സരോജ വര്‍ഗീസിന്റെ പതിനൊന്നാമത് കൃതി ‘സഞ്ചാരം, സാഹിത്യം, സന്ദേശം’ പ്രകാശനം ചെയ്തു

സരോജ വര്‍ഗീസിന്റെ പതിനൊന്നാമത് കൃതി ‘സഞ്ചാരം, സാഹിത്യം, സന്ദേശം’ പ്രകാശനം ചെയ്തു

ന്യൂ യോര്‍ക്ക്: എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സരോജ വര്‍ഗീസിന്റെ പതിനൊന്നാമത് പുസ്തകമായ ‘സഞ്ചാരം, സാഹിത്യം, സന്ദേശം’ ക്വീന്‍സിലെരാജധാനി റെസ്റ്റോറന്റില്‍വച്ചു ഡിസംബര്‍ ഒന്നാം തീയതി പ്രകാശനം ചെയ്തു. ഇതോടൊപ്പം അവരുടെ ജന്മദിനവും ആഘോഷിച്ചു. കലാ സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ് ജോസഫ് റോക്ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോളിന് പുസ്തകം നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.

എഴുത്തുകാരി എന്ന തലക്കനം ഇല്ലാതെ വിനയാന്വിതയായി എല്ലാ ഇടങ്ങളിലും നിറഞ്ഞു നില്‍ക്കുന്നവ്യക്തിത്വം ആണ് സരോജ എന്ന് ജോര്‍ജ് ജോസഫ് പറഞ്ഞു. കുടുംബ സ്‌നേഹവും കരുതലുകളും കര്‍മ്മ നിരതയും സരോജയയുടെ എഴുത്തില്‍ നിഴല്‍വിരിച്ചിരിക്കുന്നു.

നേഴ്സ് എന്ന കര്‍മ്മ മണ്ഡലത്തില്‍ ഒതുങ്ങി നില്‍ക്കാതെ തന്റെ സ്വതസിദ്ധമായ സാഹിത്യ രചനകളിലൂടെ നിരവധി ഹൃദയങ്ങളെ തൊടാനായത് ഒരു വലിയ കാര്യമാണെന്ന് ആനി പോള്‍ പറഞ്ഞു.

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ കോരസണ്‍ വര്‍ഗീസ് പുസ്തകം പരിചയപ്പെടുത്തി. കാല്പനികതയുടെയോ ആധുനികതയുടെയോ വഴിക്കു പോകാതെ, മലയാള സാഹിത്യ പശ്ചാത്തലത്തില്‍, നൈസര്‍ഗീകമായ രചന വൈഭവത്തോടെ, അക്കാദമിയ്ക് ജാടകളില്ലാതെസ്വന്തം ഇടം നേടുന്നതില്‍ എഴുത്തുകാരി വിജയിച്ചു എന്ന് കോരസണ്‍ പറഞ്ഞു. സ്ത്രീ രചന ഒരു പോരാട്ടമെന്നു തെളിയിക്കയും അതില്‍ പൂര്‍ണ്ണമായി വിജയിക്കുകയും ചെയ്യുകയാണ് എഴുത്തുകാരി. സരോജ വര്‍ഗീസ് തന്റെ പ്രിയതനായ ജോയ്ക്ക് സമര്‍പ്പിച്ച ചിത്രങ്ങള്‍ അടങ്ങിയ ഈ പുസ്തകം, അതിന്റെ പുറം ചട്ടയിലെ നിറക്കൂട്ടുകള്‍ പോലെത്തന്നെ മലയാള സാഹിത്യത്തിലെ ഒരു വിക്ടോറിയന്‍ ടച്ച് എന്ന് പറയുന്നതില്‍ ഒട്ടും മടിക്കേണ്ട എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോ . നന്ദകുമാര്‍ ചാണയിലിന്റെ ആശംസയില്‍ സരോജ വര്‍ഗ്ഗീസ് അമേരിക്കന്‍ മലയാള സാഹിത്യലോകത്ത് ‘തറവാട്ടമ്മ’ എന്ന പദവിനിരന്തരമായ അദ്ധ്വാനത്തിലൂടെ നേടിയെടുത്തതാണെന്നു ചൂണ്ടിക്കാട്ടി.

ഫാദര്‍ നോബി അയ്യനേത്ത്, ഫാദര്‍ ജോണ്‍ തോമസ് ആലുമ്മൂട്ടില്‍, ഫാദര്‍ അജു മാത്യൂസ്, അഡ്വ. സക്കറിയ കരുവേലി, അഡ്വ . വിനോദ് കെയര്‍കെ, സിബി ഡേവിഡ്,തോമസ് പോള്‍, മഞ്ജു മാത്യു, സാറാമ്മ ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

എഴുത്തില്‍ അറിയാതെ എത്തപ്പെട്ടപ്പോള്‍ കൂടുതല്‍ പൂര്‍ണ്ണത കൈവരിക്കാന്‍ ശ്രമിച്ചു എന്നും, ഈ ചടങ്ങു സംതൃപ്തിയും ചാരിതാര്‍ഥ്യവും നല്‍കുന്നു എന്നും മറുപടി പ്രസംഗത്തില്‍ സരോജ വര്‍ഗീസ് പറഞ്ഞു. വിന്‍സെന്റ് സിറിയക് പരിപാടികള്‍ നിയന്ത്രിച്ചു.

Share This Post