ഒ.സി.ഐ. കാര്‍ഡ് ഒരു സ്ഥിരം തിരിച്ചറിയല്‍ കാര്‍ഡ് ആക്കി മാറ്റാന്‍ ജെ.എഫ്.എ. രംഗത്ത്

ഒ.സി.ഐ. കാര്‍ഡ് ഒരു സ്ഥിരം തിരിച്ചറിയല്‍ കാര്‍ഡ് ആക്കി മാറ്റാന്‍ ജെ.എഫ്.എ. രംഗത്ത്

ന്യൂയോര്‍ക്ക്: പ്രവാസികളായ ഒ.സി.ഐ. കാര്‍ഡുകാര്‍ക്ക് ഇന്ത്യയില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന വിഷമതകളുടെ ഗൗരവം കണക്കിലെടുത്ത് അവരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി അതിന്റെ ആദ്യപടിയായി ആധാര്‍കാര്‍ഡിനു തത്തുല്യമായ ഒരു തിരിച്ചറിയല്‍ കാര്‍ഡ് ആയി ഒ.സി.ഐ. കാര്‍ഡ് അംഗീകരിച്ച് നിയമം പ്രാബല്യത്തില്‍ വരുത്തുക എന്നുള്ള നിവേദനം ജെസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ.) എന്ന സംഘടന മുന്‍കൈ എടുത്ത് സുരേഷ്‌ഗോപി എം.പി. മുഖേന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും നല്‍കി.

തോമസ് കൂവള്ളൂര്‍-ചെയര്‍മാന്‍, പ്രേമ ആന്റണി തെക്കേക്ക്-പ്രസിഡന്റ്, കുഴിവേലില്‍ നൈനാന്‍-ജനറല്‍ സെക്രട്ടറി, ഫിലിപ്പ് മാരേട്ട്-ട്രഷറാര്‍, മാറ്റ് വര്‍ഗീസ്-പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ഡയറക്ടര്‍മാരായ അജിത് നായര്‍, വര്‍ഗീസ് മാത്യു, എ.സി. ജോര്‍ജ്ജ്, അറ്റോര്‍ണി ജേക്കബ് കല്ലുപുര, യു.എ. നസീര്‍, ഗോപിനാഥ് കുറുപ്പ് എന്നിവരടങ്ങിയ ജെ.എഫ്.എ.യുടെ ഡയറക്ടര്‍ ബോര്‍ഡ് ഒക്‌ടോബര്‍ മാസം എടുത്ത തീരുമാനപ്രകാരമാണ് ഇങ്ങിനെ ഒരു നിവേദനം ഇന്ത്യാ ഗവണ്‍മെന്റിന് നല്‍കാന്‍ തീരുമാനമെടുത്തത്. ഒക്‌ടോബറില്‍ കൂടിയ ഡയറക്ടര്‍ ബോര്‍ഡ് ഒ.സി.ഐ. കാര്‍ഡിനെപ്പറ്റി കൂടുതല്‍ പഠിച്ചു മനസ്സിലാക്കി റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ഗോപിനാഥ് കുറിപ്പിനെ ചുമതലപ്പെടുത്തിയിരുന്നു.

ഇന്ത്യന്‍ പൗരത്വമുള്ളവര്‍ക്കു നല്‍കുന്ന ആധാര്‍ കാര്‍ഡില്‍ ഉള്ളതുപോലെ തത്തുല്യമായ ഒരു നമ്പര്‍ ഒ.സി.ഐ. കാര്‍ഡിലും ഉള്ളതിനാല്‍ വിദേശത്തു താമസിക്കുന്ന ഒ.സി.ഐ. കാര്‍ഡ് ഉള്ളവരെ തിരിച്ചറിയാന്‍ മറ്റൊരു കാര്‍ഡിന്റെ ആവശ്യമില്ലെന്നും പ്രവാസികള്‍ക്കു വേണ്ടി ഒ.സി.ഐ. കാര്‍ഡ് ഒരു തിരിച്ചറിയല്‍ കാര്‍ഡ് ആയി കേന്ദ്രഗവണ്‍മെന്റ് അംഗീകരിക്കുകയും വിജ്ഞാപനം വഴി അത് രാജ്യത്തു നടപ്പാക്കുകയും ചെയ്യുക എന്നും, അതിനു തയ്യാറാകാത്ത സ്റ്റേറ്റ് ഗവണ്‍മെന്റുകളുടെയും, ഉദ്യോഗസ്ഥന്മാരുടെയും പേരില്‍ നടപടി എടുക്കാന്‍ കേന്ദ്രഗവണ്‍മെന്റിനെ നിര്‍ബന്ധിക്കുകയും ചെയ്യേണ്ടതാണ് എന്നുള്ള തീരുമാനത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് എത്തിച്ചേരുകയും ചെയ്തു. അതനുസരിച്ചാണ് നിവേദനം തയ്യാറാക്കിയിരിക്കുന്നത്.

നിവേദനം സുരേഷ്‌ഗോപിക്ക് നേരിട്ട് നല്‍കാനും, വളരെ ഗൗരവത്തോടുകൂടി ഈ വിഷയം ഡിസംബര്‍ മാസം നടക്കുന്ന പാര്‍ലമെന്റിന്റെ വിന്റര്‍ സെഷനില്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെടാനും ഗോപിനാഥ് കുറുപ്പിനെ ചുമതലപ്പെടുത്തി. അതനുസരിച്ച് ഗോപിനാഥ് കുറുപ്പ് നവംബര്‍ 30-ന് തിരുവനന്തപുരത്തെത്തി സുരേഷ്‌ഗോപി എം.പി. യ്ക്ക് നിവേദനം കൈമാറുകയും ചെയ്തു.

ഗോപിനാഥ് കുറുപ്പ് ഫോമയുടെ ന്യൂയോര്‍ക്ക് റീജിയന്റെ വൈസ് പ്രസിഡന്റും, ഇന്‍ഡോ അമേരിക്കന്‍ ലയണ്‍സ് ക്ലബ്ബിന്റെ പ്രസിഡന്റ്, ഹഡ്‌സന്‍ വാലി മലയാളി അസ്സോസിയേഷന്റെ പ്രസിഡന്റ്, ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ അറിയപ്പെടുന്ന ഒരു നേതാവും ജെ.എഫ്.എ. യുടെ മുതല്‍ക്കൂട്ടുമാണ്.

ഇത്രയും എഴുതിയ സ്ഥിതിക്ക് ഒ.സി.ഐ. കാര്‍ഡ് എങ്ങിനെ പ്രാബല്യത്തില്‍ വന്നു എന്നുകൂടി വിശകലനം ചെയ്യുന്നത് ഉചിതമെന്നു തോന്നുന്നു. ഇന്ത്യന്‍ സിറ്റിസണ്‍സ് ആക്ട് 1955-ന്റെ മറവിലാണ് ഇതിന്റെ തുടക്കം. ഇന്ത്യയില്‍ നിന്നും ജോലി തേടി വിദേശത്തു പോയി താമസമാക്കിയ ഇന്ത്യാക്കാര്‍ അമേരിക്ക മുതലായ വികിസിത രാജ്യങ്ങളില്‍ പോയി മിക്കവരും ആ രാജ്യങ്ങളിലെ പൗരത്വം സ്വകരിച്ചു എങ്കിലും അവര്‍ മാതൃരാജ്യത്തോടു കൂറുള്ളവരായിരുന്നതിനാല്‍ മഹാബലി വര്‍ഷത്തില്‍ ഒരു തവണ നാടു കാണാന്‍ വരുന്നതുപോലെ സ്വന്തം ജനങ്ങളെ കാണാനും, അവര്‍ക്ക് കൈനിറയെ സമ്മാനങ്ങളുമായി വന്നും പോയും ഇരുന്നു. ഇന്ത്യാ ഗവണ്‍മെന്റുപോലും അറിയാതെ ഇക്കൂട്ടരെ കസ്റ്റംസുകാരും, ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഉള്ളവരും അതിഹീനമായി ഞെക്കിപ്പിഴിയാന്‍ തുടങ്ങിയത്

2000-ന്റെ തുടക്കത്തിലാണ്. പതുക്കെ പതുക്കെ 1955-ലെ ആക്ടിന്റെ മറവില്‍ ഇത്തരക്കാരുടെ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട് കണ്ടുകെട്ടാനും, വന്‍തുക അവരില്‍ നിന്നും ഈടാക്കാനും തുടങ്ങിയതോടെ പ്രവാസികള്‍ സംഘടിച്ച് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്ററിനു മുമ്പില്‍ പോയി സമരം ചെയ്തതും അമേരിക്കയില്‍ താമസിക്കുന്ന പ്രായമായ ചിലരെങ്കിലും ഓര്‍മ്മിക്കുന്നുണ്ടാവും. അവരില്‍ പ്രമുഖരായ തോമസ് റ്റി. ഉമ്മന്‍, അലക്‌സ് കോശി വിളനിലം, യു.എ. നസീര്‍ തുടങ്ങിയവരോടൊപ്പം ജനങ്ങളെ സംഘടിപ്പിക്കാന്‍ ഈ ലേഖകനും മുന്‍നിരയില്‍ ഉണ്ടായിരുന്നു. മേല്‍പറഞ്ഞവരെല്ലാം ജെ.എഫ്.എ.യില്‍ ഒരു കാലത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്നു എന്ന കാര്യം ഒരു ചരിത്ര സംഭവമാണ്. അതു മലയാളികള്‍ക്ക് മറക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യാത്ത നിരവധി മലയാളികളില്‍ നിന്നും ആളൊന്നുക്ക് 1250 ഡോളര്‍ വരെ 2010 കാലഘട്ടത്തില്‍ ഈടാക്കിയിരുന്നു. ഒറ്റദിവസത്തെ സമരം കൊണ്ട് അന്നത്തെ ഗവണ്‍മെന്റ് മുട്ടുമടക്കി പിന്നീട് പിഴ 25 ഡോളര്‍ കൊടുത്താല്‍ മതി എന്നാക്കി.

ചുരുക്കത്തില്‍ പ്രവാസികളുടെ കൂട്ടായ നിവേദനങ്ങളുടെയും, പോരാട്ടങ്ങളുടെയും പരിണതഫലമാണ് ഇന്നത്തെ ഒ.സി.ഐ. അല്ലാതെ ആരുടെയും കാരുണ്യം കൊണ്ടു കിട്ടിയതല്ല എന്ന് സൂചിപ്പിച്ചുകൊള്ളട്ടെ.

ഒ.സി.ഐ. കാര്‍ഡിന്റെ പേരില്‍ ഇന്ത്യാ ഗവണ്‍മെന്റ് കോടാനുകോടി രൂപ പ്രവാസികളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. എന്നിട്ടും ഇന്നുവരെ പ്രവാസികള്‍ക്ക് അര്‍ഹിക്കുന്ന രീതിയില്‍ സംരക്ഷണം നല്‍കാന്‍ പല സ്റ്റേറ്റു ഗവണ്‍മെന്റുകളും ഇന്നെ വരെ തയ്യാറായിട്ടില്ല. ഇപ്പോഴും കേരളത്തിലെ മിക്ക ഓഫീസുകളിലുമുള്ള ഉദ്യോഗസ്ഥന്മാര്‍ ഒ.സി.ഐ. ക്കാരെ ഞെക്കിപ്പിഴിയുകയും പലപ്പോഴും കൊടുക്കേണ്ടതിന്റെ ഇരട്ടി പണം ഈടാക്കുകയും ചെയ്യുന്നതായി നൂറുകണക്കിനു സംഭവങ്ങള്‍ അനുഭവസ്ഥര്‍ ഈ ലേഖകനോടു പങ്കുവയ്ക്കുകയുണ്ടായി.

കേന്ദ്രഗവണ്‍മെന്റ് വാസ്തവത്തില്‍ ഒ.സി.ഐ. കാര്‍ഡുകാര്‍ക്ക് നിരവധി കാര്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നുള്ളതു വാസ്തവമാണ്. ഇപ്പോഴത്തെ മോദി ഗവണ്‍മെന്റ് ഒ.സി.ഐ. ക്കാര്‍ക്ക് വലിയ പരിഗണന നല്‍കുമ്പോള്‍ എന്തുകൊണ്ടാണ് കേരളത്തിലും അതുപോലെ മിക്ക സ്റ്റേറ്റുകളിലും അതു പ്രാബല്യത്തില്‍ വരുത്താന്‍ സ്റ്റേറ്റു ഗവണ്‍മെന്റുകള്‍ തയ്യാറാകാത്തത്. ഇതിനെതിരെയാണ് ജെ.എഫ്.എ. ശബ്ദിക്കുന്നത്.

ഒ.സി.ഐ. കാര്‍ഡ് ഉള്ളവര്‍ക്ക് ഇന്ത്യയില്‍ സ്ഥിരമായി താമസിക്കുന്നതിനും, തൊഴില്‍ ചെയ്തു ജീവിക്കുന്നതിനുമുള്ള വ്യവസ്ഥകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഒ.സി.ഐ. കാര്‍ഡുകൊണ്ട് യാത്ര ചെയ്യുന്നതിനോ, ക്രയവിക്രയങ്ങള്‍ നടത്തുന്നിനോ ഇപ്പോഴും സാധിക്കുന്നില്ല. ഒ.സി.ഐ. കാണിച്ചാല്‍ വിദേശി എന്ന പേരില്‍ ഇരട്ടി തുക ഈടാക്കുകയും ചെയ്യും. ശരിക്കു പറഞ്ഞാല്‍ പട്ടിക്ക് മുഴുവന്‍ തേങ്ങ കിട്ടിയതുപോലെയാണ് ഒ.സി.ഐ. ക്കാരുടെ ഇന്നത്തെ അവസ്ഥ പ്രത്യേകിച്ച് കേരളത്തില്‍.

ഞങ്ങള്‍ കൊടുത്ത നിവേദനം കേന്ദ്രഗവണ്‍മെന്റ് അംഗീകരിച്ചാല്‍ മാത്രമാകുന്നില്ല. കേന്ദ്രഗവണ്‍മെന്റ് സര്‍ക്കുലറുകള്‍ വഴി സ്റ്റേറ്റു ഗവണ്‍മെന്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും നിയമം പ്രാബല്യത്തില്‍ വരുത്തുകയും ചെയ്യണം. എങ്കില്‍ മാത്രമേ അതുകൊണ്ട് ഗുണമുണ്ടാവുകയുള്ളൂ. വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, എന്തിനേറെ പ്രൈവറ്റ് സ്ഥാപനങ്ങളിലും ഇന്ന് ആധാര്‍കാര്‍ഡ് കാണിക്കേണ്ട അവസ്ഥയാണ്. ചുരുക്കം ചിലര്‍ക്ക് ആധാര്‍ കാര്‍ഡുണ്ട്. പക്ഷേ പിടിക്കപ്പെട്ടാല്‍ ശിക്ഷ ഗുരുതരമെന്ന് ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു.

ഇന്ത്യയില്‍ സ്ഥിരമായി താമസിക്കുന്നതും, ഗ്രീന്‍കാര്‍ഡ് ഉള്ളതുമായ പ്രവാസികളെ ഉദ്ദേശിച്ചല്ല, പ്രത്യുത, അമേരിക്കന്‍ പാസ്സ്‌പോര്‍ട്ടുള്ള ഒ.സി.ഐ. കാര്‍ഡുകാരെ മാത്രം ഉദ്ദേശിച്ചാണ് ഇതെഴുതിയത്. ആധാര്‍കാര്‍ഡ് ഇല്ലാത്ത ഒ.സി.ഐ. ക്കാര്‍ക്കു വേണ്ടിയാണിത് എഴുതുന്നത്.

‘ശബ്ദമില്ലാത്തവരുടെ ശബ്ദം’ എന്ന പേരില്‍ അറിയപ്പെടുന്ന ജസ്റ്റീസ് ഫോര്‍ ഓള്‍ നടത്തുന്ന ഈ സംരംഭത്തോട് യോജിക്കുന്ന എല്ലാ സംഘനകളോടും യോജിച്ചു പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. പ്രവാസികളുടെ നേരെ കണ്ണടയ്ക്കുന്ന സ്റ്റേറ്റ് ഗവണ്‍മെന്റുകളുടെ കണ്ണു തുറപ്പിക്കുകയും, ഒ.സി.ഐ. ക്കാരുടെ പ്രയാസങ്ങള്‍ അവസാനിക്കുന്നതുവരെയുള്ള ഒരു പോരാട്ടത്തിന്റെ തുടക്കം മാത്രമായി തല്‍ക്കാലം ഇതു കാണുക. സുരേഷ്‌ഗോപി എം.പി. പ്രവാസികള്‍ക്കുവേണ്ടി ശക്തമായി പോരാടുമെന്നു തന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു. അദ്ദേഹത്തിനു സാധിക്കാത്ത പക്ഷം അടുത്ത ലവലിലേയ്ക്ക് ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് നീങ്ങാനും ഞങ്ങള്‍ ഉദ്ദേശിക്കുന്നു. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളും ഞങ്ങളോടൊപ്പം സഹകരിക്കുമെന്നു വിശ്വസിക്കുന്നു.

* ഫോട്ടോയില്‍ നില്‍ക്കുന്നവര്‍
1) വലത്തു നിന്ന് : മാറ്റ് വര്‍ഗീസ്, തോമസ് കൂവള്ളൂര്‍, കുഴിവേലില്‍ നൈനാന്‍ ഗോപിനാഥ് കുറുപ്പ്
2) സുരേഷ്‌ഗോപി എം.പി, ഗോപിനാഥ് കുറുപ്പ്, മണ്ണടി ഹരി.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജെ.എഫ്.എ.യുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മാറ്റ് വര്‍ഗീസുമായി ബന്ധപ്പെടാവുന്നതാണ്.
ഫോണ്‍ : 508-740-2281

വാര്‍ത്ത അയയ്ക്കുന്നത് : തോമസ് കൂവള്ളൂര്‍
ഫോണ്‍: 914-409-5772
ഇമെയില്‍: tjkoovalloor@live.com
വെബ്‌സൈറ്റ് : www.jfaamerica.com

തോമസ് കൂവള്ളൂര്‍

Share This Post