റിപ്പബ്ലിക് ദിനാഘോഷപ്രൗഡിയില്‍ കലാ ബാങ്ക്വറ്റ് 2018

ജോയിച്ചന്‍ പുതുക്കുളം

ഫിലഡല്‍ഫിയ: അമേരിക്കയിലെ ആദ്യകാല കുടിയേറ്റ മേഖലയായ ഫിലഡല്‍ഫിയയിലെ പ്രഥമ മലയാളി സംഘടന “കലാ മലയാളി അസോസിയേഷന്‍ ഓഫ് ഡെലവേര്‍ വാലി’ തുടര്‍ച്ചയായ മുപ്പത്തൊമ്പതാമത് തവണയും ബാങ്ക്വറ്റ് സമ്മേളനത്തിന്റെ അകമ്പടിയോടെ ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കലയുടെ ഭാരവാഹികളോടും പ്രവര്‍ത്തകരോടുമൊപ്പം സ്ഥാപക നേതാക്കളും കുടുംബസമേതം എത്തിയതോടെ നാലു പതിറ്റാണ്ടിന്റെ പ്രവാസ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച കുടുംബ സംഗമമായി ബാങ്ക്വറ്റ് സമ്മേളനം മാറുകയായിരുന്നു.

ഫിലഡല്‍ഫിയ ടിഫനി ഡൈനറില്‍ നടന്ന ഫാമിലി ബാങ്ക്വറ്റ് ജനറല്‍ സെക്രട്ടറി ജോജോ കോട്ടൂരിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ചു. പ്രസിഡന്റ് ഡോ. കുര്യന്‍ മത്തായി കഴിഞ്ഞ കാലയളവിലെ കലയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഹ്രസ്വമായ വിവരണം നല്കി എല്ലാവരേയും ബാങ്ക്വറ്റിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്തു. കലയുടെ മുന്‍ പ്രസിഡന്റുകൂടിയായ കോര ഏബ്രഹാം ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആവിര്‍ഭാവത്തേക്കുറിച്ച് നടത്തിയ പണ്ഡിതോജ്വലമായ പ്രഭാഷണം, വിജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് അനുഭവസമ്പത്തിന്റെ വാതിലുകള്‍ തുറന്നു നല്‍കിയ അറിവിന്റെ അനുഭവം ആയിരുന്നു.

തുടര്‍ന്നു കലയുടെ യുവപ്രതിഭകളായ കെവിന്‍ വര്‍ഗീസ്, അന്‍സു ആന്‍ വര്‍ഗീസ് എന്നിവര്‍ അവതാരകരായെത്തിയ കലാപരിപാടികള്‍ ഗീതു തോമസിന്റെ ഗാനത്തോടെ ആരംഭിച്ചു. ഡിന്നര്‍ രുചിയുടെ നവരസങ്ങള്‍ക്കുമേല്‍ ചിരിയുടെ പൂത്തിരികള്‍ക്കു തീകൊളുത്തിയ നര്‍മ്മശകലങ്ങള്‍ ആധിപത്യം പുലര്‍ത്തിയപ്പോഴും അറിവിന്റെ മാറ്റുരച്ച ജെപ്പഡി മത്സരത്തില്‍ എല്ലാവരും ആവേശത്തോടെ പങ്കെടുത്തത് വേറിട്ട കാഴ്ചയായിരുന്നു. ബിനു ജോസഫ്, സാബു പാമ്പാടി, ജെസ്‌ലിന്‍ ജോസഫ് എന്നിവരുടെ ഗാനങ്ങളും ബാങ്ക്വറ്റിനു മേളക്കൊഴുപ്പേകി.

തുടര്‍ന്നു ഡോ. ജയിംസ് കുറിച്ചിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയെ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ അലക്‌സ് ജോണ്‍ പരിചയപ്പെടുത്തി. മുന്‍ ഫോമ പ്രസിഡന്റ് ജോര്‍ജ് മാത്യു സി.പി.എ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്നു ഔദ്യോഗികമായി അധികാരമേറ്റ പ്രസിഡന്റ് ഡോ. ജയിംസ് കുറിച്ചി കലയെ അഭിസംബോധന ചെയ്തു. ജോയിന്റ് സെക്രട്ടറി ഷാജി മിറ്റത്താനി കൃതജ്ഞത രേഖപ്പെടുത്തി. അലക്‌സ് ജോണ്‍, ബിജു സഖറിയ എന്നിവര്‍ ബാങ്ക്വറ്റ് സമ്മേളനം ഏകോപിപ്പിക്കുന്നതിനു നേതൃത്വം നല്‍കി. ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.