ശബരിമല ആചാര സംരക്ഷണം: ന്യൂയോര്‍ക്കിലെ നാമജപയാത്ര പ്രതിഷേധ സാഗരമായി

ശബരിമല ആചാര സംരക്ഷണം: ന്യൂയോര്‍ക്കിലെ നാമജപയാത്ര പ്രതിഷേധ സാഗരമായി

ന്യൂയോര്‍ക്ക്: കേരളത്തില്‍ നിരീശ്വരവാദ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഹിന്ദു മത വിശ്വാസ നിഷേധത്തില്‍ ആശങ്ക രേഖപ്പെടുത്തി (കെഎച്ച്എന്‍എ ) കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സജീവ പിന്തുണയോടെ ട്രൈസ്‌റ്റേറ്റിലെ അയ്യപ്പഭക്തരുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍ നടന്ന നാമജപയാത്ര പ്രതിഷേധ കടലായി മാറി .

കേരളത്തിലെ ഹൈന്ദവ ആചാര സംരക്ഷണത്തിനു പിന്തുണ പ്രഖ്യാപിക്കാനായി മലയാളി ഇതര ഭക്ത ജനങ്ങള്‍ കൂടി മുന്നിട്ടിറങ്ങിയതു കേരള സര്‍ക്കാരിന്റെ ഹൈന്ദവ വിരുദ്ധ നിലപാടിനോടുള്ള പ്രവാസി ഹിന്ദുക്കളുടെ ഐക്യ കാഹളത്തിന് ദൃഷ്ടാന്തമായി .ഇതോടെ കേരളത്തിലെ നിരീശ്വര വാദ സര്‍ക്കാരിന്റെ ഹിന്ദു വേട്ടക്ക് അന്താരാഷ്ട്ര ശ്രദ്ധ കൈവന്നിരിക്കുന്നു .ന്യൂയോര്‍ക്ക് ടൈംസ്ക്വയറില്‍ വിശ്വാസികളുടെ പ്രതിഷേധ ത്തില്‍ നൂറു കണക്കിന് പ്രവാസി ഇന്ത്യാക്കാരാണ് പങ്കെടുത്തത് . സമീപ പ്രദേശങ്ങളായ ന്യൂജേഴ്‌സി ,കണക്ടിക്കട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം സ്ത്രീകളും കുട്ടികളുമടങ്ങിയ വിശ്വാസികള്‍ നാമജപങ്ങളോടെയും ശരണം വിളികളോടെയും 64 സ്ട്രീറ്റ് വീഥികളെ പ്രകമ്പനം കൊള്ളിച്ചു .

ജയശ്രീ നായര്‍ ,സത്യ ,ഗണേഷ് രാമകൃഷ്ണന്‍ ,രാജലക്ഷ്മി തുടങ്ങിയ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളാണ് നാമജപയാത്രാ യജ്ഞത്തിനു കെ.എച്.എന്‍..എയ്ക്ക് ഒപ്പം ചുക്കാന്‍ പിടിച്ചത് .

കോടതിയില്‍ റിവ്യൂ ഹര്‍ജി കൊടുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ അനുവദിക്കുന്നില്ലെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് അമ്മമാരും കുട്ടികളുമടങ്ങുന്ന സംഘം തെരുവിലേക്കിറങ്ങിയത്. ദേവസ്വം ബോര്‍ഡിനെ അവിശ്വാസികളുടെ കയ്യിലെ പാവയാക്കി സര്‍ക്കാര്‍ നിയന്ത്രിക്കുന്നതില്‍ ലോകമെങ്ങും ഹൈന്ദവ വിശ്വാസികളുടെ ഇടയില്‍ പ്രതിഷേധം വ്യാപിക്കുകയാണ് . അമേരിക്കയിലെ മലയാളികള്‍ക്ക് പുറമെ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളില്‍ നിന്നുള്ള പ്രവാസികളായ അയ്യപ്പ ഭക്തരും നാമ ജപ ഘോഷയാത്രയില്‍ പങ്കെടുത്തു കൊണ്ട് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു .കോടതിവിധിക്കെതിരേ പുന:പരിശോധനാ ഹര്‍ജിയും ഒപ്പം നിയമസഭയില്‍ പുതിയ ഓര്‍ഡിനന്‍സും കൊണ്ടുവരണമെന്നാണ് വിശ്വാസി സമൂഹത്തിന്റെ ആവശ്യം നില നില്‍ക്കുകയാണ് .ദേവസ്വം ബോര്‍ഡിനെ കാഴ്ചക്കാരാക്കി പവിത്രമായ ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി മാറ്റി ഇടതു പക്ഷ സര്‍ക്കാര്‍ പ്രകോപനം സൃഷ്ടി ക്കുന്നതില്‍ ഹൈന്ദവ ജനത ആശങ്കാകുലരാണ് .

കേരളത്തിലെ ഹൈന്ദവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞു തങ്ങളോടൊപ്പം നില്‍ക്കുന്ന അമേരിക്കയിലെ പ്രവാസി ഇന്ത്യാ ക്കാര്‍ക്ക് നന്ദി അറിയിച്ചു കൊണ്ട് ക്ഷേത്രങ്ങളുടെ ആചാരാനുഷ്ഠാനങ്ങളില്‍ വിശ്വാസസമൂഹത്തെ വെല്ലുവിളിച്ചു മാറ്റം വരുത്താന്‍ കൂട്ട് നില്‍ക്കുന്നത് ഭരണഘടനാ സ്ഥാപനങ്ങള്‍ ശ്രമിക്കുന്നതില്‍ കെ എച് എന്‍ എ പ്രസിഡണ്ട് രേഖാ മേനോന്‍ ആശങ്ക രേഖപ്പെടുത്തി.

ഈശ്വര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ പോലും മടിക്കുന്ന ഭരണകര്‍ത്താക്കള്‍ ഹൈന്ദവ ആചാരങ്ങളെ തച്ചുടച്ചു ഹൈന്ദവരുടെ ആരാധന സ്വാത്രന്ത്യത്തെ തന്നെ വെല്ലുവിളിചിരിക്കുകയാണ്. നാമജപത്തിലൂടെ പ്രതിഷേധിച്ചവരെ പോലും കള്ളകേസില്‍ കുടുക്കി കല്‍തുറങ്കിലടച്ചിരിക്കുകയാണ്. ഇതിലൂടെയെല്ലാം ഹൈന്ദവ സമൂഹത്തെ തകര്‍ക്കാം എന്നത് ചുരുക്കം നിരീശ്വര വാദികളെ മാത്രം പ്രതിനിധീകരിക്കുന്ന സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും കേരളത്തിലെ വിശ്വാസി സമൂഹത്തോടൊപ്പം സംഘടന ശക്തമായി നിലയുറപ്പിക്കുമെന്നും കെ എച് എന്‍ എ സെക്രെട്ടറി കൃഷ്ണരാജ് മോഹനന്‍ അഭിപ്രായപ്പെട്ടു . ഗോപിനാഥ കുറുപ്പ്, രഘു നായര്‍, ശിവദാസന്‍ നായര്‍, ശ്രീ പാര്‍ത്ഥസാരഥി പിള്ള, ഡോക്ടര്‍ നിഷ പിള്ള എന്നിവരും പ്രതിക്ഷേധത്തില്‍ പങ്കെടുത്തു.

ജോയിച്ചന്‍ പുതുക്കുളം

Share This Post