മഞ്ച് ടാലന്റ് നൈറ്റിന്റേയും കുടുംബ സംഗമത്തിന്റെയും ടിക്കറ്റ് വിതരണോദ്ഘാടനം നടത്തി

മഞ്ച് ടാലന്റ് നൈറ്റിന്റേയും കുടുംബ സംഗമത്തിന്റെയും ടിക്കറ്റ് വിതരണോദ്ഘാടനം നടത്തി

ന്യൂജേഴ്‌സി : ന്യൂജേഴ്‌സിയിലെ സാംസ്കാരിക സംഘടനയായ മലയാളി അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ കുടുംബ സംഗമത്തിന്റേയും ടാലന്റ് നൈറ്റിന്റേയും ടിക്കറ്റ് വിതരണോദ്ഘാടനം ഉദ്ഘാടനം ഡിസംബര്‍ 8 ശനിയാഴ്ച്ച ന്യൂജേഴ്‌സി എഡിസണ്‍ ഹോട്ടലില്‍ വച്ച് നടത്തപ്പെട്ടു.പ്രമുഖ മാധ്യമ പ്രവര്‍ത്തകനും, ഇടതുപക്ഷ മാധ്യമ നിരീക്ഷകനുമായ റെജി ലൂക്കോസ് ആദ്യ ടിക്കറ്റ് ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി.നായര്‍, ഫൊക്കാനാ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിളളില്‍ എന്നിവര്‍ക്ക് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

2019 ജനുവരി 5ന് വൈകിട്ട് ആറുമണിക്ക് ന്യൂ ജേഴ്‌സി പാഴ്‌സിപ്പനി പാല്‍സ് (Parsippany Pals auditorium )ഓഡിറ്റോറിയത്തിലാണ് കുടുംബ സംഗമവും ,ടാലന്റ് നൈറ്റും സംഘടിപ്പിച്ചിരിക്കുന്നത്.

അമേരിക്കന്‍ മലയാളി സംഘടനകള്‍ സംഘടിപ്പിക്കുന്ന കുടുംബ സംഗമങ്ങളും, ടാലന്റ് ഷോകളും മലയാളിയുടെ സാംസ്കാരിക ബോധത്തിന്റെ മകുടോദാഹരണങ്ങളാണെന്ന് റജി ലൂക്കോസ് അഭിപ്രായപ്പെട്ടു.കേരളം വിട്ടാല്‍ മലയാളി മലയാളം മറക്കുന്നു എന്നൊരഭിപ്രായമുണ്ട്. ആ അഭിപ്രായത്തെ അമേരിക്കന്‍ മലയാളികള്‍ തിരുത്തിക്കുറിക്കുന്നതില്‍ സന്തോഷമുണ്ടെന്നും, മഞ്ചിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി അദ്ദേഹം കൂട്ടി ചേര്‍ത്തു.

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ പ്രസിഡന്റ് ആയ ഡോ.സുജ ജോസ് അധ്യക്ഷത വഹിച്ചു.റജി ലൂക്കോസിനെ പോലെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ മലയാളി സമൂഹത്തിന് എക്കാലവും അഭിമാനമാണെന്നും മഞ്ചിന്റെ പരിപാടിയില്‍ പങ്കെടുത്തതില്‍ അതിയായ സന്തോഷം അറിയിക്കുന്നതായി ഡോ: സുജ ജോസ് പറഞ്ഞു. മഞ്ച് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഷാജി വര്‍ഗീസ് ആശംസകള്‍ അറിയിച്ചു.2016ല്‍ ആണ് റജി ലൂക്കോസിനെ പരിചയപ്പെടുന്നത്. അന്ന് ഫൊക്കാനയുടെ ട്രഷറര്‍ ആയി പ്രവര്‍ത്തിക്കുകയായിരുന്നു ഞാന്‍. ആ സമയത്ത് മുഖ്യമന്ത്രിയുടെ ചേംബറില്‍ ഒരു ചര്‍ച്ചയ്ക്ക് അവസരമുണ്ടാവുകയും ഫൊക്കാനയുമായി നല്ല അടുപ്പം നമ്മുടെ മുഖ്യമന്ത്രിക്ക് ഉണ്ടാക്കുവാന്‍ റജി ലൂക്കോസിന്റെ സാന്നിധ്യം ഗുണം ചെയ്തതായും ഷാജി വര്‍ഗീസ് പറഞ്ഞു.
ഫൊക്കാനാ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ ,മഞ്ചിന്റെ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് പിള്ള ,വൈസ് പ്രസിഡന്റ് ഉമ്മന്‍ ചാക്കോ, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ ജോസ് ജോയ്,ലിലാ മാരേട്ട് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

മഞ്ചിന്റെ കുടുംബ സംഗമത്തിലും, ടാലന്റ് നൈറ്റിലും ന്യൂജേഴ്‌സിയിലെ എല്ലാ മലയാളി കുടുംബങ്ങളേയും സ്വാഗതം ചെയ്യുന്നതായി മഞ്ച് ഭാരവാഹികള്‍ അറിയിച്ചു. ടിക്കറ്റ് കിക്ക് ഓഫില്‍ ന്യൂജേഴ്‌സിയിലെ മറ്റ് മലയാളി സംഘടനകള്‍ ആയ കെ.സി.എഫ്,നാമം എന്നിവയുടേയും സാന്നിദ്ധ്യമുണ്ടായിരുന്നു.

ജോയിച്ചന്‍ പുതുക്കുളം

Share This Post