വേള്‍ഡ് പീസ്‌ മിഷന്‍ ടീം നയിക്കുന്ന ആത്മവിശുദ്ധീകരണ ധ്യാനം പൂളില്‍

കെ.ജെ.ജോണ്‍

ബോണ്‍മൗത്ത്: പീഡാനുഭവത്തിന്‍റെ ഓര്‍മ്മയാചരിക്കുന്ന ഈ നോമ്പുകാലത്ത് പാപത്തില്‍ നിന്ന്‍ വിട്ടകന്ന് ദൈവ സ്നേഹ വിശുദ്ധിയിലേക്ക് മടങ്ങി വരുവാനും, ക്രൂശിതനില്‍ നിന്നും ഉത്ഥിതനിലേക്കുള്ള രക്ഷാകരയാത്രയിലൂടെ ആത്മവിശുദ്ധീകരണം നേടുവാനും, സീറോമലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ – സൌത്താംപ്ടന്‍ റീജിയണിനു കീഴിലുള്ള പൂള്‍-ബോണ്‍മൗത്ത് മിഷന്‍റെ ഈ വര്‍ഷത്തെ നോമ്പുകാല ധ്യാനം ക്രൈസ്റ്റ് ദി കിംഗ് ചര്‍ച്ചില്‍ (കിസ്ത്യന്‍, 46 Durdells Avenue, BH11 9EH) വച്ച് 2018 ഫെബ്രുവരി 16, 17, 18 തീയതികളില്‍ നടത്തുന്നു.

എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത വചനപ്രഘോഷകനും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്ററുമായ റവ. ഫാ. ടോണി പഴയകളവും, വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും പ്രശസ്ത സംഗീത സംവിധായകനും, ഫാമിലി കൗണ്‍സിലറും മുന്‍ അദ്ധ്യാപകനുമായ ശ്രീ. സണ്ണി സ്റ്റീഫനും ചേര്‍ന്നാണ് ധ്യാനം നയിക്കുന്നത്.

യുവജനങ്ങള്‍ക്കായി പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കറും ട്രെയിനറുമായ ശ്രീ. ടോം കുന്നുംപുറം (ഇന്ത്യ), WPM യൂത്ത് അപ്പോസ്തല്‍ ജെയിക് റോയിയും (യുകെ) ചേര്‍ന്ന് ക്ലാസ്സുകള്‍ നയിക്കുന്നു. ഗാനശുശ്രൂഷകള്ക്ക് ജിയോ (ആള്ഡചര്‍ ഷോട്ട്) നേതൃത്വം നല്കുന്നു.
ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ മനുഷ്യന്‍റെ പ്രായോഗിക ജീവിത പ്രശ്നങ്ങള്‍ പ്രാര്‍ത്ഥനയിലൂ‌ടെ അതിജീവിച്ച് ദൈവീക സമാധാനവും ആത്മീയസന്തോഷവും നേടുവാന്‍ വേള്‍ഡ് പീസ്‌ മിഷന്‍ ടീം നയിക്കുന്ന ഈ ആത്മവിശുദ്ധീകരണ ധ്യാനം, കുടുംബങ്ങള്‍ക്ക് ഉണര്‍വ്വും, പ്രാര്‍ത്ഥനാ ജീവിതത്തിന് ആഴവും പ്രകാശവും നല്കുന്നതാണെന്നും, ഈ നോമ്പുകാല ധ്യാനത്തില്‍ എല്ലാ ഇടവകാംഗങ്ങളും പങ്കെടുത്ത് ജീവിതം അനുഗ്രഹദായകമാക്കണമെന്നും, പൂള്‍ സീറോമലബാര്‍ കമ്മ്യുണിറ്റി ഡയറക്ടറും ക്രൈസ്റ്റ് ദി കിംഗ് ചര്‍ച്ച് വികാരിയുമായ റവ.ഫാ. ചാക്കോയും, സീറോമലബാര്‍ സൌത്താംപ്ടന്‍ റീജിയണിന്‍റെ ഡയറക്ടറുമായ റവ.ഫാ. ടോമി ചിറയ്ക്കല്‍ മണവാളനും സംയുക്തമായി അഭ്യര്‍ത്ഥിക്കുന്നു.
കുമ്പസാരത്തിനും കൗണ്‍സിലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.

തുടര്‍ന്നുള്ള ധ്യാനങ്ങള്‍ ബ്രിസ്ടോള്‍ റീജിയണിലാണ്. ഫെബ്രുവരി 19, 20 തീയതികളില്‍ സ്വാന്‍സീയിലും, 24, 25 തീയതികളില്‍ ന്യൂപോര്‍ട്ടിലും, മാര്‍ച്ച് രണ്ടാം തീയതി ബാത്തിലും, മാര്‍ച്ച് 3, 4 തീയതികളില്‍ ഗ്ലോസെസ്റ്ററിലും, 10, 11 തീയതികളില്‍ ടൌണ്ട്ടറണിലും, 16, 17 തീയതികളില്‍ കാര്ഡിബഫിലും, 18-നു ഷെല്ട്ട്ന്ഹാൂമിലും, 20, 21 തീയതികളില്‍ WSMലും, 23, 24 തീയതികളില്‍ ബ്രിസ്റ്റോളിലും, 25-ന് ഇയോവിലുമാണ് ധ്യാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
നോബിള്‍ തെക്കേമുറി (0780 490 5278)
ഷാജി തോമസ്‌ (0773 773 6549)
റോയി (ബ്രിസ്റ്റോള്‍ റീജിയന്‍) (0786 270 1046)
ജോര്ജ്ജ് സൈമണ്‍ (0786 139 2825)
ജോസ് ചെലച്ചുവട്ടില്‍ (0789 781 6039)
സണ്ണി സ്റ്റീഫന്‍ (0740 477 5810)
Email: worldpeacemissioncouncil@gmail.com
www.worldpeacemission.net

‘മധുരം 18″ മെഗാ ഷോയുടെ കിക്കോഫ് ഹൂസ്റ്റണിൽ നടത്തി

ജീമോൻ റാന്നി

പ്രശസ്ത സിനിമാതാരം ബിജു മേനോൻ നയിക്കുന്ന സൂപ്പർ ഹിറ്റ് മെഗാഷോ ” മധുരം 18″ ന്റെ ഹൂസ്റ്റൺ പ്രോഗ്രാമിന്റെ കിക്കോഫ് കർമ്മം പ്രൗഢഗംഭീരമായ സദസ്സിൽ ഹൂസ്റ്റണിൽ വച്ച് നടത്തി. ഹൂസ്റ്റൺ സെൻറ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോൿസ് പള്ളി പുതുതായി നിർമ്മിക്കുന്ന ദേവാലയത്തിനുവേണ്ടിയുള്ള ധനശേഖരണാർത്ഥം 2018 മെയ് 5 നു ശനിയാഴ്ച യാണ് സൂപ്പർ ഹിറ്റ് മെഗാഷോ ” മധുരം 18 ” ഹൂസ്റ്റണിൽ അരങ്ങേറുന്നത്.

ഫെബ്രുവരി 11 നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സ്റ്റാഫോർഡിലുള്ള കേരളാ ഹൗസിൽ വച്ച് ഹൂസ്റ്റണിലെ വിവിധ സംഘടനാ ,ബിസിനസ്, മാധ്യമ പ്രവർത്തകർ അടക്കം ധാരാളം ആളുകളുടെ മഹനീയ സാന്നിധ്യത്തിലാണ് കിക്കോഫ് സംഘടിപ്പിച്ചത്.

സെന്റ് മേരീസ് പള്ളി വികാരി റവ ഫാദർ പ്രദോഷ് മാത്യു പരിപാടി ഉൽഘാടനം ചെയ്തു. മലയാളീ അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) പ്രസിഡന്റ് ജോഷ്വ ജോർജ്, മാഗ് മുൻ പ്രസിഡന്റ് എബ്രഹാം ഈപ്പൻ, മാധ്യമ പ്രവർത്തകൻ ജീമോൻ റാന്നി, നേർകാഴ്ച പത്രാധിപർ സുരേഷ് രാമകൃഷ്ണൻ, ഗുരുവായൂരപ്പൻ ക്ഷേത്ര ഭാരവാഹി വിനോദ് വാസുദേവൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

ഈ പ്രോഗ്രാമിന്റെ മെഗാ സ്പോൺസർ ആയ ജെസ്സി സെസിൽ (J C VICTORY CAREER ഇൻസ്റ്റിറ്റ്യൂട്ട്)ഗ്രാൻഡ് സ്പോൺസർ ആയ ജോൺ. W. വർഗീസ് (PROMPT REALTY), ഗോൾഡ് സ്പോൺസർ സന്തോഷ് മുഖർജി (TRIMCOS LLC) എന്നിവരെയും ദേശി റെസ്റ്റോറന്റ്, ഗസൽ ഇന്ത്യൻ റെസ്റ്റോറന്റ്, ആൻസ് ഗ്രോസിയേഴ്‌സ്, ലക്ഷ്മി ഡാൻസ് സ്കൂൾ, RVS ഇൻഷുറൻസ്, ക്രൗൺ ഫർണിചർസ്, അപ്ന ബസാർ, സത്യാ ഇന്ത്യൻ ഗ്രോസിയേഴ്‌സ് ,എൽജോ പുത്തൂരാൻ , വർഗീസ് കുഴല്നാടന് തുടങ്ങി നിരവധി സ്ഥാപനങ്ങളെയും വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു . VVIP, VIP & ECONOMY തലങ്ങളിൽ ഉള്ള ധാരാളം ടിക്കറ്റുകൾ കിക്കോഫിന്റെ ഭാഗമായി വിതരണം ചെയ്യപ്പെട്ടു .

ഹൂസ്റ്റണിലെ വിവിധ കലാകാരൻമാർ അവതരിപ്പിച്ച സംഗീത പരിപാടിയും പള്ളിയിലെ യൂത്ത് വിഭാഗം അവതരിപ്പിച്ച ഡാൻസ് പ്രോഗ്രാമും പ്രോഗ്രാമിന് മാറ്റുകൂട്ടി. രാഹുൽ വർഗീസ് ,ലീയാൻ തോമസ്, അനിൽ ജനാർദ്ദനൻ ,ജയൻ അരവിന്ദാക്ഷൻരാഹുൽ വർഗീസ് ,ലീയാൻ തോമസ്, അനിൽ ജനാർദ്ദനൻ ,ജയൻ അരവിന്ദാക്ഷൻ എന്നിവർ ആലാപിച്ച ശ്രുതിമധുരമായ ഗാനങ്ങൾ ചടങ്ങിനെ മികവുറ്റതാക്കി.

മധുരം 18 പ്രോഗ്രാമിന്റെ കൂടുതൽ വിവരങ്ങൾക്കും, ടിക്കറ്റിനും ബന്ധപ്പെടുക;
റവ. ഫാ. പ്രദോഷ് മാത്യു (വികാരി) – 405-638-5865.
ഷിനു എബ്രഹാം (പ്രോഗ്രാം) – 832-998-5873.
ചാണ്ടി തോമസ് (സെക്രട്ടറി) – 832-692-3592
സോണി എബ്രഹാം (ട്രഷറർ) – 832- 633- 5970

ഫ്‌ളോറിഡ സ്കൂളില്‍ വെടിവെയ്പ്: 17 മരണം, അഞ്ചുപേരുടെ നില ഗുരുതരം

പി.പി. ചെറിയാന്‍

ഫ്‌ളോറിഡ: ഫ്‌ളോറിഡ പര്‍ക്ക് ലാന്‍ഡ് സിറ്റിയിലെ മാര്‍ജൊറി സ്റ്റോന്‍മാന്‍ ഡഗ്‌ളസ് ഹൈസ്കൂളില്‍ ഫെബ്രുവരി 14 ബുധനാഴ്ച വൈകിട്ട് 3 മണിക്കുണ്ടായ വെടിവെയ്പില്‍ 17 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച എട്ടുപേരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ് മരിച്ചവരുടെ സംഖ്യ ഇനിയും വർധിക്കാം ബ്രോവാര്‍ഡ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. മരിച്ചവരിൽ പന്ത്രണ്ടു പേര തിരിച്ചറിഞ്ഞിട്ടുണ്ട്. വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ബ്രോവാര്‍ഡ് കൗണ്ടി സ്കൂള്‍ സുപ്രണ്ട് റോബര്‍ട്ടും പതിനേഴുപേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.3000 ല്‍ പരം കുട്ടികള്‍ പഠിക്കുന്ന് സ്കൂളില്‍ ഇന്ന് ക്ളാസ് പിരിയുന്നതിന്‌ തൊട്ട് മുമ്പായിരുന്നു വെടിവെയ്പ് നടന്നത്.ഫ്ളോറിഡയിലെ ഏറ്റവും സു രക്ഷിത നഗരമായി കഴിഞ്ഞ കൊല്ലം തെരഞ്ഞെടുതത നഗരമാണ്‌ പര്‍ക്ക് ലാന്‍ഡ്

വെടിവെച്ചുവെന്നു പറയപ്പെടുന്ന സ്കൂളിലെ മുന്‍ വിദ്യാര്‍ ത്ഥി നിക്കോളാസ് ക്രൂസിനെ (19) പോലീസ് പിടികൂടി.ക്രൂസിനെ അച്ചടക്കത്തിന്റെ പേരിൽ സ്കൂളിൽ നിന്നും പുറത്താക്കിയിരുന്നു എന്നും പറയപ്പെടുന്നു ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. . പോലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

വെടിവെയ്പ് നടക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ ബാത്ത് റൂമിലും, ക്ലാസ് റൂമിലെ ബെഞ്ചിനടിയിലും ഒളിച്ചിരുന്നതുകൊണ്ട് പലരും രക്ഷപെട്ടതായി മാതാപിതാക്കള്‍ പറഞ്ഞു.

സണ്ണി മറ്റമന ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം

താമ്പാ: മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ,സെക്രട്ടറി, വൈസ് പ്രസിഡന്റ്, മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ട്രഷറര്‍,അമേരിക്കന്‍ ഭദ്രാസനം ഓഡിറ്റര്‍, ഫൊക്കാനയുടെ റിജണല്‍ വൈസ് പ്രസിഡന്റ് എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതും ഇപ്പോള്‍ ഫൊക്കാനയുടെ അസോസിയേറ്റ്‌സ് ട്രഷറര്‍, മലയാളി അസോസിയേഷന്‍ ഓഫ് താമ്പായുടെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ , വേള്‍ഡ് മലയാളി കൗണ്‍സില്‍ താമ്പാ ചാപ്റ്ററിന്റെ പ്രതിനിധി എന്നീതലങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നതുമായ ബഹുമുഖ പ്രതിഭയായ സണ്ണി മറ്റമന ഫൊക്കാനയുടെ 2018 2020 വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.
Phone 813-334-1293
Sunneymattamana@yahoo.com

ഫാമിലി കോണ്‍ഫറന്‍സ് രജിസ്ട്രേഷന്‍: കുറഞ്ഞ നിരക്ക് നാളെ അവസാനിക്കും

രാജന്‍ വാഴപ്പള്ളില്‍

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുള്ള കുറഞ്ഞ നിരക്കിലുള്ള രജിസ്ട്രേഷന്‍ നാളെ (ഫെബ്രുവരി 15, വ്യാഴം) അവസാനിക്കുമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്തു കഴിഞ്ഞാല്‍ Paypal വഴി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമടയ്ക്കുകയോ, ട്രഷറര്‍ക്ക് ചെക്ക് അയയ്ക്കുകയോ ചെയ്യാവുന്നതാണ്. വിലാസം: Mathew Varghese, 160 Cedar Road, East Northport, NY-11731.

North East American Diocese എന്ന പേരിലാണ് ചെക്കുകള്‍ എഴുതേണ്ടത്. മെമ്മോയില്‍ FYC 2018 എന്നും കുറിക്കുക. രജിസ്ട്രേഷന്‍ വരുന്നതനുസരിച്ച് മുറികള്‍ അലോട്ട് ചെയ്യുന്നതിനാല്‍ താമസിച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു കോണ്‍ഫറന്‍സ് വേദിയോടു ചേര്‍ന്നുള്ള മുറികള്‍ കിട്ടാന്‍ സാധ്യത കുറവാണെന്നു ഭാരവാഹികള്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷത്തെ പോലെ വിവിധ ഇടവകകളില്‍ നിന്നു രജിസ്ട്രേഷന്‍ വന്നു കൊണ്ടിരിക്കുന്നു. ഇതുവരെ നാല്‍പ്പതു ഇടവകകളില്‍ നിന്നും കുടുംബങ്ങള്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. കലഹാരിയുമായി കരാര്‍ അനുസരിച്ചുള്ള മുറികളുടെ ബുക്കിങ് പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ രജിസ്ട്രേഷന്‍ അവസാനിപ്പിക്കും. രജിസ്ട്രേഷന്‍ ചെയ്യാത്ത ആര്‍ക്കും തന്നെ കോണ്‍ഫറന്‍സ് സെന്‍ററില്‍ പ്രവേശിക്കുന്നതിനോ പരിപാടികളില്‍ പങ്കെടുക്കുന്നതിനോ അനുവാദമുണ്ടായിരിക്കുന്നതല്ലെന്നു കലഹാരി റിസോര്‍ട്ട് മാനേജ്മെന്‍റും കോണ്‍ഫറന്‍സ് എക്സിക്യൂട്ടീവ് കമ്മിറ്റിയും അറിയിച്ചിട്ടുണ്ട്.

കോണ്‍ഫറന്‍സ് സംബന്ധിച്ച നടപടിക്രമങ്ങള്‍ ത്വരിതഗതിയില്‍ നടന്നു വരികയാണെന്ന് കോര്‍ഡിനേറ്റര്‍ റവ.ഡോ. വറുഗീസ് എം. ഡാനിയല്‍ അറിയിച്ചു. വിവിധ കമ്മിറ്റികളെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരുകയാണെന്ന് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ.ഫാ.ഡോ. വറുഗീസ് എം. ഡാനിയല്‍ (203) 508-2690
ജോര്‍ജ് തുമ്പയില്‍ (973) 943-6164
മാത്യു വറുഗീസ് (631) 891-8184
www.fyconf.org

പതിനഞ്ചാമത് കോഴഞ്ചേരി സംഗമം ന്യൂയോര്‍ക്കില്‍

ജോയിച്ചന്‍ പുതുക്കുളം

ന്യൂയോര്‍ക്ക്: ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റേയും, ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വന്‍ഷന്റേയും, ആറന്മുള വള്ളംകളിക്കും പേരുകേട്ട കലാ സാംസ്കാരിക കേരളത്തിന്റെ ശിലാകേന്ദ്രമായ കോഴഞ്ചേരിയിലേയും, കോഴഞ്ചേരിയുമായി പുക്കിള്‍ക്കൊടി ബന്ധമുള്ള അന്യദേശത്ത് ജനിച്ചവരുമായ, അമേരിക്കയിലും കാനഡയിലുമായി കുടിയേറിയ കുടുംബാംഗങ്ങള്‍ ഒരുമിച്ചുകൂടുന്ന വേദിയാണ് കോഴഞ്ചേരി സംഗമം.

സംഗമത്തിന്റെ പതിനഞ്ചാമത് സമ്മേളനം ഏപ്രില്‍ എട്ടാംതീയതി ന്യൂയോര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ വച്ചു വൈകുന്നേരം 3 മണിമുതല്‍ നടത്തുന്നതാണ്. അമേരിക്കയിലേയും കാനഡയിലേയും വിവിധ സ്ഥലങ്ങളില്‍ പാര്‍ക്കുന്ന നൂറില്‍പ്പരം പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ സമ്മേളനം ആറന്മുള എം.എല്‍.എ വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നതാണ്.

യോഗത്തില്‍ ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ് എന്നിവരെ കൂടാതെ ക്ഷണിക്കപ്പെടുന്ന ഒട്ടനവധി നേതാക്കള്‍ പങ്കെടുക്കും. യോഗത്തില്‍ “ഞാനും എന്റെ നാടും’ എന്ന വിഷയത്തെ ആസ്പദമാക്കി അറ്റ്‌ലാന്റയിലുള്ള പ്രതിനിധി റെജി ചെറിയാന്‍ പ്രബന്ധം അവതരിപ്പിക്കുന്നതാണ്.

യോഗത്തിന്റെ അധ്യക്ഷന്‍ മുന്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍ ആയിരിക്കും. കണ്‍വീനര്‍ അനിയന്‍ മൂലയില്‍ സ്വാഗതവും മോന്‍സി വര്‍ഗീസ് നന്ദിയും പറയും. മറ്റു പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിക്കും. എല്ലാ കോഴഞ്ചേരി നിവാസികളേയും സമ്മേളനത്തിലേക്ക് ഭാരവാഹികള്‍ ക്ഷണിക്കുന്നു.

കണ്‍വീനര്‍ – അനിയന്‍ മൂലയില്‍, ജോയിന്റ് കണ്‍വനീനര്‍- മോന്‍സി വര്‍ഗീസ്.

കല്യാണം, ബാത്ത്റൂമില്‍ !

ജോര്‍ജ് തുമ്പയില്‍

ന്യൂയോര്‍ക്ക്: കല്യാണം നടത്താന്‍ ആലോചിക്കുമ്പോള്‍ ആഡംബര റിസോര്‍ട്ടുകളിലേക്ക് ഓടുന്നവര്‍ വായിക്കുക, ഈ കല്യാണം നടന്നത്, ഒരിടത്തും നടക്കാനിടയില്ലാത്തിടത്താണ്. അതെ, ബാത്ത്റൂമില്‍. കഥയിങ്ങനെ- ബ്രയാനും മരിയ ഷൂള്‍സും പ്രണയബദ്ധരായിരുന്നു. അവരുടെ അനുരാഗം വിവാഹത്തിലെത്തിയെങ്കിലും സംഗതി കോടതി കയറി. വിവാഹം നടന്നതാവട്ടെ, കോടതി മുറിയിലെ ബാത്ത്റൂമിലും. കോടതിയില്‍ വച്ച് വിവാഹിതരാവുന്നതിനു മുന്നോടിയായി ഇരുവരും സ്ഥലത്തെത്തിയെങ്കിലും ഷൂള്‍സിന്‍റെ അമ്മ സൂസന്നയ്ക്ക് പെട്ടെന്നു ആസ്തമ അറ്റാക്ക് സംഭവിച്ചതു കാര്യങ്ങള്‍ തകിടം മറിച്ചു. സൂസന്നയെ ആശുപത്രിയിലാക്കാന്‍ ശ്രമിക്കുന്നതിനിടെ ബ്രയാനെ വിളിച്ചു വരുത്തി. ആ സമയത്ത് സൂസമ്മ സ്ത്രീകളുടെ ബാത്ത്റൂമിലായിരുന്നു. അതാവട്ടെ കോടതിയുടെ പതിനാലാം നിലയിലും. അവിടെ നിന്ന് ആംബുലന്‍സില്‍ ആശുപത്രിയിലാക്കാനുള്ള ഒരുക്കം നടക്കുന്നതിനിടെ ഇരുവരും അമ്മയുടെ സാന്നിധ്യത്തില്‍ വച്ചു തന്നെ വിവാഹമോതിരം കൈമാറി. ബാത്ത്റൂമില്‍ വിവാഹം കഴിക്കുന്നതിന്‍റെ അനൗചിത്യം മനസ്സിലാക്കിയെങ്കിലും അമ്മയുടെ സാന്നിധ്യത്തില്‍ നിശ്ചയിച്ച സമയത്തു തന്നെ വിവാഹം നടത്തുന്നതിനു വേണ്ടിയാണ് ഇതിനു തയ്യാറായതെന്നു പിന്നീട് ഷൂള്‍സ് പറഞ്ഞു. ഈ ബാത്ത്റും വിവാഹത്തിന് ഏകദേശം പതിനഞ്ചോളം പേര്‍ സന്നിഹിതരാവുകയും ചെയ്തു. കല്യാണം നടക്കുന്നത് എവിടെയായാലെന്താ, ദാമ്പത്യജീവിതമല്ലേ സുഖപ്രദം എന്നു പറഞ്ഞത് ബ്രയാന്‍റെയും ഷൂള്‍സിന്‍റെയും കാര്യത്തില്‍ സത്യമായി.

ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് ലീലാ മാരേട്ടിനെ കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് നാമനിര്‍ദേശം ചെയ്തു

ജോയിച്ചന്‍ പുതുക്കുളം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷന്‍ ആയ ഫൊക്കാനയുടെ 2018 2020 വര്‍ഷത്തേക്കുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഫൊക്കാനയുടെ ഇപ്പോഴത്തെ വിമന്‍സ് ഫോറം ചെയര്‌പേഴ്‌സണും ,സാമൂഹ്യ പ്രവര്‍ത്തകയുമായ ലീലാ മാരേട്ടിനെ കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് നാമനിര്‍ദേശം ചെയ്തു . ഫെബ്രുവരി പത്തിന് ന്യൂയോര്‍ക്കില്‍ കൂടിയ സമാജത്തിന്റെ യോഗത്തില്‍ കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് പ്രസിഡന്റ് വര്‍ഗീസ് പോത്താനിക്കാട് ,മുന്‍ പ്രസിഡന്റ് ഷാജു സാം, ബോര്‍ഡ് ചെയര്‍മാന്‍ വര്‍ഗീസ് ലൂക്കോസ് ,സമാജത്തിന്റെ ആദ്യത്തെ പ്രസിഡന്റ് പ്രൊഫ. ജോസഫ് ചെറുവേലി ,കമ്മിറ്റി അംഗങ്ങള്‍ എല്ലാവരും ഒരേ മനസ്സോടെ ലീലാ മാരേട്ടിന് പിന്തുണ അറിയിക്കുന്നതായായി പ്രസിഡന്റ് വര്‍ഗീസ് പോത്താനിക്കാട് അറിയിച്ചു.

അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ വേറിട്ട ശബ്ദമാണ് ലീലാ മാരേട്ട് .ഏത് സംഘടനാ ജോലിയും ഏല്‍പ്പിച്ചാല്‍ ഏറ്റവും ഭംഗിയായി അത് നിര്‍വ്വഹിക്കുവാനുള്ള കഴിവ് ലീലാ മാരേട്ടിനുണ്ട് .ചെറുപ്പം മുതല്‍ക്കേ നേടിയെടുത്ത സംഘടനാ പാടവം ആണ് അവരുടെ കൈമുതല്‍ .അതുകൊണ്ട് അമേരിക്കയിലെ ബഹൃത്തായ മലയാളി ഫെഡറേഷന്‍ ആയ ഫൊക്കാനയുടെ പ്രസിഡന്റ് പദം അലങ്കരിക്കാന്‍ എന്തുകൊണ്ടും അനുയോജ്യയായ പൊതു പ്രവര്‍ത്തകയാണ് ലീലാ മാരേട്ട് .
1988 ല്‍ കേരളാസമാജത്തിന്റെ ഓഡിറ്റര്‍ ആയി സേവനം തുടങ്ങിയ ലീലാ മാരേട്ട് ട്രഷറര്‍,വൈസ് പ്രസിഡന്റ്,പ്രസിഡന്റ് ,ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ എന്നി തലങ്ങളില്‍ നിസ്തുല സേവനം അനുഷ്ഠിച്ചു.സംഘടനയ്ക്ക് ധാരാളം അഗങ്ങളെ ചേര്‍ക്കുകയും ,നേതൃത്വ രംഗത്തേക്ക് ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.ഈ വര്ഷം നാല്പത്തിയഞ്ചാം വര്‍ഷത്തിലേക്കു കടക്കുന്ന സമാജത്തിനു ലീലാ മാരേട്ട് ഒരു മുതല്‍ക്കൂട്ടും ,ഫൊക്കാനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ സമാജത്തിനു ലഭിക്കുന്ന ഒരു അംഗീകാരവും ആയിരിക്കും ആ പദവി എന്നും വര്‍ഗീസ് പോത്താനിക്കാട് പറഞ്ഞു.

ഫൊക്കാനയുടെ തലമുതിര്‍ന്ന പ്രവര്‍ത്തക എന്ന നിലയില്‍ ഒരേ മനസ്സോടെ പ്രസിഡന്റ് പദത്തിലേക്ക് അതിരുകള്‍ ഇല്ലാതെ തെരഞ്ഞെടുക്കേണ്ട വ്യക്തിത്വം കൂടിയാണ് ലീലാ മാരേട്ട്.കാരണം ഫൊക്കാനയ്‌ക്കൊപ്പം വളര്‍ന്നു വന്ന അപൂര്‍വം നേതാക്കളില്‍ ഒരാള്‍.ഫൊക്കാനാ കമ്മിറ്റി മെമ്പര്‍,റീജിയണല്‍ പ്രസിഡന്റ് ,ട്രഷറര്‍,എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ്,ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍,വിമന്‍സ് ഫോറം ചെയര്‍മാന്‍ തുടങ്ങി ഫൊക്കാനയില്‍ വഹിക്കാത്ത പദവികള്‍ ഇല്ല.ഫൊക്കാനയുടെ പ്രസിഡന്റ് പദം ലീലാ മാരേട്ടില്‍ എത്തുകയാണെങ്കില്‍ ആ ഭരണകാലം ഫൊക്കാനയുടെ സുവര്‍ണ്ണ കാലം ആയിരിക്കും എന്നതില്‍ യാതൊരു സംശയവുമില്ല എന്ന് കേരളസമാജം അംഗങ്ങള്‍ ഒരേ മനസ്സോടെ പറഞ്ഞു .

പ്രസിഡന്റ് പദത്തിലെത്തിയാല്‍ നടപ്പിലാക്കേണ്ട പരിപാടികളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉള്ള ലീല മാരേട്ടിന്റെ വിജയം ഉറപ്പിക്കുവാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് എല്ലാ പിന്തുണയും അറിയിക്കുന്നതായും സമാജം ഭാരവാഹികള്‍ പറഞ്ഞു.

വിമാനത്തില്‍ കയറാന്‍ മയിലുമായെത്തി, താരമായി ഡെക്സ്റ്റര്‍ !

ന്യൂയോര്‍ക്ക്: ഈ മയിലിന്‍റെ പേര് ഡെക്സ്റ്റര്‍. ചിത്രകാരിയും ഫോട്ടോഗ്രാഫറുമൊക്കെയായ ബ്രൂക്ക്ലിന്‍ സ്വദേശിനി വെന്‍റിക്കോയ്ക്ക് ഡെക്സ്റ്റര്‍ ഏറെ പ്രിയപ്പെട്ടവനാണ്. കണ്ടാല്‍ ആരുമൊന്നു കൊതിക്കും, ഇതു പോലൊരു മയിലിനു വേണ്ടി. ഊണിലും ഉറക്കത്തിലും എന്നു വേണ്ട, എവിടെ പോയാലും ഡെക്സ്റ്റര്‍ ഒപ്പമുണ്ട്. അപ്പോഴാണ് വെന്‍റിക്കോയ്ക്ക് വിമാനം കയറേണ്ട ആവശ്യമുണ്ടായത്. രണ്ടാമതൊന്ന് ആലോചിച്ചില്ല. യുണൈറ്റഡ് എയര്‍ലൈന്‍സ് ഫ്ളൈറ്റില്‍ രണ്ടു ടിക്കറ്റ് റിസര്‍വ് ചെയ്തു. ന്യൂവാര്‍ക്ക് എയര്‍പോര്‍ട്ടില്‍ ലഗ്ഗേജ് കാര്‍ട്ടിനു മുകളില്‍ മയിലുമായി എത്തിയ വെന്‍റിക്കോയെ കണ്ട സുരക്ഷാഭടന്മാര്‍ അമ്പരന്നു. ഒരു തരത്തിലും മയിലിനെ അകത്തു പ്രവേശിപ്പിക്കില്ലെന്ന് അവര്‍. ടിക്കറ്റുണ്ടെന്നും പോയെ പറ്റുവെന്നും വെന്‍റിക്കോയും. മയിലുമായുള്ള മാനസികമായ അടുപ്പം മൂലമാണ് താന്‍ ഇതിനു തയ്യാറായതെന്നും ഇക്കാര്യത്തില്‍ ഏവിയേഷന്‍ നിയമത്തില്‍ കാതലായ മാറ്റമുണ്ടാക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഒടുവില്‍ ഇരുവരുമില്ലാതെ വിമാനം പറന്നു. ഇത്തരത്തില്‍ മാനസികമായ അടുപ്പമുള്ള മൃഗങ്ങളും പക്ഷികളുമായി വിമാനത്തില്‍ സഞ്ചരിക്കാനെത്തിയവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് എയല്‍ലൈന്‍സും സമ്മതിക്കുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ നിലവില്‍ വിട്ടുവീഴ്ചയ്ക്ക് കമ്പനി തയ്യാറല്ലെന്ന് ഡെയ്ലിമെയ്ലിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ‘സ്നേഹികള്‍’ ഇനി വിമാനയാത്ര ചെയ്യുമ്പോള്‍ ആവശ്യമായി മുന്‍കരുതലെടുക്കേണ്ടിയിരിക്കുന്നു.

ജോര്‍ജ് തുമ്പയില്‍

ഗീതാ ജോര്‍ജ് ഫൊക്കാന കാലിഫോര്‍ണിയ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

ജോയിച്ചന്‍ പുതുക്കുളം

അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുട 2018 20 കാലയളവില്‍ ഫൊക്കാനയെ നയിക്കാന്‍ പുതിയ നേതൃത്വം.കാലിഫോര്‍ണിയ റീജിയണ്‍ ഊടും പാവും നല്‍കി റീജിയണ്‍ ശക്തമാക്കുവാന്‍ കാലിഫോര്‍ണിയ റീജിയണല്‍ വൈസ് പ്രസിഡന്റായി മത്സരിക്കുവാന്‍ കാലിഫോര്‍ണിയയിലെ കരുത്തുറ്റ വനിതാ നേതാവ് ഗീതാ ജോര്‍ജ് .നിലവില്‍ ഫൊക്കാനയുടെ റീജിയണല്‍ വൈസ് പ്രസിഡന്റായ ഗീതാജോര്‍ജ് ഒരു തവണ കൂടി രംഗത്തിറങ്ങുകയാണ്.

നിരവധി സാമൂഹ്യ സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ നേതാവാണ് ഗീതാ ജോര്‍ജ്.മാവേലിക്കര സ്വദേശിയായ ഗീതാ തിരുവനതപുരം എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ സാമൂഹിക സാംസ്കാരിക രംഗംങ്ങളില്‍ സജീവമായിരുന്നുന്നു .അമേരിക്കയില്‍ എത്തിയ ശേഷം പ്രാധാനമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ആയിരുന്നു .വനിതാ (Indian American association of women)ചാരിറ്റി സംഘടനയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു.ഇപ്പോള്‍ വനിതയുടെ ട്രഷറര്‍ .മലയാളി അസ്സ്‌സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (MANCA) പ്രസിഡന്റ് ,CETA CA ( College of Engineering Trivandrum Alumini Association CAlifornia Chapter) അലുമിനി അസ്സോസിയേഷന്‍ സ്ഥാപക പ്രസിഡന്റ് ,കാലിഫോര്‍ണിയ ലിറ്റററി അസോസിയേഷന്‍ ഓഫ് മലയാളീസ് (CALAM ) സെക്രട്ടറി ,ഫൊക്കാനാ 2000 കണ്‍വന്‍ഷന്‍ ഡയറക്ടര്‍,തുടങ്ങി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തന മികവും ഔദ്യോഗിക രംഗത്തു തിളക്കമാര്‍ന്ന പ്രവര്‍ത്തന വിജയവും കൈമുതലാക്കിയാണ് ഫൊക്കാനയുടെ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഗീതാ ജോര്‍ജ് മത്സരിക്കുന്നത്.ഇപ്പോള്‍ President of Fremont Warm Springs Sunrise Rotary ,Principal Engineer at Juniper Networks,US Patents in Computer Engineering field പ്രവര്‍ത്തനങ്ങളില്‍ ഏവര്‍ക്കും മാതൃകയായ പ്രവര്‍ത്തനം കാഴ്ചവച്ചു മുന്നോട്ടു നീങ്ങുമ്പോള്‍ നിരവധി കമ്മ്യുണിറ്റി സര്‍വീസ് പുരസ്കാരങ്ങളും ഗീതാ ജോര്‍ജിനെ തേടി എത്തിയിട്ടുണ്ട് .

ഗീതാ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനയ്ക്ക് എന്തുകൊണ്ടും മുതല്‍ക്കൂട്ടാകുമെന്നും ,വിവിധ രംഗംങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ളവരുടെ സംഘാടനവും നേതൃത്വറും ഫൊക്കാനയുടെ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്ക് കരുത്തു നല്‍കുമെന്നും ഫൊക്കാന വനിതാ ഫോറം ദേശീയ ചെയര്‍ പേഴ്‌സണ്‍ ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ എല്ലാം വിജയം കൈവരിക്കുക,അത് സമൂഹത്തിനും കൂടി ഉതകുന്ന തരത്തില്‍ ആക്കിത്തീര്‍ക്കുക എന്നതാണ് ഉത്തമമായ സംഘടനാ പ്രവര്‍ത്തനം.ഇത്തരുത്തില്‍ കഴിവുള്ള ഒരു നേതൃത്വ നിര ഫൊക്കാനയില്‍ കടന്നു വരണം.എങ്കില്‍ മാത്രമേ ഫൊക്കാനയുടെ പഴയ പ്രതാപം വീണ്ടെടുക്കുവാന്‍ സാധിക്കു എന്നും ലീലാ മാരേട്ട് പറഞ്ഞു.ഗീതാ ജോര്‍ജിന്റെ വിജയം കാലിഫോര്‍ണിയ മലയാളികളുടെ വിജയം കൂടിയായിരിക്കുമെന്നും അവര്‍ പറഞ്ഞു.