വിശുദ്ധ മൂറോൻ അഭിഷേക കൂദാശക്ക് ഒരുങ്ങി ഹൂസ്റ്റണിലെ വിശുദ്ധ ദൈവമാതാവിന്റെ പള്ളി

വിശുദ്ധ  മൂറോൻ അഭിഷേക കൂദാശക്ക് ഒരുങ്ങി ഹൂസ്റ്റണിലെ വിശുദ്ധ ദൈവമാതാവിന്റെ പള്ളി

ഹൂസ്റ്റൺ: പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ 1977 അമേരിക്കയിലെ ഹൂസ്റ്റണിൽ സ്ഥാപിതമായ സെൻറ് മേരീസ് യാക്കോബായ ദേവാലയം ഇന്ന് ഒരു ചരിത്ര മുഹൂർത്തത്തിന് ഒരുങ്ങുകയാണ്.വിശ്വാസികളുടെ ചിരകാല സ്വപ്നമായ പുതിയ ദേവാലയത്തിന്റെ മൂറോൻ അഭിഷേക കൂദാശാ യാക്കോബായ സുറിയാനി സഭയുടെ അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്തയും പാട്രിയാർക്കൽ വികാരിയും ആയ അഭിവന്ദ്യഎൽദോ മാർ തീത്തോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഡിസംബർ മാസം 14- 15 (വെള്ളി ,ശനി ) തീയതികളിൽ നടത്തപ്പെടുന്നു.

കേരളത്തിലെ യാക്കോബായ ദേവാലയങ്ങളുടെ രൂപഭംഗി അതേപടി ഉൾക്കൊണ്ടുകൊണ്ടാണ് ഈ ദേവാലയം നിർമ്മിച്ചിരിക്കുന്നത്.
പ്രശസ്ത ദേവാലയ ശിൽപ്പകലാ പ്രവീണൻ തിരുവല്ല ബേബിയുടെ രൂപകല്പനയിൽ അതിശ്രേഷ്ഠമായ രീതിയിൽ ആണ് പള്ളിയുടെ മദ്‌ബഹായും അനുബന്ധ പണികളും നടത്തിയിട്ടുള്ളത് .

കേരളത്തിൽ നിന്നെത്തിച്ച ശില്പചാരുതയുള്ള പതിനെട്ടടിയോളം ഉയരമുള്ള കൽകുരിശ്,സ്വർണ കൊടിമരം തുടങ്ങി ദേവാലയത്തിന്റെ മുന്നിൽ സ്ഥാപിച്ചിട്ടുള്ള കുരിശിൻത്തൊട്ടി എന്നിവ അമേരിക്കയിലെ ദേവാലയങ്ങളിൽ ഇത് നടാടെയാണ്.ദേവാലയത്തിന്റെ ഉൾഭാഗത്തു ഇരുവശത്തുമുള്ള ജനാലകളിൽ യേശുക്രിസ്തുവിന്റെ പന്ത്രണ്ട് അത്ഭുത പ്രവർത്തികളുടെ ചായമടിച്ച ചില്ലുകളും പിൻഭാഗത്തായി പ്രശസ്ത ചിത്രകാരൻ പല്മ വെച്ചിയോ എ ഡി 1532 ൽ ചെയ്ത പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗരോഹണത്തെയും വിശുദ്ധ സൂറോനൊയെയും ആസ്പദമാക്കിയ ചിത്രം പുനഃസൃഷ്ടിച്ചിരിക്കുന്നു.ഏകദേശം തൊള്ളായിരം ചതുരസ്‌ത്ര അടിയിലാണ് ഈ ചിത്രം ചെയ്തിട്ടുള്ളത്‌.

രണ്ട്‌ ദിവസങ്ങളിൽ ആയിട്ടാണ് സുദീർഘമായ മൂറോൻ അഭിഷേക കൂദാശ നടത്തപ്പെടുന്നത്. ജീവിതത്തിൽ വളരെ അപൂർവമായി മാത്രം കിട്ടുന്ന ഈ അവസരം ഒരു ചരിത്ര സംഭവമാക്കാൻ എല്ലാ ഇടവക ജനങ്ങളും പ്രാർത്ഥിച്ചു ഒരുങ്ങുകയാണ്‌.വിശുദ്ധ മാതാവിന്റെ നാമത്തിലുള്ള ഈ ദേവാലയത്തിന്റെ മൂറോൻ അഭിഷേക കൂദാശയിൽ പങ്കെടുക്കാനും അതുവഴി അനുഗ്രഹം പ്രാപിക്കാനും എല്ലാ വിശ്വാസികളെയും കർത്തൃനാമത്തിൽ ക്ഷണിക്കുന്നുവന്നു ഇടവക ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്;

വികാരി : റവ. ഫാ. പ്രദോഷ് മാത്യു (405- 638-5865),
സെക്രട്ടറി : ചാണ്ടി തോമസ് (832-692-3592),
ട്രഷറർ: സോണി എബ്രഹാം (832-633-5970)

ജീമോൻ റാന്നി

Share This Post