ഇന്ത്യ പ്രസ് ക്ലബിനു അഭിമാനമായി മാധ്യമശ്രീ പുരസ്കാരം

ഇന്ത്യ പ്രസ് ക്ലബിനു അഭിമാനമായി  മാധ്യമശ്രീ പുരസ്കാരം

അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അഭിമാനപുരസരം മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കു മാധ്യമശ്രീ പുരസ്കാരം നല്‍കുന്നു .നോമിനേഷൻ സമർപ്പിക്കുന്നതിനുള്ള തിയതി നവംബർ മുപ്പതിന് അവസാനിച്ചു .ഇത്തവണ അവാർഡിന് നിരവധി അപേക്ഷകൾ ലഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.പ്രശസ്‌തരും പ്രഗൽഭരും ഉൾപ്പെടുന്ന ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത് .മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഏറ്റവും കൂടുതല്‍ പുരസ്കാരത്തുക ഒരു ലക്ഷം രൂപ നല്‍കുന്ന മാധ്യമശ്രീ, കൂടാതെ മാധ്യമരത്‌ന ഉള്‍പ്പെടെ 11 അവാര്‍ഡുകള്‍ കൂടെ ഇന്ത്യ പ്രസ് ക്ലബ് നല്‍കുന്നുണ്ട്.

2019 ജനുവരി 13 തീയതി കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് ഹോട്ടല്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കുന്ന വേദിയിലാണ് പുരസ്കാരരാവ് സംഘടിപ്പിക്കുന്നത്. വടക്കേ അമേരിക്കയിലെയും , കേരളത്തിലെയും സാമൂഹികസാംസ്കാരിക മാധ്യമ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

മാധ്യമശ്രീ പുരസ്കാരദാന സംഘാടകസമിതി ചെയര്‍മാനായി മാത്യു വര്‍ഗീസും , മാധ്യമശ്രീ പുരസ്കാര നടപടിക്രമങ്ങളുടെ ചീഫ് കണ്‍സല്‍ട്ടന്‍റ് ആയി ജോര്‍ജ് ജോസഫും, കേരള കോര്‍ഡിനേറ്ററായി മനോജ് ജേക്കബും പ്രവര്‍ത്തിച്ചു വരുന്നു.

ഏഷ്യാനെറ്റ് യു.എസ് എ യുടെ ഓപ്പറേഷന്‍ മാനേജര്‍ ആണ് മാത്യു വര്‍ഗീസ് . മാത്യു വര്‍ഗീസ് പ്രസിഡണ്ട് ആയിരിക്കുമ്പോഴാണ് 2013 ല്‍ കൊച്ചിയില്‍ ഇതേ വേദിയില്‍ അവാര്‍ഡ് ദാനച്ചടങ്ങ് സംഘടിപ്പിച്ചത്.

മാധ്യമശ്രീ പുരസ്കാരദാന ചടങ്ങിനായി നാഷണൽ കമ്മറ്റി പ്രസിഡന്റ് മധു കൊട്ടാരക്കര ,സെക്രട്ടറി സുനിൽതൈമറ്റം കമ്മറ്റി അംഗങ്ങൾ എന്നിവരുമായി സഹകരിച്ചു കൊച്ചിയിലെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നത് കേരള കോര്‍ഡിനേറ്റര്‍ മനോജ് ജേക്കബ് ആണ്. 2013 ലും മാധ്യമശ്രീ പുരസ്കാരദാന ചടങ്ങ് വന്‍വിജയമാക്കാന്‍ അണിയറയില്‍ മുഖ്യമായും പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ് മനോജ്.

പി .പി. ചെറിയാൻ

Share This Post