കല്യാണം, ബാത്ത്റൂമില്‍ !

ജോര്‍ജ് തുമ്പയില്‍

ന്യൂയോര്‍ക്ക്: കല്യാണം നടത്താന്‍ ആലോചിക്കുമ്പോള്‍ ആഡംബര റിസോര്‍ട്ടുകളിലേക്ക് ഓടുന്നവര്‍ വായിക്കുക, ഈ കല്യാണം നടന്നത്, ഒരിടത്തും നടക്കാനിടയില്ലാത്തിടത്താണ്. അതെ, ബാത്ത്റൂമില്‍. കഥയിങ്ങനെ- ബ്രയാനും മരിയ ഷൂള്‍സും പ്രണയബദ്ധരായിരുന്നു. അവരുടെ അനുരാഗം വിവാഹത്തിലെത്തിയെങ്കിലും സംഗതി കോടതി കയറി. വിവാഹം നടന്നതാവട്ടെ, കോടതി മുറിയിലെ ബാത്ത്റൂമിലും. കോടതിയില്‍ വച്ച് വിവാഹിതരാവുന്നതിനു മുന്നോടിയായി ഇരുവരും സ്ഥലത്തെത്തിയെങ്കിലും ഷൂള്‍സിന്‍റെ അമ്മ സൂസന്നയ്ക്ക് പെട്ടെന്നു ആസ്തമ അറ്റാക്ക് സംഭവിച്ചതു കാര്യങ്ങള്‍ തകിടം മറിച്ചു. സൂസന്നയെ ആശുപത്രിയിലാക്കാന്‍ ശ്രമിക്കുന്നതിനിടെ ബ്രയാനെ വിളിച്ചു വരുത്തി. ആ സമയത്ത് സൂസമ്മ സ്ത്രീകളുടെ ബാത്ത്റൂമിലായിരുന്നു. അതാവട്ടെ കോടതിയുടെ പതിനാലാം നിലയിലും. അവിടെ നിന്ന് ആംബുലന്‍സില്‍ ആശുപത്രിയിലാക്കാനുള്ള ഒരുക്കം നടക്കുന്നതിനിടെ ഇരുവരും അമ്മയുടെ സാന്നിധ്യത്തില്‍ വച്ചു തന്നെ വിവാഹമോതിരം കൈമാറി. ബാത്ത്റൂമില്‍ വിവാഹം കഴിക്കുന്നതിന്‍റെ അനൗചിത്യം മനസ്സിലാക്കിയെങ്കിലും അമ്മയുടെ സാന്നിധ്യത്തില്‍ നിശ്ചയിച്ച സമയത്തു തന്നെ വിവാഹം നടത്തുന്നതിനു വേണ്ടിയാണ് ഇതിനു തയ്യാറായതെന്നു പിന്നീട് ഷൂള്‍സ് പറഞ്ഞു. ഈ ബാത്ത്റും വിവാഹത്തിന് ഏകദേശം പതിനഞ്ചോളം പേര്‍ സന്നിഹിതരാവുകയും ചെയ്തു. കല്യാണം നടക്കുന്നത് എവിടെയായാലെന്താ, ദാമ്പത്യജീവിതമല്ലേ സുഖപ്രദം എന്നു പറഞ്ഞത് ബ്രയാന്‍റെയും ഷൂള്‍സിന്‍റെയും കാര്യത്തില്‍ സത്യമായി.