കൺവൻഷൻ വിശ്വാസം പ്രകാശിപ്പിക്കുവാനുള്ള അവസരം : മാർ. ആലപ്പാട്ട് കോപ്പലിൽ രജിസ്‌ട്രേഷൻ കിക്കോഫ് ചെയ്തു

കൺവൻഷൻ വിശ്വാസം പ്രകാശിപ്പിക്കുവാനുള്ള അവസരം : മാർ. ആലപ്പാട്ട് കോപ്പലിൽ രജിസ്‌ട്രേഷൻ കിക്കോഫ്  ചെയ്തു

ഡാളസ്: ഹൂസ്റ്റണിൽ 2019 ആഗസ്ത് ഒന്ന് മുതൽ നാല് വരെ നടക്കുന്ന നടക്കുന്ന ഏഴാമത് സീറോ മലബാര്‍ ‍ നാഷണല്‍ ‍ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷൻ കിക്കോഫ് കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ നവംബർ 25 ഞായറാഴ്ച നടന്നു.

സീറോ മലബാർ രൂപതാ സഹായ മെത്രാനും കൺവൻഷൻ ജനറൽ കൺവീനറുമായ മാർ ജോയ് ആലപ്പാട്ട് ഇടവകയിൽ ദിവ്യബലി അർപ്പിക്കുകയും തുടർന്ന് ഇടവകയിലെ രജിസ്‌ട്രേഷൻ കിക്കോഫ് നടത്തുകയും ചെയ്തു. രൂപതാ ചാൻസലർ ഫാ. ജോണിക്കുട്ടി പുലിശേരി, കൺവൻഷനു ആതിഥേയം വഹിക്കുന്ന ഹൂസ്റ്റൺ ഫൊറോനാ ഇടവക വികാരിയും കൺവൻഷൻ കൺവീനറുമായ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ , കൊപ്പേൽ ഇടവക വികാരി ഫാ ജോൺസ്റ്റി തച്ചാറ എന്നിവർ ദിവ്യബലിയിൽ സഹകാർമ്മികരാകുകയും കിക്കോഫ് ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു.

തോമാസ്ലീഹായിലൂടെ കൈവന്ന വിശ്വാസ പാരമ്പര്യം പ്രവാസ കുടിയേറ്റ ചരിത്രത്തിൽ പ്രഘോഷിക്കുവാനുള്ള അവസരമാണ് കൺവൻഷൻ. അമേരിക്കയിലെ സഭാ സമൂഹത്തിനു ഒരുമിച്ചുകൂടുവാനും വിശ്വാസം ശക്തിപ്പെടുത്തുവാനും പ്രകാശിപ്പിക്കുവാനുള്ള അവസരമാണിത്. ടെക്‌സാസിൽ നടക്കുന്ന കൺവൻഷൻ വിജയിപ്പിക്കുവാൻ ടെക്‌സാസിലുള്ള എല്ലാ വിശ്വാസികളും പ്രയത്നിക്കണമെന്നു മാർ ആലപ്പാട്ട്‌ ആഹ്വാനം ചെയ്തു.

ഫാ. കുര്യൻ നെടുവേലിചാലുങ്കൽ ഏവരെയും കൺവൻഷനു സ്വാഗതം ചെയ്തു. സുവിശേഷവൽക്കണത്തിൽ പങ്കാളികളാകുവാൻ വിശ്വാസികൾക്കു കിട്ടുന്ന അവസരമാണ് കൺവൻഷൻ എന്ന് ഫാ. ജോണിക്കുട്ടി ഇടവകജനത്തെ ഓർമ്മിപ്പിച്ചു.

ഇടവകയിലെ ആദ്യ രജിസ്‌ട്രേഷൻ ഏലിക്കുട്ടി ഫ്രാൻസീസിൽ നിന്നും മാർ ജോയ് ആലപ്പാട്ട്‌ സ്വീകരിച്ചു.
കൺവൻഷന്റെ ഇടവകയിലെ ആദ്യ റാഫിൾ മാർ ജോയ് ആലപ്പാട്ടിൽ നിന്നും ജോർജ് അഗസ്റ്റിൻ ഫാമിലി സ്വീകരിച്ചു.

കൺവൻഷൻ ചെയർമാൻ അലക്സ് കുടക്കച്ചിറ , വൈസ് ചെയർമാൻ ബാബു മാത്യു പുല്ലാട്ട്, , കൺവൻഷൻ സെക്രട്ടറി പോൾ ജോസഫ്, അനീഷ് സൈമൺ ( ഇവന്റ് കോർഡിനേറ്റർ ), ജിജി ഓലിക്കൻ, മാത്യു തോമസ് , ലിസി സോജൻ, ജേക്കബ് , ടോം അറക്കൽ, സാലി ടോം , ജെയ്നി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ചടങ്ങുകൾക്ക് ഇടവകയിലെ കൺവൻഷൻ ലോക്കൽ കോർഡിനേറ്റേഴ്‌സ് ആയ ജോർജ് അഗസ്റ്റിൻ , പോൾ സെബാസ്റ്റ്യൻ , എ വി തോമസ് എന്നിവർ നേതൃത്വം നൽകി.

Share This Post