ഷിക്കാഗോ കലാക്ഷേത്ര കലോത്സവം 2018 മാര്‍ച്ച് 10 ന് അരങ്ങേറുന്നു

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ ഷിക്കാഗോ കലാക്ഷേത്രയുടെ ആഭിമുഖ്യത്തില്‍ കലാക്ഷേത്ര കലോല്‍സവം 2018 മാര്‍ച്ച് മാസം 10 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ബെല്‍വുഡില്‍ ഉള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു. ഷിക്കാഗോ ലാന്‍ഡില്‍ ഉള്ള കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും അവരുടെ സര്‍ഗ്ഗ സാധന പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കുകയും, അവരില്‍ നിന്നും മികച്ച കലാകാരന്മാരെയും, കലാകാരികളെയും തെരഞ്ഞെടുക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ആണ് കലോത്സവം 2018 കൊണ്ട് ചിക്കാഗോ കലാക്ഷേത്ര ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ ആറു വര്‍ഷത്തോളമായി വൈവിധ്യമാര്‍ന്ന സാംസ്കാരിക ഉത്സവങ്ങളും, കേരളത്തിന്റെ തനതു ആഘോഷങ്ങളും, ശാസ്ത്രീയമായി പഞ്ചവാദ്യവും, തായമ്പകയും അവതരിപ്പിച്ചു വടക്കേ അമേരിക്കയിലെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ സ്‌നേഹദാര്യങ്ങള്‍ ഏറ്റു വാങ്ങിയിട്ടുള്ള ചിക്കാഗോ കലാക്ഷേത്ര യുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന പ്രഥമ കലോത്സവമാണിത്. കലാപ്രതിഭയും, കലാതിലകവും ആയി തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്കു കലാക്ഷേത്രയുടെ ഓണാഘോഷങ്ങളില്‍ പരിപാടി അവതരിപ്പിക്കാനുള്ള അവസരവും, മറ്റു പുരസ്കാരങ്ങളും നല്‍കുന്നതാണ്. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ഒരു കള്‍ച്ചറല്‍ കമ്മറ്റിയുടെ രൂപീകരണവും അതിന്റെ പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു.

മത്സര ഇനങ്ങളുടെ വിവരണവും, രെജിസ്‌ട്രേഷന്‍ ഫോമുകളും ചിക്കാഗോ കലാക്ഷേത്രയുടെ വെബ്‌സൈറ്റിലും (www.chicagokalakshtera.com) ഫേസ്ബുക് പേജിലും ലഭ്യമാക്കിയിട്ടുണ്ട്. രെജിസ്‌ട്രേഷന്‍ ഫോമുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 28 ആണ്.. ഈ കലോത്സവത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള കലാകാരന്മാരെ കലാക്ഷേത്ര സ്വാഗതം ചെയ്തു കൊള്ളുന്നു., കലോത്സവത്തിലെ വിവിധ പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ ഉടന്‍ ബന്ധപ്പെടുക. 630.917.3499 / 331.452.2316 / 248.703.4491
www.chicagokalakshtera.com