ഫ്ളൈറ്റ് ലഗേജ് ലാഭിക്കാന്‍ ഇങ്ങനെയും മാര്‍ഗ്ഗം

ന്യൂയോര്‍ക്ക്: വിമാനയാത്രക്കാര്‍ക്ക് എന്നും ബാഗേജ് തലവേദന തന്നെ. വിമാനക്കമ്പനികള്‍ ഇക്കാര്യത്തില്‍ സൂക്ഷ്മ ശ്രദ്ധപുലര്‍ത്തിയതോടെ പലരും അധികകൂലി കൊടുക്കേണ്ടിയും വരുന്നു. എന്നാല്‍ ഐസ് ലാന്‍ഡില്‍ നിന്നും ലണ്ടനിലേക്ക് പറക്കാന്‍ ബ്രിട്ടീഷ് എയര്‍വേസില്‍ എത്തിയ യാത്രികന്‍ ചെയ്ത ബുദ്ധി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു. ഐസ് ലാന്‍ഡിലെ കെഫ്ളവിക്ക് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് വിമാനം കയറാനെത്തിയ റയാന്‍ കാര്‍ണേ വില്യംസ് എന്നയാളെ ബോര്‍ഡിങ്ങ് സെക്യൂരിറ്റി തടഞ്ഞത് അയാളുടെ വസ്ത്രധാരണരീതിയില്‍ അത്ഭുതം തോന്നിയാണ്. പിന്നീട് ചോദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചതായത്. ഇഷ്ടന്‍ പത്തു പാന്‍റും അത്ര തന്നെ ഷര്‍ട്ടും ധരിച്ചാണ് വിമാനത്തില്‍ കയറാനെത്തിയത്. പുറമേ കഴുത്തില്‍ വലിയൊരു മഫ്ളറും. തണുപ്പിനെ പ്രതിരോധിക്കാനാണ് ഇങ്ങനെ ചെയ്തത് എന്നു കരുതിയെങ്കില്‍ തെറ്റി, ഇത് ബാഗേജിന് അധികം നല്‍കേണ്ട 125 ഡോളര്‍ ഇല്ലാതിരുന്നതു കൊണ്ടു ചെയ്തതാണത്രേ. എന്തായാലും ബ്രിട്ടീഷ് എയര്‍വേസില്‍ യാത്ര ചെയ്യാന്‍ അധികൃതര്‍ സമ്മതിച്ചില്ല. സംഭവം ട്വിറ്ററില്‍ കൂടി റയാന്‍ തന്നെയാണ് പുറം ലോകത്തെ അറിയിച്ചത്.

ജോര്‍ജ് തുമ്പയില്‍