പുതുമയാര്‍ന്ന ക്രിസ്മസ് സമ്മാനങ്ങള്‍ ഒരുക്കി സെന്റ് മേരിസ് സി.സി.ഡി കുട്ടികള്‍ മാതൃകയാകുന്നു

പുതുമയാര്‍ന്ന ക്രിസ്മസ് സമ്മാനങ്ങള്‍ ഒരുക്കി സെന്റ് മേരിസ് സി.സി.ഡി കുട്ടികള്‍ മാതൃകയാകുന്നു

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ.മേരിസ് ഇടവകയിലെ മതബോധന സ്കൂളില്‍ വിശ്വാസ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികള്‍ സ്‌നേഹത്തിന്റെയും നന്മയുടെയും സന്ദേശം അറിയിച്ചുകൊണ്ടു ഒരുക്കുന്ന ക്രിസ്തുമസ് സമ്മാനങ്ങള്‍ ശ്രദ്ധേയമാവുകയാണ്. ഈ വര്‍ഷത്തെ ക്രിസ്മസിന് ഒരുക്കമായി ആരംഭിയ്ക്കുന്ന 25 നോയമ്പ് ദിനങ്ങളില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ചെറിയ സമ്പാദ്യങ്ങള്‍ സ്വരൂപിച്ചുകൊണ്ട് സി.സി.ഡി. ക്ലാസ് അടിസ്ഥാനത്തില്‍ ഓരോ കുട്ടികളും സമ്പാദിക്കുന്ന തുക കേരളത്തില്‍ കഴിഞ്ഞ നാളുകളില്‍ ഉണ്ടായ പ്രളയ ബാധിത പ്രദേശളിലൊന്നായ ഹൈറേഞ്ചിലെ ഏതാനും കുടുംബത്തിനു ഓരോ ആട്ടിന്‍കുട്ടിയെ നല്‍കികൊണ്ട് “ഈശോയ്ക്ക് ഒരു കുഞ്ഞാട്” എന്ന പദ്ധതിയുടെ ആവിഷ്കാരത്തിനായി ഒരുങ്ങുന്നു.

സെന്റ് മേരിസ് മതബോധന സ്കൂള്‍ ഡി.ആര്‍.ഇ. സജി പൂതൃക്കയൊടൊപ്പൊം മറ്റും അധ്യാപകരും കുട്ടികളും ചേര്‍ന്നാണ് ഈ പദ്ധതികള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. കുരുന്നുകളുടെ കുഞ്ഞുമനസ്സില്‍ ഉത്ഭവിച്ച ഈ ആശയം പ്രാവര്‍ത്തികമാക്കുന്നത് ക്രിസ്മസ് ആഘോഷങ്ങള്‍ക്കേറെ പകിട്ടേകുമെന്ന് ഇടവകവികാരി മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ അഭിപ്രായപ്പെട്ടു. നവംബര്‍ 18ന് ഞായറാഴ്ച നടന്ന പൗരോഹിത്യ സുവര്‍ണജൂബിലി ആഘോഷ വേളയില്‍ റവ. ഫാ. ഫിലിപ്പ് തൊടുകയില്‍ ആദ്യ ആട്ടിന്‍കുട്ടിയെ വാങ്ങുവാനുള്ള തുക നല്‍കി കൊണ്ട് ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി. ആര്‍.ഒ.) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post