുന്ന ശാഖയില്‍ പോയി. സംഘത്തെ അറിഞ്ഞിട്ടോ സ്വയംസേവകനെന്ന നിലയിലോ ആയിരുന്നില്ല അത്. ആ നിലയില്‍ പങ്കെടുക്കുന്നത് തിരുവനന്തപുരത്തെ ശാഖയിലാണ്. ഇപ്പോള്‍ സംസ്‌കൃതിഭവന്‍ നില്‍ക്കുന്നിടത്തായിരുന്നു ശാഖ. പിന്നീട് പ്രചാരകന്മാരായി മാറിയ എം എ കൃഷ്ണന്‍, പി നാരായണന്‍, പ്രകൃതി ചികിത്സയുടെ വക്താവായിരുന്ന വര്‍മ്മ , ബൊക്കാറോ സ്റ്റീല്‍ പ്‌ളാന്റിന്റെ ജനറല്‍ മാനേജരായി മാറിയ കുമാരസ്വാമി എന്നിവരൊക്കെ ഈ ശാഖയിലെ സ്വയംസേവകരായിരുന്നു.

സംഘത്തിന്റെ രണ്ടാമത്തെ സംര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറെ കാണാനിടയായത് വഴിത്തിരിവായി. തമിഴ്‌നാട്ടിലെ ആറ്റൂരില്‍ നടന്ന ക്യാമ്പില്‍ വെച്ചാണ് ഗുരുജിയെ ആദ്യം കാണുന്നത്. ഗുരുജിയുടെ വാക്കുകള്‍ കേട്ടപ്പോള്‍, ഇതുതന്നെയല്ല വിവേകാനന്ദന്‍ പറഞ്ഞത് എന്ന ചിന്ത വന്നു. വിവേകാന്ദന്‍ ഉണര്‍ത്തിവിട്ട പ്രേരണ പ്രയോഗികമാക്കുന്നത് സംഘപ്രവര്‍ത്തമാണെന്ന വിചാരം ശക്തമായി. ആഗമാനന്ദസ്വാമിയില്‍ നിന്ന് ഗുരുജിയിലേക്കുള്ള മാറ്റമായിരുന്നു അത്.

ഗാന്ധി വധത്തെത്തുടര്‍ന്ന് സംഘത്തെ നിരോധിച്ചപ്പോള്‍ ജയിലില്‍ പോകേണ്ടിവന്നു. തുടര്‍ന്ന് ആര്‍ എസ് എസ് പ്രചാരകനായി. ചങ്ങനാശ്ശേരിയിലും കൊല്ലത്തും നിയോഗിക്കപ്പെട്ടു. മുഖ്യമന്ത്രിയും എസ് എന്‍ ഡി പി യോഗം സെക്രട്ടറിയുമൊക്കെയായിരുന്ന ആര്‍ ശങ്കര്‍ ഉള്‍പ്പെടെ പ്രമുഖരെ ശാഖയില്‍ കൊണ്ടുവന്നു.പിന്നീട് പ്രവര്‍ത്തനമേഖല കോഴിക്കോട് കേന്ദ്രീകരിച്ച് മലബാറിലേക്ക് മാറ്റി. ഇക്കാലത്താണ് ഇപ്പോള്‍ ദേശീയതയുടെ മാധ്യമാവിഷ്‌കാരമായി മാറിയിരിക്കുന്ന ‘കേസരി’ വാരിക തുടക്കം കുറിച്ചത്. ‘കേസരി’യുടെ പത്രാധിപരായി.

1958 ല്‍ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി. ഒമ്പത് വര്‍ഷം ആ പദവിയില്‍ തുടര്‍ന്നു. 1967 ല്‍ കോഴിക്കോട് ചേര്‍ന്ന ജനസംഘത്തിന്റെ ദേശീയ സമ്മേളനത്തില്‍ ദേശീയ സെക്രട്ടറിമാരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെടുകയും അഞ്ചാറുവര്‍ഷം കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനുമായി. ഈ പദവിയിലിരിക്കെയാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും അതില്‍ പ്രതിഷേധിച്ച് അറസ്റ്റുവരിച്ചതും തടവനുഭവിച്ചതും. ജയില്‍മോചിതനായശേഷം ജനസംഘം ലയിച്ച് ജനതാപാര്‍ട്ടി രൂപീകൃതമായതോടെ കക്ഷിരാഷ്ട്രീയത്തോട് എന്നേക്കുമായി വിടപറഞ്ഞു. ദീനദയാല്‍ ഉപാധ്യായയുടെ ഓര്‍മയ്ക്കായി സ്ഥാപിക്കപ്പെട്ട ദല്‍ഹിയിലെ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് തുടര്‍ന്ന് പ്രവര്‍ത്തിച്ചത്.1982ല്‍ തിരിച്ചെത്തിയതുമുതല്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഡയറക്ടര്‍ എന്ന ചുമതല വഹിക്കുന്നു. ഒപ്പം കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തിന്റെ അധ്യക്ഷപദവിയും.

കമ്മ്യൂണിസ്റ്റാശയങ്ങള്‍ക്കൊപ്പം ഇടതുപക്ഷ രാഷ്ട്രീയത്തെയും അടുത്തറിഞ്ഞ പരമേശ്വരന്‍ സാര്‍വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ചെറുചലനങ്ങള്‍പോലും സൂക്ഷ്മമായി വീക്ഷിച്ചു. സോവിയറ്റ് യൂണിയനിലെ ഇരുമ്പുമറ തകര്‍ന്ന് അപ്രിയസത്യങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ടും മുഖംതിരിച്ചുനിന്ന ഇടതുപക്ഷ ബുദ്ധിജീവികളുടെ കാപട്യം പി പരമേശ്വരന്‍ തുറന്നുകാട്ടി. ഒടുവില്‍ സ്റ്റാലിനിസ്റ്റ് സ്വേച്ഛാധിപത്യത്തില്‍നിന്ന് മിഖായേല്‍ ഗോര്‍ബച്ചേവ് സോവിയറ്റ് യൂണിയനെ പുറത്തുകൊണ്ടുവന്നപ്പോള്‍ പരമേശ്വരന്റെ പ്രവചനങ്ങളാണ് ശരിവയ്ക്കപ്പെട്ടത്. ‘ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളും’ എന്ന പുസ്തകത്തിലൂടെ ഗോര്‍ബച്ചേവിന്റെ ആശയങ്ങളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയതും പരമേശ്വരനായിരുന്നു.ഇ.എം.എസ്.നമ്പൂതിരിപ്പാട് പലപ്പോഴും തന്റെ സൈദ്ധാന്തിക എതിരാളിയായി കണ്ടത് പരമേശ്വരനെയായിരുന്നു. ഇഎംഎസ് ഉന്നയിക്കുന്ന വാദഗതികള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയതോടൊപ്പം അദ്ദേഹത്തെ ഉത്തരംമുട്ടിക്കുന്ന മറുചോദ്യങ്ങളും പരമേശ്വരന്‍ ഉന്നയിച്ചുപോന്നു. ശങ്കരദര്‍ശനത്തെക്കുറിച്ചുള്ള സംവാദം ഇതിലൊന്നായിരുന്നു.

ഗ്രന്ഥകാരനെന്ന നിലയ്ക്ക് അദ്വിതീയമാണ് പരമേശ്വര്‍ജിയുടെ സ്ഥാനം. ആശയസമരത്തിന്റെ ശക്തമായ ആയുധങ്ങളും മാറ്റത്തിന് വഴിമരുന്നിടുന്നവയുമാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍. ഹിന്ദുധര്‍മവും ഇന്ത്യന്‍ കമ്മ്യൂണിസവും, സ്വാമി വിവേകാനന്ദനും കാറല്‍ മാര്‍ക്‌സും, മാര്‍ക്‌സില്‍നിന്ന് മഹര്‍ഷിയിലേക്ക് എന്നീ ഗ്രന്ഥത്രയങ്ങള്‍ മാര്‍ക്‌സിസത്തിന്റെ ജയാപജയങ്ങള്‍ പരിശോധിച്ച് ബദല്‍ നിര്‍ദ്ദേശിക്കുന്നു. ഭ്രാന്താലയത്തില്‍നിന്ന് തീര്‍ത്ഥാലയത്തിലേക്ക്, ശ്രീനാരായണ ഗുരുദേവന്‍ നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്നിവ കേരളത്തിന്റെ സാമൂഹ്യപരിഷ്‌കരണങ്ങള്‍ക്കു നേര്‍ക്കുപിടിച്ച കണ്ണാടിയാണ്. ഹാര്‍ട്ട്ബീറ്റ്‌സ് ഓഫ് ഹിന്ദു നേഷന്‍, ഭാരതം ഗതിയും നിയതിയും എന്നിവ ഭാവിഭാരതത്തിന്റെ രൂപരേഖ വരച്ചുകാട്ടുന്നു. സ്വാമി വിവേകാനന്ദനെ സോഷ്യലിസ്റ്റാക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോഴാണ് വിവേകാനന്ദനും മാര്‍ക്‌സും എന്ന മാസ്റ്റര്‍പീസ് (ഇംഗ്ലീഷിലും മലയാളത്തിലും) പിറവിയെടുത്തത്. ശ്രീനാരായണ ഗുരുദേവനെ ദേശീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന പരമേശ്വര്‍ജിയുടെ പുസ്തകത്തിലൂടെയാണ് കേരളത്തിനുപുറത്തുള്ളവര്‍ ആ മഹാത്മാവിന്റെ മഹത്വം ശരിയായി അറിഞ്ഞത്. അരവിന്ദദര്‍ശനത്തെ പരിചയപ്പെടുത്തുന്ന മഹര്‍ഷി അരവിന്ദന്‍ ഭാവിയുടെ ദാര്‍ശനികന്‍, ദിശാബോധത്തിന്റെ ദര്‍ശനം തുടങ്ങിയവയാണ് മറ്റ് ഗ്രന്ഥങ്ങള്‍. പരമേശ്വര്‍ജിയെന്ന കവിയെക്കുറിച്ച് മലയാളത്തിന്റെ മഹാകവി അക്കിത്തം തൃശൂരിലെ ജന്മാഷ്ടമി പുരസ്‌കാര സമര്‍പ്പണവേളയില്‍ പ്രഖ്യാപിച്ചത് സ്വാമി വിവേകാനന്‍, നാരായണഗുരു. പി. പരമേശ്വരന്‍ എന്നിവര്‍ ഒരേ ശ്രേണിയില്‍ തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന കവികളാണെന്നാണ്. എന്റെ ഈ വാക്കുകള്‍ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. പക്ഷേ ലോകം നാളെ അത് ഇങ്ങനെ തന്നെ വിലയിരുത്തുമെന്ന് അക്കിത്തം കൂട്ടിച്ചേര്‍ത്തു.വ്യത്യസ്തമായ പ്രശ്‌നങ്ങളോട് പ്രതികരിക്കുന്ന നൂറുകണക്കിന് ലേഖനങ്ങളും നിരവധി ലഘുലേഖകളും പരമേശ്വര്‍ജിയുടെ തൂലികയില്‍നിന്ന് പിറവിയെടുത്തിട്ടുണ്ട്.

ആദര്‍ശങ്ങളിലും വിശ്വാസങ്ങളിലും അണുവിടപോലും വിട്ടുവീഴ്ച ചെയ്യാതെ ഇടതുപക്ഷാധിപത്യമുള്ള കേരളത്തിന്റെ ബൗദ്ധികമണ്ഡലത്തില്‍ തന്റേതായ ഒരിടം കണ്ടെത്തിയ പരമേശ്വരന്‍ പ്രവര്‍ത്തിച്ച പ്രസ്ഥാനങ്ങളില്‍ മാത്രമല്ല പൊതുസമൂഹത്തിന്റെ കൂടി ആദരവും അംഗീകാരവും അദ്ദേഹം സ്വന്തമാക്കി. അംഗീകാരങ്ങള്‍ നിരവധിയാണ് പരമേശ്വര്‍ജിയെ തേടിയെത്തിയിട്ടുള്ളത്. ഹനുമാന്‍ പൊദ്ദാര്‍ പുരസ്‌കാരം, അമൃതകീര്‍ത്തി പുരസ്‌കാരം, ഹിന്ദു ഓഫ് ദ ഇയര്‍ പുരസ്‌കാരം, വിദ്യാധിരാജ ദര്‍ശന പുരസ്‌കാരം, ജന്മാഷ്ടമി പുരസ്‌കാരം, പത്മശ്രീ, കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, ആര്‍ഷസംസ്‌കാര പരമശ്രേഷ്ഠ പുരസ്‌കാരം എന്നിവ ഇവയില്‍പ്പെടുന്നു.

ഇന്ത്യന്‍ നഴ്‌സസ് അസോസിയഷന്‍ ഹോളിഡേ ആഘോഷങ്ങള്‍ വന്‍ വിജയം

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ പതിനഞ്ചാം വാര്‍ഷിക ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 13-നു വൈകുന്നേരം സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ചു നടന്നു. വൈകുന്നേരം 5.30-നു തുടങ്ങിയ ജനറല്‍ബോഡിയില്‍ അംഗങ്ങളുടെ സജീവ സാന്നിധ്യവും ഭാവി പ്രവര്‍ത്തനങ്ങളെപ്പറ്റിയും വളരെ ക്രിയാത്മകമായ ചര്‍ച്ചകള്‍ നടന്നു.

അതിനുശേഷം പുതുവര്‍ഷത്തെ വരവേല്‍ക്കാനായി മനോഹരമായ ദീപങ്ങളാല്‍ അലങ്കരിച്ച വേദിയില്‍ നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളും അതോടൊപ്പം തന്നെ ഷിക്കാഗോയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നഴ്‌സുമാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത പ്രൗഡഗംഭീരമായ ആഘോഷങ്ങള്‍ക്ക് തുടക്കമായി. പ്രാരംഭമായി നടന്ന പൊതുസമ്മേളനത്തില്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചുകൊണ്ട് നഴ്‌സസ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റജീനാ സേവ്യര്‍ സംസാരിച്ചു. നഴ്‌സസ് അസോസിയേഷന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളേയും നഴ്‌സിംഗ് പ്രൊഫഷന്റെ ത്വരിതമായ വളര്‍ച്ചയും, ആ പുരോഗതിയില്‍ നഴ്‌സുമാര്‍ക്കും എങ്ങനെ പങ്കാളികളാകാം എന്നും ഓര്‍മ്മിപ്പിച്ചുകൊണ്ട് പ്രസിഡന്റ് ബീന വള്ളിക്കളം അധ്യക്ഷ പ്രസംഗം നടത്തി.

അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ ശ്ശാഘിച്ചുകൊണ്ട് നഴ്‌സിംഗ് വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളും വെല്ലുവിളികളും വിശദീകരിച്ച് ചേമ്പര്‍ലെയ്ന്‍ യൂണിവേഴ്‌സിറ്റി ഡീന്‍ ജാനറ്റ് സ്‌നോ മുഖ്യ പ്രഭാഷണം നടത്തി. അതിനുശേഷം എക്‌സിക്യൂട്ടീവ് അംഗങ്ങളുടേയും കമ്മിറ്റി ചെയറുകളുടേയും സാന്നിധ്യത്തില്‍ മെഴുകുതിരി തെളിയിച്ച് 2018-ലെ ആദ്യ ആഘോഷപരിപാടികള്‍ക്കു തുടക്കംകുറിച്ചു. പ്രസ്തുത ചടങ്ങില്‍ വച്ചു ട്രഷറര്‍ ലിസി പീറ്റേഴ്‌സ്, നാന്‍സി ലൂക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി പ്രസിദ്ധീകരിച്ച സുവനീര്‍ മുന്‍ പ്രസിഡന്റുമാരുടേയും എക്‌സിക്യൂട്ടീവ് അംഗങ്ങളുടേയും സാന്നിധ്യത്തില്‍ ഡീന്‍ ജാനറ്റ് സ്‌നോ പ്രകാശനം ചെയ്തു. അതോടൊപ്പം തന്നെ ഗ്രേസി വാച്ചാച്ചിറ, റാണി കാപ്പന്‍ എന്നിവരുടെ ചുമതലയില്‍ നടന്ന റാഫിളിന്റെ നറുക്കെടുപ്പും നടന്നു. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളായ 1000, 500, 250 ഡോളര്‍ വീതം സമ്മാനിച്ചു. റാണി കാപ്പന്‍ നന്ദി പ്രകാശിപ്പിച്ച ചടങ്ങില്‍ സ്വാദിഷ്ടമായ ഭക്ഷണവും ഒരുക്കിയിരുന്നു. ശോഭാ കോട്ടൂര്‍, ചിന്നു തോട്ടം എന്നിവര്‍ നേതൃത്വം നല്‍കിയ കള്‍ച്ചറല്‍ കമ്മിറ്റിയുടെ സംഭാവന എടുത്തുപറയത്തക്കതായിരുന്നു.

പ്രായഭേദമെന്യേ നിരവധി പേര്‍ പങ്കെടുത്ത വ്യത്യസ്തമായ കലാപരിപാടികള്‍ കണ്ണിനും കാതിനും മനസ്സിനും വിരുന്നായി മാറി. പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദി നഴ്‌സസ് അസോസിയേഷന്‍ രേഖപ്പെടുത്തി. അതോടൊപ്പം തുടര്‍ന്നുവരുന്ന എഡ്യൂക്കേഷന്‍ സെമിനാറുകളിലും നഴ്‌സസ് ഡേ സെമിനാറുകളിലും നഴ്‌സസ് ഡേ ആഘോഷങ്ങളിലും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഷിജി അലക്‌സ് ചിക്കാഗോ അറിയിച്ചതാണിത്.

റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ നഴ്‌സിംഗ് അസോസിയേഷന് ആദരം

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: ഇന്ത്യയുടെ അറുപത്തൊമ്പതാം റിപ്പബ്ലിക് ദിനത്തില്‍ ഇല്ലിനോയിയിലെ ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് കുക്ക് കൗണ്ടി ട്രഷററുടെ വക പ്രത്യേക ആദരം ലഭിച്ചു. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രത്യേക അംഗീകാരം ട്രഷറര്‍ മരിയ പപ്പാസ് നല്‍കി. ജനുവരി 26-നു ട്രഷററുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ബീന വള്ളിക്കളം, എഡ്യൂക്കേഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂസന്‍ മാത്യു, മെമ്പര്‍ സൂസന്‍ ഇടമല എന്നിവര്‍ പങ്കെടുത്തു.

നഴ്‌സിംഗ് പ്രൊഫഷനെ താന്‍ ഏറെ ബഹുമാനിക്കുന്നുവെന്നും, അമേരിക്കയിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ സാന്നിധ്യവും, സേവനസന്നദ്ധതയും അംഗീകരിക്കുന്നതായും ട്രഷറര്‍ മരിയ പപ്പാസ് പറഞ്ഞു. അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി അന്വേഷിച്ച അവര്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ കുക്ക് കൗണ്ടിയുടെ എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.

അസോസിയേഷന് നല്‍കിയ ഈ അംഗീകാരത്തിന് പ്രസിഡന്റ് ബീന വള്ളിക്കളം നന്ദി അറിയിച്ചു. സമൂഹത്തിന് ഉപകാരപ്രദമായ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നതിനായി ഇത്തരം അവസരങ്ങള്‍ പ്രചോദനകരമാകുന്നുവെന്നും ഈ അംഗീകാരം അസോസിയേഷനിലെ എല്ലാ അംഗങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്നും ബീന പറഞ്ഞു. ഷിജി അലക്‌സ് അറിയിച്ചതാണിത്.

ഏവര്‍ക്കും മാതൃക ആയി ഒരു മലയാളി സംഘടന; ബീന പ്രതീപിന്റെ നേതൃത്വത്തില്‍ ഗാമയ്ക്ക് പുതിയ അരങ്ങ്

അമേരിക്കയിലെ മലയാളി സംഘടനകളില്‍ പ്രഥമ സ്ഥാനമാണ് ഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസ്സോസിയേഷനുള്ളത് (ഗാമ) .ഗാമയുടെ പ്രവര്‍ത്തനങ്ങള്‍ പുതു വര്‍ഷത്തിലേക്കു കുതിക്കുമ്പോള്‍ പുതിയ നേതൃത്വവും അധികാരമേറ്റെടുത്തു പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു.

ഗാമയുടെ പ്രവര്‍ത്തന ശൈലി കൊണ്ടാണ് അമേരിക്കയിലെ മലയാളി സംഘടനകള്‍ക്ക് മാതൃകയായി ഗാമ വളരുന്നതിന് ഗാമയുടെ പുതിയ പ്രസിഡന്റ് ബീനാ പ്രതീപ് പറഞ്ഞു. ഈ പ്രവര്‍ത്തന ശൈലിക്കാധാരം ഗാമയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ നേതൃത്വം നല്‍കിവരും, മുന്‍കാല ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും അകമഴിഞ്ഞ പ്രോത്സാഹനം കൊണ്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ഗാമയുടെ പ്രവര്‍ത്തകരുടെ അര്‍പ്പണ ബോധം കൊണ്ടാണ് ഇത് സാധിച്ചത്. പ്രവര്‍ത്തിച്ചു സമൂഹത്തിനു നേരിട്ട് കാട്ടിക്കൊടുത്തു അംഗീകാരം നേടുക എന്ന തത്വമാണ് ഗാമയ്ക്കുള്ളത് .

അറ്റലാന്റ മലയാളികളുടെ വലിയ പ്രോത്സാഹനം കൊണ്ടു മാത്രമാണ് അമേരിക്കന്‍ മലയാളി പ്രസ്ഥാനങ്ങള്‍ക്ക് എന്നും മാതൃകയായിരിക്കുവാന്‍ സാധിക്കുന്നത് . മലയാളികളിലെ രണ്ടും മുന്നും തലമുറകളെ കൂട്ടിയിണക്കുന്ന കണ്ണിയായും തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നറിയിച്ച 2018ലെ എക്‌സിക്കുട്ടീവ് കമ്മിറ്റിയില്‍ പ്രവര്‍ത്തന ശൈലികൊണ്ട് മികവുറ്റ ഒരു നേതൃത്വ നിരയാണുള്ളത്.

13 അംഗങ്ങള്‍ അടങ്ങുന്ന ഈ കമ്മിറ്റിയുടെ പ്രസിഡന്റ് ബീന പ്രതീപാണ്. കൊച്ചിയില്‍ ഡോക്ടര്‍ ആയിരുന്നു 1990 മുതല്‍ യു.എസില്‍ .സെന്റ് തെരേസ കോളേജിലെ പൂ ര്‍വ വിദ്യാര്‍ത്ഥിനി മെസിസ് ല്‍ മാനേജരായി പതിനഞ്ചു വര്‍ഷം . മെസിസ് ല്‍ വിമന്‍സ് ഫോറം സെക്രട്ടറി ആയും പ്രവര്‍ത്തനം.1999ലാണ് ബീന ഗാമയില്‍ മെമ്പറാവുന്നത്. അനില്‍ മെച്ചേരിലാണ് ഗാമയുടെ വൈസ് പ്രസിഡന്റ്. കോട്ടയത്തുകാരനായ ഇദ്ദേഹം 12 വര്‍ഷമായി യു.എസ്.ല്‍. ഓഹിയോയില്‍ നിന്ന് 2006 ല്‍ അറ്റ്‌ലാനയിലേക്ക് മാറി. പിന്നീട് മാര്‍തയില്‍ ഇലക്ട്രിഷ്യനായി ജോലി ചെയ്തു. 2006 മുതല്‍ ഗാമയില്‍ സജീവമായി പ്രവര്‍ത്തിച്ചു.

മലപ്പുറത്തെ അരിക്കോടുകാരനായ അബൂബക്കര്‍ സിദ്ധീഖ് കമ്മിറ്റിയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറത്തെ ജവഹര്‍ നവോദയ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ഇദ്ദേഹം തിരുവനന്തപുരത്തെ ടഇഠ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഇലക്ട്രോണിക്‌സില്‍ ബി ടെക് നേടിയിട്ടുണ്ട്. അറ്റ്‌ലാന്റയിലെ ഹോം ഡിപോട്ടില്‍ ജോലി ചെയ്യുകയാണ് അദ്ദേഹം. പ്രസാദ് ഫിലിപ്പോസ് കമ്മിറ്റിയുടെ ജോയിന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1996ല്‍ അറ്റലാനയിലേക്ക് താമസം മാറുകയും പിന്നീട് 16വര്‍ഷത്തോളം മെട്രോ അറ്റ്‌ലാന്റയില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്തു. പിന്നീട് ഗാമയുടെ സ്‌പോണ്‍സര്‍മാരില്‍ ഒരാളായി മാറി. ദീപക് പാര്‍ത്ഥസാരഥി യാണ് ട്രഷററര്‍. 2013ലാണ് ദീപക് അറ്റ്‌ലാനയിലേക്ക് താമസം മാറിയത്.പിന്നീട് അല്‍ഫാറെറ്റയില്‍ സ്ഥിര താമസമാക്കി.ഗാമയിലെ വിവിധകമ്മിറ്റികളുടെ തലപ്പത്തു ബിനു ജോണ്‍,ജിജോ തോമസ്.കെവിന്‍ ബോബി,മില്‍ട്ടണ്‍ ഇമ്മട്ടി ,റോമിയോ തോമസ്,ടോണി തോമസ്,വിനു ചന്ദ്രന്‍ ,അടിമത്തറ പ്രീതി എന്നിവര്‍ കമ്മിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിലകൊള്ളുമ്പോള്‍ ഗാമയുടെ പ്രവര്‍ത്തനങ്ങള്‍ ചുറുചുറുക്കോടെ മുന്നോട്ട് പോകുന്നു.

ഒരു പുതിയ സംഘടനാ പ്രവര്‍ത്തനശൈലി അമേരിക്കന്‍ മലയാളികള്‍ക്ക് മുന്‍പില്‍ കാഴ്ചവച്ച ഗാമയുടെ ജീവകാരുണ്യ,സാംസ്കാരിക ,സാമൂഹ്യ പ്രവര്‍ത്തങ്ങള്‍ അമേരിക്കന്‍ മലയാളികളുടെ ആദരവും അംഗീകാരവും നേടിയെടുക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല .

മിനി നായര്‍ അറിയിച്ചതാണിത്.

മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ദൈവാലയത്തില്‍ മൂന്ന് നോമ്പും പുറത്തുനമസ്കാരവും ഭക്തിനിര്‍ഭരമായി ആചരിച്ചു

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തില്‍ ജനുവരി 24 ബുധനാഴ്ച വൈകിട്ട് 7 മണിക്ക് വി. കുര്‍ബാനയും തുടര്‍ന്ന് മൂന്ന് നോമ്പാചരണ പ്രാര്‍ത്ഥനയും പുറത്ത് നമസ്കാര കര്‍മ്മങ്ങളും നടത്തപ്പെട്ടു. സേക്രട്ട് ഹാര്‍ട്ട് ഫോറാന വികാരി.റവ.ഫാ എബ്രാഹം മുത്തോലത്ത് തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു .റവ .ഫാ ബോബന്‍ വട്ടം പുറത്ത് സഹകാര്‍മമികനായിരുന്നു. ധാരാളം ജനങ്ങള്‍ പങ്കെടുത്ത ഈ പുറത്തു നമസ്കാര ചടങ്ങുകളുടെ പ്രസുദേന്തിമാര്‍ കടുത്തുരുത്തി ഇടവകയില്‍ നിന്നുള്ളവരായിരുന്നു.കടുത്തുരുത്തി പളളിയിലെ കരിങ്കല്‍ കുരിശിനെ അനുസ്മരിക്കുന്ന വിധത്തില്‍ തയ്യാറാക്കിയ 53 ചുറ്റുവിളക്കോടെ നിര്‍മമിച്ച കരിങ്കല്‍ കുരിശിന് ചുറ്റും ജനങ്ങള്‍ എണ്ണ ഒഴിച്ച് പ്രര്‍ത്ഥിക്കുകയും നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കയും ചെയ്യുതു . ക്‌നാനായക്കാര്‍ തങ്ങളുടെ തലപ്പള്ളിയായി പരിഗണിച്ചു പോരുന്ന കടുത്തുരുത്തി വലിയ പള്ളിയില്‍ പതിനാറരകോല്‍ പൊക്കമുള്ള ഭാരതത്തിലെ ഏറ്റവും വലിയ കരിങ്കല്‍ കുരിശായ കടുത്തുരുത്തിയിലെ കരിങ്കല്‍ കുരിശ് 1596 ല്‍ സ്ഥാപിച്ചു ഈ കുരിശിങ്കല്‍ പ്രാര്‍ത്ഥിക്കുവാനും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കാനുമായി ജാതി മതഭേദമന്യേ ധാരാളം ജനങ്ങള്‍ വന്ന് കുരിശിനെവന്ദിച്ച് ചുറ്റുവിളക്ക് കത്തിക്കുകയും ചെയ്യുന്നു. കടുത്തുരുത്തി വലിയ പള്ളിയിയിലെ അതി പുരാതനകാലം മുതല്‍ക്കെയുള്ള പ്രധാനതിരുനാളായ മൂന്നുനോമ്പിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച വൈകുന്നേരം ചരിത്ര പ്രസിദ്ധമായ കരിങ്കല്‍ കുരിശിന്‍ ചുവട്ടില്‍ വച്ച് പരമ്പരാഗതമായി നടന്നുവരുന്ന ഒരു സമൂഹ പ്രാര്‍ത്ഥനയാണ് പുറത്തുനമസ്ക്കാരം. ഭക്തി നിര്‍ഭരവും പ്രാര്‍ത്ഥനാസമ്പുഷ്ടവുമായ ഈ ഭക്താനുഷ്ഠാനത്തില്‍ സംബന്ധിക്കുവാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ധാരാളം ആളുകള്‍ വന്നെത്താറുണ്ട് . കടുത്തുരുത്തി വലിയ പള്ളിയില്‍ മാത്രം കാണുന്ന സായാഹ്നപ്രാത്ഥനയെന്നും വിളിക്കപ്പെടുന്ന ഈ പുറത്തുനമസ്ക്കാരം കുരിശടിയിലേക്ക് തിരികള്‍ കത്തിച്ച്

പ്രദക്ഷിണമായി പോയി, അഉ 345 ലെ കുടിയേറ്റയാത്രയില്‍ മരിച്ച് കടലില്‍ സംസ്ക്കരിക്കപ്പെട്ട പൂര്‍വ്വികരെ അനുസ്മരിച്ച് കടലിന്നഭിമുഖമായി നിന്ന് വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചിരുന്ന പാരമ്പര്യമാണ് ഇതിന്റെ അടിസ്ഥാനം. താത്കാലികമായി സെ.മേരീസില്‍ ഈ കല്‍കുരിശ് നിര്‍മ്മിക്കുവാന്‍ നേതൃത്വം നല്കിയത് മത്തച്ചന്‍ ചെമ്മാച്ചേലാണ് . അനില്‍ മറ്റത്തിക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ദേവാലയ ഗായകസംഘം ആത്മീയ ചൈതന്യം ഉണര്‍ത്തുന്ന കീര്‍ത്തനങ്ങളാല്‍ കര്‍മ്മങ്ങള്‍ കൂടുതല്‍ സജീവമാക്കി. സമാപനം സ്‌നേഹ വിരുന്നോടെയായിരുന്നു കൈക്കാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളി സിബി കൈതക്ക തൊട്ടിയില്‍ പോള്‍സണ്‍ കുളങ്ങര, റ്റോണി കിഴക്കേക്കുറ്റ് എന്നിവരോടെപ്പം കടുത്തുരുത്തി ഇടവകാഗംങ്ങളും ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിന് വേണ്ട ക്രമികരണങ്ങള്‍ ഒരുക്കി. സ്റ്റീഫന്‍ ചെളളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ നാഷണല്‍ ചീട്ടുകളി ടൂര്‍ണമെന്റ് മാര്‍ച്ച് 17 ശനിയാഴ്ച

ചിക്കാഗോ മലയാളി സമൂഹത്തില്‍ കരുത്തിന്റെ തിരയിളക്കം സൃഷ്ടിച്ച അന്തര്‍ദേശീയ വടംവലി മത്സരത്തിനു ശേഷം സോഷ്യല്‍ ക്ലബ്ബ് വിഭാവനം ചെയ്യുന്ന അടുത്ത പ്രോഗ്രാമാണ് ചീട്ടുകളി മത്സരം. ബുദ്ധിയും തന്ത്രവും ഭാഗ്യവും തമ്മില്‍ ഏറ്റുമുട്ടുന്ന ഈ ചീട്ടുകളി മത്സരം മാര്‍ച്ച് 17-ാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ചിക്കാഗോ കെ.സി.എസിന്റെ ഡസ്‌പ്ലെയിന്‍സിലുള്ള പുതിയ കമ്മ്യൂണിറ്റി സെന്ററില്‍ (New Knanaya Center, 1800 Oakton Street, Desplaines IL 60018) വച്ച് നടത്തു്‌റ് വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

ഇതിലേക്ക് 18 വയസ്സിനു മേലുള്ള എല്ലാ മലയാളികളായ സ്ത്രീ പുരുഷ ഭേദമന്യേ പങ്കെടുക്കാവുതാണ്. (മത്സരം ഫീസ് മൂലം നിയന്ത്രിച്ചിരിക്കുന്നു)

28 (ലേലം) മൂന്നു പേര്‍, റെമ്മി ഒരു ബാച്ച് കുറഞ്ഞത് 8 പേര്‍ എന്നിവയാണ് മത്സരഇനങ്ങള്‍. ഈ ടൂര്‍ണമെന്റിന്റെ കണ്‍വീനേഴ്‌സ് അഭിലാഷ് നെല്ലാമറ്റം, ജില്‍സ് വയലുപടിയാനിക്കല്‍ എന്നിവരാണ്.

ഈ വാശിയേറിയ മത്സരത്തിലേക്ക് നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളികളെയും ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഭാരവാഹികളായ അലക്‌സ് പടിഞ്ഞാറേല്‍ (പ്രസിഡന്റ്), സജി മുല്ലപ്പള്ളി (വൈസ് പ്രസിഡന്റ്), ജോസ് മണക്കാട്ട് (സെക്രട്ടറി), പ്രസാദ് വെള്ളിയാന്‍ (ജോയിന്റ് സെക്രട്ടറി), ബിജു കരികുളം (ട്രഷറര്‍) എന്നിവരുടെയും അതുപോലെ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ എല്ലാ മെമ്പേഴ്‌സിന്റെയും പേരില്‍ ചിക്കാഗോ കെ.സി.എസ്. പുതിയ കമ്മ്യൂണിറ്റി സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

നവകേരള മലയാളി അസോസിയേഷന് നവസാരഥികള്‍

സൗത്ത് ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനായ നവകേരള മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡക്ക് നവസാരഥികള്‍. 2018 പ്രവര്‍ത്തനവര്‍ഷത്തേക്ക് ജോബി പൊന്നുംപുരയിടം (പ്രസിഡന്റ്), ഷാന്‍റ്റി വര്‍ഗീസ് (വൈസ് പ്രസിഡന്റ്), ബിജോയ് സേവ്യര്‍(സെക്രട്ടറി), ആനന്ദലാല്‍ രാധാകൃഷ്ണന്‍ (ജോ: സെക്രട്ടറി), ജെയിന്‍ വാത്യേലില്‍ (ട്രഷറര്‍ ) ,രഞ്ജന്‍ പുളിമൂട്ടില്‍(ജോ: ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു. സുരേഷ് നായര്‍ എക്‌സ് ഒഫീഷ്യയോ ആണ്.

കമ്മിറ്റി അംഗങ്ങളായി സജോ ജോസ് പല്ലിശ്ശേരി, സൈമണ്‍ പാറത്താഴം ,ഏലിയാസ് പനങ്ങയില്‍ , റിനു ജോണി, സുശീല്‍ നാലകത്ത്, മിലന്‍ തോമസ്, കുര്യാക്കോസ് പൊടിമറ്റം,സെബാസ്റ്റ്യന്‍ വയലിങ്കല്‍,പ്രിയ നായര്‍,ബെന്നി വര്‍ഗീസ് എന്നിവരെയും തെരെഞ്ഞെടുത്തു.

ജോയിച്ചന്‍ പുതുക്കുളം

ഗീതാമണ്ഡലം മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി

ചിക്കാഗോ: അറുപതു നാള്‍ നീണ്ടുനിന്ന അചഞ്ചല അയ്യപ്പ ഭക്തിയാല്‍ “സര്‍വം ഖല്വിദം ബ്രഹ്മ’ അല്ലെങ്കില്‍ സര്‍വ്വ ചരാചരങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത് ഈ ബ്രഹ്മം തന്നെ എന്ന തിരിച്ചറിവ് ഓരോ ഭക്തനും നല്കിക്കൊണ്ട് ഗീതാമണ്ഡലം മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ചു.

ഈവര്‍ഷത്തെ മകരവിളക്ക് മഹോത്സവ പൂജകള്‍ ആരംഭിച്ചത് സര്‍വ്വവിഘ്‌ന നിവരകനായ ശ്രീമഹാഗണപതിക്ക് ഗണപതി അഥര്‍വ്വോപനിഷ്ദ് മന്ത്രത്താല്‍ പ്രത്യേക പൂജകള്‍ ചെയ്തുകൊണ്ടാണ്. തുടര്‍ന്നു വൈക്കത്തപ്പനും, ഉണ്ണിക്കണ്ണനും, ആദിപരാശക്തിക്കും പ്രത്യേക പൂജകളും മഹാനൈവേദ്യ സമര്‍പ്പണവും നടത്തി. അതിനുശേഷം 2017- 18 വര്‍ഷത്തെ മകരവിളക്ക് മഹോത്സവത്തിനായി അയ്യപ്പ സ്വാമിയെ ഉണര്‍ത്തുപാട്ട് പാടി ഉണര്‍ത്തിയശേഷം കലിയുഗവരദനായ മണികണ്ഠ പെരുമാളിനെ ദീപാലങ്കാരങ്ങള്‍ കാട്ടിയശേഷം നട തുറന്നു. “ശിവസ്യഹൃദയം വിഷ്ണു: വിഷ്‌ണോസ്തുഹൃദയം ശിവ:’ എന്ന സ്കന്ദോപനിഷത്തിലെ വരികള്‍ ഉള്‍ക്കൊണ്ട് ഹരിഹര പുത്രനായ അയ്യപ്പസ്വാമിക്ക്, ഹരിഹരസൂക്തങ്ങളാള്‍ നെയ്യഭിഷേകവും, ശ്രീരുദ്ര ചമകങ്ങളാല്‍ ഭസ്മാഭിഷേകവും, പുരുഷസൂക്തത്തിനാല്‍ കളഭാഭിഷേകവും നടത്തിയശേഷം അഷ്ടദ്രവ്യകലശം ആടി. തുടര്‍ന്ന് നൈവേദ്യം സമര്‍പ്പിച്ച് പ്രത്യേക പൂജകള്‍ നടത്തിയ ശേഷം നട അടച്ചു.

ചിക്കാഗോയിലേയും, ഫേസ്ബുക്ക് വഴി അയ്യപ്പ പൂജകള്‍ ലൈവായി കണ്ടുകൊണ്ടിരുന്ന ലോകത്തിലെ എല്ലാ അയ്യപ്പഭക്തര്‍ക്കും ദിവ്യാനുഭൂതി പകര്‍ന്നുകൊണ്ട് ശരണഘോഷമുഖരിതമായ അന്തരീക്ഷത്തില്‍ അപ്പുക്കുട്ടന്‍ കലക്കലിന്റെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബിജു കൃഷ്ണന്‍ സ്വാമി തലയില്‍ ഏറ്റിക്കൊണ്ടുവന്ന തിരുവാഭരണ ഘോഷയാത്രയെ, പ്രധാന പുരോഹിതന്‍ ശ്രീ ലക്ഷ്മി നാരായണ ശാസ്ത്രികള്‍ ആരതി ഉഴിഞ്ഞ് സ്വീകരിച്ച് തിരുവാഭരണപ്പെട്ടി സന്നിധാനത്തില്‍ എത്തിച്ചു. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിക്കു മുന്നില്‍ പടിപൂജയും അഷ്‌ടോത്തര അര്‍ച്ചനയും കര്‍പ്പൂരാരാധനയും നടത്തി നട അടച്ചു. വീണ്ടും ബിംബശുദ്ധി വരുത്തി പനിനീര്‍ അഭിഷേകം നടത്തി നട തുറന്ന് പുഷ്പാലങ്കാരം നടത്തിയ ശേഷം അയ്യപ്പമന്ത്ര കവചനത്തിനാലും സാമവേദ പാരായണത്തിനാലും മന്ത്രപുഷ്പ പാരായണത്തിനാലും അയ്യപ്പസ്വാമിയുടെ ഇഷ്ടാഭിഷേകമായ പുഷ്പാഭിഷേകവും അഷ്‌ടോത്തര അര്‍ച്ചനയും ദീപാരാധനയും നടത്തി. തുടര്‍ന്നു നമസ്കാരമന്ത്രവും, മംഗള ആരതിയും നടത്തിയശേഷം ഹരിവരാസനം പാടി നട അടച്ചു. പ്രസന്നന്‍ നമ്പൂതിരി മകരവിളക്ക് ഉത്സവത്തിനായി ഉയര്‍ത്തിയ കൊടി താഴ്ത്തി ഈവര്‍ഷത്തെ മണ്ഡല മകരവിളക്ക് ഉത്സവങ്ങള്‍ക്ക് പരിസമാപ്തികുറിച്ചു.

ജ്ഞാനത്തിന്റെ പരമകാഷ്ടയില്‍ ഗുരുതന്നെ ദൈവം, ദൈവം തന്നെ ഗുരു. ലോക ഗുരുവായിട്ടാണ് നാം അയ്യപ്പ തത്വത്തെ സങ്കല്‍പിച്ചിരിക്കുന്നത്. ദുര്‍ലഭമായ മനുഷ്യ ജന്മത്തില്‍ അറിയേണ്ടത് ഒന്നു മാത്രമാണ്- അതു ബ്രഹ്മവിദ്യ-പരമായ ജ്ഞാനമാണ്. ഈ തത്വം നമുക്ക് അനുഭവവേദ്യമാക്കിത്തീര്‍ത്ത ഒരു ഉജ്വലമായ പുണ്യകാലമായിരുന്നു മണ്ഡല മകരവിളക്ക് കാലം എന്നു ഗീതാമണ്ഡലം അധ്യക്ഷന്‍ ജയ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. അയ്യപ്പതത്വം ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണ് മരംകൊച്ചുന്ന തണുപ്പിനേയും അവഗണിച്ച് ഇന്നിവിടെ തടിച്ചുകൂടിയ ഭക്തജനപ്രവാഹം എന്നു വിശ്വനാഥന്‍ കട്ടകാടും, ശ്രീ സായ് ഭജന്‍ ഗ്രൂപ്പിന്റെ അതിമനോഹരമായ ഭജനകളും ഗീതാമണ്ഡലം ഭജന്‍ ഗ്രൂപ്പിന്റെ ഭജനകളും ഭക്തരെ ആനന്ദത്തിന്റെ പരമകാഷ്ഠയില്‍ എത്തിച്ചു എന്ന് വൈസ് പ്രസിഡന്റ് ശേഖരന്‍ അപ്പുക്കുട്ടന്‍ അഭിപ്രായപ്പെട്ടു. അമേരിക്കയില്‍ ആദ്യമായി അയ്യപ്പപൂജയ്ക്കായി നാരായണന്‍ അപ്പുക്കുട്ടന്‍ പണികഴിപ്പിച്ച മനോഹരമായ കൊടിമരം എല്ലാ അയ്യപ്പഭക്തര്‍ക്കും ശബരിമല സന്നിധാനത്ത് എത്തിയ പ്രതീതിയാണ് നല്‍കിയത്. ഈവര്‍ഷത്തെ അയ്യപ്പ പൂജകള്‍ കൃത്യമായ ആചാരാനുഷ്ഠാനങ്ങളോടെ നടത്തിയ പ്രധാന പുരോഹിതനായ ശ്രീ ലക്ഷ്മി നാരായണ ശാസ്ത്രികള്‍ക്കും, സഹ കാര്‍മികനായി പ്രവര്‍ത്തിച്ച ബിജു കൃഷ്ണനും, വേദപാരായണങ്ങള്‍ നടത്തിയ സീതാരാമ അയ്യര്‍ക്കും ഗീതാമണ്ഡലം സ്പിരിച്വല്‍ ലീഡര്‍ ആനന്ദ് പ്രഭാകര്‍ നന്ദി പ്രകാശിപ്പിച്ചു. ഈവര്‍ഷത്തെ ഗീതാമണ്ഡലത്തിന്റെ മകരവിളക്ക് മഹോത്സവം സ്‌പോണ്‍സര്‍ ചെയ്ത രമ നായര്‍ക്കും കുടുംബാംഗങ്ങള്‍ക്കും, മറ്റ് എല്ലാ അയ്യപ്പ പൂജകളും സ്‌പോണ്‍സര്‍ ചെയ്ത ഭക്തര്‍ക്കും, അയ്യപ്പപൂജകള്‍ക്കുള്ള പൂജാ സാമഗ്രികള്‍ നല്‍കിയ എസ്.എം.എസ് മലയാളി ഗ്രോസറി സ്റ്റോറിനും അതുപോലെ ഭക്തിഗാനമേള സംഘടിപ്പിച്ച സായ് ഗ്രൂപ്പിനും, ഗീതാമണ്ഡലം ഭജനസംഘത്തിനും, ഈവര്‍ഷത്തെ അയ്യപ്പ പൂജകളില്‍ പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും, ഇത് ഒരു വലിയ വിജയമാക്കാന്‍ സഹായിച്ച ആനന്ദ് പ്രഭാകറിനും മറ്റ് എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും ജനറല്‍ സെക്രട്ടറി ബൈജു എസ് മേനോന്‍ നന്ദി അറിയിച്ചു.

മകരവിളക്ക് ഉത്സവത്തില്‍ പങ്കെടുത്ത എല്ലാ ഭക്തജനങ്ങളും ബ്രഹ്മശ്രീ ലക്ഷ്മി നാരായണ ശാസ്ത്രികളില്‍ നിന്ന് പ്രസാദം വാങ്ങി അനുഗ്രഹം തേടി. അതിനുശേഷം നടന്ന മഹാപ്രസാദ വിതരണത്തോടെ മകരവിളക്ക് ഉത്സവങ്ങള്‍ക്ക് കൊടിയിറങ്ങി.

രാമചന്ദ്രന്‍ നായര്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

മഞ്ഞിനിക്കര ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ചിക്കാഗോയില്‍

ചിക്കാഗോ: ചിക്കാഗോയില്‍ അന്ത്യോഖ്യ സിംഹാസനത്തിന്‍ കീഴിലുള്ള സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി, സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി, സെന്റ് മേരീസ് ക്‌നാനായ യാക്കോബായ സുറിയാനി പള്ളി, എന്നീ ഇടവകകള്‍ ചേര്‍ന്നു നടത്തിവരുന്ന പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ, 86-ാമത് ഓര്‍മ്മപ്പെരുന്നാള്‍ 2018 ഫെബ്രുവരി 10, 11 തിയതികളില്‍ ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ചു നടത്തുന്നതിന് തീരുമാനിച്ചു.

ഫെബ്രുവരി 4 ഞായറാഴ്ച വി: കുര്‍ബ്ബാനക്കു ശേഷം 12.30 ചിക്കാഗോ സെന്റ് പീറ്റേര്‌ഴ്‌സ് യക്കോബായ പള്ളിയില്‍ പെരുന്നാള്‍ കൊടിയേറ്റുന്നതാണു. ഫെബ്രുവരി 10 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലിത്ത അഭി: യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് വചനസന്ദേശവും നടക്കും.
പെരുന്നാളിനോടനുബന്ധിച്ച് ശനിയാഴ്ച സന്ധ്യാപ്രാര്‍ത്ഥനക്കു ശേഷം ക്വയര്‍ഫെസ്റ്റ് ഉണ്ടായിരിക്കുന്നതാണു. ആശിര്‍വാദത്തോടുകൂടി ശനിയാഴ്ചത്തെ പരിപാടികള്‍ അവസാനിക്കും.

ഫെബ്രുവരി 11-ാം തിയതി ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാതപ്രാര്‍ത്ഥനയും 10 മണിക്ക് അഭി: യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി: അഞ്ചിന്മേല്‍ കുര്‍ബ്ബാനയും ആരംഭിക്കും. തുടര്‍ന്ന് സ്‌നേഹവിരുന്നോടു കൂടി ഈ വര്‍ഷത്തെ പെരുന്നാളിനു് തിരശീലവീഴും.

ജോയിച്ചന്‍ പുതുക്കുളം