ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിന് കൊപ്പേൽ സെന്റ് അൽഫോൻസാ വേദി: കിക്കോഫ് നടന്നു

മാർട്ടിൻ വിലങ്ങോലിൽ

കൊപ്പേൽ (ടെക്‌സാസ് ) : ചിക്കാഗോ സിറോ മലബാര്‍ രൂപതയിലെ ടെക്‌സാസ് ഒക്ലഹോമ റീജണിലെ ഇടവകകൾ പങ്കെടുത്തു ആഗസ്ത് 10 , 11 , 12 തീയതികളിൽ നടക്കുന്ന മൂന്നാമത് ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിന്റെ (ഐപിഎസ്‌എഫ് 2018 ) കിക്കോഫ് കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ നടന്നു. സെന്റ് അൽഫോൻസാ ദേവാലയമാണ് ഇത്തവണ ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിനു ആതിഥ്യം വഹിക്കുന്നത്.

ഫെസ്റ്റിന്റെ ചെയർമാനും ഇടവക വികാരിയുമായ ഫാ. ജോൺസ്റ്റി തച്ചാറ, ഐപിഎസ്‌എഫ് 2018 റീജണൽ കോ ഓർഡിനേർ ആൻഡ് ഡയറക്ടർ പോൾ സെബാസ്റ്റ്യൻ, ഐപിഎസ്‌എഫ് ഇടവക കോർഡിനേറ്റർ സിബി സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് ദീപശിഖ തെളിച്ചു കിക്കോഫ് നിർവഹിച്ചു. ട്രസ്റ്റിമാരായ ലിയോ ജോസഫ്, പോൾ ആലപ്പാട്ട്, ഫ്രാങ്കോ ഡേവിസ്, ഡെന്നി ജോസഫ്, സെക്രട്ടറി ജെജു ജോസഫ് തുടങ്ങിയവർക്കൊപ്പം യുവജനങ്ങളും ഇടവക സമൂഹവും ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്ന് ദീപശിഖ ഇടവകജനങ്ങൾക്കു കൈമാറി. പങ്കെടുക്കുന്ന ഇടവകകൾക്കും സ്വാഗതമരുളിയ ഫാ. ജോൺസ്റ്റി തച്ചാറ ഫെസ്റ്റിന് ആശസകൾ നേർന്നു. “A Sound Mind In a Sound Body” എന്നതാണ് ഫെസ്റ്റിന്റെ ആപ്തവാക്യം

രൂപതാ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് സ്പോർട്സ് ഫെസ്റ്റിന് പ്രാർഥനാശംസകൾ നേർന്നു. ഇടവകകൾക്കു ഒന്നുചേർന്നു പ്രവർത്തിക്കുവാനും ഒരു നല്ല സഭാസമൂഹം പടുത്തുയർത്താനുമുള്ള വേദിയായി സതേൺ റീജനിൽ നടക്കുന്ന ഈ സ്പോർട്സ് ഫെസ്റ്റ് ഉപകരിക്കട്ടെ എന്ന് പിതാവ് ആശംസിച്ചു. രൂപതാ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് എല്ലാ ഇടവകകളുടെയും സഹകരണം അഭ്യർഥിക്കുകയും ഫെസ്റ്റിനു ആശംസകൾ നേരുകയും ചെയ്തു.

ഒക്ലഹോമ ടെക്‌സാസ് റീജണിലെ ഇടവകകകളുടെ പരസ്പര സൗഹൃദത്തിനും കൂട്ടായ്മാക്കും സാക്ഷ്യം വഹിക്കുന്ന ഈ കായിക മേളയിൽ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയ്ക്ക് പുറമെ, ഗാര്‍ലാൻഡ് സെന്റ് തോമസ് ഫൊറോന, ഹൂസ്റ്റൺ സെന്റ് ജോസഫ് സിറോ മലബാര്‍ ഫൊറോന, പേർലാൻഡ് സെന്റ് മേരീസ് , ഒക്ലഹോമ ഹോളി ഫാമിലി, ഓസ്റ്റിൻ സെന്റ് അല്‍ഫോന്‍സാ , മക്അലന്‍ ഡിവൈന്‍ മേഴ്‌സി ചര്‍ച്ച്, സാന്‍അന്റോണിയോ സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക് ചർച്ച് എന്നീ റീജനിലെ എട്ടു പാരീഷുകളും പങ്കെടുക്കും.

ക്രിക്കറ്റ്, സോക്കർ, ബാസ്കറ് ബോൾ, വോളിബോൾ , ത്രോബോൾ , ബാറ്റ്മിന്റൺ , ടേബിൾ ടെന്നീസ് , കാർഡ്‌സ് , ചെസ്സ്, ക്യാരംസ്സ് , പഞ്ചഗുസ്തി, വടംവലി, നടത്തം തുടങ്ങി വിവിധ ഇനങ്ങളിലാണ്
മത്സരങ്ങൾ. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർ വിവിധ വിഭാഗങ്ങളിൽ മത്സരിക്കുവാനുണ്ട്. വിവിധ കമ്മറ്റികളിലായി നൂറോളം കോഓർഡിനേറ്റേഴ്‌സും പ്രവർത്തിക്കുന്നുണ്ട്. ഫ്രിസ്‌കോയിലുള്ള ഫീൽഡ് ഹൌസ് ഇൻഡോർ സ്പോർട്സ് കോമ്പ്ലെകസാണ് ഈ കായിക മാമാങ്കത്തിന് വേദിയാകുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : https://www.facebook.com/IPSF-2018-535317933504934/